സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘മാതംഗലീല’ എന്ന നോവലിന്റെ ആസ്വാദനം.

To advertise here,

2026-ലെ എന്റെ മെയ് മാസ വായന അവസാനിച്ചത് സന്തോഷ് ഏച്ചിക്കാനത്തിന്റെ മാതംഗലീലയിലൂടെയാണ്. വളരെ കാലംകൂടി മികച്ച ശില്പഭദ്രതയോടുകൂടിയൊരു നോവൽ വായിക്കാൻ സാധിച്ചതിൽ സന്തോഷം. മനുഷ്യനെ എന്നും അതിശയിപ്പിച്ചിട്ടുള്ള ആകാര സങ്കൽപ്പങ്ങളിൽ ഒന്ന് ആനയാണ്. കാഴ്ചയിൽ കൊരുക്കാവുന്ന എന്തിനെയും 'ആനയോളം' അളന്നെടുത്ത് താരതമ്യപെടുത്തുന്ന ഒരു പാരമ്പര്യം മലയാളിക്ക് സ്വതസിദ്ധമാണ്. ആ പാരമ്പര്യത്തെ വ്യതിരിക്തമായ ശൈലികൊണ്ടും അഖ്യാനചാരുതകൊണ്ടും അവിസ്മരണീയമാക്കിയിരിക്കുന്നു ഈ രചന എന്ന കാര്യത്തിൽ തർക്കമില്ല. അപ്പോഴും, ഇത് വെറുമൊരു ആനക്കഥ മാത്രമാവാതിരിക്കാൻ നോവലിസ്റ്റ് വളരെയേറെ ശ്രദ്ധിച്ചിട്ടുണ്ട്.

വരേണ്യ വർഗത്തിന്റെ അധികാര ദുർവിനിയോഗത്താൽ ജീവിതം വഴിമുട്ടിപോകുന്ന ഒരു സാധു മനുഷ്യൻ, അയാൾക്ക് സാധാരണ ജീവിതംകൊണ്ട് സാധിച്ചെടിക്കാൻ പറ്റാത്തൊരു സാഹസികതയെ ഒടി മറിഞ്ഞു സഫലമാക്കുന്നു. അയാൾ തിരുമുറ്റക്കോട് ബാലകൃഷ്ണനായി മാറിക്കൊണ്ട് അധികാരത്തിന്റെ ഹുങ്കിനെതിരെ, ജന്മിത്വത്തിനെതിരെ ചിന്നം വിളിക്കുന്നു. ഇവിടെ 'ഒടി മറയൽ' എന്നത് കേവലമൊരു പരകായപ്രവേശത്തിനപ്പുറം അടിച്ചമർത്തപ്പെട്ടൻ അധികാര ശ്രേണിക്കെതിരെ നടത്തുന്ന പ്രതിരോധമായി രൂപപ്പെടുന്നതും പിന്നീടതൊരു കലയായി പരുവപ്പെടുന്നതായും കാണാം.

അധികാരം ദുഷിച്ച കൈകളിലെത്തുമ്പോൾ അത് അതിലുമേറെ ദുഷിക്കുന്നു എന്ന ആക്ടന്റെ ചരിത്രപരമായ വസ്തുതയെ ഓർമപ്പെടുത്താൻ തന്നെയാവണം മാധവൻ നായരും ഈശ്വര പണിക്കാരും ഐ.ജി.യുമൊക്കെ നോവലിലേക്ക് കടന്നുവരുന്നത്. അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലത്തെ പശ്ചാത്തലമാക്കികൊണ്ട് തന്നെ ഈ യാഥാർഥ്യത്തിന് നോവലിസ്റ്റ് അടിവരയിടുന്നു.

ഭീമന്മാരുടെ അധികാര ഗർവ്വിനെതിരെ ചെറുതുകൾ നടത്തുന്ന ഒരു ദാവീദ് -ഗോലിയാത്ത് യുദ്ധമായോ ക്ലാസ്സ് വാറായോ ഈ നോവലിനെ വായിക്കാം. കറുകല മുത്തിയും, തച്ചോരനും, ബാലനും, സെൽവിയും, താഴമ്പുവും, ആര്യയും ഗരിഞ്ചയുമൊക്കെ ഈ യുദ്ധത്തിന്റെ പലമയിലൂടെയുള്ള തുടർച്ചകളാണ്. നോവലിൽ ബാലന്റെ പ്രണയ പാർവ്വങ്ങൾ വേറിട്ടതാണ്. സെൽവിയും, താഴമ്പുവുമിവിടെ ഒരേ കുന്നിന്റെ ഇരു വശങ്ങളാവുന്നു. പ്രമേയത്തിൽ കടന്നു വരുന്ന ദേഹി-ദേഹ സംവാദത്തിനും വളരെയേറെ പ്രാധാന്യമുണ്ട്. സാധാരണ നിലയിൽ ദേഹത്തെ നിയന്ത്രിക്കുന്ന ആത്മാവ് ഇവിടെ വിൽക്രമ രൂപത്തിലാണ് കടന്നുവരുന്നത്. പാർവതിയുടെ ശരീരത്തിലേക്ക് പരകായം ചെയ്യുന്ന സെൽവിയുടെ ആത്മാവ്, പാർവതി നിയന്ത്രിക്കുന്ന ഒരു ഉപകാരണമായി കഥാന്ത്യത്തിൽ മാറുന്നു. അരികുവത്കരിക്കപ്പെട്ടവരുടെ മേൽ ഇന്നും അധികാരം കയ്യാളിയിട്ടുള്ളത് വരേണ്യ വർഗം തന്നെയാണെന്ന യഥാർഥ്യത്തിലേക്കാണ് പാർവതി, സെൽവി എന്നീ ബിംബങ്ങൾ വിരൽ ചൂണ്ടുന്നത്.

പ്രകൃതിയുടെയും മനുഷ്യന്റെയും ഇഴയടുപ്പത്തോടെയുള്ള സഹവർത്തിത്വമാണ് അഖ്യാനത്തിൽ എടുത്തു പറയേണ്ട മറ്റൊരു ഏട്. കടമ്പന്റെയും താഴമ്പുവിന്റെയും ജീവിതം ഇതിന് ഒരുത്തമ ഉദാഹരണമാണ്. കടമ്പൻ എന്ന മയിലിനെ സ്വന്തം അടിവയറിന്റെ ചൂടേകിയാണ് അവൾ വിരിയിച്ചെടുത്തത്. അവളുടെ സുഖ ദുഃഖങ്ങളെ നിർവചിക്കുന്നതിൽ കടമ്പന്റെ സാന്നിധ്യം ഒഴിച്ചുകൂടാനവാത്തതാണ്. മനുഷ്യനുണ്ടാക്കിയ ആധുനിക നിയമ സംവിധനങ്ങൾ മനുഷ്യനെയും പ്രകൃതിയെയും എത്രത്തോളം പരസ്പരം അന്യവത്കരിച്ചു എന്നത് നോവലിന്റെ അവസാന ഭാഗങ്ങളിൽ തെളിഞ്ഞു വരുന്നുണ്ട്. പ്രകൃതിയുടെയും മനുഷ്യന്റെയും പരസ്പര്യത്തെ ഉൾക്കൊള്ളാൻ ആധുനിക നിയമങ്ങൾ ഇനിയുമൊരുപാട് വളരേണ്ടതുണ്ട് എന്നുകൂടി ഇതോർമ്മിപ്പിക്കുന്നു.

മറ്റൊരു പ്രധാന ഏട് തച്ചോരനാണ്. ഈ നോവലിൽ പ്രകൃതിയോട് ഏറ്റവുമടുത്ത് നിൽക്കുന്നത് അയാൾ തന്നെയാണ്. നിന്ന നിൽപ്പിൽ ഒടി മറയാനുള്ള വിദ്യ അയാൾ സ്വായാത്തമാക്കിയത് മറ്റെവിടെനിന്നുമല്ല. പരിസ്ഥിതിയുടെ ഓരോ ചലനങ്ങളെയും അത്രമേൽ ആഴത്തിലാണ് അയാൾ മനസിലാക്കിയിരിക്കുന്നത്. മനുഷ്യജീവിതം വെടിഞ്ഞതിനു ശേഷം തന്റെ ഇനിയുള്ള സാന്നിധ്യം എവിടെയാവും എന്ന ചോദ്യത്തിന് അയാൾ നൽകുന്ന മറുപടി പ്രസക്തമാണ്. പ്രപഞ്ചത്തിന്റെ ഓരോ അണുവിലും ഇനി അയാൾ ഉണ്ടാവുമെന്ന് തച്ചോരൻ വായനക്കാരെ ബോധ്യപ്പെടുത്തുന്നു. കുഞ്ഞൻ തവളയുടെ ജീവിതം ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. പ്രകൃതിയുടെ ഏറ്റവും ചെറിയ സൃഷ്ടിയിൽ പോലും പ്രകൃതിയെ സ്‌നേഹിക്കുന്നവരുടെ ചൈതന്യം ഉൾച്ചേർന്നിട്ടുണ്ട് എന്ന ബോധ്യം ഇത് നമുക്ക് കാട്ടിത്തരുന്നു. ഇതിനെല്ലാമുപരിയായി പ്രകൃതിയോട് ഇണങ്ങി ജീവിച്ചാൽ മനുഷ്യന്റെ കാഴ്ചപ്പാടിലുണ്ടാവുന്ന വികാസങ്ങൾ എന്തൊക്കെയെന്ന് ബാലകൃഷ്ണന്റെ ആനജീവിതം വരച്ചു കാട്ടുന്നു. മനുഷ്യൻ കാണാത്ത, ശ്രദ്ധിക്കാത്ത പലതും അയാളുടെ പരിഗണനയിൽ വരുന്നു എന്നത്തിന് ഇവിടെ ഏറെ പ്രാധാന്യമുണ്ട്.

ഇതിനുമപ്പുറം, ഇന്ത്യൻ രാഷ്ട്രീയ വായനയുടെ ഒരു വീക്ഷണകോണിലൂടെയും ഈ നോവൽ പരിശോധിക്കപ്പെടേണ്ടതാണ്. കടമ്പന്റെയും താഴമ്പുവിന്റെയും ഇഴയെടുപ്പം അതിൽ നമുക്ക് എടുത്തുപറയാം. ഇന്ത്യൻ രാഷ്ട്രീയ കാഴ്ചപ്പാടിൽ വിശ്വാസത്തെ പാടെ തിരസ്‌കരിച്ചു കൊണ്ടുള്ളൊരു രാഷ്ട്രീയ വിശകലനം സാധ്യമല്ലെന്നും, അത് പ്രസ്തുത വിശകലനത്തിന്റെ സമഗ്രതയെ ബാധിക്കുമെന്നും നോവലിസ്റ്റ് പരോക്ഷമായി പറയുന്നു. ഇന്ത്യൻ സാഹചര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൈകൊള്ളേണ്ട ഉപാധികൾ കേവലം പശ്ചാത്യ തത്വശാസ്ത്രങ്ങളെ അവലംബിച്ചുകൊണ്ട് മാത്രമാവരുത് എന്നൊരു ഓർമപ്പെടുത്തൽ കൂടി നോവലിൽ ഉൾച്ചേർന്നിരിക്കുന്നു.

ഇങ്ങനെ വിസ്തരിച്ചു തുടങ്ങിയാൽ വീണ്ടും വീണ്ടും വലുതായി കൊണ്ടിരിക്കുന്ന അനേകം ആശയധാരകളെ ഈ നോവലിൽ അനിതര സാധാരണമായ കൈയ്യൊതുക്കത്തോടെ ഉൾച്ചേർത്ത് വെക്കാൻ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്. ഈ നേട്ടമാണ് പ്രസ്തുത രചനയുടെ ഒരു പ്രധാന വിജയമെന്നത് അംഗീകരിച്ചേ പറ്റൂ.