
ഹരിത സാവിത്രിയുടെ 'സിന്‍' എന്ന നോവല്‍ സ്വതന്ത്ര കുര്‍ദിസ്ഥാനു വേണ്ടിയുള്ള പ്രക്ഷോഭം പശ്ചാത്തലമാക്കി എഴുതപ്പെട്ടതാണ്. ഭീകരപ്രവര്‍ത്തകയെന്നു മുദ്രകുത്തപ്പെട്ട് ടര്‍ക്കിഷ് പോലീസിന്റെ കസ്റ്റഡിയിലാവുന്ന സീത എന്ന കേന്ദ്രകഥാപാത്രത്തിലൂടെ വികസിക്കുന്ന നോവല്‍ അശാന്തിയുടെയും അഭയാര്‍ഥികളുടെയും കാലത്തിലേക്കാണ് ഓരോ വായനക്കാരനെയും നയിക്കുന്നത്. ഹരിത സാവിത്രിയുമായി നടത്തിയ സംഭാഷണം വായിക്കാം.
മലയാള സാഹിത്യം അതിര്‍ത്തികടന്ന് മുന്നേറുന്നതിന്റെ ഉദാഹരണമാണ് ഹരിത സാവിത്രി എഴുതിയ സിന്‍ എന്ന നോവല്‍. കുര്‍ദിസ്ഥാന്‍ പശ്ചാത്തലമാക്കിയ സിന്‍ എന്ന നോവലിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ച് പറഞ്ഞുതുടങ്ങാം
കുര്‍ദ് പ്രശ്‌നങ്ങളെക്കുറിച്ച് മുമ്പും ഞാന്‍ എഴുതിയിട്ടുണ്ട്. അതൊക്കെ ലേഖനങ്ങളോ അഭിമുഖങ്ങളോ ഫീച്ചറുകളോ ആയിരുന്നു. തുര്‍ക്കിയിലെയും സിറിയയിലെയും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും കൂട്ടക്കൊലകളെക്കുറിച്ചും ഭീകരവാദത്തെക്കുറിച്ചും ഇത്തരം സാഹചര്യങ്ങളില്‍ പിടിച്ചുനില്‍ക്കാനുള്ള സാധാരണ ജനങ്ങളുടെ ശ്രമങ്ങളെപ്പറ്റിയുമുള്ള പലതരം എഴുത്തുകള്‍. അതിന്റെ തുടര്‍ച്ച തന്നെയാണ് ഈ നോവല്‍.
അധികാരത്തിനു വേണ്ടി രാഷ്ട്രീയവും മതവും തമ്മില്‍ കൂട്ടിക്കലര്‍ത്തുന്ന രീതി നമുക്കും പരിചിതമാണ്. താല്‍ക്കാലികമായ അധികാരലാഭത്തിനായി ഉണ്ടാക്കുന്ന അത്യന്തം വിനാശകരമായ ഈ കൂട്ടുകെട്ട് ഭാവിയില്‍ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് രാഷ്ട്രീയക്കാര്‍ ചിന്തിക്കുന്നില്ല. ഇത്തരം അവിശുദ്ധ ബന്ധങ്ങള്‍ ഒരു രാജ്യത്തെ എങ്ങോട്ട് നയിക്കുമെന്ന് അറിയാന്‍ തുര്‍ക്കിയിലേക്ക് നോക്കിയാല്‍ മതി. അവിടെ നിലനില്‍ക്കുന്ന രാഷ്ട്രീയ അരാജകത്വവും ഭരണ നേതൃത്വത്തിന്റെ കളിപ്പാവയായ നിയമവ്യവസ്ഥയും ദുരിതക്കയത്തില്‍ ആണ്ടുമുങ്ങിയ സാധാരണക്കാരന്റെ ജീവിതവും നമ്മുടെ രാജ്യത്തിന്റെ ഭാവിയിലേക്ക് പിടിച്ച ഒരു കണ്ണാടിയാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ തന്നെ അനുഭവിച്ചുതുടങ്ങിയിരിക്കുന്ന വിവേചനങ്ങള്‍ക്കും ഉന്മൂലനഭീഷണികള്‍ക്കും കാലങ്ങള്‍ക്ക് മുമ്പുതന്നെ ഇരയായവരാണ് കുര്‍ദുകള്‍. ആ നിലയ്ക്ക് കൂടിയാണ് വാള്‍മുനയില്‍ എന്നോണം ജീവിക്കുന്ന കുര്‍ദുമനുഷ്യരെപ്പറ്റി എന്റെ നാട്ടുകാര്‍ അറിയേണ്ടതുണ്ട് എന്ന് ആഗ്രഹിച്ചതും എഴുതിയതും. ഇത്രയും ഗൗരവതരമായ ഒരു വിഷയം എല്ലാത്തരം വായനക്കാരിലും എത്തിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഫിക്ഷനാണ് എന്നെനിക്ക് തോന്നി. അങ്ങനെയാണ് 'സിന്‍' എന്ന നോവല്‍ ജനിച്ചത്.
ഗര്‍ഭിണിയായ സീതയെ കാട്ടിലുപേക്ഷിച്ച പുരാണം കേട്ടുവളര്‍ന്നവരാണ് നമ്മള്‍. ഗര്‍ഭിണിയായ ഒരു സീത തന്റെ പങ്കാളിയായ ദേവ്റാനെ കണ്ടെത്താനുള്ള ശ്രമങ്ങളോടെയാണ് സിന്‍ തുടങ്ങുന്നത്. സീത ഒരു മെറ്റഫര്‍ ആണോ?
രാമായണത്തിലെ സീതയുടെ അര്‍പ്പണ ബോധവും ത്യാഗവും മാതൃകയാക്കേണ്ടവരാണ് ഭാരതീയ സ്ത്രീകള്‍ എന്ന് പഠിപ്പിച്ചു പെണ്‍കുട്ടികളെ വളര്‍ത്തുന്ന കുടുംബങ്ങളാണ് ഇന്ത്യയിലുള്ളത്. ഇത്തരം വാര്‍പ്പ് മാതൃകകള്‍ പുരുഷാധിപത്യ സമൂഹത്തിന്റെ ആവശ്യമാണ് എന്ന് ഞാന്‍ പറഞ്ഞു തരേണ്ട ആവശ്യമില്ല. ഈ നോവലിലെ നായികയായ സീതയും ഇത്തരത്തില്‍ വളര്‍ത്തിയെടുക്കപ്പെട്ട ഒരു കുട്ടിയാണ്. അവളും പുരാണത്തിലെ സീതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിനുത്തരം കണ്ടെത്തേണ്ടത് വായനക്കാരാണ്.
ഹരിത സാവിത്രി എന്ന പേര് മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയാണ് പരിചിതമായത്. തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ-ജീവിത വീക്ഷണകോണിലൂടെ ഇസ്താംബൂളും കുര്‍ദിസ്ഥാനുമെല്ലാം ഹരിത പരിചയപ്പെടുത്തിത്തന്നു. എങ്ങനെയാണ് ഈ പ്രദേശങ്ങളെക്കുറിച്ച് പഠിക്കാന്‍ ഹരിതയ്ക്ക് കൂടുതല്‍ താല്‍പര്യമുണ്ടാകുന്നത്?
ഗവേഷണത്തിന്റെ ഭാഗമായി മറ്റു പുരുഷാധിപത്യ സമൂഹങ്ങളെപ്പറ്റിയുള്ള വായനയ്ക്കിടയിലാണ് ഞാന്‍ യാദൃച്ഛികമായി കുര്‍ദ് സമൂഹത്തെക്കുറിച്ച് വായിക്കാന്‍ ഇടയായത്. ഐസിസിനെ പോലെയുള്ള ഭീകരസംഘങ്ങളില്‍ നിന്നും ഭരണകൂട ഭീകരതയില്‍ നിന്നും തങ്ങളുടെ വംശത്തെ രക്ഷിക്കാനായി രൂപീകരിച്ച വിമന്‍സ് പ്രോട്ടക്ഷന്‍ യൂണിറ്റ് അഥവാ വൈ പി ജെ എന്ന കുര്‍ദ്‌സ്ത്രീകളുടെ സായുധസേനയെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് തോന്നി. തങ്ങളുടെ സമൂഹത്തിന്റെ ഉന്നമനത്തിനായും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും വിദ്യാഭ്യാസത്തിനായും അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. ശക്തമായ ഒരു പുരുഷാധിപത്യസമൂഹത്തെ രക്ഷിക്കാനായി അവരുടെ സ്ത്രീകള്‍ ആയുധമെടുത്തു പൊരുതുന്നതിലെ വൈരുദ്ധ്യാത്മകതയുടെ സൗന്ദര്യം എന്നെ വളരെയേറെ ആകര്‍ഷിച്ചു.
ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന സ്ത്രീ മുന്നേറ്റങ്ങളില്‍ ഏറ്റവും ശക്തമായത് എന്ന് അവരെ വിശേഷിപ്പിക്കാന്‍ എനിക്ക് മടിയില്ല. ഒരിക്കല്‍ വൈ പി ജെയുടെ ഭാഗമായിരുന്ന ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടാനുള്ള ഭാഗ്യം എനിക്കുണ്ടായി. തുര്‍ക്കിയിലെ കുര്‍ദ് ഭൂരിപക്ഷ പ്രദേശമായ ദിയര്‍ബക്കിര്‍ സ്വദേശിയായിരുന്നു അവള്‍. ആ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കുര്‍ദുകള്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, നേരിടുന്ന വിവേചനങ്ങള്‍, കൂട്ടക്കൊലകള്‍ എന്നിവയെപ്പറ്റി എഴുതണമെന്ന് തോന്നിയത്. വിക്കിപീഡിയയെ ആശ്രയിച്ച് എഴുതുന്ന ശൈലിയല്ല എന്റേത്. കഥ നടക്കുന്ന സ്ഥലങ്ങള്‍ അനുഭവിച്ചറിഞ്ഞ് എഴുതിയാല്‍ വായനക്കാരിലേക്ക് വിഷയം കൂടുതല്‍ ഭംഗിയായി പകര്‍ന്നു കൊടുക്കാനാവും എന്നാണ് അനുഭവം. അങ്ങനെ തുര്‍ക്കിയില്‍ വംശഹത്യകളും ആസൂത്രിത കലാപങ്ങളും നടന്ന കുര്‍ദ് ഭൂരിപക്ഷ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി ഇറങ്ങിപ്പുറപ്പെട്ടു. ജീവിതം മാറ്റിമറിച്ച ഒന്നായിരുന്നു ആ യാത്ര. കുര്‍ദുകള്‍ക്കുവേണ്ടി സംസാരിക്കുന്നതുകൊണ്ടോ അവരെ പിന്തുണയ്ക്കുന്നതുകൊണ്ടോ യാതൊരു നേട്ടവുമില്ല എന്നതിനാലാവണം വന്‍കിട രാഷ്ട്രങ്ങളോ അന്താരാഷ്ട്ര സംഘടനകളോ അവരുടെ നിലവിളി കേട്ടതായി നടിക്കാറില്ല. തങ്ങളുടെ ദുരിതങ്ങളെപ്പറ്റി തുര്‍ക്കിയിലെ കുര്‍ദുകള്‍ ഏതെങ്കിലും തരത്തില്‍ പുറംലോകത്തെ അറിയിക്കാന്‍ ശ്രമിച്ചാല്‍ രാജ്യദ്രോഹക്കുറ്റത്തിന് ജയിലഴികള്‍ക്കുള്ളിലാകുകയോ കൊല്ലപ്പെടുകയോ ചെയ്യും. ഞങ്ങളെപ്പറ്റി എഴുതണേ എന്ന നിറകണ്ണുകളോടുകൂടിയ അപേക്ഷ അവിടുത്തെ താമസത്തിനിടയില്‍ എത്ര തവണ കേട്ടു എന്ന് എനിക്ക് നിശ്ചയമില്ല. ഒരു മനുഷ്യന്‍ എന്ന നിലയില്‍ സഹജീവികളോടുള്ള എന്റെ കടമയാണ് ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന മനുഷ്യരെക്കുറിച്ച് നിരന്തരം എഴുതാന്‍ പ്രേരിപ്പിച്ചത്.
ഹരിതയുടെ നോണ്‍ഫിക്ഷണല്‍ എഴുത്തുകള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടതാണ്. നോവല്‍ എന്ന മാധ്യമത്തിലേക്കുള്ള ആദ്യ കാല്‍വെപ്പ് ആണിത്. എങ്ങനെയുണ്ടായിരുന്നു നോവലെഴുത്ത്?
കഥാപാത്രങ്ങളിലേക്കുള്ള പരകായ പ്രവേശമായിരുന്നു എനിക്ക് നോവല്‍ എഴുത്തനുഭവം. ആ നോവലിലെ എല്ലാ കഥാപാത്രങ്ങളിലും എന്റെ അംശങ്ങളുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ എനിക്ക് ഒരിക്കലും ചെയ്യാനാകാത്ത, പക്ഷേ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങള്‍. ഭാവനയില്‍ എല്ലാം ചെയ്യാന്‍ കഴിയുന്ന ഒരുതരം കളി പോലെയുണ്ടായിരുന്നു അത്. ആ കഥാപാത്രങ്ങളുടെ കണ്ണുനീര്‍ എന്റെയും കൂടിയാണ്. അവര്‍ അനുഭവിച്ച വേദന ഞാനും അത് എഴുതുന്ന നേരത്ത് അനുഭവിച്ചിട്ടുണ്ട്. മറ്റുള്ള എഴുത്തുകാര്‍ ഇങ്ങനെയാണോ അത് ചെയ്യുന്നത് എന്നെനിക്കറിയില്ല. ഓരോ കഥാപാത്രങ്ങളും അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ചു കൊണ്ടാണ് ഞാന്‍ അത് എഴുതിയത്.
നോവലിലെ തിമൂര്‍ എന്ന കഥാപാത്രം ഏതൊരു സ്ത്രീയും ആഗ്രഹിച്ചുപോകുന്ന സൗഹൃദമാണ്. സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് തിമൂര്‍ സീതയോടൊപ്പം ദേവ്റാനെ തേടിയിറങ്ങുന്നത്, സീതയ്ക്ക് വേണ്ടി മാത്രം. തിമൂറിന്റെ കണ്ണുവെട്ടിച്ച് കടന്നുകളയുന്ന സീതയെക്കുറിച്ചോര്‍ത്തുള്ള തിമൂറിന്റെ ആധിയുണ്ടല്ലോ. അത്തരത്തിലൊരു സുഹൃത്തിന്റെ ആവശ്യം ഹരിതയ്ക്ക് അനുഭവപ്പെട്ടിട്ടുണ്ടോ?
തിമൂറിനെ പോലെയൊരു സുഹൃത്ത് ആരുടെയും ഭാഗ്യമാണ്. പക്ഷെ അത്തരം ഒരു സുഹൃത്തിന് വേണ്ടിയുള്ള എന്റെ ആഗ്രഹത്തില്‍ നിന്നല്ല ആ കഥാപാത്രം ഉണ്ടായത്. എന്റെ ജീവിതത്തില്‍ സീതയുടെയും തിമൂറിന്റെയും സൗഹൃദത്തോട് കിടപിടിക്കുന്ന ബന്ധങ്ങളുണ്ട്. തിമൂറിനെപ്പോലെ സുഹൃത്തിനു വേണ്ടി ജീവന്‍ പണയം വയ്ക്കാന്‍ തയ്യാറാകുന്ന കൂട്ടുകാരുണ്ട്. തിമൂര്‍ ഒരു സങ്കല്‍പ്പമല്ല. പലരിലുമുള്ള എനിക്ക് പ്രിയപ്പെട്ട അംശങ്ങള്‍ ചേര്‍ത്തു വച്ചാണ് ഞാന്‍ ആ കഥാപാത്രത്തെ നിര്‍മ്മിച്ചത്.
ഇന്നേവരെ കണ്ടതില്‍ വെച്ചേറ്റവും സംസ്‌കാര സമ്പന്നരായ മനുഷ്യരാണ് കുര്‍ദുകള്‍ എന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ട്. കുര്‍ദ് കലയെയും സാഹിത്യത്തെയും കുറിച്ച് പറയൂ. ഓര്‍ഹന്‍ പാമുക്ക് കൃതികളോട് പൊതുവേ കാണുന്ന ഒരിഷ്ടം ഹരിതയുടെ 'സിന്‍' എന്ന നോവലിനോട് തോന്നുന്നു.
കുര്‍ദ് ഭാഷ ഒരുകാലത്ത് തുര്‍ക്കിയില്‍ നിരോധിക്കപ്പെട്ടിരുന്നു. ഇന്നും ആ ഭാഷ ഉപയോഗിക്കുന്നതിന് തുര്‍ക്കിയില്‍ പരിഷ്‌കൃതസമൂഹത്തിനു ചേരാത്ത വിധം ചില നിയന്ത്രണങ്ങളുണ്ട്. കുര്‍ദുകളുടെ സംസ്‌കാരവും പാരമ്പര്യവും തുടച്ചു മാറ്റുന്നതിനായി ബോധപൂര്‍വമുള്ള ഒരു ശ്രമം ടര്‍ക്കിഷ് ഗവണ്മെന്റിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വന്തം ഭാഷയും സംസ്‌കാരവും സംരക്ഷിക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന് ഓരോ കുര്‍ദുകളും ഉറച്ചു വിശ്വസിക്കുന്നു. അതുമാത്രമല്ല, ആതിഥ്യ മര്യാദ, പുരുഷാധിപത്യ കുടുംബ വ്യവസ്ഥ, മുതിര്‍ന്നവരോടുള്ള സമീപനം, വിദ്യാഭ്യാസത്തിനോടുള്ള ആദരവ് അങ്ങനെ ഇന്ത്യന്‍ സമൂഹത്തിന്റെ പല സ്വഭാവങ്ങളോടും പ്രകടമായ സാമ്യം കുര്‍ദ് സമൂഹത്തിനുണ്ട്.
ചരിത്രം തുര്‍ക്കികളുടെ വിജയത്തില്‍ നിന്നു തുടങ്ങുമ്പോള്‍ ഹരിത സാവിത്രി കണ്ട തുര്‍ക്കി തികച്ചും വ്യത്യസ്തമാണ്. തുര്‍ക്കി ജീവിതവും പഠനവും ഗവേഷണവും വിശദമാക്കാമോ?
ഇസ്ലാമിന്റെ രക്ഷകനാണ് എര്‍ദോഗന്‍ എന്ന് വിശ്വസിക്കുന്ന ചില മനുഷ്യരെങ്കിലും ഇന്ന് തുര്‍ക്കിക്കു പുറത്തുള്ള ലോകത്തിലുണ്ട്. അദ്ദേഹമാകട്ടെ പഴയ ഓട്ടോമാന്‍ സാമ്രാജ്യം പുനസ്ഥാപിച്ചു ഖലീഫയായി വാഴുക എന്ന അജണ്ടയുമായി മുന്നോട്ട് പോവുകയുമാണ്. അതിനാവശ്യമായ പൊളിറ്റിക്കല്‍ പവര്‍ നിലനിര്‍ത്താനായി മതം ആയുധമാക്കാന്‍ തുടങ്ങിയിടത്ത് നിന്നാണ് തുര്‍ക്കിയുടെ തകര്‍ച്ച ആരംഭിക്കുന്നത്. അഴിമതി നിറഞ്ഞ ഭരണവും നിയമ വ്യവസ്ഥയും ചേര്‍ന്നുണ്ടാക്കിയ അരാജകത്വവും സാമ്പത്തികമാന്ദ്യവും രാജ്യത്തിലെ സാധാരണ ജനങ്ങളെ വെള്ളംകുടിപ്പിക്കുന്ന അവസ്ഥയാണ് അവിടെ കണ്ടത്. വേണമെങ്കില്‍ ഇതവര്‍ ചോദിച്ചുവാങ്ങിയതാണ് എന്ന് പറയാം. മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ കയ്യില്‍ ഭരണം ഏല്‍പ്പിച്ചുകൊടുക്കുന്ന എല്ലാ ജനതകളെയും കാത്തിരിക്കുന്ന വിധി ഇതാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തെപ്പറ്റി കൂടുതല്‍ പഠിക്കുകയും എഴുതുകയും ചെയ്യേണ്ടതുണ്ട് എന്നുതോന്നി. എന്റെ ഗവേഷണ വിഷയവുമായി ഇതിന് നേരിട്ട് ബന്ധമൊന്നുമില്ല. പക്ഷേ ഒരു മനുഷ്യന്‍ എന്ന നിലയിലും ഒരു പൗരന്‍ എന്ന നിലയിലും വലിയ ബന്ധമുണ്ട് താനും.

റെയിന്‍ ഡിയറിന്റെ പാലൊഴിച്ച് കടുപ്പത്തില്‍ ഒരു ചായ! വളരെ പ്രശസ്തമായ ഒരു ലേഖനമായിരുന്നു ഇത്. സ്റ്റുഡന്റ് എക്ചേഞ്ച് പ്രോഗ്രാമിനെക്കുറിച്ച് വിശദമാക്കാമോ? ഇന്ത്യയില്‍ നമുക്ക് കള്‍ച്ചറല്‍ എക്സ്ചേഞ്ച് ആണ് കൂടുതല്‍ പരിചയം.
മിടുക്കരായ കുട്ടികള്‍ക്ക് കുറഞ്ഞ ചിലവില്‍ വിദേശരാജ്യങ്ങളില്‍ പോയിത്താമസിച്ച് പഠിക്കാനുള്ള സൗകര്യം നല്‍കുന്ന യൂറോപ്യന്‍ യൂണിയന്റെ പ്രോഗ്രാമാണ് ഇറാസ്മസ്. യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യങ്ങളിലും അല്ലാത്തവയിലും മൂന്നുമാസം മുതല്‍ ഒരു വര്‍ഷം വരെ ഇത്തരത്തില്‍ പഠിക്കാന്‍ കഴിയും. ജീവിതത്തിലെ ഏറ്റവും വലിയ ഒരു അവസരമായാണ് കുട്ടികള്‍ ഇതിനെ കാണുന്നത്.
ഹരിത സാവിത്രിയുടെ അക്കാദമിക മേഖലകളെക്കുറിച്ചു പറയാമോ?
കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി എഡും ലഭിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ബാഴ്‌സലോണയില്‍ നിന്ന് 'സാംസ്‌കാരിക സത്വങ്ങളുടെ നിര്‍മാണവും പ്രതിനിധാനവും' എന്ന വിഷയത്തില്‍ മറ്റൊരു മാസ്റ്റേഴ്‌സ് ചെയ്യാനുള്ള അവസരം ലഭിച്ചു. ഈ കോഴ്‌സ് ഒരു അസാധാരണമായ അനുഭവമായിരുന്നു. ഡയസ്‌പോറ, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍, വാര്‍ക്രൈമുകള്‍ അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ തുടങ്ങിയ ചുട്ടുപൊള്ളുന്ന വിഷയങ്ങളിലേക്ക് അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ദയയില്ലാതെ വലിച്ചിട്ടു. അത്രയുംനാള്‍ എവിടെയോ നടക്കുന്ന പ്രശ്‌നങ്ങളെന്നും ആരുടെയൊക്കെയോ ദുരിതങ്ങളെന്നും കരുതിയിരുന്ന കാര്യങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ഞങ്ങളുടേതായി മാറുകയായിരുന്നു. തുള്ളിത്തെറിച്ചു നടന്നിരുന്ന ഒരുകൂട്ടം വിദ്യാര്‍ത്ഥികളെ സാമൂഹ്യപ്രതിബദ്ധതയും ഉത്തരവാദിത്തവുമുള്ള ലോകപൗരന്മാരാക്കി വാര്‍ത്തെടുക്കുകയാണ് ആ അധ്യാപകര്‍ ചെയ്തത് എന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് തോന്നുന്നു. ആ അനുഭവം തന്ന ലഹരി മൂലമാവണം കോഴ്‌സ് കഴിഞ്ഞപ്പോള്‍ യൂണിവേഴ്സിറ്റി വിടാന്‍ മനസ്സ് വന്നില്ല. ഇപ്പോള്‍ അവിടെ ഇംഗ്ലീഷ് ഫിലോളജി വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ്.
ഹരിതയിലെ തികച്ചും അസാധാരണമായ വ്യക്തിത്വം, അന്വേഷണാത്മകത തുടങ്ങിയവയാണ് ഇവിടം വരെ എത്തിനില്‍ക്കാന്‍ സഹായകമായത്. നിങ്ങള്‍ കണ്ട കാഴ്ചകളെ ഞങ്ങളിലേക്ക് പകര്‍ന്നുതന്നിരിക്കുന്നു; വ്യക്തമായ നീരീക്ഷണ വീക്ഷങ്ങളോടെ. ഒരു സ്ത്രീ എന്ന നിലയില്‍ ആത്മാര്‍ഥമായി ചോദിക്കട്ടെ, എങ്ങനെയാണ് ഇവിടം വരെ എത്തിയത്? അനുഭവങ്ങളുടെ മൈലുകള്‍ ഒരുപാടുണ്ടായിരുന്നോ താണ്ടാന്‍?
തീർച്ചയായും. കേരളത്തിൽ ജനിച്ചുവളർന്ന ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം വളരെ വിലപ്പെട്ടതാണ്. എനിക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനും താല്പര്യമുള്ള വിഷയങ്ങളെ പറ്റി എഴുതാനും സാധിക്കുന്നുണ്ട്. ഈ നിമിഷത്തിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല എന്നതിൽ സംശയമില്ല. യാഥാസ്ഥിതിക സ്വഭാവമുള്ള ഒരു കുടുംബത്തിൽ, അദ്ധ്യാപക ദമ്പതികളുടെ മകളായിട്ടാണ് ഞാൻ ജനിച്ചു വളർന്നത്. ഇത്തരം സാഹചര്യങ്ങളിൽ സാധാരണ സംഭവിക്കുന്നതുപോലെ എനിക്ക് വേണ്ടി അച്ഛനമ്മമാരാണ് തീരുമാനങ്ങൾ എടുത്തിരുന്നത്. ഒരു പത്രപ്രവർത്തകയാകണം എന്ന് പഠനകാലത്ത് വളരെയേറെ ആഗ്രഹിച്ചിരുന്നുവെങ്കിലും കുടുംബത്തിന്റെ യാഥാസ്ഥിതിക മനോഭാവം നിമിത്തം അത് നടന്നില്ല. അത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നുണ്ട് എന്നത് മറ്റൊരു കാര്യം. എന്താണ് എനിക്ക് വേണ്ടത് എന്ന് വളരെ വൈകിയെങ്കിലും തിരിച്ചറിയുകയും അതിന് വേണ്ട തീരുമാനങ്ങൾ ആരെയും ഭയക്കാതെ എടുക്കുകയും ചെയ്തതാണ് ജീവിതത്തിൽ ചെയ്ത ഏറ്റവും നല്ല കാര്യം എന്ന് ഇപ്പോൾ തോന്നുന്നു.
Content Highlights: interview with haritha savithri author of the novel zin
Published: 22 Apr 2022, 03:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented