
കൽപ്പറ്റ നാരായണന്റെ ആദ്യ ബാലസാഹിത്യകൃതിയായ ‘എന്താ കഥ’ എന്ന പുസ്തകത്തെക്കുറിച്ച്;
ഇപ്പോൾ വായനയിലുള്ളത് കൽപ്പറ്റയുടെ 'എന്താ കഥയാണ്', മുതിർന്നവർക്കല്ല, മുതിരുന്നവർക്കായി (Becoming) എഴുതപ്പെട്ട ഒരു സോക്രാട്ടിക് നോവൽ. ശ്രീശുകൻ എന്ന കഥപറച്ചിലുകാരന്റെ കഥയാണ് നോവലിന്റെ സംഗ്രഹം. പ്ലേറ്റോയുടെ 'Went down tool' ആണ് മാഷിന്റെയും, അതുകൊണ്ടുത്തന്നെ 'Invention' ആണ് കഥകളുടെ സ്വഭാവം. സാധാരണത്വത്തിന്റേതായ യാഥാസ്ഥിതികമായ പശ്ചാത്തലത്തിലല്ല മറിച്ച് അഴിച്ചു പണിത പുതിയ ഫ്രെയിമിലാണ് ശ്രീശുകൻ കഥകൾ അവതരിപ്പിക്കുന്നത്.
ദസ്തയേവ്‌സ്‌കിയുടെ ക്രിസ്തീയതയും, സോക്രാട്ടിക് കൗതുകവുമാണ് ശ്രീശുകന്റെ കഥകളുടെ 'കഥ' നിശ്ചയിക്കുന്നത്. നോവലിലെ ജ്ഞാനിയായ വൃദ്ധയുടെ കഥയിൽ 'തിരിച്ചുവരാവുന്നത്ര ദൂരമേ മനുഷ്യൻ സഞ്ചരിക്കുന്നുള്ളു' എന്ന് മാഷ് എഴുതിയപ്പോൾ ഗമ്യമായതെല്ലാം സമ്യക്ക് വാക്കുകൾ, അങ്ങനെ എത്ര കഥകൾ! ഉദാത്തമായ ഉൾക്കാഴ്ചയും, സവിശേഷമായ ഘടനയുമാണ് കഥകളെ വ്യത്യസ്തമാക്കുന്നത്. ഇരുപത് അധ്യായങ്ങളുള്ള നോവലാരംഭിക്കുന്നത് E.B. White ന്റെ വാചകത്തോടെയാണ് 'Anyone who writes down to children is simply wasting his time, you have to 'write up' not 'down'.
'Write up' വഹിക്കുന്ന ഭാരം നോവലിലുടനീളം കാണാം. 'ഒരാൾ കുറഞ്ഞാൽ എന്തെല്ലാമാണ് കൂടുക' എന്ന് പത്തൊൻപതാം അധ്യായത്തിൽ വായിച്ചപ്പോൾ ഭാരംകൊണ്ട് എന്റെ കൈ കടഞ്ഞു, ഞാനൊന്നു കുടഞ്ഞിട്ടു.
നോവലിലെ വൈശാഖിന്റെ മകൻ എന്നും അസംതൃപ്തനാണ്, ശ്വസിക്കുന്നത് വായു, കുടിക്കുന്നത് വെള്ളം, കഴിക്കുന്നത് ആഹാരം, ചിരിക്കുന്നത് ചിരി ഇതിലെന്തുണ്ട് പുതുമ എന്നാണ് അവൻ ചോദിക്കുന്നത്. (ഒരിടത്ത് തന്നെ നട്ടാൽ ആദ്യത്തേതിനു സമാനമായ വിളവ് കിട്ടണമെന്നില്ല, ഭൂമിക്ക് പോലും ക്ലീഷേ ഇഷ്ടമില്ലാത്തതു കൊണ്ടാണങ്ങനെയെന്നു മറ്റൊരു കഥ) അവനു എപ്പോഴും പുതിയതെന്തോ വേണം, തികച്ചും നോവൽ! അങ്ങനെയിരിക്കെ 'panacea' യുമായി തക്കിടയിലേക്ക് ശ്രീശുകൻ വരുന്നു, അദ്ദേഹത്തിന്റെ കഥകൾ അവന്റെ ഞരമ്പിൽ കൗതുകം കുത്തിവെക്കുന്നു,
സിദ്ധാർത്ഥത്തിലേക്കുള്ള (അറിവൊളി) ദൂരം കുറഞ്ഞുവരുന്നതായി അവനു തോന്നി, അതിൽപിന്നെ അവർ നടന്നത് എത്ര വഴികൾ... ഇങ്ങനെയാണ് നോവലിന്റെ പോക്ക്... പ്രമുഖ നിരൂപകനായ ലോംഗിനസിന്റെ 'On the sublime' എന്ന പുസ്തകത്തിലാണ് അദ്ദേഹം ഉദാത്തതാവാദം പരിചയപ്പെടുത്തുന്നത്. ഉദാത്തതയുടെ ഉറവിടങ്ങളായി ലോംഗിനസ് സൂചിപ്പിക്കുന്നത് അഞ്ചു ഘടകങ്ങളെയാണ്. ഒന്നാമതായി മഹത്തായ കാര്യങ്ങൾ സങ്കല്പിക്കാനുള്ള കഴിവ് (God save us from one vision) രണ്ടാമതായി തീവ്രവും ഉത്തേജകവുമായ വികാരങ്ങളെ ജൈവികമായി അവതരിപ്പിക്കുന്നതിലെ മികവാണ്, വിശിഷ്ടമായ പദ ശൈലിയും, അലങ്കാരകല്പനകളുമാണ് അവസാനത്തേത്. അഞ്ചു ഘടകങ്ങളും ഉൾചേർന്നതുകൊണ്ടാകണം കഥകളൊക്കെയും 'I see - images' നൽകുന്നത്, അത്ഭുതത്തിന്റെ നവീന ബിംബങ്ങൾ!
ആകാശം ആഹാരമാക്കിയിരുന്ന ജനത, വിശക്കുമ്പോൾ പറിച്ച് കഴിക്കാൻ പാകത്തിനായിരുന്നല്ലോ ആകാശമുണ്ടായിരുന്നത് ഒരു കഷ്ണം കഴിച്ചാൽ മതി വിശപ്പ് മാറാൻ...(ആകാശത്തിലെ പറവകൾ വിതക്കുന്നില്ല, കൊയ്യുന്നില്ല എന്നു പറയുന്നത് അതുകൊണ്ടായിരിക്കാം) പെട്ടെന്നു ആകാശവുമായുണ്ടായിരുന്ന കരാർ ലംഘിക്കപ്പെടുന്നു, 'അവളുടെ ആർത്തി' ക്ഷമിക്കാൻ തയ്യാറാകാതെയാണു ആകാശം ആകാശത്തോളം പോയത്…
ഹവ്വ ചെയ്ത കുറ്റത്തിൽ നിന്നു 'അവളിപ്പോഴും' മോചിതയല്ല/ തല തെറിച്ചാലും, താലം താഴെ വീണാലും 'അവളാണല്ലോ' പിഴക്കുക/ പുറപ്പെട്ടേടത്താണ് അവൾ ഒരായിരം കാതം നടന്നിട്ടും, 'മുകളിൽ നിന്നു വർഷിക്കുന്ന അപ്പം' എന്ന അധ്യായത്തിൽ പരാമർശിക്കുന്ന ഈ കഥയേറെ പ്രസ്‌കതമാണ്. പുരുഷാധിപത്യത്തിന്റെ സൂക്ഷ്മമായ യാഥാർത്ഥ്യങ്ങളെ മുൻ നിർത്തി പേർച്ചയില്ലാത്ത സ്ത്രീ ജീവിതത്തോട് നോവലിസ്റ്റ് ഐക്യദാർഢ്യപ്പെടുക മാത്രമല്ല, കഥയുടെ റാഡിക്കൽ സ്വഭാവം പെരിഫറിയിലുള്ള മുഴുവൻ മനുഷ്യവംശത്തേയും പ്രതിനിധീകരിക്കാൻ അദ്ദേഹത്തെ സഹായിക്കുന്നു.
മാഗധത്തിൽ മഹിപാലൻ രാജാവിനു വലിയ കേൾവിശക്തിയാണ്, ഒരു രോമം നിലത്തുവീഴുന്ന ഒച്ച കേട്ടാൽ ആരുടേതെന്നറിയും. അധികാരികളുടെ ചെവികൾക്ക് പണ്ടേ വലിപ്പം കൂടുതലാ...(ആഫ്രിക്കൻ ആനയുടെ ചെവി നീളം രണ്ട് മീറ്റർ ഉള്ളുവത്രേ!) ആറു മാസത്തിലൊരിക്കൽ മുടി മുറിക്കുന്ന രാജാവിന്റെ 'കഴുത ചെവി' ക്ഷുരഗന്റെ കണ്ണിൽപ്പെടുന്നു, ഈ രഹസ്യം മറ്റൊരാളും അറിയരുത് എന്നു നിഷ്‌കർഷിച്ച് രാജാവ് ക്ഷുരഗനെ വെറുതെ വിട്ടുവെങ്കില്ലും, വസ്തുത ലോകം തിരിച്ചറിയുന്നു, അപമാനം സഹിക്കാനാവാതെ മഹിപാലൻ ആത്മഹത്യ ചെയ്യുന്നു. ജനം 'അപ്പാച്ചേ' പാടി അത് ആഘോഷിച്ചു, അവർക്ക് അവരെ കിട്ടിതുടങ്ങിയതിന്റെ ആനന്ദമുണ്ടതിൽ! (വി. വേലപ്പന്റെ ആനന്ദം).
നോവലിലെ 'കേൾവികേട്ട' രാജാവിന്റെ കഥ ഗൗരവതരമായ ചർച്ചകൾ ആവശ്യപ്പെടുന്നു. ഭരണകൂടം ഫാസിസ്റ്റ് നയങ്ങൾ സ്വീകരിക്കുന്ന ഈ കെട്ടകാലത്ത് 'നീതിയേക്കാൾ വലിയ അശ്ലീലമില്ല', ഒരു പക്ഷേ അതിനെതിരെയുള്ള വിയോജിപ്പാണ് നോവലിസ്റ്റ് ഈ കഥയിലൂടെ രേഖപ്പെടുത്തുന്നത്.
ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന, അതുപോലെ ഫിലോസഫിക്കലായ പുസ്തകം. നോവലിസ്റ്റിന്റെ അത്യഗാധമായ വായനയും, നർമബോധവും കഥകളെ മനോഹരമാക്കുന്നുണ്ട്. Novel (പുതിയത്) മാത്രമുള്ള നോവൽ. ആകാശം ആകാശത്തോളം പോയ കഥയുടെ വെളിച്ചത്തിൽ വേണം എനിയ്ക്ക് ഇനി നടക്കാൻ.... സിദ്ധാർത്ഥം!
Content Highlights: Analyzes Kalpetta Narayanan's 'Entha Katha' as a Socratic novel., Explores the intersection of philosophical depth and political critique., Discusses the unique narrative structure and 'write-up' approach., Highlights themes of patriarchy, authority, and human existence., Examines the influence of Dostoevsky and Longinus on the author's style.
Published: 02 May 2026, 04:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented