
കോഴിക്കോട്: നിറക്കൂട്ടുകള്‍ ചാലിച്ചുചേര്‍ത്ത ജീവിതമായിരുന്നു പ്രശസ്ത ചിത്രകാരന് കെ. പ്രഭാകരന്റേത്. വര്ണവൈവിധ്യങ്ങള്ക്കു മാത്രം സമര്‍പ്പിക്കപ്പെട്ട ജീവിതം. ഓരോ ചിത്രവും അതിന്റെ പൂര്‍ണതയിലെത്തിക്കാന്‍ അദ്ദേഹം ദിനരാത്രങ്ങള്‍ കഷ്ടപ്പെട്ടു. അവയുടെ പൂര്‍ണതയില്‍ ആ മനുഷ്യന് സാക്ഷാത്കാരത്തിന്റെ സന്തോഷമറിഞ്ഞു.
തന്റെ ചിത്രങ്ങളുടെ മികവും മൂല്യവുമറിയാമെങ്കിലും അവ മാര്‍ക്കറ്റുചെയ്ത് പണമാക്കാന്‍ അദ്ദേഹത്തിന് താത്പര്യമില്ലായിരുന്നു. ചിത്രങ്ങളെ അത്രമേല്‍ സ്നേഹിക്കയാല്‍ അതിനൊന്നും ആ പ്രതിഭ തുനിയാത്തതുമാവാം. ജീവിതം ദുരിതമയമായി തുടരുമ്പോഴും നിലപാടുകളില്‍ മാറ്റമുണ്ടായിരുന്നില്ല. വിദേശത്ത് ഒരു അന്താരാഷ്ട്ര പ്രദര്‍ശനത്തിന് കൊണ്ടുപോയ അമൂല്യചിത്രങ്ങള്‍ നശിച്ചുപോയപ്പോള്‍ ആ മനുഷ്യന് കരഞ്ഞു. കുടുംബാംഗത്തെ നഷ്ടപ്പെട്ടയാളെപ്പോലെ.
ഇടതുപക്ഷ സഹയാത്രികനും ചലച്ചിത്രകാരനും എഴുത്തുകാരനുമായിരുന്ന സഹോദരന് ചിന്താ രവിയെപ്പോലെ പ്രഭാകരനും ചിത്രങ്ങള്‍ കഴിഞ്ഞാല്‍പിന്നെ എഴുത്തും വായനയുമായിരുന്നു താത്പര്യം. കളിയായും കാര്യമായും ഇവരുടെ നേതൃത്വത്തിലുള്ള ബൗദ്ധിക കൂട്ടായ്മയെ 'പാറോപ്പടി സ്കൂള്‍' എന്ന് കോഴിക്കോട്ടുകാര്‍ വിളിച്ചിരുന്നു. 150-ലേറെ ചെറുകഥകള്‍ ഈ കോഴിക്കോട്ടുകാരന് എഴുതിയിട്ടുണ്ടെന്നത് പലര്‍ക്കുമറിയില്ല.
നിരാലംബരായ മനുഷ്യരും അഭയാര്‍ഥികളും അധികാരവ്യവസ്ഥകള്ക്കു പുറത്ത് നില്‍ക്കുന്നവരും ഈ ചിത്രകാരന് വിഷയമായി. അവരുടെ പ്രശ്നങ്ങള്‍ നിറഞ്ഞ ജീവിതം കാന്‍വാസിലേക്ക് പകര്‍ത്തപ്പെട്ടു. സാമ്പത്തികക്ലേശം അനുഭവിക്കുന്നവരോട് പ്രത്യേക മമതതന്നെയായിരുന്നു ആ പ്രതിഭയ്ക്ക് എപ്പോഴും. എല്ലാ ചിത്രത്തിലും തന്നെ പ്രകൃതിയുടെയും ആവാസവ്യവസ്ഥയുടെയും സൂചകമായി ചെറുജീവികളോ പൂക്കളോ ഒക്കെ വരച്ചുചേര്ക്കുമായിരുന്നു.
വലിയൊരു സൗഹൃദവലയത്തിനുടമയായിരുന്നു അദ്ദേഹം. പുതുതലമുറയിലെ ചിത്രകാരന്മാര് പലപ്പോഴും ഒപ്പം കാണും. അവര്‍ക്ക് അറിവുകള്‍ പകര്‍ന്നു നല്‍കും. തിരുത്തേണ്ടത് തിരുത്തും. ചിത്രകല പഠിക്കേണ്ടതല്ല, സ്വയം പരിശീലിക്കേണ്ടതാണെന്ന് കൂടെക്കൂടെ അവര്‍ക്ക് പറഞ്ഞുകൊടുക്കും. ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു വാരികയില്‍ പാരീസ് വിശ്വനാഥന് വരച്ച ചിത്രംകണ്ട്, അത് നോക്കിവരച്ചാണ് താന്‍ ഈ രംഗത്തെത്തിയതെന്ന് അവരോട് പറയും.
പ്രഭാകരന്റെ മനസ്സിന്റെ ഫ്രെയിമിലേക്ക് വംഗനാടിന്റെ പുത്രിയും ചിത്രകാരിയുമായ കബിത മുഖോപാധ്യായ കടന്നുവന്നതോടെ ജീവിതചിത്രത്തിന് മിഴിവേറി. ചിത്രകലയ്ക്കു സമര്‍പ്പിക്കപ്പെട്ട മറ്റൊരു ജീവിതം. അച്ഛനെപ്പോലെ ഡോക്ടറാവാന്‍ എല്ലാവരും ആഗ്രഹിച്ചെങ്കിലും കബിത പഠിച്ചത് ചിത്രകല. ചിത്രകലയ്ക്കും കവിതാരചനയ്ക്കും സോവിയറ്റ് വുമണ്‍ അവാര്‍ഡ് നേടിയ കബിത ചിത്രരചനയിലും ജീവിതത്തിലും ചിത്രകാരന് സഹയാത്രികയായി.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ബി.എ. ഇക്കണോമിക്സ് ആന്‍ഡ് ഹിസ്റ്ററി പാസായ പ്രഭാകരന് തുടര്‍ന്ന് തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ ഉന്നതപഠനത്തിനെത്തിയെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. ബറോഡയിലെ എം.എസ്. സര്‍വകലാശാലയില്‍നിന്ന് പിന്നീട് ചിത്രകലയില്‍ ബിരുദാനന്തര ഡിപ്ലോമയും ബി.എ.യും എം.എ.യും കരസ്ഥമാക്കി. കേരള ലളിതകലാ അക്കാദമി, ബറോഡ ഫാക്കല്‍റ്റി ഓഫ് ഫൈന്‍ ആര്‍ട്സ് എന്നിവയുടെ നേതൃത്വത്തില്‍ പലപ്രാവശ്യം ചിത്രപ്രദര്‍ശനം നടത്തിയിരുന്നു.
കോഴിക്കോട് ശാന്തിഭവനില്‍ ആര്‍ട്ട് തെറാപ്പിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചി ബിനാലെയിലും പങ്കെടുത്തിട്ടുണ്ട്. വരകളും വര്ണങ്ങളുമില്ലാത്ത ലോകത്തേക്ക് കെ. പ്രഭാകരന് കടന്നുപോകുമ്പോള്‍ അസാധാരണ മികവുകൊണ്ട് അന്താരാഷ്ട്രതലത്തില്‍വരെ വളര്‍ന്ന പ്രതിഭയുടെ ബ്രഷ് നിശ്ചലമാവുകയാണ്.
Content Highlights: artist K Prabhakaran life story
Published: 24 Mar 2020, 02:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented