
ആരോ ചെയ്ത മുജ്ജന്മപുണ്യം കൊണ്ടാവണം അപ്പോള്‍ കണ്ണുതുറക്കാന്‍ തോന്നിയത്. ഒന്നുകൂടി തിരിഞ്ഞുകിടന്നിരുന്നെങ്കില്‍ കട്ടിലില്‍നിന്ന് ഉരുണ്ട് വീണ് മിനിമം എന്റെ കൈയോ കാലോ ഒടിഞ്ഞേനെ. എന്റെ സകല സ്ഥലവും കൈയേറി ഒളിമ്പിക്സ് മെഡലിന് ഓടുന്ന പോലെ കൂടെ കിടക്കുന്ന മകന്റെ ചെവിതിരിച്ച് ഞാന്‍ പറഞ്ഞു:
'ഒന്നങ്ങോട്ട് നീങ്ങിക്കിടക്ക് കുരിപ്പേ...'
ഉറക്കത്തിലായതുകൊണ്ട് തര്‍ക്കുത്തരം പറയാതെ അവന്‍ തിരിഞ്ഞുകിടന്നു. ഞാന്‍ കട്ടിലിന്റെ നടുവിലായി വിരല്‍ കൊണ്ട് വരച്ച് പറഞ്ഞു:
'ഇതാണ് അതിര്. ആ പകുതി നിന്റെ. ഈ പകുതി എന്റേത്. ഇനിയും ഇത് കടന്നാല്‍ നിന്റെ ചെവി ഞാന്‍ പൊട്ടിക്കും. എന്നിട്ട് ഒരു ആശാരിയെ വിളിപ്പിച്ച് ഞാനിത് രണ്ടാക്കി മുറിക്കും. പറഞ്ഞേക്കാം.'
അച്ഛനും മകനും തമ്മിലെ 'അതിരുതര്‍ക്കം' കേട്ട് നിലത്ത് പായ വിരിച്ച് കിടന്ന അമ്മയും മകളും ആകാശനീല നിറമുള്ള പുതപ്പെടുത്ത് തലവഴി മൂടി, അട്ട പോലെ ചുരുണ്ടു. ഞങ്ങള്‍ നാലും കിടക്കുന്ന ഈ 10 X 10 സ്‌ക്വയര്‍ഫീറ്റ് മുറിയാണ് തറവാട്ടുവീട്ടിലെ ഞങ്ങളുടെ അതിര്. ബാക്കി മുറികളില്‍ കുടുംബത്തിലെ മറ്റു താമസക്കാര്‍. വീടുള്‍പ്പെടെ ഞങ്ങള്‍ക്ക് ഏഴു സെന്റാണുള്ളത്. തൊട്ടപ്പുറത്ത് മീന്‍ ബിസിനസ് നടത്തുന്ന ബാപ്പുട്ടിയുടെ ഒരു ഇരുപത് സെന്റ്. അതിനപ്പുറം പലചരക്ക് കട നടത്തുന്ന ഭാസ്‌കരന്റെ 15 സെന്റ്. എല്ലാത്തിനും വേലിയും മതിലും കെട്ടി തിട്ടപ്പെടുത്തിയതാണ്. പടിഞ്ഞാറ് ഭാഗത്തുള്ള പറമ്പിലാണ് പാറുവമ്മയുടെ എട്ടു സെന്റ്. 68ലും പാറുവമ്മയുടെ ചുറുചുറുക്ക് കൊണ്ടാണ്.ഇപ്പോള്‍ ഇല്ലാത്ത കാശ് മുടക്കി ഞാന്‍ പടിഞ്ഞാറ് ഭാഗത്ത് ഇന്ന് മതിലുകെട്ടാന്‍ തീരുമാനിച്ചത്.
മതിലുകെട്ടുന്നതിന് മുമ്പ് സ്ഥലമൊന്ന് അലക്കണം. ഈ പാറുവമ്മ പറഞ്ഞുവരുമ്പോള്‍ വകയിലെന്റെ അമ്മയായി വരും. അതുകൊണ്ടാണ് ഇത്രകാലം മതിലു കെട്ടാതിരുന്നത്. അവരുടെ അതിരിന്റെ കഷ്ടിച്ച് ഒരാള്‍ക്ക് നടക്കാന്‍ ഉള്ള ഗ്യാപ്പില്‍ ആണ് ഞാന്‍ എട്ടു മാസം മുമ്പ് ഒരു കുളിമുറി പണിതത്. വന്ന് വന്ന് കുളിമുറിയിപ്പോള്‍ പകുതിയും കിടക്കുന്നത് പാറുവമ്മയുടെ പറമ്പിലാണ്.
