മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച വിജി തമ്പിയുടെ നോവല്‍ ഇദം പാരമിതം വൈശാഖ് ജോജന്റെ വായനയില്‍
ലെവിന്‍ സമരിയയോട് പറയുന്നു: 'ലോകത്തെവിടെയും ഏതെങ്കിലും ഒരാള്‍ സത്യസന്ധമായ ഏതെങ്കിലും ദിശയിലേക്ക് അന്വേഷണത്തിന് മുതിരുന്നുണ്ടെങ്കില്‍ അയാള്‍ ഇന്ത്യയിലേക്ക് തിരിക്കുന്നു'. വിജി തമ്പിയുടെ ഇദം പാരമിതം ഒരു ഇന്ത്യന്‍ തീര്‍ത്ഥാടനമാണ്. ഹൈപ്പേഷ്യയുടെ
അലക്‌സാന്‍ഡ്രിയ മുതല്‍ ഹിമാലയത്തിലെ സതോപന്ദ് തടാകം വരെ വിസ്തൃതമായ ഒരു തീര്‍ത്ഥാടനയാത്ര. ബുദ്ധന്‍,യേശു, റൂമി, അക്ക മഹാദേവി, മുല്ല നസറുദ്ദീന്‍, രമണ മഹര്‍ഷി, കൃഷ്ണമൂര്‍ത്തി, ഓഷോ, അഘോരികള്‍, സൂഫികള്‍, ഗുരുനിത്യ, ദലൈലാമ തുടങ്ങി പ്രാചീനരും ആധുനികരുമായ നിരവധി ആത്മീയ പുരുഷന്മാരിലൂടെയുള്ള തീര്‍ത്ഥാടനം. ഈജിപ്തിലെ പിരമിഡുകളും അരുണാചലവും ബോധ്ഗയയും മണികര്‍ണികയും തിരുനെല്ലിയിലെ പക്ഷിപാതാളവും ഈ തീര്‍ത്ഥാടനയാത്രയിലെ ധ്യാനകേന്ദ്രങ്ങളാണ്. ആത്മാന്വേഷണത്തിന്റെ അപാരതയിലേക്കുള്ള ഒരു കെട്ടുപിണഞ്ഞ യാത്ര എന്ന് ഈ നോവലിനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. എത്ര സ്വതന്ത്രരാണ് ഈ നോവലിലെ മനുഷ്യര്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പോലും ഉടലെടുക്കാത്ത ആധുനികതയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന എത്രയെത്ര കഥാപാത്രങ്ങള്‍. പ്രണയത്തിലും സൗഹൃദത്തിലും ലൈംഗികതയിലും അവര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്നെ അസൂയപ്പെടുത്തുന്നു. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ജെ.എന്‍.യു ക്യാമ്പസില്‍ ഓസ്ട്രിയന്‍ ഫിലോസഫറായ ലുഡ്വിഗ് വിറ്റ്ജന്‍സ്‌റ്റൈന്റെ ഭാഷാശാസ്ത്രദര്‍ശനങ്ങളെ അടിസ്ഥാനമാക്കി ഒരു ഹ്രസ്വകാല ഗവേഷണം നടത്തുകയാണ് ലെവിന്‍. വാടകവീട്ടില്‍ ലെവിനൊപ്പം കരിയുറുമ്പുകളും എട്ടുകാലികളും ചിതല്‍ പുറ്റുകളും ഉണ്ട്. വാടകവീടിന്റെ ഉടമസ്ഥന്‍ ലെവിനോട് പറയുന്നു; 'നിങ്ങളെ താമസിപ്പിച്ചിട്ട് കാര്യം എന്തുണ്ട്? കൂടുതല്‍ ചിതല്‍ വന്നു എന്നുള്ളതല്ലാതെ'. ഒന്നിനെയും തന്റെ ജീവിതത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ ലെവിന് കഴിയുന്നില്ല. അയാളുടെ ജീവിതത്തിലേക്ക് വന്നുകയറാനും ഇറങ്ങിപ്പോവാനും സമരിയ, പൂജ, ഫാത്തിമ റോസറ്റ സ്റ്റീവ്‌സണ്‍ തുടങ്ങിയ സ്ത്രീകള്‍ക്ക് വാതിലുകള്‍ ഉണ്ടായിരുന്നില്ല. ചുവരുകളും വാതിലുകളും ഇല്ലാതെ ജീവിതം തുറന്നിട്ട ഒരു ഉന്മാദിയാണ് ലെവിന്‍. ഈ നോവലിലുടനീളം യാത്ര നടത്താനുള്ള ലെവിന്റെ സാമ്പത്തിക സ്രോതസ്സ് എന്തായിരുന്നു? ലെവിന്‍ ഒരു സാധാരണ മനുഷ്യനല്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് അതിനുള്ള ഉത്തരം തെളിഞ്ഞുവന്നത്. ആനന്ദിന്റെ ഗോവര്‍ദ്ധനന്റെ യാത്രകളെ ഓര്‍മ്മപ്പെടുത്തുംവിധം കാലത്തിന്റെയും ദേശത്തിന്റെയും അതിര്‍വരമ്പുകളെ അതിലംഘിക്കുന്ന ഒരു അസാധാരണ സഞ്ചാരിയാണ് ലെവിന്‍. സൂഫിയാവാനും ഫക്കീര്‍ ആവാനും നര്‍ത്തകനാവാനും മകനാവാനും സഹോദരനാവാനും കാമുകനാവാനും കഴിയുന്ന ഒരാള്‍. ഒരേസമയം ബുദ്ധന്റെ ലാളിത്യവും റൂമിയുടെ പ്രണയവും ക്രിസ്തുവിന്റെ സഹനവും ലെവിനിലുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുമ്പോഴും ലെവിന്‍ ഒറ്റപ്പെട്ടവനാണ്. യാത്രയിലുടനീളം വിശപ്പ് അയാളെ പിന്തുടരുന്നുണ്ട്. അത് ആമാശയത്തിന്റെ വിശപ്പല്ല, മറിച്ച് സ്മൃതികളുടേതാണ്. റോസറ്റയുമായി രതിയിലേര്‍പ്പെടുമ്പോഴും സ്മൃതികളുടെ വിശപ്പ് ലെവിനെ വേട്ടയാടുന്നു.
ലെവിന്റെ സഞ്ചാരഭൂപടങ്ങളെ നോവലിസ്റ്റ് എങ്ങനെ തുന്നി ചേര്‍ത്തിരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നു. വിവിധ ഭാഷകള്‍, മനുഷ്യര്‍, സംസ്‌കാരങ്ങള്‍, വിശ്വാസങ്ങള്‍, വിചാരങ്ങള്‍...എല്ലാം ഒരു തൂവാലയില്‍ തുന്നിയെടുത്ത പൂക്കള്‍ പോലെ ഒരു സ്‌നേഹഭൂപടത്തെ ഒരുക്കുന്നു. ആ ഭൂപടങ്ങളിലൂടെ ബുദ്ധന്റെ വെളിച്ചത്തില്‍ പ്രവാചകനെ പോലെ ലെവിന്‍ സഞ്ചരിക്കുകയാണ്. ഇലക്ട്രോണിക് ആശയവിനിമയോപാധികള്‍ ഈ കഥായൂഥത്തെ മലിനപ്പെടുത്തുന്നില്ല. കത്തുകളും മൗനങ്ങളുമാണ് ഈ ഭൂപടത്തിലെ സന്ദേശവിനിമയവാഹികള്‍. ഓരോ കത്തുകള്‍ പൊട്ടിക്കുമ്പോഴും ഒരു ജീവിതം കഥ പറഞ്ഞു തുടങ്ങുന്നു. എഴുതി തീര്‍ന്നിട്ടും അയക്കപ്പെടാതെ ബാഗുകളില്‍ ഉറങ്ങുന്ന കത്തുകള്‍, യാത്രകളില്‍ ആവര്‍ത്തിച്ചു വായിക്കപ്പെടുന്ന കത്തുകള്‍, ആ കത്തുകളില്‍ മയങ്ങുന്ന പരിഭവങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ മണ്ണില്‍ പൂഴ്ത്തിവെച്ച വൈനിനേക്കാള്‍ വീര്യമുണ്ട്. അമ്മ എന്ന അനുഭവത്തെ നോവലിസ്റ്റ് കൃത്യമായി നിര്‍വചിക്കുന്നു. താഴ്വരയുടെ ഗന്ധങ്ങള്‍ എന്ന അധ്യായത്തില്‍ അവസാന വരി ഇങ്ങനെയാണ്; 'ഒരു കുഞ്ഞ് പിറവിയെടുക്കുന്ന നിമിഷം ഒരു അമ്മയും പിറവിയെടുക്കുന്നു, സ്ത്രീ ആദ്യമേ ഉണ്ടായിരുന്നെങ്കിലും അമ്മ ജനിക്കുന്നത് ആദ്യമായാണ്. അമ്മയെന്നത് തികച്ചും നവ്യമായ ഒന്നാണ്'. സമരിയ, ലെവിന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ അമ്മയെന്ന സത്യത്തില്‍ അലിഞ്ഞു ചേര്‍ന്നവരാണ്. നിന്റെ വേദനകളെ വെള്ളം പോലെ കുടിച്ചു തീര്‍ക്കാനാണ് ഞാന്‍ വന്നതെന്ന് പറയുന്ന അമ്മ ലെവിന്റെ പലകാലങ്ങളിലെ മുറിവുകള്‍ക്കുള്ള മരുന്നാവുന്നു. സഹോദരന്‍ ഫിലിപ്പിന്റെ മുങ്ങിമരണത്തിന് ഉത്തരവാദി ലെവിനാണന്ന് അച്ഛന്‍ ആരോപിക്കുന്നു. അച്ഛന്റെ ശാപവാക്കുകളില്‍ നിന്ന് ലെവിനെ മോചിപ്പിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് അമ്മയാണ്. അമ്മ കല്ലറയ്ക്കുള്ളില്‍ ഉറങ്ങുന്നത് എങ്ങനെയായിരിക്കുമെന്നും അമ്മയിപ്പോള്‍ എന്താണ് മിണ്ടുന്നുണ്ടാവുക എന്നും ലെവിന്‍ ആലോചിക്കുമ്പോള്‍ ഹൃദയമുള്ളവര്‍ക്ക് അതൊരു നീറ്റലായി തോന്നും. ലെവിന്റെ അമ്മയുടെ നഷ്ടത്തില്‍ സമരിയയുടെ അമ്മ അവനില്‍ മറ്റൊരു അമ്മയുടെ സ്‌നേഹം കനിഞ്ഞുതുടങ്ങുന്നു.
പ്രണയത്തിന്റെ പുതിയമാനങ്ങള്‍ നോവലിനെ വ്യത്യസ്തമാക്കുന്നു. മൂന്ന് അധ്യായങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഗുരു നിത്യചൈതന്യ യതി ലോകസുന്ദരി പട്ടം നേടിയ ഹെഡവാക്കര്‍ എന്ന് നര്‍ത്തകിയുമായി ആഴത്തിലുള്ള അനുരാഗത്തിലാണ്. സന്യാസവും സൗന്ദര്യവും തമ്മിലുള്ള contradiction ഈ പ്രണയത്തില്‍ വിസ്മൃതമാവുകയാണ്. ലെവിന്റെയും ഹേമന്ദിന്റെയും പ്രണയത്തേക്കാള്‍ എത്ര മനോഹരമാണ് ആ സന്യാസിയുടെ പ്രണയം. പിന്നീട് പ്രണയം ആത്മീയതയ്ക്ക് വഴിമാറുമ്പോഴും ഏതെങ്കിലും മതങ്ങളെയോ പ്രത്യയശാസ്ത്രങ്ങളെയോ അടിച്ചേല്‍പ്പിക്കുവാനുള്ള ശ്രമങ്ങള്‍ ഇല്ല. മതത്തെ കേവലം സ്‌നേഹം മാത്രമായി വിഭാവനം ചെയ്യുന്നതിലാണ് നോവലിസ്റ്റിന്റെ ശ്രദ്ധ. അതുകൊണ്ട് ദൈവം എന്നതിന് മറ്റൊരു നിര്‍വചനം അന്വേഷിച്ച് പോവേണ്ടതില്ല.
വൈലോപ്പിള്ളി കവിതകളെ അനുസ്മരിപ്പിക്കും വിധമാണ് ഇദം പാരമിതത്തിലെ ഗന്ധബിംബങ്ങളുടെ പ്രയോഗം. പെണ്ണിന്റെയും മണ്ണിന്റെയും പല ഗന്ധങ്ങളെ വരികളില്‍ ജ്വലിപ്പിക്കുന്നു. ആരണ്യകങ്ങളുടെ കാട്ടുനിശയുടെ ഗന്ധമുള്ള റോസറ്റ, ചന്ദനഗന്ധമുള്ള കാമുകന്‍ ലെവിന്‍, വേരുകളുടെ ഗന്ധമുള്ള പെണ്ണ്, കാപ്പിപ്പൊടിയുടെ ഗന്ധം, മുലപ്പാലിന്റെ ഗന്ധം. എത്രയെത്ര ഗന്ധങ്ങള്‍. 'മഹുവാ പൂക്കളുടെ ഗന്ധം എന്നാണ് ആഷാമേനോന്‍ നോവലിന് എഴുതിയ അവതാരികയുടെ ശീര്‍ഷകം.
അസാധാരണമായ ഒരു ഭാവസൗന്ദര്യത്തോടെ ഒരു മലയാളനോവല്‍ ഖസാക്കിന്റെ ഇതിഹാസത്തിനുശേഷം കവിതയെന്ന പോലെ എഴുതപ്പെട്ടിരിക്കുന്നു. ഗദ്യഭാഷയെ ഇത്രയും കാവ്യാത്മകമായി വിന്യസിപ്പിച്ചിരിക്കുന്നതില്‍ ആണ് ഈ നോവലിന്റെ ആത്മാവ് കൂടി കൊള്ളുന്നത്. സിനിമയുടെ നിര്‍മ്മാണ കലയറിയുന്ന ഒരു വായനക്കാരന് ഇദംപാരമിതത്തിലെ സിനിമാറ്റിക് അനുഭവത്തെ എളുപ്പം തിരിച്ചറിയാനാവും. സിനിമാറ്റിക് എന്ന പ്രയോഗത്തോട് നീതിപുലര്‍ത്തുന്ന ഒരു ക്ലാസിക് എന്ന് ഈ നോവലിനെ വിശേഷിപ്പിക്കാം. ബാല്യവും കൗമാരവും കലാലയജീവിതവും ഇവിടെയുണ്ട്. മാറിമാറിവരുന്ന ദേശങ്ങളിലൂടെയുള്ള ലെവിന്റെ പലായനങ്ങളിലൂടെ (പലായനങ്ങള്‍ എന്ന് വിളിക്കാമോ എന്നറിയില്ല), സഞ്ചാരങ്ങളിലൂടെ കൈവിടാതെ സഹൃദയനെ കൊണ്ടുപോകാന്‍ ഈ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. ഭാഷയെ മലിനപ്പെടുത്താതെ ഇംഗ്ലീഷിനെ ചേര്‍ത്തുവച്ച എഴുത്തുകാരന്റെ രചനാതന്ത്രവും പ്രശംസിക്കേണ്ടിയിരിക്കുന്നു. നോവലില്‍ ഇംഗ്ലീഷ് കലരുമ്പോള്‍ ഭാഷ കൂടുതല്‍ മനോഹരമാകുന്നതേയുള്ളൂ. കവിതകളില്ലാതെ ഒരു അധ്യായവും പൂര്‍ണ്ണമാകുന്നില്ല. എല്ലാ കഥാപാത്രങ്ങളിലും ഒരു കവി ഒളിഞ്ഞിരിക്കുന്നത് കൊണ്ടാവാം ഈ നോവല്‍ ഇത്രയേറെ കവിതകള്‍ കൊണ്ടു നിറഞ്ഞത്. ഭൗതികതയുടെ വരണ്ട ഭൂമിയില്‍ നിന്നും സാഹിത്യത്തെ കാല്പനികതയുടെ മഴത്തുള്ളികള്‍ ചൊരിഞ്ഞു കൊണ്ട് അനുഗ്രഹിക്കുന്നുണ്ട് ഇദംപാരമിതം. അനുരാഗത്തിന്റെ മറുകര, മൗനത്തിന്റെ താരാട്ട്, മായാപഥം, ഒഴിഞ്ഞ തോണി, യുദ്ധത്തില്‍ മരിച്ചു പോയവന്റെ മുഖം, അഘോരശിവം, നിഴല്‍നദി എന്നീ അധ്യായശീര്‍ഷകങ്ങള്‍ ഒരു കാവ്യസമാഹാരത്തെ ഓര്‍മ്മിപ്പിക്കുന്നു.
പ്രണയത്തിന്റെയും മരണത്തിന്റെയും കുടമാറ്റം ആരംഭിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആരംഭിക്കുന്ന ഈ നോവല്‍ ലെവിന്‍ തന്റെ കൈക്കുമ്പിളില്‍ ചേര്‍ത്തുവെക്കുന്ന ജലകണങ്ങളില്‍ നിന്നും ഉതിര്‍ന്ന് ഉയരുന്ന മന്ത്രധ്വനിയിലാണ് അവസാനിക്കുന്നത്.
അലി കടുകശ്ശേരി എന്ന കവി ഇദം പാരമിതത്തിന്റെ വായനാനുഭവത്തെ വര്‍ണ്ണിച്ച വാക്കുകളാണ് ഓര്‍മ്മ വരുന്നത്. മഴ തോര്‍ന്നാലും പെയ്തു തീരാത്ത മരം പോലെ, പുസ്തകം അടച്ചുവെച്ചാലും വാക്കിന്റെ തുള്ളികള്‍ പിന്നെയും ഹൃദയത്തിലേക്ക് ഇറ്റുവീണു കൊണ്ടിരിക്കുന്ന മാന്ത്രികത.
- വൈശാഖ് ജോജന്‍
അസിസ്റ്റന്റ് പ്രൊഫസര്‍
നാട്ടിക, ശ്രീ നാരായണ കോളേജ്
email - vaisagh036@gmail.com
Content Highlights: vysakh jojan novel review idamparamitham vg thampy
Published: 07 Jul 2025, 07:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented