മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഹരിത സാവിത്രിയുടെ നോവല്‍ 'സിന്‍' കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. നോവല്‍ വിപിന്‍ എന്‍.പിയുടെ വായനയില്‍.

To advertise here,

പട്ടാളം അടിച്ചുതകര്‍ത്തൊരു ഗ്രാമത്തില്‍ അടുത്ത ദിവസം കുറച്ച് ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രാദേശികഭാഷ വശമില്ല, നാട്ടുകാര്‍ക്ക് ഇംഗ്ലീഷും. നിരവധി പേര്‍ ബലാത്സംഗത്തിനിരയായതായി വിവരം ലഭിച്ചിട്ട് ചെന്നതാണവര്‍. ഒടുവില്‍ രണ്ടും കല്‍പിച്ച് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചുവത്രേ, ഇവിടെ ബലാത്സംഗം ചെയ്യപ്പെട്ടവരില്‍ ഇംഗ്ലീഷ് അറിയാവുന്ന ആരെങ്കിലുമുണ്ടോ? ആരും ഒന്നും മിണ്ടിയില്ല, ഒടുവില്‍ മടിച്ചു മടിച്ച് ഒരു 10 വയസുകാരി പെണ്‍കുട്ടി കൈ പൊക്കി. ഒന്നും മിണ്ടാനാവാതെ അല്‍പനേരം നിന്നശേഷം ആ പത്രപ്രവര്‍ത്തകന്‍ ചോദ്യം ഒന്ന് പരിഷ്‌കരിച്ച് ആവര്‍ത്തിച്ചുപോലും,

ബലാത്സംഗംചെയ്യപ്പെട്ടവരില്‍ ഇംഗ്ലീഷ് അറിയാവുന്നവരും പ്രായപൂര്‍ത്തി ആയവരുമായ ആരെങ്കിലുമുണ്ടോ?

അതെ, നാമറിയാത്ത ജീവിതങ്ങളൊക്കെയും നമുക്കുകെട്ടുകഥകള്‍ തന്നെയാണ്.  

തടിക്കഷ്ണങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ നമ്മളുടെ തുണി എന്തിലൊക്കെ കുരുങ്ങിയേക്കാം? ആണി? പൊട്ടിയ തടി? കണ്ണാടിച്ചില്ല്? ആകാവുന്നവയെയൊക്കെ ഈ പട്ടികയിലേക്ക് കൂട്ടിച്ചേര്‍ക്കൂ, ഒരു മലയാള നോവലിന്റെ ഭൂമികയില്‍ സാധ്യമായതൊക്കെയും. 

എന്നാലും ഹരിത സാവിത്രിയുടെ 'സിന്‍' എന്ന നോവലില്‍ സീതയുടെ ഉടുപ്പിന്റെ അറ്റം കുടുങ്ങിയത് എന്തിലായിരുന്നെന്ന് നാം ഊഹിച്ചെടുത്തെന്നു വരില്ല. എന്തെന്നാല്‍, അതൊരു എല്ലിന്‍ കഷ്ണമായിരുന്നു, മടങ്ങിയ കൈവിരലുകളുടെ എല്ലിന്‍ കഷ്ണം! നോവലാരംഭിച്ചു 16-ആം പേജിലുള്ള ആ എല്ലിന്‍ കഷ്ണത്തില്‍ കുരുങ്ങി, അടര്‍ന്നു വീഴുന്നത് ഒരു മലയാള നോവലിന്റെ പരിചിതത്വങ്ങള്‍ കൂടെയാണ്. 

ചോറില്‍ അല്പം ഇറച്ചിയും പച്ചക്കറിയും ചേര്‍ത്ത ഭക്ഷ്യവിഭവത്തിനെ നമ്മള്‍ എന്തെന്നുവിളിക്കും? പുലാവ് എന്നല്ലേ? എന്നാല്‍ അതിനെ പിലാഫ് എന്നു വിളിക്കുന്ന ഒരു ഭൂമികയിലാണ് സിന്‍ അരങ്ങേറുന്നത്, സ്വതന്ത്ര കുര്‍ദിസ്ഥാന്‍ പ്രക്ഷോഭത്തിന്റെ പശ്ചാത്തലമുള്ള തുര്‍ക്കിയില്‍. രണ്ടാംതരം പൗരന്മാരായി ജീവിക്കാന്‍ വിധിക്കപ്പെട്ട കുര്‍ദുകളെ അതിജീവിപ്പിക്കുന്ന സ്വപ്നമാണ് ആ പ്രക്ഷോഭം.

അതെ, സീതയുടെ കുപ്പായത്തില്‍ പിടിമുറുക്കുന്ന എല്ലിന്‍ കൈപ്പത്തി അവിടെ നിത്യജീവിത യാഥാര്‍ത്ഥ്യമാണ്. അതിന്റെ ചൂട് അല്പമെങ്കിലും ലോകമറിഞ്ഞത് ഒരു ചിത്രത്തിലൂടെയാണ്, കടല്‍ത്തീരത്തു കമിഴ്ന്നു കിടക്കുന്ന ഐലാന്‍ കുര്‍ദി എന്ന മൂന്നു വയസുകാരന്റെ ചേതനയറ്റ ശരീരത്തിന്റെ ചിത്രത്തിലൂടെ.ആ ദുരിതത്തിലൂടെ കുര്‍ദിഷ് ജനതയെ കടത്തിവിടുന്ന 'നേരു'കളുടെ ചുരുള്‍ ഇവിടെ സീതയ്ക്കൊപ്പം നമുക്കും അനാവൃതമാകുന്നു.

സെക്യൂരിറ്റി ജോലിയ്ക്കുവേണ്ടി കടല്‍ കടന്നുപോയി റഷ്യയുടെ യുദ്ധത്തൊഴിലാളികളായി മാറിയ മലയാളി സഹോദരങ്ങളുടെ ദൈന്യതയേല്‍പ്പിച്ച മുറിവ് ഇനിയും മുറികൂടിയിട്ടില്ല, അതങ്ങനെയങ്ങു മുറികൂടേണ്ടതുമല്ല. സത്യങ്ങളെ അഭിസംബോധന ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്ന ദുഃഖങ്ങളില്ലെങ്കില്‍പ്പിന്നെ എങ്ങനെയാണ് നാം ഒരു സമൂഹമെന്ന നിലയില്‍ മുന്നോട്ടു പോകുക?! 

അത്തരമൊരു യാത്രയാണ് ഹരിത സാവിത്രിയുടെ സിന്‍. വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട് തന്റെ കാമുകനെ തേടിയെത്തുന്ന ഗര്‍ഭിണി കൂടെയായ സീതയിലൂടെ ആ ഭൂമികയിലേക്കു പ്രവേശിക്കുകയാണ് നാം. സീതയുടെ കാമുകനാകട്ടെ പോലീസ് ഭാഷ്യത്തില്‍, അവരന്വേഷിക്കുന്ന ഒരു കൊടും ക്രിമിനലിന്റെ  അനുജനും! അവള്‍ക്കു പിന്നാലെ കൂടാന്‍ മറ്റെന്തു കാരണമാണ് പോലീസിനു വേണ്ടത്? തങ്ങളുണ്ടാക്കിയ കഥകള്‍ തന്നെയാണ് സത്യം എന്നു വിശ്വസിക്കുന്ന പോലീസിനു നാടന്‍പാട്ടുകള്‍ ശേഖരിക്കുകയും പാടുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യനായി ഇനി മേലില്‍ ആ കുര്‍ദ് വംശജനെ കാണാനാകില്ലല്ലോ. പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു യുവാവിനെ ആയുധമെടുപ്പിച്ച തങ്ങളുടെ മനുഷ്യത്വഹീനമായ പ്രവര്‍ത്തികള്‍ അവരുടെ ഓര്‍മകളില്‍ ഉണ്ടാകില്ലല്ലോ. 

'അതങ്ങനെയാണ്, ഇവിടെ അവര്‍ ഞങ്ങളെ ജീവനോടെ കത്തിക്കുന്നു. തല്ലിക്കൊന്നു കുഴിച്ചു മൂടുന്നു. അതും ഞങ്ങളുടെ നികുതിപ്പണം തിന്നൊടുക്കുന്ന പട്ടാളക്കാരെ ഉപയോഗിച്ച്. അതിനെക്കുറിച്ചു യാതൊരു ധാരണയുമില്ലാതെ നിങ്ങള്‍ വിദേശ യൂണിവേഴ്‌സിറ്റികളില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടുന്നു.' എന്നുപറഞ്ഞു ഭ്രാന്തമായി പൊട്ടിച്ചിരിക്കുന്ന മനുഷ്യന്റെ ശബ്ദം കാലദേശങ്ങളുടെ അതിര്‍ത്തികള്‍ ഭേദിച്ച് എല്ലാവരിലും ഒരുപോലെ മാറ്റൊലിക്കൊള്ളും. പുലാവും പിലാഫും തമ്മില്ലെന്നപോലെ രണ്ടുജനതകള്‍ക്കിടയിലെ തെളിയാത്തൊരു പാലത്തിലൂടെ നമ്മള്‍ സഞ്ചരിക്കും.

അടുത്തിടെയാണ്, തന്റെ ആദ്യത്തെ നോവല്‍ എഴുതുന്ന ഒരു സുഹൃത്ത് അത് ഇംഗ്ലീഷില്‍ ചെയ്യാനാണ് താല്പര്യം എന്നു പറയുന്നത്. സബ്‌ടെക്സ്റ്റുകളോ ഉപകഥകളോ ഒന്നുമില്ലാത്ത രേഖീയമായ ഒരു സാധാരണ മലയാള സിനിമയില്‍ പ്രതീക്ഷിക്കുന്നതുമാത്രമേ സോഷ്യല്‍ മീഡിയാ ദൃശ്യതയുള്ള വലിയൊരു വിഭാഗം മലയാളി വായനക്കാരും പിന്തുടരുന്നുള്ളൂ എന്ന നൈരാശ്യവും ആ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ്  മനസിലാക്കാനായത്. അത് കേവലം ഒരാളുടെ നൈരാശ്യവുമല്ലല്ലോ. അതുകൊണ്ടുതന്നെ സിന്‍ ഇനിയും വായിക്കപ്പെടേണ്ടിയിരിക്കുന്നു, ഈ പുരസ്‌കാരലബ്ദി അതിനൊരു ഉള്‍പ്രേരകമാകട്ടെ. പരിഭാഷപ്പെടുത്തിയെത്തി ലോകം അപദാനങ്ങള്‍ പാടിത്തുടങ്ങുംമുന്നേ മലയാളിയുടെ സ്വകാര്യതയില്‍ ഈ നോവല്‍ ദൂരങ്ങള്‍ താണ്ടട്ടെ.

 സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ വളരെ അത്ഭുതത്തോടെ സാറാ തോമസിന്റെ 'ഗ്രഹണം' വായിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്, ഇതൊരു മലയാളം പുസ്തകമോ എന്ന് അത്രയേറെ അന്ന് തല കുഴക്കിയിരിക്കണം. അതേ സന്തോഷത്തോടെ നാളെ ഓര്‍മയില്‍നിന്നും പൊങ്ങിവരുന്ന അന്താരാഷ്ട്ര നോവലുകള്‍ ഇനിയും മലയാളത്തില്‍ ഉണ്ടാകട്ടെ. അന്താരാഷ്ട്ര പശ്ചാത്തലത്തിലുള്ള രചനകള്‍ ഇംഗ്ലീഷില്‍ ചെയ്യണമെന്ന പുത്തന്‍ പ്രതിസന്ധിയെ മറികടക്കാനുള്ള അടുത്തിടെയായുണ്ടാകുന്ന മികച്ച പ്രചോദനങ്ങളുടെ തുടര്‍ച്ചയാകട്ടെ ഈ 'സിന്‍.' നന്ദി, ഹരിത സാവിത്രി, നന്ദി. ചായ നേരങ്ങളിലേക്കു കൊണ്ടുവന്ന ഇഞ്ചെ ബെല്ലി ഗ്ലാസുകള്‍ക്ക്, തേങ്ങുന്ന ലില്ലിപ്പൂക്കളുടെ മലനിരകള്‍ക്ക്...