കണ്ണൂര്‍: ഭരണകൂടം നിശ്ചയിക്കുന്ന ദേശമല്ല കഥാഭൂമികയെന്നും ചില പരിചിതമനുഷ്യരെയും ദേശത്തെയും നോവലിലേക്ക് പരിണമിപ്പിക്കുകയാണെന്നും എഴുത്തുകാരായ ആര്‍. രാജശ്രീയും അജയ് പി. മങ്ങാട്ടും പി.വി. ഷാജികുമാറും.

To advertise here,

പരിചിതദേശങ്ങള്‍ എങ്ങനെ സാങ്കല്‍പിക കഥാഭൂമികയായി വികസിക്കുന്നുവെന്നും പഴയതും പുതിയതുമായ കാലത്തെ ഉള്‍ക്കൊള്ളുന്നതെങ്ങനെയെന്നും എഴുത്തുകാര്‍ വിശദീകരിച്ചു. കണ്ണൂര്‍ മാതൃഭൂമി ബുക്‌സ് സംഘടിപ്പിച്ച പരിപാടി ആര്‍. രാജശ്രീയുടെ 'ആത്രേയകം', അജയ് പി. മങ്ങാട്ടിന്റെ 'ദേഹം', പി.വി. ഷാജികുമാറിന്റെ 'മരണവംശം' എന്നീ നോവലുകളിന്മേല്‍ നടന്ന ചര്‍ച്ചയിലായിരുന്നു അവര്‍ മനസ്സുതുറന്നത്.

ആറ് കഥാപാത്രങ്ങളുടെ വീക്ഷണകോണുകളിലൂടെ എഴുതിനോക്കിയാണ് 'ആത്രേയക'ത്തിന്റെ അവസാനരൂപത്തിലേക്കെത്തിയതെന്ന് ആര്‍. രാജശ്രീ പറഞ്ഞു. മഹാഭാരതവുമായി 10 ശതമാനത്തില്‍ താഴെ ബന്ധമേ 'ആത്രേയക'ത്തിനുള്ളു. നോവലിലെ ദേശം മഹാഭാരതത്തിലില്ലാത്തതാണ്. പരിചിതമായ ദേശങ്ങള്‍ അതിലേക്ക് കടന്നുവന്നിട്ടുണ്ട്. ഒന്നുമില്ലായ്മയില്‍നിന്ന് ഭയമല്ല, നിര്‍ഭയത്വമാണുണ്ടാകുക. മനുഷ്യന്റെ നിലനില്‍പ്പിനുള്ള ഘടകം ഭയമാണ്. അനിശ്ചിതത്വമാണ് ജീവിതത്തിന്റെ സൗന്ദര്യം. അവ നോവലിലുണ്ട് രാജശ്രീ പറഞ്ഞു. 

ദേശം ഏതെല്ലാം തലത്തിലാണ് ജീവിതത്തില്‍ ഇടപഴകുന്നതെന്നാണ് 'ദേഹം' എന്ന നോവലിലുള്ളതെന്ന് അജയ് പി. മങ്ങാട്ട് പറഞ്ഞു. സാമൂഹിക ഭീകരതയെ നേരിടുന്ന ഏകാകിയായ വ്യക്തി, അവസാനനിമിഷവും സ്‌നേഹത്തിന്റെ തുള്ളിക്കായി ദേശങ്ങള്‍ തേടിയുള്ള അന്വേഷണവുമാണ് നോവലിലുള്ളത്. ഭരണകൂടം നിശ്ചയിക്കുന്ന ഭൂരിപക്ഷ ദേശീയതയല്ല എഴുത്തുകാരന്റെ ദേശീയത. ദേശം മാനസികവികാരമാണ്. അത് സ്‌നേഹംകൊണ്ടും ഭാഷകൊണ്ടും നോവലിസ്റ്റ് സൃഷ്ടിക്കുന്നതാണ്. മറ്റെവിടെയും അത് കണ്ടെത്താനാകില്ലെന്നും അജയ് പറഞ്ഞു.

placeholder
'ആത്രേയകം', 'ദേഹം', 'മരണവംശം' എന്നീ നോവലുകളുടെ കവര്‍ പേജുകള്‍

ജീവിച്ചിരുന്നവരോടും ജീവിക്കുന്നവരോടും കൂട്ടിച്ചേര്‍ക്കല്‍ നടത്തിയതാണ് 'മരണവംശ'ത്തിലെ കഥാപാത്രങ്ങളെന്ന് ഷാജികുമാര്‍ പറഞ്ഞു. അതില്‍ സുഹൃത്തുക്കളില്‍നിന്ന് കേട്ടവയുമുണ്ട്. എഴുത്തിനൊപ്പം ബോധപൂര്‍വമല്ലാതെ തനിയെ വികസിച്ചുവന്നതാണ് നോവലിലെ ചില സ്ത്രീകഥാപാത്രങ്ങള്‍. നാട്ടുജീവിതത്തിന്റെ ഭാഗമായ തെയ്യവും വിശ്വാസവുമെല്ലാം നോവലില്‍ കടന്നുവന്നിട്ടുണ്ട്.

പ്രീഡിഗ്രി കാലത്ത് മനസ്സിലേക്ക് കടന്നുവന്ന പ്രമേയമാണ്. ആറുവര്‍ഷമെടുത്ത് എഴുതാനെന്നും ഷാജികുമാര്‍ പറഞ്ഞു.

മാതൃഭൂമി ന്യൂസ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ കെ. മധു, ഗവ. ബ്രണ്ണന്‍ കോളേജ് അധ്യാപിക ഡോ. ലിജി നിരഞ്ജന എന്നിവര്‍ മോഡറേറ്ററായിരുന്നു. മാതൃഭൂമി ബുക്‌സ് കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ് വി. സുരേഷ്‌കുമാര്‍ സംസാരിച്ചു.