സാധാരണവും പരിചിതവുമായ പരിസരങ്ങളില്‍നിന്ന് കഥകള്‍ കണ്ടെടുക്കുകയും അസാധാരണമായി, ലളിതമായി അവ പറഞ്ഞുവെക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് സുസ്‌മേഷ് ചന്ത്രോത്ത്. മനുഷ്യമനസിന്റെ വ്യഥകളും സന്തോഷങ്ങളും പകയും പ്രതികാരവും സ്‌നേഹവും പ്രകൃതിയും രാഷ്ട്രീയവുമൊക്കെ ആ കഥകളില്‍ ഇടക്കിടെ തലയുയര്‍ത്തുന്നു, സൗകര്യംപോലെ നാം മറന്നുപോയ പലതിനേയും ഓര്‍മിപ്പിക്കുന്നു. 'ഞാന്‍ മീര'യില്‍ തുടങ്ങി 'സുജാത'യില്‍ എത്തിനില്‍ക്കുമ്പോള്‍ രചനാരീതിയിലും തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലും കാര്യമായ മാറ്റങ്ങള്‍ പ്രകടമാകുന്നു. എഴുതിവെച്ച രചനകളെപ്പറ്റിയും തന്റെ നിലപാടുകളെപ്പറ്റിയും ബംഗാള്‍ ജീവിതത്തെപ്പറ്റിയും സുസ്‌മേഷ് ചന്ത്രോത്ത് സംസാരിക്കുന്നു...
കട്ടക്കയം പ്രേമകഥ, ചോരപ്പകയില്‍ രാക്കാറ്റ്- പ്രണയത്തിന്റെ രണ്ട് തലങ്ങളെ ആവിഷ്‌കരിക്കുന്ന കഥകള്‍. ജാതിയും മതവും സ്വതന്ത്രമായ പ്രണയത്തെ ഇല്ലാതാക്കുന്ന ഈ കാലഘട്ടത്തില്‍ രണ്ട് കഥകളുടെയും പ്രസക്തി വര്‍ദ്ധിക്കുകയാണ് ?
പ്രണയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ദുരഭിമാനക്കൊലകളും ഒളിച്ചോട്ടവും ഒന്നും പെട്ടെന്ന് ഉയര്‍ന്നുവന്ന സംഗതികളല്ല. നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഇതെല്ലാം ഉണ്ടായിരുന്നു. സ്വതന്ത്രനായി കഴിഞ്ഞിരുന്ന കാലത്തുനിന്ന് കുടുംബവ്യവസ്ഥയിലേക്കും ബന്ധങ്ങളിലേക്കും സാമൂഹികവ്യവസ്ഥിതിയിലേക്കുമൊക്കെ മാറിയപ്പോള്‍ അവന്റെയുള്ളില്‍ സ്വാഭാവികമായി രൂപപ്പെട്ടതാണ് സ്വത്ത് നിലനിര്‍ത്താനുള്ള താല്പര്യം. അതിനുവേണ്ടിയാണ് പെണ്ണിനെ വിട്ടുകൊടുക്കാതിരിക്കാനും കൂടെനിര്‍ത്താനും മനുഷ്യന്‍ ശീലിച്ചത്. അധികാരം സ്ഥാപിക്കലിനും സമ്പത്ത് നിലനിര്‍ത്തുന്നതിനുമായി കുടുംബവ്യവസ്ഥ അനിവാര്യമാണെന്ന് അവന്‍ മനസിലാക്കുകയും സ്ത്രീയെ സ്വന്തമാക്കാനും തുടങ്ങി. അവിടംമുതലേ പകയും പ്രതികാരവുമൊക്കെ മനുഷ്യനില്‍ ഉടലെടുത്തു.
ഈ രണ്ട് കഥകളിലും പ്രണയം വിഷയമായി വരുന്നു. ആ പ്രണയങ്ങളെ സമൂഹം പല കാരണങ്ങളാല്‍ അംഗീകരിക്കുന്നില്ല. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍, ക്രൈം ചെയ്യാനുള്ള മനുഷ്യന്റെ ചോദനയെയാണ് ഈ കഥകളില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കൗമാരപ്രണയമാണ് രണ്ട് കഥകളിലും. ആ കഥകളിലെ പ്രണയം പൂര്‍ത്തീകരിക്കപ്പെടാത്തതിനു കാരണമായിത്തീരുന്നത് സമൂഹമാണ്. പ്രണയത്തെ സംശയത്തോടെ മാത്രം നോക്കിക്കാണുന്ന ഒരു സമൂഹമുണ്ട് എല്ലായ്‌പ്പോഴും. സമൂഹം നമ്മളെ സ്വതന്ത്രമായി വളരാന്‍ അനുവദിക്കുന്നുണ്ടോ ഇല്ലയോ എന്ന ചോദ്യംകൂടി ഈ കഥകള്‍ അവശേഷിപ്പിക്കുന്നുണ്ട്.
നിരായുധപോരാളികള്‍ - അധികാരത്തിന്റെ കുതന്ത്രങ്ങളെ ഭയക്കാതെ സ്വന്തം സ്വത്വം ധൈര്യത്തോടെ പ്രകടിപ്പിക്കുന്ന നിയതി എന്ന പെണ്‍കുട്ടിയുടെ കഥയാണിത്. ഇന്ത്യയുടെ വര്‍ത്തമാനകാല സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ എത്രത്തോളം പ്രസക്തമാണ് നിരായുധപോരാളികള്‍ ?
സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങളെ അടയാളപ്പെടുത്തുന്ന ഒരു കഥയാണത്. ഷര്‍ട്ട് ഇടാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയാണ് കഥയിലെ മുഖ്യകഥാപാത്രം. അവള്‍ ഒരു പ്രതീകം മാത്രമാണ്. സ്വന്തം അഭിപ്രായത്തെ ധരിക്കാന്‍ അല്ലെങ്കില്‍ പറയാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു പ്രതീകം. അങ്ങനെ സ്വന്തം അഭിപ്രായങ്ങളെ ഭയമില്ലാതെ പറയാന്‍ ആഗ്രഹിക്കുന്നവരെ വേട്ടയാടുന്ന ഒരു സാഹചര്യം ഇവിടെ സംജാതമായിരിക്കുന്നു. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങളെ എടുത്ത് പരിശോധിച്ചാല്‍ അത് നമുക്ക് കാണാന്‍ കഴിയും. അത്തരമൊരു സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് ഈ കഥ എഴുതപ്പെടുന്നത്. വിഷയം തിരഞ്ഞെടുക്കേണ്ടി വരുമ്പോള്‍, ഭരണകൂടത്തെ അസ്വസ്ഥമാക്കുന്ന വാക്കുകള്‍ ഉള്‍പ്പെടുത്തേണ്ടി വരുമ്പോള്‍ ഒരു തരത്തിലുള്ള ഭയവും വെല്ലുവിളികളും വേട്ടയാടാറില്ല. വിഷയത്തിന്റെ പ്രസക്തിയില്‍ ഊന്നിക്കൊണ്ട് എഴുതാന്‍ ശ്രമിക്കുക മാത്രമേ ചെയ്യാറുള്ളൂ.
എഴുത്തില്‍ മികച്ച തുടക്കം ലഭിച്ച എഴുത്തുകാരനാണ് താങ്കള്‍. യുവ എഴുത്തുകാര്‍ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം മുതല്‍ പ്രധാനപ്പെട്ട പുരസ്‌കാരങ്ങളെല്ലാം ലഭിച്ചു. ഈ അംഗീകാരങ്ങള്‍ പിന്നീടുള്ള എഴുത്തിന് എത്രത്തോളം മുതല്‍ക്കൂട്ടായിത്തീര്‍ന്നു ?
പുരസ്‌കാരങ്ങള്‍ എഴുത്തില്‍ ഉറച്ചുനില്‍ക്കാന്‍, അതിനെ ഗൗരവമായി കാണാന്‍ എനിക്ക് പ്രേരണയായി. പുതിയ പുസ്തകങ്ങള്‍ പുറത്തിറക്കാന്‍, ആഴ്ചപ്പതിപ്പുകളില്‍ കഥകള്‍ അച്ചടിച്ചുവരാനൊക്കെയുള്ള സാധ്യതകള്‍ അത് തുറന്നിട്ടു. എഴുത്തുജീവിതത്തിന്റെ പല ഘട്ടങ്ങളിലായി ലഭിച്ച പുരസ്‌കാരങ്ങളെല്ലാം ഗൗരവമായ എഴുത്തിനുള്ള പിന്തുണയായി ഞാന്‍ കാണുന്നു.
യന്ത്രലോചനം, ആത്മച്ഛായ- ഒന്ന് കേരളത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍. മറ്റൊന്ന് ഇന്ത്യന്‍ ജീവിതാവസ്ഥകളെ തുറന്നുകാട്ടുന്ന പാന്‍ ഇന്ത്യന്‍ സ്വഭാവമുള്ളതും. എഴുത്തില്‍ പശ്ചാത്തലം എത്രത്തോളം പ്രധാനപ്പെട്ടതാണ്, വെല്ലുവിളിയുള്ളതാണ് ?
ഈ രണ്ട് നോവലുകളെ സംബന്ധിച്ച് സ്ഥലപശ്ചാത്തലം ഒരു പ്രധാനപ്പെട്ട കാര്യമല്ല. യന്ത്രലോചനത്തില്‍ പറയുന്ന കഥ ലോകത്ത് എവിടെയും നടക്കാവുന്ന സംഭവമാണ്. സാധാരണ മനുഷ്യര്‍ താമസിക്കുന്ന, ഗ്രാമീണമായ ഒരു പ്രദേശത്ത് വികസനത്തിന്റെ ഭാഗമായി വിമാനത്താവളം വരികയും അത് അവിടുത്തെ ജനജീവിതത്തെ, ആവാസവ്യവസ്ഥയെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന ഉത്കണഠയാണ് നോവല്‍ പങ്കുവെക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ട്.
നോവലിലെ വിഷയം കേവലം മനുഷ്യരുടെ മാത്രം പ്രശ്‌നമായിട്ടല്ല അവതരിപ്പിച്ചിരിക്കുന്നത്. മണ്ണിനെ ആശ്രയിച്ച് കഴിയുന്ന പ്രാദേശികമായിട്ടുള്ള ജീവജാലങ്ങളുടെ നഷ്ടത്തെയെല്ലാം ആ കൃതിയില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. ബംഗാളിലെ നന്ദിഗ്രാമിലും സിംഗൂരിലും ടാറ്റ ഫാക്ടറി നിര്‍മിക്കാനായി സ്ഥലങ്ങള്‍ കൈയ്യടക്കുകയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തിരുന്നു. ഇപ്പോഴും ആ സ്ഥലങ്ങള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത നിലയില്‍ കിടക്കുകയാണ്. ഒന്നുകില്‍ ഫാക്ടറിയോ കൃഷിസ്ഥലമോ അവിടെ നിലനില്‍ക്കണമായിരുന്നു. പ്രാദേശികമായി നിലനില്‍ക്കുന്ന മിത്തുകളുടെയും ആചാരങ്ങളുടെയും നഷ്ടത്തെക്കൂടി യന്ത്രലോചനത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്. വ്യത്യസ്തമായ ആചാരങ്ങളും കലാരൂപങ്ങളും ഓരോ സമൂഹത്തിനും സ്വന്തമായുണ്ട്. തെയ്യം, പടയണി പോലുള്ള കലാരൂപങ്ങള്‍ ഒരു ദേശത്തിന്റെ സ്വത്വത്തിന്റെ അടയാളമാണ്. പ്രാദേശിക സ്വത്വം നഷ്ടമാകാതെ നോക്കുക എന്നത് പ്രധാനപ്പെട്ടതാണ്.
നേരെമറിച്ച് ആത്മച്ഛായയിലേക്ക് വരുമ്പോള്‍ വ്യത്യസ്തരായ ഒരുപാട് മനുഷ്യരുടെ വളരെ വ്യത്യസ്തമായ ജീവിതലോകത്തെ ആവിഷ്‌കരിക്കുകയാണ്. അങ്ങനെയാണ് നോവലിന് പാന്‍ ഇന്ത്യന്‍ സ്വഭാവം കൈവരുന്നത്. ഫാന്റസിയിലും റിയാലിറ്റിയിലും ജീവിക്കുന്ന മനുഷ്യരുടെ കഥയാണ്. ഇന്ത്യ എന്ന ബഹുസ്വരതയുടെ അടയാളം എത്രത്തോളം ഉണ്ടെന്ന് കണ്ടെത്താനുള്ള ശ്രമമായിരുന്നു ആ നോവല്‍. വ്യത്യസ്തമായ ഭാഷയും മനുഷ്യരും സംസ്‌കാരവുമൊക്കെ ചേര്‍ന്നതാണ് ഇന്ത്യ. ആ സൗന്ദര്യത്തിനകത്ത് ഒരു ഐക്യം ഉണ്ട്. ഒരു കലാകാരനും മനുഷ്യനും എന്ന നിലയില്‍ ഈ ബഹുസ്വരതയെ ഞാന്‍ ആരാധിക്കുന്നു. എന്നാല്‍ ഇതിനകത്തേക്ക് യൂണിഫോമിറ്റി കടന്നുവന്നാല്‍ ബഹുസ്വരതയുടെ സൗന്ദര്യം നഷ്ടമാകും. എല്ലാവരും ഒരു ഭാഷ പറയുക, ഒരേ വേഷം ധരിക്കുക, ഒരേ ഭക്ഷണം കഴിക്കുക എന്ന അവസ്ഥ ദയനീയമാണ്. അങ്ങനെ ആവാതിരിക്കാന്‍, നമ്മുടെ വൈവിധ്യം ഇത്രത്തോളമുണ്ടെന്ന് കാണിക്കാനുള്ള ശ്രമമാണ് ഈ നോവല്‍.
മലയാളത്തില്‍ എഡിറ്റര്‍ എന്ന ആശയം എത്രത്തോളം പ്രധാനപ്പെട്ടതാണെന്നാണ് താങ്കളുടെ അഭിപ്രായം ?
എഡിറ്റര്‍ വേണമെന്ന് വാദിക്കുന്ന, അത് പ്രധാനപ്പെട്ടതാണെന്ന് കരുതുന്ന ഒരു എഴുത്തുകാരനാണ് ഞാന്‍. എഴുത്തുകാരന്റെ കൃതികളുടെ സൗന്ദര്യത്തെ, അതിന്റെ സത്തയെ നശിപ്പിച്ചുകളയുന്ന ആളാവരുത് എഡിറ്റര്‍. കേവലം വ്യാകരണപ്പിശകുകളും അക്ഷരത്തെറ്റുകളും തിരുത്തുകയുമല്ല ഒരു എഡിറ്റര്‍ ചെയ്യേണ്ടത്. കൃതിയുടെ കണ്ടന്റിനെ മനസ്സിലാക്കി അതിന് എത്തിപ്പെടാന്‍ പറ്റുന്ന ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്ന ആളായിരിക്കണം എഡിറ്റര്‍. അത്തരമൊരു ഉള്‍ക്കാഴ്ചയോടെയായിരിക്കണം എഡിറ്റര്‍ ഒരു കൃതിയെ സമീപിക്കേണ്ടത്. കൃതിയെപ്പറ്റി എഴുത്തുകാരനുമായി ചര്‍ച്ച നടത്തുകയും പ്രധാനപ്പെട്ടതായ തിരുത്തലുകളുണ്ടെങ്കില്‍ നിര്‍ദേശം നല്‍കുകയും ചെയ്യേണ്ടത് എഡിറ്ററാണ്. എഴുത്തുകാരന്‍ കാണാത്ത പല കാര്യങ്ങളും കണ്ടെത്താന്‍ എഡിറ്റര്‍ക്ക് കഴിയുമെന്നാണ് എന്റെ വിശ്വാസം.
സാമൂഹിക-രാഷ്ട്രീയ സംഭവങ്ങളില്‍ എഴുത്തുകാരന്റെ ഇടപെടല്‍ എങ്ങനെയായിരിക്കണമെന്നാണ് താങ്കള്‍ കരുതുന്നത് ?
അത് തീര്‍ത്തും വ്യക്തിപരമായ കാര്യമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കേരളത്തിന്റെ പശ്ചാത്തലത്തില്‍ പറയുകയാണെങ്കില്‍, വളരെ സര്‍ഗാത്മകമായി ചിന്തിക്കുന്ന പലരും സാമൂഹികപ്രശ്‌നങ്ങളില്‍ ഇടപെട്ട് സ്വന്തം അഭിപ്രായം തുറന്നുപറയുന്നവരാണ്. എന്നാല്‍ ഇത് എല്ലാ കാലത്തും എല്ലാ കലാകാരന്മാര്‍ക്കും കഴിയണമെന്നില്ല. അങ്ങനെ പറയുമ്പോള്‍ അതവരുടെ ഭീരുത്വമോ ദൗര്‍ബല്യമോ ആയി കാണരുത്.
ചിത്രകാരി ടി.കെ. പത്മിനിയുടെ കലയേയും ജീവിതത്തേയും ആസ്പദമാക്കി എടുത്ത സിനിമയാണ് പത്മിനി. ആ സിനിമ ചെയ്യാനുണ്ടായ സാഹചര്യത്തെപ്പറ്റി വിശദമാക്കാമോ ?
കൊല്‍ക്കത്തയില്‍ താമസിക്കുന്ന സന്ദര്‍ഭത്തില്‍ ഒരിക്കല്‍ ടി.കെ. പത്മിനിയുടെ ചേച്ചിയുടെ മകന്‍ ടി.കെ. ഗോപാലനെ കാണാനിടയായി. അങ്ങനെയൊരു സംസാരത്തിനിടയിലാണ് അദ്ദേഹം ചെറിയമ്മയെപ്പറ്റി ഒരു വര്‍ക്ക് വന്നാല്‍ നന്നായിരിക്കുമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നത്. അതായിരുന്നു തുടക്കം. ഒരു ഡോക്യുമെന്ററി ആയി ചെയ്താല്‍ ആരും ശ്രദ്ധിക്കില്ലെന്ന് അറിയാമായിരുന്നു. ആ കലാകാരിയുടെ ജീവിതവും സംഭാവനകളും ജനങ്ങളിലേക്ക് എത്തണമെങ്കില്‍ ഒരു സിനിമ തന്നെ എടുക്കണം.
ചുരുങ്ങിയ മുതല്‍മുടക്കില്‍ സിനിമ ചെയ്യാന്‍ ഞങ്ങള്‍ ആലോചിച്ചു. ടി.കെ. പത്മിനി എന്ന കലാകാരിയെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമേ ആ സിനിമ ചെയ്തതിലൂടെ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. ടി.കെ. പത്മിനി മരിച്ചിട്ട് അമ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ചിത്രകാരന്മാര്‍ക്കിടയില്‍ മാത്രം പരിചയമുണ്ടായിരുന്ന അവരെ പുതിയ തലമുറയ്ക്ക് കൂടി പരിചയപ്പെടുത്തിക്കൊടുക്കാന്‍ ഈ സിനിമ നിമിത്തമായി. അവരുടെ സ്മരണാര്‍ഥം എറണാകുളത്ത് ലളിതകലാ അക്കാദമി ഇപ്പോള്‍ ആര്‍ട്ട് ഗ്യാലറിയും മ്യൂസിയവും തുറന്നു. ടി.കെ. പത്മിനിയുമായി ബന്ധപ്പെട്ട ഒരുപാട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഈ സിനിമ കാരണമായിട്ടുണ്ട്.
കൊല്‍ക്കത്തയിലെ സ്ഥിരതാമസം ഏതെല്ലാം വിധത്തിലാണ് താങ്കളുടെ വ്യക്തിജീവിതത്തേയും സാഹിത്യജീവിതത്തേയും സ്വാധീനിച്ചത് ?
ഞാന്‍ ഏഴ് വര്‍ഷത്തോളമായി കൊല്‍ക്കത്തയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട്. എഴുത്തുജീവിതത്തേക്കാള്‍ വ്യക്തിജീവിതത്തെയാണ് അത് കൂടുതലായി സ്വാധീനിച്ചത്. അത് സ്വാഭാവികമായും എന്റെ എഴുത്തിലും മാറ്റങ്ങള്‍ വരുത്തി. എഴുത്തിന്റെ രീതിയില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന സുജാത എന്ന നീണ്ടകഥ അതിന് ഉദാഹരണമാണ്.
കൊല്‍ക്കത്തയിലെ ജനജീവിതം, സാഹിത്യം, രാഷ്ട്രീയം, സാമൂഹികഘടന എന്നിവയെല്ലാം സ്വാധീനിച്ചു. കൊല്‍ക്കത്തയെപ്പറ്റി പറയുമ്പോള്‍ എടുത്തുപറയേണ്ട പ്രധാനപ്പെട്ട ഒരു കാര്യം അവിടുത്തെ ചരിത്രമാണ്. കൊല്‍ക്കത്തയില്‍ എത്തിയതിനുശേഷം ഞാന്‍ ബംഗാളി സാഹിത്യത്തെ കൂടുതലായി ഫോളോ ചെയ്യാന്‍ തുടങ്ങി. മലയാളസാഹിത്യവും ബംഗാളിസാഹിത്യവും തമ്മിലുള്ള വലിയ ഒരു വ്യത്യാസം മനസ്സിലാക്കാന്‍ കഴിഞ്ഞത് അപ്പോഴാണ്. 1920-കളില്‍ ആണ് തകഴി വെള്ളപ്പൊക്കത്തില്‍ എഴുതുന്നത്. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് ആ കഥ. അതേ കാലത്തുതന്നെ സന്തോഷ്‌കുമാര്‍ ഘോഷ് എന്ന ബംഗാളി എഴുത്തുകാരന്‍ എഴുതുന്നത് തെരുവിന്റെ കഥയാണ്. എസ്.കെ. പൊറ്റക്കാട് തെരുവിനെ പശ്ചാത്തലമാക്കി നോവലെഴുതുന്നത് വര്‍ഷങ്ങള്‍ക്കുശേഷം 1960-ല്‍ ആണ് എന്നോര്‍ക്കണം. എസ്.കെ. പൊറ്റേക്കാടിന്റെ തെരുവും സന്തോഷ്‌കുമാര്‍ ഘോഷിന്റെ തെരുവും തമ്മില്‍ വലിയ അന്തരമുണ്ട്.
മലയാളസാഹിത്യത്തിലേക്ക് നഗരജീവിതത്തിന്റെ കഥകള്‍ വരാന്‍ തുടങ്ങുന്നത് 1960കളിലാണ്. മലയാളത്തില്‍ ആദ്യമായി നഗരങ്ങളെ പരിചയപ്പെടുത്തുന്ന കഥകള്‍ എഴുതുന്നത് ജയനാരായണന്‍ എന്ന എഴുത്തുകാരനാണ്. അതിനുശേഷമാണ് എം. മുകുന്ദന്‍, ആനന്ദ്, ഒ.വി. വിജയന്‍, മാധവിക്കുട്ടി, വി.കെ.എന്‍... അങ്ങനെ പലരും നഗരപശ്ചാത്തലത്തില്‍ കഥകളെഴുതി. മലയാളസാഹിത്യത്തില്‍ നഗരജീവിതം അറുപതുകളിലാണ് കടന്നുവന്നതെങ്കില്‍ ബംഗാളിസാഹിത്യത്തില്‍ അത് രണ്ട് നൂറ്റാണ്ടുകള്‍ക്കുമുമ്പേ വന്നുകഴിഞ്ഞുവെന്ന് മനസ്സിലാക്കണം. വലിയ ഒരു വ്യത്യാസമാണത്. കേരളത്തിന്റെ സാമൂഹിക വികാസം വളരെ പതുക്കെയായിരുന്നു. എന്നാല്‍ പിന്നീട് ബംഗാള്‍ പിറകിലേക്ക് പോകുകയും കേരളം വളരെ മുന്നിലേക്ക് വരികയും ചെയ്തു.
സുസ്‌മേഷ് ചന്ത്രോത്തിന്റെ പുസ്തകങ്ങള്‍ വാങ്ങാം
Content Highlights: writer Susmesh Chandroth Interview