
ചില പുസ്തകങ്ങൾ ചിലർക്ക് മാത്രമേ എഴുതാനാകൂ, അങ്ങനെയൊരു പുസ്തകമാണ് 'സ്‌നോലോട്ടസ്'. സോണിയാ ചെറിയാനെന്ന പട്ടാള ഡോക്ടർക്ക് മാത്രം എഴുതാൻ കഴിയുന്ന ആഖ്യായിക. ഈ നോവൽ വായനക്കാർക്കായി കരുതിവച്ചിരിക്കുന്ന അമേയമായ കാഴ്ചകൾ, വിഹ്വലതകൾ, മന്ത്രണങ്ങൾ നിരവധിയാണ്. ജീവിതത്തിന്റെ അനന്യസാധാരണമായ അടരുകളെ നീഹാരശീതവും മാർദ്ദവവും അലിയിച്ച് ചേർത്ത് നോവൽ വരച്ചിടുന്നു. സ്‌നോ ലോട്ടസ് പറയുന്ന രാഷ്ട്രീയത്തിൽ നിറയെ നോവാണ്, ചങ്കിൽ നിന്നും ചോരപൊഴിക്കുന്ന നോവ്. ഇതിലെ ചില കാഴ്ചകൾ കണ്ണുനിറയാതെ കാണാനാകില്ല, കരൾ പിളരാതെ വായിച്ചു കടക്കാനുമാകില്ല.
യാത്രികരുടെ, യാത്രയുടെ മൂന്നുകാലം
സോണിയാചെറിയാന്റെ സ്‌നോ ലോട്ടസ് അടിസ്ഥാനപരമായി ഒരു അന്വേഷണ യാത്രയുടെ കഥയാണ്. എന്നാൽ ആ അന്വേഷണത്തിൽ നിറയുന്നത് ഉൾക്കാഴ്ചകളുടെയും ഉണർവ്വുകളുടെയും ധാരാളിത്തമാണ്. മനുഷ്യജന്മത്തിന്റെ മൂന്നുകാലമുണ്ട് ഈ സഞ്ചാരത്തിൽ. ബാല്യവും യൗവനവും വാർദ്ധക്യവും. മഞ്ഞു മല കയറുന്നത് ആ കാലങ്ങളുടെ അടയാളപ്പെടുത്തലിലൂടെയാണ്. ആകാംക്ഷയും ആശ്ചര്യവും നിറച്ച് നടത്തുന്ന ആരോഹണത്തിന്റെ കുറുമ്പുള്ള ബാല്യം. കൂടുതൽ സുരക്ഷിതമായി ശ്രദ്ധയോടെ നടന്നുകയറുന്ന യൗവനകാലം. അവിടെ പ്രണയം തീവ്രവും ചടുലവുമാണ്. അവസാനം വാർദ്ധക്യം പോലെ സ്വന്തം കൈപ്പിടിയിൽ നിൽക്കാത്ത യാത്ര. ചതുപ്പിലേയ്ക്കുള്ള പതനവും രക്ഷയും മരണവും മരണമില്ലായ്മയും ബോധവും അബോധവും കൂടിക്കുഴഞ്ഞ വാർദ്ധക്യക്കാഴ്ച.
ഇതുപോലെ സ്‌നോ ലോട്ടസിന്റെ നാഡിയായ ഗോപയ്ക്കും രക്തമായ ദാവയ്ക്കും മൂന്നു കാലമുണ്ട്. അച്ഛനൊപ്പമുണ്ടായിരുന്ന കുട്ടിക്കാലം,അരുമയായി മകളെ അച്ഛൻ രൂപപ്പെടുത്തിയ കാലം. പിന്നാലെ വന്ന ദുരിതവും, അവിടെ നിന്നും കരുത്തുകാട്ടി തെളിഞ്ഞ രണ്ടാം കാലം; അതാകട്ടെ അച്ഛനായി ഉരുവപ്പെട്ട ദിനങ്ങൾ കൂടിയായിരുന്നു. അവസാനം നീഹാരവിഹായസ്സിൽ ദാവയ്‌ക്കൊപ്പം പുതിയദർശനങ്ങൾ, വെളിപാടുകൾ ഒക്കെയായി നടന്ന കാലം. ദാവയ്ക്കുമുണ്ടായിരുന്നു ബാല്യം, പക്ഷേ അത് വിസ്മൃതിയുടേതാണ്. പിന്നെ സമസ്തവും പരിണാമത്തിന് വിധേയമായ ഒരു സമയം, ദേവ മഹാശാന്തതല്പമായി മാറിയ രണ്ടാം കാലമാണത്. അവസാനം ഗോപയോടൊപ്പമുള്ള ദാവയുടെ പ്രയാണകാലമാണ്. ഇവിടെ ദാവ പുതുദർശനങ്ങളുടെ സുഗന്ധവർഷത്തിൽ ആറാടുകയാണ്. സ്ത്രീസ്പർശത്താൽ കമനീയമാക്കപ്പെടുന്ന മഹാശാന്തിഘട്ടം. അവൻ അഭയം തേടുകയും അഭയസങ്കേതമാകുകയും ചെയ്യുന്ന അഭൗമ നിമിഷങ്ങൾ. അവിടെ പ്രണയത്തിന്റെ മനോജ്ഞതയും സാഹസികതയുടെ അപാരതയുമുണ്ട്. ആകാശത്തൊരു വൻപക്ഷി തുപ്പിയിട്ട മിണ്ടാത്തൊരാളെ തേടിയുള്ള യാത്രയാണ്, ആ തേടലിനും ത്രികാലങ്ങളുടെ നൈരന്തര്യമുണ്ട്. ഗോപയെന്ന മകൾ നിർമ്മിക്കുന്ന ഒന്നാംകാലം ദാവയെന്ന വിശുദ്ധിയെ സന്ധിക്കുന്ന മധ്യകാലം. പിന്നെ യാത്രയുടെ അനന്തനിമിഷങ്ങൾ. ഇവിടെ ലക്ഷ്യം ബുദ്ധനും പാത ദർശനങ്ങളുമാണ്. യാത്രയുടെ സമയത്തെ മുഴുവൻ ഫലഭൂയിഷ്ഠമാക്കുന്നത് ബുദ്ധത്വത്തിന്റെ മഹാസന്ദേശങ്ങളും മിഴിനിറയ്ക്കുന്നത് ടിബറ്റെന്ന ശാന്തദേശത്തെ ഗ്രസിച്ച അശാന്തിയുടെ, വിപത്തിന്റെ രാഷ്ട്രീയം പറയലുമാണ്.
മുദ്രാവാക്യങ്ങളില്ലാതെ പറയുന്ന രാഷ്ട്രീയം
സ്‌നോലോട്ടസ് കാതടപ്പിക്കുന്ന മുദ്രാവാക്യങ്ങളോ തെരുവിടങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന പ്രസംഗങ്ങളോ ഇല്ലാതെ എന്നാൽ അതിശക്തമായി രാഷ്ട്രീയം പറയുന്ന നോവലാണ്. ഈ ആഖ്യായികയുടെ ഏറ്റവും ആകർഷണീയമായ ഘടകവും അതുതന്നെയാണ്. രാഷ്ട്രീയത്തെ, അതിനുനേരെയുള്ള പ്രതികരണത്തെ ഇത്രയും ശാന്തമായി ഒരു നോവലിൽ അവതരിപ്പിക്കാൻ സാധിക്കുന്നത് അപൂർവ്വമാണ്. ഒച്ചയെടുക്കാതെ വായനക്കാരന്റെ മനസ്സിലേയ്ക്ക്, ചിന്തയിലേയ്ക്ക് ഏറ്റവും പൈശാചികമായ അധിനിവേശത്തിന്റെ യാഥാർത്ഥ്യത്തെ വഴിനടത്തുകയാണ് സോണിയാചെറിയാൻ. യന്ത്രത്തോക്കുകൾ കടന്നുകയറിയ ഭൂമി ലോകത്തിന്റെ പ്രാർത്ഥനാലയം ആയിരുന്നു, തച്ചുതകർത്തത് ജപമാലയെയും ശാന്തിമന്ത്രങ്ങളെയും ആയിരുന്നു. പട്ടാളബൂട്ടുകൾ ചവിട്ടിമെതിച്ചത് ബുദ്ധവിഗ്രഹങ്ങളെയായിരുന്നു. 1800 വർഷത്തെ പാരമ്പര്യത്തിൽ കെട്ടി ഉയർത്തിയ മഹത്‌ചേദനയെ നിലംപരിശാക്കിയ അധിനിവേശം, തുടർന്ന് നടന്ന കൂട്ടപലായനം. ഒരു ജനതയുടെ അതുല്യമായ പൈതൃകത്തെ വിപുലവും ശക്തവുമായി പറഞ്ഞശേഷം അവർക്ക് നേരിടേണ്ടി വന്ന വിവരണാതീതമായ പാതകങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്ന എഴുത്തുവഴി പുതുവഴി തന്നെയാണ്. ഇഷ്ടം തോന്നുന്ന, ചേർത്തു നിർത്താൻ തോന്നുന്ന, കണ്ണുനീർ പൊഴിക്കാതെ കാണാൻ കഴിയാത്ത, ചങ്കിൽ ചോര പൊടിയാതെ വായിക്കാൻ കഴിയാത്ത അനവധി ചിത്രങ്ങൾ. കുഞ്ഞനുജത്തിയെ ചുമൽശീലയിൽ ബന്ധിച്ച് ഓടിയ കുഞ്ഞു ചേട്ടൻ, കാറ്റിൽ ആടുന്ന ഒരു തൊട്ടിൽശീല. ഇരുപത് വർഷങ്ങൾക്ക് മുൻപ് കാണാതായ മകനായി ഇന്നും ഭക്ഷണം ഉണ്ടാക്കി കാത്തിരിക്കുന്ന അമ്മ, ഒരു പർവ്വതത്തിനപ്പുറത്ത് തങ്ങളുടെ ഭൂമിയുണ്ടെന്ന് ആന്തൽകൊള്ളുന്ന ലാമമാർ, ജനസഹസ്രങ്ങൾ. ഞങ്ങൾ ആരെയും ആക്രമിക്കാത്തതുകൊണ്ട് ഞങ്ങളെയും ആരും ആക്രമിക്കില്ല എന്ന് കരുതിയ ജനതയുടെ വിശ്വാസപ്രമാണങ്ങൾക്ക് മേൽ അശനിപാതമായി വന്നവർ നടത്തിയ നായാട്ട്. സ്‌നേഹത്തിനും സമാധാനത്തിനും സംരക്ഷണം വേണ്ടെന്നു കരുതിയ നിർമ്മലത്വത്തിന് ഏറ്റ പ്രഹരം. സമാധാനത്തിന്റെ ജനതയെ ലോകം മുഴുവൻ കാലു വെന്തു നടക്കാൻ കാരണമാക്കിയ അരുംനീതി. ഇതിനപ്പുറം ശക്തവും ശാന്തവുമായി എങ്ങനെയാണ് രാഷ്ട്രീയം പറയാനാകുക? സ്‌നോ ലോട്ടസ് 'ഓം മണിപദ്‌മേ ഹും'.
ആരോഹണത്തിലെ അർദ്ധനാരീശ്വത്വം
സ്ത്രീയും പുരുഷനും ഗോപയും ദാവയും ബുദ്ധചരിതത്തിലെ നായികാനായകന്മാർ. പർവ്വതയാത്രയിൽ പാരസ്പര്യത്തെ പുല്കി പാദം വച്ചവർ. സൗഹൃദം, ആരാധന, പ്രണയം നീഹാരനിറം ചാലിച്ച കാമം. പെണ്ണിന് ആണ്, ആണിന് പെണ്ണ്, കൊടുമുടികൾ കീഴടക്കാൻ, മഞ്ഞുകടൽ നീന്തിക്കടക്കാൻ, ഭയത്തെ വെന്ന് ലക്ഷ്യത്തെ പുണരാൻ അനിവാര്യമെന്ന സങ്കല്പത്തിന്റെ പവിത്രദർശനം. വലിയ ലാമയുടെ ചിന്തയെ തീരുമാനത്തെ നമുക്ക് നമ്രശീർഷരായി മാത്രമേ സ്വീകരിക്കാനാകൂ. ദാവയ്ക്ക് ഈ യാത്ര തിരിച്ചുപോക്കുകൂടിയാണ് പിതൃഭൂമിയിലേയ്ക്കുള്ള തിരിച്ചുപോക്ക്. അവന്റെ രക്തബന്ധത്തിൽ ഉള്ളവർ അവിടെയാണ്. ഗോപയുടെ യാത്രയും മറ്റൊന്നല്ല പിതൃസവിധത്തിലേയ്ക്കുള്ള തീർത്ഥയാത്ര. ഓരോ വിജയത്തിലും വീഴ്ചയിലും ഭയത്തിലും നോവിലും സന്തോഷത്തിലും ഗോപയും ദാവയും അന്യോന്യം പുണർന്നു നിന്ന് ആശ്വസിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു. പ്രണയം മുറ്റിയ വാത്സല്യത്തിൽ പകുതി ഉടലുകൾ ചേർന്ന് പുതിയ ഒറ്റ ഉടലായി തീരുന്ന അവാച്യമായ അനുഭൂതി. അർദ്ധനാരീശ്വരരായി പരിണാമം കൊള്ളുന്ന സ്ത്രീയും പുരുഷനും. ആ ഒരു ശക്തി സ്രോതസ്സാണ് അവരെ മുന്നോട്ട് നയിച്ചത്. താന്ത്രിക് മണ്ഡലയുടെ ഏറ്റവും പുറത്തെ വൃത്തം തീയുടേതാണ്. നിന്നെക്കാണുമ്പോൾ എനിക്കങ്ങനെയാണ് തോന്നുക ഗോപാ സ്‌നേഹം കൂടീട്ട് കത്തിപ്പിടിച്ചതുപോലെ എന്ന വാക്കുകൾ എത്രമാത്രം അന്വർത്ഥമാണ്. പെൺമ എത്ര സുന്ദരമാണെന്ന് ഉടലിൽ ഞാനറിയുന്നു. എത്ര ഉജ്ജ്വലമെന്ന്, എത്ര മഹോന്നതമെന്ന്. നിന്നെ മുഴുവനായി ഉള്ളോട്ടെടുത്ത് നിന്നെപ്പോലൊന്നിനെ പുനഃസൃഷ്ടിക്കാനാവുമെന്ന് എന്റെ പെൺമ അവനോടഹങ്കാരം പറയുന്നു... ഇത്രയും കരുണയും സ്‌നേഹവും ഒരു റെപ്ലിക്ക അർഹിക്കുന്നെണ്ടെന്ന ഉടൽനീതി! നന്മനിറഞ്ഞവനുമാത്രം പകർപ്പെടുത്തുകൊടുക്കുക എന്ന ആദിമ പെൺനീതി. വേട്ടയാടലുകളും തല്ലിക്കൊഴിച്ചിലുകളുമില്ലാത്ത ഒരു പെണ്ണരശുനാട് ഉണ്ടായിരുന്നെങ്കിൽ അവിടെ അതായിരുന്നേനെ നീതി എന്ന് ഞാനവന്റെ ചെവിയിൽ പറയുന്നു. ഇവിടെയാണ് പെണ്ണുടലും ആണുടലും വിമലാനുരാഗത്തിന്റെ ഹിമഗിരി കയറുന്നത്. കാറ്റായവനെ ചങ്ങലയ്ക്കിടാൻ കഴിയാത്ത വീടുകളിലേയ്ക്ക് അവനില്ലെന്ന് പറഞ്ഞ് പോകുമ്പോഴും ഗോപയുടെ നിനവുകൾക്കകമായിരുന്നു അതെന്നത് യാദൃച്ഛികമല്ല. കാരണം,അവന്റെ ഉയിരറിഞ്ഞ അവളുടെ ഉയിരിന് അത് സാധ്യമാണ്.
നോവൽത്തറ
നോവൽ പറയാൻ പോകുന്ന തീക്ഷ്ണാനുഭവങ്ങൾക്ക് സുദൃഢമായ മുന്നൊരുക്കങ്ങൾ ആദ്യഭാഗങ്ങളിൽ നോവലിസ്റ്റ് നടത്തുന്നുണ്ട്. അച്ഛനെന്ന ഔന്നിത്യത്തെ അതിന്റെ ആവോളം തലപ്പൊക്കത്തിൽ അവതരിപ്പിക്കാൻ ഗോപയെന്ന മകളിലൂടെ നോവലിസ്റ്റ് നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്. ആ ഒരു ബലനിലത്താണ് നോവൽ കെട്ടിപ്പൊക്കിയിരിക്കുന്നത്. അച്ഛനെത്തേടി, കണ്ടെത്തി അമ്മയ്ക്ക് മുന്നിൽ നിർത്താനുള്ള മകളുടെ അഭിനിവേശം തികച്ചും അർത്ഥവത്താണ്. പിന്നീട് കാണുന്നത്, ഗോപയുടെ അക്ഷീണയത്‌നത്തിന്റെ അനുസ്യൂനതയാണ്. നഷ്ടപ്പെട്ടുപോകുന്നതിന്റെ സങ്കടം ഞങ്ങൾ ടിബറ്റൻസിന് മനസ്സിലായില്ലെങ്കിൽ പിന്നെ ആർക്ക് മനസ്സിലാവും ഗോപാ? കൂട്ടുകാരി സുനുവിന്റെ വാക്കുകൾ ഗോപയിൽ സൃഷ്ടിക്കുന്ന ഉൾക്കരുത്ത് ചെറുതൊന്നുമല്ല. അച്ഛൻ ജീവിച്ചിരിക്കുന്നുവെന്ന അറിവിന്റെയത്രയും ആശ്വാസമാണ് വൃദ്ധലാമ പറയുന്ന വചനങ്ങളും. ദാവയെന്ന കൂട്ടാളിയെ അനുവദിക്കുന്ന സന്ന്യാസി നഷ്ടപ്പെടുന്നതിന്റെ വേദന അറിഞ്ഞനുഭവിച്ച ജനസഞ്ചയത്തിന്റെ പ്രതിനിധിയാണ്. പട്ടാള ഓഫീസറുടെ കുപ്പായം അഴിച്ചുവച്ച് പിതൃ അന്വേഷണത്തിന് പുറപ്പെടുന്നയിടത്ത് നോവലിന്റെ ആദ്യഘട്ടം അവസാനിക്കുന്നു. ഒട്ടുംതന്നെ മുഴച്ചുനിൽക്കാത്ത വിധം സോണിയാചെറിയാൻ ഈയൊരു കഥാകാലത്തെ വായനക്കാരനുമുന്നിൽ അവതരിപ്പിക്കുന്നത് അഭിനന്ദനാർഹമാണ്. ഗോപയുടെ രൂപംകൊള്ളലിലും ദാവയുടെ നോവലിലേയ്ക്കുള്ള പ്രവേശത്തിലും എഴുത്തുകാരി മികച്ച കൈയടക്കം സൂക്ഷിക്കുന്നു.
ആഖ്യായികയുടെ വേരിനെയും ശാഖകളെയും പുഷ്ടിപ്പെടുത്താൻ ഉതകുന്ന ഭാഷയുടെ സന്നിവേശം സ്‌നോ ലോട്ടസിൽ ആവോളം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിന്റെ സൗന്ദര്യവും താളബോധവും നിറയെയുള്ള ഭാഷാപ്രയോഗം അനിവാര്യമായ സ്ഥലങ്ങളിൽ ഇംഗ്ലീഷിനെ മാറ്റിനിർത്തുന്നുമില്ല. അതിനാൽത്തന്നെ വായനയുടെ രസശോഷണം അല്പംപോലും സംഭവിക്കുന്നില്ല. നമ്മുടെ ആഖ്യായികാ പാരമ്പര്യത്തിൽ കാലുറപ്പിച്ച് നിന്നുകൊണ്ട് നോവലെഴുത്തിന്റെ പുതിയസ്ഥലികളെ കണ്ടെത്തുകയാണ് സോണിയാചെറിയാൻ. യാത്രാവിവരണവും വൈജ്ഞാനിക സാഹിത്യവും ചരിത്രാന്വേഷണവും സമഞ്ജസമായി സമ്മേളിക്കുന്ന സ്‌നോലോട്ടസ് തീർച്ചയായും മുന്നോട്ടുവയ്ക്കുന്നത് നവീനമായ നോവൽശില്പമാണ്. ഇന്ത്യൻ റെയിൻബോയുടെ വർണ്ണഛായകളെ ചിലയിടങ്ങളിൽ നീഹാരപത്മം അനുധാവനം ചെയ്യുന്നത് വായനയെ ഊഷരമാക്കുകയല്ല മറിച്ച്, ഊഷ്മളമാക്കുകയാണ്. തുഷാരപക്ഷികളും ശീതക്കാറ്റും മഞ്ഞുമൃഗങ്ങളും യാക്കും കാവൽനായകളും ചേർന്നൊരുക്കുന്ന അനുഭൂതി നോവലിനെ കാഴ്ചയുടെ ഉത്സവമാക്കുന്നുണ്ട്.
സ്‌നോ ലോട്ടസ് സ്വന്തം ദേശം നഷ്ടപ്പെട്ടവരുടെ നോവിന്റെ ഭൂപടമാണ്. അനുഭവിച്ചവർക്ക് മാത്രം അറിയാൻ കഴിയുന്ന വലിയവേദന. ഇവിടെ പ്രതീക്ഷയാണ്, ഏതൊരു രോഗത്തിനും ദിവ്യഔഷധമാകുന്ന നീഹാര പത്മം. പക്ഷി തുപ്പിയിട്ട മിണ്ടാമനുഷ്യന്റെ അരികിൽ എത്താൻ സാധിച്ചതു പോലെ സ്വഭൂമിയിൽ പാദംവയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷ; പലായനത്തിലും അവരുടെ പ്രതീക്ഷ അതുതന്നെയാണ്. പ്രിയ എഴുത്തുകാരീ, നിങ്ങൾ സകലരെയും പ്രതീക്ഷാനിർഭരരാക്കിയിരിക്കുന്നു.
Content Highlights: book review of snowlotus of sonia cheriyan
Published: 27 Nov 2024, 02:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented