
സുസ്‌മേഷ് ചന്ത്രോത്തിന്റെ 'വഴിച്ചെണ്ട' എന്ന ബൃഹദ്‌നോവലിനെ കുറിച്ചുള്ള കുറിപ്പ് വായിക്കാം...
''ബോഡിമെട്ടില്‍ നിന്ന് അനൂപിനോപ്പം ഞാനും സഞ്ചരിച്ചു. അനൂപിന്റെ അച്ഛനും അമ്മയും ഏലിക്കുട്ടിച്ചേച്ചിയും റോമച്ചേച്ചിയും ആലീസും ഔതച്ചേട്ടനും യോഹന്നാന്‍ പാതിരിയും ലിസ സിസ്റ്ററുമെല്ലാം എന്റെ ചുറ്റും നിരന്നു. ബോഡിമെട്ടും പുത്തലമലയും എന്റെയും സ്വന്തമായി മാറി. അനൂപ് സഞ്ചരിച്ച വഴികളിലൂടെയെല്ലാം ഞാനും നടന്നു. 'ചൂളക്കാക്ക'യിലൂടെ പരിചയപ്പെട്ട സാവിത്രിയുടെ കത്തുകള്‍ക്കായി ഞാനും കാത്തിരുന്നു. അനൂപിന്റെ സന്തോഷങ്ങളും സങ്കടങ്ങളും എന്റേതു കൂടിയായി. അനൂപിനോടൊപ്പം ഞാനും ഇളയൂരിലേക്ക് പോയി. കുഞ്ഞാലന്‍ കാക്കയും ഇത്താച്ചുട്ടിയുമ്മയും നജ്മുന്നീസയും താജുന്നീസയും താജുദ്ദീനും ഖാദറിക്കയും എല്ലാം എന്റെ അയല്‍ക്കാരായി.
പഞ്ചായത്ത് കിണറില്‍ വെള്ളം കോരാനെത്തുന്നവരുടെ കലപിലകള്‍ക്ക് ഞാനും കാതോര്‍ത്തു. കിണറ്റിന്‍ കരയിലിരുന്ന് മൂളുന്ന പക്കീരി മൂപ്പനോട് വര്‍ത്തമാനം പറഞ്ഞു. പൂവി എന്റെയും കുഞ്ഞുപെങ്ങളായി. ഭൂതന്‍ ചേട്ടനും നുസ്രത്ത് ബീവിടീച്ചറും ഉമ്മര്‍ മാഷും തിത്തിമ്മയുമ്മയും ബക്കറിക്കയും കിട്ടന്‍ ചേട്ടനും താമിച്ചേട്ടനും വേലന്‍ ചേട്ടനും വെള്ളക്കുട്ടി മുത്തിയും സ്വന്തമായി. സാവിത്രിയോടൊപ്പമുള്ള അനൂപിന്റെ സന്തോഷങ്ങളില്‍ ആഹ്ലാദിക്കുകയും വിഷമങ്ങളില്‍ ആകുലപ്പെടുകയും ചെയ്തു. മൂസാന്‍ കുഞ്ഞുമായുള്ള നജ്മുന്നീസയുടെ വിവാഹം എന്നെ അലോസരപ്പെടുത്തുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ എന്നില്‍ ഒരു പരകായപ്രവേശം നടക്കുകയായിരുന്നു. ഞാന്‍ അനൂപായി മാറിയോ അതോ അനൂപ് ഞാനായി മാറിയോ! അറിയില്ല.
എന്തായിരിക്കും ഈ നോവലിനെ എന്നോട് ചേര്‍ത്ത് വച്ചത്. അനൂപ് കടന്നുപോയ വഴികളിലൂടെയൊന്നും ജീവിതത്തില്‍ ഞാന്‍ കടന്നുപോയിട്ടില്ല. എന്നിട്ടും ഇത്രത്തോളം താദാത്മ്യപ്പെടാന്‍ എന്തേ കാരണം. തകര്‍ന്ന് തരിപ്പണമായേക്കാവുന്ന സന്ദര്‍ഭങ്ങളില്‍പ്പോലും ഉലയാതെ പിടിച്ചുനിന്ന് മുന്നോട്ട് തുഴയുന്ന ആ ചെറുപ്പക്കാരന്‍ എന്നെ ആവേശിച്ചു എന്ന് പറയാം. ജീവിതത്തിലെ ആകസ്മികതകളും യാദൃശ്ചികതകളും ചേര്‍ന്ന് എങ്ങോട്ടൊക്കെയോ കൊണ്ടുപോകുമ്പോഴും തകരാതെ, ഇടറാതെ, പതറാതെ മുന്നോട്ട് സഞ്ചരിക്കുന്ന, മനുഷ്യരുടെ നന്മയില്‍ വിശ്വസിക്കുന്ന ആ മനുഷ്യന്‍ മനസ്സിലെവിടെയോ കേറി കൊളുത്തി.
കപടലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം എന്ന കവിവാക്യം എപ്പോഴെങ്കിലും അനൂപ് ഓര്‍ത്തിരിക്കുമോ? അല്ലെങ്കില്‍ അനൂപല്ലേ യഥാര്‍ത്ഥ വിജയി? ജീവിതത്തെ എല്ലാ അര്‍ഥത്തിലും മനസ്സിലാക്കി പുതിയ ജീവിതത്തിലേക്ക് നടന്നു തുടങ്ങിയ അനൂപിനെ ഞാനിപ്പോഴും തിരയുകയാണ്. മഞ്ചേരി അങ്ങാടിയിലെവിടെയോ അയാളുണ്ട്. താജുദ്ദീന്റെ ചെരുപ്പുകടയില്‍ നിന്ന് റബ്ബര്‍ ചെരിപ്പും പൊതിഞ്ഞെടുത്ത് വേഗത്തില്‍ നടന്നു പോകുന്നത് അനൂപല്ലേ...

പൊടിച്ചിക്കുന്നിന്റെ താഴ്വരയിലെ വീട്ടില്‍ തിരിച്ചെത്തി തന്റെ സ്റ്റുഡിയോയിലിരുന്ന് ജീവിതത്തിന്റെ വലിയ കാന്‍വാസില്‍ ചിത്രം വരക്കുന്ന അനൂപിനെത്തേടി ഇളയൂരങ്ങാടിയില്‍ ബസ്സിറങ്ങണം. കിണറ്റിന്‍ കരയില്‍ അനൂപിനെ തൊട്ടിരുന്ന് പക്കീരി മൂപ്പനോടും ദേവകിയമ്മയോടും താമിച്ചേട്ടനോടും നജ്മുന്നീസയോടും പൂവിയോടും വര്‍ത്തമാനം പറയണം.''
സുസ്‌മേഷ് ചന്ത്രോത്തിന്റെ 'വഴിച്ചെണ്ട' എന്ന നോവല്‍ 'അനുഭവിച്ച' ഒരാളുടെ കുറിപ്പാണ് നിങ്ങള്‍ വായിച്ചത്. അനൂപ് എന്ന നായകനോടൊപ്പം സഞ്ചരിച്ച് അത്രമേല്‍ താദാന്മ്യം സാധ്യമായ ഒരാളെഴുതിയത്.
ബൃഹദാഖ്യാനത്തിന്റെ സാധ്യത
ബൃഹദാഖ്യാനങ്ങള്‍ക്കപ്പുറം ചെറുതുകളുടെ വായനക്ക് മാത്രം പരിഗണന ലഭിക്കുന്ന കാലത്ത് ആയിരത്തിലേറെ പേജുകളുള്ള ഒരു നോവല്‍ എങ്ങനെയാണ് വായനക്കാരെ സ്പര്‍ശിക്കുന്നത്? ജീവിതം എന്നത് ഒരു വലിയ കാന്‍വാസാണ്. തികച്ചും സങ്കീര്‍ണമായ ഒരു ലോകമാണ് അതില്‍ അവതീര്‍ണമാകുന്നത്. ആ കാന്‍വാസില്‍ വരക്കുന്ന ചിത്രങ്ങള്‍. അതില്‍ കടുത്ത വര്‍ണത്തില്‍ വരച്ചു ചേര്‍ത്ത ഒരു പ്രധാന ചിത്രമുണ്ടാകും. ആ ചിത്രത്തിന്റെ പ്രാധാന്യം കൂട്ടിയും കുറച്ചും അത്ര കടുത്തതല്ലാത്ത ചായങ്ങളില്‍ വരച്ചു ചേര്‍ത്ത നിരവധി ചിത്രങ്ങള്‍ വേറെയും കാണും. അവയാണ് പ്രധാന ചിത്രത്തിന്റെ മിഴിവ് നിര്‍ണയിക്കുന്നത്.
ജീവിതമാകുന്ന വിശാലമായ കാന്‍വാസില്‍ വരച്ച മനോഹരമായ ചിത്രമാണ് വഴിച്ചെണ്ട. ആര്‍ക്കും കൊട്ടിപ്പോകാവുന്ന, ആരുടെയൊക്കെയോ കൊട്ടിന് തുള്ളാന്‍ വിധിക്കപ്പെട്ട വഴിച്ചെണ്ടയായി മാറുന്ന കഥാപാത്രമാണ് അനൂപ്. എഴുപതുകളുടെ മധ്യത്തില്‍ ഭൂജാതനായി കാലം വരച്ചു വച്ച വരകളിലൂടെ നടന്നു തീര്‍ത്ത് സ്വന്തം വഴിയില്‍ പ്രത്യാശയോടെ നടന്നു തുടങ്ങുന്ന അനൂപാണ് ഈ കഥയിലെ നായകന്‍.
നാല് പ്രധാന ഖണ്ഡങ്ങളിലായാണ് കഥ വിരിയുന്നത്. പുതപ്പ്, അടിക്കുപ്പായം, പുറങ്കുപ്പായം, നഗ്‌നത എന്ന ശീര്‍ഷകങ്ങളിലായി അനൂപിന്റെ ജീവിതപരിണതികള്‍ വരച്ചിട്ടിരിക്കുന്നു. ജീവിതത്തിന്റെ നാനാര്‍ഥങ്ങളിലേക്ക് വായനക്കാരെ നയിക്കുന്നതില്‍ ശീര്‍ഷകങ്ങള്‍ വിജയിക്കുന്നുണ്ട്. ആഖ്യാനത്തിലും പ്രമേയത്തിലും കഥാപാത്ര ചിത്രണത്തിലുമുള്ള എഴുത്തുകാരന്റെ കൈയടക്കമാകട്ടെ വഴിച്ചെണ്ടയുടെ ചാരുത കൂട്ടുകയും ചെയ്യുന്നു.
ആടിയവരും ആടിച്ചവരും
ഒരു ദളിതനെ വിവാഹം കഴിച്ചതിന്റെ പേരില്‍ നാടും വീടും നട തള്ളിയ സരസ്വതിയുടെ മൂത്തമകനാണ് അനൂപ്. പീടികത്തിണ്ണയിലാണ് സരസ്വതി അവനെ പെറ്റിട്ടത്. ജീവിതമന്വേഷിച്ച് തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ ബോഡിമെട്ടിലെത്തിയ അച്ഛനോടും അമ്മയോടുമൊപ്പം അനൂപും അനുജന്‍ അനിലുമുണ്ട്. അവിടെയാണ് അനൂപ് തന്റെ ബാല്യവും കൗമാരവും ചെലവഴിക്കുന്നത്. നന്നായി വായിക്കുന്ന കുട്ടി. ചുറ്റുപാടുകളെ കണ്ണുതുറന്നു കാണുന്ന ജിജ്ഞാസു. അതാണ് അനൂപ് എന്ന ബാലന്‍. എന്നാല്‍ ക്ലാസ്സ് മുറികള്‍ അവനെ വളര്‍ത്തുന്നില്ല. എന്നു മാത്രമല്ല, പഠിച്ചിട്ടെന്തുകാര്യം എന്ന, 80 കളില്‍ മുഴങ്ങിക്കേട്ട ചോദ്യം അവനും സ്വയം ചോദിക്കുകയാണ്. അമ്മാവനായ പേര്‍ഷ്യക്കാരന്‍ പരമേശ്വരനും അമാലേ അമ്മായിയും ആ ചോദ്യത്തിന് ശക്തി പകരുന്നു. ഈ ചോദ്യവും ചൂളക്കാക്ക എന്ന ബാലമാസികയിലൂടെ തുടങ്ങിയ തൂലിക സൗഹൃദവുമാണ് പിന്നീട് അനൂപ് നടന്നുതീര്‍ത്ത വഴികളിലൂടെയെല്ലാം അവനെ നടത്തുന്നത്.
ബോഡിമെട്ടില്‍ നിന്ന് തുടങ്ങുന്ന യാത്രയില്‍ ഇളയൂരും എടരിക്കോടും കോട്ടക്കലും ഗുരുവായൂരും പാലക്കാടും കോഴിക്കോടും മേപ്പാടിയും മൈസൂരും ബാംഗ്ലൂര്‍ നഗരവും മുസൂറിയും പോണ്ടിച്ചേരിയും അവന്റെ ജീവിത നാടകത്തിന്റെ അരങ്ങുകളായി മാറുന്നു. ആ അരങ്ങില്‍ ആടിയ ആട്ടങ്ങളില്‍ അവനോടൊപ്പം ആടിയവരോ ആടിച്ചവരോ ആണ് മുകളിലെ കുറിപ്പില്‍ പരിചയപ്പെട്ട കഥാപാത്രങ്ങളെല്ലാം. അതില്‍ കടും ചായക്കൂട്ടുകളില്‍ വരച്ച ചിത്രങ്ങളിലുള്ളവരെയും അങ്ങിങ്ങായി കോറിയിട്ട വരകളിലുള്ളവരെയും കാണാം.
നോവലിലെ ഒരുപാട് കഥാപാത്രങ്ങള്‍ വായന കഴിഞ്ഞാലും നമ്മുടെ കൂടെ പോരും. ചിലരുടെയെങ്കിലും ജീവിതാവസ്ഥകള്‍ നമ്മുടെ കണ്ണുനനയിക്കും. സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന നജ്മുന്നീസയും നിഷ്‌കളങ്കയായ പൂവിയും തീര്‍ച്ചയായും വായനക്കാരുടെ കൂടെപ്പോരുക തന്നെ ചെയ്യും. ജീവിതത്തിന്റെ ആകസ്മികതകളില്‍ പെട്ടുഴലുന്നവരേയും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നിരവധി വേഷപ്പകര്‍ച്ചകളിലൂടെ കടന്നുപോകേണ്ടി വന്നവരേയും കാണാനാകും. അവര്‍ക്കൊക്കെ ഇടയില്‍ എത്ര ശ്രമിച്ചിട്ടും കാലം നയിക്കുന്ന വഴികളിലൂടെ മാത്രം നടക്കാന്‍ വിധിക്കപ്പെട്ട അനൂപ് എന്ന 'പരാജിതനായകന്‍' വായനക്കാരുടെ മനസ്സില്‍ ഒരു നൊമ്പരം തീര്‍ക്കും.
ഒരാളുടെ 'ജെന്‍ഡര്‍' നിശ്ചയിക്കുന്നത് ആരാണ്?
കേരളത്തിന്റെ സാമൂഹ്യസാംസ്‌കാരിക ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ഈ നോവല്‍. തപാല്‍ വഴിയുള്ള തൂലികാസൗഹൃദങ്ങളില്‍ തുടങ്ങി വാട്‌സാപ്പ്, ഫേസ് ബുക്ക് കൂട്ടായ്മകള്‍ വരെ എത്തിനില്‍ക്കുന്ന കാലത്തെ 'വഴിച്ചെണ്ട' അടയാളപ്പെടുത്തുന്നുണ്ട്. സാവിത്രിയുടെ കത്തിന് കാത്തുനില്‍ക്കുന്ന അനൂപ് തന്നെ സിംഗപ്പൂരില്‍ ജീവിക്കുന്ന സാലിമ ജസീറയെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നുണ്ട്. മതിലുകളില്‍ വരക്കുന്ന ചിത്രകാരനില്‍ തുടങ്ങി ഗ്രാഫിക് ഡിസൈനിങ്ങിന്റെ പുതിയ സാധ്യതകള്‍ തേടുന്നതിന്റെ ചിത്രണങ്ങള്‍ വരെ നോവലില്‍ കാണാനാകും.
കേരളീയ നവോത്ഥാനം മലയാളിയുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെ അടയാളപ്പെടുത്തുമ്പോള്‍ തന്നെ മലയാളിയുടെ ഹിപ്പോക്രസിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുമുണ്ട് നോവല്‍. പുരോഗമനക്കാരായി നടിക്കുമ്പോഴും സ്വന്തം ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ എല്ലാ പുരോഗമനവും കൈവിട്ട് പോകുന്നവരേയും സുസ്‌മേഷ് ചന്ത്രോത്ത് കാണിച്ചു തരുന്നുണ്ട്.
സാമൂഹ്യജീവിതത്തില്‍ കാലം വരുത്തിയ മാറ്റങ്ങളെ കൃത്യമായി വരച്ചിടാന്‍ സുസ്‌മേഷ് ശ്രമിക്കുന്നുണ്ട്. ആണ്‍-പെണ്‍ ദ്വന്ദ്വത്തിനപ്പുറമുള്ള ഒരു ജീവിത പരിസരത്തിന്റെ ചിത്രം നോവല്‍ അവതരിപ്പിക്കുന്നു. ഒരാളുടെ ജെന്‍ഡര്‍ നിശ്ചയിക്കുന്നതില്‍ ശരീരത്തിനപ്പുറം മനസ്സിനുള്ള പ്രാധാന്യത്തെ പ്രതിഫലിപ്പിക്കാന്‍ അനൂപിന്റെ ജീവിതത്തിന്റെ ഒരു എപ്പിസോഡിലൂടെ എഴുത്തുകാരന്‍ ശ്രമിക്കുന്നു. നോവലിലെ ഒരു പുരുഷ കഥാപാത്രം പിന്നീട് പെണ്ണാകുമ്പോള്‍ അംഗീകരിക്കാത്ത ലോകം അവള്‍ 'സാലിമ ജസീറ'യെന്ന ലോകത്തിലെ ആദ്യത്തെ ട്രാന്‍സ് ജന്‍ഡര്‍ മോഡലായി പ്രശസ്തി നേടുമ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ തയ്യാറാകുന്നു.
സാലിമയുടെ അഭിമുഖത്തിനായി അനൂപിന് ലാപ്‌ടോപ്പ് സമ്മാനിക്കുന്ന 'കുടുംബജ്വാല' മാഗസിന്‍ മാനേജ്‌മെന്റിന്റെ പ്രവൃത്തിയെ ഊറിയ ഒരു ചിരിയോടെ മാത്രമേ വായനക്കാരന് കാണാനാകൂ. ഒരിക്കല്‍ തള്ളിപ്പറഞ്ഞ കുടുംബം സാലിമ ജസീറയെ സ്വീകരിച്ച് സല്‍ക്കരിക്കുമ്പോഴും ആ ചിരി അവിടെത്തന്നെ കാണും. മലയാളിയുടെ അവസരവാദ സമീപനത്തേയും കപട സദാചാരബോധത്തേയും കൂട്ടില്‍ നിര്‍ത്തി വിസ്തരിക്കുന്നില്ലെങ്കിലും വായനക്കാരുടെ ഉള്ളില്‍ ആ വിചാരണ തുടരും.
ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പരാജയപ്പെട്ടു പോകുന്ന അനൂപ് നമ്മെ വിഷമിപ്പിച്ചുകൊണ്ടിരിക്കും. വാ തുറന്ന് പറയേണ്ട സമയത്തൊന്നും അതിനാവാതെ പോവുകയും അല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഒരുപാട് പറയുകയും ചെയ്യുന്ന അനൂപും അത് അവനെ കൊണ്ടെത്തിക്കുന്ന പ്രതിസന്ധിയും ആരേയും പ്രയസത്തിലാക്കും. അനൂപിന് ആരോടും പരാതിയോ പരിഭവമോ ഇല്ല. ഓരോ തവണ രക്ഷപ്പെട്ടു എന്ന് കരുതി ആശ്വസിക്കുമ്പോഴും വീണ്ടും വീണുപോകുന്ന അനൂപിന്റെ ജീവിതം നമ്മെ നീറ്റിക്കൊണ്ടേയിരിക്കും.
മലയാളിയുടെ, പ്രത്യേകിച്ചും മലപ്പുറത്തിന്റെ മതേതര ജീവിതത്തെ മഴവില്‍ നിറങ്ങളില്‍ നോവലില്‍ അടയാളപ്പെടുത്തുന്നുണ്ട് 'വഴിച്ചെണ്ട'. ഇളയൂരിലേയും പൊടിച്ചിക്കുന്നിലെയും അനൂപിന്റെ ജീവിതപരിസരത്തിലൂടെ മലപ്പുറത്തിന്റെ മതനിരപേക്ഷ ജീവിതത്തെ മനോഹരമായി ആവിഷ്‌കരിച്ചിട്ടുമുണ്ട്.
അന്വാഖ്യാനരീതിയുടെ മുഴുനീള ചാരുത
നോവലിന്റെ സ്വരൂപത്തെക്കുറിച്ചുകൂടി പരാമര്‍ശിക്കാതെ ഈ കുറിപ്പ് പൂര്‍ണമാവില്ല. അനൂപ് തന്നെയാണ് ഇതിലെ ആഖ്യാതാവ്. അയാളുടെ കണ്ണിലൂടെയും അനുഭവങ്ങളിലൂടെയുമാണ് ജീവിതം വിരിയുന്നത്. അന്വാഖ്യാന രീതിയെ മനോഹരമായി പ്രയോജനപ്പെടുത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. അന്വാഖ്യന രീതി ആവര്‍ത്തിച്ച് വരുമ്പോഴും ഒരിക്കലും അത് മുഷിപ്പിക്കുന്നില്ല.
ജീവിതം, തന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നറിയാതെ അതിനു പിന്നാലെ ആരോ തെളിക്കുന്ന വഴിയിലൂടെ സഞ്ചരിക്കുന്ന അനൂപിന്റെ തിരിച്ചറിവും പ്രത്യാശയുടെ പാതയിലൂടെയുള്ള തുടര്‍ച്ചയും അടയാളപ്പെടുത്തുന്ന 'വഴിച്ചെണ്ട' മലയാളത്തിലെ ശ്രദ്ധേയമായ ജീവിതാഖ്യാനങ്ങളുടെ പട്ടികയിലിടം നേടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Content Highlights: Book review of Vazhicheda novel by Susmesh Chandroth
Published: 27 Feb 2025, 10:27 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented