
കഥാപാത്രങ്ങളുടെ പൊള്ളുന്ന ജീവിതയാഥാര്‍ഥ്യങ്ങളിലൂടെയുള്ള യാത്രയാണ് വി.കെ സുരേഷിന്റെ ചൊറമഞ്ചയിലെ സഞ്ചാരം എന്ന നോവല്‍. കടത്തനാടിനേയും മുംബൈയെയും ഒരുപോലെ പകര്‍ത്തുന്ന ചൊറമഞ്ച കൂടെ കൂട്ടാന്‍ തരുന്നത് നിഷ്‌കളങ്കമായ ഒരുപാട് മുഖങ്ങളെയാണ്. അവരുടെ ജീവിതം തേടിയുള്ള പിടച്ചിലുകളും തീരാ സങ്കടങ്ങളും സന്തോഷങ്ങളും മുംബൈ തെരുവിന്റെ ഭീകരതയുമെല്ലാം ഒരു കാന്‍വാസില്‍ എന്നപോലെ ചൊറമഞ്ചയില്‍ വരച്ചിട്ടിരിക്കുന്നു എഴുത്തുകാരന്‍. വ്യക്തികള്‍ എന്ന നിലയില്‍ നിന്ന് കേവലം നിഴലുകള്‍ മാത്രമായി ചുരുങ്ങിപ്പോയവര്‍, മനുഷ്യരെന്ന പരിഗണന ലഭിക്കാത്തവര്‍, ചൊറമഞ്ച പല കഥകള്‍ പറയുകയാണ്. അല്ലെങ്കില്‍ ജീവിതം പറയുകയാണ്.
കടത്തനാടിന്റെ നാട്ടുഭാഷ കൊണ്ട് സമ്പന്നമാണ് പുസ്തകം. പക്ഷേ, പ്രാദേശിക ഭാഷ നല്‍കുന്ന അപരിചിതത്വത്തെ കഥാപാത്രങ്ങളുടെ ജീവിതാനുഭവങ്ങള്‍ മാറ്റിമറിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഖാദറാജിയും മറിയോമ്മറ്റിയാരും പൂക്കുഞ്ഞും ആണുമ്മച്ചിയുമെല്ലാം നമ്മള്‍ നാട്ടിന്‍പുറത്ത് പലതവണ കണ്ടു മറന്നുപോയ മുഖങ്ങളായി മാറുന്നത്. വടകരയിലെ നാട്ടുവഴികളും ബോംബെ തെരുവുകളും ഒരേ തൂക്കത്തില്‍ പുസ്തകത്തില്‍ വരച്ച് ചേര്‍ത്തിട്ടുണ്ട് എഴുത്തുകാരന്‍. തലചായ്ക്കാന്‍ ഇടം തേടി അലയുന്ന നിരവധി മനുഷ്യര്‍, പൊതുയിടത്ത് നിന്ന് മനുഷ്യരെന്ന് പരിഗണന പോലും ലഭിക്കാത്ത ആട്ടിയോടിക്കപ്പെടുന്നവര്‍, അനാഥത്വത്തിന്റെ ഉള്‍ചുഴിയില്‍ വീണ് ചിന്നിച്ചിതറിപ്പോവുന്നവര്‍ തെരുവില്‍ ആരോരുമില്ലാതെ കൊലക്കത്തിക്ക് ഇരയായി വീഴുന്നവര്‍. മനുഷ്യ ജീവിതങ്ങളുടെ തീരാത്ത ചൊറകളുടെ സങ്കട കഥകളാണ് ചൊറമഞ്ചയുടെ ഓരോ അധ്യായങ്ങളും.
നാടും വീടും വിട്ട് വി.കെ സുരേഷ് നടത്തിയ യാത്രകളുടെ ആകെത്തുകയാണ് പുസ്തകം. അവിടെകണ്ട മനുഷ്യരുടെ ഒപ്പം നടന്ന് പകര്‍ത്തിയെടുത്ത അനുഭവങ്ങളും ചിന്തകളും സന്തോഷവുമെല്ലാമാണ് പുസ്തകത്തെ സമ്പന്നമാക്കുന്നത്. അതുകൊണ്ടാണ് കഥാപാത്രങ്ങളുടെ ചാകര തീര്‍ത്തിട്ടും അവരെല്ലാം ഓരോ വായനക്കാരന്റേത് കൂടിയായി മാറുന്നത്. വെറും കഥ പറഞ്ഞുപോകല്‍ എന്നതിനപ്പുറം പുതിയ കാലത്തോട് പല ചോദ്യങ്ങളും ചൊറമഞ്ചയിലൂടെ ചോദിച്ചു വെക്കുന്നുണ്ട് എഴുത്തുകാരന്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ദേവാംബികയും സുനന്ദയും മുരുകേശനുമെല്ലാം. ആണിന്റെ ഉടലും പെണ്ണിന്റെ മനസ്സുമായി ജീവിക്കുന്ന ദേവാംബികയും സുനന്ദയും സ്വന്തം സ്വത്വത്തെ അംഗീകരിക്കാത്തവരുടെ ഇടയില്‍ നിന്നും ഒളിച്ചോടിപ്പോന്ന വലിയൊരു സമൂഹ പ്രതിനിധികള്‍ കൂടിയാണ്.
ഞങ്ങള്‍ക്കും മനുഷ്യരെന്ന പരിഗണന നല്‍കണമെന്നും ഞങ്ങള്‍ക്കും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും അവകാശമുണ്ടെന്നും അവര്‍ വിളിച്ചുപറയുമ്പോള്‍ അവരുടെ ഉള്ളിന്റെ ഉള്ളിലെ ആരും കാണാത്ത സ്‌നേഹത്തിന്റെ ജീവിതാസക്തിയുടെ നേര്‍ക്കാഴ്ചയും ചൊറമഞ്ചയിലെ സഞ്ചാരങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കുന്നു.
പുസ്തകത്തിന്റെ ഒരു ഭാഗത്ത് ചാച്ച എന്ന കഥാപാത്രം പറഞ്ഞുവെക്കുന്നുണ്ട് 'ചെലയോലേ ജീബ്തം എലീന്റെ ചൊറ മഞ്ച പോല്യാ... എങ്ങനേല്ലാ മഞ്ചാന്ന് ആരിക്കും തീരെ തിരിയൂല്ല. എലീന മ്മക്ക് ആരിക്കും കാണ്വാനാഊല. ബടി എടുത്ത് മാളത്ത് കുത്തിയോക്ക്യാല് അതേടെങ്കിലും ചെന്ന് തട്ടിന്ക്കൂന്നല്ലാതെ മളേടമ്പരം ഇണ്ട്ന്ന് തിരിയില്ല, എലിയേട്യാ പോയേന്നും തിരിയില്ല. ചെലപ്പം എലി ബേറേട്‌ന്നെങ്കിലും മ്മളെ നോക്ക്ന്ന്ണ്ടാഉം. അത് പോല്യാ ജീവിതോം.' മനുഷ്യന്റെ സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളെ നാട്ടുഭാഷയില്‍ ഇങ്ങനെ വി.കെ സുരേഷ് പറഞ്ഞുവെക്കുമ്പോള്‍ സ്വന്തം അനുഭവത്തില്‍ നിന്നെടുത്ത് ചേര്‍ത്ത ഏടുകള്‍ കൂടി ആയി മാറുന്നുണ്ട് ഓരോ അധ്യായങ്ങളും.
കുഞ്ഞുകുഞ്ഞ് അധ്യായങ്ങള്‍, ഓരോ അധ്യായങ്ങളും പറയുന്ന കഥാപാത്രങ്ങളുടെ പല പല ജീവിതങ്ങള്‍. ഇങ്ങനെ കഥാപാത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് ചൊറമഞ്ച'. ഒറ്റയിരിപ്പിലെ വായനയില്‍ തന്നെ അവരെല്ലാം വായനക്കാരനോടൊപ്പം കൂടെപ്പോരും. അവരുടെ ജീവിതങ്ങളിലൂടെ, തെരുവുകളിലൂടെ വായനക്കാരനും യാത്ര ചെയ്യും.
സാധാരണയുള്ള രണ്ടോ മൂന്നോ കഥാപാത്രങ്ങള്‍ക്കപ്പുറം ചൊറമഞ്ചയിലെ വലിയ ആള്‍ക്കൂട്ടം ഒരു നാട്ടിന്‍പുറത്തെ ജീവിത പ്രതീതിയാണ് ഓരോ വായനക്കാരിലും ഉണ്ടാക്കുക. ഒപ്പം വര്‍ത്തമാനകാല രാഷ്ട്രീയ ഇന്ത്യയുടെ നേര്‍ചിത്രവും എഴുതിച്ചേര്‍ത്തിരിക്കുന്നു. ഏതുനിമിഷവും ആരെങ്കിലും കൊല്ലപ്പെട്ടു പോകാമെന്ന് ചിന്തിക്കുന്ന ജനത. മതത്തിന്റെ രാഷ്ട്രീയത്തിന്റെ നിറം നോക്കി തെരുവില്‍ അറ്റുവീഴുന്നവരുടെ ജീവിതം നോക്കി നിസ്സഹായരായി നോക്കിനില്‍ക്കുന്ന മനുഷ്യര്‍. തെരുവില്‍ പറ്റുന്ന ചോരയെ നോക്കി പുതുതായൊന്നും സംഭവിക്കാത്തെ പോലെ അവര്‍ നടന്ന് നീങ്ങുമ്പോള്‍ കാണാത്ത ഇന്ത്യയുടെ കഥകൂടി പറഞ്ഞുവെക്കുന്നുണ്ട് പുസ്തകം.
അത്രയെളുപ്പം പിടിതരാത്ത കുറെ മനുഷ്യരാണ് പുസ്തകം നിറയെ. ഒരു നേരത്തെ അന്നം തേടി കുടിയേറ്റം സ്വീകരിച്ചവര്‍. വടകരയെന്ന നാട് അങ്ങോളമിങ്ങോളം നിറഞ്ഞ് നില്‍ക്കുന്ന നോവലില്‍ ഓരോ കഥാപാത്രത്തിന്റേയും സ്‌നേഹത്തിന്റേയും കരുതലിന്റേയും ചേര്‍ത്ത് നിര്‍ത്തലിന്റേയും കരുണയുടേയും നിശബ്ദ സംഗീതം കൂടെ നമുക്ക് നോവലില്‍ ഉടനീളം കേള്‍ക്കാന്‍ കഴിയും.
നോവലിലെ തന്നെ ഏറ്റവും കരുത്തുറ്റ കഥാപാത്രങ്ങളിലൊന്നായ ജെറാള്‍ഡിന്റെ അധ്യായങ്ങളെത്തുമ്പോള്‍ യമുനോമ്മ പറയുന്നുണ്ട്. അനുഭവങ്ങള്‍ വേദനയേയും ദുഖത്തേയും അലിയിക്കുമ്പോഴെ നമുക്ക് ജീവിക്കാനാകൂ. അല്ലെങ്കില്‍ നാം തീരാവേദനയുടെ തടവുശിക്ഷയ്ക്ക് വിധേയപ്പെടും. എന്തിന് നിങ്ങള്‍ ഈ ശിക്ഷ ഏറ്റുവാങ്ങുന്നു. ജീവിതത്തില്‍ നിന്ന് അനിവാര്യമായവ സ്വീകരിക്കുക-ഇങ്ങനെ, ഓര്‍ത്തുവെക്കാന്‍ കൂടെക്കൂട്ടാന്‍ അക്ഷരങ്ങള്‍കൊണ്ടുള്ള വലിയ സംഭാവനയും ചൊറമഞ്ച നല്‍കുന്നുണ്ട്. വി.കെ സുരേഷിന്റെ ആദ്യ നോവലാണ് ചൊറമഞ്ചയിലെ സഞ്ചാരങ്ങളെങ്കിലും ഒറ്റയിരിപ്പില്‍ വായിച്ച് തീര്‍ക്കാവുന്ന കൈവഴക്കം വന്ന എഴുത്തിന്റെ സമ്പന്നത നിറഞ്ഞിരിക്കുന്നുണ്ട് ആദ്യാവസാനം.
Content Highlights: V.K. Suresh`s Book Choramancha. A novel of human struggles, joys, and sorrows.
Published: 23 Sept 2025, 11:20 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented