ജയകൃഷ്ണന്റെ 'ചിത്രകഥയില്‍ അവന്റെ ഭൂതങ്ങള്‍' എന്ന നോവല്‍ വായിച്ചിട്ട് ഒരു വായനക്കാരന്‍ പറഞ്ഞു പല ഭാഗങ്ങളും കാവ്യാത്മകമാണ്, അസാധ്യമായ ഭാവനയുള്ള നിമിഷങ്ങളും മനോഹരമായ ചിത്രങ്ങളുമുണ്ട്, പക്ഷേ നോവലിന്റെ ചില ഭാഗങ്ങള്‍ വായിക്കാതെ വിട്ടുകളഞ്ഞാലും കുഴപ്പമില്ലല്ലോ എന്ന്. ലേബലുകള്‍ പതിപ്പിക്കാതെ, പട്ടികയില്‍ ഉള്‍പ്പെടുത്താതെ, ഏതെങ്കിലും പ്രസ്ഥാനത്തിന്റെ പേര് പറയാതെ ഒരു സാഹിത്യ കൃതിയെ വിലയിരുത്താനാകില്ലെന്നത് നമ്മുടെ പരാധീനത തന്നെയാണ്. ശീലങ്ങള്‍ ആവര്‍ത്തിക്കുന്നതാണ് എളുപ്പമുള്ള കാര്യം. പാരമ്പര്യമായി കിട്ടിയ ശീലങ്ങളാല്‍ രൂപപ്പെട്ടത് തന്നെയാണ് നമ്മുടെ കലാസ്വാദനവും സാഹിത്യാസ്വാദനവും. ആ ശീലത്തില്‍ നിന്ന് മാറിനടന്നാല്‍ ഒന്നുകില്‍ പാടെ തള്ളിക്കളയും അല്ലെങ്കില്‍ ഇല്ലാ വചനങ്ങള്‍ പറഞ്ഞു പാടിപ്പുകഴ്ത്തും. രണ്ടും നമ്മുടെ ശീലങ്ങളുടെ തുടര്‍ച്ച മാത്രം. ഒരു സാഹിത്യകൃതിയെ തന്റേതായ രീതിയില്‍ വായിച്ചെടുക്കാനുള്ള സാധ്യത തുറന്നുതരുന്ന നോവലുകള്‍ വളരെ കുറവായതുകൊണ്ടാവാം അങ്ങനെ സംഭവിക്കുന്നത്.
ചിത്രകാരന്‍ കൂടിയായ ജയകൃഷ്ണന്‍ വരച്ച ചിത്രങ്ങളില്‍ നിന്ന് കഥകള്‍ ഉണ്ടായി, കഥകളില്‍ നിന്ന് ചിത്രങ്ങളും ഉണ്ടായി, ഇവയ്‌ക്കെല്ലാം പ്രചോദനം അയാള്‍ വായിച്ച കവിതകളും. സാധാരണ നോവലുകളില്‍ കാണുന്നത് പോലെ കേന്ദ്ര കഥാപാത്രത്തെയും സഹ കഥാപാത്രങ്ങളെയും ചുറ്റിപ്പിണയുന്ന കഥയോ നാടകീയമായ രംഗങ്ങളോ ഇതില്‍ ഇല്ല. പല ആക്ടുകളിലായി വളര്‍ന്ന് സംഭവ ബഹുലമായി പര്യവസാനിക്കുന്ന നാടകീയമായ ആ പഴയ സ്ട്രക്ചറിലുമല്ല ഈ കൃതി എഴുതപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് പല ഭാഗങ്ങളും വിട്ടുകളഞ്ഞാലും കുഴപ്പമില്ലല്ലോ എന്ന് അഭിപ്രായം വരുന്നത്. യാത്രയെക്കുറിച്ച് പറയാറുള്ളതുപോലെ ഫിക്ഷന്റെ പാരായണനുഭവം ലക്ഷ്യത്തിലല്ല സഞ്ചാരത്തിന്റെ നിമിഷങ്ങളില്‍ തന്നെയാണ്. വിവരണ കലയുടെ സൗന്ദര്യാനുഭൂതിയാണ് അതിന്റെ പര്യവസാനം. ആവശ്യത്തിലേറെ റിയലിസത്തില്‍ അഭിരമിക്കുന്ന നമുക്ക് ജയകൃഷ്ണന്റെ നോവല്‍ ലോകം തീര്‍ച്ചയായും അസാധാരണമായ അനുഭവം തന്നെയാണ്.
ചിത്രകാരനും നഗരസഭാ ഉദ്യോഗസ്ഥനുമായ സഞ്ജയനാണ് ഇതിലെ പ്രധാന കഥാപാത്രം. ചിലപ്പോള്‍ അയാള്‍ കാഫ്ക കഥാപാത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ ആഴത്തിലെ ഇരുളില്‍ നിന്ന് അയാള്‍ കാണുന്ന സ്വപ്നങ്ങള്‍ പലപ്പോഴും പ്രസാദാത്മകമാണ്. 'അപ്പോള്‍ മേല്‍ക്കൂരയിലുള്ള ഒരു ദ്വാരത്തിലൂടെ വെയിലിന്റെ ഒരു വൃത്തം അയാളുടെ മുന്നിലിരുന്ന ഫയലില്‍ പതിച്ചു. സഞ്ജയന്‍ ഫയല്‍ മടക്കി. വെയില്‍ വട്ടം ഫയലിനുള്ളിലായി. വീണ്ടും തുറന്നപ്പോള്‍ അതില്‍ നിന്ന് നീലച്ചിറകുള്ള ഒരു പൂമ്പാറ്റ പറന്നുയര്‍ന്നു. രാത്രിയാകുന്നതുവരെ ഫയലില്‍ പൂമ്പാറ്റകളെ വരച്ചുകൊണ്ട് അയാളിരുന്നു. ഏഴു മണിയായി. നീലപ്പൂമ്പാറ്റ മടങ്ങിവന്നു:
ഞാന്‍ എവിടെ പോയതാണെന്ന് അറിയാമോ? സഞ്ജയന്‍ ഇല്ലെന്ന് തലയാട്ടി. നീ കൊന്ന എന്റെ അച്ഛനമ്മമാരെ കാണാന്‍. 'ഒറ്റനോട്ടത്തില്‍ സര്‍റിയല്‍ സൗന്ദര്യാനുഭവം പകരുന്ന എഴുത്ത് സൂക്ഷ്മവായനയില്‍ മണ്ണില്‍ വേരുറപ്പിച്ച് വളര്‍ന്നതാണെന്നു കാണാന്‍ സാധിക്കും. അതിനാലാണ് ചിലപ്പോഴെങ്കിലും ഈ കൃതി കാഫ്‌കെയ്‌സ്‌ക് ആണെന്ന് എനിക്ക് തോന്നിയത് (അതും മുന്‍ധാരണ വച്ചു കൊണ്ടുള്ള ഒരു ലേബലിങ്ങ് തന്നെയാണ്). ചങ്ങാതിയായ പുസ്തകക്കച്ചവടക്കാരനെ കാണാന്‍ സഞ്ജയന്‍ പോകുന്ന രംഗം: അയാളുടെ പിറകില്‍ സഞ്ജയന്‍ വരച്ച രണ്ടു ചിത്രങ്ങള്‍ ഉണ്ടായിരുന്നു അവയില്‍നിന്ന് മഞ്ഞനിറമുള്ള നാല് പക്ഷികള്‍ പുറത്തേക്ക് പറന്നു. നീ അയാള്‍ക്ക് പതിനായിരം രൂപ കൊടുക്കാനുണ്ട്. പക്ഷികള്‍ സഞ്ജയന്റെ ചെവിയില്‍ പറഞ്ഞിട്ട് പറന്നു പോയി. മാര്‍ക്കേസ് ആരാധകരായ വായനക്കാര്‍ എളുപ്പത്തില്‍ മാജിക്കല്‍ റിയലിസം ആരോപിക്കാനിടയുള്ള ഇത്തരം ധാരാളം സന്ദര്‍ഭങ്ങള്‍ ഈ കൃതിയിലുണ്ട്. ഇമേജറികളിലൂടെ കഥയും കഥയ്ക്കപ്പുറമുള്ള യാഥാര്‍ത്ഥ്യവും വിവരിക്കുന്നതിന്റെ സൗന്ദര്യം നോവലില്‍ ഉടനീളം കാണാം. മരണത്തിന്റെ പുസ്തകത്തില്‍ നിന്ന് ഭൂതങ്ങള്‍ ഇറങ്ങിവന്ന് പൊരുതുന്നതുപോലെയുള്ള ഭാവനാ പ്രപഞ്ചത്തിലൂടെയാണ് വായനക്കാരന് യാത്ര ചെയ്യേണ്ടത്. പുസ്തകങ്ങള്‍ അപകടകാരികള്‍ ആണെന്നും അവയുടെ ഓരോ താളിലും ഭൂതങ്ങള്‍ ഉണ്ടാകുമെന്നും വായിച്ചാലും അതില്‍ എഴുതിയതൊന്നും വിശ്വസിക്കരുതെന്നും കഥ വിവരിക്കുന്നയാള്‍ നമ്മളോട് പറയുന്നുണ്ട്. നമ്മള്‍ ഒരു പുസ്തകം തുറക്കുന്നു, പിന്നെ ഇത്തിരി കണ്ണടച്ചിരിക്കുന്നു, കണ്ണുതുറക്കുമ്പോള്‍ നമുക്കുചുറ്റും കഥകളായിരിക്കും. അവയിലെ പൂമ്പാറ്റകളെ ചുഴലിക്കാറ്റിനെ, സൂര്യനെ പോലും നമുക്ക് കൈനീട്ടി തൊടാന്‍ പറ്റും. കറുത്ത കൈകളുള്ള ഒരാള്‍ അങ്ങനെ തൊട്ടപ്പോഴാണ് സൂര്യന്‍ കറുത്ത് പോയത്, ഗ്രഹണമുണ്ടായത്. പഴയ നിയമത്തിലെ അപോക്കലിപ്‌സ് എന്നെ വളരെ പ്രചോദിപ്പിച്ചിട്ടുള്ള ഒരു പുസ്തകമാണ്. അതിലെ ചില ഇമേജറികളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ഭാവനാലോകം ജയകൃഷ്ണന്‍ ഈ കൃതിയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഏവര്‍ക്കും കണ്ടറിയാവുന്ന ബാഹ്യലോകത്തെ പിന്നെയും പിന്നെയും വിവരിക്കുന്ന എഴുത്തുകാരനെക്കാള്‍ ആന്തരിക ലോകത്തിന്റെ ആഴങ്ങളില്‍ കടന്നു ചെന്ന് അസാധാരണവും അത്ഭുതകരവുമായ കാഴ്ചകള്‍ വിവരിക്കുന്ന എഴുത്തുകാരനാണ് മികച്ചത് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.
സ്വകാര്യമായ ഒരു പ്രപഞ്ചം ഉള്ളവര്‍ക്കേ അത് സാധിക്കൂ. ജയകൃഷ്ണന്റെ ലോകത്തില്‍ മിന്നാമിനുങ്ങുകളും നക്ഷത്രങ്ങളും വിളക്കുകളും ഇരുട്ടുമുണ്ട്. അവിടെ മിന്നാമിനുങ്ങുകള്‍ അവയുടെ മിന്നുകയും കെടുകയും ചെയ്യുന്ന നൃത്തത്തിലൂടെ എഴുതുന്നത് നിഗൂഢമായ അക്ഷരങ്ങളാണ്. അക്ഷരങ്ങള്‍ ചേര്‍ന്ന് കഥകളും. സമാന്തരമായ മനുഷ്യരുടെയും അവരുടെ ബ്യൂറോക്രസിയുടെയും രാഷ്ട്രീയത്തിന്റെയും ലോകത്തില്‍ സഞ്ജയന്‍, നഗരസഭാധ്യക്ഷന്‍, കരാറുകാര്‍ എന്നിവരുണ്ട്. ഇടയ്ക്ക് വെച്ച് നഗരസഭ അധ്യക്ഷന്‍ പെണ്ണായി മാറാന്‍ തുടങ്ങി. അധ്യക്ഷ സ്ഥാനം പെണ്ണുങ്ങള്‍ക്കായി സംവരണം ചെയ്യുമ്പോഴാണ് അദ്ദേഹം പെണ്ണായി മാറുന്നത്. അതീത യാഥാര്‍ത്ഥ്യം എഴുതുമ്പോള്‍ അതിനേക്കാളും വിചിത്രമായ യാഥാര്‍ത്ഥ്യമായിത്തീരുന്നത് ഇങ്ങനെയൊക്കെയാണ്. അങ്ങനെ അനന്തമായി അധികാരത്തില്‍ തുടരുന്ന ഏകാധിപത്യത്തിന്റെ ഉപമയായി അത് മാറുന്നു.
സമാന്തര ലോകങ്ങളെ ലയിപ്പിക്കുന്നതിനായി ജയകൃഷ്ണന്‍ തന്റെ ഭാഷ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. കവിതയുടെയും അന്യോപദേശത്തിന്റെയും ഭാഷ. ഇതെല്ലാം മരിച്ചു പോയത് അറിയാതെ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് കരുതുന്നവര്‍ക്ക് വേണ്ടിയുള്ള കഥകളാണ്.
Content Highlights: pf mathews reviews jayakrishnan novel chithrakadhayil avante bhoothangal mathrubhumi books
Published: 22 Jul 2024, 04:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented