
എം. പ്രഭാകരന്‍ തമ്പിയുടെ 'മുഗ്ദ്ധാനുരാഗസ്പന്ദനങ്ങള്‍' എന്ന പുസ്തകത്തെക്കുറിച്ച് സി. രാധാകൃഷ്ണന്‍ എഴുതിയ കുറിപ്പ് വായിക്കാം...
നല്ല മലയാളത്തില്‍ ആത്മാര്‍ഥമായി എഴുതപ്പെട്ട ഒരു കൃതിയാണ് പ്രഭാകരന്‍ തമ്പി രചിച്ച 'മുഗ്ദ്ധാനുരാഗസ്പന്ദനങ്ങള്‍' എന്ന നോവല്‍. നിഷ്ഠയുള്ള ഒരു അധ്യാപകന്റെ രചനയായതുകൊണ്ട് ഏറെ പവിത്രവും ആണ് ഈ രചന. എഴുതാന്‍ മക്കള്‍ അച്ഛനെ നിര്‍ബന്ധിക്കുക, വിശ്വസാഹിത്യവുമായി നല്ല പരിചയം ഉള്ളതുകൊണ്ട് അച്ഛന്‍ എഴുതാന്‍ മടിക്കുക, അവസാനം എഴുതി വയ്ക്കുക, തന്റെ കാലശേഷം വെളിച്ചം കണ്ടാല്‍ മതി എന്ന് നിഷ്‌കര്‍ഷിക്കുക കൂടി ചെയ്യുക, മക്കള്‍ അത് എടുത്ത് ഇത്ര ഭംഗിയായി പ്രസിദ്ധീകരിക്കാന്‍ ഏര്‍പ്പാട് ചെയ്യുക, അത്ര സാധാരണമായ ഒരു കാര്യമല്ല ഇത് കേരളക്കരയില്‍ എന്നല്ല ലോകത്ത് എവിടെയും. വിധികല്പിതം പോലെ എന്നിലേക്ക് അപ്രതീക്ഷിതമായി എത്തിച്ചേര്‍ന്ന കൃതിയാണ് പ്രഭാകരന്‍ തമ്പി രചിച്ച മുഗ്ദ്ധാനുരാഗസ്പന്ദനങ്ങള്‍ എന്ന നോവല്‍.
ഗ്രന്ഥകര്‍ത്താവ് ആദ്യകാല പ്രവര്‍ത്തന മേഖലയിലൊന്നായ ശാസ്ത്ര സാഹിത്യ പരിഷത്തില്‍ സഹപ്രവര്‍ത്തകന്‍ ആയിരുന്നു എന്ന് അറിഞ്ഞപ്പോള്‍, അദ്ദേഹത്തിന്റെ രചനകളിലെ അന്തകരണങ്ങളില്‍ സമാനത പ്രതീക്ഷിച്ചു. ശാസ്ത്രത്തിന് പക്ഷമുണ്ടാവാന്‍ പാടില്ല എന്ന എന്റെ വിശ്വാസം, ഗ്രന്ഥകര്‍ത്താവും പുലര്‍ത്തിയിരുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ എന്റെ പ്രതീക്ഷയ്ക്ക് തിളക്കവും ഏറി. ഒരു കാലഘട്ടത്തിന്റെ കഥ, അഥവാ ഒരു ജീവിത കാലയളവിന്റെ നേര്‍പകര്‍പ്പാണ് ഗ്രന്ഥകര്‍ത്താവ് നോവല്‍ രൂപേണ അവതരിപ്പിക്കുന്നത്. ആയതിനാല്‍, ആ പ്രസക്തിയും ഈ നോവലിനുണ്ട്. ആദ്യ വ്യക്തി വിവരണത്തിലൂടെയാണ് (First person narration) ഈ നോവല്‍ രചിച്ചിരിക്കുന്നത്.
ഈ നോവലിന്റെ ആഖ്യാനത്തില്‍, വായനക്കാരന്‍ നോവലിലെ നായകനോടൊപ്പം യാത്ര ചെയ്യുന്ന രീതിയിലുള്ള ദൃശ്യവല്‍ക്കരണം കാണാന്‍ സാധിക്കും. നോവലിന്റെ പ്രമേയം പ്രണയമാണെങ്കിലും, സാധാരണ പ്രണയ നോവലുകളില്‍ കാണുന്നത് പോലെ വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്ന നാടകീയമായ ഒരു സന്ദര്‍ഭവും ഈ രചനയില്‍ കാണാന്‍ കഴിയില്ല. മറിച്ച് നോവലില്‍ ഉടനീളം, അനുവാചകരില്‍ പ്രണയത്തിന്റെ സ്പന്ദനങ്ങള്‍ അനുഭവപ്പെടുന്നു.
സമാഗതമാകാതെ പിരിയുന്ന പ്രണയമാണ് മഹത്തായ പ്രണയമെന്ന് കാളിദാസന്‍ പറഞ്ഞിട്ടുണ്ട്. യഥാര്‍ഥ പ്രണയത്തിന്റെ തീവ്രതയും, ആഴവും, അവര്‍ മാത്രമേ അറിഞ്ഞിട്ടുള്ളു. ഈ പ്രമേയമുള്ള പ്രണയ നോവലുകള്‍ ലോകസാഹിത്യത്തില്‍ ധാരാളം കാണാന്‍ സാധിക്കും. മലയാളത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാല സഖി'യും 'അനുരാഗത്തിൻെറ ദിനങ്ങളും' തകഴിയുടെ 'ചെമ്മീനു'മൊക്കെ നമ്മുടെ മുമ്പിലുള്ള മനോഹര പ്രണയകാവ്യങ്ങളാണ്. ഈ കാവ്യങ്ങളോളം മനോഹാരിത പ്രഭാകരന്‍ തമ്പിയുടെ ഈ നോവലിനുമുണ്ട്. അദ്ദേഹം വിശദീകരിക്കുന്ന രാഗം, അനുരാഗം പ്രേമം, പ്രണയം, ഇവയുടെ സൈദ്ധാന്തിക വിവരണങ്ങള്‍ അവാച്യമായ ഊര്‍ജവും കൗതുകവുമാണ് എനിക്ക് പകര്‍ന്നുതന്നത്.
യാത്ര പറയാതെ പിരിഞ്ഞപ്പോഴും ഹൃദയങ്ങള്‍ പരസ്പരം കൈമാറാതെ, കാത്തിരിപ്പ് തുടരാതെ, മുഗ്ദ്ധാനുരാഗസ്പന്ദനങ്ങള്‍ നിലനിറുത്തിയ പ്രണയിതാക്കള്‍, ഒരു പക്ഷെ പ്രണയ നോവലുകളില്‍ ഉന്നത സ്ഥാനം നല്‍കാവുന്ന പ്രണയ പര്യവസായമുള്ള കൃതിയാണ് 'മുഗ്ദ്ധാനുരാഗസ്പന്ദനങ്ങള്‍: വ്യത്യസ്ഥമായ പേര്, അക്ഷരാര്‍ഥത്തില്‍ ആ തലക്കെട്ടിനോട് നീതി പുലര്‍ത്തി, പ്രണയത്തിന്റെ അനുരണനങ്ങള്‍ ആദ്യാവസാനം കാത്തുസൂക്ഷിച്ചിരിക്കുന്നു നോവലില്‍. ഒരു പൂര്‍വകാല ശാസ്ത്ര സാഹിത്യ പ്രവര്‍ത്തകന്‍, ഒരു ഗണിതശാസ്ത്ര അധ്യാപകന്‍, ഒരു ചരിത്രകാരന്, ഇത്രയും പവിത്രമായ ഒരു പ്രണയ ഗീതം എഴുതാന്‍ കഴിഞ്ഞത് ഏറെ ആശ്ചര്യമുണര്‍ത്തുന്നു.
ഗ്രന്ഥകര്‍ത്താവിന്റെ പക്ഷ രാഷ്ട്രീയ ചിന്ത കഥാപാത്രങ്ങളിലൂടെ വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. വായനയില്‍ കല്ലുകടികളാകാതെ, സംഭാഷണങ്ങളില്‍ യുക്തിബോധവും തത്വചിന്തകളും വിവേകത്തോടെ പ്രതിഷ്ഠിക്കുന്ന രചനയിലൂടെ ഗ്രന്ഥകര്‍ത്താവിന്റെ കഥ പറയാനുള്ള സാമര്‍ഥ്യം വ്യക്തമാകുന്നു. കാലയവനികയുടെ പിന്നിലേക്ക് പോയ് മറഞ്ഞില്ലായിരുന്നെങ്കില്‍ പ്രഭാകരന്‍ തമ്പിയില്‍ നിന്ന് മലയാള സാഹിത്യത്തിന് ഇനിയും സര്‍ഗാത്മക സൃഷ്ടികള്‍ ലഭിക്കുമായിരുന്നു. ഗ്രന്ഥകര്‍ത്താവിന്റെ മുന്നില്‍ നമസ്‌കരിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ രചനകള്‍ മലയാള ഭാഷാ സാഹിത്യലോകത്തിന് മുതല്‍ക്കൂട്ടാക്കാന്‍ മുന്നിട്ട് ഇറങ്ങിയ അദ്ദേഹത്തിന്റെ സന്താന പരമ്പരയെ മനം നിറയെ സന്തോഷത്തോടെ അഭിനന്ദിക്കുന്നുതിനോടൊപ്പം അവര്‍ക്ക് നല്ലതുകള്‍ മാത്രം ആശംസിക്കുന്നു.
വായന ഇഷ്ടപ്പെടുന്ന എല്ലാ മലയാളികളുടെ കൈയിലേക്കും പ്രഭാകരന്‍ തമ്പിയുടെ രചനകള്‍ എത്തട്ടെ എന്നും ഞാന്‍ ആശിക്കുന്നു.
Content Highlights: Book review of 'Mugdhaanuraga spandanangal'
Published: 06 Jun 2025, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented