രാജസ്ഥാനിലെ ഒരു പിന്നാക്ക ജില്ലയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, കേരളത്തിന്റെ ചീഫ് സെക്രട്ടറി, മുഖ്യ വിവരാവകാശ കമ്മീഷണര്‍ എന്നീ ഉന്നത പദവികളിലെത്തിയ ഐ.എ.എസ്. ഓഫീസറാണ് ഡോ. വിശ്വാസ് മേത്ത. മാതൃഭൂമി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആത്മകഥയാണ് 'അതിജീവനം.' ഒരു ഭാഗം വായിക്കാം...
വയനാടും നന്മനിറഞ്ഞ ആദിവാസികളും
പൊതുജനസേവനം ചെയ്യണമെങ്കില്‍ സിവില്‍ സര്‍വീസില്‍ ഒരുപാടു ക്ഷമ വേണം. എനിക്കെല്ലാം അറിയാം എന്നു കരുതി കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പലപ്പോഴും പരാജയമായിരിക്കും ഫലം. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളുടെ വാസ്തവം അറിയണമെങ്കില്‍ നാം മാത്രം വിലയിരുത്തിയാല്‍ മതിയാവുകയില്ല. വസ്തുതകള്‍ മനസ്സാലാക്കാനായി സാധാരണമനുഷ്യര്‍ പറയുന്നത് ആദ്യം കേള്‍ക്കണം. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഒരുപാട് ഉദ്യോഗസ്ഥര്‍ക്ക് വസ്തുതകള്‍ കേള്‍ക്കാനുള്ള ക്ഷമയില്ല. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ പൊതുജനസേവനഗുണങ്ങള്‍ പലതും ഉദ്യോഗസ്ഥര്‍ക്ക് മാതൃകയാക്കാവുന്നതാണ്.
നൂറു വസ്തുതകള്‍ മുമ്പില്‍ വന്നാല്‍ മുപ്പതെണ്ണമെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് ആലോചിക്കണം. അതിനുള്ള മനുഷ്യവിഭവശേഷിയുണ്ടോ എന്നു പരിശോധിക്കണം. ആരാണ് തീരുമാനമെടുത്തു നടപ്പാക്കേണ്ടത് എന്ന് ആലോചിക്കണം. അതിന് ആര്‍ജ്ജവമുള്ളവരുണ്ടോ? അതിനുള്ള പരിചയവും, നടപ്പിലാക്കിയ പശ്ചാത്തലവുമുണ്ടോ? ജനങ്ങളെ അറിയിച്ച് അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടോ? പദ്ധതി നടപ്പിലാക്കാന്‍ വേണ്ടി സഹായിക്കുന്നവരുടെ പിന്നാലെ നടന്നിട്ടുണ്ടോ? അവരെ നിരന്തരം ഓര്‍മപ്പെടുത്തിയിട്ടുണ്ടോ?
ഇത്തരം ചോദ്യങ്ങള്‍ സ്വന്തമായി ചിന്തിച്ചാല്‍ മാത്രമേ ശരിയായ ഉത്തരം നമുക്കു ലഭിക്കുകയുള്ളൂ. ചോദ്യങ്ങള്‍ ചോദിക്കാനും അവയെക്കുറിച്ചു ചിന്തിക്കാനും കൂടുതല്‍ സമയം വിനിയോഗിക്കാനായാല്‍ അവയ്ക്കുള്ള പരിഹാരം നടപ്പാക്കുന്നതിന് കുറവു സമയം മാത്രമേ വിനിയോഗിക്കേണ്ടതുള്ളൂ. ഒരു കാര്യം മനസ്സിലാക്കണം. ചോദ്യങ്ങളുണ്ടെങ്കിലല്ലേ അവയ്ക്കുള്ള ഉത്തരവും ഉണ്ടാവുകയുള്ളൂ? പ്രശ്നങ്ങളുണ്ടെങ്കിലല്ലേ പരിഹാരവുമുണ്ടാവുകയുള്ളൂ. പൊതു സര്‍വീസില്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് ശമ്പളം കിട്ടുന്നത് പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കാനായാണ്; അല്ലാതെ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വേണ്ടിയല്ല. ഉദ്യോഗസ്ഥന്മാര്‍ വരും പോവും. മന്ത്രിസഭകളും ഗവണ്‍മെന്റും അപ്രകാരം തന്നെ. അവയൊക്കെ സ്വപ്നംപോലെയായിത്തീരും. പക്ഷേ, നടപ്പാക്കിയ നല്ല കാര്യങ്ങള്‍ അവിടെ ബാക്കിനില്‍ക്കും.

പ്രായോഗികക്ഷമതയെക്കുറിച്ചുള്ള ബോധമാണ് ഒരു ഉദ്യോഗസ്ഥനെ ജനാഭിമുഖനാക്കി നിര്‍ത്തുന്നത്. അതിനുള്ള കഴിവ് അയാള്‍ ആര്‍ജ്ജിക്കേണ്ടതുണ്ട്. ജന്മഭൂമി രാജസ്ഥാനാണെങ്കിലും വിശ്വാസിന് കര്‍മ്മഭൂമി കേരളമായിരുന്നു. അതിന്റെ ശരിയായ അര്‍ത്ഥം മനസ്സിലായത് വയനാട് കളക്ടറായി പ്രവര്‍ത്തിയെടുക്കുമ്പോഴായിരുന്നു. ജനസമൂഹത്തിന്റെ വികസനത്തിനു വേണ്ടി, ഒരാള്‍ വാശിപിടിച്ച് സ്വന്തം കഴിവ്, സര്‍ക്കാരിന്റെ പിന്തുണ എന്നിവ ഉപയോഗിച്ച് പലതും ആത്മാര്‍ത്ഥമായി നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെ ഫലം ജില്ലാ കളക്ടര്‍ സ്ഥാനത്തുനിന്ന് സ്ഥലംമാറ്റം കഴിഞ്ഞതിനുശേഷമാണ് വിശ്വാസിന് മനസ്സിലായത്. വളരെ വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ മുക്കും മൂലയിലും ജനങ്ങള്‍ക്കുവേണ്ടി ചെയ്തിരിക്കുന്ന, പൊതുവസ്തുക്കള്‍ ആര്‍ജ്ജിക്കുക തുടങ്ങിയ സേവനങ്ങളുടെ പാദമുദ്രകള്‍ ജില്ലയിലെങ്ങും കാണാം. ചീഫ് സെക്രട്ടറിയായിക്കഴിഞ്ഞ ശേഷവും മുമ്പ് വയനാട്ടില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ഇന്നും വിശ്വാസ് അദ്ഭുതത്തോടെയാണ് കാണുന്നത്.
ഗസ്റ്റ് ഹൗസ് മാനേജരുടെ വിക്രിയകള്‍
വയനാട് കളക്ടറായി വിശ്വാസ് ഓടിനടക്കുന്ന കാലത്താണ് രസകരമായ ഒരു സംഭവമുണ്ടായത്. ഒരു ഇന്‍സ്പെക്ഷന്‍ നടക്കുന്നതിനിടയില്‍ സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസില്‍ വിശ്വാസ് ചായ കുടിക്കാനായി ചെന്നു. അവര്‍ മുറി തുറന്നു കൊടുത്തു. കുറച്ചു കഴിഞ്ഞ് മനേജറെ ഒരു കാര്യം സംസാരിക്കാനായി വിളിപ്പിച്ചു. അയാള്‍ തലയ്ക്കു വെളിവില്ലാതെ ആടിയാടിയാണ് നിന്നിരുന്നത്. സംസാരിക്കുമ്പോള്‍ അയാളുടെ നാവ് കുഴഞ്ഞുപോയിരുന്നു. പകല്‍തന്നെ അയാള്‍ നന്നായി മദ്യപിച്ചിരുന്നതായി സംശയമുണ്ടായി. മുമ്പുതന്നെ ഇങ്ങനെ ഒരു പരാതി ഇയാളെപ്പറ്റി കേട്ടിരുന്നതാണ്.
വിശ്വാസ് ഡ്രൈവറുടെ അടുത്തുചെന്ന് ഇപ്രകാരം പറഞ്ഞു: 'സുല്‍ത്താന്‍ ബത്തേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ അടുത്തു ചെന്ന് കളക്ടര്‍ക്കു സുഖമില്ലെന്നും, ഉടനേ ഒരു ഡോക്ടറെ കൂട്ടി ഗസ്റ്റ് ഹൗസിലേക്കു വരണമെന്നും ആവശ്യപ്പെട്ടു.' സി.ഐ. വളരെ അടുത്തു പരിചയമുള്ള, വിശ്വാസിനെ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയായിരുന്നു. കളക്ടറുടെ വയ്യായ്ക കേട്ട് അദ്ദേഹം സംഭ്രമിച്ച് ഉടനേ ഡോക്ടറെ കൂട്ടി ഗസ്റ്റ് ഹൗസിലേക്ക് ഓടിവന്നു. അവരെ കണ്ട ഉടനേ വിശ്വാസ് പറഞ്ഞു: 'എനിക്ക് കുഴപ്പമൊന്നുമില്ല; പക്ഷേ, മാനേജര്‍ക്ക് വയ്യായ്കയുണ്ട്. അതിനാല്‍ അയാളെ പരിശോധിക്കണം. മദ്യപിച്ചിട്ടുണ്ടെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി അറസ്റ്റു ചെയ്ത് ഉടനേ സ്റ്റേഷനിലേക്കു മാറ്റണം.' ഒരു മണിക്കൂറിനകം സസ്പെന്‍ഡു ചെയ്യാനുള്ള കല്‍പ്പന പുറപ്പെടുവിച്ച് കളക്ടര്‍ ടൂറിസം സെക്രട്ടറിക്ക് കത്തയയ്ക്കുകയും ചെയ്തു.
കല്‍പ്പറ്റയിലേക്ക് തിരിച്ചുവരുമ്പോഴേക്കും തഹസില്‍ദാരും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും കൂടി വിശ്വാസിനെ ഫോണില്‍ വിളിച്ച് മാനേജരുടെ കാര്യം വിഷമത്തിലാണെന്നും അയാള്‍ക്ക് ഒരുപാടു കുടുംബപ്രശ്നങ്ങളുണ്ടെന്നും അയാള്‍ ഒരുപക്ഷേ, ആത്മഹത്യ ചെയ്തേക്കുമെന്നും പറഞ്ഞു. ദയവായി കളക്ടര്‍ അയാള്‍ക്ക് മാപ്പു കൊടുക്കണം. പക്ഷേ, വിശ്വാസ് ഉറച്ചുനിന്നു. കാരണം, ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പിന്നെ ഇത്തരം കാര്യങ്ങളില്‍ ആരാണ് നടപടിയെടുക്കുക? കുറച്ചുകഴിഞ്ഞാണ് വിശ്വാസ് അറിഞ്ഞത്, തഹസില്‍ദാരും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഗസ്റ്റ് ഹൗസ് മാനേജരും വൈകുന്നേരങ്ങളില്‍ സ്ഥിരമായി ഒരുമിച്ചുകൂടിയിരുന്നുവെന്ന്! അതിനാലാണ് അവര്‍ മാനേജരെ രക്ഷിക്കാന്‍ നോക്കുന്നത്.
മാനേജര്‍ ആത്മഹത്യയൊന്നും ചെയ്തില്ല. സസ്പെന്‍ഷന്‍ കാലാവധിക്കുശേഷം അയാള്‍ വയനാടു വിട്ട് സ്വന്തം നാട്ടിലേക്കു തിരിച്ചുപോയി. ഈ വാര്‍ത്ത മൊത്തം ജില്ലയില്‍ പരന്നു. അതിനൊരു ഗുണമുണ്ടായി. ആരും ഓഫീസ് സമയത്ത് മദ്യപിക്കാന്‍ ധൈര്യപ്പെട്ടതുമില്ല. അനുസരിക്കാത്ത ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ വേറെയും ഒരു സംഭവമുണ്ടായി. ഗ്രാമീണ വികസന വകുപ്പിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു ഇത്തവണ പ്രശ്നക്കാരനായത്. അയാള്‍ അഴിമതിക്കാരനും ഒരിക്കലും മേലുദ്യോഗസ്ഥരെ അനുസരിക്കാത്തയാളുമായിരുന്നു. ഇയാളെ പല ജില്ലകളില്‍നിന്നും സഹിക്കവയ്യാതെ വയനാട്ടിലേക്ക് തള്ളിവിട്ടതാണ്. ഈ വകുപ്പിന്റെ ജില്ലാതല മേല്‍നോട്ട ചുമതല കളക്ടര്‍ക്കായിരുന്നതുകൊണ്ട് അയാള്‍ അനുസരണക്കേടു കാട്ടിയിരുന്നത് വിശ്വാസിനെ ശരിക്കും കഷ്ടത്തിലാക്കിയിരുന്നു.
കോളനികള്‍ സന്ദര്‍ശിക്കുക, പിന്നാക്കപ്രദേശങ്ങളില്‍ റോഡുകളുടെയും വീടുകളുടെയും നിര്‍മ്മാണം, കുടിവെള്ളപ്പദ്ധതി തുടങ്ങിയവ ഇതിലുള്‍പ്പെട്ടിരുന്നു. പറഞ്ഞാല്‍ അനുസരിക്കാത്തതുകാരണം, ജില്ലാ കളക്ടര്‍ അനുവദിച്ചിട്ടുള്ള ഒരു പദ്ധതിയും ഇയാള്‍ നടപ്പാക്കുകയില്ല. പകരം കൈക്കൂലി കൊടുക്കുന്നവരുടെ പണികള്‍ പെട്ടെന്ന് നടപ്പിലാക്കും.
പല തവണ സെക്രട്ടറിയുടെ അടുക്കല്‍ ഇയാളെക്കുറിച്ച് വിശ്വാസ് പരാതിപ്പെട്ടു. സെക്രട്ടറിപോലും ഇയാളുടെ പ്രവൃത്തികളെക്കുറിച്ച് ബോധമുള്ളവനായിരുന്നു. അനുസരിച്ചില്ലെങ്കില്‍ അയാളെ സസ്പെന്‍ഡ് ചെയ്തുകൊള്ളാന്‍ കളക്ടറോട് പറയും. പക്ഷേ, അയാളുടെ ചരിത്രം നോക്കുമ്പോള്‍ അയാള്‍ പല കേസുകളിലും കോടതിയെ സമീപിച്ച് മേലുദ്യോഗസ്ഥരെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. സ്ഥിരം വ്യവഹാരികളാണ് അവര്‍. വയനാടുവികസനം ആഗ്രഹിക്കുന്ന വിശ്വാസിനെ ഇത് തികച്ചും നിസ്സഹായനാക്കി. പല തവണ പല രീതിയില്‍ സംസാരിച്ചിട്ടും അയാള്‍ വഴങ്ങിയല്ല.
വിശ്വാസ് കളക്ടറായി വയനാട്ടിലെത്തുന്നതിനു മുമ്പ് ഒരു പ്രത്യേക സംഭവമുണ്ടായി. അന്നത്തെ ജില്ലാ കളക്ടറും ജില്ലാ ജഡ്ജിയും തമ്മിലുണ്ടായ ഒരു പിണക്കം ഹൈക്കോടതിയിലെത്തുകയും അതില്‍ ഇടപെട്ട് കോടതി രണ്ടുപേരെയും സ്ഥലംമാറ്റുകയും ചെയ്തിരുന്നു. പകരംവന്ന ജില്ലാ ജഡ്ജി ഹേമയെ കാണാനായി വിശ്വാസ് കളക്ടറായി ചാര്‍ജെടുത്ത ഉടനേ മുന്‍കൈയെടുത്തു. അവരുടെ ക്ഷണപ്രകാരം ഒരു ദിവസം വീട്ടിലെത്തി ആതിഥ്യം സ്വീകരിക്കുകയും അവിടെ വെച്ച് അനുസരിക്കാത്ത ഉദ്യോഗസ്ഥന്മാരെ ജോലി ചെയ്യിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നു സൂചിപ്പിക്കുകയും ചെയ്തു. എന്തു പ്രവര്‍ത്തിച്ചാലും അവര്‍ ഉടനേ കോടതിയെ സമീപിക്കും. ഭൂരിപക്ഷം കേസുകളും ഉത്തരവിറക്കിയവര്‍ക്ക് എതിരായാണു വരിക. എന്ത് നടപടിയെടുത്താലും അവര്‍ക്കുവേണ്ടി കോടതി ഇടപെടുകയും ചെയ്യും. ഈ അഴിമതിക്കാര്‍ക്ക് എന്തുകൊണ്ടാണ് ജഡ്ജിമാരില്‍നിന്ന് നീതി കിട്ടുന്നത്?
പിന്നീട് ഹൈക്കോടതി ജഡ്ജിയായി പ്രമോഷന്‍ ലഭിച്ച ജില്ലാ ജഡ്ജി ഹേമ മറുപടി പറഞ്ഞു: 'ഇത് ജഡ്ജിമാരുടെ കുഴപ്പംകൊണ്ടല്ല. അവര്‍ക്ക് തെളിവുകളാണ് പ്രധാനം. നിയമം ശരിക്കും നോക്കാതെ തെളിവില്ലാതെ ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചാല്‍ കോടതി അവരുടെ പക്ഷത്തേ നില്‍ക്കുകയുള്ളൂ.' അതുകൊണ്ട് നന്നായി പഠിച്ചതിനുശേഷം നിയമപ്രകാരം തെളിവുസഹിതം മാത്രമേ നടപടി സ്വീകരിക്കാവൂ എന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം മേലധികാരികളും അതു ശ്രദ്ധിക്കാറില്ല. അതിനാലാണ് ഇത്തരം കേസുകള്‍ തോല്‍ക്കുന്നത്.
മുമ്പ് ചീഫ് സെക്രട്ടറിയായിരുന്ന പത്മകുമാര്‍ പറഞ്ഞിരുന്ന ഒരു കാര്യം ഓര്‍ത്തു. കൊള്ളരുതാത്തവരുടെ പിന്നാലെ നടന്നിട്ടു കാര്യമില്ല; അവരെ പഠിപ്പിച്ചിട്ടു കാര്യവുമില്ല. പകരം, നല്ല ഒരവസരം ലഭിക്കുമ്പോള്‍ അവരെ വിടരുത്. അതിന് ആനയുടെ പ്രതികാരബുദ്ധിയാണ് നമുക്കു വേണ്ടത്. വിശ്വാസ് അവസരത്തിനായി കാത്തിരുന്നു.
കുറച്ചു മാസങ്ങള്‍ക്കുശേഷം തിരഞ്ഞെടുപ്പ് നിശ്ചയിച്ചു. തിരഞ്ഞെടുപ്പാവശ്യത്തിനായി വണ്ടികള്‍ പല വകുപ്പുകളില്‍നിന്നും ആവശ്യപ്പെട്ടിരുന്നു. അപ്പോള്‍, അനുസരിക്കാത്ത ആ ഗ്രാമീണ വികസന വകുപ്പ് മേധാവിയുടെ വാഹനം ഓടിക്കാന്‍ പറ്റാത്തതിനാല്‍ വര്‍ക്ക്ഷോപ്പിലാണെന്ന് അയാള്‍ അറിയിച്ചു. യഥാര്‍ത്ഥത്തില്‍ ആ വണ്ടി അയാള്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇങ്ങനെ കളവു പറയുന്നത് ഇലക്ഷന്‍ നിയമപ്രകാരം കുറ്റകരമായിരുന്നതിനാല്‍ അയാള്‍ക്കെതിരേ കളക്ടര്‍ക്ക് ജില്ലാ തിരഞ്ഞെടുപ്പ് അധികാരി എന്ന നിലയ്ക്ക് നേരിട്ട് നടപടി സ്വീകരിക്കാമായിരുന്നു. ഉദ്യോഗസ്ഥന്മാര്‍ അനുസരിച്ചില്ലെങ്കില്‍ കളക്ടര്‍ക്ക് തിരഞ്ഞെടുപ്പു നടത്താന്‍ ബുദ്ധിമുട്ടായിരിക്കും. ആയതിനാല്‍ തിരഞ്ഞെടുപ്പുകാലത്ത് റെപ്രസെന്റേഷന്‍ ഒഫ് പീപ്പിള്‍സ് (ആര്‍.പി.) ആക്ട് പ്രകാരം പ്രത്യേക അധികാരങ്ങള്‍ കളക്ടറില്‍ നിക്ഷിപ്തമായിരുന്നു.
അതേ സമയത്ത് കൗണ്ടിങ് നടത്തുന്ന ഹാളില്‍ റിട്ടേണിങ് ഓഫീസറെ സഹായിക്കാനായി അയാളെ നിയമിച്ചിരുന്നു. എന്നാല്‍ അയാള്‍ അനുസരിക്കാത്ത വ്യക്തിയായിരുന്നതുകൊണ്ട് ഡ്യൂട്ടിക്കു വന്ന് മുഖം കാണിച്ച് ഫലപ്രഖ്യാപനത്തിനു മുമ്പുതന്നെ വീട്ടിലേക്കു തിരിച്ചുപോയി. ഈ രണ്ടു സംഭവങ്ങളുടെയും വിശദമായ റിപ്പോര്‍ട്ടുണ്ടാക്കി തെളിവുസഹിതം വിശ്വാസ് രണ്ടു പോലീസ് സ്റ്റേഷനുകളില്‍ ആര്‍.പി. ആക്ടിലെ ബന്ധപ്പെട്ട വകുപ്പനുസരിച്ച് എഫ്.ഐ.ആര്‍. റജിസ്റ്റര്‍ ചെയ്തു. വണ്ടി വീട്ടില്‍നിന്നു ജപ്തിചെയ്തശേഷം അയാളെ അറസ്റ്റു ചെയ്തു മുഴുവന്‍ ദിവസം സ്റ്റേഷനിലിരുത്തി. പിന്നെ ജാമ്യത്തില്‍ വിട്ടു. കേസിന്റെ അടിസ്ഥാനത്തില്‍ അയാളെ സസ്പെന്‍ഡു ചെയ്യുകയുമുണ്ടായി.
സസ്പെന്‍ഷനായ ശേഷം, അയാള്‍ നേരേ ഹൈക്കോടതിയില്‍ പോയി. രണ്ട് എഫ്.ഐ.ആറുകളും ഇല്ലാതാക്കാന്‍ ശ്രമിച്ചു. പക്ഷേ, അയാള്‍ക്കെതിരായി വളരെ ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നതുകൊണ്ട് കോടതി ഇടപെട്ടില്ല. അങ്ങനെ പുതിയ ഒരു ഉദ്യോഗസ്ഥന്‍ അയാള്‍ക്കു പകരം വരികയും ചെയ്തു. അത് വിശ്വാസിന് വലിയ ആശ്വാസമായി. ഇയാള്‍ കാരണം സ്തംഭിച്ചുപോയ വികസനപരിപാടികള്‍ വയനാട്ടില്‍ പല പിന്നാക്കപ്രദേശങ്ങളിലും വീണ്ടും നടപ്പാക്കാനായി.
വര്‍ഷങ്ങള്‍ക്കുശേഷം ഒരു ദിവസം ഒരിടത്തുവെച്ച് വിശ്വാസ് അയാളെ കാണാനിടയായി. അപ്പോഴും അയാള്‍ പേടിച്ച് വിശ്വാസിന്റെ അടുത്തേക്ക് വരാതെ കഴിച്ചു. പക്ഷേ, വിശ്വാസ് അയാളുടെ അടുത്തേക്കു ചെന്നശേഷം ഇപ്രകാരം പറഞ്ഞു: 'നിങ്ങളുമായി എനിക്ക് വ്യക്തിപരമായി ഒരു വിരോധവുമില്ല. ജില്ലാ കളക്ടറായി ഒരാള്‍ക്കു മാത്രമേ പ്രവര്‍ത്തിക്കാന്‍ സാദ്ധ്യമാകയുള്ളൂ. നിവൃത്തിയില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടിവന്നത്. പക്ഷേ, നിങ്ങളെ ജോലിയില്‍നിന്നു പുറത്താക്കാന്‍ എനിക്ക് ആഗ്രഹമില്ല. അതുകൊണ്ട് നിങ്ങള്‍ക്കെതിരേ കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ടെങ്കിലും സര്‍ക്കാരില്‍നിന്നും പ്രോസിക്യൂഷന്‍ അനുവാദം ലഭിക്കാത്തതുകൊണ്ട് ജോലി നഷ്ടപ്പെടാതിരുന്നതില്‍ സന്തോഷമേയുള്ളൂ.'
രണ്ടുപേര്‍ക്കും പറയാന്‍ ബാക്കിയൊന്നുമുണ്ടായിരുന്നില്ല. ജോലിയുടെ ഭാഗമായി ചില സമയത്ത് നമുക്ക് ചിലപ്പോള്‍ അത്രയൊന്നും രസിക്കാത്ത കാര്യങ്ങള്‍ ചെയ്യേണ്ടിവരും. ഇതൊരു ഇഷ്ടമില്ലാത്ത സംഭവമാണെങ്കിലും വിശ്വാസിന് ഒരു പ്രധാന ജീവിതപാഠമായിരുന്നു. കോടതി മാത്രമല്ല, ജീവിതത്തില്‍ പല അവസരങ്ങളിലും ഇത്തരം ഘട്ടങ്ങളില്‍ വികാരങ്ങളാലുള്ള പാതിവെന്ത തീരുമാനങ്ങള്‍ എടുക്കുന്നതിനു പകരം, ബുദ്ധിയും തെളിവുകളും അടിസ്ഥാനമാക്കി നിയമപ്രകാരം തീരുമാനമെടുക്കുകയാണു വേണ്ടത്. വീടില്ലാത്തവര്‍ വയനാട് കളക്ടറായിരിക്കുമ്പോള്‍ കെ. കരുണാകരനായിരുന്നു കേരള മുഖ്യമന്ത്രി. പിന്നീട് എ.കെ. ആന്റണി മുഖ്യമന്ത്രിയായി.
അക്കാലത്ത് വയനാട്ടില്‍ പട്ടയവിതരണത്തിനായി പല കാര്യപരിപാടികളും സംഘടിപ്പിച്ചിരുന്നു. അതിനായി മുഖ്യമന്ത്രി വരുമായിരുന്നു. ആയിരക്കണക്കിനാളുകള്‍ പട്ടയവിതരണമേളകളില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ വയനാടു ജില്ലയിലെ ഒരു ദിവസത്തെ ജനസമ്പര്‍ക്ക പരിപാടിയാണിത്. ഒരിക്കല്‍ വൈകുന്നേരംവരെ പരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രിക്കൊപ്പം വിശ്വാസും ക്ഷീണിതനായിരുന്നു. വൈകുന്നേരം മുഖ്യമന്ത്രിയെ കാണേണ്ടതുണ്ടായിരുന്നു. വീട്ടിലെത്തി കുളിച്ചു ഗസ്റ്റ് ഹൗസിലേക്കു തിരിച്ചു.
'എന്താണ് മുഖത്തൊരു ക്ഷീണം?' മുഖ്യമന്ത്രി ചോദിച്ചു.
'ആയിരക്കണക്കിനാളുകള്‍ക്ക് വീടും സ്ഥലവും നല്‍കുന്നതിനായി പ്രയത്നിക്കുന്ന ജില്ലാ കളക്ടര്‍ക്ക് സ്വന്തമായി ഒരു വീടില്ലെന്നു പറഞ്ഞാല്‍ അങ്ങു വിശ്വസിക്കുമോ? മുപ്പത്തിയഞ്ചുവര്‍ഷം ജോലിചെയ്ത എന്റെ അച്ഛനും ഭൂമിയോ വീടോ സ്വന്തമായില്ലായിരുന്നു. അച്ഛനമ്മമാരുടെ ആകെയുള്ള സമ്പാദ്യം സ്വന്തം മകന്‍ വിശ്വാസ് മാത്രമേയുള്ളൂ. പക്ഷേ, മകനായ തനിക്കും പത്തുവര്‍ഷം ഐ.എ.എസ്സില്‍ ജോലി ചെയ്തിട്ടും സ്വന്തമായി ഒരു സെന്റ് സ്ഥലമോ വീടോ നിര്‍മ്മിക്കാനായിട്ടില്ല.' വിശ്വാസിന് കളക്ടറായിരിക്കുമ്പോള്‍ വേണമെങ്കില്‍ അഴിമതികൊണ്ട് സ്ഥലമോ വീടോ സമ്പാദിക്കാമായിരുന്നു. എ.കെ. ആന്റണിയെപ്പോലെ നന്മനിറഞ്ഞ ഒരു മുഖ്യമന്ത്രിക്ക് വിശ്വാസിനെപ്പോലെ ഒരു സത്യസന്ധനായ ഓഫീസറുടെ ബുദ്ധിമുട്ട് മനസ്സിലായില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് അതു മനസ്സിലാവുക?
ഐ.എ.എസ്സുകാരിലും അത്തരക്കാരുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് അതു പറഞ്ഞാല്‍ മനസ്സിലാവാന്‍ ബുദ്ധിമുട്ടാണ്. അവര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ നല്ല സാമ്പത്തികശേഷി ഉള്ളവരായാണ് കാണുന്നത്. പക്ഷേ, തന്നെപ്പോലെ പിന്നാക്കപ്രദേശങ്ങളില്‍നിന്നും വന്നിരിക്കുന്ന, സാധാരണകുടുംബങ്ങളിലെ അംഗങ്ങള്‍ ഐ.എ.എസ്സില്‍ ധാരാളമായുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് വീടു വെക്കുന്നതിനാവശ്യമായ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഫയല്‍ മുഖ്യമന്ത്രിക്ക് വര്‍ഷങ്ങള്‍ക്കു മുമ്പു സമര്‍പ്പിച്ചിരുന്നു. അത് അനുവദിച്ചാല്‍ വളരെ ഉദ്യോഗസ്ഥര്‍ക്ക് പ്രയോജനമുണ്ടാവും. എല്ലാ സംസ്ഥാനങ്ങളിലും ഇങ്ങനെ പതിവുണ്ട്. എന്നാല്‍ കേരളത്തില്‍ ഇതുവരെ നടപ്പിലായിട്ടില്ല.
മുഖ്യമന്ത്രി ഫയലില്‍ തീരുമാനമെടുത്തു. ഭാഗ്യവശാല്‍ പ്രിയദര്‍ശിനി പ്രോജക്ടിന് വളരെയേറെ സഹായിച്ചിരുന്ന എം.ജി.കെ. മൂര്‍ത്തി റവന്യൂ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. തിരുവനന്തപുരത്ത് ജഗതിയില്‍ ഒന്നര ഏക്കര്‍ ഭൂമി, നാല്‍പ്പത്തിരണ്ട് ഐ.എ.എസ്., ഐ.പി.എസ്. ഓഫീസര്‍മാര്‍ക്കു വീടുവെക്കാനായി അനുവദിച്ചു. സൗജന്യമായിരുന്നില്ല; ബാക്കി പല സ്ഥാപനങ്ങള്‍ക്കും കൊടുത്തിരുന്നപോലെ, സര്‍ക്കാര്‍ നിശ്ചയിച്ച വിപണിവിലയില്‍നിന്നും കുറച്ച ഒരു തുക മേടിച്ചായിരുന്നു അത് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയത്. വിരോധാഭാസം എന്തെന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതിനുള്ള പണം പോലും പലരുടെയും കൈവശമുണ്ടായിരുന്നില്ല എന്നതാണ്.
വീട് കുടിയിരിക്കുന്നു
പലര്‍ക്കും കൊടുക്കാന്‍ കാശില്ലായിരുന്നു. എച്ച്.ഡി.എഫ്.സിയില്‍ പോയി ലോണിനപേക്ഷിച്ചു. സര്‍ക്കാരും ലോണ്‍ കോടുക്കാന്‍ തയ്യാറായി. ശമ്പളത്തില്‍നിന്നു പിടിക്കുന്ന രൂപത്തിലായിരുന്നു തിരിച്ചടവു നിശ്ചയിച്ചത്. ഇന്‍സ്റ്റാള്‍മെന്റ് ആയാണ്. അങ്ങനെ നാല്‍പ്പത്തിരണ്ട് ഓഫീസര്‍മാര്‍ക്ക് സ്വന്തമായി വീടായി. ഹൗസിങ് സൊസൈറ്റിയുടെ പ്രസിഡന്റ് ടോം ജോസായിരുന്നു. അദ്ദേഹമാണ് രണ്ടായിരാമാണ്ടില്‍ പണി പൂര്‍ത്തിയാകുമെന്നു കരുതി മില്ലേനിയം അപ്പാര്‍ട്മെന്റ്സ് എന്നു പേരിട്ടത്. 1999-ല്‍ വീടു നിര്‍മ്മിക്കാന്‍ തുടങ്ങി. ലോണ്‍ കിട്ടി. പൈസ മുഴുവന്‍ എടുത്തു. ജഗതിയില്‍ 2001-ല്‍ പുതിയ വീട്ടില്‍ പാലു കാച്ചി.
എ.കെ. ആന്റണിയോടു കടപ്പാടുണ്ട്. അദ്ദേഹമാണ് ഉദ്യോഗസ്ഥര്‍ക്കുവേണ്ടി അതു ചെയ്തത്. മന്ത്രിമാര്‍ പലരും വരും പോവും. ഉദ്യോഗസ്ഥന്മാരും അങ്ങനെതന്നെ. എങ്കിലും അന്ന് മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ചെയ്തതുകൊണ്ടാണ് സ്വന്തമായി അല്‍പ്പം ഭൂമി ലഭിക്കാനും ഒരു വീടു നിര്‍മ്മിക്കാനും കഴിഞ്ഞത്. പത്തു വര്‍ഷത്തിന് വില്‍ക്കാന്‍ പാടില്ല എന്നായിരുന്നു നിയമം. കോളനിയില്‍ ഉദ്യോഗസ്ഥന്മാര്‍ ഒരുമിച്ചു താമസിക്കുന്നതുകൊണ്ട് പരസ്പരം കാര്യങ്ങളില്‍ സഹായിക്കാനുമാകും. അവിടെ കുറെ ഐ.എ.എസ്. ഓഫീസര്‍മാര്‍ താമസിച്ചിരുന്നു. അവരില്‍ അഞ്ചുപേര്‍ കാലാന്തരത്തില്‍ ചീഫ് സെക്രട്ടറിമാരായി മാറി. അതും അന്നത്തെ മുഖ്യമന്ത്രിക്ക് തീര്‍ച്ചയായും അഭിമാനിക്കാവുന്നതാണ്.
ത്രിശങ്കു
വൈദ്യുതിബോര്‍ഡില്‍നിന്നും സ്ഥലമേറ്റടുത്തതിന് അനുകൂല കോടതിവിധി കിട്ടിയ ഒരു വ്യക്തി ഒരു ദിവസം കളക്ടറെ കാണാനായി വന്നു. ഒരു കാന്‍സര്‍ രോഗിയാണ് താനെന്നും ബോര്‍ഡില്‍നിന്നും കോടതിവിധി മുഖേന ലഭിക്കേണ്ട വലിയ തുക വിട്ടുകിട്ടുന്നതിനായി ഗവണ്‍മെന്റ് പ്ലീഡര്‍ ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ചിട്ടുണ്ടെന്നും അയാള്‍ വാക്കാല്‍ പരാതിപ്പെട്ടു.
വിശ്വാസ് ഉടനേ ഗവണ്‍മെന്റ് പ്ലീഡറെ വിളിപ്പിച്ചു. എന്നിട്ടു പറഞ്ഞു: 'നിങ്ങള്‍ കൈക്കൂലി ചോദിച്ചിട്ടുണ്ടെന്നാണല്ലോ അയാള്‍ പറഞ്ഞത്.'
'ഏയ്, ഞാന്‍ അത്തരക്കാരനല്ല സര്‍,' കുറുക്കനെപ്പോലെ സൂത്രശാലിയായ ആ വക്കീല്‍ പറഞ്ഞു, 'അയാള്‍ വെറുതേ പറയുകയാണ്. ഉടനേ അയാള്‍ക്കു പൈസ ലഭിക്കാനുള്ള കാര്യങ്ങള്‍ ചെയ്തുകൊള്ളാം.' ഇതു പറഞ്ഞു കളക്ടര്‍ക്കു മുമ്പില്‍നിന്നും രക്ഷപ്പെട്ട പ്ലീഡര്‍ പറഞ്ഞ വാക്കുകള്‍ പാലിക്കാന്‍ നിന്നില്ല. എന്നു മാത്രമല്ല, പ്ലീഡര്‍, സര്‍ക്കാരിനും ജില്ലാ കളക്ടര്‍ക്കും എഴുതി. അതില്‍ വിധിയായ ഈ കേസ് അപ്പീല്‍ ഫയല്‍ ചെയ്യാനായി ശുപാര്‍ശ ചെയ്തിരിക്കുന്നു.
ഇതു പരാതിക്കാരനുള്ള ഒരു പാഠമായിരുന്നു. തന്നെപ്പറ്റി പരാതികൊടുത്താല്‍ നിങ്ങള്‍ക്ക് ഇനി വര്‍ഷങ്ങള്‍ പണം ലഭിക്കാന്‍ പോകുന്നില്ല. എന്തൊരു സാമര്‍ത്ഥ്യമാണിത്?
എഴുതിത്തന്ന പരാതിയൊന്നുമില്ലാത്തതിനാല്‍ വക്കീലിനെപ്പറ്റി ഒന്നും പരാതി പറയാന്‍ കഴിയില്ല. അതിനാല്‍ ഈ കേസില്‍ എല്ലാവിധ തീരുമാനങ്ങളും കോടതിവിധിയുള്‍പ്പെടെ വന്നതിനു ശേഷവും പ്ലീഡര്‍ പണം വിട്ടുകൊടുക്കാതെ പല കാരണങ്ങള്‍ പറഞ്ഞു താമസിപ്പിക്കുകയാണ് എന്ന് കളക്ടര്‍ സര്‍ക്കാരിലേക്ക് കത്തെഴുതി.
പിറ്റേന്ന് ഒരു പ്രമുഖപത്രത്തില്‍ ഒരു വാര്‍ത്ത വന്നു. കളക്ടറുടെ അനാസ്ഥകാരണം, സര്‍ക്കാരിന് ലഭിക്കേണ്ട വലിയ തുക നഷ്ടപ്പെടാന്‍ പോകുന്നുവെന്നായിരുന്നു ആ വാര്‍ത്ത. വിശ്വാസ് പണം ലഭിക്കേണ്ട വ്യക്തിയെ വീണ്ടും വിളിപ്പിച്ചു. നിങ്ങളെ സഹായിക്കാന്‍ ശ്രമിച്ച് ഇപ്പോള്‍ കളക്ടര്‍ വിഷമത്തിലായി. നിങ്ങള്‍ പ്ലീഡര്‍ക്കെതിരായി ഒരു പരാതി എഴുതിത്തരണമെന്നും അയാളെ താന്‍ ഒരു പാഠംപഠിപ്പിക്കുന്നുണ്ട് എന്നും പറഞ്ഞു. എന്നാല്‍ അയാള്‍ പ്ലീഡര്‍ക്കെതിരായി പരാതി എഴുതി നല്‍കുന്നതിനു തയ്യാറല്ലായിരുന്നു. കളക്ടര്‍മാര്‍ വരും പോകും, നമുക്ക് ജീവിക്കേണ്ടേ എന്ന് അയാള്‍ നിലപാടു വ്യക്തമാക്കി. അവസാനം വിശ്വാസ് പത്രക്കാരനെ വിളിപ്പിച്ചു. പരാതിക്കാരന്‍ ഒരു കാന്‍സര്‍ രോഗിയാണെന്ന് അറിയാമല്ലോ, ഗവണ്‍മെന്റ് പ്ലീഡര്‍ കൈക്കൂലി കിട്ടാത്തതുകൊണ്ടാണ് ഈ സൂത്രങ്ങള്‍ ചെയ്യുന്നത് എന്ന് വിശദീകരിച്ചു.
പത്രക്കാരന്‍ പറഞ്ഞു: 'എനിക്കെല്ലാം അറിയാം.'
'അങ്ങനെയാണെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങള്‍ ഈ അഴിമതിക്കാരനെ സഹായിക്കാനായി ഒരു വാര്‍ത്ത കളക്ടറെ ബുദ്ധിമുട്ടിക്കാനായി കൊടുത്തത്?' വിശ്വാസ് ചോദിച്ചു.

'വാര്‍ത്ത ജനങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി മാത്രമാണ് സര്‍,' അയാള്‍ പറഞ്ഞു, 'കളക്ടര്‍ക്കു പകരം വക്കീലിന് എതിരായി എഴുതിയാല്‍ ആരും തിരിഞ്ഞുനോക്കില്ല.' വിശ്വാസ് ത്രിശങ്കുവിലായി. പരാതിക്കാരന്‍ എഴുതിനല്‍കാന്‍ തയ്യാറല്ല, അഴിമതിക്കാരനായ വക്കീല്‍ രക്ഷപ്പെടാന്‍ പോവുകയാണ്. മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. അവസാനം ഈ യുദ്ധത്തില്‍ സ്വന്തമായി പോരാടാന്‍ വിശ്വാസ് തീരുമാനിച്ചു.
നേരേ ഹൈക്കോടതി അഡ്വക്കറ്റ് ജനറലിനെ കാണാന്‍ പോയി. ഈ ഗവണ്‍മെന്റ് പ്ലീഡര്‍ മുമ്പ് സമാനമായ കേസുകളില്‍ എത്രയെണ്ണത്തില്‍ പണം അനുവദിച്ചിട്ടുണ്ട് എന്നൊരു ലിസ്റ്റ് തയ്യാറാക്കിയിരുന്നു. കാര്യങ്ങളെല്ലാം വിശദീകരിച്ച് അദ്ദേഹത്തിന്റെ കൈയില്‍ ലിസ്റ്റ് കൊടുത്തു. സര്‍ക്കാര്‍ കോടതിയില്‍ പോവുകയാണെങ്കില്‍ നൂറ്റിപ്പത്തു കേസുകളിലും അപ്പീല്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. എന്തുകൊണ്ടാണ് അയാള്‍ നൂറിലധികം കേസുകളില്‍ പണം അനുവദിച്ചശേഷം ഈ കേസില്‍ മാത്രം പണം അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കാതിരുന്നത്? അങ്ങനെ അവസാനം പ്ലീഡര്‍ പണം വിട്ടുകൊടുക്കാന്‍ നിര്‍ബ്ബന്ധിതനായി.
അതില്‍നിന്നും വിശ്വാസ് ഒരു കാര്യം പഠിച്ചു. ഒരു പരാതി വന്നാല്‍ അതു രേഖാമൂലം എഴുതിവാങ്ങാതെ ഒരിക്കലും തുടര്‍നടപടികളിലേക്കു കടക്കാറില്ല.
സര്‍ക്കാരിന്റെ പണം കൈകാര്യം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്‍, ജലത്തില്‍ കിടക്കുന്ന മത്സ്യത്തെപ്പോലെയാണ്. നീന്തുന്ന മത്സ്യം എപ്പോഴാണ് വെള്ളം കുടിക്കുക എന്നറിയില്ലല്ലോ. അതുപോലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ അഴിമതി ചെയ്താലും പലപ്പോഴും കണ്ടുപിടിക്കാനും നടപടിയെടുക്കാനും പ്രയാസമാണ്. അഴിമതിയില്ലാത്ത ഉദ്യോഗസ്ഥന്മാര്‍ സമുദ്രത്തിന്റെ ഉപരിതലത്തിലേക്കു വരുന്ന മത്സ്യത്തെപ്പോലെയാണ്. അവര്‍ എളുപ്പത്തില്‍ വലയില്‍ കുടുങ്ങുന്നു. എന്തൊരു വിരോധാഭാസമാണിത്. സത്യസന്ധമായി ജോലി ചെയ്യുന്നവരാണ് പലപ്പോഴും അഴിമതിക്കാരായി അറിയപ്പെടുന്നത്. അവരുടെ കൂടെ നില്‍ക്കാനും സഹായിക്കാനും ആരും കാണുകയില്ല. അതുകൊണ്ട് അവരുടെ എണ്ണം നിത്യേന കുറഞ്ഞുവരുന്നു. യഥാര്‍ത്ഥ അഴിമതിക്കാര്‍ പലപ്പോഴും രക്ഷപ്പെടുന്നു.
ആദിവാസി സ്ത്രീസംഘം
ഒരു ദിവസം പത്തുമുപ്പത് ആദിവാസി സ്ത്രീകള്‍ കളക്ടറേറ്റില്‍ വന്ന് ജില്ലാ കളക്ടറെ കാണാനായി കാത്തുനില്‍ക്കുന്നുണ്ട് എന്നു പറഞ്ഞു. വളരെ തിരക്കുള്ള ദിവസമാണ്. അതിനാല്‍ എന്തിനാണു വന്നത് എന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു.
'ഒന്നുമില്ല, പരാതി പറയാനല്ല, സര്‍,' അവര്‍ ആഗമനോദ്ദേശ്യം അന്വേഷിച്ച ഉദ്യോഗസ്ഥനോടു പറഞ്ഞു, 'കളക്ടറെ ഒന്നു നേരില്‍ കാണണം.' ഒന്നു സന്ദര്‍ശിക്കാനും, അദ്ദേഹത്തിന്റെ ജോലി മനസ്സിലാക്കാനും വേണ്ടിയാണ് അവര്‍ വന്നിട്ടുള്ളത്. ആദ്യമായാണ് ആ സ്ത്രീസമൂഹം കോളനിക്കു പുറത്തിറങ്ങി കളക്ടറേറ്റ് സന്ദര്‍ശനത്തിനു തീരുമാനിച്ചത്.
വയനാടിന്റെ എല്ലാ കാര്യങ്ങളും അറിയാമായിരുന്ന വിശ്വാസിനെ ഇവരുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ കൂട്ടമായ സന്ദര്‍ശനം അദ്ഭുതപ്പെടുത്തി. കളക്ടറെ വെറുതേ കാണാനായി ഒരുപക്ഷേ, ആദ്യമായിട്ടായിരിക്കാം ഒരു ആദിവാസി വനിതാസംഘം എത്തുന്നത്. എല്ലാ തിരക്കുകളും മാറ്റിവെച്ച് അവരോട് അകത്തേക്കു വരാന്‍ പറഞ്ഞു. കളക്ടറുടെ ചേംബറില്‍ എല്ലാവര്‍ക്കും കസേരയിട്ടുകൊടുത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നെ ചായയും ലഘുഭക്ഷണവും വിതരണം ചെയ്തു.
എല്ലാവരും ആദിവാസി ഊരുകളില്‍നിന്നും വന്നവരാണ്. സംഘത്തില്‍ വൃദ്ധകളും യുവതികളുമായി ഏതാണ്ട് നാല്‍പ്പതു പേരുണ്ട്. എല്ലാവരും പാരമ്പര്യവസ്ത്രമാണ് ധരിച്ചിരിക്കുന്നത്. 'എന്താണ് അറിയേണ്ടത്?' വിശ്വാസ് അവരോടു ചോദിച്ചു. അവരുടെ ഭാഷയ്ക്കല്‍പ്പം വ്യത്യാസമുണ്ട്. അവര്‍ പറഞ്ഞു: 'ഒന്നു നേരില്‍ക്കണ്ട് കളക്ടറുടെ ജോലിയെന്താണ് എന്നറിയാനാണ് വന്നത്. കൂടാതെ കളക്ടറേറ്റിന്റെ പ്രവര്‍ത്തനങ്ങളുംകൂടി ഒന്നു കാണണം,' സംഘത്തിന് നേതൃത്വം കൊടുക്കുന്ന, ഏതാണ്ട് എഴുപത്തിയഞ്ചു വയസ്സു പ്രായമായ, സ്ത്രീ പറഞ്ഞു. അവര്‍ വളരെ മാന്യമായി, നല്ല സംസ്‌കാരത്തോടെ, തികച്ചും ആകര്‍ഷണീയമായ രീതിയിലാണ് അത് പറഞ്ഞത്. എല്ലാവരും അത് ശ്രദ്ധിക്കുകയും ചെയ്തു.
അവരെക്കൂട്ടി സിവില്‍ സ്റ്റേഷനിലെ പല വകുപ്പുകളിലും കൊണ്ടുപോയി. പല ഉദ്യോഗസ്ഥരെയും പരിചയപ്പെടുത്തി. എവിടെയാണ് റേഷന്‍ കാര്‍ഡ് ലഭിക്കുന്നത്? എവിടെയാണ് സ്ത്രീകളും കുട്ടികളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നത്? ഏതു വകുപ്പിലാണ് അങ്കണവാടിയുടെ കാര്യങ്ങള്‍ നോക്കുന്നത്? റോഡുകള്‍ ഉണ്ടാക്കുന്നത് വിഭാവനം ചെയ്യുന്നത് ആരാണ്? ആരോഗ്യരംഗം പ്രവര്‍ത്തിക്കുന്നതും, വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും എവിടെയാണ്? ആദിവാസി സാമൂഹ്യക്ഷേമവകുപ്പ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്- തുടങ്ങിയവയെല്ലാം വിവരിച്ചുകൊടുത്തു. ജില്ലാതലത്തില്‍ നടപ്പിലാക്കിയിരുന്ന സര്‍ക്കാര്‍ പദ്ധതികളുടെ മുപ്പതു മിനിട്ട് വിവരണമുണ്ടായി. കളക്ടര്‍ അവരുടെ 'ടൂര്‍ ഗൈഡാ'യി മാറി.
ഇത്രയും കണ്ടിട്ട് യാത്രപറഞ്ഞ് തിരിച്ചുപോവുമ്പോള്‍ ആ സ്ത്രീ വിശ്വാസിനെ അവരുടെ ഊരു സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. അവരോട് വളരെ ബഹുമാനം തോന്നി. വരാമെന്ന് ഏറ്റു. ഒരു മാസത്തിനകം അവിടെ പോവുകയും ചെയ്തു. അവിടെ ചെന്നു കണ്ടപ്പോള്‍ വളരെ പരിമിതികള്‍ മനസ്സിലാക്കാന്‍ സാധിച്ചു. വെള്ളമില്ല, വൈദ്യുതിയില്ല, റോഡില്ല എന്നിവ ബോധ്യപ്പെട്ട് വിശ്വാസ് കാര്യങ്ങള്‍ നടപ്പിലാക്കാനായി സ്വന്തമായ ഒരു ലിസ്റ്റുണ്ടാക്കി. ബാക്കി എല്ലായിടത്തും ചെയ്തതുപോലെ പല വകുപ്പുകള്‍ക്കും പിന്നാലെ കാര്യങ്ങള്‍ നടപ്പാക്കാനായി നടക്കാനും തുടങ്ങി.
Content Highlights: Vishwas Mehta book excerpt from autobiography named Athijeevanam
Published: 24 Feb 2024, 08:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented