പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രണബ് ബര്‍ധന്‍ ഒരു അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ സ്മാരക പ്രഭാഷണത്തെ അടിസ്ഥാനമാക്കി 1984-ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് 'പൊളിറ്റിക്കല്‍ ഇക്കണോമി ഓഫ് ഡെവലപ്പ്‌മെന്റ് ഇന്‍ ഇന്ത്യ' എന്നത്. നവ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുന്നതിന് മുമ്പുള്ള ഇന്ത്യയുടെ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയെക്കുറിച്ച് മനസ്സിലാക്കുന്നതിനുള്ള ഒരു ക്ലാസിക്കല്‍ റഫറന്‍സ് ഗ്രന്ഥം എന്ന നിലയില്‍ പരിഗണിക്കപ്പെടുന്ന ഒന്നാണ് ബര്‍ധന്റെ, വളരെ ചെറുതെങ്കിലും (122പേജ്), ഈ പുസ്തകം. 

To advertise here,

ബര്‍ധന്റെ ഈ ഗ്രന്ഥം മുന്നോട്ടുവെക്കുന്ന ആശയ പരിസരത്തുനിന്നുകൊണ്ട്, ലിബറല്‍ സാമ്പത്തിക പരിഷ്‌കരണത്തിന്റെ  മൂന്ന് പതിറ്റാണ്ടുകളെ വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണ് Class & Conflict: Revisiting Pranab Bardhan's Political Economy of India എന്ന പുസ്തകത്തിലൂടെ ഒരു സംഘം സാമ്പത്തികശാസ്ത്ര ഗവേഷകരും വിദഗ്ദ്ധന്മാരും ചെയ്യുന്നത്.  

1984-ലെ തന്റെ ഗ്രന്ഥത്തില്‍ ബര്‍ധന്‍ വിശദീകരിക്കുന്ന ഇന്ത്യയിലെ മൂന്ന് വ്യത്യസ്ത ഉടമസ്ഥ വര്‍ഗങ്ങള്‍, പുത്തന്‍ സാമ്പത്തിക പരിഷ്‌കരണ നയങ്ങളിലൂടെ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ശക്തിയായി വളര്‍ന്നുവന്നതെങ്ങിനെയെന്നും പുതിയ ബൊളിഗാര്‍ക്കുകള്‍ (പുസ്തകത്തിലെ പ്രയോഗമല്ല) രാഷ്ട്രീയ സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ ശക്തമായി ഇടപെടുന്നതെങ്ങിനെയെന്നും Class & Conflict പരിശോധിക്കുന്നു.

ഈ ഗ്രന്ഥത്തില്‍ പ്രണബ് ബര്‍ധന്റേതായ ലേഖനത്തില്‍ (Reflections on Indian Political Economy, Chapter 2) അദ്ദേഹം സ്വയം ഇക്കാര്യം വിശദമാക്കുന്നു. 
'കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, ഇന്ത്യയില്‍ മുതലാളിത്തത്തിന്റെ 'നിയമാനുസൃത പ്രതിസന്ധി' പല രീതിയിലും പ്രകടമായിട്ടുണ്ട്; സമ്പത്തിന്റെ അസമമായ വിതരണത്തിലെ വര്‍ദ്ധനവ്, വിരലിലെണ്ണാവുന്ന ഏതാനും ബിസിനസ് ഗ്രൂപ്പുകള്‍ക്ക് മാത്രമായി നല്‍കപ്പെടുന്ന നിയന്ത്രണ ആനുകൂല്യങ്ങളുടെ ഫലമായുള്ള ചങ്ങാത്ത മുതലാളിത്തത്തിന്റെ വളര്‍ച്ച, സാധാരണ മനുഷ്യര്‍ക്ക് അവരുടെ ഭൂമി നഷ്ടപ്പെടുകയും അവരുടെ ജീവിത പരിസരങ്ങള്‍ (പരിസ്ഥിതിയെ) നാശത്തെ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുക, ഭൗതിക സൗകര്യങ്ങളിന്മേല്‍ സ്വകാര്യ പ്രവേശനം സാധ്യമാക്കുന്ന തരത്തില്‍ നഗരങ്ങളുടെയും പട്ടണങ്ങളുടെയും വളര്‍ച്ച ഒരു ഭാഗത്ത് നടക്കുമ്പോള്‍ കുടിവെള്ളം, ജീവിത സുരക്ഷ എന്നീ അടിസ്ഥാന സേവനങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാകാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ വര്‍ത്തമാന ഇന്ത്യയിലെ സാധാരണ പ്രശ്‌നമായി മാറുന്നുണ്ട്. വരുമാന സമത്വത്തെക്കാള്‍ (Equality of Income അവസര സമത്വത്തിന് (Equality of Opportunity) തന്റെ കാഴ്ചപ്പാടുകളില്‍ മുഖ്യസ്ഥാനം നല്‍കിയിരുന്ന പ്രണബ് ബര്‍ധന്‍ ഭൂമി, വിദ്യാഭ്യാസം, സാമൂഹിക തുല്യത എന്നിവയെ അവസര സമത്വത്തിന്റെ അടിസ്ഥാന ഘടകങ്ങളായി പരിഗണിച്ചിരുന്നു.

പുത്തന്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ അവസര സമത്വത്തിന്റെ സാധ്യതകളെ എങ്ങിനെ കൂടുതല്‍ ഗൗരവമായ രീതിയില്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു എന്ന് പരിശോധിക്കുകയാണ് വിവിധങ്ങളായ ലേഖനങ്ങളിലൂടെ Class & Conflict എന്ന പുസ്തകത്തില്‍.

വളരെ യാദൃച്ഛികമെന്ന് പറയാവുന്ന ഒരു കാര്യം, ബര്‍ധന്‍ തന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്ന 1984 കാലയളവ് ഇന്ത്യയിലെ കര്‍ഷക വിഭാഗങ്ങള്‍ക്കിടയില്‍ അസ്വസ്ഥതകള്‍ ഉരുണ്ടുകൂടിക്കൊണ്ടിരുന്ന കാലം കൂടിയായിരുന്നു. ഈ അസ്വസ്ഥതകള്‍ ഏതാണ്ട് നാല് വര്‍ഷത്തിന് ശേഷം മഹേന്ദ്രസിംഗ് ടികായതിന്റെയും ശരത് ജോഷിയുടെയും നേതൃത്വത്തില്‍ ദില്ലിയിലെ ബോട്ട് ക്ലബ്ബ് മൈതാനിയിലെ കര്‍ഷക പ്രക്ഷോഭമായി മാറി എന്നത് ചരിത്രം. ബര്‍ധന്റെ പുസ്തകത്തെ പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന Class & Conflict എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുമ്പോഴും ഇന്ത്യയിലെ രാഷ്ട്രീയാന്തരീക്ഷത്തില്‍ കര്‍ഷക പ്രക്ഷോഭം അലകളുയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

ബര്‍ധന്‍ തന്റെ പുസ്തകത്തില്‍ സൂചിപ്പിക്കുന്നതുപോലെ, ഉത്തര-മധ്യ ഇന്ത്യയിലെ പ്രാദേശിക മേഖലകളില്‍ ഒഴികെ, ലാഭകരമായ കൃഷിയില്‍ താല്‍പ്പര്യമില്ലാത്ത, എന്നാല്‍ പ്രാഥമികമായി പലിശയിലും ഊഹക്കച്ചവടത്തിലും ഏര്‍പ്പെട്ടിരിക്കുന്ന, വലിയ ഭൂ എസ്റ്റേറ്റുകളുടെ സ്റ്റാറ്റസ് മൂല്യവും കരാര്‍ തൊഴിലാളികളുടെ മേലുള്ള സാമൂഹിക ആധിപത്യവും ആസ്വദിക്കുന്ന ഭൂവുടമകളുടെ വര്‍ഗം വലിയ തോതില്‍ അപ്രത്യക്ഷമായി. 80കളുടെ അവസാനത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്നില്‍ സമ്പന്ന കര്‍ഷകരുടെ കൈകള്‍ ശക്തമായുണ്ടായിരുന്നുവെന്നത് നിരാകരിക്കാന്‍ കഴിയാത്ത വസ്തുതയായിരിക്കുമ്പോള്‍ മൂന്ന് പതിറ്റാണ്ടുകള്‍ കഴിയുമ്പോഴേക്കും പുതിയൊരു ഭൂവുടമസ്ഥതാ സമ്പ്രദായം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ഇന്ത്യയിലെ പുതിയ ഭൂവര്‍ഗം വ്യാവസായിക വിഭാഗമായി മാറുന്നത് നാം കാണുന്നു. 90-കള്‍ തൊട്ടുള്ള സാമ്പത്തിക പരിഷ്‌കരണത്തിന്റെയും തുടര്‍ന്നുള്ള നിയമ നിര്‍മ്മാണങ്ങളുടെയും ഫലമായി കാര്‍ഷിക ഭൂമിയുടെ ഉടമസ്ഥതയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. ഭൂമി ഏറ്റെടുക്കല്‍ നിയമമടക്കമുള്ള ഇന്‍ഡസ്ട്രിയല്‍ ക്ലാസിന്റെ സൗക്യങ്ങള്‍ക്കനുസരിച്ച് പുതുക്കി നിര്‍ശ്ചയിക്കപ്പെട്ടു. പുതിയ കാര്‍ഷിക പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങളിലൊന്നായി ഭൂമിയിലെ കര്‍ഷകരുടെ അന്യാധീനം സ്വാഭാവികമായും ഉയര്‍ന്നുവന്നു.

ഇന്ത്യയിലെ പ്രബല ഉടമസ്ഥ വര്‍ഗമായി (dominant proprietary class) ബര്‍ധന്‍ വിശേഷിപ്പിക്കുന്ന, വ്യവസായികള്‍, അതിസമ്പന്ന കര്‍ഷകര്‍, പ്രൊഫഷണല്‍സ് എന്നീ വിഭാഗങ്ങള്‍ ഇന്ത്യയിലെ നയരൂപീകരണങ്ങളില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലങ്ങളായി എങ്ങിനെ ഇടപെടുന്നുവെന്ന് ലീലാ ഫെര്‍ണാണ്ടസ് പുസ്തകത്തില്‍ വിശദീകരിക്കുന്നു. (Rethinking Dominant Proprietary Classes: Indias Middle Class & the Reproduction of Inequality). ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ സാമൂഹ്യ-സാമ്പത്തിക പുനരുത്പാദനത്തെ സംബന്ധിച്ച ധാരണ ലഭിക്കുന്നതിനുള്ള ആശയാടിത്തറ ബര്‍ധന്റെ Dominant Proprietary Class നമുക്ക് നല്‍കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ പുതുതായി ഉയര്‍ന്നുവന്ന മധ്യവര്‍ഗം കൂടുതല്‍ സങ്കീര്‍ണ്ണത നിറഞ്ഞ സാമൂഹിക വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നതാണെന്ന് ലീലാ ഫെര്‍ണ്ണാണ്ടസ് വാദിക്കുന്നു. വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കിടയിലെ അസ്വസ്ഥതകളെ ഈ മധ്യവര്‍ഗം വ്യത്യസ്ത തലങ്ങളില്‍ പ്രതിഫലിപ്പിക്കുന്നുവെന്നത് വര്‍ത്തമാന സാഹചര്യത്തില്‍ നമുക്ക് കാണാവുന്നതാണ്.

പുസ്തകത്തിന്റെ അവസാന അദ്ധ്യായം - An Indian Gilded Age- 19ാം നൂറ്റാണ്ടിന്റെ അവസാനത്തിലെ അമേരിക്കന്‍ സാമ്പത്തിക വളര്‍ച്ചയെ വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യവുമായി താരമ്യപ്പെടുത്തിക്കൊണ്ടുള്ള ഒന്നാണ്. പല സമാനതകളും നിറഞ്ഞ ഈ കാലം അമേരിക്കന്‍ ചരിത്രത്തിലെ robber baronssâ ചരിത്രം കൂടിയാണ്. കൊര്‍ണേലിയസ് വാന്‍ഡെര്‍ബില്‍റ്റിനെയും മുകേഷ് അംബാനിയെയും രൂപപ്പെടുത്തിയ ഈ സുവര്‍ണ്ണ കാലം സാമ്പത്തിക അസമത്വം അതിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്നതായി കാണാന്‍ കഴിയും.

placeholder
മുകേഷ് അംബാനി/ ഫോട്ടോ: എ.എന്‍.ഐ

ഇക്കണോമിസ്റ്റ് എന്ന നിലയില്‍ ഏറെ പ്രശസ്തനായ പ്രണബ് ബര്‍ധന്റെ അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു ഗ്രന്ഥമാണ് 'പൊളിറ്റിക്കല്‍ ഇക്കണോമി ഓഫ് ഡെവലപ്‌മെന്റ് ഇന്‍ ഇന്ത്യ'. 'മുഖ്യധാരാ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഈ പുസ്തകത്തെ പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നുവെന്ന്' ബര്‍ധന്‍ തുറന്ന് സൂചിപ്പിക്കുന്നുമുണ്ട്. നവലിബറല്‍ പരിഷ്‌കരണങ്ങള്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ പരിഷ്‌കരണ നടപടികള്‍ക്ക് മുന്നേ എഴുതിയ ഈ പുസ്തകം എത്രമാത്രം ദീര്‍ഘദര്‍ശിത്വം നല്‍കുന്നതാണെന്ന് Class & Conflict നിരീക്ഷിക്കുന്നു.