തൊണ്ണൂറ്റിയഞ്ചിന്റെ നിറവിലാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി. പിറന്നാള്‍ ഓര്‍മകളും അനുഭവങ്ങളും പങ്കുവെക്കുകയാണ് അദ്ദേഹം.
കുട്ടിക്കാലത്തെ പിറന്നാളുകള്‍ വളരെ കൗതുകം നിറഞ്ഞതായിരുന്നു. മിക്ക വീടുകളിലെയും പിറന്നാള്‍ക്കാരനാണ് അന്നത്തെ നേതാവ്. അയാള്‍ക്ക് വലിയൊരു സ്ഥാനവും പ്രത്യേക ശ്രദ്ധയുമൊക്കെ കിട്ടുന്ന ഒരേയൊരു ദിനമാണ് പിറന്നാള്‍. പിറന്നാള്‍ക്കാരന്റെ അന്നത്തെ ഗമ ഒന്നു കാണേണ്ടതു തന്നെയാണ്. ആ ദിവസത്തിന് മുമ്പും ശേഷവും അയാള്‍ വെറുമൊരു കുട്ടി മാത്രം. അന്നത്തെ ദിവസത്തിന്റെ കേന്ദ്രബിന്ദുവാകുക എന്നതാണ് വലിയ കാര്യം.
കുട്ടിക്കാലത്തിനുശേഷവും പിറന്നാള്‍ വന്നത് പതിവിലും വ്യത്യസ്തമായ ഭക്ഷണം വിളമ്പിത്തന്നുകൊണ്ടായിരുന്നു. പിറന്നാള്‍ ദിനത്തില്‍ സവിശേഷമായ ഒരു വിഭവം കൂടി എന്റെ ഇലയില്‍ സ്ഥാനം പിടിക്കുക പതിവായിരുന്നു. അന്ന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചിലപ്പോള്‍ വന്നുചേരും.
വയസ്സാകുമ്പോള്‍ എല്ലാറ്റിലും മാറ്റങ്ങള്‍ വന്നുചേരും. പതിവുപോലൊരു ദിവസം എന്നല്ലാതെ അതില്‍ മറ്റൊരു പുതുമയും തോന്നാതെയാകും. അടുത്തകാലത്ത് തൊണ്ണൂറ് വയസ്സ് തികയുന്ന അന്ന് എല്ലാവരും കൂടി ഒത്തുചേര്‍ന്നു. എടപ്പാളില്‍ വച്ചായിരുന്നു നവതി ആഘോഷിച്ചത്. വളരെ വിപുലമായ രീതിയില്‍ത്തന്നെ തൊണ്ണൂറ് കഴിഞ്ഞു എന്നു പറയാം. എം.ടി വാസുദേവന്‍ നായര്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള അങ്ങനെ ഒരുപാട് പേര്‍ വന്നുചേര്‍ന്നിരുന്നു. വിദഗ്ധനായ വാദ്യമേളക്കാരന്‍ ഉദയന്‍ നമ്പൂതിരിയുടെ തായമ്പകയുണ്ടായിരുന്നു. ഞാന്‍ ഏറെ ആസ്വദിച്ചു അത്. അടുത്ത സുഹൃത്തായ ശ്രീവത്സന്‍ ജെ മേനോന്റെ പാട്ടുകച്ചേരി, ഗോപിയാശാന്റെ കഥകളി... വാസ്തവത്തില്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായി ആ പിറന്നാളോര്‍മകള്‍ ഇപ്പോളും മനസ്സിലുണ്ട്.
കുട്ടിക്കാലത്ത് ഞാനൊക്കെ കണ്ട മഹാമാരിക്കാലം വസൂരിയുടേതായിരുന്നു. ഇന്നത് കൊറോണയിലേക്ക് മാറിയിരിക്കുന്നു. വസൂരി നാട്ടില്‍ പടര്‍ന്നുപിടിക്കുമ്പോള്‍ ആരും തന്നെ അയല്‍വീടുകളിലേക്കോ വസൂരിബാധയുള്ള ഇടങ്ങളിലേക്കോ പോവില്ലായിരുന്നു. അതേ അവസ്ഥ ഇന്നും സംജാതമായിരിക്കുകയാണ്. ഭീകരമായ അവസ്ഥയാണ് കൊറോണ സൃഷ്ടിച്ചിരിക്കുന്നത്. അക്കാലത്തേതിലും ഭീകരമായ ഒരു പിറന്നാള്‍ അനുഭവത്തിലൂടെ ഇന്ന് ഞാന്‍ കടന്നുപോയിരിക്കുകയാണ്. കാലം കാത്തുവച്ചതിനെ എതിരേല്‍ക്കാതെ വയ്യല്ലോ.
Content Highlights: Artist nambootihiri shares birthday memories