മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച, പ്രവീണ്‍ ചന്ദ്രന്റെ 'സമയമാപിനി 'എന്ന കഥാസമാഹാരത്തെക്കുറിച്ചുള്ള ഒരു വായന; 

To advertise here,

മയനദിയുടെ കുത്തൊഴുക്കില്‍ മുങ്ങി മറഞ്ഞ ജീവിതത്തിന്റെ നഷ്ടനിമിഷങ്ങളെ വീണ്ടെടുക്കാന്‍ ഒരു കലാകാരന് മാത്രമേ സാധ്യമാകൂ. സര്‍വതിനെയും ഭക്ഷിക്കുന്ന കാലം എന്ന ഹിംസ്രമൃഗത്തെ ഒരു മൃഗശിക്ഷകനെപ്പോലെ എഴുത്തുകാരന്‍ തന്റെ തൂലികയുടെ വരുതിയില്‍ നിറുത്തുന്നു. ഒരു നോവലിലോ, കഥയിലോ അയാള്‍ കാലത്തെ രക്ഷപ്പെടാന്‍ കഴിയാത്തവണ്ണം ആണിയടിച്ചു ബന്ധിക്കുന്നു. വായനയുടെ അനാദിയായ കാലത്തോളം ഈ പുസ്തകബന്ധനത്തില്‍ നിന്നും സമയപ്രവാഹത്തിന് രക്ഷപ്പെടാന്‍ കഴിയുകയില്ല. ഒരു കൃതിയിലെ സമയം എന്ന ആന്തരികാനുഭവം ഓരോ വായനയിലും വീണ്ടും വീണ്ടും ആവര്‍ത്തിക്കാനാകും. നിത്യജീവിതത്തില്‍ സമയം അവിരാമമായി ഒഴുകി മറയുമ്പോഴും ഒരു കൃതിക്കുള്ളില്‍ കാലം അനന്തമായ ബന്ധനത്തിലാണ്.

സ്ഥിരനിമിഷങ്ങള്‍ ഇല്ലാത്തതിനാല്‍ അത്യന്തികമായി ജീവിതത്തെ ഒരു നഷ്ടമായേ മനുഷ്യന് കാണാന്‍ കഴിയൂ. നേട്ടങ്ങള്‍ എന്നു നാം കരുതിയതെല്ലാം മരണത്തോടെ ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റില്‍ പൂജ്യം എന്ന നിഷ്ഫലസംഖ്യയിലേക്ക് കൂപ്പു കുത്തുന്നു. എഴുത്തിന്റെ ഭാവനാരേഖകളില്‍ മാത്രമേ ജീവിതം ഒരു നേട്ടമായി കാലത്തെ അതിജീവിച്ച് നില്‍ക്കുകയുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ കാലത്തിന്റെ തിരുശേഷിപ്പാണ് എഴുത്ത് എന്നുപറയാം. പ്രവീണ്‍ ചന്ദ്രന്റെ 'സമയമാപിനി 'എന്ന കഥാസമാഹാരത്തിന്റെ വായനയുടെ മുഖവുര എന്ന നിലയിലാണ് ഇത്രയും വാക്കുകള്‍ ഇവിടെ കുറിച്ചത്.
 
കറങ്ങിത്തിരിഞ്ഞ് പുറപ്പെട്ടിടത്തു തന്നെ തിരിച്ചെത്തുന്ന ഒരു ആവര്‍ത്തനചക്രമാണ് സമയയന്ത്രം. ഋതുക്കളിലൂടെ ആവര്‍ത്തിക്കപ്പെടുമ്പോള്‍ പ്രകൃതിയും ഒരു സമയയന്ത്രമായി അനുഭവപ്പെടുന്നു. ജീവിതത്തിന്റെ രംഗവേദിയായ ഭൂമിയില്‍ രാത്രിയും പകലും മാറി മാറി പ്രത്യക്ഷപ്പെടുമ്പോള്‍ സമയത്തിന്റെ ഈ ആവര്‍ത്തനബോധം മനുഷ്യജീവിതത്തെയും സ്വാധീനിക്കുന്നു. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് പോലുള്ള ആത്മീയ സങ്കല്‍പങ്ങള്‍ മനുഷ്യഭാവനയില്‍ ഉരുവംകൊള്ളുന്നത് സമയത്തിന്റെ ഈ ആവര്‍ത്തനബോധത്തിലൂടെ അനശ്വരതയില്‍ എത്തിച്ചേരാനുള്ള ജീവിതചോദനയില്‍ നിന്നാണ്. 

ചലനമാണ് ജീവന്റെ ബാഹ്യപ്രകൃതം. മരണം നിശ്ചലതയാണ്. പ്രവീണ്‍ ചന്ദ്രന്റെ 'സമയമാപിനി 'എന്ന കഥയില്‍ മരണത്തിന്റെ സംഭ്രാമകമായ നിശ്ചലത കടല്‍ എന്ന രൂപകത്തിലൂടെ വായനക്കാരന് അനുഭവിക്കാന്‍ കഴിയുന്നുണ്ട്. ഒരു കൃതി എഴുതപ്പെടുമ്പോഴും വായിക്കപ്പെടുമ്പോഴും എഴുത്തുകാരനും വായനക്കാരനും യഥാര്‍ഥ കാലത്തിലാണ് നിലകൊള്ളുന്നത്. എന്നാല്‍ എഴുതിക്കഴിഞ്ഞ ഒരു കൃതിക്കുള്ളില്‍ തുടക്കവും ഒടുക്കവുമുള്ള ഒരു നിര്‍മിത കാലത്തിന്റെ സമയപ്രവാഹം ഒരു നിത്യസാന്നിധ്യമായി തീരുകയാണ്. ഒരു വായനക്കാരന് എപ്പോള്‍ വേണമെങ്കിലും നിശ്ചിതമായ ഈ സമയബോധത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയും. ഒരു കൃതി വായിക്കുമ്പോള്‍ യഥാര്‍ഥ സമയത്തിന്റെ ബാഹ്യലോകത്തുനിന്ന് ഒരു നിര്‍മിതസമയത്തിന്റെ ആന്തരിക ലോകത്തേക്ക് വായനക്കാരന്‍ പ്രവേശിക്കുന്നു. ആഖ്യാനത്തിന്റെ രസച്ചരട് നീളുന്നത് എഴുത്തുകാരന്‍ കൃത്രിമമായി നിര്‍മിച്ച ഒരു സമയഖണ്ഡത്തിലൂടെയാണ്.

കാലത്തിന്റെ വരവ് ചെലവ് കണക്കില്‍ ജീവിതത്തിന് നഷ്ടങ്ങളേയുള്ളൂ. എന്നാല്‍ ഒരു കൃതിക്കുള്ളില്‍ യാതൊന്നും നഷ്ടപ്പെടാതെ ഒരു എഴുത്തുകാരന് ജീവിതത്തെ പരിരക്ഷിക്കാന്‍ കഴിയും. കാലത്തിന്റെ സംഹാരദംഷ്ട്രകളില്‍ പെടാതെ തന്റെ ഭാവനാലോകത്തെ രക്ഷിച്ചെടുക്കാന്‍ കഴിയുന്നതിലൂടെ എഴുത്തുകാരന്‍ കാലത്തെ വെല്ലുവിളിക്കുകയാണ് തന്റെ സൃഷ്ടികളിലൂടെ ചെയ്യുന്നത്. മര്‍ത്ത്യന്റെ അനശ്വരതക്കുവേണ്ടിയുള്ള ദാഹത്തെയാണ് എഴുത്തുകാര്‍ തങ്ങളുടെ സൃഷ്ടികളിലൂടെ ശമിപ്പിക്കുന്നതെന്ന് പറയാം. 

placeholder
പ്രവീണ്‍ ചന്ദ്രന്‍, പുസ്തകത്തിന്റെ, കവര്‍ പേജ് | ഫോട്ടോ: മാതൃഭൂമി

നഷ്ടകാലങ്ങളെ വീണ്ടെടുക്കാനുള്ള ജൈവശ്രമങ്ങളായ ഓര്‍മകളും ഒരു പരിധിവരെ പ്രവര്‍ത്തിക്കുന്നത് സാഹിത്യസൃഷ്ടികളെ പോലെ തന്നെയാണ്. യഥാര്‍ഥ കാലത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു നിര്‍മിത കാലം ഓര്‍മകളിലുമുണ്ട്. വര്‍ത്തമാനകാലത്തിനുള്ളില്‍ ഭൂതകാലത്തെ നിര്‍മിക്കുന്ന ഒരു ചെപ്പടി വിദ്യയാണ് ഓര്‍മകള്‍. ഓര്‍മക്കുറിപ്പുകള്‍ ജനപ്രിയമായ ഒരു സാഹിത്യരൂപമായി നിലനില്‍ക്കുന്നത് എന്തുകൊണ്ടെന്നുള്ള ചോദ്യത്തിന്റെ ഉത്തരം ഇതിലുണ്ട്. അനശ്വരതക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ തന്നെയാണ് ഓര്‍മകളും സാഹിത്യസൃഷ്ടികളും. എഴുത്തുകാരന് അനുഭവങ്ങള്‍ ഉണ്ടായിരിക്കണം എന്ന് വാദിക്കുന്നവരും ഓര്‍മകളും സാഹിത്യസൃഷ്ടികളും തമ്മിലുള്ള ബന്ധത്തിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നത്. ഓര്‍മകളുടെ രസപരിവര്‍ത്തനമാണ് സാഹിത്യസൃഷ്ടികള്‍ എന്ന് പറയാം.

കാലത്തിന്റെ രംഗവേദിയിലാണ് പ്രപഞ്ചത്തിന്റെ ചലനനാടകം അരങ്ങേറുന്നത്. ചലനത്തെ മനസ്സിലാക്കുന്നതിന് സമയംകൊണ്ട് അതിനെ അളക്കേണ്ടതുണ്ട്. ചലനവും സമയവും വേര്‍പിരിക്കാനാവാത്ത സഹചാരികളാണ്. മനുഷ്യസൃഷ്ടിയായ സമയയൂണിറ്റുകള്‍ സൂര്യനുചുറ്റുമുള്ള ഭൂമിയുടെ ചലനത്തെ അടിസ്ഥാനമാക്കിയാണ് വിഭാവന ചെയ്തിട്ടുള്ളത്. ചലനം ഇല്ലാത്ത പ്രപഞ്ചത്തെ ഭാവന ചെയ്യുന്നത് അസാധ്യമായതിനാല്‍ ചലനം ഇല്ലെങ്കില്‍ കാലവും സമയവും ഉണ്ടാകുമോ എന്ന ചോദ്യം അര്‍ത്ഥശൂന്യമായിരിക്കും. നിശ്ചലതയെ നേരിടേണ്ടിവരുമ്പോള്‍ മനുഷ്യനുണ്ടാകുന്ന സംഭ്രമജനകമായ ശൂന്യതയും സ്മൃതി നാശവുമാണ് സമയമാപിനി എന്ന കഥയില്‍ പ്രവീണ്‍ ചന്ദ്രന്‍ ആവിഷ്‌ക്കരിക്കുന്നത്.

മനുഷ്യനെ സംബന്ധിച്ചിടത്തോളം നിശ്ചലത മരണമാണ്. എന്നാല്‍ അനുനിമിഷം ജീര്‍ണതയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മൃതശരീരം നിശ്ചലമാണെന്ന് പറയാന്‍ കഴിയില്ല. പ്രപഞ്ചത്തില്‍ യാതൊന്നും തന്നെ നിശ്ചലമല്ല. സൃഷ്ടി, സ്ഥിതി, സംഹാരങ്ങളുടെ നിരന്തര മാറ്റങ്ങളാണ് നാം പ്രപഞ്ചത്തില്‍ കാണുന്നത്. എന്നാല്‍ ചലനത്തിനുള്ളില്‍ നിശ്ചലതയുടെണ്ടെന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന 'ഒരു പന്തയത്തിന്റെ അന്ത്യം' എന്ന കഥ ഇതിന്റെ എതിര്‍ദിശയിലുള്ള ഒരു തത്വവിചാരമാണ് കാഴ്ചവെക്കുന്നത്. രസകരമായ ഈ വാദഗതി കഥയില്‍ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്: 'അക്കിലീസ് ഒരു കുന്തം ശക്തിയായി വായുവില്‍ എറിഞ്ഞു. കുന്തത്തിന്റെ ചലനത്തെ സൂക്ഷ്മമായി നോക്കുമ്പോള്‍ നിശ്ചലത ദര്‍ശിക്കാവുന്നതാണ്. കുന്തം സഞ്ചരിക്കുന്ന സമയത്തെ പലവട്ടം ഭാഗിച്ചെടുത്ത് ഒരു നിമിഷത്തിന്റെ പതിനായിരത്തിലൊന്നോ അതിലും കുറവോ ആയ ഒരു മാത്രയെടുത്ത് പരിശോധിച്ച് നോക്കുമ്പോള്‍ കുന്തം നിശ്ചലാവസ്ഥയിലാണെന്ന് കാണാം. അങ്ങനെ അനേകം മാത്രകള്‍ കൂടിച്ചേരുമ്പോള്‍, നിശ്ചലമായിത്തന്നെ ഇരിക്കേണ്ട കുന്തം വായുവില്‍ പിന്നെയും സഞ്ചരിക്കുന്നതെങ്ങനെ? എല്ലാ ചലനത്തിനിടയിലും നേര്‍ത്ത മാത്രകളില്‍ നിശ്ചലതയുണ്ട്. 'തത്വചിന്തയെ രസകരമായ ഒരു ആഖ്യാനസാധ്യതയായി പ്രവീണ്‍ ചന്ദ്രന്‍ ഇങ്ങനെ പല കഥകളിലും ഉപയോഗിക്കുന്നുണ്ട്.

'മുത്തശ്ശന്റെ മരണം ആകാശിന് വല്ലാത്തൊരു നഷ്ടമായിരുന്നു' എന്ന വാക്യത്തോടെയാണ് പ്രവീണ്‍ ചന്ദ്രന്റെ 'സമയമാപിനി 'എന്ന കഥ ആരംഭിക്കുന്നത്. സമയത്തെ ഇതിവൃത്തമാക്കിയുള്ള കഥയില്‍ മരണത്തിന് കഥാകൃത്ത് നല്‍കുന്ന പ്രാരംഭ പ്രാധാന്യം ശ്രദ്ധിക്കേണ്ടതാണ്. സമയവും മരണവും തമ്മിലുള്ള ബന്ധത്തിലേക്കാണ് പ്രവീണ്‍ ചന്ദ്രന്‍ കഥയുടെ തോണി അടുപ്പിക്കുന്നത്. കഥയിലെ നായകനായ ആകാശ് മരണതുല്യമായ ഒരവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. മരണത്തെ സമയവുമായി സമീകരിക്കാന്‍ കഥാകൃത്ത് ശ്രമിക്കുന്നു. പ്രപഞ്ചം ഭൗതിക വസ്തുക്കളുടെ ഒരു സഞ്ചയമാണെങ്കിലും അതിന്റെ ഉണ്മയെ നാം അനുഭവിച്ചറിയുന്നത് ഭൗതിക ശരീരത്തിനുള്ളില്‍ ഉണര്‍ന്നിരിക്കുന്ന ബോധതലത്തിലൂടെയാണ്. ഓര്‍മകള്‍ ഈ ബോധതലത്തിന്റെ അവിഭാജ്യഘടകമാണ്. നിശ്ചലതയില്‍ സമയം അപ്രത്യക്ഷമാകുന്നു എന്ന് കഥയില്‍ ഒരിടത്ത് പറയുന്നുണ്ട്. മരണത്തിന്റെ ഭ്രമാത്മകമായ അതിര്‍രേഖകളിലൂടെ സഞ്ചരിക്കുന്ന ഒരു രോഗിയുടെ അനുഭവചിത്രങ്ങളാണ് 'സ്വപ്നശ്രേണികളുടെ രാത്രി'എന്ന കഥയില്‍ പ്രവീണ്‍ ചന്ദ്രന്‍ വരച്ചിടുന്നത്. 

മരിച്ചവരും ജീവിച്ചിരിക്കുന്നവരും ഒരു സമയബിന്ദുവില്‍ സംഗമിക്കുമ്പോള്‍ ജീവിതവും മരണവും തമ്മിലുള്ള അതിര്‍രേഖകള്‍ മാഞ്ഞുപോയി യാഥാര്‍ഥ്യവും ഭ്രമഭാവനയും ഇടകലര്‍ന്ന ഒരു സ്വപ്നതലം സംജാതമാകുന്നു. സ്വപ്നശ്രേണികളുടെ ആവര്‍ത്തനാനുഭവങ്ങള്‍ക്കിടയില്‍ എവിടെയാണ് യാഥാര്‍ഥ്യത്തിന്റെ തലം നിലകൊള്ളുന്നതെന്ന് വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ല. രാത്രിയും പകലും തമ്മിലുള്ള സമയവിഭജനം മാഞ്ഞുപോയ ഒരു ആശുപത്രിമുറിയിലാണ് വിശ്വനാഥന്‍ എന്ന കഥാപാത്രം. ഓഫീസില്‍വെച്ച് സിവിയറായ ഹാര്‍ട്ട് അറ്റാക്ക് വന്ന അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന് വളരെ പതുക്കെ പതുക്കെയാണ് അയാള്‍ മനസ്സിലാക്കുന്നത്. അയാള്‍ക്ക് ഒന്നും ഓര്‍ത്തെടുക്കാനാകുന്നില്ല. 

ആശുപത്രിമുറിയില്‍ സമയം എത്രയായി എന്ന് അയാള്‍ക്ക് ഊഹിക്കാനേ സാധിക്കുന്നില്ല. സമയത്തിന്റെ തകിടം മറിച്ചിലാണ് അയാളുടെ സ്മൃതി നാശത്തിന് കാരണമാകുന്നതെന്ന് ഊഹിക്കാം. കാലബോധങ്ങള്‍ ഇടകലരുമ്പോള്‍ യഥാര്‍ഥത്തില്‍ അവിടെ സന്നിഹിതരല്ലാത്തവരുടെ സാന്നിധ്യം അയാള്‍ക്ക് അനുഭവപ്പെടുന്നു. സമയനദിയുടെ മറുകരയിലാണയാള്‍. ആശുപത്രിയില്‍നിന്ന് വിടുതല്‍ ചെയ്തിട്ടും അയാളുടെ സമയസംഭ്രമം വിട്ടുപോകുന്നില്ല. ഭൂതവും വര്‍ത്തമാനവും തമ്മില്‍ വേര്‍തിരിവില്ലാത്ത ഒരു കാലത്തിലേക്കാണ് അയാള്‍ പ്രവേശിക്കുന്നത്.

ശാസ്ത്രാവബോധത്തിന്റെ ധൈഷണികപ്രകാശം, തിളങ്ങി നില്‍ക്കുന്ന ഒരു ആഖ്യാനതന്ത്രമായി 'സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പന്തയം' എന്ന കഥയില്‍ പ്രവീണ്‍ ചന്ദ്രന്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നുണ്ട്. കഥയില്‍ അമിത വൈകാരികതയുടെ ഒരു നിയന്ത്രണഘടകമായി ഇത് പ്രവര്‍ത്തിക്കുന്നു. എല്ലാറ്റിനെയും പിടിച്ചെടുക്കുകയും ഒന്നിനെയും പുറത്തുവിടാതിരിക്കുകയും ചെയ്യുന്ന തമോഗര്‍ത്തത്തെ രൂപകമായി സ്വീകരിച്ചുകൊണ്ടാണ് കഥാകൃത്ത് ശാസ്ത്രചിന്തകളില്‍ നിന്ന് സാഹിത്യാനുഭൂതികളിലേക്ക് ഒരു പാലം പണിയുന്നത്. ശാസ്ത്രത്തിന്റെ ധൈഷണികതയും സാഹിത്യത്തിന്റെ വൈകാരികാനുഭൂതിയും തുല്യഅളവില്‍ മിശ്രണം ചെയ്തുകൊണ്ട് കഥയില്‍ പുതിയൊരു ഭാവുകത്വ പരീക്ഷണം നടത്തുകയാണ് പ്രവീണ്‍ ചന്ദ്രന്‍. 

സാമ്പ്രദായികമായ ഒരു സയന്‍സ് ഫിക്ഷനല്ല ഈ കഥ. ഒരച്ഛനും മകളും തമ്മിലുള്ള വ്യക്തിബന്ധത്തിലെ ശൈഥില്യത്തിന്റെ ഭാവപരിസരത്തെ സമര്‍ഥമായി അഭിവ്യഞ്ജിപ്പിക്കാന്‍ ശാസ്ത്രത്തെ ഒരു രൂപകമായി ഉപയോഗിക്കുന്ന ആഖ്യാനരീതി തീര്‍ത്തും പുതുമയുള്ളതാണ്. പ്രവീണ്‍ ചന്ദ്രന്റെ കൃതികളില്‍ മാനവികതയില്‍ ഊന്നിനില്‍ക്കുന്ന ഈ ശാസ്ത്രാവബോധം എഴുത്തുകാരന്റെ ആത്മരേഖയായി നിലകൊള്ളുന്നു. മനുഷ്യജീവിതത്തെ പുരോഗതിയിലേക്ക് നയിക്കേണ്ട ശാസ്ത്രത്തിന് മാനവികമൂല്യങ്ങളുടെ അടിത്തറ ഒരുക്കിക്കൊടുക്കുന്നത് സാഹിത്യമാണ്.
     
കാലം എന്ന സമയദീപം സൃഷ്ടിക്കുന്ന ജീവിതത്തിന്റെ ചലനചിത്രങ്ങളാണ് സിനിമ എന്ന കലാരൂപത്തിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നത്. സമയത്തെ ചിത്രചതുരങ്ങളായി രേഖപ്പെടുത്തി സൂക്ഷിക്കുന്ന സിനിമയുടെ യന്ത്രഭാഷയില്‍ എഴുതപ്പെട്ട കഥയാണ് 'മാന്ത്രികപ്പെട്ടി'. 'ജീവിതത്തിനും മരണത്തിനും ഇടയില്‍ ചില കട്ടുകള്‍' എന്ന കഥയിലും സിനിമ ഒരു സമയരൂപം എന്ന നിലയില്‍ കടന്നുവരുന്നു. എഡിറ്റിങ് എന്ന ചിത്രസംയോജന തന്ത്രത്തിലൂടെ കാലത്തെ compress ചെയ്ത് തുടര്‍ച്ചാനുഭവം സൃഷ്ടിക്കാന്‍ സിനിമയില്‍ കഴിയും. ശാസ്ത്രത്തിന്റെ പ്രകടിതരൂപങ്ങളായ യന്ത്രങ്ങള്‍ക്ക് പ്രവീണ്‍ ചന്ദ്രന്‍ കഥകളില്‍ നല്‍കുന്ന പ്രാമുഖ്യം ശ്രദ്ധേയമാണ്. എഴുത്തിനെപ്പോലെ കാലത്തിനുള്ളില്‍ കാലത്തെ സൃഷ്ടിക്കുന്ന ഒരു സമയയന്ത്രമാണ് പ്രൊജക്റ്ററും. 

സിനിമയും ഒരു സമയകലയാണ് എന്ന് ഓര്‍മിപ്പിക്കുകയാണ് പ്രവീണ്‍ ചന്ദ്രന്‍. ശാസ്ത്രസാങ്കേതിക വിദ്യകള്‍ മനുഷ്യജീവിതത്തില്‍ ഉണ്ടാക്കുന്ന ഉയര്‍ച്ച താഴ്ചകളെയാണ് ദാസന്‍ എന്ന സാങ്കേതിക വിദഗ്ധന്റെ ജീവിതത്തിലൂടെ പ്രവീണ്‍ ചന്ദ്രന്‍ പറയാന്‍ ശ്രമിക്കുന്നത്. ശാസ്ത്രലോകത്തെ പുതിയ കണ്ടുപിടുത്തങ്ങള്‍ സാങ്കേതിക മാറ്റങ്ങള്‍ മാത്രമല്ല സാമൂഹിക പരിതോവസ്ഥകളിലുള്ള മാറ്റങ്ങളും കൊണ്ടുവരുന്നു എന്ന് ദാസന്റെ ജീവിതത്തിലൂടെ നാം മനസ്സിലാക്കുന്നു.

കാലയന്ത്രം ചവച്ചു തുപ്പിയ ഒരു മനുഷ്യനാണ് ദാസന്‍. യന്ത്ര സംവിധാനങ്ങള്‍ മനുഷ്യജീവിതത്തെ എങ്ങനെ അപമാനവീകരിക്കുന്നു എന്നൊരു ചോദ്യത്തിനുള്ള ഉത്തരമുണ്ട് ഈ കഥയില്‍. കെ.പി. അപ്പന്റെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ 'യന്ത്രസരസ്വതി 'എങ്ങനെ മലയാള കഥാസാഹിത്യത്തിലേക്ക് കടന്നുവരുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് പ്രവീണ്‍ ചന്ദ്രന്റെ കഥകള്‍. പ്രവീണ്‍ ചന്ദ്രന്റെ കഥകളിലെ യാന്ത്രികാഖ്യാനങ്ങള്‍ അമിത വൈകാരികത കഥയിലേക്ക് പ്രവേശിക്കാതെ തടഞ്ഞ് നിര്‍ത്തുന്നുണ്ട്. വൈകാരികതയ്ക്കുമേല്‍ ധൈഷണികതയുടെ വിജയം നേടുന്നവയാണ് ഈ കഥകള്‍.

കാലത്തിന്റെ നിസ്സംഗനിദ്രയില്‍ നിന്നുണര്‍ന്നുവരുന്ന പൂര്‍വകാല കൃതികളെ കാലത്തിന്റെ ജീര്‍ണതയ്ക്ക് വിട്ടുകൊടുക്കാതെ തങ്ങളുടെ വര്‍ത്തമാനകാല കഥകളിലേക്ക് ഏറ്റെടുത്ത് സംരക്ഷിക്കാനുള്ള ശ്രമം എഴുത്തുകാര്‍ നടത്താറുണ്ട്. പ്രവീണ്‍ ചന്ദ്രന്റെ 'മരണവക്ത്രത്തിലെ പൂച്ച' എന്ന കഥയിലേക്ക് ഒന്നരനൂറ്റാണ്ട് മുമ്പ് മരിച്ചുപോയ എഡ്ഗാര്‍ അലന്‍ പോ എന്ന അമേരിക്കന്‍ എഴുത്തുകാരന്റെ മൃതഭാവനകള്‍ കാലാതിവര്‍ത്തിയായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് അങ്ങനെയാണ്. മരിച്ചുപോയ എഴുത്തുകാരുടെ രചനകള്‍ ഇപ്പോഴും ഒരു സ്വാധീനശക്തിയായി നിലകൊള്ളുന്നു.

സാഹിത്യ സൃഷ്ടികള്‍ക്ക് മരണമില്ല എന്നു തന്നെയാണ് ഇത് കാണിക്കുന്നത്. മനുഷ്യന്‍ മരിക്കുന്നു. എന്നാല്‍ പുസ്തകങ്ങള്‍ മരിക്കുന്നില്ല. എഡ്ഗാര്‍ അലന്‍ പോയുടെ 'കറുത്ത പൂച്ച 'എന്ന കഥയുടെ സ്വാധീനം പ്രവീണ്‍ ചന്ദ്രന്റെ 'സ്വപ്നശ്രേണികളുടെ രാത്രി 'എന്ന കഥയിലുമുണ്ട്. എഴുത്തിലെ ഈ പൂര്‍വസ്മൃതികളെ ഒരു എഴുത്തുദോഷമായി കാണാനാവുകയില്ല. കാലത്തിനെതിരെയുള്ള പോരാട്ടത്തിലാണ് എഴുത്തുകാര്‍. പൂര്‍വകാല കൃതികളുമായി കണ്ണിചേര്‍ത്തുകൊണ്ട് ഒരിക്കലും അവസാനിക്കാത്ത ഒരു ലോകത്തിന്റെ പിന്തുടര്‍ച്ചാവകാശികളായി മാറുകയാണ് അവര്‍.

സാഹിത്യസൃഷ്ടികള്‍ക്ക് വായനാരസം നല്‍കുന്ന ഉദ്വേഗത്തെ കൂട്ടുപിടിച്ചുകൊണ്ടാണ് പ്രവീണ്‍ ചന്ദ്രന്‍ പലപ്പോഴും കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. വര്‍ത്തമാനകാലത്തില്‍ ഊന്നിനില്‍ക്കാതെ ഭാവിയിലേക്ക് ഉറ്റുനോക്കാന്‍ ഇത് വായനക്കാരനെ പ്രേരിപ്പിക്കുന്നു. ഡ്രാക്കുള എന്ന നോവലിലും മറ്റും അനുഭവവേദ്യമാകുന്ന ഭയം എന്ന വികാരത്തെ സൃഷ്ടിക്കാനുള്ള പ്രവീണ്‍ ചന്ദ്രന്റെ കഥാശ്രമങ്ങളെയും ഒരു വായനക്കാരന് കാണാതെ പോകാന്‍ കഴിയില്ല. ഇതെല്ലാം വായനയിലെ ജനപ്രിയ ഘടകങ്ങളാണെങ്കിലും ഗൗരവവായന ആവശ്യപ്പെടുന്ന ധൈഷണിക തലത്തിലാണ് ഈ കഥകള്‍ നിലകൊള്ളുന്നത്.

ശാസ്ത്രത്തിന്റെ യുക്തിബോധത്തിലധിഷ്ഠിതമായ ചിന്താരസവും യക്ഷിക്കഥകളുടെ അയുക്തികമായ ഭാവനാഭംഗികളും ഒത്തുചേര്‍ന്ന ഒരു വൈരുധ്യാത്മക സൗന്ദര്യമാണ് ഈ കഥകള്‍ക്കുള്ളത്. ഗൃഹസ്ഥനായ ഒരു വ്യക്തിയുടെ സ്വകാര്യ ഭീതികളെ ഒരു സാമൂഹിക ഭീതിയായി പരിവര്‍ത്തനം ചെയ്യുന്ന 'ലോകാവസാനം' എന്ന കഥയിലും വ്യക്തിയും സമൂഹവും തമ്മിലുള്ള വൈരുധ്യം ഇഴചേര്‍ന്നു നില്‍ക്കുന്നുണ്ട്. സര്‍വനാശത്തിന്റെ പ്രതീകസാന്നിധ്യമായി പുകയും മഞ്ഞും കഥയില്‍ നിറഞ്ഞു നില്‍ക്കുന്നു.

നാഗരികതയുടെ മൃത്യുപാശങ്ങള്‍ ഭൂമിയിലെ ജീവജാലങ്ങളെ വലയംചെയ്തു നില്‍ക്കുന്നുവെന്ന പാരിസ് സ്ഥിതികമായ മുന്നറിയിപ്പ് നല്‍കുകയാണ് ഈ കഥയിലൂടെ. രോഗം, ആശുപത്രി, മരണം തുടങ്ങിയ ആവര്‍ത്തന പ്രമേയങ്ങളിലൂടെ കാലത്തിന് മുന്നില്‍ നിസ്സഹായനായി നില്‍ക്കുന്ന മനുഷ്യന്റെ ദുരന്തചിത്രമാണ് കഥാകൃത്ത് വരച്ചിടുന്നത്. 'വിഷമം ചേര്‍ച്ചയില്ലാത്ത രണ്ടിനെചേര്‍ത്ത് ചൊല്ലുകില്‍' എന്ന അലങ്കാരശ്ലോകമാണ് ഈ കഥകള്‍ വായിക്കുമ്പോള്‍ ഓര്‍മവരുന്നത്. ജീവിതത്തിന്റെ നശ്വരതയെ എഴുത്തിലെ അനശ്വരതയിലൂടെ മറികടക്കാനുള്ള ഈ കഥാശ്രമങ്ങള്‍ മനുഷ്യാസ്ഥിത്വത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങളെ അഭിസംബോധനചെയ്യുന്ന മികച്ച രചനകളാണ്.