മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച, ചന്ദ്രമതിയുടെ 'ഒഴുകാതെ ഒരു പുഴ' എന്ന നോവലിനെക്കുറിച്ചുള്ള ലേഖനം വായിക്കാം. 

To advertise here,

'ണ്ണുതുറന്നുപിടിച്ചു നടന്നു പോകുന്നവര്‍ വീണുപോകുന്ന ചില അഗാധ ഗര്‍ത്തങ്ങളുണ്ട്' എന്ന് കാഫ്ക പറയുന്നുണ്ട്. ഒരിക്കലും തിരിച്ചു കയറാന്‍ ആഗ്രഹിക്കാത്ത മനുഷ്യരെ സംബന്ധിച്ച് അത്തരം വീഴ്ചകള്‍ ആത്മസാക്ഷാത്കാരത്തിന്റെതാണ്. മഹാനായ ടോള്‍സ്റ്റോയ് അറിയപ്പെട്ടവരും അല്ലാത്തവരുമായ അനേകലക്ഷങ്ങളെ അക്ഷരങ്ങളും ആദര്‍ശങ്ങളും കൊണ്ട് തന്റെ മാന്ത്രികപ്രതിഭയിലേക്ക് നിപതിപ്പിച്ച വ്യക്തിയാണ്. എന്നാല്‍ ധിഷണയും വിധേയത്വവും ബലാബലം നോക്കിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന സോഫിയ ആന്‍ഡ്രിയേവ്‌ന ടോള്‍സ്റ്റായ അഥവാ സോഫിയ ടോള്‍സ്റ്റോയ് എന്ന സോണിയയുടേത്.

ചരിത്രം എഴുതിയേല്‍പിച്ച രോമക്കുപ്പായങ്ങളില്‍ നിന്നിറങ്ങി തന്റെ മുറിവുകളോടും അനിയന്ത്രിതമായ വികാരങ്ങളോടുംകൂടി തണുപ്പില്‍ തനിച്ചുനില്‍ക്കുന്ന സോണിയയെയാണ് ചന്ദ്രമതി 'ഒഴുകാതെ ഒരു പുഴ' എന്ന നോവലില്‍ ചിത്രീകരിക്കുന്നത്. ചരിത്രം വളരെക്കുറച്ചു മാത്രം നീതികാട്ടിയ അനേകം സ്ത്രീകളില്‍ ഒരാള്‍ മാത്രമല്ല സോഫിയ ടോള്‍സ്റ്റോയ്. ലിറ്റററി അസിസ്റ്റന്റ്, പരിഭാഷക, പകര്‍ത്തിയെഴുത്തുകാരി, എഡിറ്റര്‍, പ്രസാധക എന്നീ നിലകളില്‍ സ്വന്തം ഭര്‍ത്താവിനു വേണ്ടി ജോലി ചെയ്യുകയും അതേസമയം സ്വന്തം നിലയില്‍ ഒരെഴുത്തുകാരിയും, ഫോട്ടോഗ്രാഫറും സംഗീതജ്ഞയും കൂടിയായിരുന്ന വ്യക്തിയാണവര്‍. എന്നിട്ടും ജീവച്ചിരുന്നപ്പോഴും പിന്നീടും ഒട്ടും അംഗീകരിക്കപ്പെടാതെ പോയ പ്രതിഭാശാലിയായിരുന്നു അവരെന്നു ലോകം തിരിച്ചറിയാന്‍ ഒരു നൂറ്റാണ്ട് കഴിയേണ്ടിവന്നു.

അന്നാ കരിനിനയിലെ 'അസന്തുഷ്ട കുടുംബങ്ങള്‍ക്ക് കാരണങ്ങള്‍ ഓരോ തരത്തിലായിരിക്കു'മെന്ന പ്രശസ്തമായ വാചകം ടോള്‍സ്റ്റോയ് കുടുംബത്തില്‍ അറംപറ്റിയതാവാന്‍ കാരണക്കാരിയെന്നും ലോകാരാധ്യനായ ടോള്‍സ്റ്റോയ്ക്ക് സമാധാനം കൊടുക്കാഞ്ഞവളെന്നും പഴി കേട്ട സ്ത്രീയാണ് സോഫിയ. പക്ഷേ ടോള്‍സ്റ്റോയിയോടുള്ള പ്രണയമൊഴിഞ്ഞു പോകാത്ത മനസ്സായിരുന്നു അവരുടെ എല്ലാ വിഭ്രാന്തികളുടെയും അടിസ്ഥാനം.

സ്വന്തം സഹോദരി ആഗ്രഹിച്ച പുരുഷന്‍ തന്നെ പ്രണയിക്കുന്നതറിഞ്ഞ് മതിമറന്നുപോയ പതിനെട്ടുകാരിയില്‍ നിന്ന് അവളുടെ ബുദ്ധിയും വിവേകവും തനിക്കു കരുത്താകുമെന്ന് കരുതിയ ടോള്‍സ്റ്റോയിയുടെ ഭാര്യയും സെക്രട്ടറിയുമായി അവള്‍ മാറി. പരസ്പരം രഹസ്യങ്ങളില്ലാതെ ജീവിക്കാന്‍ സ്ഥിരമായി സ്വവിചാരങ്ങള്‍ ഡയറിയില്‍ എഴുതി കൈമാറി വായിച്ച പങ്കാളികള്‍. ആ വയനകള്‍ തന്നെയാണ് പിന്നീട് നിരന്തരമായ കലഹങ്ങളിലേക്കും വഴിതുറന്നത്.

യാസ്‌നായ പൊള്യനയിലെ വിശാലമായ എസ്റ്റേറ്റ് നോക്കിനടത്തലും ചെലവുകള്‍ കൈകാര്യം ചെയ്യലും, യുദ്ധവും സമാധാനവും പോലെയുള്ള കൃതികള്‍ പ്രൂഫ് പരിശോധിച്ച് പകര്‍ത്തിയെഴുതലും 16 തവണ ഗര്‍ഭം ധരിച്ച് 13 കുട്ടികളെ പ്രസവിച്ചു വളര്‍ത്തലും എല്ലാം തന്റെ പ്രിയപ്പെട്ട ലോവ്യയ്ക്കു വേണ്ടി ചെയ്യാന്‍ സോണിയ സര്‍വാത്മനാ തയ്യാറായിരുന്നു. പകരം വേണ്ടതൊന്നുമാത്രം, മാറ്റാരിലേക്കും ഒഴുകാത്ത ലിയോയുടെ തീവ്രമായ പ്രണയവും പരിഗണനയും. അത് നഷ്ടപ്പെട്ടപ്പോഴൊക്കെ സോണിയ വേദനിച്ചു, കരഞ്ഞു, പരിഭവങ്ങള്‍ പറഞ്ഞു, കലഹിച്ചു, പ്രതികാരബുദ്ധിയോടെ പ്രകോപിപ്പിച്ചു, സമനിലവിട്ടു ഭ്രാന്തിയെപ്പോലെ അലറി, ശേഷം എല്ലായ്പോഴും പശ്ചാത്തപിച്ചു. പൂര്‍വാധികം ശക്തമായി തന്റെ പ്രണയത്തിലേക്ക് തിരികെ വീണ്ടും വീണ്ടും വീഴുകയും ചെയ്തു.

തന്റെ ഡയറിക്കുറിപ്പുകളില്‍ സോഫിയ ടോള്‍സ്റ്റോയ് പറയുന്നു 'ഞാനൊരു ബുദ്ധിജീവിയെ നാല്‍പതു വര്‍ഷമായി സേവിക്കുന്നു. എന്റെയുള്ളിലെ ബൗദ്ധികോര്‍ജം ഇളകിമറിയുന്നത് നൂറോളം തവണ ഞാനറിഞ്ഞിട്ടുണ്ട്. പലരും എന്നോടു ചോദിക്കുന്നു, നിന്നെപ്പോലെ വിലകുറഞ്ഞ ഒരു പെണ്ണിന് എന്തിനാണ് ബൗദ്ധികജീവിതവും കലാജീവിതവും എന്ന്. എനിക്കറിയില്ല. പക്ഷേ ഒരു ബുദ്ധിജീവിയെ സേവിക്കാന്‍ വേണ്ടി എന്നെന്നേക്കുമായി ആഗ്രഹങ്ങളെ അമര്‍ത്തിപ്പിടിക്കേണ്ടി വരുന്നത് വലിയ നിര്‍ഭാഗ്യമാണ് ' ഈ ആത്മഗതമാണ് 'ഒഴുകാതെ ഒരു പുഴ'എന്ന നോവലില്‍ കെട്ടിക്കിടക്കുന്ന സങ്കടവും.

സ്ത്രീക്കും പുരുഷനും ഒരേ സാമൂഹ്യപദവിയുണ്ടായിരുന്ന യൂറോപ്പിലെ ഒരു പ്രഭ്വിയായിരുന്നു സോണിയ. ടോള്‍സ്റ്റോയിയുടെ ഉന്നത കുലജാത സൗഹൃദങ്ങള്‍ അവര്‍ക്കും പ്രാപ്യമായിരുന്നു. അവരുടെ ആയിരത്തോളം വരുന്ന അമച്വര്‍ ഫോട്ടോഗ്രാഫുകള്‍ റഷ്യയുടെ സാമൂഹ്യ ചരിത്രവഴികള്‍ കാട്ടിത്തരുന്ന അടയാളങ്ങളായി ഇന്നും കരുതപ്പെടുന്നു. യാത്രകളും വിരുന്നുകളും സംഗീതനിശകളുമായി ജീവിതമാസ്വദിച്ച, പ്രസാധനരംഗത്ത് ശോഭിച്ച കണിശക്കാരിയായ സ്ത്രീയായിരുന്നു.

ഈ നോവല്‍ വായിക്കപ്പെടുന്ന നമ്മുടെ നാട്ടില്‍ അടുത്ത രണ്ടുനൂറ്റാണ്ടു കൊണ്ടുപോലും വരുമെന്ന് സങ്കല്‍പിക്കാന്‍ പറ്റാത്ത ആണ്‍-പെണ്‍ തുല്യതയുണ്ടായിരുന്ന നാട്ടിലാണ് അവര്‍ ജീവിച്ചിരുന്നത്. എന്നിട്ടും അസാമാന്യ പ്രതിഭാശാലിയായ ആ സ്ത്രീ വെറും നിഴലായി ഒഴുക്കു തടയപ്പെട്ട പുഴപോലെ വീര്‍പ്പുമുട്ടി ജീവിക്കേണ്ടി വന്നു. മാറ്റമില്ലാതെ തുടരുന്ന ഈ സാര്‍വദേശീയ പെണ്‍ അവസ്ഥയെ കൃത്യമായി അടയാളപ്പെടുത്തുന്നു എന്നതാണ് 'ഒഴുകാതെ ഒരു പുഴ' എന്ന കൃതിയെ പ്രസക്തമാക്കുന്നത്.

മൂന്നു കാര്യങ്ങളാണ് സോണിയയെ അനിയന്ത്രിതമായ വികാരവിക്ഷോഭങ്ങളിലേക്ക് നയിച്ചിരുന്നതായി ഈ നോവലില്‍ കാണുന്നത്. ആദര്‍ശങ്ങളും അസൂയയും അമിത ലൈംഗികാസക്തിയുംകൊണ്ടു വീര്‍പ്പുമുട്ടിക്കുമ്പോഴും തന്റെ എഴുത്തു ജീവിതത്തിന്റെ ഏതാണ്ട് മുഴുവന്‍ കാലവും സോണിയയെ ആശ്രയിച്ച ഭര്‍ത്താവാണ് ടോള്‍ സ്റ്റോയ്. മാനിപ്പുലേറ്റ് ചെയ്യപ്പെടുകയാണ് എന്ന ബോധ്യമില്ലാതെ തന്റെ സാഹിത്യപരമായ കഴിവുകള്‍ മുഴുവന്‍ അതിന് ഉപയോഗിക്കുകയും ആത്മാവിഷ്‌കാരത്തിന്റെ ഉള്‍വിളികള്‍ എഴുതിയടക്കാന്‍ പറ്റാതെ വരികയും ചെയ്ത കണ്ടീഷനിങ് അവരിലേല്‍പ്പിച്ച ബൗദ്ധിക അസ്ഥിരത, ലോകത്തിന്റെ ആദര്‍ശബിംബമായി മാറിയ ടോള്‍സ്റ്റോയ് പ്രഭു സാമ്പത്തിക കാര്യങ്ങളില്‍ കാണിച്ച നിസ്സംഗതയും ഉദാരതയും മറ്റുചിലര്‍ മുതലെടുത്തതുകൊണ്ടു വന്ന സാമ്പത്തിക അസ്ഥിരതയും അതുമൂലമുണ്ടായ ആകുലതയും, ഒരു വശത്തു ടോള്‍സ്റ്റോയിയന്‍സും മറുവശത്തു മാതാപിതാക്കള്‍ക്കു വേണ്ടി ചേരിതിരിഞ്ഞ മക്കളും നടത്തിയ ക്രൂരമായ അവഹേളനങ്ങള്‍ നല്‍കിയ വൈകാരിക അസ്ഥിരത. അതിനൊപ്പം ആടിയുലഞ്ഞ ജീവിതവഴികളില്‍ ഇടയ്ക്കിടെ കൈപിടിച്ച ടാനിയേവിനെപോലെയുള്ള സുഹൃത്തുക്കളുടെ പൊടുന്നനെയുള്ള പിന്മാറ്റവും മറ്റു മക്കള്‍ പകയോടെ നോക്കുംവിധം പ്രാണന്‍ കൊടുത്തു സ്‌നേഹിച്ച മക്കളുടെ വിയോഗവും അവരുടെ നിലതെറ്റിച്ചു.

പരസ്പരപൂരകങ്ങളാകാന്‍ പറ്റാത്തവിധം സര്‍ഗശേഷിയില്‍ വ്യത്യസ്തരായിരുന്നു ടോള്‍സ്റ്റോയിയും സോണിയയും എന്നത് നിസ്തര്‍ക്കമാണല്ലോ. സോണിയയെ ടോള്‍സ്റ്റോയ്ക്ക് സമശീര്‍ഷയാക്കാന്‍ വേണ്ടിയുള്ള ഏതൊരു താരതമ്യം പോലും അബദ്ധമാണ്. അത്തരമൊരു സാഹസം ഈ നോവലിന്റെ ആവശ്യമല്ല. സ്ത്രീയായതുകൊണ്ടു മാത്രം, അതിപ്രശസ്തന്റെ ഭാര്യയായതു കൊണ്ടുമാത്രം തന്റെ 'ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങാത്ത പേനയും മറ്റൊരാളുടെ സിദ്ധികള്‍ക്കു വേണ്ടി വരമായി നല്‍കേണ്ടി' വന്ന ഹതഭാഗ്യയെ അതില്‍ നിന്നു വ്യത്യസ്തമായ കാലദേശങ്ങളിലും പരിചയപ്പെടുത്തുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്.

 

ആരാധ്യരായ പുരുഷന്മാരുടെ ജീവിതങ്ങള്‍ക്ക് പിന്നിലെ അസംതൃപ്തരായ സ്ത്രീകളുടെ നിശബ്ദ നിലവിളികള്‍ പുതിയതല്ല. അതൊരുപക്ഷെ കുറഞ്ഞുപോയ പരിഗണനകളുടെയും അധികമായി ലഭിക്കാതിരുന്ന പ്രിവിലേജുകളുടെയും പ്രതിഫലനമാകാം. എന്നാല്‍ ടോള്‍സ്റ്റോയ് എന്ന വന്മരത്തിനു താഴെ അടച്ചുമൂടപ്പെട്ട ധൈഷണികതയെയും ഒഴുക്കുതടയപ്പെട്ട സര്‍ഗാത്മകതയെയും ഓര്‍ത്തു ജീവിതാവസാനം വരെ വിലപിക്കേണ്ടിവന്ന സോണിയ വ്യത്യസ്തയാണ്. അവളില്‍ നിന്ന് ലോകത്തിനു ലഭിക്കുമായിരുന്ന സൃഷ്ടികളുടെ നഷ്ടം വായനക്കാരുടെ ഹൃദയങ്ങളെ മുറിപ്പെടുത്തുന്നുണ്ട്, ഈ നോവല്‍ വായിച്ചു കഴിയുമ്പോള്‍.

വൈകി വെളിച്ചം കണ്ട സോഫിയ ടോള്‍സ്റ്റോയിയുടെ ഡയറിക്കുറിപ്പുകളെ അധികരിച്ച നിരവധി പഠനങ്ങളും കൃതികളും ലോകഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ അന്ന ഡോസ്റ്റോവ്‌സ്‌ക്കിയെ നമുക്കറിയാം, 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന കൃതിയിലൂടെ. സോഫിയ ടോള്‍സ്റ്റോയ് എന്ന മെരുങ്ങാത്ത സ്ത്രീത്വത്തെ പരിചയപ്പെടുത്തിയ നോവല്‍ ഒരു മികച്ച സ്ത്രീപക്ഷ രചനയാണ്. വികാരവിക്ഷുബ്ധമായ മനസിന്റെ ചാഞ്ചാട്ടങ്ങളെ ആവിഷ്‌കരിക്കാന്‍ ഉപയോഗിച്ച ഭാഷയാകട്ടെ അടങ്ങാത്ത കടല്‍പോലെ തള്ളിക്കയറി ചിന്നിച്ചിതറി ഒതുക്കമില്ലാതെ പരക്കുന്നത്. ആ സൗന്ദര്യത്തിന്റെ കടലിലേക്കു വലിച്ചെടുക്കപ്പെടുന്നുണ്ട് വായനക്കാര്‍. ചിലപ്പോഴൊക്കെ സംഭവങ്ങളുടെ തുടര്‍ച്ച നഷ്ടപ്പെടുന്നുണ്ട്. സോണിയയുടെ ഇടകലര്‍ന്ന, അനിയന്ത്രിതമായ മനോവിചാരങ്ങള്‍ പോലെ അവ ചിതറിപ്പറന്നു നടക്കുന്നുമുണ്ട്. പക്ഷേ അവ അലോസരമാകാത്തത് വന്യമായ അനുഭവങ്ങളുടെ കടല്‍സൗന്ദര്യം അവയ്ക്കുള്ളതു കൊണ്ടാണ്.

എഴുത്തുകാരുടെ ലോകത്തില്‍ മാത്രമല്ല, പിന്‍പറ്റി നിന്നുപോകേണ്ടിവന്നതുകൊണ്ട് നിഴല്‍പോലുമെന്ന് അറിയപ്പെടാതെ പോകുന്ന അനേകം മനുഷ്യര്‍ ലോകത്തെല്ലായിടത്തുമുണ്ട്. ആജാനുബാഹുക്കളായ വിഗ്രഹങ്ങളുടെ പണിക്കുറവുകള്‍ തീര്‍ത്തു പ്രദര്‍ശിപ്പിക്കുന്ന ശില്‍പികളെപ്പോലെ ചരിത്രപുസ്തകങ്ങളില്‍ പേര് തിരഞ്ഞാല്‍ കാണാത്തവര്‍. അത്തരം മനുഷ്യരുടെ പ്രതിനിധിയാണ് സോണിയയും. എങ്കിലും ചില വീണ്ടെടുപ്പുകള്‍ തിരിച്ചറിവുകള്‍കൊണ്ട് നമ്മെ കൂടുതല്‍ തെളിച്ചമുള്ളവരാക്കും. അത്തരമൊരു തെളിച്ചത്തിലേക്കുള്ള നടപ്പാണ് 'ഒഴുകാതെ ഒരു പുഴ'യുടെ വായന.