ദോഹ: ഖത്തർ പ്രവാസിയും എഴുത്തുകാരനുമായ നിഷാബ് ഗുരുവായൂരിന്റെ ആദ്യ നോവലായ 'മറ' ദോഹയിൽ പ്രകാശനം ചെയ്തു. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ അഡ്രസ് ഗേറ്റ്വേ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ, കേരള ബിസിനസ് ഫോറം (കെബിഎഫ്) പ്രസിഡന്റ് ഷഹീൻ മുഹമ്മദ് ഷാഫി, 'വിജയമന്ത്രങ്ങൾ' അവതാരകൻ റാഫി പാറക്കാട്ടിലിന് ആദ്യപ്രതി കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു.

To advertise here,

ഫ്രണ്ട്സ് കൾച്ചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്‌മാൻ കിഴിശ്ശേരി, ലോക കേരളസഭാംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, അഡ്രസ് ഗേറ്റ്വേ മാനേജിങ് പാർട്ണർ ആശ ഷംഷീർ, ദോഹ ബ്യൂട്ടി സെന്റർ മാനേജിങ് ഡയറക്ടർ ഡോ. ഷീല ഫിലിപ്പോസ്, ന്യൂ ഗുഡ് വിൽ കാർഗോ മാനേജിങ് ഡയറക്ടർ മുഹമ്മദ് നൗഷാദ് അബു, ദീപക് സി.ജി., സുബൈർ പാണ്ടവത്ത്, ജാഫർ ജാതിയേരി, ഷാം ദോഹ, അമാൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

പുസ്തകം സമർപ്പിച്ച് സംസാരിച്ച നിഷാബ് ഗുരുവായൂർ, മനുഷ്യബന്ധങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ സ്നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ ചില ഭയാനക യാഥാർഥ്യങ്ങളെയാണ് പലപ്പോഴും കാണാൻ കഴിയുന്നതെന്ന് പറഞ്ഞു.

'ഒറ്റനോട്ടത്തിൽ ശാന്തമെന്ന് തോന്നുന്ന പല ജീവിതങ്ങൾക്കും പിന്നിൽ നാം കാണാത്ത ചില 'മറ'കളുണ്ട്. ആ മറകൾക്ക് പിന്നിലെ ഇരുളടഞ്ഞ ഇടനാഴികളിലൂടെയുള്ള ഒരു ആത്മാന്വേഷണ യാത്രയാണ് ഈ നോവൽ. മനുഷ്യ മനസ്സിന്റെ സങ്കീർണതകളും ബന്ധങ്ങളുടെ സൂക്ഷ്മതലങ്ങളും വായനക്കാരനെ ചിന്തിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത്,' അദ്ദേഹം പറഞ്ഞു.

ഭാര്യ ആയിഷ ഫമിയും മക്കളായ നിഫാൻ മെഹ്ബാൻ, ഫയദ് ഈസ എന്നിവരുമാണ് ഈ രചനയുടെ പ്രധാന പ്രചോദനമെന്നും അദ്ദേഹം നന്ദിപൂർവം അനുസ്മരിച്ചു.

കഴിഞ്ഞ പതിനേഴ് വർഷമായി ഖത്തറിൽ പ്രവാസിയായ നിഷാബ്, സഫർ ട്രാവൽ ആൻഡ് ടൂർസ് സ്ഥാപനത്തിന്റെ സാരഥിയാണ്. തിരക്കേറിയ ബിസിനസ് ജീവിതത്തിനിടയിലും കവിതയോടും സാഹിത്യത്തോടും സർഗാത്മക എഴുത്തിനോടുമുള്ള താൽപര്യമാണ് അദ്ദേഹത്തെ നോവൽ രചനയിലേക്ക് നയിച്ചത്.

സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായ നിഷാബ്, ഭാര്യക്കും മക്കൾക്കുമൊപ്പം ഖത്തർ മല്ലു വ്ളോഗ്സ് എന്ന

ചാനലിലൂടെ പ്രവാസജീവിതത്തിലെ അനുഭവങ്ങളും യാത്രാവിശേഷങ്ങളും സാമൂഹിക വിഷയങ്ങളും പങ്കുവെച്ചുവരുന്നു

സാഹിത്യപ്രേമികളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങ്, പ്രവാസി മലയാളി സാഹിത്യലോകത്തിന് പുതിയൊരു സൃഷ്ടിയെ പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായ സാംസ്‌കാരിക വേദിയായി മാറി.