അജയ് പി. മങ്ങാട്ടിന്റെ 'ദേഹം' എന്ന നോവലിന്റെ ആസ്വാദനക്കുറിപ്പ് വായിക്കാം...

To advertise here,

ജീര്‍ണവസ്ത്രം മാത്രമാണ് ഈ ദേഹം. ആത്മാവില്‍ നിന്ന് ദേഹം വേര്‍പെടുന്നത് എപ്പോഴാണ്? മരിക്കുമ്പോഴല്ലേ? എന്നാല്‍ മരണത്തിന് മുന്‍പ് നീറുന്ന ആത്മാവിന്റെ വിലാപം കേട്ട് ഭയചകിതനായി ജീവിക്കേണ്ടി വരുന്നത് ഭീകരമായ അവസ്ഥയാണ്. 

വ്യാജ ഏട്ടുമുട്ടലില്‍ ഒരു നിരപരാധിയായ സ്ത്രീയെ കൊന്നുകളഞ്ഞതിനുശേഷം എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റായ അരവിന്ദന്‍ എന്ന പോലീസ് ഓഫീസര്‍ അനുഭവിക്കുന്ന മരണത്തോളമെത്തുന്ന വൈകാരിക അനുഭവങ്ങളെയാണ് 'ദേഹ'മെന്ന നോവലിലൂടെ അജയ് പി. മങ്ങാട്ട് പറയുന്നത്. 

വേട്ടക്കാരനെ ഇരയുടെ ദൈന്യം അലട്ടുന്നേയില്ലന്നല്ലേ... എന്നാല്‍ ഏതോ ഒരു നിമിഷത്തില്‍, താന്‍ കൊന്നുകളഞ്ഞ ജമീലയെന്ന സ്ത്രീ തന്റെ തന്നെ പ്രതിരൂപമായി, താന്‍തന്നെയായി മാറുകയാണെന്ന അറിവ് ആ പോലീസോഫീസറെ പരിഭ്രാന്തനാക്കുന്നു.

മറ്റാരുടെയോ ജീവിതത്തിലെ വാക്കുകളും കാഴ്ചകളും ആധികളും സുഖങ്ങളും തന്നിലേക്ക് പ്രസരിക്കുന്നതറിഞ്ഞ് പലപ്പോഴും സ്വാസ്ഥ്യം നഷ്ടപ്പെടുന്നു. സ്വതവേ തന്നെ ആരോടും മമതയില്ലാത്ത അയാള്‍ താന്‍ വിട്ടുപോയ സ്നേഹങ്ങളെ വ്യാകുലതയോടെ അന്വേഷിക്കുകയാണ്. മരണവക്കിലാണ് താനെന്നറിഞ്ഞ് ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം തുളസിയെന്ന കാമുകിയെ തേടി പോവുകയാണ് അരവി.

തുളസി എഴുത്തുകാരിയും നടിയുമാണ്. തുളസി കാണുന്ന വിചിത്ര സ്വപ്നം, വായിച്ച് മറന്ന ഒരു റഷ്യന്‍ നാടോടിക്കഥയാണ്. ഗഗനചാരികളായ ചിറകുള്ള കുതിരകള്‍ സര്‍ഗാത്മകതയുടെ വരവിനെയാണ് അടയാളപ്പെടുത്തുന്നത്. സ്വപ്ന ദര്‍ശനത്തിനുശേഷം തുളസി തുടര്‍ച്ചയായി എഴുതി തന്റെ നോവല്‍ പൂര്‍ത്തിയാക്കുന്നു. 

നിരവധി കഥാപാത്രങ്ങള്‍ ഈ കഥയില്‍ വന്നുപോകുന്നുണ്ട്. എല്ലാവര്‍ക്കും പറയാന്‍ അവരുടെ സ്നേഹനഷ്ടങ്ങളുടെ കഥയുണ്ട്. പ്രധാന കഥാപാത്രങ്ങളായ അരവിയും സത്യവേലും ചാലിയും ജമീലയും കൂടാതെ തുളസിയും തുളസിയുടെ നോവലിലെ കഥാപാത്രങ്ങളും കഥയ്ക്കുള്ളിലെ മറ്റൊരു കഥതീര്‍ക്കുന്നുണ്ട്. 

ഓര്‍മകളില്‍ നിന്നേറിവരുന്നതാണ് ജമീലയുടെ കഥ, കവിയായ ബാപ്പയുടെ കവിത കഥയിലങ്ങോളം അരവിയെ വിടാതെ ബാധിക്കുന്നു. തുളസിയും, യാസിനും, അല്‍മയും, തുടങ്ങി എല്ലാ കഥാപാത്രങ്ങളും ഓരോരോ അനുഭവങ്ങളാല്‍ വ്യത്യസ്ത ജീവിതങ്ങള്‍ നയിക്കുന്നവരാണ്. അവര്‍ക്കെല്ലാം ജീവിതങ്ങളുമുണ്ട്.

