
തിരുവനന്തപുരം: ‘ജൂലായ് 1-ഒരു അനാഥബാല്യത്തിന്റെ ആത്മഗതം’ എന്ന പുസ്തകം നിറകണ്ണുകളോടെയല്ലാതെ വായിച്ചുതീർക്കാനാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഫിഷറീസ്, തുറമുഖ വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറി ബി. അബ്ദുൾ നാസർ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം മാതൃഭൂമി ഓഫീസിലായിരുന്നു പ്രകാശനച്ചടങ്ങ്. പുസ്തകത്തിന്റെ ലഘുനിരൂപണംതന്നെ മുഖ്യമന്ത്രി നടത്തി. അബ്ദുൾ നാസർ അമ്മയെപ്പറ്റി എഴുതിയത് വായിക്കുമ്പോൾ അത് നമ്മുടെ അമ്മയെക്കുറിച്ചാണോയെന്ന് തോന്നിപ്പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘‘ജൂലായ് ഒന്ന് എന്ന ദിവസത്തിനുതന്നെ ഒരു പ്രസക്തിയുണ്ട്. വാപ്പയുടെ തലയണയ്ക്കടിയിൽനിന്ന് 15 പൈസ എടുത്തുകൊണ്ടുപോയ ദിവസം. വാപ്പ മരിച്ചുവെന്നറിയാതെയാണ് പൈസയെടുത്തത്. പിന്നീട് 44 വർഷത്തിനുശേഷം ഒരു ജൂലായ് ഒന്നിനുതന്നെയാണ് അബ്ദുൾനാസർ കളക്ടറായി ചുമതലയേറ്റത്. അനാഥമായ ബാല്യത്തിന്റെ സങ്കടങ്ങൾക്കിടയിലും തന്റെ ഇച്ഛാശക്തി വളരണമെന്ന മോഹം അദ്ദേഹം സൂക്ഷിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കോഴ്‌സ് പാസായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഐ.എ.എസുകാരനായി മാറിയ കഥയാണിത്.
ഈ പുസ്തകം കുഞ്ഞുങ്ങൾക്കാണ് വായിക്കാൻ കൊടുക്കേണ്ടത്. അബ്ദുൾ നാസറിനെപ്പോലുള്ളവർ നമുക്കെല്ലാം പ്രചോദനം നൽകുന്നവരാണ്. പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ, ഞാൻ ചെയ്യുന്നതൊന്നും പോരായെന്നാണു തോന്നിയത്. ഇനിയും ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ട്. പുസ്തകം അവസാനിപ്പിക്കുന്നത് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ്. വായിച്ചുകഴിയുമ്പോൾ നമ്മുടെ മാതാപിതാക്കളെക്കുറിച്ച് ഓർക്കാതിരിക്കാൻ കഴിയില്ല. ഈ പുസ്തകമെഴുതാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നു’’ -മുഖ്യമന്ത്രി പറഞ്ഞു.
ഫിഷറീസ്-സാമൂഹികനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ പുസ്തകം ഏറ്റുവാങ്ങി. മുന്നോട്ടുള്ള യാത്രകൾക്ക് പ്രചോദനമാകുന്നതാണ് പുസ്തകമെന്ന് മന്ത്രി പറഞ്ഞു.
അബ്ദുൾ നാസറിന്റെ എഴുത്ത് വായിച്ചപ്പോൾ ഇത് തന്റെകൂടി കഥയല്ലേയെന്ന് തോന്നിയെന്ന് മുഖ്യാതിഥിയായിരുന്ന ഡി.ജി.പി. പി. വിജയൻ പറഞ്ഞു. ജീവിതത്തിന്റെ ലക്ഷ്യം നേടാനുള്ള വലിയൊരു മരുന്നാണ് അബ്ദുൾ നാസറിന്റെ അനുഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു,.
തന്നെപ്പോലെയുള്ള ഒരുപാട് ആളുകളുടെ കഥയാണിതെന്ന് മറുപടിപ്രസംഗത്തിൽ അബ്ദുൾ നാസർ പറഞ്ഞു. മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ ചീഫ് അനിഷ് ജേക്കബ് സ്വാഗതം പറഞ്ഞു.
Content Highlights: Official launch of the book 'July 1 - Oru Anathabalyathinte Aathmagatham' by B. Abdul Nasar., Chronicles the transformation of the author from an orphan to an IAS officer., Highlights the power of willpower and resilience against childhood hardships., Endorsed by CM V.D. Satheesan as a must-read for children and adults alike., Reflects on the emotional connection between personal struggle and parental gratitude.
Published: 03 Jul 2026, 02:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented