'Crime is an Art. And if crime is an art, crime investigation is a counter-art.  ചെസ്റ്റര്‍ടണ്‍ പറഞ്ഞത് പോലെ,  Critique of the  Art'  --
ശിവശങ്കര്‍ പെരുമാള്‍ (പ്രൈം വിറ്റ്നെസ് 61)

To advertise here,

സാഹിത്യത്തില്‍ നിന്ന് സിനിമയിലേയ്ക്കും സിനിമയില്‍ നിന്ന് സാഹിത്യത്തിലേയ്ക്കും കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നത് രണ്ട് മാധ്യമങ്ങള്‍ക്കും കലാപരവും വാണിജ്യപരവുമായി ഗുണമാണ്. ശ്രദ്ധ നേടിയ ഒരു നോവല്‍ സിനിമയാക്കപ്പെടുക, ആരാധകര്‍ ഏറെയുള്ള ഒരു സിനിമ നോവല്‍ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടുക. രണ്ടും കലാപരവും വാണിജ്യപരമായും വിജയിക്കുക. ഇതെല്ലാം ലോകസിനിമയില്‍ വളരെ മുന്‍പേ നടക്കുന്നതാണ്. സിനിമയില്‍ നിന്ന് നോവലിലേയ്ക്ക് ഒരു നീക്കം മലയാളത്തില്‍ ആരും പരീക്ഷിച്ചിട്ടില്ലായിരുന്ന സാഹചര്യത്തിലായിരുന്നു 2007 ല്‍ ശ്രീ അന്‍വര്‍ അബ്ദുള്ള  'ഒന്നാം സാക്ഷി, സേതുരാമയ്യര്‍' എന്ന നോവലുമായി വരുന്നത്. അതും മമ്മൂട്ടിയുടെയും കെ മധുവിന്റെയും എസ് എന്‍ സ്വാമിയുടെയും അനുഗ്രഹാശിസ്സുകളോടെ. പക്ഷെ സിനിമയുടെ മുന്‍നിര്‍മ്മാതാവിന്റെ എതിര്‍പ്പ് നിമിത്തം കുറ്റാന്വേഷണനോവലുകളുടെ ഒരു പരമ്പരയിലേയ്ക്ക് നയിക്കാന്‍ സാധ്യതയുണ്ടായിരുന്ന ആ പദ്ധതി അവസാനിച്ചു.  ജനപ്രിയ സിനിമയുടെ പ്രേക്ഷകരെ വായനയിലേയ്ക്ക് നയിക്കാവുന്ന ഒരു വലിയ പാലം ആയി മാറാന്‍ കഴിയുമായിരുന്നു ആ പദ്ധതിയ്ക്ക്. പക്ഷെ അതവിടെ അവസാനിച്ചു. 2007 പുറത്തിറങ്ങിയ ആ നോവലിന്റെ പുതിയ പതിപ്പാണ് 'പ്രൈം വിറ്റ്നസ്'. ഒരു വ്യത്യാസമുണ്ട്. അന്വേഷകന്‍ സേതുരാമയ്യര്‍ അല്ല. അന്‍വര്‍ തന്നെ പിന്നീട് സൃഷ്ടിച്ച സ്വകാര്യകുറ്റാന്വേഷകന്‍ ശിവശങ്കര്‍ പെരുമാളാണ്.

ഒലിവ് പ്രസിദ്ധീകരിച്ച 'ഒന്നാം സാക്ഷി സേതുരാമയ്യര്‍' ഞാന്‍ വായിച്ചതാണ്. കുറ്റാന്വേഷണനോവലുകള്‍ക്ക് ഇന്ന് ലഭിച്ചിരുന്ന ഈ ഉണര്‍വ് അന്നുണ്ടായിരുന്നില്ല. ദാര്‍ശനികസാഹിത്യനോവലുകള്‍ക്കിടയില്‍ പതിവ് അവഗണനകള്‍ക്കിടയില്‍ അത് മുങ്ങിപ്പോയി. അരോചകമായി അവതരിപ്പിക്കപ്പെടുന്ന മാസ് കഥാപാത്രങ്ങള്‍ നിറഞ്ഞ ജനപ്രിയ സിനിമയില്‍ ഉത്ഭവിച്ചതാണ് എങ്കിലും വളരെ മിനിമല്‍ ആയി അവതരിപ്പിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു സേതുരാമയ്യര്‍ എന്ന കുറ്റാന്വേഷകന്‍. ജനമനസ്സില്‍ ഇടം നേടിയ ആ കഥാപാത്രത്തെ മറ്റൊരു എഴുത്തുകാരന്‍ കൈകാര്യം ചെയ്യാന്‍ എടുക്കുമ്പോള്‍ കൈവിട്ട് പോകാത്ത വിധം ഏറ്റവും ആധികാരികതയോടെ അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള  ഒരാളായിരുന്നു അന്‍വര്‍ അബ്ദുള്ള. എന്റെ അഭിപ്രായത്തില്‍ സ്വാമി എഴുതിയ സേതുരാമയ്യര്‍ സിനിമകളെക്കാള്‍ സങ്കീര്‍ണമായ പ്ലോട്ട് ആയിരുന്നു നോവലിന്റേത്. കൊലപാതകമോ അപകടമരണമോ എന്ന് അവ്യക്തമായ, പ്രഥമദൃഷ്ട്യാ പ്രേരണ കണ്ടെത്താനാകാത്ത ഒരു കൊലപാതകവും നിരവധി സസ്‌പെക്റ്റുകളും നിറഞ്ഞ ഒരു അഗത ക്രിസ്റ്റി പ്ലോട്ട് പോലെ സങ്കീര്‍ണതയുള്ള ഒന്ന്. വളരെ ശ്രദ്ധാപൂര്‍വ്വം രൂപപ്പെടുത്തിയ പ്ലോട്ടിന്റെ ചിട്ടയോടെയുള്ള അവതരണവും.

പത്ത് യുവാക്കളുടെ ഒരു സംഘം കോവളം കടപ്പുറത്ത് സായാഹ്നം ആസ്വദിക്കാനെത്തുന്നു. അവരില്‍ ഒരാള്‍ കൊല്ലപ്പെടുന്നു. സംഘം മുഴുവന്‍ സംശയത്തിന്റെ നിഴലിലാകുന്നു. ഒരു കോണ്‍ഫറന്‍സിന് വന്നെത്തി പരിചയപ്പെട്ടവരാണ് അവര്‍. വെറും ദിവസങ്ങളുടെ മാത്രം പരിചയമുള്ളവര്‍. അന്വേഷണം ഓരോരുത്തരുടെ പശ്ചാത്തലങ്ങളിലേയ്ക്കും നീളുന്നു. തുടര്‍ന്ന് ക്രൈം സ്‌പോട്ടില്‍ മരണം നടന്ന ദിവസം കുറ്റാന്വേഷകന്റെ നേതൃത്വത്തില്‍ പുനര്‍സൃഷ്ടിക്കപ്പെടുന്നു. ആദ്യവായനയ്ക്ക് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതെന്റെ രണ്ടാം വായനയാണ്. കുറ്റാന്വേഷണനോവലിന്റെ നിര്‍മ്മിതിയുടെ രീതിശാസ്ത്രത്തെക്കുറിച്ച് അന്നത്തേതിനെക്കാള്‍ വായിച്ചറിവുണ്ട് എന്നതിനാല്‍ പ്രൈം വിറ്റ്നസ് മികവുറ്റ രചനയാണ് എന്ന് ഞാന്‍ കരുതുന്നു. 

placeholder
പുസ്തകം വാങ്ങാം

കുറ്റാന്വേഷണകഥയുടെ മര്‍മ്മം അറിഞ്ഞ എഴുത്തുകാരനാണ് അന്‍വര്‍. കഥാപാത്രങ്ങളില്‍ നിന്ന് വളരെ അകലം പാലിച്ച് നിന്ന് കൊണ്ടുള്ള ഒരു എഴുത്തുരീതിയാണ് അന്‍വറിന്റേത്. പലപ്പോഴും ആഖ്യാനം പഴയകാലത്തെ ക്ലാസിക് തേഡ് പെഴ്‌സന്‍ ആഖ്യാനത്തെ ഓര്‍മ്മിപ്പിക്കും. അമിതമായി ഹീറോയിക് അല്ലാത്ത വ്യക്തിത്വമുള്ള നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന രീതിയാണ് കുറ്റാന്വേഷകന് നല്‍കിയിരിക്കുന്നത്. (പക്ഷെ  പരമ്പരയിലെ ഒന്നാം രചന 'സിറ്റി ഓഫ് എം' പെരുമാളിനെ ഒരു ആക്ഷന്‍ ഹീറോ ആയി അവതരിപ്പിക്കുന്ന സമീപനമായിരുന്നു.) ശിവശങ്കര്‍ പെരുമാള്‍ പരമ്പരയിലെ 'കംപാര്‍ട്ട്‌മെന്റ് ' എന്ന നോവലും മികച്ച ക്രാഫ്റ്റ് പ്രകടിപ്പിക്കുന്ന നോവലായിരുന്നു. മമ്മൂട്ടിയുടെ കുറ്റാന്വേഷണകഥാപാത്രങ്ങളുടെ നിഴല്‍ വീണു കിടക്കുന്ന കഥാപാത്രമാണ് പെരുമാള്‍.  ഈ നോവലില്‍ അത് തീര്‍ച്ചയായും അങ്ങനെ ആയിരിക്കുമല്ലോ. കേള്‍ക്കാന്‍ ആരുമില്ലാത്ത ഒരിടത്ത് പോയി മികച്ച സംഗീതരചന അവതരിപ്പിക്കുന്നത് പോലെയായിരുന്നു അന്ന് അന്‍വര്‍ എഴുതിയ കുറ്റാന്വേഷണനോവലുകള്‍ വന്നത്. രണ്ടായിരങ്ങളില്‍ ശ്രദ്ധേയമായ മറ്റ് കുറ്റാന്വേഷണനോവല്‍ ശ്രമങ്ങള്‍ ഒന്നും തന്നെ ഉണ്ടായതായി അറിവില്ല. സോഷ്യല്‍ മീഡിയ ചര്‍ച്ചകളും കുറവായിരുന്നല്ലോ. കുറ്റാന്വേഷണനോവലുകള്‍ക്ക് നേരിയൊരു സ്‌പെയ്‌സ് ലഭിക്കാന്‍ തുടങ്ങിയ ഈ കാലത്ത് പ്രൈം വിറ്റ്നസ് എന്ന നോവലിന്റെ പുതിയ വരവ്  അതിന്  അര്‍ഹിക്കുന്ന വായനക്കാരെ നല്‍കുമെന്ന് കരുതാം.

അന്‍വര്‍ അബ്ദുള്ളയുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Anwar Abdulla Malayalam detective novel book review