കേരളത്തിന്റെ നവോത്ഥാനചരിത്രം സാമൂഹിക പരിഷ്‌കരണ പരിശ്രമങ്ങളുടെ വിജയഗാഥയായി അവതരിപ്പിക്കപ്പെടുമ്പോഴും, ജാതി-അയിത്താചരണത്തിന്റെ ആഴത്തിലുള്ള ഘടനകൾ മനുഷ്യന്റെ സത്തയെ നിശ്ശബ്ദമായി നിയന്ത്രിച്ചുകൊണ്ടിരുന്നു. ഈ പശ്ചാത്തലത്തിൽ ദളിത് ചിന്ത, ഒരു അനുഭവരേഖയെന്നതിലുപരി, മനുഷ്യന്റെ അസ്തിത്വത്തെ തന്നെ പുനർനിർവചിക്കാൻ ശ്രമിക്കുന്ന ദാർശനിക ഇടപെടലായി ഉയർന്നു. അതിന്റെ സത്താത്മക വ്യാപ്തി മനുഷ്യനെ 'ജാതി'യുടെ നിർവചനങ്ങളിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ജ്ഞാന-തത്വാത്മക തലത്തിൽ അറിവിന്റെ ഉൽപാദന-വിതരണ ഘടനകളെ ചോദ്യം ചെയ്യുകയും, നൈതിക തലത്തിൽ സമത്വവും സഹജീവിതവും ജീവിതവ്യവഹാരത്തിന്റെ അടിസ്ഥാന മൂല്യങ്ങളായി പുനഃസ്ഥാപിക്കപ്പെടുന്നുണ്ട്.
ഈ ദർശനപരിസരത്തിൽ സ്വാമി ആനന്ദതീർഥൻ എന്ന വ്യക്തിത്വം നിർണായകമാണ്. ഹരിജനോദ്ധാരണത്തെ അനുകമ്പാദശകത്തിൽ ഗുരു നിർവചിച്ച സാമൂഹിക കരുണയായി മാത്രമല്ല, ഒരു നൈതിക ബാധ്യതയായി അദ്ദേഹം കണ്ടു. ഹരിജൻ കുട്ടികളുടെ വിദ്യാഭ്യാസം, ക്ഷേത്രപ്രവേശനത്തിനായുള്ള പരിശ്രമങ്ങൾ, അയിത്താചരണത്തിനെതിരായ പ്രായോഗിക സമരം, മിശ്രഭോജനമെന്ന സാമൂഹിക-ദാർശനിക വിപ്ലവം, തുടങ്ങിയ ഇടപെടലുകൾ ജാതി എന്ന സങ്കൽപത്തിന്റെ സത്താത്മക നിഷേധമാണ്. മനുഷ്യൻ ഒരേ അന്നം പങ്കിടുമ്പോൾ ജാതിയുടെ അപ്രമാദിത്വം ശിഥിലമാവും എന്ന ബോധ്യമാണ് അദ്ദേഹത്തിന്റെ മിശ്രഭോജനമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് അടിസ്ഥാനം.
സ്വാമിയുടെ വ്യക്തിത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാനബോധവും മഹാത്മാ ഗാന്ധിയുടെ അഹിംസ -സഹന ദർശനവും സമ്മേളിക്കുന്നു. ഗുരുവിന്റെ 'മനുഷ്യസമത്വ' പ്രഖ്യാപനം വിമോചനത്തിന്റെ ദാർശനിക ആഖ്യാനമാണെങ്കിൽ, ഗാന്ധിയുടെ അഹിംസാ -സത്യാഗ്രഹം നൈതിക പ്രതിരോധത്തിന്റെ രാഷ്ട്രീയ ഭാഷയാണ്. ഗാന്ധിയൻ ചിന്തയിൽ ഉയർന്നുവരുന്ന 'Unearned suffering is redemptive' എന്ന ധ്വനി- അർഹിക്കാത്ത വേദന പോലും ആത്മനവീകരണത്തിന്റെ മാർഗമാകാം എന്ന ആശയം- സ്വാമിയുടെ സമരങ്ങളുടെ ആദർശമാവുന്നു. ഇവിടെ വേദന ഒരു ദൗർബല്യമല്ല; അത് നൈതിക ഉയർച്ചയുടെ സഹനശക്തിയാണ്. ഈ സഹനശക്തിക്ക് ശരീരത്തെ പാകപ്പെടുത്തുന്ന ആത്മീയ പരിണാമ പ്രക്രിയ സ്വാമിയുടെ ആശ്രമസങ്കല്പത്തിൽ അന്തർലീനമാണ്. ഈ ദാർശനിക സങ്കേതങ്ങളാണ് മലയാള നോവൽ സാഹിത്യത്തിൽ ശ്രദ്ധേയനായ ആർ. ഉണ്ണിമാധവൻ രചിച്ച 'ചേയാ' എന്ന നോവലിൽ ആഖ്യാനരൂപം സ്വീകരിക്കുന്നത്.
'ചേയാ' ഒരു ജീവചരിത്ര നോവലായി മാത്രം വായിക്കപ്പെടേണ്ടതല്ല; അത് കേരളത്തിലെ ദളിത് വിമോചനചിന്തയുടെ അന്തർസംവാദമണ്ഡലത്തെ സാഹിത്യഭാഷയിൽ പുനർരൂപപ്പെടുത്തുന്ന ദാർശനിക രേഖയാണ്. ഇതിലെ നായകസങ്കല്പം ഒരു വ്യക്തിയുടെ രേഖീയമായ ജീവിതയാത്രയെ മാത്രം പ്രതിനിധീകരിക്കുന്നില്ല; മറിച്ച് കേരളത്തിന്റെ നവോത്ഥാനബോധവും ഗാന്ധിയൻ സഹനദർശനവും ദളിത് അനുഭവത്തിന്റെ അഗ്‌നിപഥവും തമ്മിലുള്ള വൈരുധ്യാത്മക സംഘർഷത്തിന്റെ കൈവഴികളെ ആവിഷ്‌കരിക്കുന്നു.
അതുകൊണ്ട് ഈ പ്രബന്ധം 'ചേയാ'യെ ഒരു ബയോഫിക്ഷൻ സാഹിത്യകൃതിയായി മാത്രമല്ല, ദളിത് ചിന്തകളുടെ ദർശന വിസ്താരം അന്വേഷിക്കുന്ന ക്ലാസിക് മാനമുള്ള ഒരു സങ്കീർണ്ണ ആഖ്യാനമായി വായിക്കുന്നു. ജാതി മനുഷ്യസത്തയെ എങ്ങനെ നിർണയിക്കുന്നു,വിദ്യാഭ്യാസം ജ്ഞാനതത്വാത്മക വിമോചനമായി എങ്ങനെ പ്രവർത്തിക്കുന്നു, സഹനവും അഹിംസയും നൈതിക പ്രതിരോധത്തിന്റെ ദാർശനിക രൂപങ്ങളായി എങ്ങനെ പ്രത്യക്ഷപ്പെടുന്നു -എന്നീ ചോദ്യങ്ങളിലൂടെയാണ് ഈ നോവൽവായന മുന്നേറുന്നത്.
സ്വാമി ആനന്ദതീർത്ഥന്റെ ജീവിതം ഒരു ചരിത്രഘട്ടത്തിന്റെ നാൾവഴി രേഖയല്ല; അത് കേരളത്തിന്റെ ആധുനികതയെ തന്നെ ദളിത് ചിന്തകളുടെ പശ്ചാത്തലത്തിൽ പുനർവായനയ്ക്ക് വിധേയമാക്കാനുള്ള ദാർശനിക ക്ഷണം കൂടിയാണ്. 'ചേയാ' ആ ക്ഷണത്തെ സാഹിത്യത്തിന്റെ സവിശേഷവും മൗലികവുമായ ഭാഷയിൽ ആവിഷ്‌കരിക്കുന്ന ആധികാരികസാക്ഷ്യമായി ഇവിടെ വിശകലനം ചെയ്യപ്പെടുന്നു.
ജീവചരിത്രവും നോവലും നേർക്കുനേർ!
ജീവചരിത്രവും നോവലും തമ്മിലുള്ള ഏറ്റവും സൗന്ദര്യാത്മകവും സാത്വികവുമായ സംയോജനം മലയാളസാഹിത്യത്തിൽ മുൻപും കാണാം. അത് സി.വി. രാമൻപിള്ളയുടെ ചരിത്രാഖ്യായികകളിൽ തുടങ്ങുന്നതാണ്. കെ. സുരേന്ദ്രനെ പോലുള്ള എഴുത്തുകാർ ഈ ധാരയിൽ അഗ്രഗാമികളാണ്. 'Life is not a series of gig lamps symmetrically arranged; life is a luminous halo.'- എന്ന് വിർജിനിയ വൂൾഫ് (Virginia Woolf) അഭിപ്രായപ്പെടുന്നത് ആഖ്യാനത്തിന്റെ സ്മൃതിപ്രവാഹരീതിയെക്കുറിച്ചാണ്. 'ചേയാ'യുടെ ഘടന ഈ 'luminous halo' യെപ്പോലെ, സ്മൃതിചിത്രങ്ങളുടെ പ്രകാശവലയം പോലെ വിരിയുന്നു.
ജീവചരിത്രവും നോവലും തമ്മിലുള്ള അതിർത്തി പലപ്പോഴും ആഖ്യാനത്തിന്റെ സ്വഭാവപരമായ ഭേദമത്രെ, അത് രീതിശാസ്ത്രപരമായ ഭേദമല്ല ! ജീവചരിത്രം യാഥാർത്ഥ്യത്തിന്റെ രേഖപ്പെടുത്തലായി തോന്നുമ്പോഴും, അതിന്റെ അന്തർഗ്ഗതം ഒരു കഥയാണ്; നോവൽ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിൽ പിറന്നാലും അതിന്റെ ആഴം പലപ്പോഴും ചരിത്രത്തിന്റെ സത്യങ്ങളോട് ചേർന്നു നിൽക്കുന്നു. ഈ ഇടനാഴിയിലാണ് ചേയാ എന്ന നോവൽ സ്ഥിതിചെയ്യുന്നത്.
ആർ. ഉണ്ണിമാധവൻ ജീവചരിത്രത്തിന്റെ ഘടനയും നോവലിന്റെ ആഖ്യാനശൈലിയും സംയോജിപ്പിച്ചുകൊണ്ട് ഒരു സാംസ്‌കാരിക സാക്ഷ്യമെന്ന നിലയിൽ ഈ കൃതി ചരിത്രപ്പെടുത്തുന്നു. ചരിത്രവും സാഹിത്യവും തമ്മിലുള്ള ഈ പരസ്പരസംവാദത്തെയാണ് Hayden White തന്റെ പ്രശസ്തമായ Metahistory എന്ന പുസ്തകത്തിൽ 'History is no less a form of fiction than the novel is a form of historical representation.'- എന്ന് നിർവചിക്കുന്നത്. സ്വാമി ആനന്ദതീർത്ഥൻ എന്ന നവോത്ഥാനപോരാളിയുടെ ജീവിതം ഒരു സന്യാസിയുടെ വ്യക്തിപരമായ ആത്മശുദ്ധിയുടെ കഥയല്ല; അത് ജാതിനിർമ്മൂലനത്തിന്റെ രാഷ്ട്രീയവും മനുഷ്യാന്തസ്സിന്റെ ദാർശനികവുമായ ആവിഷ്‌കാരമാണ്.
ജാതിവെറിയുടെ നിശബ്ദമാക്കപ്പെട്ട ചരിത്രം
'Caste is not merely a division of labour; it is a division of labourers'- Dr. B.R. Ambedkar (Annihilation of Caste) ജാതി നിർമ്മൂലനം (Annihilation of Caste) എന്ന ഗ്രന്ഥത്തിന്റെ ദാർശനിക - രാഷ്ട്രീയ വെളിച്ചത്തിൽ ചേയായെ വായിക്കുമ്പോൾ, അതൊരു വ്യക്തിജീവിതത്തിന്റെ സാഹിത്യാവിഷ്‌കാരമെന്ന പരിധിയെ മറികടന്ന് ജാതി എന്ന അധികാരഘടനയുടെ നൈതിക വിമർശമായി മാറുന്നു. ബി. ആർ. അംബേദ്കർ ജാതിയെ 'a system of graded inequality'എന്ന് വിശേഷിപ്പിക്കുമ്പോൾ, അദ്ദേഹം സൂചിപ്പിക്കുന്നത് അസമത്വം ഒരു സാമൂഹിക ദുരഭ്യാസമല്ല, മറിച്ച് ക്രമീകൃതമായ ഒരു അധികാരശൃംഖലയാണെന്നതാണ്; 'ചേയാ'യിൽ സഹനത്തിന്റെയും ആത്മത്യാഗത്തിന്റെയും പോർമുഖങ്ങളിൽ സ്വാമി ആനന്ദതീർത്ഥന്റെ ശരീരത്തിൽ പതിയുന്ന ഓരോ പ്രഹരവും ഈ graded inequalityയുടെ ചരിത്രലിഖിതങ്ങളായി വായിക്കപ്പെടുന്നു.
ഇവിടെ സമരം ആത്മമോക്ഷത്തിനല്ല, സാമൂഹിക ജനാധിപത്യത്തിന്റെ നൈതിക അടിത്തറ പുനർനിർമ്മിക്കാൻ തന്നെയാണ്. ജാതി 'division of labour' അല്ല, 'a division of labourers' ആണെന്ന അംബേദ്കറിന്റെ വാദം, മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റുന്ന ശബ്ദമായ 'ചേയാ' എന്ന പദത്തിന്റെ മനുഷ്യവിരുദ്ധതയെ തത്ത്വചിന്താപരമായി വെളിപ്പെടുത്തുന്നു. അതിനാൽ ഈ നോവൽ അംബേദ്കറിന്റെ ഗ്രന്ഥത്തിന്റെ വെളിച്ചത്തിൽ വായിക്കുമ്പോൾ, ജാതിവിരുദ്ധത കരുണയുടെ ഭാഷയിൽ നിന്നു നീതിയുടെ ഭാഷയിലേക്കും, നൈതിക വേദനയിൽ നിന്നു രാഷ്ട്രീയ പുനഃസംഘടനയിലേക്കും ഉയരുന്നു; സാഹിത്യം ഇവിടെ സാമൂഹിക വിമോചനത്തിന്റെ ബൗദ്ധികസത്തയായി രൂപാന്തരപ്പെടുന്നു.
'ചേയാ' എന്ന പദം കേരളത്തിന്റെ അയിത്താചരണകാലത്തെ ഒരു ഇരുണ്ട അടയാളമാണ്. അത് ഒരു നിന്ദാപദം മാത്രമല്ല; അത് മനുഷ്യനെ മനുഷ്യനിൽനിന്ന് അകറ്റിയ സാമൂഹിക മനോഭാവത്തിന്റെ ശബ്ദരൂപമാണ്. ഈ വാചകം 'ചേയാ'യുടെ സാമൂഹിക പശ്ചാത്തലത്തെ തീർത്തും പ്രകാശിപ്പിക്കുന്നു. 'നരനു നരനശുദ്ധവസ്തു' എന്ന ചിന്താധാര മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റുന്ന ക്രൂരസങ്കൽപ്പമായിരുന്നു. ആനന്ദതീർത്ഥന്റെ ജീവിതം ഈ അപമാനത്തിനെതിരായ സമരമായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനം ജാതിയെ ഒരു സാമൂഹികഘടനയായി മാത്രം കാണാതെ, മനുഷ്യവിരുദ്ധമായ, സംസ്‌കാരരോഗമായി തിരിച്ചറിഞ്ഞിരുന്നു. ശരീരപീഡകളെയും സാമൂഹിക ബഹിഷ്‌കരണത്തെയും സഹിച്ചുകൊണ്ട് അദ്ദേഹം നടത്തിയ അഹിംസാനിഷ്ഠമായ പ്രതിരോധം ജാതിവ്യവസ്ഥയുടെ കുടിലനീതിയെ അടിമുടി ചോദ്യം ചെയ്തു.
നവോത്ഥാനത്തിന്റെ കനൽചൂട്
കേരളീയ നവോത്ഥാനം ഒരു ചിന്താവിപ്ലവമായിരുന്നു. ശ്രീനാരായണ ഗുരു പ്രഖ്യാപിച്ച ''ഒരുജാതി, ഒരുമതം, ഒരുദൈവം മനുഷ്യന്''എന്ന മഹാവാക്യം കേരളത്തിന്റെ സാംസ്‌കാരിക പുനർനിർമ്മാണത്തിന് അടിത്തറയായി. മഹാത്മാ ഗാന്ധി എഴുതുന്നുണ്ട് 'I object to violence because when it appears to do good, the good is only temporary; the evil it does is permanent.'ഗാന്ധിയുടെയും ഗുരുവിന്റെയും ദർശനങ്ങളുടെ ഈ ദ്വന്ദദീപ്തിയാണ് ആനന്ദതീർത്ഥന്റെ പ്രവർത്തനത്തിൽ കാണുന്നത്. നവോത്ഥാനത്തിന്റെ മറക്കപ്പെട്ട ശബ്ദങ്ങളെ ഓർമപ്പെടുത്തുന്ന സാംസ്‌കാരിക ഇടപെടലാണ് 'ചേയാ'.
ജാതിനിർമ്മൂലനത്തിന്റെ ആശയരാഷ്ട്രീയം
ജാതിനിർമ്മൂലനം ഒരു സാമൂഹിക ആഹ്വാനം മാത്രമല്ല; അത് ഒരു രാഷ്ട്രീയ സങ്കൽപമാണ്. അംബേദ്കർ മുന്നറിയിപ്പ് നൽകുന്നു:
'Political democracy cannot last unless there lies at the base of it oscial democracy.' അംബേദ്കർ നൽകുന്ന മുന്നറിയിപ്പുമായി ചേർത്ത് നോവലിന്റെ ആന്തരിക രാഷ്ട്രീയത്തെ വായിച്ചെടുക്കാം! ആനന്ദതീർത്ഥന്റെ പ്രവർത്തനം ഈ സാമൂഹിക ജനാധിപത്യത്തിന്റെ പ്രാദേശിക ആവിഷ്‌കാരമായിരുന്നു. അദ്ദേഹത്തിന്റെ സമരം വ്യക്തിപരമായ മോചനത്തിനല്ല; സാമൂഹികവിമോചനത്തിനായിരുന്നു. സാഹിത്യം രാഷ്ട്രീയസ്മൃതിയുടെ പുനർനിർമ്മാണമാണെന്ന് എഡ്വേർഡ് സൈദ് (Edward Said) നിരീക്ഷിക്കുന്നു: ('The power to narrate, or to block other narratives, is very important to culture and imperialism.') 'ചേയാ' ഈ 'power to narrate' നെ ഉപയോഗിച്ച് മറക്കപ്പെട്ട ചരിത്രങ്ങളെ വീണ്ടും സംസാരിപ്പിക്കുന്നു.
ആത്മശുദ്ധിയും സാമൂഹികധർമ്മവും
ആനന്ദതീർത്ഥന്റെ ജീവിതം സന്യാസത്തിന്റെ വ്രതകാർക്കശ്യം നിറഞ്ഞതായിരുന്നു. എന്നാൽ അത് ലോകത്യാഗമല്ല; ലോകപരിഷ്‌കരണമാണ്. 'Man is condemned to be free.' - സാർത്ര് നിർവചിക്കുന്നത് സ്വാതന്ത്ര്യം എന്ന ഉത്തരവാദിത്തത്തെയാണ്. ആനന്ദതീർത്ഥൻ തന്റെ സ്വാതന്ത്ര്യം സമൂഹധർമ്മത്തിനായി വിനിയോഗിച്ചു.'Education does not change the world. Education changes people. People change the world.' എന്ന് വിമർശനാത്മക ബോധനത്തിന്റെ പ്രയോക്താവായ പൗലോ ഫ്രെയർ (Paulo Freire) പറഞ്ഞിട്ടുണ്ട്. ആനന്ദതീർത്ഥന്റെ ജീവിതം തന്നെ വാചകത്തിന്റെ ജൈവ ഉദാഹരണമാണ്. ഈ ജൈവികതയുടെ സൗന്ദര്യവും വിശുദ്ധിയും ചോർന്നുപോകാതെ അതേ സാത്വികതയുടെ ആഖ്യാനമികവിൽ നോവൽ പകർന്നു നൽകുന്നുണ്ട്.
ഓർമ്മയുടെ രാഷ്ട്രീയ പ്രതിരോധം, മറവിയുടെയും!
മറവിക്കെതിരെയോർമ്മ കത്തിച്ചുവെച്ച വെട്ടത്തിലിരുന്നാണ് നാം പറയുകയും എഴുതുകയും കലഹിക്കുകയും കയർക്കുകയും കരയുകയും ചിരിക്കുകയും ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്നത്. എഴുതപ്പെടുന്നതുപോലെതന്നെ മറക്കപ്പെടുകയും ചെയ്യുന്ന കാലത്താണ് ഫൂക്കോയെ (Michel Foucault) നമ്മൾ വ്യാഖ്യാനിക്കുന്നത്. 'Where there is power, there is resistance'- എന്ന് ഫൂക്കോ പറയുന്ന ഈ പ്രതിരോധത്തിന്റെ ചരിത്രമാണ് 'ചേയാ'. മറവിക്കെതിരെ സ്മൃതിയുടെ നൈതികപ്രഖ്യാപനമായി ഇത് നിലകൊള്ളുന്നു.
ചരിത്രമെന്നത് വെറും സംഭവങ്ങളുടെ പരമ്പരയല്ല; അത് ഓർമ്മകളുടെ രാഷ്ട്രീയമാണ്. എന്ത് ഓർക്കപ്പെടുന്നു, എന്ത് മറക്കപ്പെടുന്നു - ഇവയുടെ തെരഞ്ഞെടുപ്പിലാണ് അധികാരത്തിന്റെ സാന്നിധ്യം ഒളിഞ്ഞിരിക്കുന്നത്. അധികാരം അതിന്റെ അനീതികളെ സ്ഥിരപ്പെടുത്താൻ മറവിയെ ഉപകരണമാക്കുമ്പോൾ, പീഡിത സമൂഹങ്ങൾ ഓർമ്മയെ പ്രതിരോധമാക്കുന്നു.ഫൂക്കോയുടെ വാചകം ചരിത്രവായനയുടെ ഒരു പ്രധാന തത്ത്വമായി മാറുന്നു. അധികാരം മറവിയിലൂടെ പ്രവർത്തിക്കുമ്പോൾ, പ്രതിരോധം ഓർമ്മയിലൂടെ പ്രവർത്തിക്കുന്നു. ജാതിവ്യവസ്ഥയുടെ ചരിത്രത്തിൽ ഇത് വ്യക്തമാണ്: രേഖകളിൽ ഇല്ലാത്ത ജീവിതങ്ങൾ, ശാസനകളിൽ കാണാത്ത വേദനകൾ, ഗ്രന്ഥങ്ങളിൽ പരാമർശിക്കാത്ത അപമാനങ്ങൾ -ഇവയെല്ലാം സ്മൃതിയുടെ അന്തർധാരകളായി തുടരുന്നു. 'ചേയാ' പോലുള്ള കൃതികൾ ഈ അന്തർധാരകളെ വാക്കുകളാക്കുന്നു.
ഓർമകൾ വ്യക്തിപരമാണെങ്കിലും, അവയുടെ രാഷ്ട്രീയത കൂട്ടായ്മയിൽ നിന്നാണ് ഉരുത്തിരിയുന്നത്. അപമാനങ്ങളെ ഓർമയിൽ സൂക്ഷിക്കുന്ന സമൂഹം, അതിനെ പ്രതികാരത്തിനായല്ല; പ്രയോജനപ്പെടുത്തേണ്ടത്, പുനർനിർമ്മാണത്തിനാണ്. മറവിയെന്നത് അധികാരത്തിന്റെ ശുദ്ധീകരണപ്രക്രിയയാണ് ! അനീതിയെ സാധാരണമാക്കാനുള്ള ശ്രമം. അതിനാൽ ഓർമ്മ ഒരു നൈതിക പ്രവർത്തിയാണ്. ഓർക്കുന്നത് ഒരു സാക്ഷ്യം നൽകലാണ്; സാക്ഷ്യം നൽകുന്നത് ഒരു പ്രതിരോധമാണ്.
ഒരു സാഹിത്യ കൃതിയുടെ വായന ഇത്തരം ചിന്തകൾക്ക് ജീവൻ പകരുന്നുവെങ്കിൽ അത്തരം കൃതി ഉത്കൃഷ്ടമാണ് കൃതി (Text)യുടെ വായന കേവലം കൃതിയുടെ വായനയല്ല കാല (Context) വായനകൂടിയെന്ന് 'ചേയ' അടിവരയിടുന്നു.
ജാതിമരത്തണലിലെ പുരോഗമനവാദം
'Injustice anywhere is a threat to justice everywhere'- ജാതിയെന്ന അനീതിയുടെ സാന്നിധ്യം മനുഷ്യാന്തസ്സിനുള്ള ഭീഷണിയാണ് - എന്ന് മാർട്ടിൻ ലുഥർ കിങ് (Martin Luther King Jr.) പറഞ്ഞത് സമകാല കേരളസമൂഹത്തിന്റെ സാമൂഹ്യ വിശകലനം ഉറപ്പിക്കുന്നുണ്ട്. കേരളീയ സമൂഹം സ്വയം നിർവ്വചിക്കുന്ന പ്രധാന ഐഡന്റിറ്റികളിൽ ഒന്നാണ് 'പുരോഗമനത്വം'. നവോത്ഥാനചരിത്രം, വിദ്യാഭ്യാസവ്യാപനം, രാഷ്ട്രീയ സാക്ഷരത, സാമൂഹിക ജീവിത നിലവാര സൂചികകളിലെ മുന്നേറ്റം -ഇവയൊക്കെ ചേർന്ന് ഒരു സ്വയംപ്രഖ്യാപിത ആധുനികതയുടെ രൂപം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ഈ രൂപത്തിന്റെ അടിത്തറയിൽ പ്രവർത്തിക്കുന്ന ജാതിസംരചനകളെ വിമർശനാത്മകമായി പരിശോധിക്കുമ്പോൾ, ഗൗരവമുള്ള വിരോധാഭാസം പ്രത്യക്ഷമാണ്: സമത്വത്തിന്റെ പൊതുഭാഷയും ജാതിയുടെ സ്വകാര്യപ്രയോഗവും തമ്മിലുള്ള ആന്തരികവൈരുധ്യം.
ഈ വൈരുദ്ധ്യത്തിന്റെ സാഹിത്യ-സാംസ്‌കാരിക രേഖപ്പെടുത്തലായി ചേയായെ വായിക്കാം. 'ചേയാ' ചരിത്രപരമായ അയിത്താനുഭവങ്ങളെ കേന്ദ്രീകരിച്ചെങ്കിലും, അതിന്റെ വിമർശനപരിധി അതിൽ ഒതുങ്ങുന്നില്ല. ഇത് ജാതിയെ തുറന്ന സാമൂഹിക പീഡനരൂപമായി മാത്രം കാണുന്നില്ല; മറിച്ച് അത് രൂപാന്തരപ്പെട്ട ഒരു സാംസ്‌കാരിക മനോഭാവമായി തിരിച്ചറിയുന്നു. ആധുനിക കേരളത്തിൽ ജാതി നിയമപരമായ വിവേചനമായി നിലനിൽക്കാതിരുന്നാലും, അത് വിവാഹവ്യവസ്ഥയിൽ, രാഷ്ട്രീയ സ്ഥാനമാറ്റങ്ങളിൽ, സ്ഥാപനവത്കൃത ഔദ്യോഗിക-സാമൂഹിക- നേതൃത്വത്തിൽ, പോലും സന്നിഹിതമാണ്. ഈ സാഹചര്യത്തിൽ ''പുരോഗമനത്വം'' ഒരു പ്രയോഗശൈലിയായി മാറാനുള്ള സാധ്യത ഉയരുന്നു.
നോവൽ സൂചിപ്പിക്കുന്ന അടിസ്ഥാന വിമർശനം ഇതാണ്: ജാതിവിരുദ്ധത ഒരു നൈതിക പ്രഖ്യാപനം മാത്രമായി നിലനിൽക്കുമ്പോൾ അതൊരുസാംസ്‌കാരിക പ്രകടനമായി ചുരുങ്ങും; എന്നാൽ അത് സാമൂഹിക ബന്ധങ്ങളുടെ പുനർസംഘടനയിലേക്ക് നീങ്ങുമ്പോഴാണ് അതിന് ചരിത്രപരമായ പ്രസക്തി ലഭിക്കുന്നത്. 'ചേയാ'യിലെ ജാതിപദം അപമാനത്തിന്റെ ചരിത്രസൂചനയായിരിക്കുമ്പോൾ, അതിന്റെ പുനർസ്മരണ ഇന്നത്തെ സമൂഹത്തിലെ അദൃശ്യ ജാതിചിന്തകളെ വെളിപ്പെടുത്തുന്ന പ്രതീകമായി പ്രവർത്തിക്കുന്നു. അങ്ങനെ നോവൽ ഒരു ഭൂതകാല രേഖ മാത്രമല്ല; മറിച്ച് സമകാലീന സമൂഹവിമർശവുമാണ്.
ഇവിടെ മലയാളിയുടെ 'ഹിപ്പോക്രസി' എന്ന ആശയം വ്യക്തിപരമായ നൈതിക ദൗർബല്യമായല്ല; ഘടനാപരമായ സാംസ്‌കാരിക ദ്വന്ദമായി മനസ്സിലാക്കേണ്ടതാണ്. പൊതുവേദികളിൽ സമത്വവാദം പ്രചരിപ്പിക്കുന്നതും സ്വകാര്യജീവിതത്തിൽ ജാതിനിബന്ധനകൾ പാലിക്കുന്നതും തമ്മിലുള്ള വ്യത്യാസം, വ്യക്തിപരമായ ദൗർബല്യമല്ല; മറിച്ച് സാമൂഹിക അന്തർധാരകളുടെ ചരിത്രപരമായ തുടർച്ചയാണ്. ഈ ദ്വന്ദാവസ്ഥയെ തിരിച്ചറിയാതെയുള്ള പുരോഗമനപ്രഖ്യാപനം, ആശയപരമായ ആഴമില്ലാത്ത പ്രകടനമാകാൻ സാധ്യതയുണ്ട്.'ചേയാ'യുടെ പ്രാധാന്യം ഈ തിരിച്ചറിവിലാണു നിലകൊള്ളുന്നത്. ഇത് ജാതിയെ ഒരു പഴയ കാലഘട്ടത്തിന്റെ സാമൂഹ്യ തിന്മയായി മാത്രം അവതരിപ്പിക്കുകയല്ല; മറിച്ച്, ആധുനിക സാംസ്‌കാരിക ജീവിത നാടക വേദിയുടെ അണിയറയിൽ മറഞ്ഞുനിൽക്കുന്ന ഒരു സാംസ്‌കാരിക വ്യവസ്ഥയായി വിമർശിക്കുന്നു. ഈ കപട പുരോഗമനവാദം ആത്മപരിശോധയ്ക്കും ആത്മവിമർശനത്തിനും വിധേയമാകുമ്പോഴേ അതിന് സാരഥ്യം ലഭിക്കൂ എന്ന വാദമാണ് നോവലിന്റെ അന്തർധ്വനി. അതുകൊണ്ട് 'ജാതിമരത്തണലിലെ പുരോഗമന നാട്യം' എന്ന പ്രയോഗം ഒരു ശൈലിപ്രയോഗമല്ല; അത് കേരളീയ ആധുനികതയുടെ സാമൂഹിക-ദാർശനിക അവസ്ഥയെ നിർവ്വചിക്കുന്ന വിമർശനപരമായ രൂപകമാണ്. 'ചേയാ' ചരിത്രസ്മൃതിയെയും സമകാലീന സാംസ്‌കാരിക വിമർശനത്തെയും സംയോജിപ്പിച്ചുകൊണ്ട് ഈ രൂപകത്തെ സാഹിത്യരൂപത്തിൽ സാക്ഷാത്കരിക്കുന്നു.
'ചേയാ'യെ ദളിത് ചിന്തയുടെ ദൃശ്യവിസ്താരത്തിൽ അപനിർമിക്കുമ്പോൾ!
ഗാന്ധി -ശ്രീനാരായണഗുരു -അംബേദ്കർ ദർശനങ്ങൾ താരതമ്യത്തിന്റെ മാനദണ്ഡങ്ങളായല്ല, മറിച്ച് ജാതിവ്യവസ്ഥയെ അഭിമുഖീകരിച്ച മൂന്ന് വ്യത്യസ്ത ആത്മബോധങ്ങളായി വിടരുന്നുണ്ട്. ഈ ദർശനങ്ങളു വെളിച്ചത്തിലുള്ള നോവൽ വായനയുടെ കേന്ദ്രപ്രശ്‌നം വ്യത്യസ്തമാണ്. ജാതിയെന്ന ഘടനാപരമായ അനീതിയെ അവസാനിപ്പിക്കാൻ ഏത് ആശയമാണ് ചരിത്രപരമായി കൂടുതൽ ദൃഢമായ വഴികാട്ടി എന്നത് സങ്കീർണമായ ചോദ്യമാണ്.
മഹാത്മാഗാന്ധി ജാതിവ്യവസ്ഥയെ നൈതികമായ ഒരു പ്രശ്‌നമായി കണ്ടു. അഹിംസയും ആത്മശുദ്ധിയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ അന്തസത്ത യായിരുന്നു. അനീതിയെ ചെറുക്കാനുള്ള മാർഗമായി ഹൃദയപരിവർത്തനത്തെ അദ്ദേഹം മുൻനിർത്തി. എന്നാൽ ദളിത് അനുഭവങ്ങളുടെ ദൃശ്യത്തിൽ നിന്ന് നോക്കുമ്പോൾ, ഹൃദയപരിവർത്തനം അധികാരഘടനകളെ തകർക്കാൻ മതിയാകുമോ എന്ന ചോദ്യം നിലനിൽക്കുന്നു. കരുണയുള്ള മേൽക്കോയ്മ, നൈതികസമത്വമായി പരിണാമപ്പെടണമെങ്കിൽ ഘടനാപരമായ മാറ്റം അനിവാര്യമാണ്.
ശ്രീനാരായണ ഗുരു ആത്മീയ സമത്വത്തിന്റെ ഭാഷയിൽ ജാതിയെ ചോദ്യം ചെയ്തു. ''ഒരുജാതി, ഒരുമതം, ഒരുദൈവം മനുഷ്യന്'' എന്ന പ്രഖ്യാപനം സംസ്‌കാരത്തിന്റെ ഉള്ളടക്കത്തെ തന്നെ മാറ്റാനുള്ള ശ്രമമായിരുന്നു. ദളിത് പരിപ്രേക്ഷ്യത്തിൽ ഈ ദർശനം ആത്മബഹുമാനത്തിന്റെ വിത്തുകളാണ് വിതച്ചത്. എന്നാൽ ആത്മീയ സമത്വം സാമൂഹിക-ആർഥിക സമത്വത്തിലേക്ക് പരിവർത്തിതമാകുമ്പോഴേ അതിന്റെ ദൗത്യം പൂർത്തിയാകൂ. ആത്മാവിന്റെ സമത്വം ഭൂമിയിലെ അവകാശങ്ങളായി മാറണം -ഇതാണ് ദളിത് ചിന്തയുടെ നിർണ്ണായക ആവശ്യം.
അംബേദ്കർ ജാതിയെ നേരിട്ട് ഘടനാപരമായ അധികാരവ്യവസ്ഥയായി വിശകലനം ചെയ്തു. അദ്ദേഹത്തിന്റെ വിശകലനങ്ങൾ 'ജാതിയെ നൈതിക പ്രശ്‌നമെന്നതിലുപരി രാഷ്ട്രീയ-സാമൂഹിക യാഥാർത്ഥ്യമായി തിരിച്ചറിഞ്ഞു. സമത്വം നിയമത്തിലും ജീവിതത്തിലും ഒരുപോലെ ഉറപ്പിക്കപ്പെടണം എന്ന ഉറച്ച നിലപാടാണ് അംബേദ്കർ ചിന്തകളുടെ ആത്മാവ്. ദളിത് കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ, ഈ നിലപാട് ജാതിനിർമ്മൂലനത്തെ കരുണയുടെ പരിധിയിൽ നിന്ന് അവകാശത്തിന്റെ രാഷ്ട്രീയത്തിലേക്ക് ഉയർത്തുന്നു.
'ചേയാ'യുടെ പ്രമേയം ഈ മൂന്ന് ദർശനങ്ങളെയും ഒരേ ചരിത്രവേദിയിൽ അവതരിപ്പിക്കുന്നു. എന്നാൽ ദളിത് വായനയിൽ ഇവ തമ്മിലുള്ള വ്യത്യാസങ്ങളെ നിരന്തരം താരതമ്യം ചെയ്യുന്നതല്ല പ്രധാനമാവുന്നത്; പകരം, ജാതിയാൽ മൗനത്തിലാക്കിയ ജീവിതങ്ങളുടെ സാക്ഷ്യത്തെ ഏത് ദർശനം കൂടുതൽ സുസ്പഷ്ടമായി രാഷ്ട്രീയഭാഷയാക്കുന്നു എന്നതാണ് നിർണ്ണായകം. ഇവിടെ അംബേദ്കറുടെ സാമൂഹിക ജനാധിപത്യചിന്ത ഒരു നിർണ്ണായക പ്രമേയമായി ഉയരുന്നു. കാരണം ദളിത് ചിന്തയിൽ വിമോചനം ആത്മശുദ്ധിയല്ല, ഘടനാപരമായ പുനർസംഘടനയാണ്. അതുകൊണ്ട് 'ചേയാ'യെ ദളിത് ദർശന പശ്ചാത്തലത്തിൽ വായിക്കുമ്പോൾ, ഗാന്ധിയുടെ അഹിംസ ആത്മപരിഷ്‌കാരത്തിന്റെ മാർഗമായി, ഗുരുവിന്റെ ദർശനം ആത്മബഹുമാനത്തിന്റെ സാംസ്‌കാരിക വിപ്ലവമായി, അംബേദ്കറുടെ ചിന്ത സാമൂഹിക ജനാധിപത്യത്തിന്റെ രാഷ്ട്രീയരൂപരേഖയായി തുറക്കപ്പെടുന്നു. ഈ വായനയിൽ അന്തിമലക്ഷ്യം വ്യക്തമാണ്: ജാതിയെ ഇല്ലാതാക്കുന്നത് ഒരു വ്യക്തിയുടെ അന്തസ്സിനെ ഉയർത്തൽ മാത്രമല്ല; ഒരു സമൂഹത്തിന്റെ അവകാശപുനർസ്ഥാപനം കൂടിയാണ്.
അതിനാൽ 'ചേയാ' കേവലമായൊരു സാഹിത്യകൃതിയുടെ പരിമിത വൃത്തത്തിൽ നിന്ന് വിശാലമായ ദളിത് ചിന്തയുടെ വെളിച്ചത്തിൽ വായിക്കപ്പെടുമ്പോൾ അത് ഒരു നൈതിക-രാഷ്ട്രീയ പ്രമേയപ്രഖ്യാപനമായി വളരുന്നുണ്ട്. കരുണയെ നീതിയായും, ആത്മശുദ്ധിയെ അവകാശബോധമായും, സ്മൃതിയെ പ്രതിരോധമായും മാറ്റുന്ന ഈ വായനയാണ്
'ചേയ' ആവശ്യപ്പെടുന്നത്! ഗാന്ധി -ഗുരു -അംബേദ്കർ ദർശനങ്ങളുടെ ചരിത്രസംവാദമായി കൃതി പുനർജീവിക്കുന്നത് ഇത്തരം വായനയിലൂടെയാണ്.
അംബേദ്കറിൽ തന്നെ ഈ ലേഖനം അവസാനിപ്പിക്കാം:
'Life should be great rather than long.' ആനന്ദതീർത്ഥന്റെ ജീവിതവും 'ചേയാ' എന്ന നോവലും ഈ മഹത്തായ ജീവിതത്തിന്റെ സാഹിത്യരൂപമാണ്.
അവലംബം
Ambedkar, B. R., Annihilation of Caste. 1936. Reprint, New Delhi: Navayana, 2014.
Gandhi, Mahatma., Hind Swaraj, 1909, Ahmedabad: Navajivan Publishing House, 1938.
Guru, Gopal, and Sundar Sarukkai. The Cracked Mirror. New Delhi: Oxford University Press, 2012.
ഉണ്ണിമാധവൻ ആർ.,ചേയാ (നോവൽ) മാതൃഭൂമി ബുക്‌സ് കോഴിക്കോട്
Panikkar, K. N., കേരളം: നവോത്ഥാനത്തിന്റെ വഴികൾ. തിരുവനന്തപുരം: കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,
ശ്രീനാരായണ ഗുരു, ആത്മോപദേശ ശതകം. ശിവഗിരി: ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ്, അയിരുക്കുഴിയിൽ, റവ, എ. എം., പരിഭാഷ: വർഗ്ഗീസ്, കെ.സി., സ്വാമി ആനന്ദതീർത്ഥൻ -ജീവിതവും പ്രവൃത്തികളും, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം
(കണ്ണൂർ ജില്ലയിലെ മാതമംഗലം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജുക്കേഷനിൽ ടീച്ചർ എജുക്കേറ്ററാണ് എഴുത്തുകാരൻകൂടിയായ ലേഖകൻ.)
Content Highlights: Philosophical examination of R. Unnimadhavan's 'Cheya' as a bio-fiction masterpiece., Exploration of Swami Anandatheerthan's struggle against caste through Gandhian and Sree Narayana Guru's perspectives., Critical analysis of Ambedkar's 'Annihilation of Caste' as applied to contemporary Kerala., Intersection of historical memory and literary narrative in dismantling systemic caste inequality.
Published: 11 Jun 2026, 03:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented