
സന്തോഷ് ഏച്ചിക്കാനത്തിന്റെ ആദ്യ നോവലാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മാതംഗലീല. പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് വായിക്കാം.
പണമായും ജാതിയായും അധീശത്വമായും രൂപം മാറി വരുന്ന അധികാരത്തിനെതിരെയുള്ള സാധാരണ മനുഷ്യരുടെ പോരാട്ടത്തിന്റെയും നിലനിൽപ്പിന്റെയും ഓർമപ്പെടുത്തലായി മാറുന്ന ഒരു പുസ്തകം. അധികാരം കൊണ്ട് പേടി ഉണ്ടാക്കുകയും അതുവഴി മൊത്തം നിയന്ത്രണത്തിൽ കൊണ്ടുവരുകയും ചെയ്യുന്ന ലോകക്രമം, വായനക്കാർക്ക് മുമ്പിൽ അവതരിപ്പിക്കുന്ന പുസ്തകമാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ആദ്യനോവലായ 'മാതംഗലീല'. തെളിമയുള്ള ഭാഷപ്രയോഗത്തിലൂടെയാണ് ഈ പ്രമേയം അവതരിപ്പിക്കുന്നത്.
ജാതീയതയുടെ ഭീകരതയും അതിനെതിരെയുള്ള ചെറുത്തുനിൽപ്പും പോരാട്ടവും കഥയുടെ ഉൾവഴികളിലൂടെ തെളിഞ്ഞുവരും. എഴുപതുകളിലെ കേരളീയ സാമൂഹ്യരാഷ്ട്രീയ ചുറ്റുപാടുകളിലൂടെയാണ് കഥയുടെ സഞ്ചാരം. ഇരുട്ടു നിറഞ്ഞ കാലത്തിലൂടെയുള്ള ഓർമകളുടെയും മൂർച്ചയുള്ള ചിന്തകളുടെയും അടയാളപ്പെടുത്തലുകളായി മാറുന്നു ഈ മാതംഗലീല. ഒടിവിദ്യയിലൂടെ ആനയായി മാറേണ്ടി വരുന്ന ബാലകൃഷ്ണന്റെ പ്രതികാര കഥയാണ് നോവലിന്റെ ഉപരിതലത്തിൽ ഉള്ളതെങ്കിലും തെച്ചോരൻ എന്ന കരുത്തുള്ള കഥാപാത്രമാണ് പ്രധാനമായും നോവലിന്റെ അടിയൊഴുക്കിനെ നിയന്ത്രിക്കുന്നത്.
അംബേദ്കറുടെ ‘ജാതിഉന്മൂലനം’(Annihilation of caste) എന്ന പുസ്തകത്തിൽ, ഏതു ദിശയിലേക്ക് തിരിഞ്ഞാലും ജാതി നിങ്ങളുടെ പാതയെ കടന്നെത്തുന്ന വഴിയിൽ ഭീമാകാരമായ ജന്തുവായി കുറുകെയുണ്ടെന്നും ഈ ഭീകര രൂപിയെ കൊല്ലാതെ ഒരു രാഷ്ട്രീയപരിഷ്‌കരണവും സാമ്പത്തിക പരിഷ്‌കരണവും സാധ്യമാവില്ലെന്നും പരാമർശിച്ചു കൊണ്ടാണ് ജാതിയെയും ജാതിവ്യവസ്ഥയെയും അദ്ദേഹം വിശദീകരിക്കുന്നത്. ജാതി ഒരു ധാരണയായതിനാൽ, മാനസികഭാവമായതിനാൽതന്നെ ജാതിനശീകരണം എന്നത് അർത്ഥമാക്കുന്നത് ആ ധാരണയുടെ/മാനസികാഭാവത്തിന്റെ മാറ്റം എന്നതാണ്. കൂടാതെ, മിശ്രവിവാഹമാണ് ജാതിയെ തകർക്കാനുള്ള ഒരു പ്രതിവിധിയെന്ന് പരാമർശിക്കുന്നു. ജാതിയുടെ മതത്തെ പഠിപ്പിക്കുന്ന മതശാസ്ത്രങ്ങളുടെ വിശുദ്ധതയെ പറ്റിയുള്ള വിശ്വാസം നശിപ്പിക്കുക എന്നതാണ് യഥാർത്ഥ പ്രതിവിധിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഈ നോവലിൽ ഒരു പക്ഷെ തെച്ചോരൻ എന്ന കഥാപാത്രം ഇത് പ്രാവർത്തികമാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. തേച്ചാലും കുളിച്ചാലും പോകാത്ത ജാതീയതയോട് പോരാടാൻ മന്ത്ര തന്ത്രങ്ങൾക്ക് ഉപരിയായി നീണ്ട സമരങ്ങൾ വേണ്ടി വരുമെന്നും കാശുകൊണ്ട് ജാതിയെ ഇല്ലാതാക്കാൻ പറ്റില്ലെന്നും തിരിച്ചറിഞ്ഞ തെച്ചോരൻ പരമാവധി പോരാടുന്നുണ്ടെങ്കിലും, കറുത്ത സെൽവിയെ ഇല്ലാതാക്കിയ വെളുത്ത പാർവ്വതിയിലൂടെ തെച്ചോരന് കാലിടറുന്നു. ജാതിക്കെതിരെ വന്നതും വരാനിരിക്കുന്നതുമായ എല്ലാ യുദ്ധങ്ങളുടെയും രേഖരൂപങ്ങളും രഹസ്യങ്ങളും അടങ്ങിയ ഓലകൾ കത്തുമ്പോൾ ജാതിയുടെ മുമ്പിൽ വീണ്ടും തോൽക്കുന്ന തെചോരന് എന്തിനെയാണോ എതിർത്തത് അതു തന്നെ ആയിത്തീരുന്ന ദുരന്തം മുമ്പിൽ കാണേണ്ടിവരുന്നു.
കാടും നാടും മനുഷ്യർക്കാണെന്നും, മൃഗങ്ങൾക്ക് എല്ലാം ഭൂമിയാണെന്നും, മൃഗങ്ങളുടെ കാമനകളിൽ ചങ്ങല കെട്ടുമ്പോൾ തളയ്ക്കപ്പെടുന്നത് പ്രകൃതിയാണെന്നുമുള്ള സന്ദേശം തെളിഞ്ഞു വരുന്ന ഈ നോവലിൽ സ്വപ്നവും യാഥാർഥ്യവും ഒരു നൂലുണ്ടപോലെ കെട്ടുപിണഞ്ഞ് ഊരിയെടുക്കാൻ പറ്റാത്ത വിധം കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു.
മെരുങ്ങാത്ത മൃഗമായ പ്രണയവും പ്രണയനൈരാശ്യവും കഥയിലെ പ്രധാന ഘടകങ്ങളാണ്. പിടിച്ചെടുക്കലല്ല വിട്ടുകൊടുക്കലാണ് സ്നേഹവും പ്രണയവും രതിയും ആണെന്ന് തിരിച്ചറിയുന്ന, എല്ലാ വ്യാമോഹങ്ങളിൽ നിന്നും അധികാരത്തിൽ നിന്നും അഹമ്മതിയിൽ നിന്നും അറുത്തു മാറ്റപ്പെട്ട വിശുദ്ധമായ തല, തെറ്റുകൾ തിരുത്താൻ ഉടലില്ലാതെ പശ്ചാത്തപിക്കുന്നു.
മൃഗങ്ങളുടെ മനസ്സിന്റെ സ്വച്ഛതയും ശാന്തിയും മനുഷ്യനില്ലെന്നു മാത്രമല്ല മനുഷ്യൻ എന്നു സംസാരിക്കാൻ പഠിച്ചോ അന്ന് മുതൽ വറ്റിപോയ സ്നേഹം തിരിച്ചുപിടിക്കാനുള്ള ശ്രമം കൂടിയായിരിക്കാം എഴുത്തുകാരൻ ഉദ്ദേശിക്കുന്നത്. ഒരാളുടെ ഇഷ്ടാനിഷ്ടങ്ങളെയും ബലഹീനതകളെയും അംഗീകരിക്കുമ്പോളാണ് സ്നേഹം തോന്നുന്നതെന്ന് പറയുന്നതോടൊപ്പം സ്നേഹം വെറുമൊരു സങ്കൽപ്പമാണെന്നും പറയുന്നു.
കണ്ണാന്തളി, താഴമ്പൂ, കുറിഞ്ഞി എന്നീ മനോഹരമായ പേരുകൾ നോവലിന്റെ ആവാസവ്യവസ്ഥയ്ക്ക് കൂടുതൽ ഭംഗിയും കുളിർമയും പകരുന്നു. ഒരു മനുഷ്യന്റെ ഉള്ളിലെ ധൈര്യത്തിന്റെ ബലക്കുറവുള്ള കണ്ണിയെ തിരിച്ചറിയുന്ന യഥാർത്ഥ ഒടിയൻ എല്ലാം നഷ്ടപ്പെട്ടവർക്കുള്ള അവസാന പ്രതീക്ഷയും കൂടിയാണ്. അതുകൊണ്ടായിരിക്കാം മറ്റുള്ളവർക്ക് വേണ്ടി ജീവിച്ഛ് മരിക്കുന്നതിന്റെ പേരാണ് ഒടിയെന്ന് നോവലിൽ പറയുന്നത്.
അവരവർ ഉണ്ടാക്കുന്നതോ മറ്റുള്ളവർ തരുന്നതോ ആയ സ്നേഹവും സന്തോഷവും ആണ് ജീവിതമെന്ന് തെളിയിച്ച ഹൈദരലിയും ആര്യയെന്ന മുംതാസും ജാതിയും മതവും നോക്കാതെ മനുഷ്യൻമാർ തമ്മിലുള്ള കൂട്ടിപ്പിടുത്തത്തെ ഓർമിപ്പിക്കുന്നു. അല്ലെങ്കിലും യുദ്ധം ഓർമകളെ ഇല്ലാതാക്കുന്നതാണല്ലോ? പിള്ളതൈലത്തിനായുള്ള ആഭിചാരക്രിയകൾ വായനക്കാർക്ക് മറക്കാൻ പറ്റാത്ത അനുഭവം സമ്മാനിക്കുന്നു.
വെളുപ്പും കറുപ്പും ഉടമയുടെയും അടിമയുടെയും അധികാരത്തിന്റെയും വിധേയത്തിന്റെയും പ്രതീകങ്ങളാകുന്നു. വെളുപ്പ് ഒന്നുകിൽ ശത്രുതയോ വിധേയത്വമോ ആണ് അരികുവത്ക്കരിക്കപ്പെട്ടവർക്ക്. വെളുപ്പ് ഏതു കറുത്തവനെയു വലിച്ചു വെളുപ്പാക്കും അതിനാൽ വെളുപ്പിൽ കറുപ്പിനെ എടുത്തു കലക്കിയെങ്കിലും ജാതിക്കൊരു അവസാനം കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങൾ.
ഒരു തെറ്റ് അതിന്റെ തായ് തടിയിൽ നിന്നും വേരുകളുടെ എത്രയെത്ര കൈവഴികളായിട്ടാണ് കൂടെയുള്ളവരിലേക്ക് അതിന്റെ ഭവിഷ്യത്ത് വലിച്ചെടുത്തുകൊണ്ട് എത്തുന്നതെന്ന് ഈ നോവൽ വായനയിൽ വ്യക്തമാവും. ആവർത്തിച്ചുകൊണ്ടിരുന്നാൽ വേദനയും ശീലമാകുന്നതിനാൽ കാലം ഇത്രയൊക്കെ പുരോഗമിച്ചിട്ടും ആരും ആരുടേയും ആത്മാവിലേക്ക് നോക്കാൻ മെനക്കെടാത്ത പുറംകാഴ്ചകളിൽ അഭിരമിക്കുന്ന സമൂഹത്തെ തുറന്നുകാട്ടുകയാണ് ഈ നോവലിലൂടെ എഴുത്തുകാരൻ.
പറക്കലാണ് പക്ഷിയുടെ സ്വാതന്ത്ര്യം അതിനോട് പറക്കണ്ട എന്നു പറയാൻ ആർക്കും അവകാശമില്ല എന്നും വിധി എന്നൊന്നില്ലായെന്നും എല്ലാം സമയത്തിന്റെ കളിയാണെന്നും തിരിച്ചറിയുന്ന കഥാപാത്രങ്ങൾ. നോവലിൽ പറയുംപോലെ പാവങ്ങളെ പീഡിപ്പിക്കുമ്പോൾ ലഭിക്കുന്ന ലഹരി ശക്തന്മാർക്ക് ആസ്വദിക്കാൻ പറ്റുന്നതുകൊണ്ടായിരിക്കാം ഈ ലോകം അത്തരക്കാരുടെതായിതീർന്നത്. അധികാരത്തിന്റെ സുഖം അനുഭവിക്കാൻ അവസരം കിട്ടിയാൽ ഭൂലോകത്തിലെ മിക്ക ആളുകളും പാങ്ങോട്ട് മാധവന്മാരാകുന്ന കാഴ്ച്ച.
മനുഷ്യനും മൃഗവും കൂട്ടിമുട്ടുന്ന അഴിമുഖമാണ് അധികാരമെന്ന് കാണിച്ചു തരുന്ന ഈ നോവൽ, മറ്റു ജീവജാലങ്ങളുടെ കൊടുക്കൽ വാങ്ങലുകളാണ് ഭൂമിയെ നിലനിർത്തുന്നത് അല്ലാതെ ആറ്റംബോംബ് കണ്ടുപിടിച്ച മനുഷ്യനല്ല എന്ന തിരിച്ചറിവിലേക്കുള്ള വഴികാട്ടിയുമാകുന്നു.
Content Highlights: Explores the intersection of caste, power dynamics, and social hierarchy in Kerala., Analyzes the transformation of characters through the lens of 'Odi' magic and rebellion., Discusses the struggle against systemic oppression and the search for human identity., Reflects on the philosophy of love, nature, and the animalistic instincts within humans.
Published: 30 Apr 2026, 02:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented