ജയകൃഷ്ണന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ചിത്രകഥയില്‍ അവന്റെ ഭൂതങ്ങള്‍' എന്ന നോവല്‍ അഷ്ടമൂര്‍ത്തി ദേശമംഗലത്തിന്റെ വായനയില്‍. 

To advertise here,

ള്‍ക്കൂട്ടങ്ങളില്ലാത്ത, ദ്വന്ദ്വങ്ങളായ ആത്മാക്കള്‍ (binary souls) കഥാപാത്രങ്ങളാകുന്ന കഥകളുടെ തുടര്‍ച്ചയിലൂടെയുള്ള കുറെ യാത്രകളാണ് ജയകൃഷ്ണന്റെ 'ചിത്രകഥയില്‍ അവന്റെ ഭൂതങ്ങള്‍' എന്ന നോവല്‍. സൂര്യന്‍- ചുഴലിക്കാറ്റ്, സൂര്യന്‍- മനുഷ്യന്‍, സഞ്ജയന്‍- ഒരു സ്വരം, നഗരസഭാധ്യക്ഷന്‍ - സഞ്ജയന്‍, കരിപിടിച്ച സൂര്യന്‍- ഭൂതം, അങ്ങനെ അന്‍പതിലും മീതെ ദ്വന്ദ്വങ്ങള്‍! 

പലതരം കഥകള്‍. കഥ പറയുന്ന അച്ഛനില്‍ നിന്ന് ഉത്ഭവിച്ച്, അടരുകളടരുകളായി അതിശയകരമായ ഭാവനാലോകങ്ങളിലേക്ക് അവ പടരുന്നു. അങ്ങനെ നോക്കുകയാണെങ്കില്‍, കഥകളുടെ ഒരു Galaxy. ഒരിക്കലും പറഞ്ഞുതീരില്ല എന്നറിയുന്ന കഥകള്‍, പിന്നീടൊരിക്കല്‍ പറയാമെന്ന് പറയുന്ന കഥകള്‍, പിന്നീടയാള്‍ ഓര്‍ക്കുമെന്നുറപ്പുള്ള കഥകള്‍, ഇക്കഥകള്‍ക്കെല്ലാം പുറമെ, ഒരിക്കലും പറഞ്ഞുതരില്ല എന്ന് ഉറപ്പുള്ള കഥകളും! നേരത്തെ പറഞ്ഞതുപോലെ ഇതില്‍, ഒരു സ്ഥലമൊഴികെ, നിങ്ങള്‍ക്ക് ആള്‍ക്കൂട്ടത്തെ കാണാന്‍ കഴിയില്ല. എല്ലാം ദ്വന്ദ്വങ്ങളാണ്. ജയകൃഷ്ണന്‍ തന്നെ വരച്ച ചിത്രങ്ങളും ദ്വിമാനങ്ങളാണ്. സൂര്യന്‍- ചുഴലിക്കാറ്റ്, സഞ്ജയന്‍- നഗരസഭാധ്യക്ഷന്‍, സഞ്ജയന്‍ - കണ്ണാടി, സഞ്ജയന്‍- ഒറ്റക്ക് പുസ്തകത്തട്ടില്‍ ഇരിക്കുന്ന പുസ്തകം... ഇങ്ങനെ വിചിത്രങ്ങളായ ദ്വന്ദ്വങ്ങള്‍ കൊണ്ട് വായനയെ അടിമുടി തകിടം മറിച്ചു കൈയില്‍ത്തരാന്‍ കെല്‍പ്പുള്ള ഈ നോവല്‍ എഴുത്തുകാരന്റെ പ്രഥമകൃതിയാണെന്നുള്ളതാണ് അതിശയം. 
 
മികച്ച വായനക്കാരനായ ഒരെഴുത്തുകാരന്‍ പലപ്പോഴും എഴുതുമ്പോള്‍, പ്രത്യേകിച്ചും അത് ഫിക്ഷനാണെങ്കില്‍, സൈദ്ധാന്തികമായ കുരുക്കുകളില്‍ പെടുന്നത് കാണാറുണ്ട്. ഓരോ വരി എഴുതുമ്പോഴും അയാള്‍ സന്ദേഹിയാകുന്നു. താന്‍ വായിച്ച പുസ്തകങ്ങള്‍ ഉപബോധമനസ്സില്‍ ഒരു മാതൃകയായി  അനങ്ങാതെ കിടക്കുമ്പോള്‍, അയാള്‍ തന്റെ എഴുത്തില്‍ ചില നിബന്ധനകള്‍ സ്വയം വെക്കുന്നു. അങ്ങനെ ആ കൃതികള്‍ എവിടെയും എത്താതെ പോകുന്നു. താന്‍ കണ്ടെത്തിയ മാതൃകകളിലേക്ക് താന്‍ പോലും അറിയാതെ അയാള്‍ വഴുതിവീഴുകയും, അവയില്‍ നിന്ന് സങ്കേതങ്ങളും സന്ദര്‍ഭങ്ങളും എഴുത്തില്‍ വന്നുഭവിക്കുകയും ചെയ്യുന്നു. 

 ജയകൃഷ്ണന്റെ വര്‍ഷങ്ങള്‍ നീണ്ട വായന, വായനയെക്കുറിച്ചുള്ള എഴുത്തുകള്‍ - ഇതൊന്നും  നോവലില്‍ കാണാന്‍ കഴിയില്ല. എന്നാല്‍ വായനയിലൂടെ ആര്‍ജിച്ച അപാരമായ ആന്തരിക മൗനമാണ് ഈ കൃതിയിലൂടെ നമ്മള്‍ വായിച്ചെടുക്കുന്നത്. കൂടുതല്‍ ആഴത്തില്‍ പോവുകയാണെങ്കില്‍, ഇതില്‍ ഒരു motif പോലെ മൗനം നിറഞ്ഞുനില്‍ക്കുന്നു. ഇതിലെ നായകന്‍ എന്ന് പറയാവുന്ന സഞ്ജയന്റേതായി വളരെ കുറച്ചു സംഭാഷണങ്ങളേയുള്ളൂ. 'തനിച്ചാകുക എന്ന് പറഞ്ഞാല്‍ മരണമാണ്. പക്ഷേ, അയാള്‍ക്ക് ആ മരണത്തില്‍ സുഖം തോന്നി' (പേജ് 21). ഏകാന്തത എന്ന് പറഞ്ഞാല്‍ മൗനമാണ്. മൗനം അങ്ങനെ സുഖകരമായ ഒരു മരണമാകുന്നു.

പിന്നീട് മറ്റൊരു സ്ഥലത്ത് ഒറ്റയ്ക്കാകുന്ന മരണത്തെക്കുറിച്ച് പറയുന്നു. മൗനിയായി, ഏകാന്തനായി നില്‍ക്കുന്ന മരണത്തെയാണ് ഇവിടെ നമ്മള്‍ കാണുന്നത്. 

സഞ്ജയന്‍, ഭയത്തിന്റെ അടിമയാണ്. കഥകള്‍ കേള്‍ക്കുമ്പോഴും, പൂമ്പാറ്റകളെയും, പൂക്കളെയും കുറിച്ച് ഓര്‍ക്കുമ്പോഴും അയാളില്‍ നിതാന്തസാന്നിധ്യമായി ഭയം വാഴുന്നു. പച്ചനിറമുള്ള കണ്ണുകളോടെ തുറിച്ചുനോക്കുന്ന നഗരസഭാധ്യക്ഷന്‍ അയാളുടെ കൂടെ ഒരു നിഴല്‍ പോലെ നടക്കുന്നു. നഗരനിയമങ്ങളും, ചട്ടങ്ങളും, തെറിയും കൂട്ടിക്കലര്‍ത്തി അലറിവിളിക്കുന്ന അധികാരത്തിന്റെ കരുണാരഹിതവും ഭീഭത്സവുമായ രൂപമാണ് നഗരസഭാധ്യക്ഷന്. അതേ സമയത്തുതന്നെ അയാള്‍ മരണത്തിലേക്കും, ഉറക്കത്തിലേക്കും കൊണ്ടുപോകുന്ന നീളുന്ന, വഴുക്കുന്ന പടികളുള്ള കിണറിലേക്ക് വീഴുന്നു എന്ന് സ്വപ്നം കാണുമ്പോള്‍, വെള്ളത്തില്‍ നിലാവിനേയും പൂമ്പാറ്റകളെയും കാണുന്നു. 

സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും അഭിമുഖങ്ങളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...

 ''പേടി ഒരു തുണ്ട് കടലാസ്സ് പോലെയാണ്. ഇഷ്ടമുള്ള ചിത്രം നമുക്കതില്‍ വരയ്ക്കാനാകും.' ഇത് പറയുന്ന കടത്തുകാരന്റെ കഥ പേടിക്കഥയാണോ അതോ വിഹ്വലമായ ഒരു സ്വപ്നമാണോ എന്ന് തീരുമാനിക്കാന്‍ വായനക്കാരന് അവസരം കൊടുക്കുകയാണ് നോവലിസ്റ്റ്. ഒരു സിംഫണി പോലെ തോന്നിയ  ഭാഗമാണ് ഇത്. ആകാശത്ത് ആരോ കറുത്ത തൂവലുകള്‍ വരക്കുന്നതും, അവയെല്ലാം ചേര്‍ന്ന് ഒരു വലിയ ചിറകുണ്ടാകുകയും, അത് പുഴയിലേക്ക് താണ്  പോകുന്നതും, എങ്ങനെ ഭാവന അതിശയിപ്പിക്കുന്ന ആകാശങ്ങളിലെക്ക് പറന്നുയരുന്നു എന്നതിന്റെ അടയാളമാണ്. Peter Mathiessen ന്റെ യാത്രാനുഭവങ്ങളുടെ പുസ്തകമായ The Tree Where Man Was Born- ല്‍ വിവരിക്കുന്ന അതിമനോഹരങ്ങളായ ചിറകുകള്‍ ഉള്ള പക്ഷിയുടെ കഥയാണ് ഇത് വായിച്ചപ്പോള്‍ മനസ്സില്‍ വന്നത്. ഈ ഒരു ഘടനയിലാണ് നോവല്‍ മുന്നോട്ടുപോകുന്നത്. ഇതgപോലെയുള്ള നിരവധി വര്‍ണവിസ്മയങ്ങളാണ് ഈ നോവലില്‍.  

രണ്ടാം ഭാഗത്തില്‍ വിവരിക്കുന്ന പന്ത്രണ്ട് രാത്രികളും, നിഴലുകളുടെ കൂടെയുള്ള നടക്കുന്ന അവസാനത്തെ രാത്രിയും മറ്റൊരു വായനയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു. എല്ലാ വീടുകളും പോലെ, തന്റെ വീടും ഒരു കുഴിയില്‍ അകപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുന്നതോടെ ഭൂതങ്ങളും, പക്ഷികളും, അയാള്‍ കണ്ട സ്വപ്നങ്ങളും മാത്രമല്ല അയാള്‍ കേട്ട എല്ലാ കഥകളും ഇല്ലാത്തതായിരുന്നു എന്ന തിരിച്ചറിവോടെ ഈ കഥയില്ലാക്കഥ ഇല്ലാതാകുന്നു: നിഴലുകളെപ്പോലെ, ഭൂതങ്ങളെപ്പോലെ.

മനുഷ്യന്റെ സ്വപ്നങ്ങളുടെയും ഭാവനകളുടെയും യാത്ര വിസ്തൃതവും അനന്തവുമായ ഇടങ്ങളിലേക്ക് എത്താമെന്നും, അവിടെ കാണുന്ന വിസ്മയകരമായ കാഴ്ചകള്‍ നമുക്ക് ദര്‍ശിക്കാം എന്നുമാണ് നോവലിസ്റ്റ് ഈ കൃതിയിലൂടെ തെളിയിക്കുന്നത്. ഈ യാത്രയില്‍ എഴുത്തുകാരന്റെ സഹയാത്രികന്‍/സഹയാത്രികയാകാന്‍ ക്ഷണിക്കുകയാണ് ജയകൃഷ്ണന്‍. 
 
ഒരു നീണ്ട സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്ന അനുഭവത്തോടെയാണ് മൂന്നാമത്തെ തവണയും വായിച്ച് പുസ്തകം അടച്ചുവെച്ചത്.