മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ജെ.ആര്‍.അനിയുടെ ‘നാഗമാണിക്യം... ഗജമുത്ത്... വെള്ളിമൂങ്ങ... വനംകള്ളക്കടത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന പുസ്തകത്തിന്റെ ആമുഖം വായിക്കാം. 

To advertise here,

ചെന്നൈയില്‍, എട്ട് ഒറാങ്ങൂട്ടാനുകളെ കടത്തിയ ഒരു സംഘം, കൈക്കൂലി നല്‍കി പോലീസിന്റെ സഹായത്തോടെ രക്ഷപ്പെട്ടതിനെത്തുടര്‍ന്ന് 'റെഡ് ഹില്‍സ് പോലീസ് സ്റ്റേഷനി'ലെ ഒരു സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ നാലു പോലീസുകാരെ സസ്പെന്‍ഡു ചെയ്യുകയുണ്ടായത്രേ. ഇതിന്മേല്‍ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ച വാര്‍ത്ത പത്രത്തില്‍ കണ്ട ദിവസമാണ് ഞാന്‍ ഇതെഴുതാനാരംഭിക്കുന്നത്.

ഇന്ന് ലോകത്താകെത്തന്നെ ആയുധക്കള്ളക്കടത്തിനും മയക്കുമരുന്നു കള്ളക്കടത്തിനും ഒപ്പം തഴച്ചുവളരുന്നതാണ് വന്യജീവികളുടെ കള്ളക്കടത്തെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. വലിയ രീതിയില്‍ വന്യജീവികളെക്കുറിച്ചുള്ള അജ്ഞതയും പണത്തോടുള്ള ആര്‍ത്തിയുമാണ് ഇത്തരം കുത്സിതപ്രവൃത്തികള്‍ക്കു പിന്നില്‍. തന്നെയുമല്ല, അമിതലാഭം പ്രദാനംചെയ്യുന്ന ഈ കച്ചവടത്തില്‍ നായാട്ടുകാരും ഇടനിലക്കാരും മാത്രം പിടിക്കപ്പെടുകയും ശരിക്കുള്ള ബുദ്ധികേന്ദ്രങ്ങള്‍ എന്നും അപരാജിതരായി കാണാമറയത്തുതന്നെ തുടരുകയും ചെയ്യുമെന്നുള്ളതും ഇതിലേക്കു കുറ്റവാളികളെ ആകര്‍ഷിക്കുന്നതിനു കാരമണമാകുന്നു. അടുത്തകാലംവരെ ആരും ഇതിന്റെ ഗുരുത്വം മനസ്സിലാക്കിയിരുന്നില്ല എന്നതും സത്യം.

ലോകത്തെ വിവിധ രാജ്യങ്ങളില്‍ സജീവമായിരിക്കുന്ന കള്ളക്കടത്ത് റാക്കറ്റുകളിലൂടെ വന്യജീവികളും അവയുടെ വിവിധങ്ങളായ ഉത്പന്നങ്ങളും കൈമാറ്റം ചെയ്ത്, അവസാനം ചെന്നെത്തുന്നത് മുഖ്യമായും ചൈനയിലെയും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെയും കമ്പോളങ്ങളിലാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്; പ്രത്യേകിച്ചും കാണ്ടാമൃഗത്തിന്റെ കൊമ്പ് എന്നറിയപ്പെടുന്ന രോമം കട്ടിപിടിച്ചുണ്ടായ അവയവവും കടുവയുടെ എല്ലുകളും. എന്തിന്, കടുവയുടെ ജനനേന്ദ്രിയത്തിനുപോലും അവിടെ ആവശ്യക്കാരേറെയാണ് എന്നതാണ് രസകരമായ വസ്തുത. കോവിഡ് മഹാമാരി അവിടെ പൊട്ടിപ്പുറപ്പെട്ടതുപോലും വുഹാനിലെ (Wuhan) വരെ ഇത്തരമൊരു വന്യജീവിവിപണനം നടക്കുന്ന മാര്‍ക്കറ്റില്‍നിന്നായിരുന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു.

കള്ളക്കടത്തുവിപണിയില്‍ ഏറെ കൈമാറ്റം ചെയ്യപ്പെടുന്നവയുടെ ശ്രേണിയില്‍ വരുന്നവയാണ് കടുവാത്തോലും പുലിത്തോലും പുലിനഖങ്ങളും ആനക്കൊമ്പുകളും കാണ്ടാമൃഗത്തിന്റെ കൊമ്പും കസ്തൂരിമാനിന്റെ കസ്തൂരിഗ്രന്ഥിയും എന്നിങ്ങനെ മൃഗങ്ങളെക്കൊന്നും അപകടപ്പെടുത്തിയും ശേഖരിക്കുന്ന പല വന്യജീവി ഉത്പന്നങ്ങളും. കാണ്ടാമൃഗത്തിന്റെ കൊമ്പ് അര്‍ബുദത്തെ ചെറുക്കുമെന്നും കടുവയുടെ അസ്ഥികളും ലൈംഗികാവയവവും പരിധിയില്ലാത്ത ലൈംഗിക ഉത്തേജനത്തിനു വഴിതെളിക്കുമെന്നും ചൈന, വിയറ്റ്നാം തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന വിശ്വാസം അവയുടെ വന്‍തോതിലുള്ള വേട്ടയാടലുകള്‍ക്കും കള്ളക്കടത്തിനും വഴിവെച്ചിട്ടുണ്ട്.

കടല്‍വെള്ളരി എന്ന് അറിയപ്പെടുന്ന Sea cucumber വന്‍തോതില്‍ നമ്മുടെ തൊട്ടയല്‍പക്കമായ രാമേശ്വരത്തുനിന്നുപോലും വന്‍തോതില്‍ ശേഖരിക്കപ്പെടുന്നതും ശ്രീലങ്കയിലേക്കും അവിടെനിന്നും നേരത്തേ സൂചിപ്പിച്ച രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യപ്പെടുന്നുണ്ടെന്നതും സത്യമാണ്. കടല്‍ക്കുതിരകള്‍ (Sea horse), വിവിധതരം ശംഖുകള്‍ (Conchs), തിമിംഗിലഛര്‍ദ്ദി (Ambergris) എന്നിവയുമൊക്കെ കള്ളക്കടത്തിനു വിധേയമാകുന്ന ജീവികള്‍/വസ്തുക്കള്‍ തന്നെ. ഉറുമ്പുതീനികള്‍ (Pangolins) അഥവാ ഈനാംപേച്ചികള്‍ എന്ന സാധുജീവികള്‍ ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ കള്ളക്കടത്തിനു വിധേയമാകുന്ന ജീവിവര്‍ഗമായി കണക്കാക്കപ്പെടുന്നു. വംശമറ്റുപോയേക്കാവുന്ന അതിന്റെ സംരക്ഷണത്തിനുള്ള ബോധവത്കരണത്തിനായി ഫെബ്രുവരി മൂന്നാമത്തെ ശനിയാഴ്ച 'World Pangolin Day' ആയി ഇപ്പോള്‍ ആചരിച്ചുവരുന്നു.

ഇന്ത്യയില്‍ മാത്രമായിത്തന്നെ 2018നും 2022നും ഇടയില്‍ ഔദ്യോഗിക റെക്കോര്‍ഡുകള്‍ പ്രകാരംമാത്രം 1203 ഉറുമ്പുതീനികള്‍ കള്ളക്കടത്തിനു വിധേയമായിട്ടുണ്ട്. എന്നാല്‍ ശരിക്കുള്ള കണക്കുകള്‍ ഇതിലും എത്രയോ അധികമായിരിക്കും. അവയുടെ ശല്‍ക്കങ്ങള്‍ ചൈനയിലും ഏഷ്യയിലെ തെക്കുകിഴക്കന്‍ രാജ്യങ്ങളിലും പല പാരമ്പര്യ ഔഷധങ്ങളിലും ഉപയോഗിച്ചുവരുന്നതായി പറയുന്നു. ഇതില്‍ത്തന്നെ അമ്പതു ശതമാനം ജീവനോടെ കടത്തിയവയും നാല്‍പ്പതു ശതമാനത്തോളം അവയുടെ ശല്‍ക്കങ്ങളും ബാക്കി ഉത്പന്നങ്ങളുമാണെന്നാണു കണക്ക്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒഡീഷയിലാണ് ഏറ്റവും കൂടുതല്‍ (154 എണ്ണം) കള്ളക്കടത്തു നടന്നതായി കാണുന്നത്.

തൊട്ടുപുറകില്‍ത്തന്നെ മഹാരാഷ്ട്രയുമുണ്ട് (135 എണ്ണം). ബംഗ്ലാദേശ്, മ്യാന്‍മര്‍, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മണിപ്പൂര്‍, മിസോറാം, ആസ്സാം എന്നീ സംസ്ഥാനങ്ങളിലൂടെ ഉറുമമ്പുതീനിയുടെ ശല്ക്കങ്ങളും മറ്റ് വന്യജീവി ഉത്പന്നങ്ങളും വ്യാപകമായി കടത്തപ്പെടുന്നു എന്ന് വിവരം ഉണ്ട്.

ഇത്തരത്തിലൊരു ഈനാംപേച്ചിയെ വനംവകുപ്പിന്റെ ഇന്റലിജന്‍സ് സെല്ലിലെതന്നെ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം സിറ്റിക്കകത്തുവരുന്ന ശ്രീകാര്യം ടൗണിനടുത്തുള്ള ഒരു വീട്ടില്‍നിന്നും ജീവനോടെ പിടിച്ചിട്ടുണ്ട് എന്നതോര്‍ക്കുക. തന്നെയുമല്ല, അവയുടെ ശല്‍ക്കങ്ങള്‍ ഒന്നിലധികം പ്രാവശ്യം ബസ്സുകളിലും ട്രെയിനിലുമൊക്കെ കടത്തുമ്പോള്‍ പിടികൂടിയിട്ടുമുണ്ട്. നമ്മുടെ ഊഹങ്ങള്‍ക്കുമപ്പുറം സമൂഹത്തിലേക്ക് വന്യജീവി കള്ളക്കടത്തിന്റെ നീരാളിക്കൈയുകള്‍ വ്യാപിച്ചിട്ടുണ്ട് എന്നു സൂചിപ്പിക്കാനാണിതു പറഞ്ഞത്.

കീരികളെ കൊന്ന് അവയുടെ രോമമെടുത്താണ് പെയിന്റിങ്ങിന് വ്യാപകമായി ഉപയോഗിക്കുന്ന 'കീരിവാല്‍ ബ്രഷ്' ഉണ്ടാക്കുന്നത്. അതുപോലെത്തന്നെയാണ് 'കമ്പിളികളുടെ രാജാവ്' എന്നറിയപ്പെടുന്ന വിലപിടിപ്പുള്ളതും വളരെ നേരിയതുമായ 'ഷഹത്തൂഷ്' (Shahtoosh) എന്ന ഷാളുകളും. ടിബറ്റ് പീഠഭൂമിയില്‍ കാണുന്ന 'ചിരു' (Chiru) എന്നറിയപ്പെടുന്ന ടിബറ്റന്‍ ആന്റിലോപ്പുകളെ (Tibetan antelope) കൊന്നാണ് രോമം ഇതിനായി ശേഖരിച്ചിരുന്നതെന്നും ഓര്‍ക്കുക.

കേരളത്തില്‍ത്തന്നെ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പു നടന്ന കുപ്രസിദ്ധമായ ആനവേട്ടക്കേസായിരുന്നു മലയാറ്റൂര്‍ വനം ഡിവിഷനിലേത്. ഏറെ കോളിളക്കം സൃഷ്ടിച്ച ആ കേസ് പുറത്തുവന്നപ്പോള്‍ത്തന്നെ അതന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തുന്നതില്‍ വനംവകുപ്പ് അസൂയാവഹമായ വിജയം കൈവരിച്ചെങ്കിലും നടപടിക്രമങ്ങളില്‍ വന്നുവെന്ന് ആരോപിക്കുന്ന വീഴ്ചകളെപ്പറ്റി അനേകം പരാതികള്‍ പിന്നീട് ഉയര്‍ന്നു.

അതിലെ പ്രതികളെക്കുറിച്ചും ആരോപണവിധേയരായ ഉദ്യോഗസ്ഥരെക്കുറിച്ചുമുള്ള നടപടിക്രമങ്ങളിലെ അപാകങ്ങളുമൊക്കെ മാധ്യമങ്ങളിലൂടെ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയുതു. ആ കേസുകള്‍ ഇപ്പോഴും വിവിധ കോടതികളുടെ പരിഗണനയിലിരിക്കുന്നതിനാലും അതിലുള്‍പ്പെട്ട ആള്‍ക്കാരുടെ വ്യക്തിത്വം പ്രതിപാദ്യത്തില്‍നിന്ന് മറച്ചുവെക്കാനാകാത്തതിനാലും ഇവിടത്തെ ഇവിടെ ആ കേസിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല.

ശരിക്കും ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്ലില്‍ 2008ല്‍ റെയിഞ്ച് ഓഫീസറായി ചാര്‍ജെടുക്കുമ്പോള്‍ തികഞ്ഞ ആശയക്കുഴപ്പമുണ്ടായിരുന്നു. കാലംപോകെ വനനിയമങ്ങളും നിയന്ത്രണങ്ങളും കൂടുതല്‍ കര്‍ശനമായിരിക്കവെ വന്യജീവി കള്ളക്കടത്ത് അത്രമേല്‍ വ്യാപകമായിരിക്കുമോ എന്നതായിരുന്നു ആദ്യസംശയം.

ലോകത്തിലാകെത്തന്നെ ആയുധങ്ങളുടെയും ലഹരിമരുന്നുകളുടെയും കള്ളക്കടത്തിനു തൊട്ടുപിന്നില്‍ത്തന്നെ, വന്യജീവി കള്ളക്കടത്തുണ്ടെന്ന അറിവിന് ഉപോദ്ബലകമായി നമ്മുടെ കൊച്ചു കേരളത്തിലും അത്രയ്ക്ക് ആശാവഹമല്ല സ്ഥിതിയെന്നും പറഞ്ഞുതന്നത് ബീറ്റ് ഫോറസ്റ്റ് ഓഫീസറന്മാരിലൊരാളായിരുന്ന സുരേഷാണ് (പേര് വ്യാജം). ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളുടെ നട്ടെല്ലായ രഹസ്യവിവരശേഖരണത്തിലും കുറ്റവാളികളെ കുടുക്കുന്നതിനും അനന്യസാധാരണമായ കഴിവാണ് അയാള്‍ക്കുണ്ടായിരുന്നതെന്നത് എന്നെ ശരിക്കും അതിശയിപ്പിച്ചിരുന്നു.

രഹസ്യവിവരദാതാക്കളിലൂടെയും ഇടനിലക്കാരിലൂടെയും വന്യജീവി കള്ളക്കടത്തുകാരുടെ റാക്കറ്റിലേക്കു നൂഴ്ന്നുകയറാനും വിവരങ്ങള്‍ ശേഖരിച്ച് അനുവാദം വാങ്ങി റെയ്ഡുകള്‍ക്ക് പദ്ധതിയിടാനുമുള്ള അയാളുടെ കഴിവുകള്‍ വഴിയേ വിവരിക്കാം.

ശരിക്കും പിന്നെയും വൈകിയാണ് 'ഹത്താജോഡി' (Hatha Jodi) എന്ന പേര് കേള്‍ക്കുന്നത് തന്നെ. ഹിന്ദു ആചാരങ്ങളില്‍ ധനവും ഐശ്വര്യവും ആയുരാരോഗ്യസൌഖ്യങ്ങളും കൊണ്ടുവരാന്‍ തക്ക കഴിവുണ്ടെന്ന് വിശ്വസിക്കുന്ന (വിശ്വസിപ്പിക്കുന്ന) Martynia annua എന്ന ചെടിയുടെ വേരാണ് ഇവിടെ കഥാനായകന്‍. രണ്ട് കൈപ്പത്തികള്‍ പ്രാര്‍ത്ഥനയിലെന്നോണം ചേര്‍ത്തുപിടിച്ചിരിക്കുന്നത് (Clasped hands) മാതിരിയുള്ള ഈ അപൂര്‍വ വേരുകളെന്ന് തെറ്റിദ്ധരിപ്പിക്കാനായി ക്രൂരന്മാരായ കള്ളക്കടത്തുകാര്‍ ഉടുമ്പുകളുടെ ലിംഗം ഉണക്കിയെടുത്ത് വന്‍തുകയ്ക്ക് വിപണനം നടത്താറുണ്ട് എന്നുകൂടിയുണ്ട് കഥയുടെ ബാക്കിഭാഗം. കേരളത്തില്‍ അത്രമേല്‍ പ്രചാരത്തിലില്ലാത്തതിനാലാകാം ഞങ്ങള്‍ പോലും അതിനെക്കുറിച്ച് കേള്‍ക്കാന്‍ അത്രമേല്‍ വൈകിയതെന്ന് തോന്നുന്നു.

അതുപോലെ തന്നെയാണ് കടല്‍ക്കുതിരകളുടെ കാര്യവും. പ്രതിവര്‍ഷം ഇരുപത് ലക്ഷത്തോളം കടല്‍ക്കുതിരകള്‍ എങ്കിലും കള്ളക്കടത്തിന് വിധേയമാകുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ചൈനയിലെ പരമ്പരാഗത ഔഷധങ്ങളില്‍ മുഖ്യസ്ഥാനം വഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന കടല്‍ക്കുതിരകള്‍ പുകള്‍പെറ്റ ലൈംഗിക ഉത്തേജനം (Aphrodisiacs), ആസ്ത്മ (Asthma), ഉറക്കത്തില്‍ അറിയാതെ മൂത്രം പോകല്‍ (Nocturnal enuresis) എന്നിങ്ങനെ അനവധികളായ അസുഖങ്ങള്‍ക്ക് 'മറുമരുന്നായി വാഴ്ത്തപ്പെടുന്നു'!

കേരള വനംവകുപ്പിന്റെ വിജിലന്‍സ് മേധാവിയുടെ കീഴിലാണ് ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്‍ എന്ന വിങ് പ്രവര്‍ത്തിക്കുന്നത്. ഡി.എഫ്.ഒ. തലത്തിലുള്ള ഒരു അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് ആണ് അതിന്റെ തലവന്‍. ഒരു റെയിഞ്ച് ഓഫീസറും നിലവില്‍ രണ്ട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറന്മാരും കേരളത്തിന്റെ വിവിധ ജില്ലകളില്‍നിന്നുള്ള പത്ത് ബീറ്റ് ഫോറസ്റ്റ് ഓഫീസറന്മാരും അടങ്ങുന്നതാണ് അതിലെ ജീവനക്കാര്‍. 

ഇന്റലിജന്‍സ് സെല്ലില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഞാന്‍ നേരിട്ടു ഭാഗമായ കുറച്ച് ഓപ്പറേഷനുകളെക്കുറിച്ചു മാത്രമാണ് ഇവിടെ വിവരിക്കുന്നത്. ആവര്‍ത്തനവിരസതയൊഴിവാക്കാനായി ഒരേ ജീവിയുടെ അല്ലെങ്കില്‍ ഒരേ ഉത്പന്നത്തിന്റെതന്നെ വിവിധയിടങ്ങളില്‍നിന്നുള്ള പിടിച്ചെടുക്കലുകളെക്കുറിച്ചുള്ള വിവരണം പരിമിതപ്പെടുത്തിയിട്ടുണ്ട്.

വന്യജീവികളുടെയും അവയില്‍നിന്നു കിട്ടുന്ന വിവിധങ്ങളായ ഉത്പന്നങ്ങളുടെയും അനുദിനം വര്‍ധിച്ചുവരുന്ന കള്ളക്കടത്താണിവിടുത്തെ പ്രതിപാദ്യം. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള രഹസ്യവിവരശേഖരണവും തുടര്‍ന്നുള്ള റെയ്ഡുകളുമാണ് ഇവിടെ വിവരിക്കുന്നത്. ഇന്ന് സമൂഹത്തില്‍ വന്യജീവികളുടെ കള്ളക്കടത്ത് എത്രത്തോളം വ്യാപകമാണെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്.

ഉള്‍വനങ്ങളിലെ നായാട്ടുകളെക്കുറിച്ച് ഇതില്‍ പരാമര്‍ശമില്ല. കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ട ആളുകളുടെയും ഓപ്പറേഷനുകള്‍ നടത്തിയ ഉദ്യോഗസ്ഥന്മാരുടെയും പേരുകളും സ്ഥലങ്ങളും പലതും വ്യാജമാണ്. റെയ്ഡുകള്‍ക്കുശേഷം നടക്കുന്ന അന്വേഷണങ്ങളും അറസ്റ്റുകളും കണ്ടെത്തലുകളും കോടതിനടപടികളും ഇതില്‍ വിവരിക്കുന്നുമില്ല.

ആദ്യത്തെ രണ്ട് അധ്യായങ്ങളില്‍ പരാമര്‍ശിക്കുന്ന നാഗമാണിക്യം, ഗജമുത്ത്, ലില്ലിപ്പുട്ടുകള്‍, റൈസ് പുള്ളിങ്, ഇറിഡിയത്തിന്റെ സാന്നിധ്യം എന്നിവകള്‍ക്കൊന്നുംതന്നെ യാതൊരുവിധത്തിലുള്ള ശാസ്ത്രീയ അടിത്തറയുമില്ല. അവയൊക്കെയും അജ്ഞരും ദുരാഗ്രഹികളുമായ ഭാഗ്യാന്വേഷികളെ കബളിപ്പിക്കുവാനുമായുള്ള കുത്സിതബുദ്ധികളുടെ ഭാവനാസൃഷ്ടികള്‍ മാത്രമാണ്.

ഈ പുസ്തകം യാഥാര്‍ഥ്യമാകുമ്പോള്‍ കടപ്പാടറിയിക്കാനുള്ളത്, പുറംലോകം തീര്‍ത്തുമറിയാത്ത വന്യജീവി കള്ളക്കടത്തുകളെക്കുറിച്ച് പ്രാഥമിക വിവരങ്ങളും കുറ്റവാളികളെ കുടുക്കാനായി അനുഭവങ്ങളുടെ തീച്ചൂളയില്‍ സ്ഫുടം ചെയ്തെടുത്ത തന്ത്രങ്ങളുടെ വാര്‍പ്പുമാതൃകകളും പരിചയപ്പെടുത്തിത്തന്ന, പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത കേരള വനംവകുപ്പിലെ ആത്മാര്‍ത്ഥത മാത്രം കൈമുതലായുള്ള ഒരുകൂട്ടം സഹപ്രവര്‍ത്തകര്‍ക്കും എഴുത്തില്‍ സഹായഹസ്തങ്ങള്‍ നീട്ടിയ മറ്റ് കുറച്ചു സുഹൃത്തുക്കള്‍ക്കും വന്യജീവികളുടെ കള്ളക്കടത്തിലൂടെ വലിയ ധനവാന്മാരാകാന്‍ കൊതിച്ച് അവസാനം ഒന്നുമല്ലാതായിപ്പോയ, എനിക്ക് നേരിട്ടറിയാവുന്ന, എന്നാല്‍ സമൂഹമധ്യത്തില്‍ ചൂണ്ടിക്കാണിച്ചുതരാന്‍ നിവൃത്തിയില്ലാത്ത, അപൂര്‍വം ചില സുഹൃത്തുക്കളുടെ രഹസ്യ വെളിപ്പെടുത്തലുകള്‍ക്കും എഴുത്തുകള്‍ പ്രസിദ്ധീകരിച്ച പ്രസാധകന്‍ മാസികയ്ക്കും ബാല്യകൗമാരങ്ങളില്‍ എഴുത്തിന്റെ ആദ്യാക്ഷരങ്ങള്‍ ഉള്ളില്‍ കോറിയിട്ട മാതാപിതാക്കള്‍ക്കും അതിനിയും മായാനനുവദിക്കാത്ത സഹധര്‍മ്മിണിക്കുമാണ്.