മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന എന്റെ ചലച്ചിത്രാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പംക്തിയിലൂടെ ലോകോത്തരസിനിമകളുടെ വിസ്മയാനുഭൂതികളിലേക്ക് വായനക്കാരെ കൈപിടിച്ചു നടത്തുകയാണ് മലയാളത്തിന്റെ പ്രിയ കവയിത്രി വിജയലക്ഷ്മി. സിനിമ, ജീവിതം, സംസ്‌കാരം, ലൈംഗികത, സാഹിത്യം തുടങ്ങിയവയെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനു വിജയലക്ഷ്മി നല്കിയ പ്രത്യേക അഭിമുഖത്തില്‍ നിന്ന്.

To advertise here,

'എന്റെ ചലച്ചിത്രാന്വേഷണ പരീക്ഷണങ്ങളി'ലൂടെ ലോകസിനിമയുടെ ആത്മാവിനെ തൊട്ടറിയുകയാണ് വിജയലക്ഷ്മി. താളവൃത്തനിബന്ധമായ, ചിന്തോദ്ദീപകമായ കവിതകള്‍ക്കപ്പുറമുള്ള വിജയലക്ഷ്മിയെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കാണാന്‍ സാധിക്കുന്നു. വിജയലക്ഷ്മിയുടെ ചലച്ചിത്രാസ്വാദന വഴികളെക്കുറിച്ച്?

ഏകലവ്യന്റെ വഴി. സ്ഥലത്തെയും കാലത്തെയും മറിച്ചിട്ട് കലയുടെ അന്യഗ്രഹത്തില്‍, ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ചു പൊങ്ങിയൊഴുകി നീങ്ങാനുള്ള ത്വര. മനുഷ്യന്‍ സൃഷ്ടിച്ച ദൃശ്യസൗന്ദര്യങ്ങളുടെ അനശ്വര ലഹരിയന്വേഷിച്ചുള്ള പ്രയാണം. ഏറ്റവും  ചെറിയൊരു വീട്ടില്‍ ചെറിയൊരു മുറിയിലിരുന്നു നടത്താവുന്ന സ്വപ്നസഞ്ചാരങ്ങളുടെയും സഞ്ചാരത്തിലെ സ്വകാര്യാനുഭവങ്ങളുടെയും സഞ്ചയിക കൂടിയാണത്.

ലോകസിനിമകളെ ഒരു സ്ത്രീയുടെ ആസ്വാദനപരിധിയില്‍ തളച്ചിടുന്നില്ല 'എന്റെ ചലച്ചിത്രാന്വേഷണ പരീക്ഷണങ്ങള്‍'. ഇങ്മര്‍ ബര്‍ഗ്മാനെക്കുറിച്ചു പറയുമ്പോള്‍ സ്‌കാന്‍ഡിനേവിയന്‍ ജനതയുടെ മനോവ്യാപാരത്തെക്കുറിച്ചു പറയുന്നു, ആക്‌സല്‍ മുന്‍തെ പകര്‍ത്തിയ സ്വീഡിഷ് ജീവിതങ്ങളുടെ കഥ പറയുന്നു. ലോകസംസ്‌കാരങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണോ 'എന്റെ ചലച്ചിത്രാന്വേഷണ പരീക്ഷണങ്ങള്‍'?

placeholder
-
വിജയലക്ഷ്മിയുടെ പംക്തി വായിക്കാം

ചരിത്രവും സംസ്‌കാരവും നിരീക്ഷിക്കുക; പഠിക്കുക എന്നത് പാഷന്‍ ആയ ഒരാളാണു ഞാന്‍.  എത്ര ഭ്രമാത്മകമായാലും ഓരോ ചലച്ചിത്രവുമെന്നെ അവിടെത്തന്നെ കൊണ്ടെത്തിക്കാറുണ്ട്. ഹബ്ള്‍ ടെലസ്‌കോപ്, പില്ലേര്‍സ്സ് ഓഫ് ക്രിയേഷന്‍ തേടിയതുപോലെ, ഏകാന്തയാത്രയുടെ സായംസന്ധ്യകളെ  ത്രസിപ്പിച്ച  വിസ്മയചന്ദ്രക്കലകളെ, ശുക്രനക്ഷത്രങ്ങളെ, തമോഗര്‍ത്തങ്ങളെ പകര്‍ത്താന്‍ ശ്രമിക്കുന്നു. അനന്തവൈവിദ്ധ്യമുള്ള മനുഷ്യമനസ്സിലേയ്ക്കു അസംഖ്യം നക്ഷത്രജാലകങ്ങള്‍ തുറക്കുന്നവയാണ് ഓരോ ചലച്ചിത്രവും. അവയുടെ ആസ്വാദനം ഒരു സമയസഞ്ചാരവും.

ഉറങ്ങാത്ത പാതിരകള്‍ക്ക് കൂട്ടിരുന്ന സിനിമകള്‍. അതിലൂടെയനുഭവിച്ചറിഞ്ഞ വൈയക്തികാഹ്‌ളാദങ്ങള്‍, സ്വന്തക്കാരായി മനസ്സുമാറ്റിയെടുത്ത സംവിധായകര്‍, അഭിനേതാക്കള്‍, സ്ഥലങ്ങള്‍, സംസ്‌കാരങ്ങള്‍... വിജയലക്ഷിയെന്ന ചലച്ചിത്രാസ്വാദക സ്ത്രീ എന്ന നിലയില്‍ ഇത്തരം അനുഭവങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

കവിതയെഴുതുമ്പോളെന്നതിനേക്കാള്‍, ഞാന്‍ ജീവിച്ചിരിക്കുന്നുവെന്നു തോന്നിയത് ചലച്ചിത്രാനുഭവങ്ങള്‍ കുത്തിക്കുറിച്ചപ്പോഴാണ് . കവിതയെഴുതുമ്പോള്‍ ഈ സ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ല. സര്‍ഗ്ഗോന്മാദം പരിമിതമായിരുന്നു. മനസ്സ് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. സ്വയം മറക്കാനും മറികടക്കാനും എന്റെതന്നെ ആന്തരികയാഥാര്‍ത്ഥ്യം തിരിച്ചറിയാനും ഈ ചലച്ചിത്രാനുഭവങ്ങള്‍ കൂട്ടുവന്നു.

കവിതയും രാഷ്ട്രീയവും സംസാരിച്ചുകൊണ്ട്  കൊച്ചിയിലെ എം.ജി. റോഡിലൂടെയും ഷണ്‍മുഖം റോഡിലൂടെയും ടി.ഡി റോഡിലൂടെയും ഒരു ദിവസം മുഴുവന്‍ അലഞ്ഞുനടന്ന വിജയലക്ഷ്മിയെയും ചുള്ളിക്കാടിനെയും സദാചാരപ്പോലീസുകാര്‍ കയ്യോടെ പിടികൂടി വിവാഹം കഴിപ്പിച്ചതായി പറയുന്നു. ആ അനുഭവം ഒന്നുകൂടി ഓര്‍ത്തെടുക്കാമോ?

ഇപ്പോള്‍പ്പോലും സദാചാരക്കാര്‍ കുട്ടികളെ സംശയത്തോടെ കാണുന്നു. നാല്‍പതുവര്‍ഷം മുമ്പത്തെ കാര്യം ഊഹിക്കാമല്ലോ. ആ ഒരൊറ്റ ദിവസമേ  സംസാരിച്ചുകൊണ്ടു വഴിയില്‍ നടന്നിട്ടുള്ളൂ. കെ. എസ് രാധാകൃഷ്ണനും  ഒരു പറ്റം സുഹൃത്തുക്കളും വലയം തീര്‍ത്ത് ഞങ്ങളെ നടുവിലിരുത്തി, ഞങ്ങളുടെ സത്യം തിരക്കി. ഞങ്ങള്‍ പരിചയമായിട്ട് മൂന്നോ നാലോ മാസം ആയിക്കാണും.  ചുള്ളിക്കാട്  സച്ചിദാനന്ദന്‍ മാസ്റ്ററുടെ, നെരൂദയുടെ ഒക്കെ കവിതയെപ്പറ്റിപ്പറയും. വി.ജി.തമ്പിയും  കെ.വി.തോമസും ചേര്‍ന്നു നടത്തിയിരുന്ന രസന മാസികയെപ്പറ്റിപ്പറയും. അന്ന് ശിഥിലമായിക്കൊണ്ടിരുന്ന ചില സാംസ്‌കാരിക സംഘടനകളെക്കുറിച്ച് ആശങ്കപ്പെടും. സിവിക് ചന്ദ്രന്‍, ടീകേ മാഷ്, മധുമാഷ് ,ടീയെന്‍ ജോയ്, സി.എന്‍.കരുണാകരന്‍, മറ്റുസ്‌നേഹിതര് ഇതൊക്കെ വിഷയങ്ങളാവും. വാചാലനായ ചുള്ളിക്കാടിനു  ഞാനൊരു നല്ല ശ്രോതാവായി.

ഞാനോ? എനിക്കന്ന് ലോകം സെന്റ് തെരേസാസ് കോളജാണ്. അവിടെ എന്റെ അധ്യാപികയായിരുന്ന  നന്ദിനി മിസ്സിനെപ്പറ്റിപ്പറയും(യശശ്ശരീരനായ ദുഃഖാത്മാവ് ഈച്ചരവാരിയരുടെ മകള്‍). അത്തരം ചിന്തകള്‍, ആശങ്കകള്‍, ആകുലതകള്‍ ഇതൊക്കെ പങ്കുവയ്ക്കും. വ്യക്തിപരമായിട്ട് ഒന്നും ചിന്തിച്ചിരുന്നില്ല. വിദ്യാര്‍ത്ഥികളായിരുന്നല്ലോ ഞങ്ങള്‍. ഞങ്ങള്‍ക്കും അത്രയൊന്നും ചിന്തയുണ്ടായില്ല. അവര്‍ പറഞ്ഞു,  ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. സംസാരം തുടരാമല്ലോ എന്നേ കരുതിയുള്ളു. പിന്നെ, മഹാരാജാസ് കോളജില്‍ മെന്‍സിലും വിമന്‍സിലും; ഹോസ്റ്റലുകളില്‍  വിദ്യാര്‍ത്ഥികളായി ജീവിച്ചു. ഒരുമിച്ചു ജീവിച്ചത് എനിക്ക് പോസ്റ്റാഫീസില്‍ ജോലി കിട്ടിയ ശേഷമാണ്. വീട് എന്നാല്‍ ചെലവ് എന്നാണല്ലോ അര്‍ത്ഥം. വിവാഹം രജിസ്റ്റര്‍ ചെയ്തതോടെ, ഞങ്ങളുടെ സംസാരത്തെ, സൗഹൃദത്തെ ആ സുഹൃത്തുക്കള്‍ അംഗീകരിച്ചു. അന്നേവരെ അപരിചിതരായിരുന്ന അവരെല്ലാം അതോടെ എന്നേയും സംഘത്തിലെടുത്തു. അവര്‍  നടത്തിയ വിവാഹം എനിക്ക് അറ്റമില്ലാത്ത സ്വാതന്ത്ര്യവും ഏകാന്തതയും തന്നു; എന്നേക്കുമായി കവിയാക്കി.

placeholder
-

ചുള്ളിക്കാട് എന്നും ഉറ്റചങ്ങാതി ആയിരുന്നു. അന്നും ഇന്നും അതേ. അദ്ദേഹത്തിനു നിരവധി സുഹൃത്തുക്കളുണ്ട്. അവരില്‍ ഇന്നര്‍ സര്‍ക്കിളില്‍ ഒരാള്‍ ഞാനും. വിവാഹം ചെയ്തു, ഒരേ വീട്ടില്‍ കഴിയുന്നു. സൗഹൃദവും പരസ്പരമുള്ള ആദരപൂര്‍ണ്ണമായ സമീപനവും സമാധാനപരമായ സഹവര്‍ത്തിത്വമായി മാറി. 

വിജയലക്ഷ്മിയുടെ ചലച്ചിത്രോന്മാദങ്ങള്‍ക്ക് ഒരു രാത്രിമൂങ്ങ ഇരതേടുന്നതിലെ ജാഗ്രതയുണ്ട്, ആവേശമുണ്ട്, വിശപ്പുണ്ട്. സംതൃപ്തിയോ?

വിതയ്ക്കാത്ത, കൊയ്യാത്ത, പാടിപ്പറന്നുപോകുന്ന കിളിയുടെ സംതൃപ്തിയുണ്ട്.  ഇതിനെ മറികടക്കുന്ന ഒരാനന്ദം ജീവിതത്തിലുണ്ടായിട്ടില്ല. വായനക്കാര്‍  അഭിപ്രായം അറിയിക്കാറുണ്ട്. ചിലര്‍ ആ ചലച്ചിത്രങ്ങള്‍ തേടിപ്പിടിച്ച് ആസ്വദിക്കും. ചിലര്‍  ഞാനാസ്വദിച്ച ഗാനങ്ങള്‍ കേള്‍ക്കും. ഇനിയും ചിലര്‍  അതില്‍ പരാമര്‍ശിക്കുന്ന എഴുത്തുകാരെ തേടിപ്പിടിച്ചു വായിക്കും. ചരിത്രവും സംസ്‌കാരവും തേടും.  കൂടെ  ഇവരുള്ളത് എന്റെ ഉന്മാദങ്ങളെ സംതൃപ്തമാക്കുന്നു. എന്നെ ശമിപ്പിക്കുന്നു. എനിക്ക് പ്രചോദനമാകുന്നു.

ലോകരാജ്യങ്ങളുടെ രാഷ്ട്രീയം, പൈതൃകം, ജീവിതം, സൈക്കോളജി ഇവയെല്ലാം കടന്ന് വിജയലക്ഷ്മിയിലെ ആസ്വാദക സ്വവര്‍ഗാനുരാഗത്തിലെത്തിയിരിക്കുന്നു. LGBTQ ആവിഷ്‌കാരങ്ങളെക്കുറിച്ച്?

LGBTQ സ്‌നേഹങ്ങളെ വളരെയേറെ പിന്തുണയ്ക്കുന്നു, ഇഷ്ടപ്പെടുന്നു. അതിനാല്‍ അത്തരം ചലച്ചിത്രങ്ങള്‍ തപ്പിയെടുത്തു കാണും, അവരുടെ യാതനകളും വേദനകളും അറിയുവാന്‍, ചരിത്രവും സംസ്‌കാരവും സ്‌നേഹത്തോടു ചെയ്ത കൊടുംക്രൂരതകളറിയുവാന്‍. എത്രയെത്ര മനുഷ്യരുടെ കണ്ണീരും  ചോരയും ആത്മഹത്യയും വേണ്ടിവന്നു ഇന്നവര്‍ക്കു സമൂഹത്തിലൊരിടം ( അതും എല്ലാ രാജ്യത്തുമില്ല)  നേടിയെടുക്കാന്‍.  ബ്രോക്ബാക് മൗണ്ടനും ഹോള്‍ഡിംഗ് ദ മാനും ഒക്കെ അങ്ങനെ അലിവോടെ ആസ്വദിച്ചവയാണ്.

ഒരു ലെസ്ബിയന്‍ ചൂര് നിറഞ്ഞ വായനനാനുഭവമായിരുന്നു വിജയലക്ഷ്മി എഴുതിയ 'സ്വവര്‍ഗാനുരാഗത്തിന്റെ അഭ്രവസന്തങ്ങള്‍'.

ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു ലെസ്ബിയന്‍ ജീവിതം ബൈസെക്ഷ്വലായി വിവര്‍ത്തനം ചെയ്യപ്പെടുന്നു. എല്ലാ കവിതയും നഷ്ടപ്പെട്ട ഒരു ശുഷ്‌കതര്‍ജ്ജമ. എലിസ ആന്‍ഡ് മാര്‍സ്സല  എന്ന സ്പാനിഷ് പടം കണ്ട് ഒരുപാട് സങ്കടപ്പെട്ടു.  സിനിമയ്ക്കായും അല്ലാതേയും. പങ്കാളി ഒരു സ്ത്രീ ആയിരുന്നെങ്കില്‍ എന്ന് ഒരുപാട് നൊന്ത് ആഗ്രഹിച്ചിട്ടുണ്ട്. അപ്പോഴും ഒരു സങ്കടം ബാക്കിയാവും. എന്റെ ക്ലോണ്‍ തന്നെയായ എന്റെ മകനെ കിട്ടില്ലല്ലോ. പ്രശസ്ത കവി ഹരിവംശ റായ് ബച്ചന്‍ തന്റെ മകന്‍ അമിതാഭിനെ വിശേഷിപ്പിച്ചതുപോലെ, എന്റെ ഏറ്റവും നല്ല കവിത. അതുകൊണ്ട് സ്വന്തമനുഭവത്തില്‍  ഈ പൊരുത്തപ്പെടലിനെ  ശരിവയ്ക്കുന്നു, ഇതിനോടു ചേര്‍ന്നുനില്‍ക്കുന്നു.

'മുഴുവന്‍ ഏഷ്യയിലേയും യഥാര്‍ഥപുരുഷന്മാരില്‍ ഒരാള്‍പോലുമില്ല എന്റെ സങ്കല്പദേവാലയത്തില്‍ കടന്നതായി' എന്നെഴുതുന്നു വിജയലക്ഷ്മി. അത്രയ്ക്കും വന്യയാണോ ഉള്ളിന്റെയുള്ളിലെ സ്ത്രീ?

മഹത്തായ സ്ത്രീസൗന്ദര്യമാണ് എന്നും എന്നെ ഉണര്‍ത്തുക. ചിത്രത്തിലും ശില്‍പത്തിലും ചലച്ചിത്രത്തിലും യഥാര്‍ത്ഥജീവിതത്തിലും. അത്ര സുന്ദരിയായ ഒരുവളുടെ അരികെ നില്‍ക്കേണ്ടിവന്നാല്‍ ഞാനൊരാലിലപോലെ വിറയ്ക്കും. വിറച്ചിട്ടുണ്ട് 

പലായനങ്ങളുടെ കഥകളാല്‍ സമ്പന്നമാണ് ലോകസിനിമ.

ലോകസിനിമ മാത്രമല്ല മനുഷ്യചരിത്രം തന്നെ വലിയൊരു പലായന കഥയാണ്. നിയാണ്ടര്‍ത്താലുകളും ഡെനിസോവന്‍ മനുഷ്യരും പല കാലത്തായി പാര്‍ത്തിരുന്ന സൈബീരിയന്‍ ഗുഹപോലെ തന്നെ ഭൂമിയും. അലയാന്‍ വിധിക്കപ്പെട്ട സ്പീഷീസ്. ആഭ്യന്തരകലഹങ്ങള്‍ കൊണ്ട്, രാഷ്ട്രീയമായ പതനം കൊണ്ട്, മനുഷ്യവംശം മുഴുവനും അലയുന്ന കാലം വിദൂരമല്ല. ഭരണാധികാരികള്‍ തന്നെ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്ത മദ്ധ്യ അമേരിക്കന്‍ ജനതയെ നോക്കൂ, അവരുടെ പലായനം, ലോകപലായനത്തിന്റെ നിരക്കിന്റെ മൂന്നു മടങ്ങാണ്‌. കുത്തകകള്‍ വിഴുങ്ങിയ രാഷ്ട്രങ്ങള്‍, ഭരണാധികാരികള്‍ തന്നെ ആഭ്യന്തരകലാപങ്ങള്‍ സൃഷ്ടിച്ച് സ്വന്തം ജനതയെ വെടിവച്ചുകൊല്ലുന്ന രാഷ്ട്രങ്ങള്‍ ഉടനെ നശിക്കും. ജനത അലയും. ചെറുതും വലുതുമായ പലായന സിനിമകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. ചരിത്രം കാണിച്ചു തരുന്നതാണിത്.

'എന്റെ ചലച്ചിത്രാന്വേഷണ പരീക്ഷണങ്ങളി'ല്‍ പാതിരകളെ ഉര്‍വരമാക്കിയ ഇന്ത്യന്‍ സിനിമകളൊന്നുമില്ലേ?

സത്യജീത് റായ്, റിത്വിക് ഘടക്, മൃണാള്‍ സെന്‍ ,അപര്‍ണ്ണ സെന്‍, ഋതുപര്‍ണ്ണ ഘോഷ്, അനിരുദ്ധ റായ് ചൗധരി, ഗിരിഷ് കര്‍ണാഡ്, ജി. അരവിന്ദന്‍ ഒക്കെയുണ്ട്. ദീദി ദാമോദരനും ഗുല്‍മോഹറും ഉണ്ട്. ഇന്ത്യന്‍ സ്ത്രീകള്‍ എഴുതിയ, എടുക്കുന്ന സിനിമകളെ ഏറെ ആദരിക്കുന്നു. ദീദി ഞങ്ങളൊക്കെ അഭിമാനത്തോടെ നെഞ്ചേറ്റുന്ന തിരക്കഥാകൃത്ത്. പെണ്‍ എഴുത്തുകാരിയെ എങ്ങിനെ സിനിമ കൊത്തിത്തറയ്ക്കുമെന്നത് അങ്ങനെയൊരെഴുത്തുകാരിയുടെ വരവറിയിച്ച ദീദിയുടെ ഗുല്‍മോഹറില്‍ കാണാം. എഴുതിയ തിരക്കഥയല്ല സിനിമയാക്കപ്പെടുന്നത്. അച്ചടിച്ച തിരക്കഥയില്‍ നിന്നും ആണ്‍ എഡിറ്റിങ്ങ് കഴിഞ്ഞ് സിനിമയാകുന്നിടത്തു ചോര്‍ന്നു പോകുന്നതെന്തോ അതുതന്നെ പെണ്‍ സ്വപ്നം.

സ്ത്രീ സിനിമക്കായുള്ള പോരാട്ടം മലയാള സിനിമയില്‍ ഡബ്യു.സി.സി. 2017-ല്‍ ഉണ്ടായതു മുതല്‍ക്കോ നടി ആക്രമിക്കപ്പെട്ടതു മുതല്‍ക്കോ തുടങ്ങിയതല്ല. അതു 1928-ല്‍ ആദ്യസിനിമ വിഗതകുമാരില്‍ ആദ്യനായിക റോസിയുടെ ദുരന്തകഥ മുതല്‍ തുടങ്ങുന്നു. ഓരോ സിനിമയും ഒരു  ഇടത്തിനുവേണ്ടിയുള്ള പെണ്‍ബലികളുടെ മൂശയാണ്.  മഴവില്‍ ലിംഗങ്ങളെക്കുറിച്ച് ഋതുപര്‍ണ്ണ ഘോഷ് പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമയില്‍ സംസാരിച്ചു തുടങ്ങുംമുമ്പ് 2008-ല്‍ പറയാന്‍ ശ്രമിച്ച ദീദിയുടെ ഗുല്‍മോഹറിന് സംഭവിച്ചത് ആ നിലയ്ക്ക്, ഒരു റേപ്പ് തന്നെ. ദീദി എഴുതി സംവിധാനവും ചെയ്ത് ഇറങ്ങുന്ന, സ്ത്രീപങ്കാളിത്തംകൊണ്ട് മാതൃകയാവുന്ന ഒരു  സിനിമയെ, സ്വപ്നം കാണുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. എന്നെ ജീവിപ്പിക്കുന്നത് അത്തരം സ്വപ്നങ്ങള്‍ കൂടിയാണ്.

വിജയലക്ഷ്മിയുടെ പംക്തി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിക്കാം

ContentHighlight: Malayalam poet Vijayalakshmi interview