ഈ കുളിമുറിക്ക് ഒറ്റയ്ക്ക് അതിര് കടക്കാനുള്ള കഴിവുണ്ടോ? അതോ പാറുക്കുട്ടിയമ്മ അതിര് കേറ്റി കൊത്തിയെടുത്തതാവുമോ? എത്രയും പെട്ടെന്ന് മതിലുകെട്ടണം. എന്തിന് വെറുതെ അവരുമായൊരു അതിരുതര്‍ക്കം. ബ്രഷില്‍ പേസ്റ്റാക്കി മുറ്റത്തേക്കിറങ്ങിയതും ഭൂമിയിലേക്ക് ഒരു മാതൃഭൂമി വന്ന് വീണതും ഒരു സൈക്കിള്‍ ബെല്ലടി കേട്ടതും ഒരുമിച്ചായിരുന്നു. ഞാന്‍ കുനിഞ്ഞ് പത്രമെടുത്ത് നിവര്‍ത്തി ചുവന്ന അക്ഷരത്തിലെ തലക്കെട്ട് വായിച്ചു: കടുത്ത നിയന്ത്രണം. 75 ജില്ലകള്‍ അടയ്ക്കുന്നു. ഞാനൊന്ന് ഞെട്ടി. അങ്ങനെ പറഞ്ഞാല്‍ മലപ്പുറവും കോഴിക്കോടും എല്ലാ അതിരുകളും അടയ്ക്കുമല്ലോ? ഇടിമുഴിക്കല്‍ എന്നാല്‍ മലപ്പുറവും കോഴിക്കോടും അതിര്‍ത്തി പങ്കിടുന്ന സ്ഥലം. മതിലുകെട്ടാന്‍ കല്ല് വരുന്നത് കോഴിക്കോട് നിന്നാണ്. ജില്ലയിലെ എല്ലാ അതിരുകളും അടയ്ക്കുമോ? സംശയം കൊണ്ട് ഞാന്‍ പത്രം അരിച്ചുപെറുക്കി വായിച്ചു. ജില്ലകള്‍ മാത്രമല്ല രാജ്യത്തിന്റെ അതിരുകളും അടച്ചിടും. എന്റെ നെഞ്ചിടിപ്പ് കൂടി. ഞാന്‍ ടി.വി. ഓണ്‍ ചെയ്ത് നോക്കി. രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഏഴായി-അവതാരക ഞെട്ടലുണ്ടാക്കുന്ന രീതിയില്‍ വാര്‍ത്ത വായിച്ചു. ഞാന്‍ തരിച്ചുനിന്നു. 2019 ഡിസംബറില്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ജാതി, മത, രാഷ്ട്രീയ ചിന്തകളൊന്നുമില്ലാതെ ലോകരാജ്യങ്ങളുടെ അതിരുകള്‍ മായ്ച്ച് നാശം വിതയ്ക്കുന്നു.
ഞാന്‍ രാജ്യങ്ങളുടെ അതിരുകളെ കുറിച്ചോര്‍ത്തു. മുമ്പ് പരീക്ഷയ്ക്ക് വരച്ച ഇന്ത്യയുടെ മാപ്പിനെക്കുറിച്ചോര്‍ത്തു. അതില്‍ അടയാളപ്പെടുത്തിയ സംസ്ഥാനങ്ങളെ കുറിച്ചോര്‍ത്തു. പാറുവമ്മയുമായുള്ള അതിരുതര്‍ക്കത്തെ ഓര്‍ത്തു. കട്ടിലിലെ മകനുമായുള്ള അതിരുതര്‍ക്കത്തെ ഓര്‍ത്തു. പിന്നെ മരണത്തെക്കുറിച്ചും. പെട്ടെന്ന് മുറ്റത്തേക്ക് ഒരു ലോറി വന്നു മുരണ്ടു. പാറുവമ്മയ്ക്കും എനിക്കും ഇടയില്‍ മതിലുകെട്ടാനുളള കല്ലുകളായിരുന്നു അതില്‍.
Content Highlights: CoronaVirus Athirukal story
Published: 24 Mar 2020, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented