കെ.ടി മുഹമ്മദിന്റെ സൃഷ്ടി എന്ന നാടകം കണ്ട് അമ്പരന്നുപോയ പെണ്‍കുട്ടി പിന്നെ സൃൃഷ്ടിയിലെ കഥാപാത്രമായി, കെ.ടിയുടെ ജീവിതപങ്കാളിയായി, മകന്റെ അമ്മയായി. പിന്നെ പറയാനിഷ്ടമില്ലാത്ത കാരണത്താല്‍ വേര്‍പിരിഞ്ഞുപോയി. നടി സീനത്തിനോട് കെ.ടി മുഹമ്മദിനെക്കുറിച്ച് ചില ചോദ്യങ്ങള്‍. 

കെ.ടി എന്ന ഗുരുവിനെക്കുറിച്ച്?

നാടക റിഹേഴ്‌സല്‍ നടക്കുമ്പോള്‍ ക്ഷീണം മറന്നു ഞങ്ങള്‍ക്ക് അഭിനയിച്ചു കാണിച്ചു തരും.സമയത്തിന്റെ കാര്യത്തില്‍ കൃത്യനിഷ്ടത പാലിക്കുന്ന ആളായിയുന്നു.
കെ.ടിയ്ക്കു വേണ്ടി ആരും കാത്തിരിക്കുന്നതും കെ ടി ആര്‍ക്കു വേണ്ടിയും കാത്തിരിക്കുന്നതും ഇഷമായിരുന്നില്ല. പുതിയ നാടകം അരങ്ങേറുമ്പോള്‍ അവസാനനിമിഷം വരെ ശ്വാസം അടക്കിപിടിച്ചു ഒരു കുട്ടിയുടെ ആകാംക്ഷയോടെ സ്റ്റേജിന്നു പിന്നില്‍ കാത്തിരിക്കും. ജനങ്ങളുടെ കയ്യടി വീണാല്‍ ആ മുഖം വികസിക്കും...

കെ.ടി എന്ന ജീവിതപങ്കാളിയെക്കുറിച്ച്?

ജീവിത പങ്കാളി... ശരിക്കും എന്റെ മനസ്സില്‍ എന്റെ ഗുരു തന്നെ ആയിരുന്നു എന്ന് തോന്നുന്നു.അല്ലെങ്കില്‍ വീട്ടില്‍ എല്ലാവരും ബഹുമാനിക്കുന്ന...തെറ്റുകണ്ടാല്‍ വഴക്ക് പറയുന്ന... അങ്ങനെയൊരാള്‍.

എന്തായിരുന്നു അദ്ദേഹത്തിന്റെ മഹത്വം?

കെ.ടി യുടെ മഹത്വം.. അത് എന്നെക്കാളും നന്നായി നാടകം ഇഷ്ടപ്പെടുന്ന ഏതൊരു മലയാളിക്കും അറിയാം.അത് കെ. ടി എഴുതിയ ഓരോ കൃതികളിലും തെളിഞ്ഞു കാണാം.

'ഒരു പ്രത്യേക സാഹചര്യത്തില്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു' എന്നാണ് സീനത്ത് പറഞ്ഞത്. എന്തായിരുന്നു ആ വേര്‍പിരിയലിനു കാരണം?

വീണ്ടും വീണ്ടും അത് പറയുന്നതില്‍ അര്‍ത്ഥമില്ല. മാത്രമല്ല മറുപടി പറയാന്‍ ഇന്ന് കെ.ടി  ജീവിച്ചിരിപ്പില്ല. ഞാന്‍ എന്റേതായ വഴി തെരെഞ്ഞെടുക്കയും ചെയ്തു. ഒന്ന് മാത്രം പറയാം ജീവിക്കാന്‍ മറന്നു പോയ-കുടുംബത്തെ ഒരു പാട് സ്‌നേഹിച്ച, അനുജനെ സഹോദരിമാരെ.. അവരുടെ മക്കളെ എല്ലാവരെയും ഒരുപാട് സ്‌നേഹിച്ച, കള്ളത്തരങ്ങളും കപടതയും ഇല്ലാത്ത  സാധാരണക്കാരോട് കൂട്ടുകൂടാന്‍ ഇഷ്ട്ടമുള്ള കുട്ടികളുടെ മനസ്സുള്ള ഒരു വലിയ  കലാകാരന്‍; നാടകാചര്യന്‍, അതായിരുന്നു കെ ടി.

കെ.ടിയുടെ സ്നേഹം മുഴുവന്‍ നാടകത്തോടായിരുന്നോ?അങ്ങനെ തികച്ചും കലാസ്നേഹിയായ ഒരു മനുഷ്യന്‍ കലയ്ക്കപ്പുറം ജീവിതം കണ്ടില്ല എന്നു പറഞ്ഞാല്‍?

ജീവിതത്തേക്കാള്‍ നാടകകത്തെ  സ്‌നേഹിച്ച  ആള്‍ എന്ന് വേണമെങ്കില്‍ പറയാം.

അഭിമാനിയായിരുന്ന കെ.ടിയെക്കുറിച്ച്?

തീര്‍ച്ചയായും അഭിമാനി ആയിരുന്നു കെ ടി.ആരോടും കണക്കു പറഞ്ഞു കാശുപോലും വാങ്ങിയിരുന്നില്ല. അതുകൊണ്ട് തന്നെ കെ.ടി യെ പലരും ഉപയോഗിച്ചിട്ടിട്ടുണ്ട്. അവസാനനാളുകളില്‍   ശരീരികമായും സാമ്പത്തികമായും ബുദ്ധിമുട്ടിയപ്പോള്‍പോലും അഭിമാനം വിട്ടില്ല. ആരോടും സഹായം ചോദിച്ചില്ല. അഭിമാനത്തോടെ തന്നെ കെ.ടി എന്ന ആ മഹാന്‍ ഈ ലോകത്തുനിന്നും യാത്രയായി.

മുന്‍ശുണ്ഠിക്കാരനും വാശിക്കാരനുമായിരുന്ന കെ.ടിയെക്കുറിച്ച്?

തീര്‍ച്ചയായും മുന്‍ശുണ്ഠി ഉണ്ടായിരുന്നു.കെ.ടിയ്ക്കു നല്ല അടുക്കും ചിട്ടയും ആയിരുന്നു. പത്രം വായിച്ചാല്‍ ശരിക്കു മടക്കിവച്ചില്ലെങ്കില്‍ ഒക്കെ നല്ല വഴക്ക് പറയും.
 
അവസാന നാളുകളില്‍ ഒറ്റപ്പെട്ടുപോയ കെ.ടിയെക്കുറിച്ച്?

അതോര്‍ക്കുമ്പോള്‍ നല്ല വിഷമം ഉണ്ട്. ജീവിതമല്ലേ ആര്‍ക്കും അത് എപ്പോള്‍ വേണമെകിലും സംഭവിക്കാം. ഒരുമിച്ചു ജീവിക്കാന്‍ പറ്റാത്തവര്‍ പിരിയും. കാര്യം അറിയാതെ കുറ്റം പറയുന്നവര്‍ ധാരാളം ഉണ്ടാകും. അതിനൊന്നും ഞാന്‍ ഉത്തരം പറയാറില്ല. പക്ഷേ സഹോദരിയുടെ മരണം ശരിക്കും കെ. ടി യെ തളര്‍ത്തിയിരുന്നു. എന്നാല്‍ മോന്‍ അവന്‍ അവന്റെ ഉപ്പച്ചിയെ കുഞ്ഞുങ്ങളെപ്പോലെ നോക്കി. ആ ഭാഗ്യം കെ.ടിയ്ക്കു കിട്ടി.

കെ.ടിയുടെ ജീവിതത്തിലേക്ക് തിരികെ വരാന്‍ സീനത്ത് ആഗ്രഹിച്ചിരുന്നോ?

ഇല്ല. എന്നാല്‍ എന്റെ മകനിലൂടെ ഞാന്‍ കൂടെത്തന്നെ ഉണ്ടായിരുന്നു. അവനിലൂടെ എല്ലാം ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്നും എപ്പോഴും അവനു ഒരു ശക്തിയായി കൂടെ നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.  

കെ.ടിയുടെ 'സൃഷ്ടി'യിലെ പെണ്‍കുട്ടി ഇന്ന് സംവിധായിക വരെ ആയിരിക്കുന്നു. കെ.ടിയോട് കടപ്പാടുണ്ടോ?

തീര്‍ച്ചയായും. കലയെ ഇത്രയും ഗൗരവത്തോടെ കാണാന്‍ കഴിയുന്നത് തുടക്കം കെ.ടി യുടെ കൂടെ ഉള്ള ജീവിതം തന്നെയാണ്. എന്റെ കലാജീവിതത്തിലെ അടുക്കും ചിട്ടയും അതുതന്നെയാണ്. ആരുടെ മുന്നിലും തലകുനിക്കാനുള്ളതല്ല നമ്മുടെ ജീവിതം എന്ന് തിരിച്ചറിഞ്ഞ് ആര്‍ക്കും വിട്ടുകൊടുക്കാതെ ഞാന്‍ ജീവിക്കുന്നതും അതുതന്നെ ആവാം.
ഞാന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം ഓര്‍ത്തത് കെ.ടി യെ തന്നെ ആയിരുന്നു. അതൊരു ചെറിയ തമാശ ആണ്. ഒരിക്കല്‍ ഞാന്‍ കെ.ടി യോട് ചോദിച്ചു. ഈ സിനിമ സംവിധാനം ചെയ്യാന്‍ എളുപ്പമാണോ? അതൊരു ഒരു പതിനെട്ടുകാരിയുടെ നിഷ്‌കളങ്കമായ ചോദ്യമായിരുന്നു. പെട്ടെന്നുള്ള ചോദ്യത്തില്‍ കെ. ടി ഒന്ന് അമ്പരന്നു. പിന്നെ എന്നെ നോക്കി ഒന്ന് ചിരിച്ചു. എന്നിട്ട് പതുക്കെ പറഞ്ഞു: രണ്ടു തരത്തിലുള്ളവര്‍ക്ക് സിനിമ ചെയ്യാം, ഒന്ന്  സിനിമയെ പറ്റി  അറിവുള്ളവര്‍ക്ക്. ഉടനെ ഞാന്‍: രണ്ടാമത്തെയോ?
 കെ.ടി പറഞ്ഞു:''സിനിമ എന്താണെന്ന് അറിയാത്തവര്‍ക്ക്..'' എന്നിട്ട് സിഗരറ്റ് വലിച്ചു പുക ഊതി പുറത്തേക്കു നോക്കി ഇരുന്നു.
എനിക്ക് ഒന്നും മനസ്സിലായില്ല. വര്‍ഷങ്ങള്‍ എടുത്തു കെ.ടി പറഞ്ഞതിന്റെ  അര്‍ത്ഥം മനസ്സിലാക്കാന്‍.

ഇപ്പോള്‍ ഞാന്‍ എഴുതി സംവിധാനം ചെയ്ത രണ്ടാംനാള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഇരിക്കുമ്പോള്‍ ഈ വാക്കുകള്‍ ഓര്‍മ വന്നു.ഇതില്‍ ഏത് ഗണത്തില്‍ ഞാന്‍ വരുമെന്ന് എന്റെ സിനിമ കാണുന്നവര്‍ തീരുമാനിക്കട്ടെ. ഞങ്ങളുടെ മകന്‍ ജിതിന്‍ അതില്‍ പ്രധാന കഥാപാത്രം ചെയ്തിട്ടുണ്ട്.  അത് കാണാന്‍ കെ. ടി ജീവിച്ചിരിപ്പില്ല എന്ന ദുഃഖമുണ്ട്.

കെ. ടി ക്കു വേണ്ടി എന്ത് ചെയ്തു?

പരസ്പരം ആരും ആര്‍ക്കു വേണ്ടിയും ഒന്നും ചെയ്തില്ല. എന്നാല്‍ കെ.ടി ക്കു ശേഷം കെ.ടി യുടെ ഒരു പിന്‍തലമുറ. കെ.ടി മുഹമ്മദിന്റെ മകന്‍ ഇതാ എന്ന് ലോകത്തോട് പറയാന്‍ ഞാന്‍ ഒരു വലിയ സമ്മാനം കൊടുത്തു. ജിതിന്‍ മുഹമ്മദ് എന്ന സ്‌നേഹസമ്പന്നനായ മകന്‍. അതുപോരെ? 

Content Highlights: Interview with Actress Seenath ExWife of KT Muhammed