
മാതൃഭൂമിയുടെ നേതൃത്വത്തില്‍ തസ്രാക്കിലെത്തിയ വായനക്കാര്‍ ഒ.വി. വിജയന് സ്മാരകത്തില്‍.
കൊച്ചി: ''കൂമന്‍കാവില്‍ ബസ് ചെന്നുനിന്നപ്പോള്‍ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ പടര്‍ന്നുപന്തലിച്ച മാവുകള്‍ക്കിടയില്‍ നാലഞ്ച് ഏറുമാടങ്ങള്‍ക്കു നടുവില്‍ താന്‍ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം. ആളുകള്‍ ബസിറങ്ങി പിരിഞ്ഞുപോകാന്‍ തുടങ്ങി...'
ഇതിഹാസകാരന്റെ തസ്രാക്കിലേക്ക് ബസില്‍ വന്നിറങ്ങുമ്പോള്‍ അവരുടെയെല്ലാം മനസ്സില്‍ ഈ വരികള്‍ ഊഞ്ഞാലാടി. മനസ്സില്‍ ഒരായിരം ഓര്‍മകളുടെ ചിത്രങ്ങള്‍ തെളിച്ച സഞ്ചാരമായിരുന്നു അത്.
കലൂരിലെ നവീകരിച്ച 'മാതൃഭൂമി' ബുക്സ്റ്റാളിന്റെ ഏഴാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കൊച്ചിയിലെ ഒരുപറ്റം വായനക്കാര്‍ ഒ.വി. വിജയന്റെ ഇതിഹാസ ദേശമായ തസ്രാക്കിലേക്ക് യാത്ര പോയത്.
''തസ്രാക്കില്‍ ഒ.വി. വിജയന്റെ ശില്പത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ഞങ്ങളുടെ ചുറ്റും കുറേ തുമ്പികള്‍ പാറിപ്പറന്നു. ഇതിഹാസകാരന്റെ കഥകള്‍ പിറന്ന ഞാറ്റുപുരയിലേക്ക് കയറുമ്പോള്‍ ഓര്‍മ്മകളാണ് തണല്‍വിരിച്ചത്. ഞാറ്റുപുരയുടെ ഒരുവശത്ത് വിജയന്റെ കാര്‍ട്ടൂണുകളും മറുവശത്ത് കുറേ ഫോട്ടോകളും. മാധവിക്കുട്ടിയും ബാലചന്ദ്രന്‍ ചുള്ളിക്കാടും വിജയലക്ഷ്മിയും വിജയനോടൊത്ത് നില്‍ക്കുന്ന ആ ചിത്രം കണ്ടപ്പോള്‍ കുറെ നേരം അതില്‍ത്തന്നെ നോക്കിനിന്നുപോയി' - വിരമിച്ച അധ്യാപികയായ അഞ്ജന ശങ്കറിന്റെ വാക്കുകളില്‍ ഒരു മനോഹരയാത്രയുടെ ചിത്രം തെളിഞ്ഞു. അധ്യാപികയായ ഡോ. പി. ശാലിനിയും മഹാരാജാസ് കോളേജിലെ മുന്‍ വൈസ് പ്രിന്‍സിപ്പലായ കെ. ധനലക്ഷ്മിയുമൊക്കെ ഈ യാത്രയിലുണ്ടായിരുന്നു.
'അപ്പുക്കിളിയോടും ഞാറ്റുപുരയോടും അറബിക്കുളത്തോടുമൊക്കെ യാത്ര പറയുമ്പോള്‍ തുമ്പികള്‍ ഞങ്ങളോട് വീണ്ടും വരണമെന്നും അവര്‍ കാത്തിരിക്കുമെന്നും പറഞ്ഞത് എങ്ങനെ മറക്കാനാണ്.' ശാലിനിയുടെ ചോദ്യത്തിന് മറ്റൊരു കഥയായി പൂരിപ്പിച്ചത് ധനലക്ഷ്മിയായിരുന്നു.
'ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഖസാക്കിന്റെ ഇതിഹാസം പ്രസിദ്ധീകരിക്കുന്നത്. വായനയോടുള്ള ഇഷ്ടംകൊണ്ട് ഞാന്‍ എപ്പോഴും കൂടെ കൂട്ടിയ പുസ്തകങ്ങളിലൊന്നും അതുതന്നെയായിരുന്നു. അധ്യാപികയായ ശേഷം മലപ്പുറം മുതല്‍ തിരുവനന്തപുരം വരെയുള്ള വാടകവീടുകളിലേക്ക് ഓടിക്കൊണ്ടിരിക്കുമ്പോഴും ഞാന്‍ മറക്കാതെ ചുമന്നുകൊണ്ടുപോയിരുന്നതും ഇതേ പുസ്തകമാണ് ധനലക്ഷ്മി പറഞ്ഞു.
'ജീവിതത്തില്‍ പല യാത്രകളും പോയിട്ടുണ്ട്. എന്നാല്‍, ഇതുപോലൊരു യാത്ര ആദ്യമാണ്. ഇനി ഖസാക്കിന്റെ ഇതിഹാസം ഒന്നുകൂടി വായിക്കണം. ആ വായനയില്‍ ആ കഥാപാത്രങ്ങളെ ഞങ്ങള്‍ക്ക് കൂടുതല്‍ പരിചയമുണ്ടാകും.' യാത്രയില്‍ പങ്കെടുത്ത കെ.പി. സുരേന്ദ്രനും ഭാര്യ സിന്ധുവും ഒരേ സ്വരത്തിലാണ് പറഞ്ഞത്. 'ഖസാക്കിന്റെ ഇതിഹാസം അത്രമേല്‍ വായിക്കപ്പെട്ട ഒരു കൃതിയാണ്. അതിന്റെ ദേശത്തിലേക്ക് ഒരു യാത്ര പോകാന്‍ പറ്റിയത് ജീവിതത്തിലെ അപൂര്‍വമായൊരു അനുഭവമാണ്. ഇനിയുമുണ്ടാകണം ഇത്തരം യാത്രകള്‍...' സയ്യിദ് ബഹാഉദ്ദീന്‍ പറഞ്ഞു.
Content Highlights: Journeying to Thasrak from Kochi. Readers share their unforgettable experiences in this literary pilgrimage.
Published: 03 Dec 2025, 06:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented