തൃശ്ശൂര്‍: മാതൃഭൂമി പുസ്തകോത്സവം പാറമേക്കാവ് അഗ്രശാലയില്‍ തുടങ്ങി. സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സുഭാഷ് ചന്ദ്രന്‍ എഴുതിയ 'സമുദ്രശില' എന്ന നോവലിന്റെ 25-ാം പ്രത്യേക പതിപ്പിന്റെ പ്രകാശനവും നടന്നു. േനാവലിന്റെ 40,000 കോപ്പികള്‍ വിറ്റഴിഞ്ഞ സാഹചര്യത്തിലാണ് പ്രത്യേക 25-ാം പതിപ്പ് പുറത്തിറക്കിയത്.

To advertise here,

സാഹിത്യകാരന്‍ ഇ. സന്തോഷ്‌കുമാര്‍ ചിത്രകാരി അശ്വതി ബൈജുവിനു നല്‍കി പ്രകാശനം നിര്‍വഹിച്ചു. മാതൃഭൂമി തൃശ്ശൂര്‍ റീജണല്‍ മാനേജര്‍ വിനോദ് പി. നാരായണ്‍ അധ്യക്ഷനായി. ആകസ്മികമായ സംഭവങ്ങളിലൂടെ കടന്നുപോകുന്ന സുഭാഷ് ചന്ദ്രന്റെ ജീവിതത്തെപ്പോലെയാണ് സമുദ്രശിലയും അനുഭവപ്പെടുകയെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു.

സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിന് വലിയ കാന്‍വാസില്‍ ചിത്രാവിഷ്‌കാരം ഒരുക്കിയതുപോലെ സമുദ്രശിലയ്ക്കും ചിത്രാവിഷ്‌കാരം ഒരുക്കുമെന്ന് അശ്വതി ബൈജു പറഞ്ഞു.

ഒരേസമയം സാഹിത്യരംഗത്തുള്ള രണ്ടുപേര്‍ പരസ്പരം നല്ലതുപറയാത്ത കാലത്തേക്കാണ് സാഹിത്യരംഗം മാറിയതെന്ന് സുഭാഷ് ചന്ദ്രന്‍ മറുപടിപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. കുറച്ചുകാലം മുന്‍പേ ഈയവസ്ഥ രൂക്ഷമായിരുന്നു. പക്ഷേ, ഇപ്പോള്‍ െചറുതായ മാറ്റം കാണുന്നുണ്ട്. 'മനുഷ്യന് ഒരു ആമുഖം' എന്ന നോവല്‍ വായിച്ചവരില്‍നിന്നുണ്ടായ വിമര്‍ശനങ്ങളാണ് 'സമുദ്രശില'യുടെ സൃഷ്ടിയിലേക്ക് നയിച്ചത്. ദ്വയങ്ങളായി കണക്കാക്കാവുന്ന എല്ലാ ഇരട്ട സങ്കല്പങ്ങളെയും സമുദ്രശിലയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.