തെങ്കിലുമൊരു ദേവത ഛായാഗ്രഹണകലയ്ക്ക് മാത്രമായുണ്ടെങ്കില്‍ ആ ദേവതയെ ഏറ്റവും പ്രസാദിപ്പിച്ചവരില്‍ ഒരാള്‍ റസാഖ് കോട്ടയ്ക്കലാണ്. വെളിച്ചവും നിഴലുകളും വര്‍ണങ്ങളും ഇടകലര്‍ത്തി റസാഖ് രൂപപ്പെടുത്തിയ ഛായാപടങ്ങള്‍ കാവ്യാത്മകവും ക്ലാസിക് പെയിന്റിങ്ങുകള്‍പോലെ ഭാവതീവ്രവുമായിരുന്നു. തന്റെ സൂക്ഷ്മദൃക്കായ ക്യാമറയിലൂടെ അവന്‍ ചുറ്റിലുമുള്ള മനുഷ്യരെയും ലോകത്തെയും നോക്കിക്കണ്ടത് സവിശേഷമായ ഒരു രീതിയിലാണ്. അതിന്റെ സാഫല്യമായി അനിതരസാധാരണങ്ങളായ അനേകമനേകം പ്രതിച്ഛായകള്‍ രൂപംകൊണ്ടു. അവയൊക്കെ ദൃഷ്ടാക്കള്‍ക്ക് സചേതനങ്ങളായി അനുഭവപ്പെടും. ഓരോന്നിലെയും ജീവല്‍സ്പന്ദം സ്പര്‍ശിക്കാതെ അറിയാം.

ഒരു ഛായാഗ്രാഹകന്‍ അല്പം ഉന്മാദിയാകുന്നത് നല്ലതാണെന്ന് സ്വയം തത്ത്വവത്കരിച്ചിട്ടില്ലെങ്കിലും റസാഖ് പലവേളകളിലും പാതിയുന്മാദിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഉന്മാദത്തില്‍ അടങ്ങിയ സൃഷ്ട്യുന്മുഖത അവന്‍ രചനകളിലൂടെ സാക്ഷാത്കരിച്ചിരുന്നു. ഭ്രാന്തമായ കഥകള്‍ പറഞ്ഞതും എഴുതിയതും അതിന്റെ ഭാഗമായാണ്. കല്പിതങ്ങളായ കഥകള്‍ മെനഞ്ഞ്, പ്രത്യേകിച്ചും സ്വന്തം ജീവിതത്തെക്കുറിച്ച്, അവ യാഥാര്‍ഥ്യങ്ങളാണെന്ന് എന്നെ വിശ്വസിപ്പിക്കാന്‍ അവനു കഴിഞ്ഞിരുന്നു. അവയില്‍ ചിലത് എന്റെ ഓര്‍മയിലുണ്ട്. ഇല്ല, ഞാനവ എടുത്തെഴുതാന്‍ ഉദ്ദേശിക്കുന്നില്ല. എഴുതപ്പെടാത്ത ആത്മകഥയിലെ വേദനാജനകങ്ങളായ ഏടുകളായി, അവന്‍ നിര്‍വികാരതയോടെ പറഞ്ഞുകേള്‍പ്പിച്ച കഥകള്‍ അതേപടി മനസ്സില്‍ സൂക്ഷിക്കട്ടെ. അവ വെറും കഥകളാണെന്നും ജീവിതവുമായി യഥാര്‍ഥത്തില്‍ ബന്ധപ്പെടാത്തവയാണെന്നും എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ ആ ഉദ്യമത്തില്‍ വിജയിച്ചില്ലെന്നതാണ് നേര്. റസാഖ് ഒരു പ്രഹേളികയായി തുടര്‍ന്നു. ഇടതൂര്‍ന്ന മുടി ചീകിയൊതുക്കാതെ, വേഷപ്പകര്‍ച്ചയില്ലാതെ, ഉള്ളിലെന്തൊക്കെയോ വ്യഗ്രതകളുമായി അവന്‍ കോഴിക്കോടിന്റെ പാതകളിലൂടെ അലയുമ്പോള്‍ പലപ്പോഴും ഞനുമുണ്ടായിരുന്നു കൂടെ.

cv balakrishnan
സി.വി ബാലകൃഷ്ണന്‍. ഫോട്ടോ- റസാഖ് കോട്ടക്കല്‍

മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്കുമുന്നിലുള്ള ഒരു പാതയോര റസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിച്ചശേഷം റസാഖിനെ ബസ് കയറ്റിവിട്ട് മുറിയിലേക്ക് തിരിച്ചെത്തിയ ഒരു പാതിരാവിലെ അനുഭവം എന്റെ ഓര്‍മയിലുണ്ട്. ടൂറിസ്റ്റ് ഹോമിലെ മുറിയുടെ അടഞ്ഞവാതിലില്‍ തുടരെ മുട്ടുകേട്ട് ഞാന്‍ പകച്ചുണര്‍ന്നു. നേരം ഒരുമണിയോടടുത്തിരിക്കണം. കോഴിക്കോട് രാത്രിയില്‍ ഉറങ്ങാറില്ലെന്നറിയാം. ബിരിയാണിക്കു പേരുകേട്ട ബോംബെ ഹോട്ടല്‍പോലെ രാത്രി മുഴുവനും തുറന്നിരിക്കുന്ന ഒട്ടേറെ ഭക്ഷണശാലകള്‍ നഗരത്തിലുണ്ട്. പാതകളില്‍ ഏതു യാമത്തിലും ആള്‍സഞ്ചാരമുണ്ടാകും. നഗരത്തിന് രാവുകളെല്ലാം നിദ്രാവിഹീനങ്ങളാണ്. എന്നാല്‍, നേരത്തേ ഉറങ്ങുന്ന ശീലക്കാരനായ എനിക്ക് വൈകിയവേളയിലെങ്കിലും ഒന്നു കണ്ണുചിമ്മേണ്ടേ? ഉറക്കംകെടുത്തിക്കൊണ്ട് വാതിലില്‍ മുട്ടുന്നതാരാണ്?

പല നഗരങ്ങളിലും വാടകമുറികളില്‍ പാര്‍ക്കുമ്പോള്‍ രാത്രിനേരങ്ങളില്‍ അസമയത്ത് വാതിലില്‍ മുട്ടുകേട്ടിട്ടുണ്ട്. വാരസ്ത്രീകളാവാം. അവരുടെ ദല്ലാള്‍മാരാവാം. സ്വവര്‍ഗാനുരാഗികളെ തേടുന്ന ആണ്‍കുട്ടികളോ യുവാക്കളോ ആവാം. അവരിലാരോടും അനുഭാവം കാട്ടാറില്ലാത്ത ഞാന്‍ ഉറക്കത്തെ കുടഞ്ഞകറ്റി വാതില്‍ തുറന്നത് നെഞ്ചിടിപ്പോടെയാണ്.

ഭയപ്പെട്ടതൊന്നുമല്ല.

ഇടനാഴിയില്‍ റസാഖ് നില്‍ക്കുന്നു

തിരിച്ചുവന്നിരിക്കയാണ്.

''പോകാന്‍ തോന്നുന്നില്ലിഷ്ടാ. ഞാന്‍ കുറച്ചു ചെന്നപ്പോ ബസ്സീന്നിറങ്ങി ഒരു ഓട്ടോ പിടിച്ച് വന്നു''

''ഉറങ്ങണ്ടേ''

''ഉറങ്ങാതിരിക്കാനുള്ള മരുന്ന് ഇടയ്‌ക്കൊരിടത്തുനിന്ന് സംഘടിപ്പിച്ചിട്ടുണ്ട്''

''ഈ നേരത്തോ?''

''ഓ, ഇതിനുവല്ല നേരവും കാലവും ഉണ്ടോ? ഞാനൊരു കക്ഷിയെ വിളിച്ചുണര്‍ത്തി. ഉറങ്ങണമെന്നില്ലല്ലോ, അല്ലേ?''

എനിക്ക് ഉറങ്ങണമെന്നുണ്ടായിരുന്നു. പക്ഷേ, ഉറങ്ങണമെന്ന ആഗ്രഹം നിറവേറ്റാനുള്ള വിദൂരസാധ്യതപോലും റസാഖ് തള്ളിക്കളഞ്ഞു. രാവ് നിദ്രാവിഹീനമായി. ഉറക്കം കനംതൂങ്ങുന്ന കണ്‍പോളകളോടെ ഞാന്‍ റസാഖിനൊപ്പം ഇരുന്നു. ഏറെ അകലെയല്ലാതെ പാരാവാരത്തിരകള്‍ ഇരമ്പി.

ഏതോ ഒരു പ്രഭാതത്തില്‍, അത് വളരെ മനോഹരമായിരുന്നു, ഞങ്ങള്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങി. തിരക്കിലൂടെ പുറത്തുകടന്ന് ഒരു ടാക്‌സിയില്‍ പാംഗ്രോവ് എന്ന ഹോട്ടല്‍ ലക്ഷ്യമാക്കി യാത്രതിരിച്ചു. നഗരത്തില്‍ ഒരു ദൗത്യം പൂര്‍ത്തീകരിക്കാനുണ്ടായിരുന്നു.

മമ്മൂട്ടിയെ കാണേണ്ടതുണ്ട്. ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് മേനോനെ കാണണം. പിന്നെ എഗ്മോറിലെ വസതിയില്‍ച്ചെന്ന് മോഹന്‍ലാലിനെയും.

മൂന്ന് കൂടിക്കാഴ്ചകളും ഉദ്ദേശിച്ചപ്രകാരംതന്നെ നടന്നു. ഓരോന്നും വ്യത്യസ്തമായ അനുഭവമായിരുന്നു. അതില്‍ ഏറ്റവും രസകരമായത് മോഹന്‍ലാലിന്റെ വീടുകണ്ടെത്താനുള്ള അലച്ചിലാണ്. ടാക്‌സി നിര്‍ത്തി പലരോടും ചോദിക്കുന്നു. ആര്‍ക്കും മോഹന്‍ലാലിനെ അറിയില്ല. ഏറ്റവുമൊടുവില്‍ നന്നേ വൃദ്ധനായ ഒരു ''വഴിപോക്കന്‍ സംശയപൂര്‍വം ആരായുന്നു: ബാലാജിയുടെ മരുമകന്‍ പുള്ളയാണോ?''

''അതെ'' -ഞാന്‍ പറഞ്ഞു.

അയാള്‍ സന്തോഷാധിക്യത്തോടെ ചൂണ്ടിക്കാണിച്ചുതന്നു, തൊട്ടുമുന്നിലുള്ള വീട്.

കാടിനോടും ഒഴുകുന്ന ഒരു നീര്‍ച്ചാലിനോടും ചേര്‍ന്ന് നിലകൊള്ളുന്ന ആ പ്രൗഢഗൃഹത്തിലേക്ക് ലാല്‍ ഞങ്ങളെ എതിരേറ്റു. കുലീനനായ ഒരു ആതിഥേയനായി ഉപചാരം ചെയ്തു. റസാഖിന്റെ ക്യാമറ ഇടയ്ക്കിടെ മിഴിചിമ്മിത്തുറന്നു. ലാലും സുചിത്രയും മക്കളായ പ്രണവും വിസ്മയയും ഉള്‍പ്പെട്ട ഒട്ടേറെ ദൃശ്യങ്ങള്‍ പകര്‍ത്തപ്പെട്ടു. നാസാരന്ധ്രങ്ങളില്‍ ലഘുവായ ഒരു ശസ്ത്രക്രിയ രാവിലെ നടത്തിയിരുന്നിട്ടും ലാല്‍ സ്വതഃസിദ്ധമായ പ്രസന്നത ഉടനീളം നിലനിര്‍ത്തി. ഇടയ്‌ക്കെപ്പെഴോ ക്ഷമാപണമുണ്ടായി. മൂക്കില്‍ നിന്നും രക്തം വരുന്നു.

ശരി. ഞങ്ങള്‍ പിന്‍വാങ്ങി. ലാല്‍ പടിപ്പുരയോളം ഒപ്പം വന്നു. വേണ്ടവിധത്തില്‍ സത്കരിക്കാന്‍ കഴിയാത്തതിലുള്ള നിര്‍വ്യാജമായ ഖേദമറിയിച്ചു.

പക്ഷേ, ഞങ്ങള്‍ വളരെ സന്തോഷത്തിലായിരുന്നു. ചെന്നൈ പാതകളിലൂടെ അതിവേഗം കടന്നുപോയി. രാത്രിയില്‍ തിരികെ കോഴിക്കോട്ടേക്കു വണ്ടികയറി. മുകളിലും താഴെയുമുള്ള ബെര്‍ത്തുകളിലായി കിടന്നുറങ്ങി. നേരം വെളുക്കുമ്പോള്‍ കോഴിക്കോടായി. നഗരം ഞങ്ങള്‍ക്കുനേരെ സ്‌നേഹവായ്‌പോടെ കൈകള്‍ നീട്ടി. മനസ്സ് നിറയുംപോലെയായി.

വൈക്കത്തുനിന്നും വന്ന് ബേപ്പൂരില്‍ സുല്‍ത്താനായി വിരാജിച്ച വലിയ എഴുത്തുകാരന്റെ റസാഖിന്റെ ആരാധ്യപുരുഷനായിരുന്നു. ബഷീറിനെ എത്രയെത്രയോ കോണുകളിലൂടെ റസാഖ് ഒപ്പിയെടുത്തിട്ടുണ്ട്. തന്റെ പ്രായംചെന്ന ചര്‍മത്തിന്റെ തന്മാത്രികമായ പര്യന്വേഷണം നടത്തുന്ന ഛായാഗ്രാഹകനെ ബഷീര്‍ കളിയാക്കിയിട്ടുണ്ടെങ്കിലും അവര്‍ തമ്മില്‍ അന്ത്യംവരെ ഊഷ്മളമായ ബന്ധമായിരുന്നു. കോട്ടയ്ക്കലിലെ ക്ലിന്റ് സ്റ്റുഡിയോയില്‍ ബഷീര്‍ പോയിട്ടുണ്ട്. ഒടുവില്‍ മരിച്ചുകിടക്കുമ്പോള്‍ കൈ വിറയ്ക്കാതെ ആ ദൃശ്യം പകര്‍ത്തിയത് റസാഖാണ്.

basheer
വൈക്കം മുഹമ്മദ് ബഷീര്‍. ഫോട്ടോ- റസാഖ് കോട്ടക്കല്‍

നിത്യചൈതന്യയതിയുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്ന റസാഖ്, യതിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ഒരുപക്ഷേ, യതിയെ നഗ്‌നരൂപത്തില്‍ മറ്റാരും ക്യാമറക്കണ്ണിലൂടെ കണ്ടിരിക്കില്ല.

റസാഖ് ചിത്രീകരിച്ചത് വെറും രൂപങ്ങളല്ല, തന്റെ കാലത്തെ വലിയ മനസ്സുകളെയാണ്. നിത്യചൈതന്യയതിയെയും സുകുമാര്‍ അഴീക്കോടിനെയും എം.ടി. വാസുദേവന്‍ നായരെയും മാധവിക്കുട്ടിയെയും ഒ.വി. വിജയനെയും ജോണ്‍ എബ്രഹാമിനെയും സുഗതകുമാരിയെയും അടൂര്‍ ഗോപാലകൃഷ്ണനെയുമൊക്കെ അവന്‍ ഗാഢമായ തിരിച്ചറിവോടെ നോക്കിക്കണ്ടു. മാധവിക്കുട്ടിയെ അവനൊരു ദേവിയായി കണ്ടിരുന്നു. എന്നാല്‍, മതംമാറി കമല സുരയ്യ ആയതിനുശേഷം അങ്ങോട്ടുപോയതേയില്ല. കാരണം അവന്‍ സ്‌നേഹിച്ചത് മാധവിക്കുട്ടിയെയായിരുന്നു.

അയ്യപ്പപ്പണിക്കരടക്കം എല്ലാവരുമായും നല്ല ബന്ധത്തിലാണ്. എന്നാല്‍, ഏറ്റവുമടുപ്പം ആരോടായിരുന്നു? എനിക്കുതോന്നുന്നത് അടൂര്‍ ഗോപാലകൃഷ്ണനോടാണെന്നാണ്. റസാഖ് അങ്ങേയറ്റം ആദരവോടെ സംസാരിക്കാറുണ്ടായിരുന്നത് അടൂരിനെക്കുറിച്ചാണ്. അടൂരിന്റെ 'കഥാപുരുഷന്‍', 'നിഴല്‍ക്കുത്ത്' എന്നീ ചിത്രങ്ങളില്‍ നിശ്ചലഛായാഗ്രാഹകനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അവന്‍ ഏറെ അഭിമാനിച്ചിരുന്നു. അടൂര്‍ കാട്ടിയ സൗഹൃദത്തിന് അവന്‍ വലിയ വിലകല്പിച്ചിരുന്നു. പ്രതിഫലമൊന്നും ആഗ്രഹിക്കാതെ പ്രവര്‍ത്തിച്ചശേഷം അടൂര്‍ നല്‍കിയ പ്രതിഫലം അവന്‍ കൈപ്പറ്റിയത് വിമനസ്‌കനായാണ്. എന്തെന്നാല്‍ റസാഖ് പ്രവര്‍ത്തിച്ചത്, എല്ലായ്പോഴും,ട ഫലകാംക്ഷയോടെയായിരുന്നില്ല. തന്റെ കര്‍മം നിറവേറ്റുകയായിരുന്നു.

മറ്റാരും ഏല്പിച്ചതല്ല, സ്വയം ഏറ്റെടുത്ത കര്‍മമാണ്. തന്റെ മാന്ത്രിക ലെന്‍സിലൂടെ റസാഖ് സ്വാംശീകരിച്ച പ്രതിച്ഛായകള്‍ ഫ്രഞ്ച് ഹ്യൂമനിസ്റ്റ് ഫോട്ടോഗ്രാഫറായ ഹെന്റി കാര്‍ട്ടിയര്‍ ബ്രെസ്സണിന്റെ രചനകള്‍ക്കൊപ്പം നില്‍ക്കുന്നുവയത്രെ. അവയെ ഒട്ടുംതന്നെ വിലകുറച്ച് കാണേണ്ടതില്ല. ഒന്നാമത്തെ ഗള്‍ഫ് യുദ്ധത്തിന്റെ മേഖലയിലൂടെയും ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രവിശ്യകളിലൂടെയും റസാഖ് നടത്തിയ യാത്രകള്‍ അവന്റെ മനസ്സ് എത്രമേല്‍ പ്രതിബദ്ധമാണെന്ന് വെളിവാക്കുന്നു. ദുഃഖിതരും പീഡിതരുമായ മനുഷ്യരോട് അവന് അഗാധമായ സഹതാപമായിരുന്നു. പ്രകൃതിയെ അവന്‍ ഗാഢമായി സ്‌നേഹിച്ചിരുന്നു.

ഇരുണ്ട മേഘരാശിയും അതിനുചുവട്ടിലെ മണ്ണും നീണ്ടുനീണ്ടുപോകുന്ന വഴിത്താരകളും ഗിരിതടങ്ങളും വനാച്ഛാദിത ശിഖരങ്ങളും അസ്തമയശോഭയുമൊക്കെ ഒരു ഭൂദൃശ്യ ചിത്രകാരനെപ്പോലെ അവന്‍ പകര്‍ത്തിയിട്ടുണ്ട്. പാരിസ്ഥിതിക അവബോധം വളര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമങ്ങളില്‍ തന്റെ ക്യാമറയുമേന്തി അവനും ഭാഗഭാക്കായിരുന്നു. ഒന്നും ഉച്ചത്തില്‍ വിളിച്ചുപറഞ്ഞില്ല. പക്ഷേ, എപ്പോഴും ഉണര്‍ന്നിട്ടായിരുന്നു. എല്ലാം കാണുകയും അറിയുകയും ചെയ്തിരുന്നു.

ചലച്ചിത്ര ഛായാഗ്രഹണത്തിന്റെ (Cinemotography) കലയും ശാസ്ത്രവും സ്വയമേവ ഗ്രഹിച്ച റസാഖ് ആനിലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത് ഫിലിംസ് ഡിവിഷനിലെ ജോഷി ജോസഫിന്റെ കൂടെയാണ്. 'Status quo' ആയിരുന്നു പ്രഥമ സംരംഭം. പിന്നീട് 'ഒരു ആരാച്ചാരുടെ ജീവിതത്തില്‍നിന്ന് ഒരു ദിവസം' (One day from a hangman's life), 'മഹാശ്വേതാദേവിയോടൊപ്പം യാത്രചെയ്യുമ്പോള്‍' (Journeying with Mahasweta Devi) തുടങ്ങിയ ശ്രദ്ധേയങ്ങളായ ഡോക്യുമെന്ററികള്‍ ആ കൂട്ടുകെട്ടില്‍ പിറന്നു. 'ദൃശ്യാന്തര്‍' (Imaginary Line) എന്ന ഫീച്ചര്‍ ചിത്രവും.

ജോഷി ജോസഫ് എഴുതിയിട്ടുണ്ട്: 'മൂഡും മ്യൂസിക്കുമാണ് ഫോട്ടോഗ്രാഫി എന്ന് ഞാന്‍ മനസ്സിലാക്കുന്നത് എന്റെ സുഹൃത്തും ക്യാമറാമാനും കലാകാരനുമായ റസാഖ് കോട്ടയ്ക്കലില്‍നിന്നാണ്'.

നാട്യങ്ങളേതുമില്ലാതെ, ആന്തരതപസ്യയിലെന്നപോലെ ഏകാഗ്രചിത്തനായി, ക്യാമറ നിരന്തരം പ്രവര്‍ത്തിപ്പിക്കുമായിരുന്ന, നിഴലുകളുടെ ഉറ്റതോഴനായ റസാഖ് അന്‍പത്തിയഞ്ചാം വയസ്സില്‍ മറയുമ്പോള്‍ (9 ഏപ്രില്‍ 2014) തന്റെ പ്രിയ ഛായാഗ്രാഹിയും ഒപ്പം കൊണ്ടുപോയിരിക്കണം. എങ്ങോ അതിപ്പോഴും ശബ്ദിക്കുന്നുണ്ടാവാം 'ക്ലിക്... ക്ലിക്' എന്ന്.

ക്യാമറയിലൂടെ ദേശങ്ങളെയും ജീവിതങ്ങളെയും കണ്ടുകണ്ടുള്ള അലച്ചിലായിരുന്നു റസാഖ് കോട്ടയ്ക്കലിന്റെ ജീവിതം. എപ്പോഴും അയാള്‍ എന്തിനോവേണ്ടി വ്യഗ്രതപ്പെട്ടുകൊണ്ടിരുന്നു. എന്തോ തേടിക്കൊണ്ടിരുന്നു. കഥകളും കെട്ടുകഥകളും പറഞ്ഞു. എപ്പോഴും പ്രഹേളികയായിത്തുടര്‍ന്നു.

Content Highlights: Razak Kottakkal memoir by CV Balakrishnan