
കാഞ്ഞങ്ങാട്: ഫിലോസഫിയെന്നത് ആരും കെട്ടിയിറക്കുന്നതല്ല, ഒരോരാളുടെ ജീവിതത്തില്‍നിന്ന് ഉരുത്തിരിയുന്നതാണതെന്ന് ആര്‍. രാജശ്രീ. മനസ്സുകള്‍ മനസ്സുകളിലേക്കാണ് സഞ്ചരിച്ചതെന്ന് അജയ് പി. മങ്ങാട്ട്. ഒരു പ്രദേശത്തെ പല മനുഷ്യരുടെ പ്രണയങ്ങളെ പറയാനാണ് കൂടുതലും ശ്രമിച്ചതെന്ന് പി.വി. ഷാജികുമാര്‍. എഴുത്തനുഭവങ്ങളിലൂടെ നോവലിസ്റ്റുകള്‍ കടന്നുപോയപ്പോള്‍, അറിവും ആസ്വാദ്യവുമായി കാഞ്ഞങ്ങാടിന്റെ സായാഹ്നം.
കാഞ്ഞങ്ങാട് മാതൃഭൂമി ബുക്സിലാണ് എഴുത്തുകാര്‍ മനസ്സുതുറന്നത്. ആര്‍. രാജശ്രീയുടെ 'ആത്രേയകം', അജയ് പി. മങ്ങാട്ടിന്റെ 'ദേഹം', പി.വി. ഷാജികുമാറിന്റെ 'മരണവംശം' എന്നീ നോവലുകളിന്മേലാണ് ചര്‍ച്ചയും സംവാദവും. ലിംഗസമത്വത്തെയും സ്ത്രീസ്വാതന്ത്ര്യത്തെയും കുറിച്ചാണ് ആദ്യ നോവലില്‍ പറഞ്ഞിരുന്നതെങ്കില്‍, രണ്ടാമത്തെ നോവല്‍ തത്ത്വചിന്താപരമായ സമീപനമാണ് കൈക്കൊണ്ടത്. എങ്ങനെയാണ് രണ്ടുതട്ടിലേക്ക് എഴുത്തിനെകൊണ്ടെത്തിച്ചത് തുടങ്ങിയ ചോദ്യങ്ങളായിരുന്നു രാജശ്രീക്കു മുന്‍പിലെത്തിയത്. 'കല്യാണിയുടെയും ദാക്ഷായണിയുടെയും കത'യും 'ആത്രേയക'വും വളരെ വ്യത്യസ്തമായ അനുഭവതലത്തില്‍ നിന്നുകൊണ്ടാണ് എഴുതിയത്.
മഹാഭാരത കഥയിലെ ഒരു കഥയില്‍നിന്ന് പുതിയൊരു കാഴ്ചപ്പാട് രൂപവത്കരിക്കുകയാണ് 'ആത്രേയക'ത്തില്‍ ചെയ്തിട്ടുള്ളത്. ഭയമാണ് മനുഷ്യന്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട അവസ്ഥ- രാജശ്രീ പറഞ്ഞു.
'ദേഹം' എന്ന നോവലിലെ കഥാപാത്രം എങ്ങനെ പരിണമിച്ചു, എങ്ങനെയാണ് മനുഷ്യന്റെ മനസ്സ് അളന്നുകൊണ്ട് കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ സാധിക്കുന്നത്, തുടങ്ങിയ ഒന്നിലേറെ ചോദ്യങ്ങളാണ് അജയ് പി. മങ്ങാട്ടിനോട് വായനക്കാര്‍ ഉന്നയിച്ചത്. ചുറ്റുമുള്ള ഒരുപാട് മനുഷ്യരെ പ്രതിനിധാനം ചെയ്യുന്ന കഥാപത്രങ്ങളെയാണ് 'ദേഹം' എന്ന നോവലിലേക്കു കൊണ്ടുവന്നത്. കാലത്തോട് ചേര്‍ത്തുവെക്കാവുന്ന കഥാപാത്രങ്ങളാണെല്ലാവരും. മനുഷ്യന്റെ രാഷ്ട്രീയമാണ് പറയാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'മരണവംശ'ത്തിലെ എഴുത്തനുഭവങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് പ്ലസ്ടു പഠനകാലത്ത് മനസ്സില്‍ രൂപപ്പെട്ട ആശയം വര്‍ഷങ്ങള്‍ക്കുശേഷം എഴുതിത്തുടങ്ങി. അത് തീരാന്‍ ആറുവര്‍ഷമെടുത്തു- ഷാജികുമാര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ കെ. മധു, അധ്യാപകനും സാംസ്‌കാരികപ്രവര്‍ത്തകനുമായ സുജിത് കൊടക്കാട് എന്നിവര്‍ മോഡറേറ്ററായിരുന്നു.
നോവലിലെ വരികള്‍ക്കിടയിലൂടെ സഞ്ചരിച്ചും അനുബന്ധ കഥകള്‍ പറഞ്ഞുമൊക്കെ പരിപാടിയെ കൂടുതല്‍ ആസ്വാദ്യമാക്കാന്‍ മോഡറേറ്റര്‍ക്കു സാധിച്ചു. മാതൃഭൂമി സ്പെഷ്യല്‍ കറസ്പോണ്ടന്റ് വി.യു. മാത്യുക്കുട്ടി സ്വാഗതവും സ്റ്റാഫ് കറസ്പോണ്ടന്റ് ഇ.വി. ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Content Highlights: Novel discussion at Mathrubhumi books Kanhangad
Published: 22 Sept 2024, 08:39 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented