
കോഴിക്കോട്: മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.കെ. സന്തോഷ് പകര്‍ത്തിയ എം.ടി. വാസുദേവന്‍ നായരുടെ ചിത്രങ്ങളുള്ള പുസ്തകം 'എം.ടി.- കാലത്തിന്റെ കാല്പാടുകള്' പ്രകാശനം ചെയ്തു. മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ. ജയകുമാറില്‍നിന്ന് എം.ടിയുടെ മകളും നര്‍ത്തകിയുമായ അശ്വതി വി. നായര്‍ പുസ്തകം ഏറ്റുവാങ്ങി. എം.ടിയുടെ 92-ാം ജന്മദിനമായ ചൊവ്വാഴ്ച്ച വൈകീട്ട് കോഴിക്കോട് കെ.പി.കേശവമേനോന് ഹാളിലാണ് പ്രകാശന ചടങ്ങ് നടന്നത്.
കഴിഞ്ഞ 30 വര്‍ഷമായി എം.ടി.യെ പിന്തുടര്‍ന്ന കെ.കെ. സന്തോഷ് തന്റെ ക്യാമറകൊണ്ട് രചിച്ച എം.ടി.യുടെ ജീവചരിത്രമാണ് ഈ പുസ്തകമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന് പറഞ്ഞു. വലിയ ഗൗരവക്കാരനായ എം.ടി. ഒരിക്കലും ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇണങ്ങുന്ന വ്യക്തിയായിരുന്നില്ല. ഫോട്ടോയെടുക്കാന്‍ നിന്നുകൊടുക്കുക എന്നത് അദ്ദേഹത്തിന്റെ ശീലമല്ല. എന്നാലും എം.ടി.യെ ഫോട്ടോകളിലായി പകര്‍ത്തിവെക്കുക എന്നത് തന്റെ ജീവിതനിയോഗമായി കരുതിയാണ് കെ.കെ. സന്തോഷ് ഇത്രയും ചിത്രങ്ങള്‍ ശേഖരിച്ചുവെച്ചത്. കെ.കെ. സന്തോഷ് പകര്‍ത്തിയ എം.ടി. വാസുദേവന്‍ നായരുടെ അപൂര്‍വചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ സംബന്ധിക്കാന്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"അളകാപുരി ഹോട്ടലില്‍ വെച്ചാണ് ഞാനും എം.ടി.യും ആദ്യമായി പരിചയപ്പെടുന്നത്. അന്നുമുതല്‍ ഞങ്ങള്‍ അടുത്ത ബന്ധം പുലര്‍ത്തിവന്നു. 1956-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപരായി വന്ന എം.ടി. 1968-ലെ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി ചുമതലയേറ്റു. ഒരിക്കല്‍ മാതൃഭൂമി വിട്ടുപോയ എം.ടി.യെ ഞാനും വീരേന്ദ്രകുമാറും നിര്‍ബന്ധിച്ചാണ് വീണ്ടും മാതൃഭൂമിയില്‍ കൊണ്ടുവന്നത്." അദ്ദേഹം പറഞ്ഞു.
എഴുത്തില്‍ സത്യസന്ധത പുലര്‍ത്തിയ എഴുത്തുകാരനാണ് എം.ടിയെന്നും അനുഭവബോധ്യമില്ലാത്തതൊന്നും അദ്ദേഹം എഴുതിയിട്ടില്ലെന്നും കെ. ജയകുമാര്‍ പറഞ്ഞു. അക്ഷരോപാസനയാണ് എം.ടിയുടെ ജീവിതം. ഇഷ്ടമുള്ളവരോട് വിനയാന്വിതനാകുന്ന എം.ടിയുണ്ട്. നിശബ്ദമായി ഐ കെയര്‍ ഫോര്‍ യൂ എന്ന് പറയുന്ന, നിങ്ങളെ എനിക്ക് ഇഷ്ടമാണ് എന്ന് പറയുന്ന അപൂര്‍വം ചില എഴുത്തുകാരില്‍ ഒരാളാണ് അദ്ദേഹം. ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
അച്ഛന്റെ അപൂര്‍വചിത്രങ്ങള്‍ പകര്‍ത്തി സമാഹരിച്ച കെകെ സന്തോഷിന് ഒരുപാട് നന്ദിയുണ്ടെന്ന് അശ്വതി വി. നായര്‍ പറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക, സാഹിത്യചരിത്രത്തിന്റെ പരിച്ഛേദമാണ് ഈ പുസ്തകം. സന്തോഷിനും മാതൃഭൂമി ബുക്സിനും നന്ദി. അശ്വതി പറഞ്ഞു.
എം.ടിയോടുള്ള തന്റെ അടുപ്പത്തെ കുറിച്ച് എല്ലാവരും ചോദിക്കാറുണ്ടെന്നും ആ അടുപ്പം സ്വാഭാവികമായി സംഭവിച്ചതാണെന്നും മറുമൊഴി പ്രസംഗത്തില്‍ കെ.കെ. സന്തോഷ് പറഞ്ഞു. എം.ടിയുടെ അറുപതുകള്‍ മുതല്‍ കഴിഞ്ഞവര്‍ഷം വരെ ചിത്രങ്ങള്‍ പകര്‍ത്തി. അടുക്കുംതോറും ആദരവ് തോന്നുന്ന എഴുത്തുകാരനാണ് എം.ടി- അദ്ദേഹം പറഞ്ഞു.
മാധവിക്കുട്ടിയുടെ ചിത്രങ്ങള്‍ രണ്ടുതവണയെടുക്കാന് അവസരമുണ്ടായി. തകഴിയുടേത് ഒരു തവണയും. ഈ രണ്ട് സാഹചര്യത്തിലും അവരോടൊപ്പം എംടിയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താനും സമാഹരിക്കാനുമായത് വലിയ ഭാഗ്യമായി കാണുന്നുവെന്നും കെ.കെ. സന്തോഷ് കൂട്ടിച്ചേര്‍ത്തു.
മാതൃഭൂമി ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്.
Content Highlights: K.K. Santhosh' photo book release
Published: 15 Jul 2025, 07:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented