
ഹരിത സാവിത്രിയുടെ പ്രഥമ നോവലായ 'സിന്‍' ഏറെ ചര്‍ച്ചചെയ്യപ്പെട്ടത് അതിന്റെ പ്രമേയാവതരണത്തിലെ വ്യത്യസ്തതകൊണ്ടാണ്. ഇന്ത്യക്കാരിയായ സീത എന്ന ഗവേഷണ വിദ്യാര്‍ഥിനി തന്റെ കാമുകനും വൈ.പി.ജി അനുകൂലിയുമായ ദേവ്‌റാനെ തേടിയുള്ള യാത്രയില്‍ നിന്നു തുടങ്ങുന്നു സിന്‍. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നോവലിന് ഡോ. അനിത എം.പിയുടെ എഴുതിയ ആസ്വാദനം വായിക്കാം.
സ്വതന്ത്രകുര്‍ദിസ്ഥാനുവേണ്ടിയുള്ള പ്രക്ഷോഭമാണ് ഹരിത സാവിത്രിയുടെ സിന്‍ എന്ന നോവലിന്റെ പശ്ചാത്തലം. കുര്‍ദുകളുടെ ഭാഷയായ കുര്‍മാഞ്ചിയിലെ ഒരു വാക്കാണ് 'സിന്‍.' ജീനി എന്നാണ് പദാര്‍ത്ഥം. ഇന്ത്യയ്ക്കും തുര്‍ക്കിക്കുമിടയില്‍ നടക്കുന്ന ഈ പ്രണയകഥയില്‍ ഒരു നൂറ്റാണ്ടോളമായി വേട്ടയാടപ്പെടുന്ന കുര്‍ദുകളുടെ പോരാട്ടത്തിന്റെയും തകര്‍ക്കപ്പെടലിന്റെയും സഹനത്തിന്റെയും പ്രത്യാശയുടെയും നിമിഷങ്ങളുണ്ട്.
നഷ്ടങ്ങളുടെ വേദനപേറാത്ത, രക്തമൊലിക്കുന്ന മുറിവുകളില്ലാത്ത ഒറ്റയൊരാള്‍പോലുമില്ലാത്ത കത്തിക്കരിഞ്ഞമണ്ണിലേക്ക്; കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും കത്തിക്കരിഞ്ഞ മനുഷ്യരുടെയും അവശിഷ്ടങ്ങളിലൂടെയാണ് യൂണിവേഴ്‌സിറ്റി ഓഫ് ബാസലോണയിലെ ഗവേഷണ വിദ്യാര്‍ഥിയും ഗര്‍ഭിണിയുമായ സീത എന്ന ഇന്ത്യന്‍ പെണ്‍കുട്ടി കാമുകനും വൈ.പി.ജി. അനുകൂലിയുമായ ദേവ്‌റാനെ തേടിപ്പോകുന്നത്. കൂടെയുള്ളത് തുര്‍ക്കി പൗരനായ സുഹൃത്ത് തിമൂറാണ്. ജീവന്‍പോലും നഷ്ടപ്പെടുത്താന്‍ തയ്യാറുള്ള സ്‌നേഹത്തെ നമുക്കു വേണമെങ്കില്‍ തിമൂര്‍ എന്നുവിളിക്കാം. ആ യാത്രയില്‍ തിമൂറിനെ ഒളിപ്പിച്ച് സീത കടന്നുകളയുന്നുണ്ട്; അത് അവളെ അപകടങ്ങളില്‍നിന്നു കാത്തുവെക്കാനുള്ള അവന്റെ കഷ്ടപ്പാടുകണ്ടിട്ടാണ്, അവന്റെ രക്ഷയെക്കരുതിയാണ്. ഉള്ളിലേക്കെടുക്കുമ്പോള്‍ ആയിരം നിറങ്ങളായി പുറത്തുവരുന്ന സ്‌നേഹത്തിന്റെ സ്ഫടികപ്പൊട്ടുകള്‍ ഇരുവരും ചേര്‍ത്തുവെച്ചിരിക്കുന്നത് നോവലിലുടനീളം കാണാം. സുരയ്യാപാസ ആശുപത്രിയില്‍ ജീവനോടു മല്ലടിച്ചുകിടന്ന സീതയോടു വൃദ്ധനായ ഡോക്ടറുടെ ആരാണ് തിമൂറെന്ന ചോദ്യത്തിന് 'എന്നെ ഒരിക്കലും വിട്ടുപോകാത്ത സുഹൃത്ത്, സ്വന്തം ജീവനു പകരമായിപ്പോലും എന്നെ വിട്ടുകൊടുക്കാത്ത സുഹൃത്ത് എന്ന് സീത പറയുന്നുണ്ട്.
വൈ.പി.ജി. എന്ന കുര്‍ദുകളുടെ സംരക്ഷണത്തിനായി രൂപമെടുത്തിട്ടുള്ള ഒരു ആഭ്യന്തര പ്രതിരോധസേനയുമായുള്ള ബന്ധത്തെച്ചൊല്ലി തുര്‍ക്കിപ്പട്ടാളം
വേട്ടയാടുന്നവരില്‍ പെട്ടവരാണ് ദേവ്‌റാനും സഹോദരന്‍ അര്‍മാനും അനിയത്തി ഗുല്ലും. അര്‍മാന്റെ പ്രണയിനി ദില്‍വയെ പട്ടാളം ബലാത്സംഗം ചെയ്തശേഷം മറ്റനേകം ഇരകളോടൊപ്പം നിലവറയിലിട്ട് കത്തിക്കുകയായിരുന്നു. കുര്‍ദ് സ്വാതന്ത്ര്യപ്പോരാട്ടത്തിലേക്ക് അങ്ങനെ അര്‍മാന്‍ എടുത്തെറിയപ്പെടുകയായിരുന്നു. എന്നാല്‍ ദേവ്‌റാന് അതിനു മുമ്പുതന്നെ സംഘടനയോടൊരാഭിമുഖ്യമുണ്ടായിരുന്നു.
ഭയവും വെറുപ്പും ലൈംഗികാതിക്രമങ്ങളും കലാപങ്ങളും രാഷ്ട്രീയക്കളികളും മനുഷ്യസ്‌നേഹവും പ്രണയസ്വപ്‌നങ്ങളും ഹരിത സാവിത്രിയുടെ വാക്കുകളിലൂടെയാകുമ്പോള്‍, അവയ്ക്ക് സത്യത്തിന്റെ വജ്രശോഭയുണ്ട്; നീറിപ്പിടിക്കുന്ന അനുഭവത്തിന്റെ കരുത്തും. The Last Girl എന്ന നാദിയാമുറാദിന്റെ ആത്മകഥയിലെ വാക്കുകള്‍ അപ്പോള്‍ നമ്മെ തേടിയെത്തും: The world has only one border. It is called humanity... Put humans first. അതുകൊണ്ടാവാം ഇവിടെ നമുക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു ഭൂമികയെ നാം ഹൃദയത്തിലേക്കെടുത്തുവെച്ചുപോകുന്നത്.
'ഇന്ത്യന്‍ രുചി ആസ്വദിക്കുന്നു' എന്ന അടിക്കുറിപ്പോടെ ടര്‍ക്കിഷ് സൈന്യത്തിന്റെ പ്രൊപ്പഗന്‍ഡകളും വീരസാഹസികതകളും പങ്കുവെക്കുന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ അടിവസ്ത്രം മാത്രം ധരിച്ചുനില്ക്കുന്ന പട്ടാളക്കാരില്‍ ഒരുത്തന്റെ കഴുത്തില്‍ ചുറ്റിയിരിക്കുന്ന സീതയുടെ ദുപ്പട്ട കണ്ടപ്പോഴാണ് അവള്‍ അവരുടെ പിടിയിലായെന്നും അതിക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായെന്നും ദേവ്‌റാന്‍ മനസ്സിലാക്കുന്നത്. 'മതി കരഞ്ഞത്. നമുക്ക് സമയം പാഴാക്കാനില്ല,' അര്‍മാനാണ് അതവനോടു പറയുന്നത്.
കാരുണ്യലേശമില്ലാത്ത, അതിക്രൂരമായ മനുഷ്യമുഖങ്ങളെ വരച്ചിടുമ്പോഴും ഇനിയും വറ്റിയിട്ടില്ലാത്ത സ്‌നേഹത്തിന്റെ ഉദാത്തരൂപങ്ങളെ നമുക്കു മുന്നില്‍ കൊണ്ടുനിര്‍ത്തുന്നുണ്ട് നോവലിസ്റ്റ്: മാനസികമായും ശാരീരികമായും തകര്‍ന്ന്, മരണം കാത്തുകിടക്കുന്ന സീതയെ രക്ഷിക്കാന്‍ പട്ടാളക്കാരില്‍നിന്ന് മര്‍ദനങ്ങളേറ്റുവാങ്ങുന്ന വൃദ്ധനായ ഡോക്ടര്‍, ഒരു വംശത്തെ ഇല്ലാതാക്കാന്‍ ഒരു ഫാസിസ്റ്റ് ഭരണകൂടം നടത്തുന്ന പരാക്രമങ്ങള്‍ക്ക് ഇരയായി, കത്തിച്ചാമ്പലാക്കപ്പെട്ട ദില്‍വയുടെ കുര്‍ദ് സ്വാതന്ത്ര്യപ്പോരാളിയായ കാമുകന്‍ അര്‍മാന്‍, സാര്യ, തിമൂര്‍, തിമൂറിന്റെ പിതാവും അഭിഭാഷകനുമായ ബഹാദിര്‍, ധീരയായ പത്രപ്രവര്‍ത്തക പിനാര്‍, അബ്ദുല്ല, നര്‍ജെസ്, ദേവ്‌റാന്റെ ഓമനായ റൊജാവെ എന്ന നായ....ഇങ്ങനെ നീണ്ടുപോകുന്നു നിശ്ശബ്ദരാകാന്‍ കൂട്ടാക്കാത്ത സ്‌നേഹത്തിന്റെ മുഖങ്ങള്‍.

അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍, വികാരങ്ങള്‍ ഇവ ഭൂമിയിലെല്ലായിടത്തും ഒന്നുതന്നെയായതുകൊണ്ടാകാം സീത പറയുന്നത്: 'ചില കാര്യങ്ങള്‍ എല്ലാ ഭാഷ സംസാരിക്കുന്നവര്‍ക്കും മനസ്സിലാകേണ്ടതാണ്. ഉദാഹരണത്തിന് കണ്ണുനീര്, ബലാത്സംഗം, കുഞ്ഞ്...'
മോചിതയായി തിരിച്ച് ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സീത പറയുന്നുണ്ട്. ഡോക്ടറോടും സീത ചോദിക്കുന്നു: 'എന്റെ അമ്മയ്ക്കു വേണ്ടാത്ത എന്നെ നിങ്ങള്‍ക്കെന്തിനാണ്?' പത്രക്കാരോടും സീത ഇതുതന്നെയാണ് പറയുന്നത്: 'ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളെ കുറ്റവാളികളായി കാണുന്ന സമൂഹമാണ് ഇന്ത്യയിലേത്. അവിടേക്കു പോകാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല.' ഒറ്റപ്പെടുന്നവന്റെ കണ്ണീരിന്റെ ഉപ്പും നഷ്ടപ്പെടുന്നവന്റെ പ്രതികാരത്തിന്റെ ചൂടും ഒന്നുതന്നെയാണെന്നു കണ്ടെത്തുമ്പോഴും ആത്യന്തികനന്മയിലുള്ള വിശ്വാസവും പ്രത്യാശയും ആകാശക്കുട നിവര്‍ത്തിനില്ക്കുന്നത് നമുക്കു കാണാം. അതുതന്നെയാണ് ഈ നോവലിനെ വേറിട്ടൊരനുഭവമാക്കുന്നത്.
Content Highlights: dr anitha m p reviews the novel zin written by haritha savithri
Published: 04 May 2022, 12:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented