“ഒരര്ത്ഥത്തില് വിലയ്ക്കെടുക്കപ്പെട്ടവര്, അല്ലെങ്കില് പ്രതിഫലമില്ലാത്ത തൊഴിലാളികള്. താത്പര്യങ്ങളും പ്രതീക്ഷകളുമൊക്കെ മാറ്റിവെച്ച് അവര് ആ പുതിയ ജീവിതം ഏറ്റെടുക്കുന്നു.”

ഉത്തമയായ ഭാര്യയെന്ന ഒറ്റലക്ഷ്യത്തിൽ മറ്റു പല ഇഷ്ടങ്ങളും കഴിവുകളും അവസരങ്ങളും ത്യജിക്കുന്ന പെൺകുട്ടികളും, ജീവിതത്തിലെ പ്രധാനദൗത്യം പെൺമക്കളുടെ ആർഭാടവിവാഹമാണെന്നു കരുതി ആയകാലം മുഴുവൻ സ്വരുക്കൂട്ടിവെച്ചതെല്ലാം അതിനുവേണ്ടി ഹോമിച്ച് കടക്കെണിയിലും ദാരിദ്ര്യത്തിലും അകപ്പെടുന്ന മാതാപിതാക്കളും ഒരു വിശുദ്ധഗ്രന്ഥം കണക്കെ എപ്പോഴും കൂടെ കരുതേണ്ടതാണ് ആർ. രാജശ്രീയുടെ നിന്റെ കഥ എന്ന പുസ്തകം. ഒരു ഭാഗം വായിക്കാം.
സന്തോഷകരമായ ഗർഭകാലം ഏതു സ്ത്രീയുടെയും സ്വപ്നമാണ്. അത് ആഘോഷിക്കുന്നതും ആഘോഷിക്കാതിരിക്കുന്നതുമൊക്കെ വ്യക്തിപരമായ തീരുമാനങ്ങളാണ്. എന്നാൽ വിശ്രമം, പോഷകാഹാരം, സന്തോഷം എന്നിവയിൽ വിട്ടുവീഴ്ചകളുണ്ടാവാതിരിക്കുന്നതാണു നല്ലത്. അക്കാലത്തുണ്ടാകുന്ന സംഘർഷങ്ങളും സങ്കടങ്ങളും ഗർഭകാലം അവസാനിക്കുന്നതുവരെ മാത്രമല്ല, അതിനുശേഷവും തുടരും. പലപ്പോഴും പങ്കാളിയെക്കുറിച്ചുള്ള മറ്റൊരു ചിത്രം രൂപപ്പെടുന്നത് ഇത്തരം സമയങ്ങളിലാണ്.
മനഃപൂർവ്വമായ ശ്രമങ്ങളില്ലെങ്കിൽ എന്നേക്കുമായി അകന്നുപോകാനും അതുമതി. ഗർഭം എല്ലാ സ്ത്രീകൾക്കുമുള്ളതാണ്. എന്റെ അമ്മയും പെങ്ങളും പ്രസവിച്ചിട്ടുണ്ട്, നിനക്കു മാത്രമെന്താണ് ഇത്രയും പ്രശ്നങ്ങൾ എന്നൊക്കെയുള്ള പ്രസ്താവനകളും ചോദ്യങ്ങളും ഞങ്ങളുടെ തലമുറയിലുള്ളവർ കേട്ടു തഴമ്പിച്ചതാണ്. എങ്കിലും അവയൊക്കെ അപ്പാടെ കാലഹരണപ്പെട്ടുവെന്നു വിശ്വസിക്കുന്നതു മൗഢ്യമാണ്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്തവിധം അവ ചില മനോഭാവങ്ങളോടു കലർന്നുപോയിരിക്കും.
വിവാഹശേഷം പഠനം മുടങ്ങാതിരിക്കാൻ സ്വന്തം വീട്ടുകാരോടും ഭർത്താവിന്റെ വീട്ടുകാരോടും മത്സരിച്ച് ബിരുദാനന്തരബിരുദം ഫൈനൽ സെമസ്റ്റർവരെയെത്തുന്ന പെൺകുട്ടികൾ അവിടെ ഇടറിവീഴുന്നതു കണ്ടിട്ടുണ്ട്. അവരെ കുറ്റപ്പെടുത്താൻ പലപ്പോഴും തോന്നാറില്ല. അതുവരെ ഗർഭിണിയാവാതിരുന്നതിനുള്ള കുറ്റപ്പെടുത്തലുകൾ കേട്ടുകേട്ട് അവർ മടുത്തിരിക്കും. പഠനം തുടരുന്നില്ലേ? എന്ന ചോദ്യത്തിന് അത്രയും പിടിച്ചുനിന്നതുതന്നെ ഭാഗ്യംകൊണ്ടാണ് എന്ന് അവർ തലകുനിച്ചു പിറുപിറുക്കും. സ്ത്രീയുടെ ശരീരം ജനനം മുതൽ മരണം വരെ അവളുടേതല്ല എന്നതാണു വാസ്തവം. ഗർഭധാരണത്തിന്റെ കാര്യത്തിൽ സ്ത്രീ തീരുമാനമെടുക്കുന്നതിനെക്കുറിച്ചു സംസാരിക്കുമ്പോൾ വിചിത്രമായ എന്തോ കേട്ടതുപോലെ പകച്ചുനോക്കുന്ന വിദ്യാസമ്പന്നരെ അറിയാം.
അമ്മയാവുന്നില്ല എന്നു തീരുമാനിക്കുന്ന സ്ത്രീകളെക്കൊണ്ട് മറിച്ചു തീരുമാനമെടുപ്പിച്ച് വിജയമന്ദഹാസം പൊഴിക്കുന്ന സിനിമകൾ പുതിയ കാലത്തുപോലും നമുക്കുണ്ടല്ലോ. എന്റെ തലമുറയിൽപ്പെട്ട സ്ത്രീകളിൽ ഗർഭംധരിക്കുന്ന കാര്യത്തിൽ സ്വയം തീരുമാനമെടുക്കാൻ സാധിച്ചിട്ടുള്ളവർ കുറവായിരിക്കും. ജീവിതത്തിന്റെ തുടർച്ചയുടെ ഭാഗമായി ഏറ്റവും സ്വാഭാവികമായി അതിനെക്കണ്ടിരുന്ന ഒരു തലമുറയാണ് ഞങ്ങളുടേത്. അതിനായി എന്തു ത്യാഗം സഹിക്കേണ്ടിവന്നാലും സാരമില്ല എന്നു ഞങ്ങൾ പഠിപ്പിക്കപ്പെട്ടിരുന്നു.
വിവാഹവും ഗർഭധാരണവും മാതൃത്വവുമൊക്കെ അവയുടെ സൗന്ദര്യാത്മകവശങ്ങൾ മാറ്റിനിർത്തിയാൽ, സ്ത്രീകളുടെ മേൽ നടക്കുന്ന മെരുക്കൽപ്രകിയകളുടെ ഭാഗംകൂടിയാണെന്ന് അന്നു ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നില്ല. ചെകിട്ടത്ത് അടി കിട്ടുമ്പോഴും ഗർഭിണിയാണെന്നു തിരിച്ചറിയുമ്പോഴും പ്രസവിച്ചു കഴിയുമ്പോഴും അഹങ്കാരം ശമിച്ച് കുടുംബത്തിലേക്കും സർവ്വാധികാരിയായ പുരുഷനിലേക്കും തിരിച്ചുവരുന്ന സ്ത്രീകളെ നമ്മുടെ സിനിമകൾ നിർല്ലോപം കാട്ടിത്തന്നിട്ടുണ്ട്.
സ്ത്രീയുടെയോ പുരുഷന്റെയോ ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾക്കു പരിഹാരമായും അവരുടെ സാമ്പത്തികമോ സാമൂഹികമോ ആയ പിന്നാക്കാവസ്ഥയ്ക്കു പ്രതിവിധിയായും നമ്മുടെ നാട്ടിൽ വിവാഹങ്ങൾ നടക്കാറുണ്ട്. (പുരുഷന്റെ) പ്രായമായവരോ രോഗികളോ ആയ മാതാപിതാക്കളെ നോക്കാൻ, അയാളുടെ വീട്ടിൽ കാര്യങ്ങൾ നോക്കിനടത്താൻ ആളില്ലാത്ത അവസ്ഥ പരിഹരിക്കാൻ വിവാഹിതരായെത്തുന്ന സ്ത്രീകളുണ്ടായിട്ടുണ്ട്. ഒരർത്ഥത്തിൽ വിലയ്ക്കെടുക്കപ്പെട്ടവർ, അല്ലെങ്കിൽ പ്രതിഫലമില്ലാത്ത തൊഴിലാളികൾ. താത്പര്യങ്ങളും പ്രതീക്ഷകളുമൊക്കെ മാറ്റിവെച്ച് അവർ ആ പുതിയ ജീവിതം ഏറ്റെടുക്കുന്നു. മിക്കപ്പോഴും ഗർഭപ്രസവാദികൾ അതിന്റെ തുടർച്ചയായാണു സംഭവിക്കുക.
മകന് മുപ്പത്തഞ്ചു വയസ്സായി, അവനൊരു കുഞ്ഞിനായി ഇനി കാത്തിരിക്കാൻ പറ്റില്ല, അച്ഛന് ഇനിയെത്ര കാലമെന്നറിയില്ല, മകന്റെ (മകളുടെ) കുഞ്ഞിനെക്കണ്ടിട്ടു മരിക്കണം എന്നൊക്കെയുള്ള അഭിപ്രായങ്ങളാണ് പലപ്പോഴും നമ്മുടെ നാട്ടിൽ ശിശുജനനത്തെ നിയന്ത്രിക്കുന്നത്. പാരന്റിങ്ങിന്റെ ബാലപാഠങ്ങളറിയാതെയും തങ്ങളിലേൽപ്പിക്കപ്പെട്ട ഭാരിച്ച ഉത്തരവാദിത്വത്തിന്റെ യഥാർത്ഥ സ്ഥിതിയറിയാതെയും അച്ഛനമ്മമാരാകേണ്ടിവരുന്നവരുണ്ട്. ജീവിതം ഒരുഘട്ടം പിന്നിട്ടുകഴിയുമ്പോൾ പലർക്കും തങ്ങളനുനുഭവിച്ച അനീതികളെക്കുറിച്ച് ബോധംവരും. മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിതം വഴിതിരിച്ചുവിടപ്പെട്ടതോർത്ത് അവർ നിരാശാഭരിതരാകും. ആ അതൃപ്തി അവരെ മൊത്തത്തിൽ മാറ്റിമറിച്ചേക്കാം. ആദ്യകാലത്ത് വളരെ അനുസരണയുണ്ടായിരുന്ന പാവം ഭാര്യ, പാവം മരുമകൾ പിൽക്കാലത്ത് വെറുപ്പിന്റെ പ്രതിരൂപമായി മാറിയതായി കേൾക്കാറില്ലേ? അവരനുഭവിച്ച ജീവിതമാണ് അവരെ നിർദ്ദയരും ദയനീയരുമാക്കി മാറ്റിയിരിക്കുക.
രണ്ടാമതു ഗർഭംധരിച്ചപ്പോൾ ആദ്യതവണത്തെ കുറവുകളും പരിക്കുകളും പരിഹരിക്കപ്പെടുന്ന രീതിയിൽ വേണം അക്കാലം ചെലവിടാനെന്നു ഞാൻ തീരുമാനിച്ചുറപ്പിച്ചിരുന്നു. പക്ഷേ, ഡോക്ടർ ബെഡ് റെസ്റ്റ് നിർദ്ദേശിക്കാതിരുന്നതിനാലും ലീവെടുത്താലുണ്ടാവുന്ന ധനനഷ്ടം താങ്ങാനാവാത്തതിനാലും ജോലിസ്ഥലത്തും വീട്ടിലുമായി ഓടേണ്ടിവന്നു. പ്ലാറ്റ്ഫോമില്ലാത്ത സ്റ്റേഷനിൽനിന്ന് ലോക്കൽ ട്രെയിനിന് വലിഞ്ഞുകയറിയും ഒന്നിൽക്കയറി മറ്റൊന്നിലൂടെ ഇറങ്ങിയും തള്ളിനീക്കിയ ദിവസങ്ങളായിരുന്നു അവ. നാലുവയസ്സുകാരിയായ മകളെ കാണുമ്പോഴൊക്കെ പ്രത്യേകതരം കുറ്റബോധം, ഇടയ്ക്കിടെ തെറിച്ചുവീഴുന്ന കുടുംബശൈഥില്യത്തിന്റെ ചീളുകൾ, നല്ല ഭാര്യയാവാൻ സാധിക്കാത്തതിന്റെ പേരിൽ സ്വന്തം വീട്ടിൽനിന്നടക്കം നേരിടേണ്ടിവരുന്ന പഴികൾ-ഓരോ ദിവസവും അടയുന്ന വാതിലുകൾ മാത്രമാണ് അക്കാലത്തു കണ്ടതത്രയും. സാരമില്ല എന്നൊരു ചേർത്തുപിടിക്കലിനെപ്പറ്റി സ്വപ്നം കാണാനുള്ള വകുപ്പുപോലും ഒരിടത്തുനിന്നുമില്ല എന്ന സ്ഥിതിയായിരുന്നു. വിവാഹജീവിതം വ്യക്തികൾ തമ്മിലാണെങ്കിലും പരാജയപ്പെടുമ്പോൾ കുടുംബങ്ങൾ തമ്മിലുള്ള ഉരസലായിക്കൂടി അതു മാറിപ്പോകാറുണ്ടെന്നു നാം നേരത്തേ പറഞ്ഞല്ലോ.
വയറ്റിലെ കുഞ്ഞ് ആണാണ്, അതല്ലാതെ മറ്റൊരു ഓപ്ഷനില്ല എന്ന് ഭർത്താവ് ഉറപ്പിച്ചിരുന്നു. അല്ലെങ്കിൽ എന്തു ചെയ്യുമെന്ന എന്റെ ചോദ്യം കേൾക്കുമ്പോഴൊക്കെ അദ്ദേഹം രോഷാകുലനായി. അയുക്തി നിറഞ്ഞ നിരവധി സമാധാനങ്ങൾ അദ്ദേഹംതന്നെ കണ്ടെത്തി. അതിലൊന്ന് തനിക്ക് ആൺകുഞ്ഞു തന്നെയേ ഉണ്ടാവുകയുള്ളൂ എന്ന സുഹൃത്തിന്റെ പ്രവചനമായിരുന്നു, അത് പിഴയ്ക്കില്ലെന്ന് മൂപ്പര് വിശ്വസിച്ചു. അങ്ങോട്ടുമിങ്ങോട്ടുമുള്ള എൺപതു കിലോമീറ്റർ യാത്രയും ജോലിയും എന്നെ കടുത്ത ക്ഷീണത്തിലാഴ്ത്തി. അപ്പോഴും മാസത്തിൽ അവധിനോക്കി അദ്ദേഹം എന്റെ വീട്ടിലേക്കാണ് വന്നുകൊണ്ടിരുന്നത്. പലപ്പോഴും ഞാൻ കോളേജിൽനിന്നെത്തുന്ന സമയത്തുതന്നെയായി അദ്ദേഹത്തിന്റെയും വരവ്. വിവാഹത്തിന്റെ ആദ്യകാലങ്ങളിലെന്നപോലെ അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. അത് നേരത്തേതന്നെ പരസ്പരമുണ്ടായ മാനസികമായ അകലം കാരണമെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. പക്ഷേ, ഗർഭാവസ്ഥ കാരണമുണ്ടായ ശാരീരികവും മാനസികവുമായ പതർച്ചകൂടി അതിനു കാരണമായിട്ടുണ്ടാവാമെന്നു തോന്നുന്നു.
ഗർഭകാലത്തെ ശാരീരികബന്ധം എനിക്ക് ഏറ്റവും ഭീതിദവും വേദന നിറഞ്ഞതുമായ അനുഭവമായിരുന്നു. അതിൽ കുഴപ്പമൊന്നുമില്ലെന്ന് പറയുമ്പോഴും എന്തെങ്കിലും പ്രശ്നം തോന്നുകയാണെങ്കിൽ ഒഴിവാക്കുന്നതാണ് നല്ലതെന്നുകൂടി ഡോക്ടർ പറഞ്ഞിരുന്നു. ആദ്യഗർഭകാലത്ത് അത് തീർത്തും ഒഴിവാക്കാനാണ് നിർദ്ദേശം കിട്ടിയിരുന്നതെന്നതിനാൽ അങ്ങനെ ചെയ്തിരുന്നു. പക്ഷേ, ഇത്തവണ പ്രസവം സുഖകരമാകാൻ ശാരീരികബന്ധം നല്ല പോംവഴിയാണെന്ന വിജ്ഞാനം ഭർത്താവ് എവിടെനിന്നോ സമ്പാദിച്ചിരുന്നു. ഏതൊക്കെയോ സുഹൃത്തുക്കൾ അക്കാര്യവും പരീക്ഷിച്ചു വിജയിച്ചുവത്രേ. എനിക്ക് ഒരുതരത്തിലും അത് സ്വീകാര്യമായിത്തോന്നിയില്ല. അതിനു കാരണം ശാരീരികമായ മാറ്റങ്ങൾ മാത്രമായിരിക്കണമെന്നില്ല. എന്തായാലും അതിനെച്ചൊല്ലി നടന്ന വലിയൊരു വഴക്ക് ഓർമയിലുണ്ട്. 'നിന്റെ അമ്മയ്ക്ക് ഫ്രിജിഡിറ്റി'യാണെന്ന ആക്രോശം കേട്ട് സ്തംഭിച്ചുനിന്ന നാലു വയസ്സുകാരിയുടെ മുഖം അതിലും വ്യക്തമായി ഓർക്കുന്നുണ്ട്. യാതൊരുതരത്തിലും ഇരുകൂട്ടർക്കും ഗുണപ്പെടാത്ത ഒരു ബന്ധം എന്തിനാണെന്ന ചോദ്യം ഒരിടവേളയ്ക്കുശേഷം വീണ്ടും ഉയർന്നുവന്നു.
ഭാര്യയുടെ വീട്ടുകാർ ഭർത്താവിനു മുന്നിൽ അനുസരണയോടെയും വിധേയത്വത്തോടെയും നിൽക്കണമെന്ന അഭിപ്രായമുള്ള പലരെയും കണ്ടിട്ടുണ്ട്. സ്വന്തമായ നിലയും നിലപാടുമുള്ള ഒരു കുടുംബം, അവിടുത്തെ പെൺകുട്ടിയെ വിവാഹം ചെയ്തുവെന്നതിന്റെ പേരിൽ ഒരാൾക്ക് കീഴ്പ്പെടേണ്ടതിന്റെ ആവശ്യമുണ്ടോ? അയാൾക്ക് ആ കുടുംബത്തിന്റെ നയപരമായ കാര്യങ്ങൾ തീരുമാനിക്കാനും നിലവിൽ അവരെടുത്ത ഏതെങ്കിലും തീരുമാനം മാറ്റിമറിക്കാനും അധികാരമുണ്ടോ? ഏതു വിധത്തിലായാലും അവരെ സമ്മർദത്തിലാക്കി സ്വന്തം ഇഷ്ടം അടിച്ചേൽപ്പിക്കാനുള്ള യാതൊരവകാശവും അയാൾക്കില്ല. പക്ഷേ, നമ്മുടെ നാട്ടിൽ ജാതിമതഭേദമെന്യേ മകളുടെ ഭർത്താവിന് അത്തരം ചില അധികാരങ്ങളുണ്ടെന്നാണു വെപ്പ്. എന്റെ സഹോദരിക്ക് താത്പര്യമുണ്ടായിരുന്ന വിവാഹം പരോക്ഷമായ അധികാരമുപയോഗിച്ച് ഒഴിവാക്കിയ സാഹചര്യം അത്തരത്തിലുണ്ടായതാണ്. ആ വിവാഹത്തോട് എന്റെ വീട്ടുകാർക്ക് താത്പര്യമായിരുന്നു. ജാതിയും മതവും മക്കളുടെ വിവാഹക്കാര്യത്തിൽ പരിഗണിക്കേണ്ടതില്ല എന്ന അഭിപ്രായമായിരുന്നു അച്ഛന്. എന്റെ മാതാപിതാക്കളുടെ മിശ്രവിവാഹനില അറിഞ്ഞുകൊണ്ട്, തനിക്ക് ജാതി പ്രശ്നമല്ല എന്നു പറഞ്ഞാണല്ലോ ഞാനുമായുള്ള വിവാഹത്തിന് എന്റെ ഭർത്താവ് താത്പര്യപ്പെട്ടത്. ഞങ്ങളുടെ അച്ഛൻ മരുമകനെന്ന നിലയിൽ ഭർത്താവിനോട് അനുജത്തിയുടെ വിവാഹക്കാര്യം സംസാരിച്ചപ്പോൾ അദ്ദേഹവും എതിർത്തില്ല. പക്ഷേ, അന്നു രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ അദ്ദേഹം എന്നോട് നാലു കാര്യങ്ങൾ പറഞ്ഞു.
ഒന്ന്: ആ വിവാഹം നടന്നാൽ മേലിൽ അദ്ദേഹത്തിന്റെ ഭാര്യയായ എന്നെയും മക്കളെയും എന്റെ വീട്ടുകാരുമായി സഹകരിക്കാൻ സമ്മതിക്കില്ല.
രണ്ട്: ഭാവിയിൽ എന്റെ സഹോദരിയുമായി എനിക്കോ അദ്ദേഹത്തിനോ മക്കൾക്കോ ബന്ധമുണ്ടാവില്ല.
മൂന്ന്: സഹോദരിയും ഭർത്താവും ഞങ്ങളോട് പരിചയം നടിക്കുകയോ ഞങ്ങൾ താമസിക്കുന്നിടത്തു വരികയോ ചെയ്യാൻ പാടില്ല.
നാല്: ഈ വിവാഹത്തോട് അദ്ദേഹത്തിന് എതിർപ്പുണ്ടെന്ന വസ്തുത എന്റെ വീട്ടുകാർ അറിയരുത്. മേൽപ്പറഞ്ഞ സാഹചര്യങ്ങൾ ഒഴിവാക്കാനായി തന്ത്രപൂർവ്വം പ്രവർത്തിക്കാനുള്ള ഉത്തരവാദിത്വം എനിക്കാണ്. ഗർഭിണിയായ മകളുടെ ആവശ്യം വലിയൊരു തുരുപ്പുചീട്ടാണ്. ഞാൻ കിടന്നിടത്തുതന്നെ മരവിച്ചുപോയി. അത്തരമൊരവസ്ഥ എനിക്ക് ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു. ജാതി പ്രശ്നമല്ലെന്നു പറയുന്നത് ഉയർന്ന ജാതികൾ തമ്മിൽ സംബന്ധമുണ്ടാകുമ്പോഴാണെന്ന തിയറി ഭർത്താവ് അവതരിപ്പിച്ചു. അതുവരെയുള്ള ജീവിതം പെട്ടെന്ന് വട്ടപ്പൂജ്യമായതുപോലെ എനിക്കു തോന്നി. പിറ്റേന്ന് എന്റെ വീട്ടുകാരോട് സസ്നേഹം യാത്ര പറഞ്ഞ് അദ്ദേഹം ഇറങ്ങി. വിവാഹക്കാര്യം നമുക്ക് വേണ്ടതുപോലെ ചെയ്യാമെന്ന് സഹോദരിയോടു പറഞ്ഞു. ഞാനുമായുള്ള വിവാഹം ഉറപ്പിക്കുന്ന സമയത്ത് പ്ലസ്ടുക്കാരിയായിരുന്ന അവൾ അദ്ദേഹത്തോട്, എനിക്ക് ഏട്ടന്മാരില്ല, നിങ്ങളെനിക്ക് ചേച്ചിയുടെ ഭർത്താവു മാത്രമായിരിക്കില്ല എന്നു പറഞ്ഞത് അനുസ്മരിച്ചു.
ഞാൻ അഗാധമായ ആശയക്കുഴപ്പത്തിലേക്കു വീണു. മകൾ, ജനിക്കാനിരിക്കുന്ന കുഞ്ഞ്, ഞാൻ എന്നിവർ എന്നേക്കുമായി ആകെയുള്ള രക്തബന്ധങ്ങളിൽനിന്ന് അകന്നുപോകുമെന്നത് എനിക്കു സങ്കൽപ്പിക്കാനായില്ല. അല്ലെങ്കിൽ എന്റെ കുഞ്ഞുകുടുംബത്തെ ഞാൻ ഉപേക്ഷിക്കണം. അതിന്റെ യുക്തിയെക്കുറിച്ചോ പ്രായോഗികതയെക്കുറിച്ചോ ഞാൻ ആലോചിച്ചില്ല എന്നതാണു സത്യം. മടിച്ചുമടിച്ചാണെങ്കിലും എന്റെ വിയോജിപ്പ് എന്ന നിലയിൽ അതു വീട്ടിൽ പറഞ്ഞു. അതൊരിക്കലും ചെയ്യരുതായിരുന്നു. തുമ്മിയാൽ തെറിക്കുന്ന മൂക്ക് പോവട്ടെ എന്നു കരുതണമായിരുന്നു. നിർഭാഗ്യവശാൽ അതല്ല സംഭവിച്ചത്. എന്റെ വീട്ടുകാർക്കത് ഹൃദയഭേദകമായ അനുഭവമായിരുന്നു. എന്നെക്കാൾ പതിനൊന്നു വയസ്സിനിളപ്പമുള്ള, എടുത്തു കൊണ്ടുനടന്നു വളർത്തിയ കുട്ടിയുടെ മുന്നിൽ ഞാൻ എന്നേക്കുമായി തലകുനിച്ചു. പിൽക്കാലത്ത് ഞങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ശക്തമായ പോറലേൽപ്പിച്ച അത്തരമൊരു വിലപേശലിന് ഇടയ്ക്കു ചെന്നുപെടരുതായിരുന്നുവെന്ന് പിന്നീട് ഏറ്റവും ആത്മനിന്ദയോടെ ആലോചിച്ചിട്ടുണ്ട്.
എന്റെ സഹോദരിയുടെ ജീവിതം അവളുടെ തീരുമാനമാണ്, അതിനെ പിന്തുണയ്ക്കുന്നത് എന്റെ വീട്ടുകാരുടെ സ്വാതന്ത്ര്യമാണ്. എന്നെ മുൻനിർത്തിക്കൊണ്ട് ഇത്തരമൊരു നീക്കം നടത്താൻ ആർക്കും അധികാരമില്ല, ഈ വിവാഹം നടന്നാലും ഇല്ലെങ്കിലും ഞാനും എന്റെ വീട്ടുകാരുമാ
യുള്ള ബന്ധം അവസാനിക്കില്ല. അത്തരം ഉദ്ദേശ്യമുണ്ടെങ്കിൽ നമുക്കിത് ഇവിടെവെച്ചു നിർത്താം എന്ന് എന്തുകൊണ്ടാവും അന്നേരം ഉറപ്പിച്ചുപറയാൻ സാധിക്കാഞ്ഞത്? നേരത്തേതന്നെ ഉലച്ചിൽ തട്ടിയിരുന്ന ഒരു ബന്ധമായിരുന്നിട്ടും ഉപേക്ഷിക്കപ്പെടുമെന്ന ഭയം പിടികൂടിയത് എങ്ങനെയാവും? സ്വന്തം ജീവിതത്തിന്റെ നിലനിൽപ്പിനുവേണ്ടി, സഹോദരിയാണെങ്കിൽപ്പോലും മറ്റൊരു മനുഷ്യജീവിയുടെ സന്തോഷം ഇല്ലായ്മ ചെയ്തുകളയാമെന്നു തോന്നിപ്പോയതിനു പിന്നിലെന്താവും? ഇന്നാണെങ്കിൽ അത്തരമൊരാശയക്കുഴപ്പത്തിന്റെ പ്രശ്നമേ ഉദിക്കുമായിരുന്നില്ല എന്നെനിക്ക് ഉറപ്പാണ്. ഗർഭകാലത്ത് സ്ത്രീകൾ ശാരീരികവും മാനസികവുമായി ഏറ്റവും ദുർബ്ബലരും വിധേയരും ആയിപ്പോകുമെന്നതിന് ഏറ്റവും മികച്ച ഉദാഹരണമായി ഞാൻ എന്നെത്തന്നെ എടുത്തുവെക്കുന്നു. അതുണ്ടാക്കിയ പരിക്കുകളുടെ ഉത്തരവാദിത്വം സ്വയമേവ ഏറ്റെടുക്കുന്നു.
കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ഷമ്മിയെപ്പോലെ ഭാര്യയുടെ സഹോദരിമാരുടെ ജീവിതത്തെപ്പറ്റി തീരുമാനമെടുക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്നു കരുതുന്ന നിരവധിപേർ ഇപ്പോഴുമുണ്ട്. ഏതൊക്കെയോ അംശത്തിൽ ഷമ്മിമാരാകുന്നവർ. ജീവിതപങ്കാളി എത്ര യോഗ്യനായാലും ശരി, സ്വന്തം ജീവിതത്തിലും ബന്ധുക്കളുടെ ജീവിതത്തിലും അയാൾക്കധികാരമില്ലാത്ത ഇടങ്ങളുമുണ്ടെന്നു ബോധ്യപ്പെടുത്തുകതന്നെ വേണം. അത്തരം ഇടപെടലുകൾക്ക് ഒരിക്കലും ഉപകരണമാവുകയും ചെയ്യരുത്. സ്നേഹവും പരസ്പരവിശ്വാസവും കൂട്ടുത്തരവാദിത്വവും വേറെ, അധികാരപ്രയോഗം വേറെ.
Content Highlights: Explore societal pressures on women regarding pregnancy, childbirth, and their right to choose. Stories of control and independence.
Published: 15 Feb 2026, 10:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented