സുഭാഷ് ചന്ദ്രന്റെ രണ്ടാമത്തെ നോവലായ 'സമുദ്രശില' നാല്‍പതിനായിരം കോപ്പികള്‍ കടന്ന് ഇരുപത്തിയഞ്ചാം പതിപ്പില്‍ എത്തിനില്‍ക്കുന്നു. നോവലിന് ഡോ. എം. ലീലാവതി എഴുതിയ അവതാരിക

To advertise here,

മുദ്രശില എന്ന നോവല്‍ അഭൂതപൂര്‍വമായ ഒരു കലാശില്പശൈലിയില്‍ സ്വയംഭൂ എന്നപോലെ വളര്‍ന്നുറച്ചു രൂപപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ കരുതുന്നത് മറ്റുപലരും വിചാരിക്കാവുന്ന കാരണങ്ങളാലല്ല; ആദിപ്രരൂപപരവും (Archetypal) രൂപകപരവും (metaphorical) ആയ കാരണങ്ങളാലാണ്. നവരൂപകങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവിനെ ഐശ്വരമായ സൃഷ്ടികര്‍മത്തോടു സമാനമായ ആദരത്തോടെയാണ് ഭാരതീയര്‍ വൈദികകാലം മുതല്‍ക്ക് വീക്ഷിച്ചുപോന്നത്. സ്വയംഭൂവായ അത്തരം കല്പനാസൃഷ്ടികള്‍ ശാശ്വത സമകളിലേക്ക് ('ശാശ്വതീഭ്യഃ സമാഭ്യഃ കവിര്‍മനീഷി' എന്നു തുടങ്ങുന്ന ഈശാവാസ്യസൂക്തത്തില്‍) നീളുന്ന ആയുസ്സുള്ളവയായി അവര്‍ നിരീക്ഷിച്ചു.

ആ ഐശ്വരമായ രൂപക കല്പനാശക്തിയില്‍ സുഭാഷ്ചന്ദ്രനെ അതിശയിക്കുന്ന ഒരു നോവല്‍കര്‍ത്താവും സമുദ്രശിലയെ പിന്‍തള്ളുന്ന ഒരു വാങ്മയ കലാസൃഷ്ടിയും മലയാളത്തില്‍ ഇല്ലെന്നാണ് എന്റെ തോന്നല്‍. സ്വയംഭൂവായ കല്പനാകന്ദളങ്ങളുടെ കാന്തി മനഃപൂര്‍വം ആലോചിച്ചു രൂപപ്പെടുത്താവുന്ന ഒന്നല്ല. കാരുണ്യം എന്ന മനോഗുണം സ്വര്‍ലോകത്തുനിന്ന് പെയ്യുന്ന മൃദുസൗമ്യമായ മഴപോലെ സംഭവിക്കുന്ന ഒന്നാണെന്ന് ഷെയ്ക്സ്പിയര്‍. അപ്രകാരം മേലുംകീഴുമായി പതിന്നാലു തലങ്ങള്‍ കല്പിക്കപ്പെട്ടിട്ടുള്ള മാനവമനസ്സിന്റെ ബോധതലമായ ഭൂലോകത്തിലേക്ക് വരംപോലെ വന്നെത്തുകയും വാണരുളുകയും ചെയ്യുന്ന അനുഗൃഹീതത്വമാണ്, ചൈതന്യവത്തായ രൂപകദര്‍ശനത്തിനു പിറകിലുള്ള കല്പനാശക്തി. (നരാന്തരംഗത്തെ ഭൂതലം ആയി എന്‍.വി. കൃഷ്ണവാരിയര്‍ ഉപദര്‍ശിച്ചു. മേരുവിന്‍ പൊക്കവുമേഴുകടലിന്റെ/യാഴവും ചേരും നരാന്തരംഗം/ ഈയന്തരംഗമല്ലാതെ മറ്റേതാണ്/ ഭൂതലം ഭോഗാപവര്‍ഗമൂലം- കാളിദാസന്റെ സിംഹാസനം.) ആ വരം കിട്ടിയവര്‍ ശാശ്വത സമകളിലേക്ക് ജീവിതവ്യാപ്തിയുള്ള രൂപകങ്ങള്‍ ചമയ്ക്കുന്നു. വൈദികസാഹിത്യത്തില്‍ സമൃദ്ധമായി കാണുന്ന ആ ശക്തി ലൗകിക സംസ്‌കൃത സാഹിത്യത്തില്‍ ഏറ്റവുമധികം കാണുന്നത് കാളിദാസനിലാണെന്നു നിരീക്ഷിച്ച ആളാണ് 'ഉപമാ കാളിദാസസ്യ' എന്ന ചൊല്ലുണ്ടാക്കിയത്. ഒരു ദീപശിഖയുടെ ഉപമാനത്തിന്‍ പേരില്‍ അദ്ദേഹം വാഴ്ത്തപ്പെട്ടു (സീതാപരിത്യാഗത്തിനു നിയുക്തനായ ലക്ഷ്മണനെ ആ കഠിനകര്‍ത്തവ്യത്തില്‍നിന്ന് വിലക്കുന്ന ജാഹ്നവിയുടെ 'വീചിഹസ്തങ്ങള്‍' ദീപശിഖയെക്കാള്‍ ഹൃദ്യതരമാണെന്ന് ഞാന്‍ കരുതുന്നു). ദീപശിഖയെ തിരിച്ചു പിടിക്കുമ്പോള്‍ മേലോട്ടുതന്നെ ജ്വലിക്കുന്ന ദീപനാളംപോലെ, ധൈര്യഗുണമുള്ളവരുടെ ആ ഗുണം വിപരീതാവസ്ഥയിലും മേലോട്ടുതന്നെ ജ്വലിക്കും, 'വിവര്‍ണഭാവം' അത്തരക്കാര്‍ക്കുണ്ടാവില്ല എന്നു കാളിദാസനെ പൂരിപ്പിക്കുകയോ തിരുത്തുകയോ ചെയ്യുന്ന ഭര്‍ത്തൃഹരിയുടെ രൂപകസൃഷ്ടി (നീതിശതകത്തിലെ കദര്‍ഥിതസ്യാപി എന്നു തുടങ്ങുന്ന ശ്ലോകം) തുല്യവിശിഷ്ടമെന്നും ഞാന്‍ കരുതുന്നു. (ഒരുപക്ഷേ, കൂടുതല്‍ വിശിഷ്ടം)

ചന്ദ്രനിലെ അങ്കത്തെ മാനായും മുയലായും മറ്റും പ്രാചീനര്‍ രൂപകം ചമച്ചത് ഏണാങ്കന്‍, ശശാങ്കന്‍ മുതലായ പര്യായങ്ങളായി ഭാഷയില്‍ പ്രതിഷ്ഠിതങ്ങളായി. നമ്മുടെ ശാസ്ത്രയുഗത്തില്‍ മാത്രം സംഭവിക്കാവുന്ന ഒരു രൂപകല്പന സുഭാസ്സായ ചന്ദ്രന്‍ എന്നുതന്നെ പേരുള്ള ഭാവനാശാലിയില്‍ ഉദിച്ചുയര്‍ന്നു. പൂര്‍ണചന്ദ്രനെ 'ഭ്രൂണാങ്ക'നായി ദര്‍ശിച്ച അദ്ദേഹം കല്പിച്ച രൂപകത്തിനു കൂടുതല്‍ സുഭാസ്സുണ്ട്. ചന്ദ്രഗോളത്തിനുള്ളിലിരിക്കുന്ന ഭ്രൂണത്തെ ദര്‍ശിക്കാന്‍ കഴിഞ്ഞത് ഭൂലോകത്തില്‍ ഒരേയോരാള്‍ക്കു മാത്രമാണ്- സുഭാഷ് ചന്ദ്രന് (വ്യക്തികളുടെ കണ്ടെത്തലുകള്‍ക്കും അവ പ്രവചിക്കപ്പെടുംപോലെ അവര്‍ക്കു നല്കപ്പെട്ട പേരുകള്‍ക്കും തമ്മിലുള്ള ഏകീഭാവത്തിന്റെ ചില നിദര്‍ശനങ്ങളെപ്പറ്റിയുള്ള പരാമര്‍ശം സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖത്തില്‍ ഉണ്ട്). യേശുദാസിനെക്കുറിച്ചുള്ള ദാസ് ക്യാപിറ്റല്‍ എന്ന പുസ്തകത്തില്‍ ആ രൂപകത്തിന്റെ ഉത്പത്തിക്കഥ വായിച്ചപ്പോള്‍ ഞാന്‍ കോരിത്തരിച്ചിരുന്നുപോയി. എന്തൊരു ദിവ്യദര്‍ശനം! സുഭാഷ് ചന്ദ്രന്റെ ഈ ഭ്രൂണാങ്ക രൂപകം ആചന്ദ്രതാരം വാഴ്ത്തപ്പെടാനര്‍ഹമാണ്. നോവലിന്റെ (സമുദ്രശില) പ്രകൃതത്തില്‍ ഈ രൂപകത്തിനുള്ള പ്രസക്തിയെപ്പറ്റി ഗ്രന്ഥകര്‍ത്താവുപോലും ബോധവാനല്ലെന്നുവരാം. എന്നാല്‍ ആ പ്രസക്തിയുടെ അനാവൃതി കൂടാതെ എനിക്ക് ഈ നോവലിന്റെ അപഗ്രഥനാത്മകമായ പഠനം നിര്‍വഹിക്കാനാവില്ല.

നോവലിലെ മുഖ്യകഥാപാത്രമായ അംബയുടെ സന്തതിയായ അപ്പുവിന്റെ ജീവിതം അന്ത്യംവരുംവരെയും നിതാന്ത ഭ്രൂണാവസ്ഥയിലായിരുന്നു (സെറിബ്രല്‍പാഴ്സി വിത്ത് ഓട്ടിസ്റ്റിക് ഡിസോര്‍ഡര്‍ എന്ന സഹജരുഗ്ണത). ഈയവസ്ഥയെപ്പറ്റി അംബയുടെ വിവരണത്തില്‍ ഇങ്ങനെ: (2.2. പൊടിപ്പ്) 'ഒരിക്കലും പുറത്തുകടക്കാനാവാതെ എക്കാലത്തേക്കുമായി എന്റെ വേദനയുടെ ഗര്‍ഭത്തില്‍ കുടുങ്ങിക്കിടന്ന് ജീവിതം തുടരാനുള്ള അപ്പുവിന്റെ വിധി.' ചന്ദ്രഗോളത്തില്‍നിന്ന് ഒരിക്കലും പുറത്തുകടക്കാത്ത ഭ്രൂണം ഇതെഴുതുമ്പോള്‍ എഴുത്തുകാരന്റ ബോധമനസ്സില്‍ ഉണ്ടായിരുന്നിരിക്കണമെന്നില്ല. എന്നാല്‍ അബോധചേതസ്സില്‍നിന്നു പൊങ്ങിവന്ന അതിന്റെ 'പൊടിപ്പ്' അതിന്റെ ദുരന്ത ഭീകരതയോടെ നമ്മെ ഗ്രസിക്കുന്നതിനാലാണ് ഈ നോവല്‍ ഷെയ്ക്സ്പിയറുടെയോ സോഫോക്ലിസിന്റെയോ മികച്ച ട്രാജഡികള്‍പോലെയും, വളരാന്‍ വിധിക്കപ്പെട്ട ഒരു 'പൊടിപ്പ്' ഉണ്ടായിട്ടും (പരീക്ഷിത്ത്) ദുരന്തത്തിന്റെ അന്ധകാരത്തിലേക്കാണ്ടുപോയ കുരുവംശത്തിന്റെയും പൊടിപ്പേയില്ലാത്ത യദുവംശത്തിന്റെയും അവസ്ഥാവിപര്യയംകൊണ്ട് വിശ്വസാഹിത്യത്തിലെ ട്രാജഡികളില്‍ മഹാമേരുപോലെ ഉയര്‍ന്നുനില്ക്കുന്ന മഹാഭാരതത്തിലെ അംബയുടെയും ദ്രൗപദിയുടെയും ദുരന്തങ്ങള്‍പോലെയും, ഹൃദയോന്മാഥിയായിത്തീരുന്നത്. ചര്‍മണ്വതിയുടെയും യമുനയുടെയും ഗംഗയുടെയും 'വെണ്ണുരവൈരക്കല്‍ കാപ്പണിഞ്ഞ' കൈകളിലൂടെ ഒരു പേടകത്തില്‍, ഭ്രൂണരൂപത്തെ അതിജീവിച്ച് വളരാന്‍ അനുഗ്രഹിക്കപ്പെട്ട സൂര്യസൂനു (കര്‍ണന്‍) ഒഴുകിയൊഴുകി നീങ്ങിയ കാവ്യബിംബത്തിന്റെ ഭാസുരകാന്തി വാഴ്ത്താന്‍ വാക്കുകളില്ലാതെ സഞ്ജയന്‍ (എം.ആര്‍. നായര്‍) മാഴ്കി (കര്‍ണഭൂഷണപഠനത്തില്‍). സുഭാഷ് ചന്ദ്രന്റെ ഭ്രൂണാങ്കബിംബത്തിലെ ഭ്രൂണത്തിന്റെ അംശാവതാരമായ കഥാപാത്രത്തിന് കാലപ്രവാഹത്തിലൂടെ ഒഴുകിയൊഴുകി നീങ്ങാന്‍ താങ്ങായത് വൈരക്കല്‍ക്കാപ്പണിഞ്ഞ തരംഗകരങ്ങളല്ല, സുമംഗലീചിഹ്നമായ വളകള്‍ അണിയാത്ത അമ്മക്കൈകളാണ്. കര്‍ണന് ജനയിതാവ് സംരക്ഷണവ്യഗ്രതയോടെ സഹജകവചകുണ്ഡലങ്ങള്‍ നല്കിയിരുന്നു. അപ്പുവിനാകട്ടെ അത്തരം സഹജസംരക്ഷണസംവിധാനമൊന്നും കിട്ടിയിട്ടില്ലെന്നല്ല, പുത്രസ്നേഹംപോലും  ജനയിതാവില്‍നിന്നുണ്ടാവുന്നില്ല. ദുരന്തദുഃഖകാന്തിയാണ് കഥാപാത്രരൂപത്തില്‍ പിറവിപൂണ്ട ഭ്രൂണാങ്കം എന്ന ബിംബം നോവലില്‍ ചൊരിയുന്നത്. സുഖപര്യവസായിത്വത്തിന്റെ ഭാസുരകാന്തിയെക്കാള്‍ ദുരന്തദുഃഖകാന്തിയാണല്ലോ സാഹിത്യത്തില്‍ ഹൃദയോന്മാഥിയായിത്തീരുന്നത്. സൂര്യസൂനുവിന് മറ്റെല്ലാ സൗഭാഗ്യങ്ങളുമുണ്ടായിരുന്നു- പെറ്റമ്മയുടെ പരിലാളനമൊഴികെ. ഈ ചാന്ദ്രസന്തതിക്കാകട്ടെ, പെറ്റമ്മയുടെ പരിലാളനമൊഴികെ മറ്റു സൗഭാഗ്യങ്ങളൊന്നുമില്ല.

ഭ്രൂണാങ്കത്തെ വഹിക്കുന്ന ഉദരമായ ചന്ദ്രഗോളം എന്ന കാവ്യബിംബം നോവലിന്റെ അന്ത്യഭാഗത്ത് ഉദയംകൊള്ളുന്നത് രക്താരുണഗോളമായിട്ടാണ്. ആ പൗര്‍ണമി രക്തം ചൊരിഞ്ഞുകൊണ്ടുള്ള മൃതിയുടെ നാടകരംഗം ആകാശത്തു സൃഷ്ടിക്കുന്ന തരത്തില്‍ കഥാപരിണതി വിഭാവനംചെയ്യുമ്പോള്‍ തന്റെ അബോധചേതസ്സില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉദയം പൂണ്ട ഭ്രൂണാങ്കബിംബം ഗ്രന്ഥകര്‍ത്താവിന്റെ ബോധചേതസ്സില്‍ കതിര്‍ചൊരിഞ്ഞിട്ടുണ്ടാവണമെന്നില്ല. എന്നാല്‍ ആ രക്തപൗര്‍ണമിയുടെ വേരും ഭ്രൂണാങ്കബിംബത്തിന്റെ വേരും അബോധചേതസ്സിന്റെ തലാതലത്തില്‍ ഏകപ്രഭവമാണ്. ഭ്രൂണാങ്കബിംബം എവിടെനിന്ന് ഉദയം പൂണ്ടുവോ അതേ ഉറവയില്‍നിന്നുതന്നെയാണ് രക്തപൗര്‍ണമി ബിംബവും ഉയിര്‍ത്തതെന്ന് അപഗ്രഥനാത്മക മനഃശാസ്ത്രത്തിലൂടെയുള്ള അന്വേഷണം നമ്മെ ബോധ്യപ്പെടുത്തും.

സുഭാഷ് ചന്ദ്രന്റേതുമാത്രമായ ഭ്രൂണാങ്ക ബിംബകല്പന ചന്ദ്രന് ഒരു പുതിയ പര്യായം ഭാഷയില്‍ സൃഷ്ടിച്ചുകൊടുക്കുകില്ലായിരിക്കാം. എന്നാല്‍ ലോകത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള ഒരു കവിയും കണ്ടിട്ടില്ലാത്ത ഒരു കാഴ്ചയാണ് മലയാളത്തിലെ ഒരു നോവല്‍ കര്‍ത്താവിനു കിട്ടിയത് എന്നതിന്റെ അടിസ്ഥാനത്തില്‍ ലോകത്തില്‍ മറ്റൊരു ഭാഷയ്ക്കും കിട്ടിയിട്ടില്ലാത്ത ഉന്നത സ്ഥാനം അതിന്റെ ഉത്പത്തി വിവരിക്കുന്ന ഗ്രന്ഥത്തിലൂടെ (ദാസ് ക്യാപിറ്റല്‍) മലയാളത്തിനു കിട്ടിക്കഴിഞ്ഞിരിക്കുന്നു. ഇതു കണ്ടെത്തിയ മുഹൂര്‍ത്തത്തിന്റെ മഹത്ത്വപൂര്‍ണിമയെക്കുറിച്ച് ദ്രഷ്ടാവ് ബോധവാനുമാണ്. പുഴയില്‍ച്ചാടി ആത്മഹത്യ ചെയ്യാനുറച്ച് പുഴവക്കത്തെത്തിയ യുവാവ് റിസ്റ്റ്വാച്ച് കെട്ടി പുഴയിലൊഴുകുന്ന ഒരു ജഡത്തിന്റെ പൊരുത്തക്കേടോര്‍ത്ത് പ്രിയപ്പെട്ട അച്ഛന്‍ സമ്മാനിച്ച വാച്ച് പുഴയിലേക്കെറിഞ്ഞതിനു ശേഷമാണ് പൗര്‍ണമീചന്ദ്രബിംബത്തിലേക്ക് അയാളുടെ കണ്ണുകളുയരുന്നത്. 'നിത്യഭാസുരനഭശ്ചര'ങ്ങളിലേക്ക് നളിനി (കുമാരനാശാന്‍) യുടെ കണ്ണുകളെന്നപോലെ. ആ നഭശ്ചരങ്ങള്‍ നളിനിയെ മരിക്കാനനുവദിച്ചില്ല; പൗര്‍ണമിയിലെ ചന്ദ്രന്‍ യുവാവിനെയും. പെട്ടെന്നാണ് അയാള്‍ ചന്ദ്രനെന്ന ഉദരത്തിലെ ഭ്രൂണത്തെ കണ്ടെത്തുന്നത്. അഥവാ, അമ്മയുടെ ഉദരത്തിലിരുന്ന സുഭാസ്സായ തന്നെത്തന്നെ. ആ നവോദയ ചാരുത എന്നേക്കുമായി മരിച്ചുകൂടാ, അക്ഷരരേഖയില്‍ അതിനെ ഉയിര്‍പ്പിക്കാതെ ലോകം വിട്ടുകൂടാ എന്ന ബോധോദയം അയാള്‍ക്കുണ്ടാകുന്നു. അയാള്‍ ജീവിതത്തിലേക്കു തിരിച്ചുനടക്കുന്നു. മരണത്തില്‍നിന്നു വീണ്ടെടുക്കപ്പെട്ട ഒരു കാവ്യബിംബം അതിന്റെ ജനയിതാവിനെ മൃത്യുവില്‍നിന്നു വീണ്ടെടുക്കുന്നു! ഈ ഉയിര്‍ത്തെഴുന്നേല്പിന്റെ അദ്ഭുതാത്മകതയാണ് ആ ലേഖനത്തിലൂടെ നടന്നുനീങ്ങുമ്പോള്‍ എന്നില്‍ കോരിത്തരിപ്പ് ഉളവാക്കിയത്. പിന്നീടുവന്ന രണ്ടു പൗര്‍ണമികളില്‍ അര്‍ധരാത്രിക്കും, ചന്ദ്രാസ്തമനത്തിനു മുന്‍പ് വെളുപ്പാന്‍കാലത്തും പൂര്‍ണചന്ദ്രനെ കണ്‍നിറയെ കാണാന്‍ എഴുന്നേറ്റു പുറത്തുവന്ന് ഞാന്‍ ഏറെ നേരം നിന്നു. ഇനിയും നില്ക്കും. ഓരോ തവണയും ആ ഭ്രൂണരൂപം എന്നില്‍ ജീവിതമമത ഈ തൊണ്ണൂറാം കാലത്തും വിരിയിക്കുന്നു. ആ മമതയുടെ പരിമളം എന്നെ ലഹരിപിടിപ്പിക്കുന്നു. സുഭാഷ്ചന്ദ്രനു നമോവാകം. ഈയൊരനുഭവമുണ്ടായില്ലെങ്കില്‍ സമുദ്രശിലയുടെ എന്റെ പാരായണത്തിന് ഇപ്രകാരമൊരാമുഖം സംഭവിക്കില്ലായിരുന്നു.

നോവലിസ്റ്റിന്റെ ഭ്രൂണാങ്കദര്‍ശനം നോവല്‍ അദ്ദേഹത്തിന്റെ സങ്കല്പത്തിലൂറുന്നതിനെത്രയോ മുന്നേ സംഭവിച്ചതാണ്. ഇതിന്, സ്വപ്നത്തില്‍ ആദ്യമായി നോവലിലെ വക്താവ് അംബയെ കണ്ട് ഏറെ നാള്‍ കഴിഞ്ഞതിനു ശേഷം അങ്ങനെ ഒരു വ്യക്തി ലോകത്തില്‍ ഉടലുമുയിരുമാര്‍ന്നു പ്രത്യക്ഷപ്പെടുകയെന്നതിനോടു സമാനതയുണ്ട്. അപരിചിതമായ വ്യക്തികളെ സ്വപ്നത്തില്‍ കണ്ടതിനുശേഷം നീരുംചോരയുമുള്ളവരായി അവര്‍ ജാഗ്രത്തില്‍ പ്രത്യക്ഷപ്പെടുന്നതിനും വരാനിരിക്കുന്ന സംഭവങ്ങളും അവസ്ഥകളും ചിലര്‍ക്ക് നേരത്തെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്നതിനുമുള്ള ചില നിദര്‍ശനങ്ങള്‍ യുങ്ങിന്റെ Psychology of the unconscious എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട് (ഭവിഷ്യത് പുരാണം ഈ വകുപ്പില്‍പ്പെട്ട ആര്‍ഷദര്‍ശനമാണെന്നു പറയപ്പെടുന്നു).

ഒരു നോവല്‍രചയിതാവിന്റെ നൂതനസങ്കല്പങ്ങള്‍ക്ക് ശാസ്ത്രീയ പ്രമാണങ്ങളൊന്നും ആവശ്യമില്ലതന്നെ. കല്പനാലോകത്തിന് ഭൗതിക പ്രകൃതിപോലെയുള്ള പരിധികളില്ല. മനീഷിയുടെ സ്വയംഭൂവായ അസ്തിത്വങ്ങള്‍ക്ക് ഭൗതികപ്രപഞ്ചത്തിന്റെ പരിമിതികളോ പരിധികളോ പ്രസക്തമല്ല എന്ന് ഊന്നിപ്പറഞ്ഞുകൊള്ളട്ടെ. അതിനാല്‍ നോവലിസ്റ്റിന്റെ സ്വപ്നത്തിലെ അംബയും സ്വപ്നത്തിലെ അംബ സ്വപ്നത്തില്‍ കാണുന്ന നോവലിസ്റ്റും പ്രകൃതിനിയമാനുസാരിയായ പ്രമാണങ്ങള്‍ക്കു വിധേയരല്ല. മനഃശാസ്ത്രപരമായ ഒരു പൂര്‍വികദര്‍ശനം ഉണ്ടെന്നു ജിജ്ഞാസുകള്‍ക്കുവേണ്ടി ചൂണ്ടിക്കാണിക്കുന്നുവെന്നുമാത്രം.

അംബയെന്ന കഥാപാത്രത്തിന്റെ ആദിപ്രരൂപാത്മകസത്ത ഭൂരുഹങ്ങളിലെ സാപ് (ജീവജലം) പോലെയും മനുഷ്യശരീരത്തിലൊഴുകുന്ന രക്തംപോലെയും നോവലിലെ അന്തശ്ചൈതന്യധാരയാണ്. ആ ആദിപ്രരൂപം ഇതിഹാസത്തിലെ അംബയെന്ന കഥാപാത്രം മാത്രമല്ല, ആ പേരിനാല്‍ സൂചിതമായ ഭൂപ്രതീകംകൂടിയായ മഹാമാതാവ് (The great mother), ഇതിഹാസത്തിലെ പാണ്ഡവ പിതാമഹിയായ സത്യവതി എന്നിങ്ങനെ മൂന്നു സ്ത്രൈണചേതനകള്‍ ഉരുകിച്ചേര്‍ന്നൊന്നായ ഒരു മിശ്രസത്തയാണ്.

സമുദ്രശിലയെന്ന നോവല്‍ ഇന്നിന്റെ മാത്രം പ്രാതിനിധ്യമുള്ള കാലത്തിന്റെ കണ്ണാടിയല്ല. അനാദ്യന്തകാലചൈതന്യത്തിന്റെ കണ്ണാടിയാണ്. ഈ പ്രകൃതത്തില്‍ ഭൂമിയുടെ അന്തമേത്? നാഭിയേത്? എന്ന ഋഗ്വേദത്തിലെ  ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ഓര്‍മവരും. ('പൃച്ഛാമിത്വാ പരോ അന്തഃപൃഥിവ്യാ/ പൃച്ഛാമി യത്ര ഭുവനസ്യ നാഭിഃ എന്നു ചോദ്യങ്ങള്‍; ഇയം വേദിഃപരോ അന്തഃപൃഥിവ്യാ/ അയം യജ്ഞോ ഭുവനസ്യ നാഭിഃ എന്ന് ഉത്തരങ്ങള്‍.)

പൃഥിവിയുടെ അന്തം യജ്ഞവേദിയും നാഭി യജ്ഞവുമാണെന്നാണ് ഉത്തരങ്ങള്‍. ഇദം ന മമ എന്ന മന്ത്രോച്ചാരണത്തോടെയാണ് യജ്ഞം. അതു നിര്‍വഹിക്കപ്പെടുന്ന വേദിയാണ് പൃഥിവി. ഭൂമിയും അമ്മയും അനാദിയായി രൂപപ്പെട്ട രൂപകങ്ങളിലെ ഉപമേയാപമാനങ്ങളാണ് (സ്തന്യം നല്കി വളര്‍ത്തുന്ന അമ്മയായ ഭൂമി, അന്തിമമായി മനുഷ്യന്റെ ശരീരത്തെ ഉള്‍ക്കൊള്ളുന്നതിനാല്‍ അവന്റെ രക്തം പാനം ചെയ്യുന്നവളായും രൂപപ്പെടുന്നതില്‍നിന്നാണ് കരുണാമയിയായ അമ്മദൈവമായും കരാളരൗദ്രസ്വരൂപിയായ കാളിയായും ഒരു സമയം മാനസചേതസ്സില്‍ പ്രതിഷ്ഠിതയായത്). ഭുവനത്തിന്റെ ചക്രാകാരവും കൂടവും അസ്തിത്വമെന്ന വേദിയും യജ്ഞവും- ഇവയെയാണ് വേദമന്ത്രത്തില്‍ രൂപകഘടനയിലൂടെ ബന്ധിപ്പിച്ചിരിക്കുന്നത്. ഭൂമി-മാതാവ് എന്ന രൂപകത്തിന്റെ ബന്ധത്തിലേക്ക് ഇവ നിക്ഷിപ്തമാവുമ്പോള്‍ ചക്രത്തിന് അമ്മയുടെ ഉദരത്തോടും നാഭിക്ക് ഉദരസ്ഥസന്തതിയിലേക്ക് ജീവരക്തദാനം ചെയ്യുന്ന നാഭിയെന്നുതന്നെ പേരുള്ള (പൊക്കിള്‍) അവയവത്തോടുമുള്ള ബന്ധം(നാഭീനാളബന്ധം) സുവ്യക്തമാവുന്നു. ഉപാധികളില്ലാത്ത സ്നേഹത്താല്‍ പ്രചോദിതമായി പ്രവര്‍ത്തിക്കുന്ന അനാദിയായ ഏകസത്തയാണ് അമ്മ. (നിരുപാധികമെന്നതിന് ബൃഹദാരണ്യകത്തിലെ പദം ആത്മാര്‍ഥം- ആത്മനൈവ- ആത്മാവിനു വേണ്ടി എന്ന്) അമ്മയുടെ സംസ്‌കൃതരൂപമായ 'അംബ'യാണ് നോവലില്‍ സ്‌നേഹസത്യാന്വേഷണത്തിലേര്‍പ്പെടുന്ന കഥാപാത്രം. ഉപാധികളോടു കൂടിയ സ്നേഹത്താല്‍ വഞ്ചിക്കപ്പെട്ടവളാണ് അംബ. (അംബയ്ക്ക് സാല്വനോടുള്ളതുപോലെ ആത്മാര്‍ഥ സ്നേഹം സാല്വന് അവളോടു ഉണ്ടായിരുന്നെങ്കില്‍ അവള്‍ അദ്ദേഹത്തെത്തേടിയെത്തിയപ്പോള്‍ സ്വീകരിക്കപ്പെടുമായിരുന്നു. അവളെ സ്വീകരിക്കുന്നത് 'പൗരുഷ'ത്തിനു ചേര്‍ന്നതല്ലെന്നായിരുന്നു അയാളുടെ നിലപാട്. അതായത് അയാളുടെ സ്നേഹം സോപാധികമായിരുന്നു.) നിരുപാധികസ്നേഹം എവിടെയെങ്കിലുമുണ്ടോ എന്ന അന്വേഷണമാണ് അംബ വ്യാസനെ സമീപിക്കുന്നതിനു പ്രചോദനമായി നോവലിലെ ഉപോദ്ഘാതത്തില്‍ വിഭാവനം ചെയ്യപ്പെടുന്നത്. ജന്മപരമ്പരകളിലൂടെ അന്വേഷണം തുടരാനാണ് അദ്ദേഹം ഉപദേശിച്ചത്. അദ്ദേഹത്തിന്റെ സ്വന്തം അമ്മയൊഴികെ ഇതിഹാസത്തിലെ ഒരു കഥാപാത്രത്തിനും അതില്ല. ആ അമ്മയ്ക്കും വ്യാസോത്പത്തിക്കു ഹേതുവായ സ്നേഹത്തിന്റെ സന്ദര്‍ഭത്തില്‍ മാത്രമേ ഉപാധിചിന്ത ഉണരാതിരുന്നുള്ളൂ. അങ്ങനെ അംബ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യപാദത്തില്‍ എഴുത്തുകാരനായി പ്രശസ്തനായ വ്യക്തിയുടെ ഭാവനാവ്യാസത്തിലെത്തിപ്പെടുന്നു.

സമൂഹാബോധചേതസ്സില്‍ അമ്മയും നിലാവുമായുള്ള ഏകീഭാവം നിലനില്ക്കുന്നു. അമ്മയുടെ പര്യായംതന്നെയായ (അമ്മയും നിലാവുമുള്ളപ്പോള്‍ പേടി വേണ്ടാ) ചന്ദ്രികയുടെ മകളായിട്ടാണ്, നമ്മുടെ കാലഘട്ടത്തില്‍ അംബ അവതരിക്കുന്നത്. ഇതിഹാസത്തിലെ അംബ വ്യാസനോടു ഒരു ചോദ്യം ചോദിക്കുന്നതായി നോവല്‍ കര്‍ത്താവ് വിഭാവനം ചെയ്യുന്നു: 'അനുജത്തിമാരെപ്പോലെ താനും താങ്കളെ പ്രാപിച്ചിരുന്നെങ്കില്‍ പിറക്കുന്ന സന്തതി എപ്രകാരമാവാനാണ് വിധിക്കപ്പെടുക?' 'സ്വേച്ഛയോടെ ആവില്ല എന്നെ പ്രാപിക്കുന്നത്. അതിനാല്‍ സ്വേച്ഛയോടെ കൈകാലുകള്‍ പോലും ചലിപ്പിക്കാനാവാത്ത ഒരു മകന്‍' എന്നായിരുന്നു  ഉത്തരം. നോവലിലെ  അംബ പ്രസവിക്കുന്നത് ആ ലക്ഷണങ്ങളൊത്ത മകനെയാണ്. ഇതിഹാസത്തിലെ അംബ തേടുന്ന നിരുപാധികസ്നേഹം തന്നില്‍ത്തന്നെ കണ്ടെത്താന്‍ വിധിക്കപ്പെട്ടവളായതിന്റെ ഫലമാണ് ഈ വിപര്യയം. വ്യാസന്റെ കഥാപാത്രമായ കൃഷ്ണന്‍ അംബയുടെ ചോദ്യത്തിന് പരോക്ഷമായി ഉത്തരം നല്കിയിട്ടുണ്ട്. ആ ഉത്തരത്തിലുമുണ്ട് 'അമ്മ' എന്ന പ്രതീകകല്പന. സഹയജ്ഞാഃ പ്രജാഃ സൃഷ്ട്യാ പുരോളവാച പ്രജാപതിഃ അനേന പ്രസവിഷ്യധ്വം ഏഷവോളസ്ത്വിഷ്ടകാമധുക്.

ഇത് വേദത്തില്‍ നിന്നുദ്ധരിച്ച മന്ത്രത്തിന്റെ അര്‍ഥംതന്നെയാണ് ഉള്‍ക്കൊള്ളുന്നത്. 'പ്രജാപതി എല്ലാ പ്രജകളേയും സഹയജ്ഞരായി സൃഷ്ടിച്ചിട്ടുണ്ട്. ഇതുകൊണ്ടു നിങ്ങള്‍ വളര്‍ച്ച പ്രാപിക്കുക. യജ്ഞം കാമധേനുവിനെപ്പോലെ നിങ്ങള്‍ക്ക് അഭീഷ്ടം ചുരത്തിത്തരും.' സഹയജ്ഞരായി സൃഷ്ടിക്കപ്പെടുകയെന്നതിനര്‍ഥം മനുഷ്യജനുസ്സിന്ന് സഹജമാണ് ത്യാഗവാസന എന്നത്രേ. പക്ഷേ അതിനെയല്ല ഭോഗവാസനയെയാണ് അവര്‍ പോഷിപ്പിക്കാറ്. അപ്രകാരമാവാതെ ത്യജിച്ചത്തിനുശേഷം ഭുജിക്കുക എന്നാണ് ഉദ്ബോധനം. (യജ്ഞ ശിഷ്ടാശനഃ സന്തോ  മുച്യന്തേ സര്‍വകില്ബിഷൈഃ) പ്രസവിഷ്യധ്വം എന്ന ക്രിയയും കാമധേനുവെന്ന നാമവും അമ്മയെന്ന പ്രതീകത്തിനു സൂചകങ്ങള്‍. യാജ്ഞവല്ക്യ വചസ്സുകളിലും (ബൃഹദാരണ്യകത്തില്‍ മൈത്രേയിയോട്) 'ത്യക്തേനഭുഞ്ജീഥാഃ' എന്ന ഈശാവാസ്യവാക്യത്തിലും ഉക്തമായ തത്ത്വത്തിന്റെ പ്രതിനിധ്വനിയാണ് കൃഷ്ണവചസ്സുകള്‍. അവ കേള്‍ക്കാന്‍ വേണ്ടിടത്തോളം ജീവിക്കാതെ ജീവിതത്തെ അഗ്‌നിപ്രവേശത്തിലൂടെ ഭസ്മസാത്കരിച്ചവളാണ് അംബ. നമ്മുടെ കാലഘട്ടത്തിലെ ഒരു കവി 'നിരുപാധികമാം സ്നേഹം ബലമായി വരുംക്രമാല്‍' എന്ന് താന്‍ ചമച്ച ഇതിഹാസത്തില്‍ ശപഥം ചെയ്യുന്നുണ്ടെങ്കിലും അത് എവിടെ കണ്ടെത്താം എന്നു വ്യക്തമാക്കുന്നില്ല.

നോവലിലെ അംബ താനൊരു ഐതിഹാസിക കഥാപാത്രത്തിന്റെ പുനരവതാരമാണെന്നറിയുന്നില്ലെങ്കിലും (അറിയുന്നവളായിട്ടല്ല അവള്‍ സൃഷ്ടിക്കപ്പെട്ടത്) അവളുടെ അബോധചേതസ്സില്‍ നിരുപാധിക സ്നേഹം തേടുന്ന അംബ തേജോരൂപിണിയായി വര്‍ത്തിച്ച് അവളുടെ വികാരങ്ങളെയും കര്‍മങ്ങളെയും ത്വരിപ്പിച്ചുകൊണ്ടിരിക്കുന്നു. ആ മാതൃപ്രതീകം നേരത്തേ സൂചിപ്പിച്ചതുപോലെ, നിരാപാധികസ്നേഹം നിഷേധിക്കപ്പെട്ട അംബയും ഭൂമാതാവും വ്യാസമാതാവായ സത്യവതിയും ചേര്‍ന്ന മിശ്രിതസത്തയാണ്. (മിശ്രലോഹത്തിന് കരുത്തു കൂടും) പരാശരന്‍ മത്സ്യഗന്ധിയെ കസ്തൂരിഗന്ധിയാക്കിപ്പുണര്‍ന്ന കഥയുടെ ഒരു 'സ്മാരകശില' പോലെ തിമിംഗലത്തിന്റെ ആകൃതിയുള്ള സമുദ്രശിലയിലേക്ക് നവയുഗത്തില്‍ പിറന്ന  കഥാകൃത്തിന്റെ അബോധചേതസ്സിലുള്ള സത്യവതീപരാശരദ്വയമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. പുരാണമിഥുനത്തെപ്പോലെത്തന്നെയാണ് അംബയും കൂട്ടുകാരനും നിരുപാധിക സ്നേഹത്തോടെ സംഗമിക്കുന്നത്. നിരുപാധിക സ്നേഹസംഗമത്തില്‍നിന്നു പിറന്ന പുത്രനില്‍നിന്നും ആവശ്യമുള്ളപ്പോള്‍ സ്മരണമാത്രയില്‍ പ്രത്യക്ഷപ്പെടാമെന്ന ഉറപ്പ് സത്യവതിക്ക് അനപേക്ഷിതമായി കിട്ടുന്നു. വംശവൃദ്ധിക്കായി ആ പുത്രന്റെ സഹായം തേടിയപ്പോള്‍, തന്നെ നിരുപാധികമായി സ്നേഹിക്കാന്‍ രാജകുമാരിമാര്‍ക്ക് കഴിയണമെങ്കില്‍ അവര്‍ക്കു ഒരു വ്രതാനുഷ്ഠാനകാലം കാത്തിരിക്കേണ്ടതുണ്ടെന്ന അനിവാര്യമായ 'ഉപാധി' ഋഷി ഉന്നയിച്ചു. ആ വ്യവസ്ഥ സത്യവതി സ്വീകരിക്കാതിരുന്നതാണ് പിന്നീടു സംഭവിച്ച വംശനാശത്തിന്റെ അടിസ്ഥാനഹേതു.

നവയുഗത്തിലെ അംബയും കൂട്ടുകാരനും നിരുപാധികസ്നേഹത്തിന്റെ പാരമ്യത്തില്‍ ഒന്നാകുന്നതിനു മുന്‍പോ പിന്‍പോ ഉപാധികളൊന്നുംതന്നെ രണ്ടുപേരും ഉന്നയിക്കുന്നില്ല. നമ്മുടെ കാലഘട്ടത്തിലെ ലൗകികനീതിയിലുള്ള ഒരു പ്രണയകഥയില്‍, രണ്ടുപേര്‍ക്കും പരിണയേച്ഛയുണ്ടാകുന്നതാണ് സ്വാഭാവികം. അതല്ലെങ്കില്‍ അന്യോന്യം വഞ്ചിക്കാനിറങ്ങിപ്പുറപ്പെട്ടവരാവണം. അത്രമേല്‍ പരസ്പരം സ്നേഹിച്ച അംബയും കൂട്ടുകാരനും ദ്വീപശിലയില്‍ വ്യാസജനയിതാക്കളെപ്പോലെ ഒന്നാകുംമുന്‍പ് പരിണയത്തിന്നിച്ഛിക്കാത്തതെന്തുകൊണ്ടെന്നോ, വിവാഹനിശ്ചയത്തിനുശേഷം അമ്മയെപ്പോലും വഞ്ചിച്ച് കാമുകനെ പ്രാപിക്കാന്‍ അംബ ഒരുങ്ങിയതിലെ അനിവാര്യസാഹചര്യങ്ങളെന്തെന്നോ, യുക്തിനീതമായ രീതിയില്‍ കഥയെ സമീപിക്കുന്നവരെ ബോധ്യപ്പെടുത്തത്തക്കവണ്ണം ആഖ്യാനത്തില്‍ വിശദീകരിക്കപ്പെടുന്നില്ല. അതൊരു പക്ഷേ അംബയുടെ മനസ്സില്‍ മാത്രം സംഭവിക്കുന്ന സംഗമവുമാകാം. സംഗമത്തില്‍നിന്ന് സ്വാഭാവികമായി സംഭവിച്ചേക്കുമെന്ന് പ്രതീക്ഷിക്കേണ്ടുന്ന അനന്തരഫലം നിരുപാധിക സ്നേഹഭാജനത്തിന് വൈകാരികശിലാഭാരമാവരുതെന്ന കരുതലില്‍ 'ഉറ'യെന്ന സുരക്ഷാകവചം കൂട്ടുകാരന്‍ കൊണ്ടുവന്നിരുന്നു. അത് അക്ഷരാര്‍ഥത്തില്‍ കാറ്റില്‍ പറത്തിയത് അംബയാണ്. പൗരാണിക ആദിപ്രരൂപത്തിന്റെ നിരുപാധിക സ്നേഹത്തിനു വേണ്ടിയുള്ള തൃഷ്ണ, അബോധാത്മകമായി ആത്മവിസ്മാരകമായ ആവേശമായി ഉയിര്‍ത്തെണീറ്റു എന്നാണ് ഈ സ്ഥിതിവിശേഷത്തെ വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നത്. പരാശരസത്യവതീദ്വയത്തിന്റെ സാന്നിധ്യം സമുദ്രശിലയിലെ ഏകാന്തതയില്‍ ഉയിര്‍പ്പിക്കുന്നതും, ഐതിഹാസികമായ ആദി പ്രതീകസത്തകള്‍ 'ആകര്‍ഷിക്കാനും വിശ്വസിപ്പിക്കാനും വിസ്മയപ്പെടുത്താനും അഭിഭൂതമാക്കാനും' (To attract, convince, fascinate and overpower) എന്നു യുങ് ഉപയുക്തമാക്കിയ പദാവലി ഉള്ള ശക്തികളോടെ അനുവാചകചേതസ്സിനെ പിടിച്ചടക്കുന്നതും ആണ് യുക്തിവിചാരങ്ങള്‍ക്കു ഒഴിവുകൊടുക്കുന്ന രീതിയില്‍ സംഭവങ്ങള്‍ സ്വയംഭൂക്കളെന്നപോലെ നിരക്കുന്നതിലെ കലാത്മകരഹസ്യം.

സത്യവതിക്ക് ഏതു പ്രതിസന്ധിയിലും ആശ്രയിക്കാവുന്ന കരുത്തനായ സന്തതി നല്കിയ വാഗ്ദാനമെന്ന പിന്‍ബലമുണ്ടായിരുന്നു. നിരുപാധികസ്നേഹം നിരാകരിക്കപ്പെട്ടവളാണ് ഇതിഹാസത്തിലെ അംബ- ഗതികിട്ടാതലയുന്ന പ്രേതത്തെപ്പോലെ അലയാന്‍ വിധിക്കപ്പെട്ടവള്‍. പുറമേ തേടിയത് ഒടുവില്‍ തന്നില്‍ത്തന്നെ കണ്ടെത്താന്‍ വിധിക്കപ്പെട്ടവളാണ് നോവലിലെ അംബ. അതിനാലാണ് ഉപാധിയോ പരാതിയോ ഇല്ലാതെ കാമുകനും സന്തതിക്കും 
സ്നേഹം ആറ്റുനീരെന്നപോലെ അവളില്‍നിന്നൊഴുകിയത്. ഇതിഹാസത്തിലെ അംബയുടെ അലച്ചിലിന്റെ ഒരുഘട്ടത്തില്‍ അവള്‍ ഒരു പുഴയായി രൂപാന്തരപ്പെടുന്നു. (ഭൂമിയെന്നപോലെ പുഴയും കാടും മറ്റും അമ്മമാര്‍തന്നെ; സത്യവതി രണ്ടാമത് പരിണയിച്ച ശന്തനുവിന്റെ ആദ്യപത്നി ഗംഗാനദിയുടെ രൂപാന്തരപ്രാപ്തിയായ മാനുഷിയാണല്ലോ.) നോവലിലെ അംബയ്ക്ക് സ്നേഹം ഒഴുക്കിക്കൊണ്ടേയിരിക്കുകയെന്ന അവസ്ഥ സഞ്ചാരിഭാവമല്ല, സ്ഥായിഭാവമാണ്. അംബയും ആറും ചേര്‍ന്ന ഐതിഹാസികരൂപകം എഴുത്തുകാരന്റെ ബോധചേതസ്സില്‍ ഉണ്ടായാലുമില്ലെങ്കിലും അബോധചേതസ്സില്‍ സുശക്തമായി പ്രവര്‍ത്തിക്കുന്നുവെന്നതില്‍, യുങ്ങിയന്‍ മാനസികാപഗ്രഥന പദ്ധതിയില്‍ ചിന്തിക്കുന്നവര്‍ക്കു സംശയമേ ഉണ്ടാവില്ല. ഒരിക്കലും 'എടുക്കാന്‍' ഇച്ഛിക്കാതെ എല്ലായ്പോഴും 'കൊടുക്കാന്‍' വെമ്പിക്കൊണ്ടിരിക്കുന്ന കരുണാമയിയെന്ന അമ്മയും നോവലിലെ അംബയിലൂടെ ഉയിര്‍ത്തെഴുന്നേല്ക്കുന്നു- ആ ആദിപ്രരൂപം നമ്മെ 'ആകര്‍ഷിക്കുന്നു, വിശ്വസിപ്പിക്കുന്നു, വിസ്മയപ്പെടുത്തുന്നു, അടിപ്പെടുത്തുന്നു.' അത്തരം കാന്തികാകര്‍ഷണവലയത്തില്‍ (Magnetic Field) പെട്ടുപോവുമ്പോള്‍ കഥാപാത്രമെന്നപോലെ കഥാപാത്രവുമായി തന്മയീഭവിക്കുന്ന വായനക്കാരനും യുക്തിവിചാരത്തിന്റെ ഇടപെടലുകള്‍ക്ക് വിധേയനാവുന്നില്ല. ഇടശ്ശേരിയുടെ 'കാവിലെ പാട്ടി'ല്‍ ആത്മബലി ചെയ്യുന്ന കുമാരന്റെ അമ്മ ഈ വകുപ്പിലും 'ചോരവീഴ്ത്തിച്ചോരവീഴ്ത്തി തര്‍പ്പണം ചെയ്യാന്‍' ആജ്ഞാപിക്കുന്ന രൗദ്രകാളി മനുഷ്യന് സ്തന്യം നല്കി വളര്‍ത്തുകയും ഒടുവിലവന്റെ രക്തം കുടിക്കുകയും ചെയ്യുന്ന ഭൂമാതാവിന്റെ വകുപ്പിലും പെടുന്നു. ഈ വിരുദ്ധദ്വന്ദ്വം തുല്യശക്തിയില്‍ വായനക്കാരന്റെ ചേതസ്സിനെ അടിപ്പെടുത്തുന്നതുകൊണ്ട് അന്ധവിശ്വാസം, അവിശ്വസനീയത മുതലായ യുക്തിവാദപ്രതിഷേധങ്ങള്‍ കാവ്യാസ്വാദനത്തില്‍ സംഭവിക്കുന്നില്ല. മഹാമാതാവെന്ന ഇതേ ആദിപ്രതീകത്തിന്റെ സ്വാധീനശക്തിക്കാണ് 'പണിമുടക്കം' എന്ന കവിത വായിക്കുമ്പോഴും നാം അടിപ്പെട്ടുപോകുന്നതെന്ന അന്തരംഗസത്യത്തെയല്ല വിപ്ലവവീര്യത്തെയാണ് കവിതയുടെ ശക്തിയായി യുക്തിവിചാരശീലര്‍ കണ്ടെത്തുക (എല്ലാം കൊടുക്കുന്നവളായ അമ്മ ആ കവിതയില്‍).

നിരുപാധികസ്നേഹം കൊടുക്കാന്‍ നിയുക്തയായ ഒരു കഥാപാത്രത്തെ നോവലില്‍ 'കുടിയിരുത്താന്‍' (കാവുകളില്‍ അമ്മദൈവത്തെയെന്നപോലെ) ഒരെഴുത്തുകാരന് അന്തഃപ്രേരണയുണര്‍ത്തിക്കൊടുക്കുന്നത് അബോധചേതസ്സിന്റെ അടിത്തട്ടില്‍ കുടിയിരിക്കുന്ന മഹാമാതൃചേതനതന്നെയാണ്. ആ ചേതനയെ ബോധചേതസ്സിലേക്ക് ഉയിര്‍പ്പിക്കുന്ന കലാതന്ത്രമാണ് നോവലിന്റെയും കഥാപാത്രത്തിന്റെയും സ്വപ്നങ്ങള്‍. സ്വപ്നഘടനയെന്ന കലാതന്ത്രവും ഒരു വെളിപാടുതന്നെ- സ്വയംഭൂവായ രൂപകല്പനകള്‍പോലെ. നോവലിസ്റ്റ് കഥാപാത്രത്തെ സ്വപ്നം കാണുമ്പോള്‍ സ്വപ്നത്തിലെ കഥാപാത്രം നോവലിസ്റ്റിനെ സ്വപ്നം കാണുന്നതായ വിചിത്രവിഭാവനം ചന്ദ്രനിലെ അങ്കത്തില്‍ ഭ്രൂണസ്വരൂപം കാണുന്ന സ്വയംഭൂവായ രൂപകംപോലെ ഹൃദ്യവും ഭാസുരവുമായി അവതരിപ്പിച്ചിരിക്കുന്നു. സ്വപ്നത്തിലെ അംബ സ്വപ്നം കാണുന്ന പുരുഷന്‍, അവളുടെ രുഗ്ണനായ സന്തതിയെ കൊന്നതിന് തുറുങ്കിലടയ്ക്കപ്പെട്ടവനും കണ്ണീര്‍ ചൊരിഞ്ഞുംകൊണ്ട് അവളെ വിളിച്ച് നിലവിളിക്കുന്നവനുമായി പ്രത്യക്ഷ്യപ്പെടുത്തുന്നത് കിടിലം കൊള്ളിക്കുന്ന ഒരു ഭീകരസുന്ദരസങ്കല്പമാണ്; സ്വപ്നത്തിലെ കഥാപാത്രം ഉടലോടെ, ഉയിരോടെ, പ്രത്യക്ഷപ്പെടുന്നതുപോലെത്തന്നെ. നോവലിസ്റ്റ് നോവലിലെ കഥാപാത്രമാവുകയും കൊലക്കുറ്റം ചെയ്തില്ലെങ്കിലും ചെയ്തുവെന്ന് സംശയിക്കപ്പെടുകയും ചെയ്യുന്ന തരത്തില്‍ സാഹചര്യങ്ങള്‍ വിഭാവനം ചെയ്തതിന്റെ ആകര്‍ഷണശക്തിയാണ് സമുദ്രശിലയിലെ ഇതിവൃത്തത്തെ ഗംഭീരവും വ്യത്യസ്തവും ഉദ്വേഗജനകവുമാക്കുന്നത്. ആദിപ്രരൂപങ്ങളുടെ കാന്തികാകര്‍ഷണശക്തിയെന്ന് മനോവിജ്ഞാനീയപരമായി വ്യാഖ്യാനിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് 'മാജിക്കല്‍ റിയലിസം' പോലുള്ള കലാതന്ത്രസങ്കല്പങ്ങളെ ആശ്രയിക്കാം. എന്നാല്‍ ആദിപ്രരൂപപരമായ വ്യാഖ്യാനത്തിലൂടെ നോവലിനുണ്ടാകുന്ന ഐതിഹാസികവ്യാപ്തം അത്തരം സമീപനങ്ങള്‍ ഉളവാക്കുകയില്ല.

ഉപാധിയോടുകൂടാത്ത സ്നേഹത്തിന്റെ അന്വേഷണത്തിനായി ജന്മപരമ്പരകള്‍ വിധിക്കപ്പെട്ട അംബയെന്ന ഇതിഹാസകഥാപാത്രം സ്വയം അതിന്റെ ആകാരമായി അവതരിക്കാനാണ് നോവല്‍കര്‍ത്താവ് വിധിക്കുന്നത്. അപ്രകാരം 'എടുക്കാന്‍' ഇച്ഛിക്കാതെ 'കൊടുക്കാന്‍' മാത്രം വ്യാപരിക്കുന്ന 
സ്നേഹമാണ് ആത്മാവിനെ ധന്യമാക്കുന്നത് അഥവാ 'ആത്മാര്‍ഥം' ആകുന്നത് എന്ന യാജ്ഞവല്‍ക്യദര്‍ശനത്തിന്റെ പൊരുള്‍ സാക്ഷാത്ക്കരിക്കാന്‍ ഏറ്റവും ഉതകുന്ന നിദര്‍ശനം സ്നേഹിക്കപ്പെടുന്ന നിത്യരുഗ്ണവ്യക്തിക്കു നല്കുന്ന പരിചരണമാണ്. അംബ അമ്മയെയും മകനെയും പരിചരിക്കുന്നതിലും ഗൃഹത്തിലെ സഹായിക്ക് ഉദാരമായി ധനം ദാനം ചെയ്യുന്നതിലും തന്റെ പൂര്‍വാര്‍ജിതസ്വത്ത് രുഗ്ണരുടെ സേവനം വ്രതമാക്കിയ വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയുക്തമാകാന്‍ ഏര്‍പ്പാടു ചെയ്യുന്നതിലും നിരുപാധികസ്നേഹം പ്രചോദനമായി ഭവിക്കുന്നു. മകനു സന്തുഷ്ടി നല്കുന്നതെന്തോ അതെല്ലാം അമ്മയെന്ന ഏതു യജ്ഞസ്വരൂപിണിയും ചെയ്യാവുന്നപോലെ അംബയും ചെയ്യുന്നതിനു പുറമേ, അഗ്‌നിസാത്കരിച്ച ഇതിഹാസകഥാപാത്രത്തെപ്പോലെ ശക്തിസ്വരൂപിണിയായ ഒരു അമ്മയ്ക്കു മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു ആത്മബലിദാനംകൂടി നോവലിലെ അംബ നിര്‍വഹിക്കുമ്പോള്‍, അന്വേഷിച്ചതെന്തോ അതു കണ്ടെത്തിയതിലെ നിര്‍മമശാന്തി അവള്‍ അനുഭവിക്കുന്നതായി സാക്ഷ്യപ്പെടുത്തിയത്, നിര്‍മമസ്നേഹത്തിന്റെ ശക്തിഗോപുരത്തിലേക്ക് ആരോഹണം ചെയ്ത അഭിനവ വ്യാസനാക്കി നോവല്‍കര്‍ത്താവിനെ ഉയര്‍ത്തുന്നു. സ്വന്തം അന്ത്യം അടുത്തുവെന്നറിയുമ്പോള്‍ മകനെ ഉപാധികൂടാതെ സ്നേഹിക്കാനറിയാത്ത അപരരുടെ ക്രൂരഹസ്തങ്ങളിലേല്പിക്കുന്നതിനെക്കാള്‍ എന്നേക്കുമായി ദുരിതമവസാനിപ്പിച്ചുകൊടുക്കലാണ് ഉപാധിയില്ലാത്ത സ്നേഹത്തിന്റെ നിര്‍വികാരധീരതയെന്ന് നോവലിലെ അംബ തിരിച്ചറിയുന്നു. ഈ 'സ്നേഹക്കൊല'കൂടി ചെയ്യാന്‍ കരുത്തുള്ള അമ്മമാര്‍ വേറേയുമുണ്ടാവും. സുഗതകുമാരിയുടെ 'കൊല്ലേണ്ടതെങ്ങനെ' എന്ന കവിതയിലുള്ളതുപോലെ. എന്നാല്‍, മകന്‍ അത്രയേറെ കൊതിക്കുന്ന രതിമൂര്‍ച്ഛയുടെ ആനന്ദം അനുഭവപ്പെടുത്തിക്കൊടുക്കാന്‍ (മറ്റൊരു പെണ്‍പിറന്നവളെ കിട്ടുകയില്ലെന്നതിനാല്‍) സ്വന്തം ഉടല്‍തന്നെ ഉപകരണമാക്കുകയെന്ന തീരുമാനമെടുക്കാന്‍ വിഷം കൊടുത്തു നിഹനിക്കുന്നതിന്റെ പതിന്മടങ്ങു ധീരത വേണം- സ്വയം അഗ്‌നിസാത്കരിച്ച ഇതിഹാസത്തിലെ അംബയുടേതിനു തുല്യമായ ധീരത. ഇതിഹാസത്തിലെ അഗ്‌നി പഞ്ചഭൂതങ്ങളിലൊന്നായ അഗ്‌നിതന്നെയായിരുന്നു. രതിയുടെ ഉപമാനമായി അഗ്‌നി ഋഗ്വേദത്തിലെ സോമസൂര്യാവിവാഹത്തില്‍ കല്പിക്കപ്പെട്ടു. അക്കാലം മുതല്‍ മാനവചേതനയുടെ അടിത്തട്ടില്‍ അഗ്‌നി അപ്രകാരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. (നമ്മുടെ കാലഘട്ടത്തിലെ രണ്ടു കവികള്‍ ഈ 'തീ'യിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. 'തീയുകൊണ്ടുള്ളൊരിക്കളി' എന്ന് ഒളപ്പമണ്ണ നങ്ങേമക്കുട്ടിയിലും 'അരിവെപ്പോന്റെ 'തീ'യില്‍ച്ചെന്നീയാംപാറ്റ പതിക്കവേ' എന്ന് ഇതിഹാസത്തില്‍ അക്കിത്തവും.) ആ അഗ്‌നിയിലാണ് നോവലിലെ അംബ സ്വയം ഹോമിക്കുന്നത്- 'ഇദം ന മമ' എന്ന നിര്‍മമതയോടെ. ആ സ്വാത്മഹോമത്തെ അപ്രകാരം കാണാനാവാതെ അശ്ലീലമെന്നു വിശേഷിപ്പിച്ച് നോവലിസ്റ്റിനു നേരേ വാളെടുക്കുന്നവരുണ്ടാവാം. അക്കൂട്ടരെ അവഗണിച്ചുകൊണ്ടാണ് ധീരതയോടെ നോവലിസ്റ്റ് തന്റെ കഥാപാത്രങ്ങള്‍ക്ക് അത്തരമൊരന്ത്യം വിഭാവനം ചെയ്തിരിക്കുന്നത്. പ്രാചീനരുടെ 'കര്‍മസാക്ഷി' സങ്കല്പത്തിലുള്ള പ്രകൃതിശക്തികളിലൊന്ന് ചന്ദ്രനാണല്ലോ. ('ചന്ദ്രന്റെ ചിരി'യെന്ന വൈലോപ്പിള്ളിക്കവിതയില്‍ ഈ കര്‍മസാക്ഷിയുടെ പ്രഭാവമാണ് വിഷയം.) ഭ്രൂണാവസ്ഥമുതല്‍ക്കേ ചന്ദ്രനുമായി എല്ലാ മനുഷ്യര്‍ക്കുമുള്ളതില്‍ക്കവിഞ്ഞ- ജ്യോതിഷത്തില്‍ മനസ്സിന്റെ സാക്ഷിയാണ് (ഗ്രഹമാണ്) ചന്ദ്രനെന്ന് ഓര്‍ക്കുക- ഒരു ഗാഢബന്ധമുണ്ടെന്നു തെളിയിച്ചിട്ടുള്ള സുഭാഷ് ചന്ദ്രനു മാത്രമേ ആ അന്ത്യസംഭവം ഒരു രക്തചന്ദ്രോദയപൗര്‍ണമിയിലാവണമെന്ന് സങ്കല്പിക്കാന്‍ കഴിയൂ. അംബ അവളുടെ ആത്മഹോമകര്‍മം പൂര്‍ത്തിയാക്കി രക്തച്ചൊരിച്ചിലോടെ വീഴുന്ന രംഗത്തിന് ആ രക്തചന്ദ്രന്‍ മാത്രമാണ് സാക്ഷി. ചന്ദ്രോദയത്തില്‍ വേലിയേറ്റംകൊള്ളുന്ന (ചന്ദ്രോദയത്തില്‍ 'കിഞ്ചിത് പരിവൃത്ത ധൈര്യനാകുന്ന അംബുരാശി'യെന്നു കുമാരസംഭവത്തില്‍ കാളിദാസന്‍) സമുദ്രത്തിലെ ശിലാതലത്തില്‍വെച്ച് ഊറിക്കൂടിയതെന്ന് അംബ കല്പിച്ചാനന്ദിക്കുന്ന ഒരു മാനവജനുസ്സിന്റെ അന്ത്യത്തിന് രക്തം ചൊരിയുന്ന ചന്ദ്രനെ സാക്ഷിയാക്കിയിരിക്കുന്നു. കാളിദാസീയമായ ഔന്നത്യത്തിലാരോഹണം ചെയ്ത വിഭാവനശക്തിയായി ഇതിനെ 'കണ്ണുള്ളവരെല്ലാം' കാണും; കാണേണ്ടതാണ്. (കാണുന്നില്ലെങ്കില്‍ കാണാന്‍ സഹായിക്കുന്നത് കാണാന്‍ കഴിഞ്ഞവരുടെ കര്‍ത്തവ്യമാണെന്ന തോന്നലാണ്, ഈ പഠനത്തിന് ചിന്താശക്തിയുടെ അസ്തമയകാലമായിട്ടും അതിലേക്കു നീങ്ങിയിട്ടില്ലാത്ത എന്നെ സന്നദ്ധയാക്കിയത്.)

നോവലിലെ അംബാപുരാണം മാത്രം വ്യാഖ്യാനിക്കാനാണ് ഇതുവരെ തുനിഞ്ഞത്. അബ്നോര്‍മല്‍ സൈക്കോളജിയുടെ മറ്റുചില തലങ്ങള്‍ (ബഷീറിന്റെ മരുമകള്‍സ്ഥാനത്തെത്തിയ ഡോക്ടറുടെ പരിചയത്തിലുള്ള ഒരുവളുടെ ചെക്കോവിലേക്കുള്ള യാത്രാവിവരണംപോലെ ചിലത് ഉപാഖ്യാനമായിച്ചേര്‍ത്തതും ദിനേഷ് കുമാറെന്ന വിരലടയാളവിദഗ്ധനെ കഥാപാത്രമാക്കിയതും മറ്റും നോവലിനെ ആകര്‍ഷകമാക്കിയ മറ്റു വൈചിത്ര്യങ്ങള്‍) വേറെയുമുണ്ട്. ഈ നോവലിലെ ആഖ്യാനശൈലിക്ക് അപ്രതിമമായ പെരുമയുണ്ടാക്കുന്നത് നൂറുകണക്കിനുള്ള രൂപകസൃഷ്ടികളാണ്. അവ സമാഹരിക്കുന്നത് ശൈലീപരമായ അപഗ്രഥനത്തിനുള്ള അവശ്യ സജ്ജീകരണമാവും. ആഖ്യാനഭാഷയെന്ന മാധ്യമത്തിന് ആഖ്യാതജീവിതകഥയോളംതന്നെ പ്രാമുഖ്യമുണ്ട്, കവിതയിലെന്നപോലെ മറ്റു സാഹിത്യശാഖകളിലും. അത്തരം പാരായണത്തിനുള്ള ശ്രമമാണ് ഇനി കരണീയം. ഈ പഠനത്തില്‍ ലക്ഷ്യമാക്കിയിരിക്കുന്നത്, ഇതിവൃത്തത്തിലെ അംഗിയായ കഥാഖ്യാനത്തിന് ആദിപ്രരൂപപരമായ വ്യഖ്യാനം നല്കുക മാത്രമാണ്. ഈ വ്യാഖ്യാനം ഉള്‍ക്കൊണ്ടില്ലെങ്കില്‍ പാരായണാനുഭൂതി രസാത്മകമാവില്ലെന്ന വിവക്ഷിതം തീരേയില്ല. പഞ്ചസാരയുടെ മാധുര്യം നുകരാന്‍ അതൊരു കാര്‍ബോ ഹൈഡ്രേറ്റ് ആണെന്ന അറിവ് ആവശ്യമില്ല. എന്നാല്‍ പഞ്ചസാരയിലെ മൂലകഘടകങ്ങള്‍ ഏവയെന്ന അറിവ് ഹിതംകരത്വത്തെയോ പ്രിയംകരത്വത്തെയോ ശാസ്ത്രീയസത്യാന്വേഷണത്തോടെ സമീപിക്കുന്നവര്‍ക്ക് ഉണ്ടാകേണ്ടതാണ്. ശാസ്ത്രീയസത്യങ്ങള്‍ക്കുതന്നെ പല തലങ്ങള്‍ ഉണ്ടാവാം. വെളിച്ചം നേര്‍രേഖയില്‍ മാത്രം സഞ്ചരിച്ച ഒരു കാലമുണ്ടായിരുന്നു. തരംഗമായും ക്വാണ്ടമായും മറ്റും സഞ്ചരിക്കുന്ന തലങ്ങള്‍ വഴിയേ വന്നു. 

ഭൗതികശാസ്ത്രശാഖകളിലെന്നപോലെ പുതിയ സത്യങ്ങള്‍ പഴയവയെ കാലഹരണത്തിന്നധീനമാക്കുന്ന അവസ്ഥ കലാസാഹിത്യാദികളില്‍ പ്രസക്തമല്ല. 'അസ്ത്യനേകോ ഗിരാം മാര്‍ഗഃ' എന്ന സത്യത്തിന് വാങ്മയകലാസൃഷ്ടിയിലും വാങ്മയകലാനിരൂപണത്തിലും നിലനില്പുണ്ട്. ആദിപ്രരൂപപരമായ നിരൂപണത്തിന് കവിതാശാഖയില്‍ നിദര്‍ശനങ്ങള്‍ സമൃദ്ധമായിരിക്കുന്നതുപോലെ നോവല്‍ശാഖയിലുണ്ടെന്നു തോന്നുന്നില്ല. ആ നിരൂപണത്തിന്റെ 'മാര്‍ഗ'ത്തിലൂടെ കുറെക്കാലം സഞ്ചരിച്ച ഒരാള്‍ എന്ന നിലയ്ക്കാണ് ഈ വ്യാഖ്യാനത്തിനു ഞാന്‍ എന്നെത്തന്നെ നിയുക്തയാക്കിയത്.