വി.ജി തമ്പിയുടെ 'ഇദം പാരമിതം' എന്ന നോവലിലൂടെ കടന്നുപോകുമ്പോള്‍ മഹുവാവൃക്ഷത്തളിരുകളുടെ ഗന്ധമാണ് നമ്മെ തഴുകുന്നത് എന്നാണ് ആഷാ മേനോന്‍ അവതാരികയില്‍ പറയുന്നത്. അപ്പുറമെന്തെന്നു ആരായുന്ന, അപാരതയെ തേടുന്ന ഗ്രന്ഥം. ഇതിലെ ഇടങ്ങള്‍ അനന്യമാണ്. സൂക്ഷ്മവും സ്‌നിഗ്ധവുമായ ആവിഷ്‌കാരങ്ങള്‍. നോവല്‍ എന്ന വിസ്തൃത ഭൂമികയെ അലങ്കരിക്കുന്നതില്‍ പരിസരങ്ങള്‍ക്കും അന്തരീക്ഷങ്ങള്‍ക്കുമുള്ള പങ്കു ചെറുതല്ല. വിസ്മൃതിയുടെ ഒരു കടലില്‍ നിന്ന് അനവധി ദേശങ്ങളെ കടഞ്ഞെടുക്കുന്നു ഈ കൃതി എന്ന് ഫാദര്‍ ബോബി ജോസ് കട്ടിക്കാട്. ഭാഷകളെയും സംസ്‌കാരത്തെയും കടന്നു വിശ്വബോധത്തെ അടയാളപ്പെടുത്തുന്ന രചന എന്നാണ് സഹൃദയര്‍ രേഖപ്പെടുത്തിയത്. ആമുഖത്തില്‍ വി ജി തമ്പി ഇങ്ങനെ അടയാളപ്പെടുത്തുന്നു. ശ്രീബുദ്ധന്‍ ശിഷ്യനായ സാരീപുത്രന് ഉപദേശിച്ച പ്രജ്ഞാപാരമിതമെന്ന ഹൃദയസൂക്തമാണ് തന്റെ കൃതിയുടെ ശീര്‍ഷകത്തിനു പിന്നില്‍. പരിധികളെയും പരിമിതികളെയും മറികടന്നു പോകാനുള്ള സഹജപ്രേരണ ഏകാകിയായ ഓരോ സഞ്ചാരിയിലും ഉള്ളതാണ്. പ്രപഞ്ചവും ഊര്‍ജവും ദ്രവ്യ പരിണാമങ്ങളുമെല്ലാം അതിന്റെ പ്രതിഫലനങ്ങള്‍ മാത്രം. ഹിമാലയം മുതല്‍ പിരമിഡുകള്‍ വരെ ഓരോന്നും ദൃശ്യപ്രകൃതിയിലെ പാരമിത ചിഹ്നങ്ങളാണ്. ശരീരവും മനസ്സും ബോധവും കടന്നുപോകാനുള്ള അതിര്‍ത്തികള്‍. 'കടന്നുപോകുന്നവരാകുക' എന്ന സുവിശേഷവാക്യം പോലെ നിശബ്ദമായൊരു ഓര്‍മപ്പെടുത്തല്‍ അതാണ് ഇദം പാരമിതം. ഒരു നദി അതിന്റെ പാരമിതം പൂകുന്നത് സമുദ്രത്തിലെത്തുമ്പോഴാണ്. പുഴയുടെ സത്ത പൂര്‍ണമായ വിലയനം തേടുന്നത് കടലിലാണ്. ഇനിയും അപ്പുറങ്ങള്‍ ഉണ്ടെന്നു തിരിച്ചറിയുമ്പോഴും ധ്വനിമയമായ മാനസാകാശം നിലച്ചുപോകുന്നില്ല എന്നൊരു നിരീക്ഷണം ആഷാമേനോന്‍ നടത്തുന്നുണ്ട്.
കവിയും അധ്യാപകനുമായ വി ജി തമ്പി ആദ്യകാലത്തെഴുതിയ (1990) നഗ്‌നന്‍ എന്ന സ്വന്തം കവിതയില്‍ നിന്നാണ് പാരമിതത്തിലേക്കു ചിറകു നിര്‍ത്തിയത് എന്ന് ആമുഖമായി പറയുന്നുണ്ട്. ജീവിച്ച ജീവിതവും ജീവിക്കാമായിരുന്ന ജീവിതവും തമ്മിലുള്ള ദൂരവും ദിശയുമാണ് ആ കവിത. 'നീ പണി തീരാത്ത യേശുവാണ്' തുടങ്ങിയ വരികള്‍ വായനക്കാര്‍ ഇന്നും ഓര്‍ക്കുന്നുണ്ടാവും. മുപ്പത്തിമൂന്നാം വയസ്സില്‍ത്തന്നെ എല്ലാം പൂര്‍ത്തിയായി എന്ന അന്ത്യമൊഴിയോടെ ജീവിതത്തില്‍ നിന്ന് വിട വാങ്ങിയ സുഹൃത്തിനോടുള്ള കടം തീര്‍ക്കലാണ് തന്റെ കൃതിയുടെ പിറവിക്ക് നിമിത്തമായത്. കേന്ദ്ര കഥാപാത്രമായ ലെവിന്‍ പല അടരുകളുള്ള ഒരു സത്തയാണ്. ലെവിന്‍ എന്നാല്‍ സൗഹൃദം. എല്ലാ മുന്‍വിധികള്‍ക്കുമപ്പുറം അകവും പുറവും തിങ്ങി നില്‍ക്കുന്ന ബോധപ്രപഞ്ചത്തോടുള്ള ഉദാരമായ പ്രാര്‍ഥനയാണ് ലെവിന്‍. അതൊരു സഞ്ചാരഗതിയാണ്. അവന്‍ ജനിച്ചും മരിച്ചും പുനര്‍ജനിച്ചും എവിടെയും ഒടുങ്ങാതെ ഭൂമിയിലും അതീതത്തിലും അലകള്‍ തീര്‍ത്തുകൊണ്ടേ ഇരിക്കും. നോവല്‍ എഴുത്തിത്തീര്‍ന്നതിന്റെ പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ എഴുത്തുമുറിയില്‍ പ്രത്യക്ഷപ്പെട്ട പ്രായം ചെന്ന ഒരു നായയെപ്പറ്റി പറഞ്ഞുകൊണ്ടാണ് വി ജി തമ്പിയുടെ ആമുഖ വരികള്‍ അവസാനിക്കുന്നത്.
ഒരുപക്ഷെ മഹാഭാരതത്തില്‍ മഹാപ്രസ്ഥാനയാത്രയില്‍ സ്വര്‍ഗാരോഹിണി വരെ പാണ്ഡവര്‍ക്കൊപ്പം കൂട്ട് പോയ ആ സാരമേയമായിരിക്കാം പാരമിതത്തിന്റെ ചാരെ വന്നണഞ്ഞത്. ലെവിനൊപ്പം സഞ്ചരിക്കുന്ന അനേകം ചേതനകള്‍ ഈ യാത്രയില്‍ നമുക്കൊപ്പമുണ്ട്. അമ്മ അനിയത്തി ഇവര്‍ക്ക് പുറമെ ഹേമന്ത്, ലിയോ അച്ചന്‍,ബാബാജി, അയൂബ്, പപ്പാ, ഒമര്‍ ഫാറൂഖ്, ദലൈലാമ, ഗുരു നിത്യ...തീര്‍ന്നില്ല. ലെവിന്‍ എന്ന അസ്തിത്വത്തിന്റെ അംശം തന്നെയായ സ്ത്രീത്വങ്ങള്‍, സമരിയ, റൂത്ത്, റോസെറ്റ, മിത്ര, നക്ഷത്ര, അലീന ഫാത്തിമ, ജൂലിയ, ഹെഡാ വാക്കര്‍ തുടങ്ങി അഗാധമായ പാരസ്പര്യത്തിന്റെ ഗതിവേഗങ്ങള്‍. ഇദം പാരമിതത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായം ഏതെന്നു ചോദിച്ചാല്‍ അമ്മ കനിവോടെ പ്രത്യക്ഷപ്പെടുന്ന ഭാഗമാണ്. കവിതകളെ സ്‌നേഹിച്ച ഏകാന്തത്തില്‍ കവിതകള്‍ എഴുതിയ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും തിരുരൂപം. എല്ലാ ജോലികളും തീര്‍ത്ത് രാത്രി കുട്ടികള്‍ ഉറക്കമാകുമ്പോള്‍ മേശവിളക്കിനരികെ അമ്മയുടെ ടൈപ്പ് റൈറ്റര്‍ ചലിച്ചുകൊണ്ടേ ഇരിക്കും. പകല്‍ ഒഴിവുവേളകളില്‍ നീണ്ട വായനയില്‍ മുഴുകും. ലെവിന്റെ എല്ലാ ദൗര്‍ബല്യങ്ങളും വേദനയും തിരിച്ചറിയുന്ന ഒരാള്‍ അമ്മയാണ്. ലെവിന്‍ അമ്മയുടെ കുഴിമാടത്തിനരികെ ചിലവഴിച്ച പ്രാര്‍ഥനയുടെ പകല്‍ പ്രകാശം നിറഞ്ഞ അധ്യായമാണ്. പാരമിതത്തെ സത്യാന്വേഷണത്തിന്റെ മറുകരയിലേക്കു കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്ന അനേകം ഗുരുസ്പര്‍ശങ്ങളുണ്ട്. ആത്മാന്വേഷണത്തിന്റെ പാതയില്‍ ലെവിന്‍ നടന്നെത്തുന്ന ഗുരു നിത്യയുടെ ഫേണ്‍ഹില്‍ ഗുരുകുലമാണ് പാരമിതത്തിലെ പ്രകാശം പരത്തുന്ന മറ്റൊരു ഭാഗം. ഗുരുകാലം എന്ന് പേരിട്ട മൂന്നു നാലു ഖണ്ഡങ്ങള്‍ നിത്യചൈതന്യ യതിയുടെ മൗനവും മന്ദസ്മിതവുമാണ്. തേയിലത്തോട്ടങ്ങളുടെ മരതക സൗന്ദര്യവും പോക്കുവെയില്‍ പരന്ന സുവര്‍ണ താഴ്‌വരയും കണ്ണും പൂട്ടി ധ്യാനത്തിലമര്‍ന്ന അമ്മമരവും പ്രഭാതത്തിലെ അനക്ഷര സംഗീതവും നിത്യയുടെ ലളിതമായ ദിനചര്യയും പരസ്പരം പറയാതെ പകര്‍ന്ന മനുഷ്യത്വമുള്ള സൗഹൃദവും ലെവിനെ ആകര്‍ഷിച്ചു. അവിടെനിന്ന് ഒന്നും പഠിക്കുകയല്ല വിശ്രാന്തമായ നിമിഷങ്ങള്‍ ഒപ്പം താനറിയാതെ കൂടെ കൂടുകയാണ് ചെയ്യുന്നത്. നിത്യയുടെ ഗുരുകുലത്തില്‍ സന്ദര്‍ശകയായി എത്തിയ ഹെഡ്ഡ വാക്കര്‍ എന്ന കവയിത്രിയും ലെവിനെ സ്‌നേഹത്തിന്റെ അക്ഷരമാല പഠിപ്പിക്കുന്നുണ്ട്. ഗുരുവുമായുള്ള ഹെഡ്ഡയുടെ ആത്മബന്ധം സുഗന്ധിയായ ഭാഷയിലാണ് ലെവിന്‍ രേഖപ്പെടുത്തുന്നത്. ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നിന്ന് രമണ മഹര്‍ഷിയിലേക്കും ജിദ്ദു കൃഷ്ണമൂര്‍ത്തിയിലേക്കും ഓഷോയുടെ പ്രണയത്തിലേക്കും ലെവിന്‍ യാത്ര പോകുന്നുണ്ട്. അവിടെ നിന്ന് പിന്നെയും ബാബാജിയുടെ അതീതകാലത്തിലേക്കും. സത്യത്തില്‍ എവിടെ നിന്ന് എങ്ങോട്ടാണ് ലെവിന്‍ എന്ന മനുഷ്യന്റെ പ്രയാണം? ശരീരത്തിനും മനസ്സിനും ബോധതലത്തിനും അപ്പുറം? ഭാവത്തിന്റെ അഭാവത്തെയാണോ, അഭാവത്തിന്റെ ഭാവത്തെയാണോ അയാള്‍ തിരഞ്ഞു പോയത്. പ്രാഗഭാവം എന്ന് വേദാന്തികള്‍ പറയുന്ന അവസ്ഥയാണത്. സ്വന്തം ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണോ ലെവിനെ കാറ്റില്‍ പറക്കുന്ന കരിയില പോലെ കൊണ്ടുപോയത്. അയാളുടെ കൈത്തെറ്റുകളുടെ ഭൂതകാലമാണോ ഒളിഞ്ഞും തെളിഞ്ഞും അയാളില്‍ത്തന്നെ വന്നുപതിക്കുന്നത്. കഴിഞ്ഞ കാലത്തിന്റെ ഒരു തുടര്‍ച്ചയാണോ ലെവിന്‍? അയാള്‍ താനറിയാതെ സ്വയം ഉറയൂരി പരിണമിക്കുന്നുണ്ടോ? ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്. അഥവാ ലെവിന്‍ തന്നെയായിരുന്നു ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം. അയാള്‍ എത്തിനില്‍ക്കുന്ന മമതയില്ലാത്ത പാരവശ്യങ്ങള്‍ അമര്‍ന്ന ശമാവസ്ഥ. സന്ദേഹങ്ങള്‍ക്കും ആവേഗങ്ങള്‍ക്കും വിട നല്‍കിയ ലെവിന്‍ ആനന്ദത്തിന്റെയും നിരാനന്ദത്തിന്റെയും അപ്പുറത്തുള്ള ശമം എന്തെന്ന് തിരിച്ചറിഞ്ഞിരിക്കാം.
വി.ജി തമ്പിയുടെ നോവല്‍ ഗാത്രത്തിന്റെ ഘടനയെക്കുറിച്ചുപറയുമ്പോള്‍ ഭാഷയുടെ അനവദ്യ സൗന്ദര്യം തന്നെയാണ് ആദ്യമായും അവസാനമായും മനസ്സിലെത്തുന്നത്. മനുഷ്യന്‍ രാപാര്‍ക്കുന്ന ലോകത്തിന്റെ മഹിമ, തികഞ്ഞ ലാവണ്യത്തോടെയാണ് നോവലിസ്റ്റ് ആവിഷ്‌കരിക്കുന്നത്. ലോകകവിതകളും മഹാകാവ്യങ്ങളും പ്രപഞ്ചരഹസ്യം തേടിയ മഹാരഥന്മാരുടെ കൃതികളും സംഗീതവും ചലച്ചിത്രവും എന്നുവേണ്ട സഹൃദയനായ ഒരധ്യാപകന്റെ ആന്തരികതയെ നിറയ്ക്കുന്ന എല്ലാം തന്നെ തമ്പിയുടെ ഹൃദയാകാശത്തില്‍ ചേക്കേറുന്നുണ്ട്. യൗവനത്തില്‍ പ്രക്ഷോഭകാരിയുടെയും അവിശ്വാസിയുടെയും സന്ദേഹിയുടെയും കലാപം നിറഞ്ഞ ജീവിതമായിരുന്നു. ക്രമേണ വിശ്വാസത്തിന്റെ, ആത്മാന്വേഷണത്തിന്റെ സഞ്ചാരപഥത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നതായി മനസ്സിലാക്കാം. വിശ്വാസിയായി ജീവിക്കാനാണ് ഏറ്റവും പ്രയാസം എന്ന് ഒരഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ഹിമാലയ താഴ്‌വരകളിലൂടെ നടത്തിയ യാത്രയും ക്രിസ്തീയ വിശ്വാസങ്ങളുടെ പഠനവും യൂറോപ്പിലൂടെ നടത്തിയ യാത്രയുടെ ആത്മചിഹ്നങ്ങളും, വാസ്തുശില്പത്തികവുള്ള പള്ളിഗോപുരങ്ങളും അള്‍ത്താരകളും റോമാസാമ്രാജ്യത്തിന്റെ, ഗ്രീസിന്റെ, പിരമിഡുകളുടെ തുടങ്ങി ആദിമസംസ്‌കൃതിയുടെ നനഞ്ഞുകുതിര്‍ന്ന മണ്ണ്. യുദ്ധങ്ങളും കലാപങ്ങളും ഒഴിയാത്ത മരുഭൂമിസമാനമായ പ്രകൃതി. യാത്രകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അഭിന്നമായ അന്വേഷണത്വരയെ ജ്വലിപ്പിച്ചിരിക്കാം. ബൈബിള്‍ സാഹിത്യവും ബുദ്ധദര്‍ശനങ്ങളും മതേതരമായ ഒരു കാല്പനിക വിശ്വാസത്തിലൂടെ അദ്ദേഹത്തെ നയിച്ചിരിക്കാം. മനുഷ്യനന്മയിലേക്കുള്ള ആ യാത്ര ആവിഷ്‌കരിക്കാന്‍ സുഗന്ധിയായ ഭാഷയുടെ വരദാനം അദ്ദേഹത്തിന് എന്നും ഉണ്ടായിരുന്നു. തച്ചനറിയാത്ത മരം, പഴയ മരുഭൂമിയും പുതിയ ആകാശവും, യൂറോപ്പ് എന്റെ ആത്മചിഹ്നം തുടങ്ങിയ മുന്‍കാല കൃതികള്‍ പാരമിതമെന്ന വലിയ ക്യാന്‍വാസിലേക്കുള്ള പ്രവേശികയായിരുന്നു. പാരമിതത്തിലെ ഉന്മാദം നിറഞ്ഞ ഭാഷ കഥാ ഗാത്രത്തിലെ മേദസ്സായി അനുഭവപ്പെടില്ല. മറിച്ച് ലെവിന്റെ പ്രയാണത്തെ അടയാളപ്പെടുത്തുന്ന അനിവാര്യമായ രചനാകൗശലമായി വേണം വാക്കുകളുടെ കുത്തൊഴുക്കിനെ തിരിച്ചറിയാന്‍. നോവലിന്റെ രൂപവും ഭാവവും എഴുത്തുകാരന്റെ രചനാതന്ത്രത്തിലേക്കുള്ള കവാടങ്ങളാണ്. കലാതന്ത്രം അഥവാ ടെക്നിക് എഴുത്തിന്റെ രസതന്ത്രമാണ്. ഫിക്ഷന്റെ സംഘര്‍ഷ സൗന്ദര്യത്തെ പ്രത്യക്ഷീകരിക്കുന്നത് പലപ്പോഴും ഭാഷയുടെ സന്നിവേശമാണ്. ഭാഷയുടെ ഉര്‍വരാവസ്ഥ സത്യത്തില്‍ നമ്മില്‍ അന്തര്‍ലീനമായിരിക്കുന്ന ലിബിഡോ തന്നെയാണ്. രതിയുടെ ഊര്‍ജം. കാമവാസനയുടെ ഉദാത്തീകരണം (sublimation) കലയുടെ ആവിഷ്‌കാരങ്ങളില്‍ പരമ പ്രധാനമാണ്. ഫിക്ഷനിലെ പ്രകൃതി വര്‍ണന കേവലമായ രൂപഘടന മാത്രമല്ല. കഥാപാത്രങ്ങളുടെ അന്തരംഗത്തിലേക്കുള്ള പ്രവേശികയാണ് അവ. ജീവാഭിരതി കലര്‍ന്ന ആവിഷ്‌കാരം പ്രധാന കഥാപാത്രത്തെയും അയാളുടെ പെരുമാറ്റത്തെയും അതിന്റെ പരഭാഗ ദൃശ്യങ്ങളത്രയും മിഴിവോടെ അവതരിപ്പിക്കാന്‍ പര്യാപ്തമാക്കുകയാണ് ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോള്‍ രതിയുടെ മനോഹരമായ ആവിഷ്‌കാരമായിട്ടാണ് ഇദം പാരമിതത്തിന്റെ വായന എനിക്ക് അനുഭവപ്പെടുന്നത്.
ലെവിന്‍ ഒരേസമയം ആള്‍ക്കൂട്ടവും അതേ സമയം ഏകാകിയുമാണ്. സ്ഥലജല ഭ്രമങ്ങളാല്‍ ഉഴറി ചിന്തകളില്‍ ജരാനര ബാധിച്ച ഒരുവന്‍. മറ്റു ചിലപ്പോള്‍ പ്രണയത്തിന്റെ വീഞ്ഞ് നുകര്‍ന്ന് ഉന്മത്തനായ യുവാവ്. തെരുവുകളില്‍ ഉറങ്ങിയും നഗരക്കാഴ്ചകളില്‍ നിര്‍മമനായി നടന്നും ഒരു ദാര്‍ശനികന്‍ അയാളില്‍ കുടിപാര്‍ത്തു. ഉടലിന്റെ വേഴ്ചകളില്‍ ലെവിന്‍ തറഞ്ഞു പോകുന്നില്ല. ഒരനുരാഗിയെപ്പോലെ ജീവിതത്തെ ആശ്ലേഷിച്ചു തന്റെ ഏകാന്തമായ യാത്ര തുടരുകയാണ് അയാള്‍. ഇനിയും എഴുതപ്പെടാത്ത ജീവിതത്തിന്റെ തത്വശാസ്ത്രമാണ് ഈ കഥാപാത്രം. അപാരതയിലേക്കുള്ള ഒരുവന്റെ പ്രയാണം ആത്മാന്വേഷണമാണ്. എന്നാല്‍ മുക്തിപഥമന്വേഷിച്ചുള്ള ഒരു പരിത്യാഗിയുടെ സഞ്ചാരമായിട്ടല്ല ഈ യാത്ര നമുക്ക് അനുഭവപ്പെടുക. സത്യകാമനായ ഒരുവന്‍ നടത്തുന്ന ആത്മാന്വേഷണവുമായി ലെവിന്റെ യാത്രകള്‍ക്ക് സാധര്‍മ്യമുണ്ടാകാം. എന്നാല്‍ തീര്‍ത്തും അങ്ങനെ പറയാനുമാവില്ല. ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ഥയെപ്പോലെ പൊരുള്‍ ആരാഞ്ഞുള്ള നടത്തവുമായോ ബിഭൂതി ഭൂഷന്റെ ആരണ്യക് നമ്മില്‍ അവശേഷിപ്പിച്ച നിര്‍ലേപമായ മാനസികാവസ്ഥയുമായോ സാത്മീഭാവം വഹിക്കുന്നതായൊരു പൂര്‍ണാനുഭവം നമുക്കുണ്ടാകുന്നില്ല. വായനക്കാര്‍ ഓരോരുത്തരും വ്യത്യസ്തമായാവാം ഈ യാത്ര അകമേ ഉള്‍ക്കൊള്ളുന്നത്. തോറോയുടെ വാള്‍ഡന്‍ തടാകം നല്‍കുന്ന പ്രശാന്തി ഹിമഭൂവിലെ സതോപന്തിലെത്തുന്ന ലെവിന്‍ അകമേ വഹിക്കുന്നതായും തോന്നിയില്ല. നദികളും തടാകങ്ങളും താഴ്വരകളും ഹിമശിഖരങ്ങളും ലെവിന്റെ യാത്രകളില്‍ സ്വച്ഛന്ദമായി കടന്നുപോകുന്നുണ്ട്. അനശ്വരതയെ പുല്‍കാന്‍ അയാള്‍ വെമ്പുന്നുണ്ട്. അപാരതയെ സ്പര്‍ശിക്കാന്‍ വിതുമ്പുന്നുണ്ട്. എന്നാല്‍ ലെവിന്റെ ഉള്‍ത്തടം ശൂന്യമായി കാണപ്പെട്ടു. ആ ശൂന്യതയാകട്ടെ അപൂര്‍ണതയുടെ മറ്റൊരു മുഖം മാത്രമായിരുന്നു എന്നുവേണം കരുതാന്‍. ഉള്ളിന്റെയുള്ളില്‍ അനുഭവപ്പെട്ട വേവലാതികള്‍, വിഹ്വലതകള്‍ അയാളെ വിടാതെ പിന്തുടര്‍ന്ന സ്വന്തം ഭൂതകാലത്തിന്റെ പിന്‍വിളി ആയിരിക്കാം. സംഭവങ്ങളുടെ രേഖീയമായ ആവിഷ്‌കാരം ഈ നോവലില്‍ നാം കാണുകയില്ല. ഏതെങ്കിലും ചരിത്ര മുഹൂര്‍ത്തങ്ങളിലൂടെയല്ല ഇതിവൃത്തം വികസിക്കുന്നത്. സാമൂഹിക ചലനങ്ങളോ പ്രകൃതി പ്രതിഭാസങ്ങളോ യുദ്ധം, കലാപം പ്രളയം, ഭൂകമ്പം, മഹാമാരി തുടങ്ങിയ ആക്സമിക വിപര്യയങ്ങളോ നോവലിന്റെ ക്യാന്‍വാസില്‍ കടന്നുവരുന്നില്ല. എന്നാല്‍ ഇവയുടെയെല്ലാം ഒടുങ്ങാത്ത തിരമാലകള്‍ സഞ്ചാരിയായ ലെവിന്‍ അകമേ വഹിക്കുന്നുണ്ട് താനും. പലപ്പോഴും ഒരു പീഡിതന്റെ മനോവ്യഥയും ആധിയും ലെവിനെ ഒഴിയാബാധയായി പിന്തുടരുന്നു എന്നൊരു തോന്നല്‍ എന്റെ വായനയെ എപ്പോഴോ ഗ്രസിച്ചുകഴിഞ്ഞിരുന്നു. വായനയുടെ പരിമിതിയാകാം. ലെവിന്‍ ഒന്നിലധികം ജീവിതങ്ങളുടെ ആള്‍രൂപമാണ് എന്ന് പാരമിതത്തിന്റെ ആമുഖമായി വി ജി തമ്പി പറയുന്നുണ്ടല്ലോ. നോവലിസ്റ്റിന്റെ ജീവിതയാത്രയും അദ്ദേഹം അനുഭവിക്കാനിടയായ ആകസ്മികതകളുടെ വൈചിത്ര്യവും മുഖ്യ കഥാപാത്രമായ ലെവിനെ രൂപപ്പെടുത്തുന്നതില്‍ അബോധമായൊരു പങ്ക് വഹിച്ചിരിക്കാം. കഴിഞ്ഞുപോയ നീണ്ട മുപ്പതു വര്‍ഷങ്ങളുടെ സാധനയില്‍ നിന്നാണ് പാരമിതം രൂപം കൊള്ളുന്നത്. പലപ്പോഴായി കുറിച്ചുവെച്ച കവിതകള്‍, ലേഖനങ്ങള്‍, ആധി നിറഞ്ഞ വിലാപങ്ങള്‍, നിരന്തരമായ യാത്രകള്‍, അധ്യാപനം, പ്രണയം, വിവാഹം, വിരഹം എന്നിങ്ങനെ നിറഞ്ഞും കവിഞ്ഞും കിടന്ന എത്രയോ അനുഭവങ്ങള്‍. ക്ലാസ്സ്മുറികളില്‍ ഉണര്‍ന്ന നിശിതമായ ചിന്തകള്‍ വിഫലമായ ഉദ്വേഗങ്ങള്‍ മരച്ചോടുകളില്‍ വിടര്‍ന്ന സാഹിത്യവിചാരങ്ങള്‍ വിദ്യാര്‍ഥി കൂട്ടായ്മകള്‍, ലിറ്റില്‍ മാഗസിന്‍ പ്രവര്‍ത്തനങ്ങള്‍. ഇടതുപക്ഷ സഹയാത്രികനായ കവി വിരിച്ചിട്ട ചുവന്ന സ്വപനങ്ങളുടെ നടപ്പാതകള്‍, സമാനഹൃദയര്‍ക്കൊപ്പം കവിയരങ്ങുകള്‍, ചൊല്‍ക്കാഴ്ചകള്‍ വിപ്ലവചിന്തകള്‍ തീ പിടിപ്പിച്ച അനേകം ആത്മാക്കളുമായുള്ള സഹവാസം, ചലച്ചിത്രജീവിതം ഫിലിം ഫെസ്റ്റിവലുകള്‍, സംഗീതലോകവുമായുള്ള പ്രണയം, ഭഗ്‌നാശരായ മിത്രങ്ങളുടെ അകാലത്തിലുള്ള വേര്‍പാട്, ആത്മഹത്യകള്‍, അവരില്‍ ചിലരുടെ ജയില്‍വാസം, ജനകീയ പ്രതിരോധ സംഘടനകളുടെ തളര്‍ച്ച, വിശ്വാസത്തകര്‍ച്ചകള്‍ കൂടുമാറ്റങ്ങള്‍ എണ്‍പതുകള്‍ അങ്ങനെ പെയ്തു തീരുകയായിരുന്നു. ഇത്രയേറെ വിദ്യാര്‍ഥികളെ ആകര്‍ഷിച്ച, അവരുടെ മനസ്സുകളില്‍ ചേക്കേറിയ കാല്പനിക സ്വപ്നങ്ങള്‍ വിടര്‍ത്തിയ ഒരധ്യാപകന്റെ ഏറ്റുപറച്ചില്‍ കൂടിയാവുന്നു ഇദം പാരമിതം.
സമീപവര്‍ഷങ്ങളില്‍ ഈ കവിയെ പ്രതിക്കൂട്ടില്‍ വിസ്തരിച്ച മറ്റൊരെഴുത്തുകാരിയുടെ ഏറെ വായിക്കപ്പെട്ട കൃതിയെക്കൂടി സ്പര്‍ശിക്കാതെ ഈ അവലോകനം അവസാനിപ്പിക്കാന്‍ കഴിയില്ല. ആ കൃതി ഉയര്‍ത്തിയ സന്ദേഹങ്ങള്‍ അതിന്റെ ശരിതെറ്റുകള്‍ ഈ ഗ്രന്ഥസമീക്ഷയുടെ പരിധിയില്‍ വരുന്നതല്ല എന്നറിയാം. എന്നാല്‍ അതിന്റെ പ്രകമ്പനങ്ങള്‍ പാരമിതത്തിന്റെ തുടര്‍ന്നുള്ള അധ്യായങ്ങളില്‍ ലെവിന്റെ ഹൃദയത്തെ വല്ലാതെ മഥിക്കുന്നുണ്ടെന്നു തോന്നി. പലപ്പോഴും നിര്‍മിതബുദ്ധികൊണ്ട് വാര്‍ന്നുപോയ വാക്കുകളുടെ ഉന്മാദനൃത്തമായി പോലും ഈ രചന എനിയ്ക്കനുഭവപ്പെട്ടു. ആത്മാരണ്യകത്തില്‍ നിന്ന് യാത്ര പുറപ്പെട്ട് താഴ്‌വരയുടെ ഗന്ധങ്ങള്‍ ശ്വസിച്ചു നിഗൂഢ നഗരങ്ങളില്‍ രാപാര്‍ത്ത് ഒഴിഞ്ഞ തോണിയില്‍ ഏകാകിയായി നിലാവിന്റെ മന്ദസ്മിതത്തില്‍ ഉറങ്ങിയും ഉണര്‍ന്നും അമാവാസികളും പൗര്‍ണമികളും പിന്നിട്ട് പുഴയാഴങ്ങളില്‍ നിന്നും സാഗരോന്മുഖത്തു വന്നു നില്‍ക്കുന്ന ലെവിന്റെ ജീവിതം അപൂര്‍ണ്ണത ആവഹിക്കുന്ന ഒരു ആത്മായനമാണ്. മഹത്തായൊരു പ്രായശ്ചിത്തമായിട്ടാണ് ലെവിന്‍ എനിക്ക് അനുഭവപ്പെട്ടത്. അഥവാ വിശുദ്ധമായൊരു കുമ്പസാരം. മികവാര്‍ന്ന എല്ലാ രചനകളുടെയും ശിരോരേഖ ഈ പശ്ചാദ്ഗമനത്തില്‍നിന്ന് ഉയിര്‍ക്കൊള്ളുന്നതാണ്. ജീവിത പ്രവാഹത്തിന്റെ കുത്തൊഴുക്കില്‍ കലങ്ങിമറിഞ്ഞ പുഴ ഒഴുകിയൊഴുകി ഒടുവില്‍ തെളിനീരായി രൂപപ്പെട്ടു. നിശ്ചലമായ തടാകത്തിന്റെ കണ്ണാടിയില്‍ പരീക്ഷീണമായ തന്റെ മുഖം ലെവിന്‍ കണ്ടു. എല്ലാ മാലിന്യങ്ങളും കാലുഷ്യങ്ങളും മാഞ്ഞുപോയിരുന്നു. സ്വന്തം കണ്ണുകളുടെ തിളക്കം ലെവിനെ വരവേറ്റു. ജനിയും പുനര്‍ജനിയും ഇനിയും തുടര്‍ന്നുകൊണ്ടേയിരിക്കും. ഒരിക്കലും ന്യസിച്ചു തീരാത്ത സത്തയാണ് ലെവിന്‍.
ഫ്രഞ്ച് എഴുത്തുകാരനും തത്വചിന്തകനുമായ കമ്യു പറഞ്ഞു: 'A guilty conscience needs to confess. A work of art is a confession.'
Content Highlights: v g thampy novel idam paramitha novel review by sethumadhavan machat
Published: 16 May 2024, 02:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented