ഹരിത സാവിത്രിയുടെ ഏറ്റവും പുതിയ നോവലായ കുര്‍ബാന്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. നോവലിന് ഡോ. എം. ലീലാവതി എഴുതിയ അവതാരിക. 

To advertise here,

രോചകവും ഭയാനകവും ജുഗുപ്സാവഹവുമായ വ്യക്തിഗത വൈകാരികാനുഭൂതികള്‍, സാഹിത്യാദികലകളില്‍ വിപരീതാനുഭൂതികളായിത്തീരുന്നത് അവ വ്യക്തിഗതത്വത്തില്‍നിന്നുയര്‍ന്ന് സാധാരണീകൃതമായിത്തീരുന്നതുകൊണ്ടാണെന്ന് സ്ഥാപിച്ചത് പൗരസ്ത്യസാഹിത്യമീമാംസയാണെങ്കിലും അത് പാശ്ചാത്യരും അംഗീകരിച്ചിട്ടുണ്ട്. യുങ്ങിയന്‍ മനഃശാസ്ത്രത്തിന്റെ സംഭാവനയായ 'ആദിപ്രരൂപോന്മീലനം' മേല്‍പ്പറഞ്ഞ ദര്‍ശനത്തോടൊത്തുപോകുന്ന ഒരു ഉപദര്‍ശനമാകുന്നു. മനുഷ്യവര്‍ഗ്ഗത്തിന്റെ അബോധചേതസ്സില്‍, ചരിത്രാതീതമായ അനാദിഭൂതകാലം മുതല്‍ക്കേ രൂപപ്പെട്ടു വേരുറച്ച ചില വൈയക്തികസത്തകളും പ്രാതിഭാസികസത്തകളുമാണ് 'ആദിപ്രരൂപ'മെന്ന പദംകൊണ്ട് വിവക്ഷിതമാകുന്നത്. മഹാത്മാവ്, മഹാപിതാവ്, വീരനായകന്‍, ദിവ്യശിശു, മായാവി-മായാവിനീപ്രരൂപങ്ങള്‍ ഒന്നാം വകുപ്പിലും രൂപാന്തരപ്രാപ്തി, ആത്മബലി-അന്യബലി പ്രക്രിയകള്‍, പ്രയാണം മുതലായവ രണ്ടാംവകുപ്പിലും പെടുന്നു. ആദിപ്രരൂപങ്ങള്‍ക്ക് മനുഷ്യമനസ്സിനെ ആകര്‍ഷിക്കാനും വിസ്മയിപ്പിക്കാനും അഭിഭൂതമാക്കാനുമുള്ള ശക്തി യുക്ത്യതീതമാണ്. അവിശ്വസനീയമായ, വിഭാവനജന്യമായ കഥകള്‍ വിസ്മയാനുഭൂതിയിലൂടെ മാനവചേതസ്സിനെ കീഴടക്കുന്നു.

ബലിപ്രരൂപത്തിന് രണ്ട് ആവിഷ്‌കാരങ്ങളുണ്ട്-ആത്മബലിയും അപരബലിയും. രണ്ടിലും കാരുണ്യത്തിനെതിരായ ക്രൂരതയുടെ വിളയാട്ടമുണ്ടെങ്കിലും രണ്ടും സാഹിത്യാദി സാംസ്‌കാരികാവിഷ്‌കാരങ്ങളില്‍ ചേതസ്സമാകര്‍ഷകങ്ങളായി നിലനിന്നുപോരുന്നു-മലയാളത്തിലെ ചില കവിതകള്‍ ഉദാഹരിച്ചുകൊണ്ട് ഇത് സ്പഷ്ടമാക്കാം. ഇടശ്ശേരിയുടെ 'കാവിലെ പാട്ട്,' 'പണിമുടക്കം,' 'പൂതപ്പാട്ട്,' ജിയുടെ 'ചന്ദനക്കട്ടില്‍,' എന്‍.വിയുടെ 'ഒരു പഴയ പാട്ട്,' 'തീവണ്ടിയിലെ പാട്ട്...' എന്നിങ്ങനെ പതിനാലു തികയാത്ത ഒരു കുമാരന്‍ 'ആത്മബലി' നല്‍കി ദേവിയെ പ്രസാദിപ്പിച്ച് തട്ടകത്തിലെ ഇതരരുടെ ക്ഷേമം സംരക്ഷിക്കുന്നതായി 'കാവിലെ പാട്ടില്‍' സങ്കല്‍പ്പിക്കുന്നു. അതുപോലെത്തന്നെ പത്തു മക്കളെ വിപ്ലവശക്തികളുടെ വിജയത്തിന്‍ പേരില്‍ കുഴിക്കു കൊടുക്കുന്ന അമ്മ,
കുഴിവെട്ടി മൂടുക വേദനകള്‍
കുതികൊള്‍ക ശക്തിയിലേക്കു നമ്മള്‍
എന്ന പാട്ടു പാടുന്നവരില്‍ അണിചേരുന്ന രണ്ടു കഥകളുടെ പിന്നിലും പ്രവര്‍ത്തിക്കുന്ന വൈകാരികോര്‍ജ്ജം ഒരേ ആദിപ്രരൂപത്തില്‍നിന്നാണ് ഉറവകൊള്ളുന്നത്- ബലിപ്രരൂപം.

കുര്‍ബാന്‍ എന്ന നോവലിന്റെ അന്തസ്സത്ത ആരായുമ്പോള്‍, 'ബലിപ്രരൂപ'ത്തിന്റെ പ്രഭാവത്തിന് മനുഷ്യചേതനയെ ഹരിക്കാനും ഭരിക്കാനുമുള്ള ശക്തിയെപ്പറ്റി അനുസ്മരിക്കാതിരിക്കാനാവില്ല.

ബോധോദയത്തിന്റെ പരിണതഫലങ്ങളായി രൂപപ്പെട്ട ചില മാനസികാവസ്ഥകള്‍ വിരുദ്ധദ്വന്ദ്വങ്ങളായി വികസിച്ച് മാനവചേതസ്സില്‍നിന്ന് അടര്‍ത്തിമാറ്റാനാവാതെ നിലനില്‍ക്കുന്നു. ഗതകാലത്തെ സ്മൃതികളും ഭവത്കാലത്തെ അനുഭൂതികളും ഭവിഷ്യത്കാലത്തെക്കുറിച്ചുള്ള ഉത്കണ്ഠകളുളവാക്കുന്നു. വിഭവങ്ങള്‍, ധനം, അധികാരം മുതലായവ കൈയടക്കി ശക്തരാവാന്‍ ചിലര്‍ക്കുള്ള അദമ്യമായ പ്രേരണ, മര്‍ദ്ദനാഭിരതിയായി വളരുന്നതും, ഇതിനെതിരായ നിസ്വാര്‍ത്ഥത സ്നേഹ-കാരുണ്യാഭിരതിയായി വളരുന്നതും മനുഷ്യാസ്തിത്വത്തിലെ ഒരു വിരുദ്ധദ്വന്ദ്വമാണ്. സൗഹൃദം സ്ഥാപിക്കാന്‍ ഉതകുംവിധം ചിരിക്കാനുള്ള കഴിവും ദുഃഖിതനെ ആശ്വസിപ്പിക്കാന്‍ കഴിയുമാറ് കണ്ണീരൊഴുക്കാനുള്ള കഴിവും മനുഷ്യന്റെ സവിശേഷ സിദ്ധികളാണ്. അവ അപരനുവേണ്ടി ത്യാഗമനുഷ്ഠിക്കാനുള്ള വാസനയായി ചേതസ്സില്‍ നിര്‍ലീനമായിട്ടുണ്ട്; എന്നാല്‍, ഭുജിക്കുന്നതിനുള്ള വാസന വികസിക്കുന്നതിന്റെ ഫലമായി വിഭവങ്ങള്‍ വര്‍ദ്ധിപ്പിക്കാനും വികസിപ്പിക്കാനുമുള്ള യത്നങ്ങള്‍ മറ്റു ജന്തുവര്‍ഗ്ഗത്തിനു സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പുരോഗതി മനുഷ്യാസ്തിത്വത്തിനുണ്ടാക്കിയിട്ടുമുണ്ട്. രണ്ടു വാസനകളെയും സന്തുലിതമാക്കി നിലനിര്‍ത്തുമ്പോഴേ മാനവാസ്തിത്വം അര്‍ത്ഥവത്താവുകയുള്ളൂ എന്ന് ഉദ്ബോധിപ്പിക്കുന്നവയാണ് ആത്മീയസംസ്‌കാരത്തിന്റെ മഹത്ത്വം ഘോഷിക്കുന്ന 'മത'ങ്ങള്‍. 'സഹയജ്ഞ'രായി പ്രജകളെ സൃഷ്ടിച്ചിട്ട് ഇതുകൊണ്ട് വൃദ്ധി പ്രാപിക്കുക എന്ന് വിധാതാവ് മനുഷ്യരെ ഉദ്ബോധിപ്പിച്ചുവെന്ന ഗീതാവാക്യം സൂചിപ്പിക്കുന്നത്, ഭുജിക്കാനെന്ന ജന്മവാസനപോലെ ത്യജിക്കാനുള്ള വാസനയും സഹജമാണെന്നും, അതിനെ വളര്‍ത്തുമ്പോഴേ മനുഷ്യോചിതമായ സാംസ്‌കാരികവികാസം ഉണ്ടാവൂ എന്നുമത്രേ. യജ്ഞാനുഷ്ഠാനങ്ങളോടൊപ്പം ഉച്ചരിക്കപ്പെട്ടിരുന്ന മന്ത്രങ്ങളില്‍ 'ഇദം ന മമ' എന്നത് സര്‍വ്വമംഗളത്തെ സൂചിപ്പിക്കുന്നു. ജന്തുക്കളുടെ ജീനുകളെല്ലാം സ്വന്തം 'നിലനില്‍പ്പിനെ'-സ്വാര്‍ത്ഥത്തെ-കേന്ദ്രീകരിക്കുന്നവയാണെന്ന് സ്ഥാപിക്കുന്ന ദ സെല്‍ഫിഷ് ജീന്‍ (The Selfish Gene- Richard Dawkins) എന്ന ശാസ്ത്രഗ്രന്ഥത്തില്‍, മനുഷ്യരുടെ നിസ്വാര്‍ത്ഥമായ മൗലികപ്രവണതയെ ഉപദര്‍ശിച്ചിട്ടുണ്ട്. അതിന് Gene എന്ന പദത്തെ അനുകരിച്ചുംകൊണ്ട് Meme (മീം) എന്നു പേരു കൊടുത്തിട്ടുമുണ്ട്.

സാഹിത്യാദികലകളുടെ ലക്ഷ്യം മുഖ്യമായും 'ശിവേതരക്ഷതി'യാണെന്നും അതിലേക്കുള്ള മാര്‍ഗ്ഗമാണ് സൗന്ദര്യാനുഭൂതിയെന്നും പൗരസ്ത്യര്‍ പണ്ടേ അംഗീകരിച്ചിട്ടുണ്ട്. രതി, ഉത്സാഹം, ദയ മുതലായ ലൗകികവികാരങ്ങള്‍ പോലെ ജുഗുപ്സ, ഭയം, ശോകം മുതലായവയെയും വ്യക്തിഗതമായ ലൗകികതയില്‍നിന്നുയര്‍ത്തി സാധാരണീകൃതമാക്കുമ്പോള്‍ അവ ആനന്ദാത്മകവും ശിവോന്മുഖവുമായി രാസപരിണാമം പ്രാപിക്കുന്നു എന്നാണ് ഉപദര്‍ശനം. അപരബലിയില്‍ കേന്ദ്രിതമായ ബലിപ്രരൂപം സാഹിത്യത്തിന്റെ ഇതിവൃത്തമാക്കുമ്പോള്‍, ജുഗുപ്സ, ഭയം, ശോകം എന്നീ പ്രതികൂലവികാരങ്ങള്‍ ബീഭത്സം, ഭയാനകം, കരുണം എന്നീ രസങ്ങളായി പരിണമിക്കുന്നതിലെ വിജയമാണ് അവയുടെ രസാനുഭൂതിരഹസ്യം. പീഡനരതിയോടുകൂടിയ അധമമനുഷ്യരുടെ (saddists) രാക്ഷസീയമായ ക്രൂരതകളും, ഇരകളായിത്തീരുന്നവരുടെ കൊടിയ യാതനകളും ദൈന്യങ്ങളും പ്രതിപാദ്യമാക്കുമ്പോള്‍, ശിവോന്മുഖമായ ചിത്തവൃത്തികള്‍ ഉദ്ദീപ്തമാകത്തക്കവണ്ണമുള്ള വാഗര്‍ത്ഥവൃത്തി രചയിതാവിന്റെ സിദ്ധിയായിത്തീര്‍ന്നേ മതിയാവൂ.

പഴയ യുഗങ്ങളില്‍ ഉണ്ടായിരുന്ന മാനുഷികപീഡനങ്ങള്‍ പലതും ഇക്കാലത്ത് നിലവിലില്ല-അടിമക്കച്ചവടം, അടിമകളെക്കൊണ്ടു ചെയ്യിച്ചിരുന്ന സങ്കല്‍പ്പാതീതമായ കഠിനാദ്ധ്വാനം, അവരനുഭവിച്ചിരുന്ന മാനഭംഗങ്ങള്‍, ഹിംസ്രജന്തുക്കള്‍ക്കിരയാക്കല്‍, വിധവകളെ ഭര്‍ത്തൃശരീരത്തിനൊപ്പം ചുട്ടെരിക്കല്‍, മനുഷ്യരെ ആനകളെക്കൊണ്ടു ചവിട്ടിച്ചു കൊല്ലല്‍, സത്യം തെളിയിക്കാന്‍ തിളയ്ക്കുന്ന എണ്ണയില്‍ കൈമുക്കല്‍ മുതലായവ. എന്നാല്‍, ലോകത്തെമ്പാടും ഭരണാധികാരികളും ഉന്നതരും അനഭിമതരോടും അബലകളോടും ബന്ദികളോടും മത-വര്‍ഗ്ഗ-രാഷ്ട്രാദികളുടെ പേരില്‍ 'അപരരാ'യി കരുതപ്പെടുന്നവരോടും ചെയ്യുന്ന അത്യാചാരങ്ങളും കൊടുംക്രൂരതകളും അസഹനീയമായ തീവ്രതയില്‍ ഒട്ടും താഴേയല്ല.

placeholder
ഹരിത സാവിത്രി

കുര്‍ബാന്‍ എന്ന നോവലില്‍ ഒരുതരത്തിലുള്ള തെറ്റും ചെയ്യാത്ത ചില നല്ലവരായ വ്യക്തികള്‍ക്ക് അനുഭവിക്കേണ്ടിവന്ന യാതനകള്‍ വായിക്കുമ്പോള്‍, ഹിറ്റ്ലറും പോള്‍പോട്ടും സ്റ്റാലിനും മറ്റും മനുഷ്യവംശചരിത്രത്തില്‍ എക്കാലത്തും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുമോ എന്ന ഭീതിയുടെ ഇരുള്‍ക്കയത്തിലേക്ക് നാം എടുത്തെറിയപ്പെടുന്നു. പീഡകര്‍ നടത്തുന്ന അപരബലികളും പീഡിതര്‍ അനുഷ്ഠിക്കുന്ന ആത്മബലികളും സാഹിത്യകൃതികളില്‍ ബലിപ്രരൂപമായി അവതീര്‍ണ്ണമാകുമ്പോള്‍ അവ നമ്മെ ആകര്‍ഷിക്കുന്നു, അമ്പരപ്പിക്കുന്നു, ആവേശിക്കുന്നു, അടിപ്പെടുത്തുന്നു.

ഗ്രാമപ്രദേശത്തുനിന്ന് അച്ഛനുമമ്മയും മകനുമടങ്ങുന്ന ചെറിയ കുര്‍ദ്ദുവംശജകുടുംബം ഇസ്താംബൂളിലേക്ക് എത്തിച്ചേരുന്നതിന് ഒരേയൊരു പ്രേരണയേ ഉണ്ടായിരുന്നുള്ളൂ; ജിയാന്‍ എന്ന ഓമനമകന് ഉയര്‍ന്ന വിദ്യാഭ്യാസത്തിലൂടെ ഉന്നതി നേടിക്കൊടുക്കണമെന്ന്. ഏതു ജനയിതാക്കള്‍ക്കുമുള്ള അടങ്ങാത്ത ഇച്ഛയാണ് സന്തതിക്ക് വിദ്യാഭ്യാസത്തിലൂടെ ഉയര്‍ച്ചയുണ്ടാവണമെന്നത് - നങ്ങേലി ഉണ്ണിയെ ഓലയെഴുത്താണികളുമായി അയയ്ക്കുന്നതുപോലെ-('പൂതപ്പാട്ട്') കുന്നിലെ കാണാമറയത്തുള്ള ഇരുള്‍ഗുഹകളില്‍ പൂതമൊളിച്ചിരിപ്പുണ്ടാവാമെന്ന ആശങ്കയില്ലാതെ. ജിയാന്‍ വിദ്യാഭ്യാസത്തിലല്ലാതെ ഒരുവക തീവ്രവാദത്തിലും വിപ്ലവപ്രവര്‍ത്തനത്തിലും ഉള്‍പ്പെട്ടില്ല. തന്റേതല്ലാത്ത നാഗരികവിഭാഗത്തിലെ ഒരു പെണ്‍കുട്ടിയുമായി സൗഹൃദത്തിലാവുന്നതിന് 'യുവജനഹൃദയം സ്വതന്ത്രമാണവരുടെ കാര്യപരിഗ്രഹേച്ഛയില്‍' എന്നതല്ലാതെ വേറെ കാരണമുണ്ടായിരുന്നുമില്ല. രണ്ടുപേരുടെയും ജനയിതാക്കള്‍ ആ ബന്ധത്തെപ്പറ്റി ആശങ്കകളുള്ളവരായിരുന്നുതാനും. എങ്കിലും ബലമുപയോഗിച്ചു തടയാതിരുന്നത് സന്തതിസ്നേഹംകൊണ്ടുമാത്രം. ഉണ്ണിയെ പൂതം പിടിച്ചതുപോലെയാണ് ജിയാന്‍ അധീശശക്തികളുടെ കൈയിലകപ്പെട്ടത്. തന്റെ കാമിനിക്ക് ഒരു കാപ്പി വേണമെന്ന ആശ നിറവേറ്റാന്‍ ഒരു 'മാളി'ലേക്ക് അവന്‍ കയറിയത് പൂതത്തിന്റെ മാളത്തിലേക്കെന്നതുപോലെയായിപ്പോയി. 'മാളി'ലൊരു ബോംബ് പൊട്ടിയത് ആ മുഹൂര്‍ത്തത്തില്‍ത്തന്നെ. ജിയാന്‍ പോലീസിന്റെ കൈയിലകപ്പെട്ടു. അവന്‍ തീവ്രവാദിയാണെന്ന സംശയംകൊണ്ടല്ല പോലീസ് അവനെ ക്രൂരമായി മര്‍ദ്ദിച്ചത്. ആ നിരപരാധിയെ, മറ്റൊരുവനെ അഴിക്കുള്ളിലാക്കുവാന്‍ കള്ളസാക്ഷിയാക്കാമെന്നതായിരുന്നു അവരുടെ വ്യാമോഹം. ജിയാന്‍ വഴങ്ങിയില്ലെന്നതാണ് അവനേല്‍ക്കേണ്ടിവന്ന കൊടുംപീഡനത്തിനു ഹേതു. മകനെത്തേടി എത്തിയ പിതാവിനെ കള്ളസാക്ഷിയാക്കാമെന്നതായിരുന്നു പോലീസിന്റെ പിന്നത്തെ കരുനീക്കം. സ്വന്തം മകനെപ്പോലുള്ള മറ്റൊരു യുവാവിനെ ദീര്‍ഘകാലം നീണ്ടുനില്‍ക്കാവുന്ന കാരാഗൃഹവാസത്തിലേക്കെറിഞ്ഞുകൊടുക്കുന്നത് അയാള്‍ക്കു മനസ്സാക്ഷിക്കുത്തുണ്ടാക്കാതിരുന്നില്ല. അമ്മ കണ്ണു ചൂഴ്ന്നെടുത്ത് പൂതത്തിനു മുന്നില്‍ വെച്ച്
ഇതിലും വലിയതാണെന്റെ പൊന്നോമന
അതിനെത്തരികെന്റെ പൂതമേ നീ
എന്നു കെഞ്ചിയതുപോലെ, സ്വന്തം മനഃസാക്ഷിയെന്ന ഉള്‍ക്കണ്ണു പറിച്ചെടുത്ത് അധീശശക്തികളാകുന്ന പൂതത്തിന് അയാള്‍ കാഴ്ചവെച്ചു. 

പുരാവൃത്തത്തോടു പുതിയ കഥയ്ക്കുള്ള സാമ്യം, ജിയാന്‍ മുക്തനായെന്നതോടൊപ്പം അവസാനിക്കുന്നു. അയാളുടെ ആത്മബലി സമ്പൂര്‍ണ്ണവിജയമായില്ല. അധീശശക്തികളുടെ അപരബലി കര്‍മ്മത്തിന്റെ ലക്ഷ്യം ഭോഗൈശ്വര്യപ്രസക്തര്‍ ചെയ്യുന്നപോലെ സ്വന്തം അര്‍ത്ഥകാമങ്ങളുടെ സാക്ഷാത്കാരമായിരുന്നു ('അര്‍ത്ഥാശയ്ക്കു വിരുതുവിളിപ്പിപ്പാന്‍ അഗ്‌നിഹോത്രാദി ചെയ്യുന്നതു ചിലര്‍'-എന്നതുപോലെ നിരപരാധികളെ അഗ്‌നിക്കുള്ള ആഹുതികളാക്കാന്‍ അധികാരികള്‍ക്കു കൂടുതല്‍ ഉയര്‍ന്ന സ്ഥാനമാനാദികള്‍ ആയിരുന്നു പ്രലോഭനം.)

നിരപരാധികളെ കുറ്റവാളികളാക്കി ആയുഷ്‌കാലം മുഴുവന്‍ തടവിലിടുന്നതുപോലുള്ള കൊടുംക്രൂരതകള്‍ക്കെതിരേ പൊരുതിയ അഭിഭാഷകരായ ദെരിയയും അലിയും മനുഷ്യശരീരത്തിനു താങ്ങാനാവാത്ത കൊടുംയാതനകള്‍ സഹിച്ചുംകൊണ്ട് നിരാഹാരവ്രതം തുടരുന്നതും ആത്മബലിയര്‍പ്പിക്കുന്നതും അപരന്റെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന ധീരത, സ്വാര്‍ത്ഥതത്പരമായ ജീനുകള്‍ക്കൊപ്പം പരാര്‍ത്ഥതത്പരമായ 'മീമു'കള്‍ മാനുഷ്യകത്തിലുണ്ടെന്നു സ്ഥാപിക്കുന്ന നിദര്‍ശനങ്ങളാണ്. കെയാന്‍ എന്ന അരുമയായ അനിയനോടും, പ്രിയപ്പെട്ടവനായ അലിയോടുമൊപ്പം ജീവിക്കാനുള്ള ദരിയയുടെ ഇച്ഛ തീവ്രമായിരുന്നിട്ടും, ചേച്ചിയെ ഒരുനോക്കു കാണാന്‍ പട്ടിണികിടന്നു കാത്തിരിക്കുന്ന ആ ഓമനയ്ക്കുവേണ്ടിപ്പോലും പിന്മടങ്ങാതെ അപരര്‍ക്കു കിട്ടേണ്ട നീതിക്കുവേണ്ടിയുള്ള അന്തിമസമരം തുടരാന്‍ തന്നെയാണവളുടെ ധീരനിശ്ചയം. ദരിയയുടെയും അലിയുടെയും നിരാഹാരസമരത്തിനു പിന്തുണ പ്രഖ്യാപിക്കുന്ന ജനസമൂഹങ്ങളുണ്ടായിട്ടും ഒടുവില്‍ തടവിലെ പീഡനങ്ങള്‍ക്കിരയായി അവര്‍ പ്രാണന്‍ വെടിയേണ്ടിവരുന്നു. ദുരന്തതീവ്രതയുടെ ഈ പാരമ്യംതന്നെയാണല്ലോ ലോകസാഹിത്യത്തിലെ ഉത്തമകൃതികളായ ട്രാജഡികളില്‍ വിളികൊള്ളുന്നത്. ദരിയയും അലിയും അനുഭവിച്ച പീഡനങ്ങളുടെ വിവരണം ഭാവനാസൃഷ്ടി മാത്രമല്ല എന്നതിന് ചില ചരിത്രരേഖകള്‍ നിദര്‍ശനങ്ങളാക്കി ഈ കൃതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട് (അദ്ധ്യായം 13. ഇണകളെ ടര്‍ക്കിഷ് ജയിലുകളില്‍ ഒരുമിച്ചു ചോദ്യംചെയ്യുന്ന രീതികളുടെ വിവരണത്തിന് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടുകളോടു കടപ്പാട് രേഖപ്പെടുത്തിയിരിക്കുന്നു).

ദെമീര്‍ (ജിയാന്റെ അച്ഛന്‍) ഹെമിന്‍ എന്ന യുവാവിനെ മുപ്പത്തിയഞ്ചു കൊല്ലം തടവിനു ശിക്ഷിച്ച കേസില്‍ കള്ളസാക്ഷിയായിരുന്നു എന്ന് അറിഞ്ഞപ്പോള്‍ ജിയാനും അമ്മയും അയാളോടു തോന്നിയ വെറുപ്പിനെ വിഴുങ്ങാന്‍ ഏറെ പണിപ്പെട്ടു. അച്ഛന്‍ മനോവിഭ്രാന്തിക്കടിപ്പെട്ടുപോയതാണെന്ന് സ്വയം സമാശ്വസിപ്പിച്ചുകൊണ്ട് മാനസികചികിത്സയുടെ വഴിതേടാനേ മകന്‍ തുനിഞ്ഞുള്ളൂ. ശരീരം ഉപയോഗിച്ച് അതു നിലനിര്‍ത്താന്‍ വേണ്ട ആഹാരത്തിന് വഴി തേടിയ ജമീലയോട് അയാള്‍ക്കുണ്ടായ സമ്പര്‍ക്കത്തെക്കുറിച്ചറിഞ്ഞിട്ടുപോലും, എന്തും പൊറുക്കാന്‍ വേണ്ട സ്നേഹം ആ മനുഷ്യനോട് മകനും അമ്മയ്ക്കും ഉണ്ടായിരുന്നു. ജിയാനെ രണ്ടാംതവണ കേസില്‍ കുടുക്കാനുള്ള പോലീസിന്റെ നീക്കം അറിഞ്ഞപ്പോള്‍ അവര്‍ മൂന്നുപേരുംകൂടിയാണ് ഒളിവില്‍ പോയത്. ജിയാനെ ഒളിവില്‍നിന്നു പുറത്തു ചാടിക്കാന്‍ അയാളുടെ കാമിനിയായ ദിലാരയെ കസ്റ്റഡിയിലെടുക്കുകയെന്ന എളുപ്പവഴി എക്കാലത്തും എവിടെയും പോലീസുകാര്‍ അവലംബിക്കുന്ന ഒന്നാണല്ലോ. അങ്ങനെ ജിയാനെ കൈയില്‍ക്കിട്ടിയപ്പോള്‍ ശ്വാസം മാത്രം ശേഷിക്കുന്ന രീതിയില്‍ മര്‍ദ്ദിച്ചതറിഞ്ഞ് അമ്മ ഇസെല്‍ തന്റെ ഭര്‍ത്താവ് മുമ്പേ ചെയ്തതിനെ വെറുത്ത അതേ കര്‍മ്മം, കള്ളസാക്ഷിപറയല്‍, അവനെ വീണ്ടുകിട്ടാന്‍ വേണ്ടി ഏറ്റെടുക്കുന്നു. മനസ്സാക്ഷിയെന്ന ഉള്‍ക്കണ്ണു മാത്രമല്ല പറിച്ചെടുത്തു 'കാഴ്ചയര്‍പ്പിക്കേണ്ടി' വന്നത്. സ്ത്രീകളുടെ ഏറ്റവും വിശുദ്ധമായ ബലംകൂടി ഉരിഞ്ഞെടുക്കാന്‍ 'പൂത'ത്തിന് (അധികാരിക്ക്) വിധേയയായി എന്ന ദുരന്തപാരമ്യത്തിനുള്ള അരങ്ങുകൂടി കാട്ടിത്തന്നുകൊണ്ടാണ് ബലിപരമ്പരയുടെ സമാപനം. ജമീല എന്ന സ്ത്രീ 'അനവദ്യസുഖദമായ' അനുരാഗമെന്തെന്നെറിഞ്ഞതിനുശേഷം അത് നിഷേധിക്കപ്പെട്ടപ്പോള്‍, പഴയ ജീവിതരീതിയിലേക്ക് തിരിച്ചുപോവുകയല്ല ആത്മബലിയിലേക്കെടുത്തുചാടുകയാണുണ്ടായത്. മനസ്സാക്ഷിക്കുത്ത് അസഹ്യമായപ്പോള്‍, കണ്ഠത്തിലേക്കഴ്ത്തിയ കത്തിയുടെ കുത്തില്‍ എല്ലാം ഒടുങ്ങുമെന്ന ദെമീറിന്റെ വ്യാമോഹം വെറുതേയായി. ജമീലയുടെ എടുത്തുചാട്ടം വിജയിച്ചു; അയാളുടേത് പരാജയപ്പെട്ടു.
ലോകത്തെമ്പാടും ദുരന്തപരമ്പരകള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന 'ഇന്നി'ലാണ് നാം ജീവിക്കുന്നത്. നിരപരാധികളായ കുഞ്ഞുകുട്ടികളും ആസ്പത്രികളിലെ രോഗാതുരരും അഗ്‌നിഗോളവര്‍ഷങ്ങളില്‍ ചാമ്പലായിക്കൊണ്ടേയിരിക്കുന്നു. അധികാരവും ധാതുദ്രവ്യങ്ങള്‍ പോലുള്ള സമ്പത്തും കൈയടക്കുന്നതിനുവേണ്ടി കുഞ്ഞുങ്ങളെന്നോ അബലകളെന്നോ രോഗികളെന്നോ പരിഗണനകളില്ലാതെ, ഭസ്മീകരണം തുടരുന്നു. സൂര്യപ്രകാശവും വായുവുംപോലെ എല്ലാവര്‍ക്കും തുല്യമായിട്ടല്ല ഭൂപ്രകൃതി ധാതുസമ്പത്തു വിതരണം ചെയ്തിരിക്കുന്നത്. വിലപ്പെട്ട ചില ധാതുക്കള്‍ക്ക് ചിലയിടങ്ങളിലുണ്ടാവുന്ന സമൃദ്ധി അവര്‍ക്കു നല്‍കുന്നത് ശക്തി മാത്രമല്ല അപരരുടെ ശത്രുതകൂടിയാണ്. ജൂതവംശത്തെ ഒടുക്കാന്‍ വേണ്ടി ഹിറ്റ്ലര്‍ കൈക്കൊണ്ട രാക്ഷസീയ ക്രൂരതകളുടെ സ്മൃതി, ആ വംശത്തിന്റെ ബോധത്തില്‍നിന്ന് മായാന്‍ വേണ്ടിടത്തോളം, കാലം ഒഴുകിപ്പോയിട്ടില്ല. എന്നിട്ടും എതിര്‍വംശത്തിന് നിലനില്‍ക്കാന്‍ ഭൂമിയില്‍ ഇടം വേണമെന്ന സഹിഷ്ണുത കിളിര്‍ക്കുന്നില്ല.

കുര്‍ദുകളായിപ്പിറന്നതിന്‍പേരില്‍ അതിജീവനാര്‍ഹത നിഷേധിക്കപ്പെട്ട്, നരകത്തിലേക്കു തള്ളപ്പെട്ടവരുടെ കഥയാണ് ബലിപ്രരൂപത്തിന്റെ സമസ്ത ശക്തികളോടുംകൂടി ഈ നോവലില്‍ ശതശീര്‍ഷമുയര്‍ത്തി വാഗഗ്‌നി വമിക്കുന്നത്.