
കെ പി കേശവമേനോന്റെ പേരക്കുട്ടി നളിനി ദാമോദരന്‍ രചിച്ച' കെ പി കേശവമേനോന് പേരക്കുട്ടിയുടെ ഓര്‍മ്മകള്‍' എന്ന പുസ്തകത്തെക്കുറിച്ച് അഡ്വ. എം. സ്വരാജ് എഴുതുന്നു.
കെ പി കേശവമേനോനെ അടുത്തറിയാന്‍ ഒരു പുസ്തകം. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പോലും ആമുഖം ആവശ്യമില്ലാത്ത ഒരു പേരാണ് കെ പി കേശവമേനോന്. സ്വാതന്ത്ര്യ സമര സേനാനി എഴുത്തുകാരന് നവോത്ഥാന നായകന് എന്നിങ്ങനെ വിശേഷണങ്ങള്‍ ഒട്ടനവധിയാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞ കാലവും, നാം മുന്നോട്ടും, സമ്പൂര്‍ണ ജീവിതവും, യേശുദേവനും തുടങ്ങി എത്രയെത്ര കൃതികളാണ് അദ്ദേഹത്തിന്റെ തൂലികത്തുമ്പില്‍ പിറവി കൊണ്ടത്...
സ്വാതന്ത്ര്യസമര സേനാനിയായും ഗാന്ധിയനായും മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരായുമെല്ലാം കേരളത്തിന്റെ ചരിത്രത്തില്‍ സവിശേഷമായി അടയാളപ്പെടുത്തപ്പെട്ട വ്യക്തിത്വമായിരുന്നു കെ പി കേശവമേനോന്റെത്.
കെ പി കേശവമേനോന്റെ പേരക്കുട്ടി നളിനി ദാമോദരന്‍ രചിച്ച' കെ പി കേശവമേനോന് പേരക്കുട്ടിയുടെ ഓര്‍മ്മകള്‍' എന്ന പുസ്തകം വ്യക്തി എന്ന നിലയില്‍ കെ പി കേശവമേനോനെ അടുത്തറിയാന്‍ ഏറെ സഹായകരമാണ്.
കെ പി കേശവമേനോനെ ഏറ്റവും അടുത്തുനിന്നു കാണാനും അറിയാനും അവസം ലഭിച്ചയാളാണ് നളിനി ദാമോദരന്‍. വലിയഛന്റെ അരികില്‍ നിന്ന് സ്നേഹ വാത്സല്യങ്ങളാവോളം ഏറ്റുവാങ്ങിയ പേരക്കുട്ടിയുടെ ഓര്‍മക്കുറിപ്പുകള്‍ കെപി കേശവമേനോന് എന്ന വ്യക്തിയുടെയും ഒരു കാലഘട്ടത്തിന്റെയും നേര്‍ചിത്രീകരണമാണ്.
അല്പവും മങ്ങലേല്‍ക്കാത്ത നളിനി ദാമോദരന്റെ ഓര്‍മകള്‍ ഹൃദ്യമായ ഒരു ചിത്രം കണക്കെ വാക്കുകളാല്‍ വരച്ചിട്ടിരിക്കുന്ന അനുഭവമാണ് ഈ ഓര്‍മപ്പുസ്തകം വായനക്കാര്‍ക്കു നല്‍കുന്നത്.
ജപ്പാന്, സിങ്കപ്പൂര്‍ പിടിച്ചടക്കുന്നതിന് സാക്ഷിയായ നളിനി ദാമോദരന്‍ ആ യുദ്ധകാലം ഇപ്പോഴും ഓര്‍മയിലുണ്ട്. പോര്‍വിമാനങ്ങളും ടാങ്കുകളും ഇരമ്പുന്ന യുദ്ധകാലാനുഭവങ്ങള്‍ മുതല്‍ കെ പി കേശവമേനോന്റെ ഓരോ വാക്കുകള്‍ വരെ കൃത്യമായി ഓര്‍മയില്‍ സൂക്ഷിക്കുന്നതു കൊണ്ടു തന്നെ നളിനി ദാമോദരന്റെ പുസ്തകം കെ പി കേശവമേനോന് എന്ന വ്യക്തിയോടൊപ്പം സംഘര്‍ഷനിര്‍ഭരമായ ഒരു കാലഘട്ടത്തിന്റെ കൂടി സൂക്ഷ്മസാക്ഷ്യപത്രമായി മാറുന്നു. പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ കെ പി കേശവമേനോനെ തൊട്ടടുത്തു നിന്ന് കാണുന്ന അനുഭവമാണ് വായനക്കാര്‍ക്കുണ്ടാവുന്നത്.
കെ പി കേശവ മേനോന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത അധികാരാസക്തി അദ്ദേഹത്തെ തെല്ലും സ്വാധീനിച്ചില്ല എന്നതാണ്. അധികാരത്താല്‍ സ്വാധീനിക്കപ്പെടുന്നതും ദിശ നിര്‍ണയിക്കപ്പെടുന്നതുമായ വ്യക്തിത്വങ്ങളാണ് ചരിത്രത്തില്‍ നാം ഏറെയും കണ്ടു പരിചയപ്പെട്ടിട്ടുള്ളത്. മഹാമേരുക്കള്‍ എന്നപോലെ വാഴ്ത്തപ്പെടുന്ന പലരുടെയും അധികാരാസക്തി രഹസ്യമല്ല. അധികാരവും അധികാരത്തിനു വേണ്ടിയുള്ള സംഘര്‍ഷങ്ങളുമാണ് ചരിത്രത്തിന്റെ സിംഹഭാഗവും. അധികാരം ഏതൊരാളെയും വീഴ്ത്താന്‍ ശേഷിയുള്ള ഒരു കെണിയാണ്. മനുഷ്യര്‍ വീണുപോകുന്ന അധികാരമെന്ന കെണിയെക്കുറിച്ച് ഒരിക്കല്‍ എ.കെ.ജി സൂചിപ്പിച്ചിട്ടുണ്ട്.

ഈ കെണിയില്‍ വീഴാത്തവര്‍ അപൂര്‍വങ്ങളില്‍ അത്യപൂര്‍വ്വവമാണ്. ചരിത്രം പരതിയാല്‍ അത്തരത്തിലുള്ള അധികം പേരുകള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. ഗാന്ധിജിയെ പോലെ അധികാരത്തെ കീഴടക്കിയ അപൂര്‍വ്വം ചിലരുണ്ട് എന്നത് വിസ്മരിക്കുന്നില്ല. എങ്കിലും ആ ഗണത്തില്‍ അധികമാളുകള്‍ ഇല്ല എന്ന് ഉറപ്പ്. കെ പി കേശവമേനോന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത അധികാരത്തിന് അദ്ദേഹത്തിന്റെ ജീവിതാദര്‍ശങ്ങളെ സ്വാധീനിക്കാനായില്ല എന്നതു തന്നെയാണ്.
സിങ്കപ്പൂരില്‍ വെച്ച് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന് (ഐ ഐ എല്‍) റാഷ് ബിഹാരി ബോസിനോടൊപ്പം നേതൃത്വം കൊടുത്ത കെ പി കേശവമേനോന് തുടര്‍ന്ന് സ്ഥാപിക്കപ്പെട്ട ഇടക്കാല മന്ത്രിസഭയില്‍ വാര്‍ത്താ വിതരണ വകുപ്പ് മന്ത്രിയുമായി.
എന്നാല്‍ പിന്നിട് ജപ്പാന്റെ നയങ്ങളോടുള്ള വിയോജിപ്പുകാരണം മന്ത്രിസ്ഥാനം രാജി വെക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. അക്കാലത്ത് അങ്ങനെയൊരു തീരുമാനമെടുത്താല്‍ എന്തു സംഭവിക്കുമെന്നത് ഈഹിക്കാവുന്നതേയുള്ളൂ.
രാജി വെക്കാനുള്ള തീരുമാനം ആപത്താണെന്ന് പലരും അദ്ദേഹത്തിന് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെ പി കേശവമേനോന് തീരുമാനത്തില്‍ ഉറച്ചു നിന്നു. മന്ത്രിപദം രാജിവെച്ചു. അഭ്യുദയാകാംക്ഷികള്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചു. ജപ്പാന് അദ്ദേഹത്തെ ജയിലിലടച്ചു. ഒന്നരവര്‍ഷക്കാലം ജാപ്പ് തടവറയില്‍ അദ്ദേഹത്തിന് നരകിക്കേണ്ടി വന്നു. സ്വന്തം മകള്‍ രോഗം മൂര്‍ച്ഛിച്ച് മരണത്തിന് കീഴടങ്ങിയപ്പോള്‍ സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ പോലും കെ പി കേശവമേനോനെ ജയില്‍ അധികൃതര്‍ അനുവദിച്ചില്ല.
പിന്നീട് ഇന്ത്യ സ്വതന്ത്രയായ ശേഷം നെഹ്രു പ്രത്യേക താല്പര്യമെടുത്ത് കെ പി കേശവമേനോനെ സിലോണിലേക്ക് ഇന്ത്യന്‍ ഹെക്കമ്മീഷണറായി അയക്കുകയുണ്ടായി. നെഹ്രുവിനോട് ആദരവുണ്ടായിരുന്നെങ്കിലും ഇന്ത്യയുടെ സിലോണ്‍ നയത്തില്‍ വിയോജിച്ച കെ പി കേശവമേനോന് ഹെക്കമ്മീഷണര്‍ സ്ഥാനവും രാജിവെച്ച് നാട്ടിലേക്കു മടങ്ങുകയാണ് ചെയ്തത്. സിങ്കപ്പൂരില്‍ മന്ത്രിയായും, സിലോണില്‍ ഹെക്കമ്മീഷണറായും അധികാരത്തിന്റെയും സൗകര്യങ്ങളുടെയും അകമ്പടിയോടെ സുഖജീവിതം നയിക്കാമായിരുന്നിട്ടും നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനും അതുമൂലമുണ്ടാവുന്ന ഭവിഷ്യത്തുകള്‍ നേരിടാനും ആര്‍ജ്ജവമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മന്ത്രി പദത്തില്‍ നിന്നും ജയിലറയിലേക്ക് പോകേണ്ടി വന്നപ്പോഴും അദ്ദേഹത്തിന് തെല്ലും ഇടര്‍ച്ചയുണ്ടായിരുന്നില്ല. മാത്യഭൂമിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പത്രഭാഷയെയും വിമര്‍ശന രീതിയെയും സംബന്ധിച്ചെല്ലാം സുവ്യക്തമായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. വാര്‍ത്തകള്‍ സത്യസന്ധവും വസ്തുനിഷ്ഠവും ആയിരിക്കണമെന്ന് കെ പി കേശവ മേനോന് നിഷ്കര്‍ഷിച്ചിരുന്നു. വിമര്‍ശിക്കേണ്ടി വരുമ്പോള്‍ മര്യാദയും മാന്യതയും പുലര്‍ത്തി മാത്രമേ അതാകാവു എന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. പരിഹാസത്തിന്റെ ഭാഷ കെ പി കേശവമേനോന് ഒരിക്കലും അംഗീകരിച്ചിരുന്നില്ലെന്നും നളിനി ദാമോദരന്‍ ഓര്‍ക്കുന്നു.
സംഭവബഹുലവും സംഘര്‍ഷഭരിതവുമായ ഒരു കാലത്ത് സമൂഹത്തിലാകെ പ്രകാശം പരത്താന്‍ പരിശ്രമിച്ചയാളായിരുന്നു കെ പി കേശവമേനോന്. ഒരു കുട്ടിയുടെ മിഴിവാര്‍ന്ന കാഴ്ചയിലൂടെ അദ്ദേഹത്തെ സത്യസന്ധമായും മനോഹരമായും വായനക്കാരുടെ മുന്നിലെത്തിച്ചിരിക്കുകയാണ് നളിനി ദാമോദരന്‍.കെ പി കേശവമേനോനെ അടുത്തറിയുകയെന്നത് പലതുകൊണ്ടും വര്‍ത്തമാന കാലത്ത് ഏറെ പ്രസക്തവുമാണ്.
Content Highlights: M.Swaraj, K.P Kesava Menon, Nalini Damodaran, Mathrubhumi Books
Published: 27 Dec 2023, 01:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented