
ജയകൃഷ്ണന്റെ പ്രഥമനോവലായ 'ചിത്രകഥയില്‍ അവന്റെ ഭൂതങ്ങള്‍' ഡോ. കല സജീവന്റെ വായനയില്‍
അധികാരം മനുഷ്യരെ ഉന്മത്തരാക്കുന്നു. അവരെ ദുഷിപ്പിക്കുന്നു. മനുഷ്യര്‍ ദുഷിച്ച് ചിലപ്പോള്‍ ഭൂതങ്ങളാകുന്നു. പിന്നീട് അവരുടെ ചെയ്തികളെല്ലാം
ഭൂതപ്രവൃത്തിയായി പരിണമിക്കുന്നു. കഥ പറഞ്ഞു പറഞ്ഞ് ചിത്രങ്ങളുണ്ടാകുന്നു. ചിത്രങ്ങള്‍ വരഞ്ഞു വരഞ്ഞ് കഥകളുണ്ടാകുന്നു. ജയകൃഷ്ണന്റെ ചിത്രകഥയില്‍ അവന്റെ ഭൂതങ്ങള്‍ എന്ന നോവല്‍ അങ്ങനെയുള്ള പുതുമയുടെ പരീക്ഷണമാണ്.
ഈ നോവല്‍ ചിത്രങ്ങളില്ലാതെ പൂര്‍ണമാകുന്നില്ല. എന്നാല്‍ പൂര്‍ണതയെന്ന സങ്കല്‍പ്പനത്തിനുമപ്പുറത്താണ് നോവലിന്റെ നില. തുടക്കം, നടുക്കം, ഒടുക്കം എന്ന മൂന്നു തുടര്‍ച്ചരടില്ലായ്മയുടെ സ്വാതന്ത്ര്യം ആ നിലയ്ക്കുണ്ട്. സഞ്ജയന്‍ എന്ന ഓഫീസ് ഗുമസ്തന്‍, അച്ഛന്‍, അമ്മ ഇവരടങ്ങുന്ന സഞ്ജയന്റെ
വീട്. അവിടെ ഒരാള്‍ കൂടിയുണ്ട്. ചിത്രശലഭങ്ങളെ പിടിച്ച് ആണിയടിച്ച് പുസ്തകത്തില്‍ തറച്ചുവെക്കുന്ന ദുര്‍മന്ത്രവാദിനിയായ പെങ്ങള്‍. അവള്‍ സഞ്ജയനെ കൊണ്ട് ചെയ്യിപ്പിക്കുന്ന ശലഭവേട്ടയ്ക്കിടയില്‍ കിണറ്റില്‍ വീണാണ് സഞ്ജയന്‍ മുടന്തനാകുന്നത്. തുടര്‍ന്നും അയാളെ പിന്തുടരുന്ന കാറ്റുഭൂതങ്ങള്‍ അവള്‍ കാരണമാണ്.
നദി വില്‍ക്കാന്‍ പദ്ധതി തയ്യാറാക്കുന്ന ആണായും പെണ്ണായും ഉടല്‍ മാറുന്ന നഗരസഭാദ്ധ്യക്ഷന്‍, വനിതാ കൗണ്‍സിലര്‍, മൈദ മാവിന്റെ പുളിച്ച മണമുള്ള സൂപ്രണ്ട് ഇവര്‍ ചേര്‍ന്നുനടത്തുന്ന പീഡന പരമ്പയിലെ ഇരയാകാന്‍ വിധിക്കപ്പെട്ടയാളാണ് സഞ്ജയന്‍ തോണിക്കാരന്‍ ഇക്ബാലും അന്നയുമെല്ലാം ഇതേ വിധിയാല്‍ വേട്ടയാടപ്പെടുന്നവര്‍.
രണ്ടു ഭാഗങ്ങളിലായി കഥകള്‍, ചിത്രങ്ങള്‍ ഇവ രാത്രികളിലും പകലുകളിലുമായി ചിതറിക്കിടക്കുന്നു. കറുത്ത തൂവാലയില്‍ വരച്ച വീടാണ് പലപ്പോഴും കഥകളുടെ കാരണമായി വര്‍ത്തിക്കുന്നത്. രണ്ടാം ഭാഗത്തില്‍ 12 വ്യത്യസ്ത രാത്രികളുടെ കഥകളുണ്ട്. നിഴലിന്റെ കൂടെ നടക്കുന്ന മരണത്തിന്റെ അവസാനമില്ലാത്ത രാത്രിയില്‍ കഥ തീരുന്നു. സാമ്പ്രദായികത തൊട്ടുതീണ്ടിയിട്ടില്ലാത്ത ആഖ്യാനരീതിയാണ്. അതുകൊണ്ടുതന്നെ ആദ്യത്തെ അദ്ധ്യായങ്ങളിലെ വായനയുടെ ഒഴുക്ക് തുടര്‍ന്ന് പതുക്കെയാവുന്നുണ്ട്.
ഫ്രാന്‍സ് കാഫ്കയുടെ രൂപാന്തരണം പോലെ ചിലത് നോവലില്‍ സംഭവിക്കുന്നുണ്ടെന്നു തോന്നാം. പക്ഷേ തനിക്കു ചുറ്റുമുള്ള എല്ലാം ഭൂതാവേശിതമാണെന്ന് സഞ്ജയന്‍ തിരിച്ചറിയുന്നുണ്ട്. റിയല്‍/അണ്‍റിയല്‍ ബൈനറികള്‍ക്കപ്പുറത്താണ് നോവലിലെ സംഭവപരതയുടെ മൂല്യമിരിക്കുന്നത്. ഉദാ: മരിച്ചവരാണ് എപ്പോഴും ജീവനുള്ളവരെക്കാള്‍ സങ്കടപ്പെടുന്നത്. രാത്രിയില്‍ കണ്ണീരിന്റെ മരത്തിനടിയില്‍ അവര്‍ ആരും കാണാതെ ചുരുണ്ടുകൂടും. ബൃഹത് കഥാകവിതാചിത്രസഞ്ചയമാണ് ചിത്രകഥയില്‍ അവന്റെ ഭൂതങ്ങള്‍ എന്ന നോവല്‍ അലസവായനയ്ക്കുള്ളതല്ല. സ്ഥിരം ജനപ്രിയ ചേരുവകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന എഴുത്തുരീതി ജാഗ്രത്തായ സമീപനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. പരീക്ഷണ നോവല്‍ എന്ന നിലയില്‍ത്തന്നെ സാഹസികമായ ആസ്വാദനങ്ങള്‍ക്കു വലിയ സാധ്യതകള്‍ നല്‍കുന്നുമുണ്ട്. തനതുഭാവനയുടെ ഒഴിവിടങ്ങളിലേക്ക് നിറച്ചുവെക്കാന്‍ വെളുപ്പും കറുപ്പും കലര്‍ന്ന ചിത്ര പദപ്രശ്‌നരൂപത്തില്‍ മലയാളത്തിലൊരു നവാഖ്യാനം എന്ന് ഈ നോവലിനെ കുറിച്ച് നിസ്സംശയം പറയാവുന്നതാണ്.
Content Highlights: dr kala sajeevan reviews jayakrishnan novel chithrakadhayil avante bhoothangal
Published: 23 Jul 2024, 11:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented