കോഴിക്കോട്: നാലാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ. ശ്രീകുമാറിന്. എം.ടി. വാസുദേവൻ നായർ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അർഹമായത്. ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

To advertise here,

ഈ വർഷത്തെ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഡോ. കെ. ശ്രീകുമാർ പറഞ്ഞു. എം.ടി. വാസുദേവൻ നായരെ നേരിട്ട് സന്ദർശിച്ചും അദ്ദേഹത്തെ അനുഗമിച്ചും അതിനുപുറമെ ആരോഗ്യംപോലും വകവെക്കാതെ ശേഖരിച്ച വസ്തുതാപരമായ ഒരു പുസ്തകമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എം.ടി. എന്ന വ്യക്തിയെ നാളത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഏറ്റെടുത്ത ദൗത്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് ബീച്ചിൽ നടന്നുവരുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ ബാങ്കിന്റെ കോഴിക്കോട് റീജണൽ മേധാവിയും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ പ്രമോദ് കുമാർ ടി.വി. പുരസ്‌കാരം സമ്മാനിച്ചു. എഴുത്തുകാരൻ സക്കറിയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സക്കറിയ, മ്യൂസ് മേരി, സജയ് കെ.വി. എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. ബാങ്കിന്റെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ബിന്ദു എം. നന്ദി പ്രകാശിപ്പിച്ചു.