കുറച്ച്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചുവന്ന സക്കറിയയുടെ 'ഒരു ആഫ്രിക്കന്‍ യാത്ര' എന്ന യാത്രാവിവരണ എഴുത്തിലാണ് ആഫ്രിക്കയിലെ കിളിമഞ്ചാരോ പര്‍വ്വതത്തെപ്പറ്റി അറിയുന്നതും 'ഏതോ വിദൂരദേശത്തെ നീലിമയാര്‍ന്ന ആ പര്‍വ്വതത്തെ പ്രണയിച്ചു പോകുന്നതും. ഇപ്പോഴിതാ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ലഫ്. കേണല്‍  സോണിയ  ചെറിയാന്റെ 'ഇന്ത്യന്‍ റയിന്‍ബോ'യുടെ ആദ്യവായന തുടങ്ങിയതും മാതൃഭൂമിയുടെ വാരാന്ത ഖണ്ഡശ്ശ വായനയിലൂടെത്തന്നെയാണ്. പിന്നീട് ഇത് പുസ്തകമായി അടിച്ചുവരുന്നതും സ്വന്തമാക്കണമെന്ന ഉറപ്പിന്മേലുള്ള കാത്തിരിപ്പിലുമായിരുന്നു. കിളിമഞ്ചാരോയെപ്പോലെ നമ്മുടെ ഹിമാലയത്തേയും പ്രണയിക്കാന്‍ എനിക്കിതു മതിയായിരുന്നു. ഹിമാലയന്‍ പര്‍വ്വതാരോഹണങ്ങളെ മൊബൈല്‍ ഫോണ്‍ റീല്‍സുകളില്‍ നോക്കിനോക്കി കണ്ണു കുഴഞ്ഞതും ഇത്തരം വായനയിലൂടെയുണ്ടായ പര്‍വ്വതപ്രണയത്തിലാണ്.

To advertise here,

കിട്ടാത്ത മുന്തിരിക്ക് മധുരം തന്നെയെന്ന സത്യം അറിയിച്ചുതന്നതില്‍ മാതൃഭൂമി ബുക്‌സിന്റെതന്നെ എം.പി. വീരേന്ദ്രകുമാറിന്റെ  'ഹൈമവതഭൂവില്‍' എന്ന പുസ്തകത്തിന് കടപ്പാടുണ്ട്; അതിലൂടെ ഹിമവാന്റെ മടിത്തട്ടിലെ ഭൂപ്രകൃതിയെ അടുത്തറിഞ്ഞപ്പോഴും. 'ഇന്ത്യന്‍ റെയിന്‍ബോ'യിലൂടെ കൊടുമുടികളില്‍ ജീവന്‍ കൊടുത്ത് കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരുടെയും അവിടങ്ങളില്‍ താമസിക്കുന്ന ഗോത്രവര്‍ഗ്ഗമനുഷ്യരുടെയും അവരുടെയൊക്കെ വിചിത്രങ്ങളായ ആചാരങ്ങളെയും വിശ്വാസങ്ങളെയും അതിന്റെ പ്രഭവസ്ഥാനങ്ങളെയും നന്നായി പഠിച്ചുമാണ് ഈ പുസ്തകം സോണിയ എഴുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പരിചയമില്ലാത്ത ഒരു ദേശത്തിന്റെയും ആവാസവ്യവസ്ഥയുടെയും ഒരു ചരിത്രപുസ്തകവായനപോലെ തോന്നി എനിക്കിത്. ആത്മസമര്‍പ്പണം ചെയ്ത
ഓരോ പട്ടാളക്കാരന്റെയും ജീവന്റെയും ജീവിതത്തിന്റെയും വിലയാണല്ലോ ഇന്ത്യയിലെ ഓരോ പൗരന്റെയും ഓരോ ദിവസത്തിലെ ഊണും ഉറക്കവുമെന്ന തിരിച്ചറിവില്‍ അറിയാതെ കൈകള്‍ സല്യൂട്ട് അടിച്ചുപോവും.

എന്തൊരു മാന്ത്രികമായ മനോഹര ഭാഷയാണ് ഈ എഴുത്തിന്; കരുണയുള്ളതും ലാളിത്യമാര്‍ന്നതും വാത്സല്യ പൂര്‍ണ്ണവുമായ ഈ മാസ്മരഭാഷ വായനയെ ഏറെ പ്രചോദിപ്പിക്കുന്നുണ്ട്. പട്ടാളത്തില്‍ ചേരാനാഗ്രഹിക്കുന്ന, കൊടുമുടികളിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്ന ഏതൊരു പൗരനും ഇതൊരു കൈപ്പുസ്തകമാവും, തീര്‍ച്ച. നിലനിന്ന ഇടങ്ങളെയൊക്കെ ഇത്രയേറെ ഉള്ളറിഞ്ഞുതന്നെ ഓരോ ചുവടും താണ്ടിയ സഞ്ചാരിയായ ഒരു പട്ടാളക്കാരിതന്നെ സോണിയ ചെറിയാന്‍. ഒന്നാലോചിച്ചുനോക്കൂ- ഏതെങ്കിലും കാരണത്താല്‍ ഒരു ദിവസത്തെ ഉറക്കംപോയാല്‍, 'സുഖസുഷുപ്തി'ക്കാവശ്യമായ ഏതെങ്കിലുമൊന്ന് കിട്ടാതായാല്‍, ഇടം മാറിയാല്‍, ഭക്ഷണമേശയില്‍ ഉപ്പിലോ മുളകിലോ ഏറ്റക്കുറച്ചിലുണ്ടായാല്‍, പലഹാരത്തിന് കോമ്പിനേഷന്‍ കറി ഇല്ലാതായാല്‍ അക്ഷമരാകുന്ന നമ്മള്‍; സമുദ്രനിരപ്പില്‍നിന്ന് പതിനായിരം മടങ്ങ് ഉയരങ്ങളില്‍ ജീവിത സുഖത്തിന് പ്രാപ്തമായ തൊന്നുമില്ലാതെ പ്രാണവായു തുച്ഛമായി മാത്രമുള്ള ഇടങ്ങളില്‍ ഊണും ഉറക്കവുമില്ലാതെ, കുളിയില്ലാതെ മാസങ്ങളോളം ഊഴമിട്ട് കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ മനോനില എന്തായിരിക്കുമെന്ന് നമുക്ക് സങ്കല്‍പ്പിക്കാനാവുന്നതിലും എത്രയോ ഉയരത്തിലാണ് അവരുടെ ആത്മസമര്‍പ്പണം.

മിലിട്ടറിയില്‍നിന്ന് റിട്ടയര്‍ ചെയ്ത് ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കി അംഗച്ഛേദമൊന്നുമില്ലാതെ സ്വന്തം കുടുംബത്തിലേക്ക് തിരിച്ചുകയറിവരുമ്പോള്‍ മാത്രമാണ് അവന്റെ കുടുംബം സമാധാനത്തിലൊന്ന് ശ്വാസമെടുക്കുന്നതുതന്നെ. കാരണം, തിരികെ വീടണയാന്‍ കഴിയാത്തവണ്ണം രാജ്യത്തെ സ്‌നേഹിച്ചു മരണമടഞ്ഞ ജവാന്‍മാരുടെ വീരകഥകള്‍ ഒരുപാട് കേട്ടവരാണല്ലോ അവരും. രാജ്യത്തിന്റെ കാവലിന് മുന്‍പന്തിയിലുള്ള സേവകരുടെ മരണവാര്‍ത്തകള്‍ എന്തു കൊണ്ടാണ് പത്രങ്ങളുടെ മുന്‍ പേജില്‍ ഇടം പിടിക്കാതെ മറ്റേതോ പേജുകളില്‍ ഒരു കുഞ്ഞു വാര്‍ത്ത മാത്രമായി ചുരുങ്ങുന്നതെന്ന് പട്ടാളക്കാരിയായ ഈ ഡോക്ടറെപ്പോലെ ഞാനും സന്ദേഹിച്ചിട്ടുണ്ട് പലപ്പൊഴും. ഈയിടെ വീരമൃത്യു വരിച്ച അടുത്തിടെ മാത്രം വിവാഹിതനായ പട്ടാളക്കാരന്റെ ഭാര്യയ്ക്ക് അദ്ദേഹത്തിനുള്ള മരണാനന്തര ബഹുമതിയായി രാജ്യം മെഡല്‍ കൊടുത്ത് ആദരിക്കുന്നതു കണ്ടു. രാഷ്ട്രപതിയില്‍നിന്ന് അതേറ്റുവാങ്ങുമ്പോള്‍ സുന്ദരിയും യുവതിയുമായ ആ പെണ്‍കുട്ടിയുടെ കരയാതെ ചങ്കുപൊട്ടിയുള്ള നില്‍പ്പു കണ്ടപ്പോള്‍ ഉള്ള് കഷണം കഷണമായി നുറുങ്ങിപ്പോവുന്ന ശബ്ദം ഞാന്‍ കേട്ടു. പിന്നീട് പലപ്പോഴും ആ പെണ്‍കുട്ടി എന്റെ തൊണ്ടയില്‍ ഒരു സങ്കട ഉരുളയായി മുഴച്ച് വരുന്നു. ഒഴുക്ക് പൊടുന്നനെ നിലച്ചുപോയ ഒരു ഹിമാലയന്‍ നദി കണക്കെ ആ പെണ്‍കുട്ടി എന്റെയുള്ളില്‍ ജീവിതം തടസ്സപ്പെട്ട് നിന്നു.

റിട്ടയര്‍ ചെയ്ത പട്ടാളക്കാരുടെ കഥ പറച്ചിലുകളെ പട്ടാള ബഡായികള്‍ എന്നു പറഞ്ഞ് പരിഹസിച്ചു തള്ളാറാണ്  പതിവ്. എഴുത്തുകാരി പറയുന്നപോലെ, 'കഥ മെനഞ്ഞ് പറയുന്നവര്‍ പോലും  സ്വയം അതില്‍ വിശ്വസിച്ചുപോവുന്നതരം മയക്കുകഥകള്‍.'  ഇത്തരം മയക്കു കഥകളും മിത്തുകളും ഉറങ്ങുന്ന ഒരു ഭൂപ്രകൃതിയെ വിശ്വസിപ്പിക്കാന്‍ എത്ര ആഞ്ഞും ആവര്‍ത്തിച്ചും പറഞ്ഞാലാണ് സാദ്ധ്യമാവുക. വിചിത്രമായ ആളുകളുടെ വിചിത്രങ്ങളായ എന്തെല്ലാം വിശ്വാസങ്ങളും ആചാരങ്ങളു മാണിതില്‍. തവാങ്ങിലെ മൊപ ഗോത്രവര്‍ഗ്ഗക്കാരുടെ ഒരു ആചാരവും വിശ്വാസവുമാണ് ഏറെ വിസ്മയിപ്പിച്ച ഒന്ന്. ബുദ്ധമതവിശ്വാസികളായ ഇവര്‍ മരിച്ചാല്‍ അവരുടെ മൃതശരീരം അവരുടെ ജപമാലയിലെ 108 മണികള്‍ പോലെ 108 കഷണങ്ങളായി നുറുക്കി അവരുടെ ഉറ്റവര്‍ പുഴയിലെ മത്സ്യങ്ങള്‍ക് ഇട്ടു കൊടുക്കുമത്രേ!  ജീവന്‍ പോയാല്‍ പിന്നെ ഉടല്‍ ചെറുജീവികള്‍ക്ക് ഉള്ളതാണത്രേ. തികച്ചും ഒരു ഇക്കോസിസ്റ്റം. ഒന്നാലോചിച്ചുനോക്കൂ, നമ്മള്‍ മരിച്ചുകഴിഞ്ഞാല്‍ നമ്മുടെ ദേഹം ഉറ്റവര്‍ കൊത്തിനുറുക്കി മത്സ്യങ്ങള്‍ക്ക് കൊടുക്കാന്‍ പുഴയിലെറിയുന്നത്.  ഇത്തരം കൃത്യങ്ങള്‍ ചെയ്തതായി അറിഞ്ഞാല്‍ മൃതദേഹത്തോട് അനാദരവു കാണിച്ചു എന്ന കുറ്റത്തിന് ശിക്ഷയുള്ള നാട്ടിലാണ് ഇതെന്ന് ഓര്‍ക്കണേ.  

മനുഷ്യ നിര്‍മ്മിതമായ ഒരു നിയമവും പ്രകൃതിനിയമത്തിനോളം വരില്ല എന്ന ഉത്തമ ഗുണപാഠം. കണ്ടും അറിഞ്ഞും അനുഭവിച്ചും ഉള്ളൊരാള്‍ അടയാളപ്പെടുത്താത്തിടത്തോളം നമുക്കിത്തരം കഥകള്‍ വെറും കെട്ടുകഥകള്‍ മാത്രമായിരിക്കും. എവിടെയോ മനസ്സിലാക്കിയിട്ടുണ്ട്, മനുഷ്യന് എളുപ്പം കീഴടക്കാന്‍ പറ്റാത്ത എന്തിനേയും അത് കടലായാലും പര്‍വ്വതങ്ങളായാലും എളിമയോടെ മാത്രം സമീപിക്കണമെന്ന്. സചേതനവും അചേതനവുമായ ' വലുതും ചെറുതുമായ'  എന്തിനേയും ആരാധനയോടെയും ബഹുമാനത്തോടെയും കാണണമെന്ന ഒരു തിരുവചനം കൂടിയാവുന്നുണ്ട് ഈ പുസ്തകം. മരിച്ചിട്ടും മരിക്കാത്ത ജസ്വന്ത് സിങ് റാവത്ത് എന്ന പട്ടാളക്കാരനും ഇപ്പോഴും സര്‍വ്വീസിലുള്ളതായി കണക്കാക്കി ലീവും പ്രമോഷനുമൊക്കെ കൊടുക്കുന്നതും അദ്ദേഹത്തിന്റെ മുറി ഒരുക്കുന്നതും മുമ്പൊരിക്കല്‍ മാതൃഭൂമിയിലെ വാരാന്ത്യപ്പതിപ്പില്‍ ത്തന്നെ വായിച്ചിട്ടുണ്ട്. വീണ്ടും ഇന്ത്യന്‍ റെയിന്‍ബോയില്‍ വായിച്ചപ്പോള്‍ അദ്ദേഹം രാജ്യത്തിനു വേണ്ടി ജീവന്‍ കൊടുത്ത് ഒറ്റയ്ക്ക് പൊരുതിമരിച്ചതും രാജ്യത്തിനു വേണ്ടി ജീവന്‍ കൊടുത്ത ജവാന്മാരെ വര്‍ഷങ്ങളെത്ര കഴിഞ്ഞിട്ടും രാജ്യവും പട്ടാളക്കാരും ജനങ്ങളും മറക്കുന്നേയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ നമ്മുടെ രാജ്യത്തെ ഓര്‍ത്ത് അഭിമാനം തോന്നുന്നു.  

പുതുയാത്രികരോട്  മറ്റേതു രാജ്യത്തിനെക്കാള്‍ നിങ്ങള്‍ ഇന്ത്യയിലേക്ക് യാത്ര പോകൂ, ഇന്ത്യ മുഴുവന്‍ കാണൂ എന്ന് ഓരോ യാത്രികനും പറയുന്നതെന്തു കൊണ്ടാണെന്ന് ഈ വായന നമ്മെ കാണിച്ചുതരും. എത്ര പ്രാവശ്യം കണ്ടാലാണ് വൈവിദ്ധ്യമാര്‍ന്ന ഈ ഭൂപ്രകൃതിയെ, വൈവിദ്ധ്യമാര്‍ന്ന ഇതിന്റെ സംസ്‌കാരത്തിനെ ചെറുതായെങ്കിലും ഒന്നറിയാനാവുക! ഈ രാജ്യത്തിനു വേണ്ടി മരിക്കാന്‍ തയ്യാറായ വിവിധ സംസ്ഥാനങ്ങളിലെ അനേകമനേകം പട്ടാളക്കാരുടെ ജീവിതങ്ങളെ ചെറുതായെങ്കിലും ഒന്ന് മനസ്സിലാക്കാനാവുക !

മദ്രാസ് സാപ്പേഴ്‌സ് എന്ന പട്ടാളക്കാരെ 'സ്‌നേഹം കൊണ്ടും സമര്‍പ്പണം കൊണ്ടും ഇവര്‍ നിങ്ങളെ അതിശയിപ്പിക്കും' എന്ന് പറയുന്നുണ്ടിതില്‍. ഇതെഴുതിക്കഴിഞ്ഞ് കുറേ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ നമ്മളെ ശരിക്കും അതിശയിപ്പിച്ചുകളഞ്ഞു; മുണ്ടക്കയ്യിലും ചൂരല്‍മലയിലും ഉരുളെടുത്ത ജീവിതങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ ഒറ്റ രാത്രി കൊണ്ടൊരു ഇരുമ്പു പാലവുമായി തളര്‍ന്നു പോയവരെ തോളിലേറ്റി ജീവിതത്തിന്റെ മറുകര എത്തിക്കുന്നതിലൂടെ. ഇതില്‍പ്പരം എന്തുറപ്പാണ് ഒരു രാജ്യം അവിടുത്തെ ജനതയ്ക്ക് കൊടുക്കാനുള്ളത്. ആത്മാര്‍ത്ഥതയുള്ള ഒരു പട്ടാളത്തിന്റെ കാവലിലാണ് നമ്മുടെ ഉറക്കം എന്നത്  ഏറ്റവും വലിയ ബലം തന്നെയല്ലെ.

ഏഴല്ല എഴുന്നൂറല്ല ഏഴായിരവുമല്ല പറഞ്ഞാലും കണ്ടാലും എഴുതിയാലും വായിച്ചാലും അനുഭവിച്ചാലും തീരാത്തത്രയും വര്‍ണ്ണങ്ങളുള്ള ഒരു മനോഹരമഴവില്ലു തന്നെയാണ് നമ്മുടെ ഇന്ത്യയെന്ന് ഇന്ത്യന്‍ റെയിന്‍ബോ പറയാതെ പറഞ്ഞുവെക്കുന്നു. എഴുത്തുകാരി നാവിലിട്ടു തന്ന ജീവിതത്തിലൊരിക്കലും രുചിക്കാന്‍ പറ്റില്ല എന്നറിവുള്ള ചെടിയുടെ കായ പൊട്ടിച്ച് രുചി നുണഞ്ഞപ്പോള്‍ ഇത്രയും വൈവിദ്ധ്യങ്ങളുള്ള രാജ്യത്തിന് എല്ലാ രുചി വൈവിദ്ധ്യങ്ങളും ഒന്നായ ഒരൊറ്റ കായ രുചിയില്ലാതെ എങ്ങനെ എന്ന് ചിന്തിച്ചു പോവും, സ്‌നേഹം സോണിയാ ഇതുപോലൊരെഴുത്തിന്, ഇതുപോലെ നമ്മുടെ രാജ്യത്തെ സ്‌നേഹിച്ചതിന്, മനസ്സുകളേയും മരങ്ങളേയും മലകളേയും ഒരുപോലെ വിരല്‍ തൊട്ട് നുണഞ്ഞു രുചിയറിഞ്ഞതിനും അറിയിച്ചതിനും.