''വഴിയില്‍ വെച്ച് നീ ബുദ്ധനെ കണ്ടുമുട്ടിയാല്‍, അയാളെ കൊന്നു കളഞ്ഞേക്കുക'' എന്നൊരു ഉദ്ബോധനം ഒരു ചൈനീസ് സെന്‍ ഗുരുവിന്റെതായി വായിച്ചിട്ടുണ്ട്. കണ്ടെത്തലല്ല, അന്വേഷണമാണ് ബുദ്ധതത്വം എന്നാവാം ഗുരു പറഞ്ഞുവെച്ചത്. അഥവാ, രൂഢബോധ്യങ്ങളിലല്ല, എല്ലാ ബോധ്യങ്ങള്‍ക്കുമപ്പുറത്തെ നിരാസക്ത യാനത്തിലാണ് അതന്വേഷിക്കപ്പെടെണ്ടത് എന്നുമാവാം. എന്നിട്ടോ? ആരെങ്കിലും കണ്ടെത്താറുണ്ടോ? പക്ഷെ അതും പ്രസക്തമല്ല എന്നു കൂടിയാകാം ഗുരു സൂചിപ്പിച്ചതും. ഗുരു തന്നെയും, 'ഇദം പാരമിതം' കണ്ടെടുക്കുന്ന പോലെ, 'മറ്റുള്ളവര്‍ക്കു മാതൃകയാകേണ്ട ഒരു സാമൂഹിക പ്രവര്‍ത്തകനല്ല' എന്ന നിസ്വതയും അതിലുണ്ടാവാം. സോര്‍ബയോടുള്ള ആരാധന ഏറ്റുപറയുന്ന ഒരെഴുത്തുകാരന്, കവി, തന്റെ ആത്മ ഇരട്ടയെ സൃഷ്ടിച്ചുവെക്കുമ്പോള് അയാള്‍ക്ക് ഉന്മാദത്തിനും ദൈവനിരപേക്ഷമായ ആത്മീയതക്കും ഇടയില്‍ അന്വേഷണത്തിന്റെ അനന്തപഥങ്ങളല്ലാതെ മറ്റെന്താണ് ഒസ്യത്തു നല്കപ്പെടുക!
''കുഞ്ഞിനെ കൈയിലെടുത്ത് നെഞ്ചോടു ചേര്‍ത്തു. അമ്മയ്ക്ക് തിരിച്ചേല്‍പ്പിച്ചു. മഴയുടെ ഇരുട്ടിലേക്ക് ഇറങ്ങി നടന്നു. പുറത്ത് കാറ്റ് ശമിച്ചിട്ടുണ്ടായിരുന്നില്ല. പൊഴിഞ്ഞ ഇലകള്‍ അവനില്‍ മറ്റൊരു വര്‍ഷമായി, മഴത്തുള്ളികളോടൊപ്പം.''
സമാനമായ ഒരിറങ്ങി നടത്തം, സമാനമായ ഒരു സാഹചര്യത്തില്‍, ലെവിന്റെ പഴയൊരു കൂടെപ്പിറപ്പ്, മറ്റൊരു ഭൂമികയില്‍, മറ്റൊരു കാലത്ത് നടത്തിയതോര്‍ക്കുന്നു: ''പക്ഷെ ഞാനവരെ പുറത്താക്കുകയും വാതിലടക്കുകയും ലൈറ്റ് അണക്കുകയും ചെയ്തു കഴിഞ്ഞപ്പോള്‍, അതെല്ലാം നിരര്‍ത്ഥകമായിരുന്നു. അത് ഒരു പ്രതിമയോട് വിടപറയും പോലെയായിരുന്നു. കുറച്ചു കഴിഞ്ഞ്, ഞാന്‍ പുറത്തുകടന്നു, ആശുപത്രി വിട്ട് ഹോട്ടലിലേക്ക് തിരികെ നടന്നു, മഴയില്‍.''
അത് ഫ്രെഡ്രിക് ഹെന്റി. ഹെമിങ് വേയുടെ നായകന്. പിറകില്‍ സമരിയയുടെ മുന്‍കാല കൂടെപ്പിറപ്പ്. കതെറിന്‍. അവള്‍ക്കും അതേകാരണം കൊണ്ടുണ്ടായ മൃതിയുടെ മരവിപ്പ്. (A Farewell to Arms).
എങ്കിലും ഹെന്റിയുടെ കഥയുടെ നിഹിലിസ്റ്റ് പാഠത്തില്‍ അനിവാര്യമല്ലാത്ത പരിണതി ലെവിന്‍ ആവശ്യമാണ്. കാരണം ലെവിന്‍ ശിവോഹം എന്ന ആമന്ത്രണമുള്ള നാട്ടുകാരനാണ്. ഗംഗയുടെ ഓളങ്ങളിലേക്ക് പ്രിയപ്പെട്ടവളുടെ ചാരം നിമജ്ജനം ചെയ്യേണ്ടതുണ്ട് അയാള്‍ക്ക്. കതെറിന്‍ ഒരു ചാപ്പിള്ളയെയാണ് വിട്ടുവെക്കുന്നതെങ്കില്‍, സമരിയ ഒരു പുതുജന്മത്തിലൂടെ ജീവന്റെ തുടര്‍ച്ച ഉറപ്പുവരുത്തിയാണ് വിട്ടുപോകുന്നത്. എന്നാല്‍, അതേസമയം, ലെവിന്‍ ഒരു തുറസ്സിലാണ്: മുപ്പത്തിമൂന്ന് എന്ന പ്രായം ഒരു വല്ലാത്ത മുനമ്പാണ്. ക്രിസ്തുവിന്റെ പ്രായം. ലെവിനില്‍ പൂര്‍ത്തിയായിട്ടില്ലാത്ത ക്രിസ്തുവിനെ കണ്ടത് ഒരാളല്ല; പലരാണ്. ഗുരു നിത്യയടക്കം ഗുരുക്കന്മാര്, കാമിനിമാര്‍, സമരിയ. കുരിശുമരണത്തിനു പാകമായ ആ പ്രായത്തെയാണ് അരുന്ധതി റോയ് 'a viable die-able age' എന്ന് വിളിച്ചത്. പലരുമങ്ങനെ ക്രിസ്തു സമാനത വിളിച്ചോതുന്നതു ഒരാള്‍ക്ക് അതൊരു മുക്തിയുടെ തുറസ്സും കൂടിയാണ്. പക്ഷെ നോവലിസ്റ്റ് വളരെ പിശുക്കനാണ്: സൂചനകളില്‍ പോലും. അതുകൊണ്ട് 'കല്ലിനോടൊപ്പം നദികളുടെ ആഴത്തിലെത്തി' എന്താവും അയാള്‍ അന്വേഷിക്കുക എന്ന് ഒരു വായനക്കാരന് എന്ന നിലയില്‍ എനിക്കും തീര്‍ച്ചയില്ല. അത് വിര്‍ജീനിയ വുള്‍ഫ് തെംസ് നദിയുടെ ആഴങ്ങളില്‍ കണ്ടെത്തിയ അതേ ഔഷധിയാണോ? പിടിതരാത്ത ഉന്മാദങ്ങളുടെ മറുവിളി?
പക്ഷെ അതും പ്രസക്തമല്ല എന്നുവരാം. ഒന്നേയുള്ളൂ പ്രസക്തമായി. അത് അയാള്‍ പിന്നിടുന്ന പാതയാണ്. വഴിവിളക്കുകളായി ഗുരു പ്രസാദങ്ങളും സ്നേഹസ്പര്‍ശങ്ങളായി മാതൃസാന്നിധ്യങ്ങളും പ്രണയ സാന്ത്വനങ്ങളായി ഉടലും ഹൃദയവും പകുത്തു നല്കിയ ഒട്ടേറെ പെണ്‍സുഹൃത്തുക്കളും ബോധനിലാവുകളായി പുസ്തകങ്ങളും തീര്‍ത്ഥഘട്ടങ്ങളും പ്രപഞ്ചമെന്ന അനാദിയായ, വായിച്ചു തീരാത്ത ഇതിഹാസവും. ഹൃദയ / ആത്മ ഭൂമികകളുടെ ഇതേ വൈപുല്യം ഭൗമഭൂമികയിലും അയാള്‍ കടന്നുപോകുന്നുണ്ട്: ഒരു വിദേശി സന്ദര്‍ശകന്റെ കൗതുകത്തെരഞ്ഞെടുപ്പുകളിലല്ല, തീര്‍ത്ഥഘട്ട പ്രകൃതമുള്ള ഗുരുസാന്നിധ്യങ്ങളുടെ സാമീപ്യത്തിലേക്കാണ് അയാള്‍ എപ്പോഴും എത്തിപ്പെടുന്നതും. ഒരിടത്തും അയാള്‍ നിരാശനാകുന്നില്ല. എന്നാലോ, വിഷാദത്തിന്റെ വിട്ടുപോകാത്ത കലവറ അയാള്‍ക്ക് സ്വന്തമായുണ്ട്. പക്ഷെ അത് അയാള്‍ക്ക് മാത്രവുമല്ല. ഉടല് മുറിവുകളും ട്രോമകളും ആഴത്തില്‍ ആത്മാവില്‍ പേറുന്നവര്‍ വേറെയുമുണ്ട്. പത്താം ക്ലാസ് പരീക്ഷയുടെ റിസള്‍ട്ട് കാത്തിരിക്കുന്ന ഒരു ദിനം 'മരിച്ചുപോയ' സമരിയയെ പോലെ. രക്താര്‍ബുദത്തിന്റെ മൃതിജലം കുടിച്ചു വറ്റിച്ച ഹെഡയെപ്പോലെ. വിഷാദം ഒരലൗകിക ഭാവം തന്നെയായി നോവലില്‍ ഇടംപിടിക്കുന്നുണ്ട്.
'ശവക്കൂനകളിലാണ് കഥകള്‍ ജീവിക്കുന്നത്. എല്ലാ കഥകളും കൊലപാതകകഥകളാകുന്നത് എന്തുകൊണ്ടാകാം?' എന്ന ചോദ്യം ചെറുപ്പത്തിലേ ഹൃദയത്തില്‍ കേറിപ്പറ്റിയ ഒരാള്‍ക്കു മുന്നില്‍ ഒരുവളേ മറ്റൊരുതരം അന്വേഷണോന്മുഖത സ്വാഭാവികമാകുമായിരുന്നു: സാമൂഹിക മുഖമുള്ള ഒന്ന്. നോവലില്‍ ഒരിടത്ത് പറയുന്നതുപോലെ മോശ മുതല്‍ മുഹമ്മദ് നബി മുതല്‍ അയാളുടെ കുലം അത്തരം ദൗത്യത്തിന് മുന്നിട്ടു നിന്നിട്ടുമുണ്ട്: 'തന്തയില്ലാ കുഞ്ഞാണ് ലോകത്തെ മാറ്റിമറിക്കുന്നത്.' പക്ഷെ അയാളുടെ സവേദനത്വത്തിന്റെ എണ്ണമറ്റ ജനിതക ആന്റിനകള്‍ പുറത്തേക്കല്ല, ഉള്ളിലേക്കു തന്നെയാണ് തിരിഞ്ഞിരുന്നത്. 'അമ്മയുടെ ഗര്‍ഭപാത്രം മുതല്‍ തന്നെ അവനിങ്ങനെയാണ്. തീവ്രവിഷാദി' എന്ന് അമ്മതന്നെ സാക്ഷ്യപ്പെടുത്തുന്നു. വിഷാദവും കവിതയും ഭ്രാന്തുമാണ് അവന്റെ ഉണ്മയെന്നു അവരും തിരിച്ചറിയുന്നു. 'എനിക്ക് നിന്റെ ഈ രൂപംതന്നെയാണിഷ്ടം. സന്തോഷത്തേക്കാള്‍ കുലീനം വിഷാദംതന്നെ.'
'എന്തെന്നാല്‍ ഇവിടെ നമുക്കൊരു നിതാന്ത നഗരമില്ല, എന്നാല്‍ നാം വരാനിരിക്കുന്ന നഗരം നോക്കിയിരിപ്പാണ്'എന്ന ബിബ്ലിക്കല്‍ പ്രതീക്ഷയും (Hebrews 13:14) 'നീയീ പ്രപഞ്ചത്തില്‍ ഒരു നിസ്വനെപ്പോലെയകുക, അഥവാ വഴിപോക്കനെ പോലെ' എന്ന പ്രവചകവാക്യവും സമാനമായ വേറെയും വേറെയും ഗുരുവാക്യങ്ങളും വഴിനടത്തിയവനാണ് ലെവിന്‍. 'പിള്ളക്കച്ചകളാല്‍ പൊതിയപ്പെട്ട ദൈവ'മായി (വചനം ദൈവമാകുന്ന 'swaddled in baby clothes' എന്ന എലിയറ്റിന്റെ രൂപകം ഓര്‍ക്കുക- 'Gerontion') മനുഷ്യനെ തന്നെ തിരിച്ചറിയുന്ന അയാള്‍ക്ക് വിത്തുകളുടെ പുറന്തോടു പൊട്ടിച്ചാല്‍ പ്രത്യക്ഷപ്പെടുത്താവുന്ന ദൈവത്തിനപ്പുറം മറ്റൊരു ദൈവത്തെ ആവശ്യവുമല്ല. അതൊക്കെക്കൊണ്ടാകണം, 'ആത്മീയാന്വേഷണം' എന്ന പതിവ് പ്രയോഗത്തിലേറെ ഒരു 'മെറ്റഫിസിക്കല്‍' ആത്മയാനം (metaphysical odyssey) എന്ന് വിവരിക്കാം ലെവിന്റെ യാത്രയെ എന്നുതോന്നി. അത്യപൂര്‍വ്വമായേ, 'ഉരുണ്ടുകളിക്കുന്ന ആള്‍ദൈവ'മെന്നു ദലൈ ലാമയുടെ നിലപാടുകളോടുള്ള ഒളിപ്പോരാളികളുടെ തുറന്നെതിര്പ്പുപോലെ, വ്യാവഹാരിക ലോകം നോവലില്‍ വിഷയമാകുന്നുള്ളൂ. അത് ആവിഷ്കരിക്കപ്പെടെണ്ടതല്ല എന്ന പുറംതിരിയലല്ല, അതല്ല നോവലിന്റെ പ്രമേയം എന്നതാണ് പ്രസക്തം.
നിര്‍വ്വചിക്കപ്പെട്ട ലക്ഷ്യങ്ങളോ പദ്ധതികളോ പിന്തുടരുന്നതിലല്ല, ആത്മയാനത്തിന്റെ അപാരമായ തടാകത്തിലേക്ക് ജീവിത സാരസ്വമായി സ്വരുക്കൂട്ടിയ മനന വിത്തുകള്‍, തന്റെതന്നെ ആത്മാവിന്റെ തുണ്ടുകള്‍, കൈക്കുടന്നയില്‍ നിന്ന് ഏറ്റിത്തെറിപ്പിക്കുന്ന ചെറുകല്ലുകള്‍ പോലെ വിതറുകയാണ് ലെവിന്‍. അത് ഒട്ടേറെ വലയങ്ങള്‍ തീര്‍ക്കുന്നു, വേറിട്ടും പരസ്പരം ലയിച്ചും തടാകത്തിന്റെ ഉപരിതലത്തില്‍ ഒരേസമയം ആ വലയങ്ങള്‍ വികസിക്കുന്നു. ഒന്നും എങ്ങും പോകുന്നില്ല, എവിടെയും എത്തുന്നുമില്ല. ഇതിവൃത്ത പ്രധാനമായ ഒരാഖ്യാനമായിരുന്നെങ്കില്‍ 'പികാറെസ്ക്' (picaresque/ road novel) എന്നുപോലും വിളിക്കാമായിരുന്നത്രയും യാത്രകള്‍, കഥാപാത്രങ്ങള്‍, പാത്രവിശേഷങ്ങള്‍ എല്ലാമുണ്ടായിട്ടും അത്തരം 'സംഭവവികാസങ്ങ'ളിലൊന്നും ഒരിക്കലും ഊന്നുന്നില്ലാത്ത ഒരു കൃതിയാണ് 'പാരമിതോന്മുഖ'മായ പ്രജ്ഞയില്‍ ഖനനം ചെയ്യുന്ന നോവല്‍.
നോവലില്‍ പൂജയുടെ സ്പാനിഷ് കൂട്ടുകാരി അന്ന പ്രസിദ്ധീകരിച്ച ഡാര്‍ക്ക് ടൂറിസം ലേഖനങ്ങളിലേതു പോലെ, മനുഷ്യസൃഷ്ടമായ മഹാദുരന്തങ്ങളുടെ ചരിത്രാഖ്യാനങ്ങളിലേക്ക് ആത്മപീഡനത്വരയോടെ വീണ്ടുംവീണ്ടും എത്തിപ്പെടുന്ന ഒരു വായനക്കാരന് എങ്ങനെയാണ് 'ഇദം പാരമിത'ത്തെ സമീപിക്കേണ്ടത് എന്നത് ഇത്തിരി അങ്കലാപ്പുണ്ടാക്കാതെ വയ്യ. 'ആദ്യമായി എഴുതുന്ന നോവല്‍. ദീര്‍ഘകാലത്തെ തപസ്സ്. സ്നേഹം മാത്രം. അല്ലാതെന്ത്?' എന്ന നോവലിസ്റ്റിന്റെ സ്വകാര്യ സന്ദേശം കണ്ടപ്പോള്‍ പൊടുന്നനെ കണ്ടെത്താനായി - അതുതന്നെയാണല്ലോ ലെവിനും സമരിയയും അവരുടെ യാത്രകളില്‍ ഒപ്പമുള്ളവരും ചോദിക്കുന്നതും: 'അന്വേഷണംതന്നെ ഒരു ബുദ്ധിഭ്രമമായിരിക്കെ', സന്യാസി 'മുക്തനാകുന്നത് നിര്‍വ്വചനങ്ങളില്‍ നിന്നുമാണ്' എന്നിരിക്കെ, 'സ്നേഹം മാത്രം. അല്ലാതെന്ത്!'
Content Highlights: fasal rahman reviews vg thampy novel idam paramitham
Published: 27 Sept 2024, 05:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented