ആലപ്പുഴ: ഒരു നോവലെഴുതിയാല്‍ കൊല്ലപ്പെടുന്ന സാഹചര്യം രാജ്യത്തു നിലനില്‍ക്കുന്നുണ്ടെന്ന് എഴുത്തുകാരി ഹരിത സാവിത്രി അഭിപ്രായപ്പെട്ടു. മാതൃഭൂമി ബുക്‌സ് നടത്തിയ മുഖാമുഖം പരിപാടിയില്‍ 2023-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡുനേടിയ 'സിന്‍' എന്ന നോവലിന്റെ വിശേഷം പങ്കുവെക്കുകയായിരുന്നു അവര്‍.

To advertise here,

തുര്‍ക്കിയിലെ വംശഹത്യയെക്കുറിച്ചും അടിച്ചമര്‍ത്തലുകളെക്കുറിച്ചും അവിടെയിരുന്നെഴുതിയാല്‍ അവര്‍ വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യും. തുര്‍ക്കിയിലെ വംശഹത്യ പുറത്തുകൊണ്ടുവരണമെന്ന ആഗ്രഹത്തിലെഴുതിയ നോവലാണ് സിന്‍. പക്ഷേ, തുര്‍ക്കിയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കൊപ്പം വരികള്‍ക്കിടയിലൂടെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യംകൂടി പറയാനാണു ശ്രമിച്ചത്.

ന്യൂനപക്ഷമെന്നത് രാഷ്ട്രീയക്കാര്‍ക്ക് ഒരുപകരണം മാത്രമാണ്. അവരെ രാജ്യത്തിന്റെ ശത്രുവായി വരുത്തിത്തീര്‍ക്കുന്നു. ആ ശത്രുവിനെ ഇല്ലാതാക്കാന്‍ പറ്റിയ നേതാവ് താനാണെന്നു തെളിയിക്കുകയും അവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. മതമുപയോഗിച്ച് അധികാരത്തില്‍വന്ന രാജ്യമാണ് തുര്‍ക്കി. അതേ വഴിയിലൂടെയാണ് ഇന്ത്യയും പോകുന്നത്.

കുര്‍ദ് ഭാഷയിലേക്കു നോവല്‍ വിവര്‍ത്തനം ചെയ്യുന്നതിന്റെ ചര്‍ച്ചകള്‍ നടക്കുകയാണെന്നും കുര്‍ദുകള്‍ കുര്‍ദുകളുടെ കഥ വായിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡുനേടിയ സുനീഷ് വാരനാട് മുഖാമുഖം നയിച്ചു.