ചിക്കാഗോ: കേരളത്തിൽ ശ്രദ്ധേയനായ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ.രാജു നാരായണ സ്വാമിയുടെ പുതിയ പുസ്തകം 'Intellectual Property Rights: Musings of an Amateur Enthusiast' ശ്രദ്ധ നേടുന്നു. ചിക്കാഗോയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോൺസൽ ജനറൽ സോമ്‌നാഥ് ഘോഷ് പുസ്തകം പ്രകാശനം ചെയ്തു. ബൗദ്ധിക സ്വത്തവകാശ മേഖലയിലെ സമകാലിക വിഷയങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്നതാണ് പുസ്തകം.

To advertise here,

പേറ്റന്റ് ദുരുപയോഗം, ബ്ലോക്ക് ചെയിൻ എഐ ഐപി ഇന്റർഫേസ്, പെർഫോർമേഴ്‌സ് അവകാശങ്ങൾ, യൂട്ടിലിറ്റി മോഡലുകൾ, ലോകമെമ്പാടുമുള്ള പേറ്റന്റ് യോഗ്യത മാനദണ്ഡങ്ങൾ എന്നിങ്ങനെ ഐപി ലോകത്തെ വിവിധ വിഷയങ്ങൾ ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു. ഐപിആർ മേഖലയിലെ വിവിധ അധികാരപരിധികളിലെ സുപ്രധാന വിധിന്യായങ്ങളെക്കുറിച്ചും ഇത് ചർച്ച ചെയ്യുന്നു. രാജു നാരായണ സ്വാമിയുടെ 37-ാമത്തെ പുസ്തകമാണിത്.

സാഹിത്യ അക്കാദമി അവാർഡ് നേടിയ യാത്രാവിവരണം 'ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്‌വരയിൽ', ബാലസാഹിത്യത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ 'നീലക്കുറിഞ്ഞി: ഒരു വ്യാഴവട്ടത്തിലെ വസന്തം' എന്നീ പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. അടുത്തിടെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സെൻട്രൽ ഒബ്‌സർവറായി 38 തവണ ചുമതല വഹിച്ചതിലൂടെ റെക്കോർഡ് സ്വന്തമാക്കി അദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു. 2018-ലെ സിംബാബ്‌വെ തിരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര നിരീക്ഷകനായും സേവനമനുഷ്ഠിച്ചു.

ബൗദ്ധിക സ്വത്തവകാശ നിയമ രംഗത്തെ സംഭാവനകൾക്ക് ജോർജ് മേസൺ സർവകലാശാലയുടെ 2021-ലെ ലിയനാർഡോ ഡാ വിൻചി ഫെലോഷിപ്പും, അഴിമതിക്കെതിരായ പോരാട്ടത്തിന് ഐഐടി കാൺപൂരിന്റെ സത്യേന്ദ്ര കെ. ദുബെ മെമ്മോറിയൽ അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്ങിൽ ഐഐടി മദ്രാസിൽ നിന്ന് ബി.ടെക് ബിരുദവും ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിൽ പിഎച്ച്ഡി ബിരുദവും നേടിയ അദ്ദേഹം 1991 ബാച്ചിലെ ഐഎഎസിൽ ഓൾ ഇന്ത്യ ഫസ്റ്റ് റാങ്ക് നേടിയ വ്യക്തിയാണ്. ബെംഗളൂരു നാഷണൽ ലോ സ്‌കൂളിൽ നിന്ന് ഒരു പിജി ഡിപ്ലോമയും എൻഎൽയു ഡൽഹിയിൽ നിന്ന് എൽഎൽഎം ബിരുദവും ഗോൾഡ് മെഡലോടെ സ്വാമി നേടിയിട്ടുണ്ട്.