ഓരോ മനുഷ്യരുടെ ഉള്ളിലും ചില അടഞ്ഞ വാതിലുകളുണ്ട്. നാം നമ്മെ കണ്ടെത്തുന്നത് ആ കിളിവാതിലുകള്‍ തുറക്കുമ്പോഴാണ്. ഒരാളുടെ കൂടെ നാം ആയിരിക്കുമ്പോള്‍ നമുക്കൊരു കമ്പം(Vibe) അനുഭവപ്പെടും അത് പ്രധാനമാണ്. സ്നേഹവും ആനന്ദവും നമ്മളറിയുന്നത് പ്രിയപ്പെട്ടവരുടെ ആ  സാമീപ്യംകൊണ്ടാണ്. ദൂരെനിന്ന് അവര്‍ നമ്മെ വിളിക്കുമ്പോള്‍, നമ്മളെ കാണാനെത്തുമ്പോളൊക്കെ ആ സ്നേഹസ്പര്‍ശത്താല്‍ ജീവിതം തളിരിടുകയാണ്. നമ്മുടെ ഇഷ്ടങ്ങളെ നാം അറിയുന്നതങ്ങനെയാണ്. അരവി പറയുന്നുണ്ട് 'എന്റെയാനന്ദം തൊട്ടടുത്തുണ്ടെന്ന് അറിയുമ്പോഴുള്ള സുഖം എനിക്ക് പ്രതീക്ഷ പകരുന്നു.'

ജയേഷ്, ചാലിയുടെ അവസാന നിമിഷങ്ങളെപ്പറ്റി അരവിയോട് ഇങ്ങനെയാണ് പറയുന്നത്, അരവി, നിങ്ങള്‍ക്കറിയുമോ? നാം ഒരു വക്കിലെത്തിനില്‍ക്കുമ്പോള്‍ നമ്മുടെ ഏറ്റവും വലിയ സ്നേഹത്തിലേയ്ക്ക് എത്തിപ്പിടിക്കാന്‍ നമുക്ക് തോന്നും! 

പ്രിയപ്പെട്ടൊരാള്‍ നമ്മെ തിരക്കി വരുന്നത്, ആ പ്രതീക്ഷപോലും നമ്മളെ ആനന്ദത്തിലാക്കും, അതിരാവിലെ തുളസിയുടെ കോള്‍ വന്നപ്പോള്‍ പെട്ടെന്ന് അരവി കണ്ണാടിയില്‍ തന്റെ പ്രതിബിംബം കണ്ട് സന്തോഷിച്ചു. നല്ല ദിവസങ്ങള്‍ അവസാനിച്ചു പോയിട്ടില്ലെന്ന് ആശ്വാസംകൊണ്ടു.

അവള്‍ക്ക് അടുത്തേയ്ക്ക് കുറച്ചുകൂടി ചേര്‍ന്നുനിന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്ന ഒരാളെപ്പോലെ ആ മുഖം പരവശമായി.
'എനിക്ക് ഉറങ്ങണം അരവി,'
വരൂ,
തന്റെ സ്നേഹസാന്നിധ്യത്തില്‍ ശാന്തമായുറങ്ങുന്ന തുളസിയെ നോക്കി, അരവിയിരുന്നു. ഇങ്ങനെയൊന്ന് ഉറങ്ങാന്‍ ആഗ്രഹിച്ചു പോകും നമ്മളും... ഒറ്റപ്പെട്ടൊരാളിന്റെ വേദനകളും ആകുലതകളുംകൂടി ദേഹം എന്ന നോവലില്‍ അജയ് കവിത പോലെ പറയുന്നുണ്ട്. സ്നേഹത്തിന് വേണ്ടിയുള്ള നിരന്തരമായ അലച്ചിലുകളാണ് ജീവിതം.

സ്നേഹസ്പര്‍ശം, അത് 'ഇയ'യെന്ന പൂച്ചക്കുട്ടിയുടേതുപോലും അരുമയോട് ചേര്‍ത്തുവെയ്ക്കുന്നു ഈ നോവലില്‍.
തുടക്കം മുതല്‍ ഒടുക്കംവരെ ആകാംക്ഷയോടെ വായിച്ചുതീര്‍ത്ത നോവല്‍. കവിത മണക്കുന്ന മനോഹര ഭാഷ.
സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന ആദ്യനോവലില്‍നിന്ന് വ്യത്യസ്തമായ രീതിയാണ് ദേഹത്തില്‍ എഴുത്തുകാരന്‍ കൊണ്ടുവന്നിരിക്കുന്നത്. ഒരു കഥാകാരന് തന്നെത്തന്നെ അനുകരിക്കാതിരിക്കുക എന്നത് ശ്രമകരമാണ്. അജയ് പി. മങ്ങാട്ട് ഈ നോവലില്‍ അത് സാധ്യമാക്കിയോ? അതിനുത്തരമറിയണമെങ്കില്‍ ദേഹം വായിച്ചറിയുക തന്നെ വേണം...