എൻ. പ്രഭാകരന്റെ ഏറ്റവും പുതിയ നോവലാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മഹാനടനം’. പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പ് വായിക്കാം

To advertise here,

നുഷ്യർ സവിശേഷവും ഭിന്നവുമായ അനുഭവങ്ങൾ, അനുഭൂതികൾ, ചിന്തകൾ, വികാരങ്ങൾ ഇവയെ ആന്തരവത്കരിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നവരാണ്. അവരുടെ വ്യക്തിശീലങ്ങളും സ്വത്വഗുണങ്ങളുമായി കരുതാവുന്ന ഇവ സ്വതന്ത്രമെന്നു തോന്നാമെങ്കിലും വിഭിന്ന സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക പരിസരങ്ങളിൽ രൂപപ്പെടുന്നവയാണ്. ഭിന്ന സവിശേഷതകൾ പ്രകടിപ്പിക്കുന്ന ഈ മനുഷ്യജീവിത കൂട്ടങ്ങളെ അതിസൂക്ഷ്മനിലയിൽ കണ്ടെടുക്കുകയും ആഖ്യാനിക്കുകയുമാണ് മഹാനടനം എന്ന നോവലിൽ എൻ. പ്രഭാകരൻ.

ഗഗൻ എന്ന മനുഷ്യന്റെ ആന്തരിക ഭാവനയുടെ സഞ്ചാരമാണ് മഹാനടനം. നോവലിലെ ദേശം എരിപുരമാണ്. മാടായിപ്പാറയും അവിടുത്തെ അനന്യ ജൈവിക സാന്നിധ്യവും പാറ കേന്ദ്രമായി കാലാകാലമായി അനുഷ്ഠിച്ചു പോരുന്ന മാടായിക്കാവിലെ ആചാരശീലങ്ങളും വടുകുന്ദ തടാകവും ഇവിടങ്ങളിലെ പാരിസ്ഥിതിക പേശീബലവും മനുഷ്യപ്പെരുമാറ്റങ്ങളും നോവൽ ശരീരത്തെ ബലിഷ്ഠമാക്കുന്നു. ജീവിതത്തെ സംബന്ധിച്ചുള്ള പൊതുതത്വത്തിന്റെ തീക്ഷ്ണ വിചാരങ്ങൾക്കുള്ളിൽത്തന്നെയാണ് ഈ കഥാപാത്രങ്ങളുടെയെല്ലാം വിന്യസനം.

ജീവിത സായാഹ്നത്തിൽ ഗഗന്റെ സ്വത്വം മറ്റു പല മനുഷ്യരുമായും അവരുടെ അനുഭവ ലോകങ്ങളുമായും സംഘർഷപ്പെട്ട് മറ്റൊന്നായി പരിണമിക്കുന്നു. നാടകങ്ങളിൽ താൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ, കൂടെ അഭിനയിച്ചവർ, പല നാടകങ്ങളിലെയും സംവിധായകർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ, ഇതര സൗഹൃദങ്ങൾ, അങ്ങനെ ഒരു പറ്റം മനുഷ്യരുടെ ചിന്തകളും ഭാവഹാവാദികളും അനുഭവലോകവും മാറി മാറി പേറുന്ന വിചിത്രതയിലേക്കാണ് ഗഗൻ വീണുപോകുന്നത്.

അറുപത്തെട്ടു വയസുവരെ ആത്മവിചാര ക്ലേശങ്ങളില്ലാതെ ജീവിച്ച ഗഗന്റെ മനസ് ആത്മസംഘർഷങ്ങളുടെ ബലിപീഠമായി രൂപാന്തരപ്പെടുകയാണ്. ഇത് ഗഗനെ അശരണനും ആകാംക്ഷാഭരിതനുമാക്കുന്നു. പൂർവ ജീവിത സ്ഥിതിയിലേക്ക് കുതറിമാറാൻ അയാൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഓർമകളുടെ കനമുള്ള സഞ്ചാരങ്ങൾ ഒരിക്കലും തിരിച്ചുപിടിക്കാൻ പറ്റാത്ത വിധത്തിൽ ഗഗനെ വിഹ്വലനാക്കുന്നു.

പതിനഞ്ചാം അധ്യായത്തിൽ ആരംഭിക്കുന്ന ഗഗന്റെ ആത്മവിചാര ലോകം അനുഭവങ്ങളുടെയും ഓർമകളുടെയും അപേക്ഷികതയിൽ വിസ്താരപ്പെടുന്നു. നോവലന്ത്യത്തിലെത്തുമ്പോൾ അയാളുടെ മനസ് ദുഃഖത്തിന്റെ രഹസ്യങ്ങളുടെ ഭീതിദ കലവറയാകുന്നു. ഒഴിയാബാധയായ അവയെ ഉപേക്ഷിച്ചുകൊണ്ട് ചിത്രകാരനായ അയാൾക്ക് സ്വയം കാഴ്ചപ്പെടാൻ ആകുന്നില്ല. പരാജിതനായ ഒരു മനുഷ്യന്റെ വ്യഥിത ഹൃദയവും പേറി ഗഗൻ അവസാനിക്കുന്നു. പക്ഷേ ഭൗതിക നോട്ടത്തിൽ മാത്രമാണയാൾ തോറ്റവരുടെ നിരയിലെ പങ്കുകാരനാവുന്നത്.

ഒരു പ്രത്യേക ദേശകാലങ്ങളും അവിടുത്തെ മനുഷ്യരും ശേഷിപ്പിച്ച ഓർമകളുടെ ഭാരം പേറി അതിൽ നിന്നും മുക്തനാവാൻ അഭയസ്ഥലി അന്വേഷിക്കുന്ന ഗഗൻ അനിശ്ചിതത്വത്തിന്റെയും ആത്മ പ്രലാപത്തിന്റെയും പരവശതകളിൽ ഉത്കണ്ഠപ്പെടുന്ന അനേകം മനുഷ്യരുടെ ആത്മഛായ പ്രതിഫലിപ്പിക്കുന്ന കഥാപാത്രമാണ്. എല്ലാ ദേശങ്ങളിലും എല്ലാ കാലങ്ങളിലും സാർവജനീന സാന്നിധ്യമായി ഗഗൻ എന്ന കഥാപാത്രം അനുഭവങ്ങളുടെയും ഓർമകളുടെയും സമന്വിത പ്രഹരങ്ങളിൽ വശപ്പെടുന്നുണ്ടാവും.

ആണ്ടി അമ്പുവേട്ടൻ, ശിവൻ മാഷ്, വിജയൻ, ഭാർഗവൻ മാഷ്, ചിണ്ടൻ മന്ത്രവാദി, കുറുക്കൻ കണ്ണൻ സുഗുണൻ, കാഞ്ചന, ബാബു ലാൽ എന്ന തുള്ളൻ മാഷ്, മാർക്കോസ് ചേട്ടൻ തുടങ്ങിയ അനേകം മനുഷ്യരെ ഉൾക്കൊള്ളുന്ന നോവൽ ഓരോരുത്തരുടെയും പ്രകൃതവും പ്രവർത്തനവും സൂക്ഷ്മമായി ആവിഷ്‌കരിച്ചിരിക്കുന്നു. അവരിലൂടെ നിലനിൽക്കുന്ന ദേശ സവിശേഷതകൾ ആഖ്യാനിക്കുന്നു.

ദേശത്തിന്റെ സാമൂഹ്യവും ആധുനികവുമായ നിർമിതിയിൽ പ്രധാന ഭാഗഭാക്കായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വർത്തമാന രാഷ്ട്രീയ നിലപാടുകളുടെ വഷളത്തരങ്ങളിൽ നിരാശനാവുകയും ദാർഢ്യതയുള്ള തന്റെ രാഷ്ട്രീയ ബോധ്യത്തെ വെളിച്ചപ്പെടുത്തുകയും ചെയ്യുന്ന ശിവൻ മാഷ് ദേശത്തിന്റെയും കാലത്തിന്റെയും നൈതികത അന്വേഷിക്കുന്ന, കീഴ്‌മേൽ മറിച്ചിൽ സംഭവിച്ച മനുഷ്യജീവിതത്തിന്റെ നഷ്ടപ്പെട്ട ക്രമങ്ങൾ തിരയുന്ന നിസ്വാർത്ഥനായ രാഷ്ട്രീയ അന്വേഷകനാണ്. വായനയുടെ ബലമുള്ളതും അനുഭവപ്പലമയുള്ളതുമാണ് ശിവൻ മാഷിന്റെ ചിന്താപരിസരം. നിലപാടില്ലായ്മകളുടെ ആൾക്കൂട്ട വിചാരണകൾ മുഖ്യധാര രാഷ്ട്രീയത്തെ ഒറ്റുകൊടുക്കുന്ന വഞ്ചകനായി മാത്രമേ തന്നെ എണ്ണുകയുള്ളൂ എന്ന് അയാൾക്ക് കൃത്യമായ ബോധ്യവുമുണ്ട്.

ആണ്ടി അമ്പുവേട്ടൻ അപാരമായ അനുഭവജ്ഞാനത്തിന്റെ കരുത്താണ്. ഈശ്വരൻ നിർശൂന്യമായ ഒരു പ്രതിഭാസം മാത്രമാണെന്നു തിരിച്ചറിഞ്ഞിട്ടും തന്റെ ആന്തരികജീവിതം സംയമനപരമാക്കാൻ ആണ്ടുതോറും വ്രതം പാലിച്ച് പളനിമല ചവിട്ടുന്ന ഈ മനുഷ്യൻ പരസ്പരം പോർമുഖങ്ങൾ തയാറാക്കി ശരിതെറ്റുകളുടെ വാദമുഖങ്ങൾ തുറക്കുന്ന മനുഷ്യരുടെ അധരവ്യായാമങ്ങളും അതിന്റെ പ്രയോഗങ്ങളും സ്വജീവിതംകൊണ്ട് അടച്ചുകളയുന്ന നോവലിലെ അനിർവചനീയ സാന്നിധ്യമാണ്. അയാളുടെ വാക്കുകളും പ്രവൃത്തികളും സൃഷ്ടിക്കുന്ന ജീവിതമന്ത്രികതയുടെ തോഴനും ആരാധകനുമാണ് ഗഗൻ.

ഗഗനിലെ മനുഷ്യൻ പരിമിതപ്പെടുന്ന സന്ദിഗ്ധതകളിലെല്ലാം ആശ്വസ്തനാകാൻ കണ്ടെത്തുന്നത് ആണ്ടി അമ്പുവേട്ടൻ എന്ന ജീവിത തുരുത്താണ്. ആണ്ടി അമ്പുവേട്ടൻ ഉന്നയിക്കുന്ന ജീവിതത്തെ സംബന്ധിച്ചുള്ള വീക്ഷണമാണ് മഹാനടനം എന്ന നോവലിന്റെ താക്കോൽ വാക്യം. അന്തഃസംഘർങ്ങളിൽപ്പെട്ടു താറുമാറാകുമ്പോൾ ഏതൊരാൾക്കും സ്വയം ആശ്വാസിക്കാനുതകുന്ന ജീവദായക ദർശനമായി ഈ വാക്യം വായനക്കാരിലേക്ക് പടർച്ചപ്പെടും. ആ വാക്യം ഇങ്ങനെയാണ്.

'ജീവിതത്തിന് നമ്മുടെ സാധാരണ കാഴ്ചകളിൽ നിന്നും കേൾവികളിൽ നിന്നും അനുഭവങ്ങളിൽ നിന്നും വ്യത്യസ്തമായ മറ്റെന്തോ അർത്ഥമുണ്ടെന്നു ധരിക്കരുത്. ജീവിതത്തിന് ജീവിതം എന്ന അർത്ഥമേയുള്ളൂ. അത് തനിക്കും കഴിയുന്നിടത്തോളം മറ്റുള്ളവർക്കും സന്തോഷമുണ്ടാവും വിധം ജീവിച്ചു തീർക്കുക. അതിന്റെ അപ്പുറവും ഇപ്പുറവും ഒന്നുമില്ല.'

ഈ നോവലിലെ ശ്രദ്ധേയരായ മറ്റു മൂന്നു കഥാപാത്രങ്ങളാണ് സുഗുണനും ചിണ്ടൻ മന്ത്രവാദിയും തുള്ളൻ മാഷും. ജീവിതത്തിന്റെ അനിശ്ചിതത്വങ്ങൾ വിവിധ ദശാസന്ധികളിൽ അവരെ പല നാടകീയതകളിൽ എത്തിക്കുന്നു. ഗോദോയെ കാത്ത് ഉൾപ്പെടെയുള്ള നാടകങ്ങൾ അരങ്ങിലെത്തിച്ച, ഗഗന്റെ അഭിനയ സാമർത്ഥ്യത്തെ പരമാവധി ഉപയോഗിച്ച സുഗുണൻ അപ്രതീക്ഷിതമായി മദ്യപാനിയും നിഷ്‌ക്രിയനുമായ വേറൊരാളായി സ്വയം അവരോധിതനാകുന്നു. ഒരു പ്രത്യേക തരം വാശിയോടെ അയാൾ ജീവിതത്തെ നശിപ്പിച്ചു കളയുന്നു. നാടക ഉത്സാഹങ്ങളുടെ തീരം ഉപേക്ഷിക്കുകയും അരാജകത്വത്തിന്റെ അപ്പസ്‌തോലനായി സുഗുണൻ രൂപാന്തരപ്പെടുകയും ചെയ്യുന്നു. സൃഷ്ട്യോൻമുഖമായ ഒന്നും നൽകാൻ കെൽപില്ലാത്ത ഒരാളായി നിഗൂഢതകൾ മാത്രം ശേഷിപ്പിച്ച് സ്വയം അവസാനിക്കുകയാണ് സുഗുണൻ.

ചിണ്ടൻ മന്ത്രവാദിയുടെ ചരിത്രം അമ്പുവേട്ടൻ ഗഗനുമായി പങ്കുവെക്കുന്നുണ്ട്. മനുഷ്യരുടെ അല്പവിശ്വാസങ്ങളെയും വിചാരങ്ങളെയും മന്ത്രവാദത്തിന്റെ മൂശയിലിട്ട് സാമ്പത്തിക വിജയം നേടിയ ജനകീയനാണ് അയാൾ. പക്ഷേ ജീവിതത്തിന്റെ സായന്തനം അയാളിലെ ആത്മവിശ്വാസത്തെ തോല്പിക്കുന്നു. ആകസ്മികമായി സംഭവിച്ച ആദ്യകാല വിജയങ്ങളുടെ തുടർച്ചകൾ സൃഷ്ടിക്കാൻ മന്ത്രവാദിക്ക് പറ്റാതാകുന്നു. പരീക്ഷിക്കപ്പെട്ട ആത്മവിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ സ്വയം മനസിലാക്കാൻ ആവതില്ലാതെ വ്യഥിതനായി തീരുന്ന ചിണ്ടൻ മന്ത്രവാദി തന്റെ മുഴുവൻ സമയ തൊഴിലിൽ നിന്ന് സ്വയമേവ രാജിയാവുകയാണ്.

ഉപദേശങ്ങളും നിർദേശങ്ങളും പോം വഴികളും തന്നെ തേടിയെത്തുന്നവർക്കു നൽകുന്ന തുള്ളൻ മാഷും സ്വയം ആരെന്നു തിരിച്ചറിയുന്നതിൽ പരാജിതനായ മനുഷ്യനാണ്. അല്പ വിചാര മുൻധാരണകളുടെ പുറത്ത് ഭർത്താവുമൊത്തുള്ളലൈംഗിക ജീവിതത്തിൽ കടുത്ത അതൃപ്തി അഭിമുഖീകരിക്കുന്ന യുവതിയുടെ സംശയം തന്റെ ലിംഗം തന്നെ വെളിപ്പെടുത്തിയുള്ള ചൊട്ടു വിദ്യ കൗൺസലിങ് വഴി ദൂരീകരിച്ച മാഷിന് അവനവന്റെ ലൈംഗിക കാമനകളെ സംതൃപ്തമാംവിധം പൂർത്തീകരിക്കാനാവുന്നില്ല.

തന്റെ അസംതൃപ്തികളെ അകറ്റാൻ അയാൾ തേടുന്ന പുലർകാല വിചിത്രതകൾ മനുഷ്യരുടെ മനോവിചാരങ്ങളുടെ സങ്കീർണതകളും ഇഴപിരിക്കാൻ പറ്റാത്ത മനോനിലകളുടെ വയ്യായ്കകളെയുമാണ് അഭിസംബോധന ചെയ്യുന്നത്. ആരോടും പറയാൻ വയ്യാത്ത, പറഞ്ഞാൽ ആരും അംഗീകരിക്കാത്ത, പരിഹാസദ്ധോരണികൾ കൊണ്ട് അടുപ്പക്കാർ പോലും പരിഹസിക്കുന്ന വിചിത്രവിചാരങ്ങളുടെയും പ്രവൃത്തികളുടെയും  മനഃശാസ്ത്രരഹസ്യങ്ങൾക്കുള്ളിൽ സ്വയമറിയാതെ നങ്കൂരമിട്ട മനുഷ്യരുടെ ഇടർച്ചകളുടെ സാക്ഷ്യമാണ് തുള്ളൻ മാഷ്.

തീയൂർരേഖകളിൽ നിന്ന് മഹാനടനത്തിലേക്ക് എത്തുമ്പോൾ പ്രഭാകരൻ മാഷ് തന്റെ നോവലുകളിൽ സൃഷ്ടിച്ചിരിക്കുന്ന ദേശ ചരിത്ര നിർമിതി അതിന്റെ സമഗ്രതയെ തൊടുന്നുണ്ട്. എരിപുരം എന്ന യഥാർത്ഥ ദേശം അങ്ങനെ മലയാള നോവലിന്റെ കഥാത്മക ലോകത്തെ അനിഷേധ്യ സാന്നിധ്യമായി തീരുന്നു. സ്വന്തം വേരു തേടിയുള്ള യാത്രകൾ ഏതൊരു മനുഷ്യന്റെയും ആ ജന്മസവിശേഷതയാണ്. പക്ഷേ, സ്വാഭാവികമായും ജീവിതത്തിന്റെ വേഗപ്പാച്ചിലിൽ എല്ലാം വിസ്മൃതിയിലാകുന്നു.

സ്വന്തം ദേശത്തിന്റെ വേരു തേടിയുള്ള ജീവിതയാത്രകൾ അന്യാധീനപ്പെടരുതെന്ന് ഗഗനിലൂടെ സാക്ഷ്യപ്പെടുത്തുന്ന നോവലിസ്റ്റ് ജീവിതത്തിലെ ഏറ്റവും വിലയേറിയ മൂലധനം നാട്ടുചരിത്രത്തിന്റെ തേടലും കണ്ടെത്തലുമാണെന്ന് രേഖപ്പെടുത്തുന്നു. എരിപുരത്തിന്റെ സമസ്ത ഭാവങ്ങളെയും ആഖ്യാനിച്ചുകൊണ്ടാണ് തന്റെ വിചാരധാരയെ നോവലിസ്റ്റ് പരിചയപ്പെടുത്തുന്നത്. അതാകട്ടെ ഭൂമിശാസ്ത്രം, സാമൂഹ്യം, രാഷ്ട്രീയം പരിസ്ഥിതി, വിഭിന്ന ജാതി-മത മനുഷ്യർ, അവരുടെ വിശ്വാസങ്ങൾ ആചാരനുഷ്ഠാനങ്ങൾ, എന്നിവയെ നോവലിൽ വിതാനിച്ചുകൊണ്ടുള്ള എരിപുരത്തിന്റെ ദേശചരിത്ര വായനയുമാകുന്നു.