
പ്രവീണ്‍ ചന്ദ്രന്റെ ആദ്യകഥാസമാഹാരമായ 'സമയമാപിനി'യെക്കുറിച്ച്;
'സമയമാപിനി' എന്ന കഥാസമാഹാരം മലയാള ചെറുകഥാ സാഹിത്യ ചരിത്രത്തില്‍ തന്നെ ഒന്ന വേറിട്ട് നില്‍ക്കുന്നതാണ്. അതിവിപുലമായ മലയാള ചെറുകഥാലോകത്ത് തീര്‍ച്ചയായും ഒരാളുടെ വായന പരിമിതമായിരിക്കും. എങ്കിലും ആ പരിമിതിക്കുള്ളില്‍ നിന്ന് പറയട്ടെ, പ്രവീണ്‍ ചന്ദ്രന്റെ ഈ സമാഹാരം പോലൊന്ന് മുമ്പ് കണ്ടിട്ടില്ല. പ്രവീണ്‍ ചന്ദ്രന്‍ എന്ന എഴുത്തുകാരന്‍ മലയാളത്തിലെ വായനക്കാര്‍ക്ക് അപരിചിതനല്ല.
'അപൂര്‍ണതയുടെ ഒരു പുസ്തകം', 'ഛായാമരണം' എന്നീ നോവലുകളിലൂടെ മുമ്പേതന്നെ അറിയപ്പെടുന്ന എഴുത്തുകാരനാണ് അദ്ദേഹം. വിവര്‍ത്തനങ്ങളും മറ്റുമായി വേറെയും ചില പുസ്തകങ്ങളുമുണ്ട്. എന്നാല്‍, 'സമയമാപിനി' ഈ എഴുത്തുകാരന്റെ ആദ്യ കഥാസമാഹാരമാണ്. അപൂര്‍ണതയുടെ പുസ്തകവും ഛായാമരണവും സവിശേഷമായ ശാസ്ത്രാഭിമുഖ്യം പുലര്‍ത്തുന്ന രചനകള്‍ എന്ന നിലയില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടവയുമാണ്. ശാസ്ത്രീയ സംഗതികളോടുള്ള വലിയ ആഭിമുഖ്യം ഈ കഥാസമാഹാരത്തിലും പ്രകടസവിശേഷതതന്നെ.
സമയം, അല്ലെങ്കില്‍ കാലം എന്ന ദാര്‍ശനിക പരികല്പനയിന്മേല്‍ ആവിഷ്‌കരിക്കപ്പെട്ടവയാണ് ഈ സമാഹാരത്തിലെ ഒന്‍പത് കഥകളും. അതാണ് പുസ്തകത്തെ വേറിട്ടതാക്കുന്നത്. സാഹിത്യവും ശാസ്ത്രവും ഇടത്തടിച്ചുനില്‍ക്കുന്ന എതിരാളികളാണ് എന്നൊരു മട്ടിലാണല്ലോ പൊതുവേ മലയാളത്തിലെ സാഹിത്യവായനക്കാരുടെ - സാഹിത്യാരാധകരുടെ- പെരുമാറ്റം. വൈകാരികത, വൈകാരികത, പിന്നെയും വൈകാരികത എന്നതാണ് വായനക്കാരെ ഹരംകൊള്ളിക്കാറുള്ളതും. ചെറുകഥകളുടെ കാര്യത്തില്‍ പ്രത്യേകിച്ചും.
പ്രമേയത്തിലും ആഖ്യാനത്തിലും വിവരണഗതിയിലുമെല്ലാം തികച്ചും വേറിട്ട വഴിയിലാണ് 'സമയമാപിനി' എന്ന സമാഹാരം. സമയം അഥവാ കാലം എന്ന ഒരൊറ്റ ദാര്‍ശനികസംഗതിയുടെ പിണ്ഡകേന്ദ്രത്തിന് ചുറ്റുമുള്ള ബലരേഖകളിലാണ് കഥകളെല്ലാം. ഒരു കഥാസമാഹാരത്തിലെ എല്ലാ കഥകളിലും വിഷയപരമായ ഇത്തരമൊരു സംസക്തി ഉണ്ടാവുന്നത് അത്യപൂര്‍വം. ആഖ്യാന വഴിയില്‍ ഭൗതികശാസ്ത്രത്തിലെയും തത്ത്വശാസ്ത്രത്തിലെയും പല ആശയങ്ങളെയും കൂട്ടിമുട്ടാതെ കടന്നുപോകാനാവില്ല. ശാസ്ത്ര കഥകള്‍ എന്നോ ശാസ്ത്രീയ കഥകള്‍ എന്നോ ലേബല്‍ ഒട്ടിക്കുന്നത് തീര്‍ച്ചയായും ഈ രചനകളെ - അവയുടെ അപൂര്‍വതയെ- കുറച്ചു കാണലായിപ്പോകും. ദാര്‍ശനികതയെ ശാസ്ത്രീയമായി വിവരിക്കുന്ന സാഹിത്യാവിഷ്‌കാരങ്ങളാണ് കഥകളോരോന്നും. പ്രാഥമിക നിലയിലെങ്കിലുമുള്ള ശാസ്ത്രപരിചയവും ദാര്‍ശനികാഭിമുഖ്യവുമുണ്ടെങ്കിലേ കഥകളെ ഉള്‍ക്കൊള്ളാനാവൂ. അത് വേണമെങ്കില്‍ പരിമിതിയായി പറയാം.
'സമയമാപിനി', സ്റ്റീഫന്‍ഹോക്കിങ്ങിന്റെ പന്തയം, സ്വപ്‌നശ്രേണികളുടെ രാത്രി, ജ്വാലാ ലൈബ്രറിയിലെ തീപിടിത്തം, ഒരു പന്തയത്തിന്റെ അന്ത്യം, ജീവിതത്തിനും മരണത്തിനുമിടയില്‍ ചില കട്ടുകള്‍, ലോകാവസാനം, മരണവക്ത്രത്തിലെ പൂച്ച, മാന്ത്രികപ്പെട്ടി എന്നിങ്ങനെ ഒന്‍പതു കഥകളാണ് സമാഹാരത്തിലുള്ളത്. 2017 മുതല്‍ 2023 ഉള്‍പ്പെടെയുള്ള ഏഴു വര്‍ഷത്തിനിടെ എഴുതിയ കഥകള്‍. ചിലവിവരണങ്ങളും കഥാംശങ്ങളും ചിലേടങ്ങളില്‍ ആവര്‍ത്തന സ്വഭാവത്തോടെ കടന്നുവരുന്നുണ്ട്. സമയം എന്ന ദാര്‍ശനികതയുടെ സ്തൂപികാഗ്രത്തിലേക്ക് ജാഗ്രതപ്പെടുന്നതുകൊണ്ടുണ്ടാകുന്ന സ്വാഭാവിക കാര്യമാണത്. സമയ സമസ്യയെ ദാര്‍ശനികമായി അഭിമുഖീകരിക്കുമ്പോളും ഇവ വരണ്ട വിവരണങ്ങളാകാതെ മാനവികതയിലേക്കും ജീവിതാവസ്ഥകളിലേക്കും ഉന്മുഖമായിത്തന്നെ നില്‍ക്കുന്നു.

ശാസ്ത്രരചനകളും ശാസ്ത്രാഭിമുഖ്യമുള്ള രചനകളും മലയാളത്തില്‍ പൊതുവേ കുറവാണെങ്കിലും തീരെ കാണാത്തതല്ല. മലയാളത്തിലെ ആദ്യകാല രചനകളില്‍ സുപ്രധാനമായ ഒന്നായി പരിഗണിക്കപ്പെടുന്ന ദ്വാരക എന്ന കഥ ശാസ്ത്രസംഗതികളുടെ അടിത്തറയില്‍ പണിത ഭ്രമകല്പനകളാണ്. നൂറു നൂറ്റിമുപ്പത് വര്‍ഷത്തിനിപ്പുറം ദ്വാരകയുടെ ചില പുതിയ തുടര്‍ച്ചകളാകുന്നുണ്ട് 'സമയമാപിനി'യിലെ ചില കഥകളെങ്കിലും.
ഏഡന്‍ മുതല്‍ ബോംബെ വരെ കടലിനടിയിലൂടെ കമ്പി ഇടുന്ന കപ്പലിലെ ജോലിക്കാരനാണ് ദ്വാരകയിലെ നായകന്‍. ജോലിയുടെ ഭാഗമായി കടലില്‍ മുങ്ങുന്ന നായകന്‍, ശ്രീകൃഷ്ണന്റെ പൗരാണിക നഗരമായ ദ്വാരക കടലിനടിയില്‍ കണ്ടെത്തുന്നു. അതിന്റെ വിഭ്രാമക വിവരണങ്ങള്‍ക്കൊടുവിലാണ് അറിയുന്നത്, അത് നായകന്റെ സ്വപ്‌നമായിരുന്നു എന്ന്. ശാസ്ത്രനോവലുകള്‍ എന്ന് പറയാവുന്ന ചില രചനകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ശാസ്ത്രകഥകള്‍ താരതമ്യേന കുറവാണ് മലയാളത്തില്‍. ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് അത്തരം ചില ചെറുകഥകള്‍ മലയാളത്തില്‍ കാര്യമായി ഉണ്ടാകുന്നത്.
മുന്‍പ് എന്‍.പി. മുഹമ്മദിന്റെ വിഷാണുക്കള്‍, ഒരു ശാസ്ത്രജ്ഞന്റെ മരണം, വൈശാഖന്റെ ഹോമോസാപ്പിയം തുടങ്ങി ചില ശാസ്ത്രക്കഥകള്‍ ഉണ്ടായിട്ടുണ്ട്. അത്തരം വേറെയും ചില കഥകളെക്കുറിച്ച് ശാസ്ത്രനോവല്‍ മലയാളത്തില്‍ എന്ന ഗവേഷണഗ്രന്ഥത്തില്‍ ഡോ. അര്‍ച്ചന എ.കെ. വിശദീകരിക്കുന്നുണ്ട്. ശാസ്ത്രവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു കാര്യം മുഖ്യപ്രമേയമയി വരുന്നു എന്നതുമാത്രമാണ് ആ കഥകളിലെല്ലാം. 'സമയമാപിനി'യില്‍ അതങ്ങനെയല്ല. സമയം എന്ന ദാര്‍ശനിക ചിന്തയിന്മേല്‍ പിണഞ്ഞുകൂടുന്ന ചില ജീവിതനിമിഷങ്ങളെ ഭൗതികശാസ്ത്രത്തിന്റെയും മറ്റും നിര്‍ധാരണങ്ങളുടെ മാതൃകയില്‍ വിവരിക്കുകയാണ്. ഈ കഥകളില്‍ ശാസ്ത്രത്തോടും ശാസ്ത്രീയതയോടുമുള്ള സമീപനം തന്നെ ഒന്നു വേറെയാണ്.
സമയം - കാലം- എന്ന പരികല്പനയെക്കുറിച്ചുള്ള വിചാരങ്ങള്‍ ഒട്ടും പുതിയതല്ല മലയാളത്തിന്. 1946-ലാണ് ഡോ.കെ. ഭാസ്‌കരന്‍ നായര്‍ കലയും കാലവും എന്ന പുസ്തകം എഴുതിയത്. അതില്‍ കലയും കാലവും എന്ന ആദ്യത്തെ ദീര്‍ഘലേഖനത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. ഐന്‍സ്റ്റീന്‍ മുന്നോട്ടുവെക്കുന്ന കാലദര്‍ശനത്തെക്കുറിച്ച് അക്കാലത്തുതന്നെ മലയാളത്തില്‍ എഴുതിയിരിക്കുന്നു എന്ന വലിയ മികവുണ്ട് ആ ലേഖനത്തിന്. ഡോ. ഭാസ്‌കരന്‍ നായര്‍ എഴുതുന്നു-'' കാലം മുറിവും തിരിവും അതിരും ആവര്‍ത്തനവുമില്ലാതെ ഒരേ വഴിക്കു പോകുന്ന ഒരു ഒരു പ്രവാഹമാണെങ്കിലും അതിനെ സാങ്കല്പികമായി മുറിച്ചു മുറിച്ച് അതിരും അളവും നല്‍കി ആവര്‍ത്തനത്തിന്റെ ഛായ കലര്‍ത്തി രൂപാന്തരപ്പെടുത്തുവാന്‍ നാം ശ്രമിക്കുന്നു... '' കാലത്തിന്റെ നദീജലത്തില്‍ നാം മത്സ്യങ്ങളെപ്പോലെ ജീവിക്കുന്നു എന്നൊരു കാഴ്ചപ്പാടാണ് ഡോ. ഭാസ്‌കരന്‍ നായര്‍ അവതരിപ്പിക്കുന്നത്. ''വിചിത്രങ്ങളായ ഈ മത്സ്യങ്ങള്‍ക്ക് ഒഴുക്കിനെതിരേ നീന്തുവാന്‍ കഴിവില്ല. അവ നിരന്തരം താഴോട്ടു താഴോട്ടു പോവുകയാണ്. ഒഴുക്കിനെക്കുറിച്ചുള്ള ബോധവും തന്മൂലമുള്ള വ്യാകുലതകളും അവയ്ക്ക് ദുസ്സഹമാണ്...''
സമയപ്രവാഹവും സാഹിത്യകലയും എന്ന കെ.പി. അപ്പന്റെ വിഖ്യാതകൃതിയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം. ഗ്രന്ഥദീര്‍ഘമായ ഒരു ഉപന്യാസമാണ് ഈ പുസ്തകം എന്ന് പറയാം. രേഖീയവും സദാ മുന്നോട്ടുപോകുന്നതുമായ ഒരു കാലസങ്കല്പമാണ് അപ്പന്‍ മുന്നോട്ടുവെക്കുന്നത്. കാലം എന്ന പരികല്പനയെക്കുറിച്ചുള്ള പല ദാര്‍ശനിക സമീപനങ്ങളും അപ്പന്‍ പരിഗണിച്ചിട്ടില്ല ഈ കൃതിയില്‍. സമയപ്രവാഹം എന്ന പരികല്പനയില്‍ തന്നെ എവിടെയോ തുടങ്ങി ഏതോ ലക്ഷ്യത്തിലേക്കുള്ള ഒഴുകുന്ന കാലത്തെക്കുറിച്ചുള്ള സങ്കല്പനമാണുള്ളത്. നിത്യസ്രവന്തിയായ കാലം കലങ്ങി മറിയുന്നു എന്നാണ് ഒരു അധ്യായത്തിന്റെ പേര്. സാഹിത്യകൃതികളിലെ അനുഭവങ്ങളുടെ ദൈര്‍ഘ്യതയെയാണ് അപ്പന്‍ കാലം ആയി പരിഗണിക്കുന്നത്. സാഹിതീയാഖ്യാനങ്ങള്‍ക്കുള്ളില്‍ നിന്ന് കാലത്തെക്കുറിച്ചുള്ള പരികല്പനകള്‍ കണ്ടെടുക്കാനാണ് അപ്പന്‍ പരിശ്രമിക്കുന്നത്.
കാലം അനന്തമായ പ്രവാഹമാണെന്നും കാലം നിരന്തരമായി ഉരുണ്ടു മുന്നേറുന്ന ചക്രമാണെന്നുമൊക്കെയുള്ള ചിന്തകള്‍ പുരാതന ഇന്ത്യയിലെ പല ദാര്‍ശനിക സമീപനങ്ങളിലും കാണാവുന്നതാണ്. വേദങ്ങളിലും ഉപനിഷത്തുകളിലും കാലം എന്ന ദാര്‍ശനിക പരികല്പനയെക്കുറിച്ചുള്ള ചില ചിന്തകള്‍ അവിടവിടെ കാണാം. ദിക്ക്, ദേശം, കാലം, ഗതി, ഫലം എന്നിവ ബാധകമല്ലാത്തതാണ് പരമാര്‍ഥസത്ത് (ദിഗ്‌ദേശകാലഗതി ഫലശൂന്യം പരമാര്‍ഥസത്ത്) എന്ന് പരമാത്മാവിനെക്കുറിച്ചു പറയാറുണ്ടല്ലോ. ന്യായ വൈശേഷിക ദര്‍ശനങ്ങളിലാണ് കാലത്തെക്കുറിച്ചുള്ള വിപുലചിന്തകള്‍ കാര്യമായുള്ളത്. പഞ്ചഭൂതങ്ങള്‍ക്കുതൊട്ടു പിന്നാലെ ദ്രവ്യത്തിന്റെ ആറാമത്തെ അവസ്ഥയായാണ് വൈശേഷികദര്‍ശനം കാലത്തെ കണക്കാക്കുന്നത്. ഏകവും അചലവും അതേസമയംതന്നെ മനസ്സിനെക്കാള്‍ വേഗമേറിയതുമായ ബ്രഹ്‌മത്തെക്കുറിച്ച് ഈശാവാസ്യോപനിഷത്തില്‍ പറയുന്നുണ്ട്. ചലനമേയില്ലാത്ത ആ ബ്രഹ്‌മം പ്രകാശത്തെക്കാളും മനസ്സിനെക്കാളും വേഗത്തില്‍ ചരിക്കുന്നതുമാണ്. അതിനാല്‍ പ്രകാശത്തിനോ മനസ്സിനോ അതിനെ ഗ്രഹിക്കാനാവില്ല.
ഇളകാതേകമായേറ്റം ജിതമാനസവേഗമായ്
മുന്നിലാമതിലെത്താതെ നിന്നുപോമിന്ദ്രിയാവലി
അതു നില്‍ക്കുന്നു പോകുന്നിതോടുമന്യത്തിനപ്പുറം...
അതു ലോലമതലോലം അതു ദൂരമതന്തികം...
എന്ന് നാരായണഗുരുവിന്റെ പരിഭാഷ.
സൂര്യഭഗവാന്‍ മയാസുരന് (രാവണപത്‌നിയായ മണ്ഡോദരിയുടെ അച്ഛന്‍) പറഞ്ഞുകൊടുത്ത സൂര്യസിദ്ധാന്തം എന്ന പ്രാചീന കൃതിയില്‍ സമയത്തെയും മഹാകാലത്തെയും കുറിച്ചുള്ള ചില ദാര്‍ശനിക വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. നിശ്ചിതമായ ഒരു സമയ പദ്ധതിയും അനന്തമായ ഒരു കാലപദ്ധതിയുമായി രണ്ടു തരം സമയ സങ്കല്പങ്ങളുണ്ട് എന്നൊരു വീക്ഷണം സൂര്യ സിദ്ധാന്തത്തില്‍ പറയുന്നു. എല്ലാറ്റിന്റെയും സൃഷ്ടിയുടെയും സ്ഥിതിയുടെയും സംഹാരത്തിന്റെയും അധിഷ്ഠാനം മഹാകാലമാണന്നും സൂര്യസിദ്ധാന്തം വിശദീകരിക്കുന്നു. കാലം എന്ന പരികല്പനയെ മുന്‍നിര്‍ത്തിയുണ്ടായിട്ടുള്ള വിവിധ ദാര്‍ശനിക സമീപനങ്ങളില്‍ സാധാരണക്കാരുടെ ചിന്തകള്‍ക്ക് വലിയൊരളവോളം ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും പറ്റുന്ന വീക്ഷണങ്ങളാണ് സൂര്യസിദ്ധാന്തത്തിലുള്ളത്.
അനന്തമായ ഇടം (സ്‌പെയ്‌സ്) എന്നതുപോലെതന്നെ കാലവും നിത്യവും അനന്തവും അപരിമേയവുമാണെന്ന വീക്ഷണമാണ് എറ്റേണലിസം എന്ന് വിളിക്കുന്ന കാലദര്‍ശനം മുന്‍വെക്കുന്നത്. സ്‌പെയ്‌സില്‍ എന്നതുപോലെ കാലത്തിലും എല്ലാം ഓരോരോ ഇടങ്ങളിലായി ഉള്ളവ തന്നെയാണ്. കാലമല്ല ചലിക്കുന്നത്. അനന്തവും നിശ്ചലവുമായ മഹാകാലത്തിലൂടെ നമ്മളാണ് ഒരേദിശയില്‍ മാത്രം പോയിക്കൊണ്ടിരിക്കുന്നത്.
'സമയമാപിനി'യിലെ കഥകളില്‍ കാലത്തെക്കുറിച്ചും ഇടത്തെക്കുറിച്ചും ഒക്കെയുള്ള ഇത്തരം ദാര്‍ശനിക വീക്ഷണങ്ങള്‍ പല മട്ടില്‍ കലര്‍ന്ന് നിറയുന്നുണ്ട്. കഥയില്‍ കപ്പലിലെ സെക്കന്‍ഡ് ഓഫീസറാണ് ആകാശ്. വാച്ച് നന്നാക്കുന്ന കട നടത്തിയിരുന്ന മുത്തച്ഛനില്‍ നിന്ന് ആകാശ് എന്ന കുട്ടി, സ്വായത്തമാക്കി നെഞ്ചേറ്റിയയതാണ് സമയം എന്ന പരികല്പനയോടുള്ള പ്രണയം. കപ്പലോട്ടത്തിനിടെ ഇടയ്ക്കിടെ സമയബോധത്തില്‍ നിന്ന് പുറത്തായിപ്പോകുന്ന ആകാശ് സാധാരണജീവിതം സാധ്യമല്ലാത്ത ഒരവസ്ഥയിലായിപ്പോകുന്നു. കടലിലൂടെയുള്ള കപ്പലിന്റെ നാവിഗേഷന്‍ അനന്തമായ കാലസാഗരത്തിലൂടെയുള്ള ആകാശിന്റെ നാവിഗേഷന്‍ തന്നെയാണ്.
സാഹിതീയതയെക്കുറിച്ചുള്ള നമ്മുടെ പതിവ് പരികല്പനകളിലേക്കുകൂടി ചേര്‍ന്നുനിന്നാല്‍ ആ സമുദ്രയാനം ആകാശിന്റെ ജീവിതം തന്നെയുമാണ്. ആകാശ് എന്ന പേരു തന്നെ സ്‌പെയ്‌സ് എന്നതിലേക്കുള്ള സൂചകം കൂടിയാകാം. നാവിഗേഷനിടെ ആകാശ് ഇടയ്ക്കിടെ മഹാകാലത്തില്‍ നിന്ന് പുറത്തായിപ്പോവുന്നു. കാലത്തിലൂടെയുള്ള നാവിഗേഷന്‍ ആകാശിന് സാധ്യമാകുന്നത് ബോധം (ഉണ്മ) അയാളെ നയിക്കുന്നതുകൊണ്ടാണ്.
''സമയത്തോടുള്ള പ്രണയം കാരണം (കടലിലൂടെ പോകുന്ന കപ്പല്‍) രേഖാംശത്തിലെ ഓരോ ഡിഗ്രി കടന്നു പോകുമ്പോഴും ആകാശ് സ്വന്തം വാച്ചിലെ സമയം ക്രമപ്പെടുത്തും.'' നമ്മുടെ നിശ്ചിതമായ സമയപദ്ധതിയെ അനന്തമായ കാലപദ്ധതിയോടുചേര്‍ത്തു നിര്‍ത്താനുള്ള ആകാശിന്റെ ദാര്‍ശനികവാഞ്ഛയാണിവിടെ. ഒരു പക്ഷേ, ആ ദാര്‍ശനിക സാക്ഷാല്‍ക്കാരം അസാധ്യമായതുകൊണ്ടാകാം അയാളുടെ ബോധത്തില്‍ തുളകള്‍ വീണ് കാലത്തില്‍ നിന്നുതന്നെ ആകാശ് പുറത്തായിപ്പോകുന്നത്.
വാച്ച് പല കഥകളിലും കഥാപാത്രങ്ങളുടെ ആശ്രയവസ്തുവായി കടന്നുവരുന്നുണ്ട്. സമയം എന്ന ദാര്‍ശനികതയില്‍ പെട്ട് കുഴങ്ങിപ്പോകുന്ന മനുഷ്യര്‍ അവരുടെ പ്രാഥമികലൗകികതയിലേക്ക് ചേര്‍ന്നുനില്‍ക്കാന്‍ വേണ്ടിയാണ് വാച്ച് നല്‍കുന്ന സമയനിശ്ചിതത്വം തേടുന്നത്. ജീവിതത്തിനും മരണത്തിനും ഇടയില്‍ ചില കട്ടുകള്‍ എന്ന കഥയില്‍ വാച്ചിനെ നിര്‍വചിക്കുന്നുണ്ട്. 'ഭൂമിയിലെ സമയപ്രവാഹത്തിനൊത്ത് സഞ്ചരിക്കുന്ന ഒരുപകരണമാണ് വാച്ച്' അതും പക്ഷേ, ശരിയല്ലെന്ന് നമുക്കറിയാം. ആദ്യകഥയായ 'സമയമാപിനി'യില്‍ നാവികനായ ആകാശ് തന്റെ കപ്പല്‍ രേഖാംശത്തിലെ ഓരോ ഡിഗ്രി കടന്നുപോകുമ്പോഴും വാച്ച് ശരിയാക്കുന്നയാളായിരുന്നു. ഭൂമിയിലെ അനേകം സമയങ്ങളില്‍നിന്ന് അവരവര്‍ നിലനില്പിനായി തിരഞ്ഞെടുക്കുന്ന സമയം അടയാളപ്പെടുത്തി സ്വയം ക്രമീകരണത്തിനുപയോഗിക്കുന്ന ഒരു ഉപകരണം മാത്രമാണ് വാച്ച്. ഒരിടത്തും പക്ഷേ, വാച്ച് നല്‍കുന്ന 'നിശ്ചിതസമയ'ത്തിന്റെ സാന്ത്വനം രക്ഷാകരമാകുന്നുമില്ല. സമയം എന്ന ദാര്‍ശനിക കല്പനയുടെ ദംശനമേറ്റവര്‍ക്ക് ലൗകികജീവിതം എളുപ്പമല്ല ഈ സമാഹാരത്തിലെ കഥകളിലൊന്നിലും!
വാച്ച് പോലെ തന്നെ പല കഥകളിലും ഒരു മോട്ടിഫ് പോലെ കടന്നുവരുന്നവയാണ് ഐ.സി.യു. സ്വപ്‌നം, തുടങ്ങി ചില സംഗതികള്‍. സ്റ്റീഫന്‍ ഹോക്കിങ്ങും അതെ. ജീവിതത്തിനും മരണത്തിനും ഇടയില്‍ നില്‍ക്കുന്ന മങ്ങൂഴമാണ് ഐ.സി.യു. ജാഗ്രത്തിനും സുഷുപ്തിക്കും ഇടയിലെ മങ്ങൂഴമാണ് സ്വപ്‌നം. അത്തരം ചില മങ്ങൂഴങ്ങള്‍, അതായത് സന്ദിഗ്ധതയുടെ വഴുക്കുനിലങ്ങള്‍ കഥകളിലെല്ലാമുണ്ട്. ദാര്‍ശനികതയെക്കുറിച്ച് ഉറക്കെ ചര്‍ച്ചചെയ്യുന്ന ഈ കഥകളില്‍ സുപ്രധാനമായ ഇത്തരം വഴുക്കുനിലങ്ങള്‍ തെളിയുന്നത് കഥകള്‍ക്ക് നല്‍കുന്ന മുഴക്കം ഒന്നുവേറെ തന്നെ. മലമുകളില്‍ കത്തിപ്പടരുന്ന കാട്ടുതീയുടെ ചൂടും ഇരുട്ടിനുമേല്‍ തെളിയുന്ന അഗ്നിദീപ്തിയും നല്‍കുന്ന വിഭ്രാമകഭംഗി.
സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പന്തയം എന്ന കഥയില്‍ സീമയും അച്ഛന്‍ വേണുഗോപാലുമാണുള്ളത്. അമ്മ കമല ആത്മഹത്യ ചെയ്തുകിടക്കുന്ന കാഴ്ച കണ്ട് ബോധത്തിന്റെ വാതായനങ്ങള്‍ പലതും മരവിച്ചുപോയവളാണ് സീമ. കഥയിലുടനീളം വളരുന്ന രൂപകമായി കടന്നു വരുന്നു വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്. കാലത്തിന്റെ ഒരു ലഘു ചരിത്രം (A Brief History of Time) എന്ന കൃതിയിലെ തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള സങ്കല്പനങ്ങള്‍ ചര്‍ച്ചചെയ്തു കൊണ്ടാണ് സീമയും വേണുഗോപാലും സ്വന്തം ജീവിതാഖ്യാനം നിര്‍വഹിക്കുന്നത്. ഒരു കഥയില്‍ ഇങ്ങനെയൊക്കെ ആകാമോ... എന്ന മട്ടിലൊരു ചോദ്യം ഇതുവരെയുള്ള മലയാള ചെറുകഥാചരിത്രത്തില്‍നിന്ന് ഉയരാവുന്നതാണ്. പ്രപഞ്ച ചര്‍ച്ചയില്‍ ഹോക്കിങ്ങും കൂട്ടരും മുന്നോട്ടുവെക്കുന്ന, മാനവികതാ വാദം എന്നൊരു പരികല്പനയുണ്ട്. ശാസ്ത്രത്തില്‍ നിന്ന് സ്റ്റീഫന്‍ഹോക്കിങ്ങിന്റെ പ്രപഞ്ച ചര്‍ച്ചകള്‍ എടുത്ത് സാഹിതീയമായ ഒരു മാനവികതാവാദത്തിലേക്ക് എത്തിച്ചേരുന്ന ഒരു സര്‍ഗവ്യതിയാനമുണ്ട് ഈ കഥയില്‍.
സ്വപ്‌നശ്രേണികളുടെ ഒരു രാത്രി എന്ന കഥ തുടങ്ങുന്നത് ഐ.സി.യു.വിലെ മങ്ങൂഴം അനുഭവിപ്പിക്കുന്ന വിവരണങ്ങളിലാണ്. ഗുരുതരമായ സ്‌ട്രോക്ക് ബാധിച്ച വിശ്വനാഥന് സ്ഥലകാലങ്ങളെക്കുറിച്ചുള്ള പരസ്പര ബന്ധം നഷ്ടപ്പെട്ട് പോകുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചുപോയ വൃദ്ധനെ തൊട്ടടുത്തുകാണാം വിശ്വനാഥന്. അത് ഒരു ഭ്രമം മാത്രമല്ലെന്ന് ഡോക്ടര്‍ ഉറപ്പിക്കുന്നുമുണ്ട്. ഡോക്ടര്‍ പറയുന്നു- ''നിങ്ങളുടെ വിശദീകരണങ്ങള്‍ എന്തുതന്നെയായാലും എനിക്ക് ഒന്നേ പറയാനുള്ളൂ നിങ്ങള്‍ കണ്ടത് യഥാര്‍ഥ മനുഷ്യനെയാണ് മരിച്ചയാളെയല്ല.'' രോഗം വിശ്വനാഥന്റെ സമയബോധത്തെ ബാധിക്കുന്നതിനാലാണ് കാലത്തിന്റെ മറ്റൊരു ബിന്ദുവിലായിരുന്ന വൃദ്ധനെ ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. മറ്റുള്ളവര്‍ക്ക് അയാള്‍ മരിച്ചയാളാണ്. എന്നാല്‍, വിശ്വനാഥന് അയാള്‍ കാലത്തിലെ മറ്റൊരുസ്ഥാനത്ത് യഥാര്‍ഥത്തില്‍ ഉള്ളയാള്‍ തന്നെ. ഒരു പുതിയ സ്ഥലത്തെത്തിയാല്‍ അവിടത്തെ പ്രദേശങ്ങളാകെ നടന്നുകാണുന്ന ശീലമുള്ളയാളാണ് വിശ്വനാഥന്‍.
സ്ഥലത്തെയും കാലത്തെയും കുറിച്ചുള്ള സാമാന്യബോധങ്ങള്‍ വിശ്വനാഥന് കൈമോശം വരുന്നു. ചില നേരങ്ങളില്‍ അവ തിരികെയെത്തുകയും ചെയ്യുന്നു. സ്ഥലകാലങ്ങളെക്കുറിച്ചുള്ള ബോധങ്ങള്‍ മിന്നിമിന്നി കളിക്കുകയാണ് വിശ്വനാഥനില്‍. തെളിച്ചമുള്ള സായാഹ്നത്തില്‍ പുറത്തിറങ്ങിയ ആള്‍ പൊടുന്നനെ വെളിച്ചം കുറഞ്ഞ ഇടവഴിയിലായിപ്പോവുകയും ഒരു തിരിവ് തിരിയുമ്പോള്‍ പിന്നിലെ വഴികള്‍ അപ്രത്യക്ഷമായിപ്പോവുകയും ചെയ്യുന്നു. സ്ഥലം, സമയം, ബോധം എന്നിങ്ങനെ ഒരു സാധാരണ മനുഷ്യനെ സാധാരണത്വത്തില്‍ നിര്‍ത്തുന്ന മൂന്ന് അക്ഷങ്ങളും അയാളില്‍ ശിഥിലമായിപ്പോകുന്നു. ത്രിമാനങ്ങളും ശിഥിലമായ അയാളാകട്ടെ ''വിശ്വ നാഥന്‍'' ആണുതാനും. ഒരു കഥ അതിന്റെ ആഴങ്ങളില്‍ ഉന്നതമായ ജ്ഞാനാനുഭവമായി മാറുന്നതെങ്ങനെ എന്ന് അറിഞ്ഞനുഭവിക്കാം ഈ കഥയില്‍.
പല കഥകളിലും ഹുവാന്‍ റൂള്‍ഫോയുടെ വിഖ്യാത നോവലായ പെഡ്രോപരാമോയിലേതുപോലെ മൃതിയും വാഴ്‌വും തമ്മില്‍ ഇടവരമ്പുകളില്ലാതെ കൂടിക്കലരുന്നു. അത്തരം കൂടിക്കലരുകളുടെ വിഭ്രാമക ഭംഗികലരുന്ന ചില ആഖ്യാനങ്ങള്‍ മുമ്പ് മലയാള കഥയിലുണ്ടായിട്ടുള്ളത് ഒരു പക്ഷേ, തോമസ് ജോസഫിന്റെ ചില കഥകളില്‍ മാത്രമാണെന്ന് തോന്നുന്നു.
ജ്വാലാ ലൈബ്രറിയിലെ തീപിടിത്തം ഒട്ടൊരു അപസര്‍പ്പക സ്വഭാവമുള്ള കഥയാണ്. ഒരു സ്വപ്‌നത്തിന്റെ വഴിതെറ്റി അലയലിലാണ് ഇവിടെയും കഥ തുടങ്ങുന്നത്. സ്വപ്‌നങ്ങളും വഴിതെറ്റലുകളും അതിനിടയില്‍ ''സമയം എത്രയായി'' എന്ന് ലൗകികയാഥാര്‍ഥ്യത്തെ തേടലും ഒട്ടുമിക്ക കഥകളിലും കടന്നുവരുന്നുണ്ട് ഈ സമഹാരത്തില്‍. ഈ കഥയിലും നായകനായ വിശ്വനാഥന്‍ 'സ്വപ്‌നത്തില്‍ നിന്ന് തുടര്‍ച്ച നഷ്ടപ്പെടാതെ യാഥാര്‍ഥ്യലോകത്ത് എത്തുന്ന' ആളാണ്. ഇവിടെയും വിശ്വനാഥന്‍ സമകാല-ലൗകിക യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടാന്‍ വിഷമിക്കുന്നയാള്‍ തന്നെ.
ജ്വാലാ ലൈബ്രറിയില്‍ ചില പ്രത്യേക പുസ്തകങ്ങള്‍ തിരഞ്ഞെത്തുന്ന ഒരു യുവാവ് അവിടെനിന്ന് പുസ്തകങ്ങള്‍ എടുക്കുകയല്ല, മറിച്ച് അവിടെ തന്റേതായ ഒന്ന് വെച്ചുപോവുകയാണ് ചെയ്യുന്നത്. സ്ഥലപരമായി ഏറെ അകലെയുള്ള മംഗലാപുരത്ത് അയാള്‍ കൊല ചെയ്യപ്പെടുന്നു. ലൈബ്രറിക്ക് തീപിടിക്കുകയും ചെയ്യുന്നു. തീ കത്തിയമരുമ്പോള്‍ വെന്ത മാംസത്തിന്റെ മണം പൊന്തുന്നുമുണ്ട്. ജ്വാലാ ലൈബ്രറി കത്തിയമര്‍ന്നെങ്കിലും ആ യുവാവ് കൊണ്ടുവെച്ചിരുന്ന ആ പുസ്തകം തീയുടെ അവശിഷ്ടങ്ങളില്‍ നിന്ന് വിശ്വനാഥന്‍ കണ്ടെടുക്കുന്നു. ആ പുസ്തകത്തില്‍ പക്ഷേ, ഉള്ളടക്കമെല്ലാം കത്തിപ്പോയിരുന്നു. ഭ്രമകല്പനകളില്‍ ആകെയാകെ വഴുതി നില്‍ക്കുന്ന കഥ.
ഒരു പന്തയത്തിന്റെ അന്ത്യം എന്ന കഥയില്‍ പ്രാചീന ഗ്രീക്ക് ചിന്തകനായ സീനോയുടെ, അക്കിലസും ആമയുമായുള്ള ഓട്ടമല്‍സരത്തെക്കുറിച്ചാണ് വിവരിക്കുന്നത്. താത്വികമായി അക്കിലസിന് ആമയെ ഓട്ടത്തില്‍ തോല്‍പ്പിക്കാനാവില്ല എന്ന ഗണിതയുക്തി അവതരിപ്പിക്കുന്നു. സമയത്തിലൂടെയുള്ള ഏതു പ്രവാഹവും താത്വികമായി ലക്ഷ്യത്തിലെത്താത്തതാണെന്ന കേവലഗണിതം. സമയത്തിലൂടെയുള്ള പ്രവാഹത്തെക്കുറിച്ചും കേവലഗണിതയുക്തികളെക്കുറിച്ചുമുള്ള സമാനവിവരണങ്ങള്‍ രണ്ടോ മൂന്നോ കഥകളില്‍ വരുന്നുണ്ട്. കഥാവായനയുടെ നമ്മുടെ പതിവുപരിചയം വെച്ച് ഒട്ടും അപ്രതീക്ഷിതമല്ലാത്ത കഥാന്ത്യവുമാണ്. ഗണിതയുക്തികളെയും ദാര്‍ശനിക പദ്ധതികളെയുമെല്ലാം തകര്‍ത്തുകളയുന്ന മനുഷ്യാവസ്ഥയുടെ, വ്യക്തിയുടെ മാനസികാവസ്ഥകളുടെ സ്‌ഫോടനമാണ് കഥയില്‍.
ജീവിതത്തിനും മരണത്തിനുമിടയില്‍ ചില കട്ടുകള്‍ എന്ന കഥയില്‍ ആദ്യസിനിമയുടെ ആദ്യപ്രദര്‍ശനത്തിനിടെ സ്‌ട്രോക്ക് വന്ന് കുഴഞ്ഞുവീണ് ഐ.സി.യു.വിലായി ക്രമത്തില്‍ മരണത്തിലേക്കുപോകുന്ന സാഗര്‍ അഷ്‌റഫ് എന്ന സംവിധായകന്റെ അവസ്ഥാഗതികളാണ്. മരണത്തിലേക്ക് വീഴും മുമ്പ് സാഗറിന്റെ കുഞ്ഞിനെ കൊണ്ടുവന്ന് അച്ഛനെ കാണിക്കാനുള്ള ഓട്ടത്തിലാണ് എഡിറ്റര്‍ രാജേന്ദ്രനും സാഗറിന്റെ ഭാര്യ മേനകയും. ജീവിതത്തില്‍ നിന്ന് ഒരു നിമിഷം പോലും എഡിറ്റ് ചെയ്തുനീക്കാന്‍ നമുക്ക് കഴിയില്ല എന്ന ഖേദസത്യം രാജേന്ദ്രന്‍ തിരിച്ചറിയുന്നത് ഈ ഓട്ടപ്പാച്ചിലിനിടെയാണ്. ലൗകിക കാലത്തിന്റെ നിശ്ചിതത്വം ചേര്‍ത്തുപിടിച്ച് ജീവിതത്തില്‍ മുന്നേറാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ടെങ്കിലും വാച്ചിലെ സെക്കന്‍ഡ് സൂചി ആര്‍ക്കു വേണ്ടിയും കാത്തിരിക്കാതെ വൃത്തം പൂര്‍ത്തിയാക്കാന്‍ കുതിക്കുന്നത് ദുഃഖത്തോടെ നോക്കിനില്‍ക്കാനേ കഴിയുന്നുള്ളൂ. ജീവിതത്തിന്റെ വ്യഥതീക്ഷ്ണമായ അനുഭവസാന്ദ്രത തികഞ്ഞ കഥയില്‍ സമയത്തെക്കുറിച്ചുള്ള മറ്റ് ചര്‍ച്ചകളോ ദാര്‍ശനിക ചിന്തകളോ ഒന്നുമില്ല. സമയം മനുഷ്യജീവിതത്തിലുണ്ടാക്കുന്ന ഞെരുക്കങ്ങള്‍ ഭാവഭദ്രതയോടെ പകരുയാണ് ചെയ്യുന്നത്. ലോകാവസാനം എന്ന കഥയിലും സമയത്തിന്റെ ഞെരുക്കങ്ങളില്‍പ്പെട്ട് അവസാനത്തെ കൂടിക്കാഴ്ച പോലും അസാധ്യമായി ലോകാവസാനത്തിന്റെ വിഷപ്പുക തീണ്ടി ആദിമവന്യതയുടെ തണുപ്പില്‍ ലയിച്ചുചേരുന്ന മനുഷ്യരുടെ ഭ്രമാനുഭവങ്ങളാണ്.
മാര്‍ട്ടിന്‍, സുരേഷ്, ബെഞ്ചമിന്‍, സിദ്ധാര്‍ഥന്‍ എന്നീ കൂട്ടുകാര്‍ ഒരു സാഹസിക വിനോദയാത്രയ്ക്കിടെ ഒരു രാത്രി ദേവാലയില്‍ ഒരു അപരിചിതവീട്ടില്‍ കുടുങ്ങിക്കഴിയേണ്ടി വരുന്നതാണ് മരണവക്ത്രത്തിലെ പൂച്ച എന്ന കഥയില്‍. സ്വ്പനശ്രേണികളുടെ രാത്രി എന്ന കഥയില്‍ രജിസ്‌ട്രേഷന്‍ ഓഫീസറായ വിശ്വനാഥന്‍ ഇതേപോലെ തന്നെ ഒരു അപരിചിത വീട്ടില്‍ കുടുങ്ങിപ്പോകുന്നുണ്ട്. അവിടെയുമുണ്ട് മരണവക്ത്രത്തില്‍ അകപ്പെട്ടുപോയ മറ്റൊരു പൂച്ച. ആധുനിക ഭൗതികശാസ്ത്രം തത്ത്വചിന്തയിലേക്കു ചെന്നുമുട്ടുന്ന സന്ധികളില്‍ ഏറ്റവും പ്രശസ്തമായ ഒന്നാണല്ലോ ഷ്രോഡിംഗറുടെ പൂച്ചയെക്കുറിച്ചുള്ള ആഖ്യാനം. എഡ്ഗാര്‍ അലന്‍പോയുടെ കഥയില്‍ നിന്ന് ഈ പഴയവീടിന്റെ ചുവരിലേക്ക് ഇറങ്ങിവരികയാണ് ഒരു പൂച്ച. അതില്‍ നിന്നാണ് ആഖ്യാനം ഷ്രോഡിംഗറുടെ പൂച്ചയിലേക്ക് എത്തുന്നത്.
ശാസ്ത്രപരികല്പനകളുടെ വിശദീകരണം ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ ആഖ്യാനത്തില്‍ പെടുത്തിയാണ് കഥ മുന്നേറുന്നത്. ഷ്രോഡിംഗറുടെ പൂച്ചയും അലന്‍പോയുടെ പൂച്ചയും ഒക്കെ സ്വപ്‌നശ്രേണികളുടെ രാത്രിയിലുമുണ്ട്. ഭൗതികശാസ്ത്രവും അതിഭൗതികമായ തത്ത്വശാസ്ത്രവും തമ്മിലുള്ള ഇഴചേരലിന്റെ കൗതുകമാണ് ഇവിടെ. ക്വാണ്ടംഫിസിക്‌സിലെ പരികല്പനകള്‍ ലളിതമായും ശില്പഭദ്രമായും വിശദീകരിക്കാന്‍ കഥാഗാത്രത്തില്‍ ഇടമുണ്ടെന്നതാണ് വലിയൊരു കൗതുകം.
''നാലുപേര്‍ ഒരു കേന്ദ്രബിന്ദുവില്‍ നിന്ന് തുല്യ അകലത്തിലും തൊട്ടടുത്ത ആളില്‍ നിന്ന് ഒരേ അകലത്തിലും ഇരിക്കുകയാണെങ്കില്‍ അവര്‍ ഒരു സമചതുരം സൃഷ്ടിക്കുന്നു. എങ്ങനെയാണ് നമുക്കതിനെ 'ചുറ്റും' എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കാന്‍ സാധിക്കുക! ചുറ്റും എന്ന വാക്കില്‍ വൃത്തത്തിന്റെ ധ്വനി ഒളിഞ്ഞിരിക്കുന്നതായി മാര്‍ട്ടിന്‍ ചിന്തിച്ചു..'' എന്ന് വിവരിക്കുന്നുണ്ട് കഥയില്‍. ഗണിത ശാസ്ത്രത്തിന്റെ പരിണാമ ചരിത്രത്തില്‍ അതിപ്രധാനമായ ഒന്നാണ് ചതുരത്തിന്റെ വിസ്തൃതി അളന്ന് വൃത്തവിസ്തൃതിയെക്കുറിച്ച് മനസ്സിലാക്കിയിരുന്ന ആ ഗതകാലം. ചതുരത്തില്‍ നിന്ന് വൃത്തത്തിലേക്കുള്ള ആ മാറ്റത്തിന് കേരളീയ ഗണിതശാസ്ത്രാചാര്യന്മാര്‍ നല്‍കിയിട്ടുള്ള വലിയ സംഭാവനകളും ഗണിതവിജ്ഞാനീയത്തില്‍ ഏറെ പ്രസിദ്ധമാണ്. അനന്തതയിലേക്കുള്ള പാത (എ പാസെജ് റ്റു ഇന്‍ഫിനിറ്റി) എന്ന ഗ്രന്ഥത്തില്‍ വിഖ്യാത ഗണിതശാസ്ത്രജ്ഞനും മലയാളിയുമായ ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ് ഇക്കാര്യം വിശദമായി പറയുന്നുണ്ട്.
മാന്ത്രികപ്പെട്ടി എന്ന് അതേപേരിലുള്ള കഥയില്‍ പരാമര്‍ശിക്കുന്നത് പഴയമട്ടിലുള്ള ഒരു സിനിമാ പ്രൊജക്റ്ററിനെയാണ്. 24 ഫ്രെയിമുകളിലെ നിശ്ചലതയുടെ ദൃശ്യങ്ങളില്‍ നിന്ന് തുടര്‍ചലനങ്ങളുടെ അനുഭവം പകരുന്ന സിനിമ സൃഷ്ടിക്കുന്നതുകൊണ്ടാണ് പ്രൊജക്റ്റര്‍ മാന്ത്രികപ്പെട്ടിയാകുന്നത്. സമയത്തിന്റെ അതിസൂക്ഷ്മ അംശങ്ങളിലെ നിശ്ചലതകളുടെ തുടര്‍ച്ച ചലനമായിത്തീരുന്നു എന്ന ദാര്‍ശനിക കാഴ്ചയാണല്ലോ സിനിമ. ഇങ്ങനെയൊരു പ്രൊജക്ടറും സിനിമയും വന്നിരുന്നില്ലെങ്കില്‍ പോലും ഈ കഥാസമാഹാരത്തിലെ കഥകളിലൂടെ കടന്നുപോകുന്ന വായനക്കാരുടെ മനസ്സില്‍ സിനിമ കടന്നുവരികതന്നെ ചെയ്യും.
കാലത്തില്‍ കൊത്തിയ ശില്പങ്ങളിലൂടെ ചലനനൈരന്തര്യം ആവിഷ്‌കരിക്കുന്ന ശാസ്ത്രകലാ പദ്ധതിയാണല്ലോ സിനിമ. പ്രൊജക്ടറിനെക്കുറിച്ചുള്ള കഥ ഒടുവിലെത്തുമ്പോള്‍ വാസ്തവത്തില്‍ ഒരാഹ്ലാദമാണ് തോന്നുക-ഇതാ നാം കാത്തിരുന്ന ആ ഇടം എത്തിയിരിക്കുന്നു എന്ന ആഹ്ലാദം. നിശ്ചലതകളുടെ തുടര്‍ച്ചയാണ് ചലനമെങ്കില്‍, ഓരോ നിമിഷത്തിന്റെയും അതി സൂക്ഷ്മ അംശങ്ങളില്‍ ജീവിതം എന്നത് മരണം തന്നെയാണ്. ആ സൂക്ഷ്മ മരണങ്ങളുടെ നൈരന്തര്യമാണ് ജീവിതം!
ജീവിതത്തെയും മരണത്തെയും സമയത്തെയും കുറിച്ചുള്ള പ്രഹേളികകളുടെ പൊരുളടയാളങ്ങള്‍ അപഗ്രഥിക്കാനുള്ള യത്‌നങ്ങളാണ് ഈ സമാഹാരത്തിലെ ഓരോ കഥയിലുമുള്ളത്. ഇത്രയും ഭദ്രമായ 'ഫിലോസഫിക് ടെംപറിലുള്ള' ഒരു കഥാസമാഹാരം മലയാളത്തിലുണ്ട് എന്നത് മലയാളകഥയ്ക്ക് എന്നല്ല മലയാളഭാഷയ്ക്കുതന്നെ അഭിമാനകരമാണ്.
Content Highlights: Book review of Praveen Chandran's novel Samayamapini by Mathrubhumi books
Published: 01 Mar 2024, 02:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented