
വയലാര്‍ രാമവര്‍മ്മ, സലില്‍ ചൗധരി | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്സ്
വയലാറിന്റെ കാവ്യജീവിതം ബയോഫിക്ഷന്‍ ശൈലിയില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്രജീവചരിത്രമാണ് രാജീവ് പുലിയൂര്‍ തയ്യാറാക്കി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘വയലാര്‍ രാമവര്‍മ്മ: ഒരു കാവ്യജീവിതം’. ഒരു ഭാഗം വായിക്കാം.
കുട്ടനാട്ടില്‍നിന്ന് വലിയ ഒരു വള്ളം കായലിനുമീതേകൂടി വലിച്ചടുപ്പിച്ച് കടലോരത്തേക്കെത്തിക്കുന്നതുപോലെയുള്ള ഒരു സ്വപ്നം പുലര്‍കാലത്ത് കണ്ടു. രാമവര്‍മ്മ എണീറ്റപ്പോള്‍ സമയം നാലുമണി കഴിഞ്ഞു. ഇന്നലെ രാത്രി കിടക്കാന്‍ വൈകി. സലീല്‍ദായുടെ ഈണങ്ങള്‍ക്കൊപ്പമായിരുന്നു. സിഗററ്റ് വീണ്ടും വലിക്കാന്‍ തുടങ്ങി. ഈണങ്ങള്‍ കെട്ടുപിണഞ്ഞ് കിടക്കുകയാണ്.
സ്വപ്നത്തെപ്പറ്റി ആലോചിച്ചു നോക്കി. ഒരമൂര്‍ത്ത വിതാനം മാത്രമേ ഇപ്പോള്‍ അവിടെയുള്ളൂ. നീലാകാശത്തിനു താഴെ മണല്‍പ്പരപ്പ്. സൂക്ഷിച്ചുനോക്കിയപ്പോള്‍ അര്‍ത്തുങ്കല്‍ കടപ്പുറം പോലെ തോന്നി. ഇടക്ക് കുടുങ്ങിക്കിടക്കുന്ന ഒരു കായലിന്റെ വിരിമാറില്‍ പറ്റിപ്പിടിച്ചു വളര്‍ന്ന് കെട്ടുപിണഞ്ഞു നില്‍ക്കുന്ന തെങ്ങുകള്‍. പുരണ്ടിരിക്കുന്ന വെയില്‍. മീനുകളുമായി വരുന്ന വള്ളങ്ങളുടെ ഒരു നിര. പിന്നെ തലങ്ങും വിലങ്ങും വേറെ വേറെ നിരകള്‍. വള്ളങ്ങള്‍ തമ്മില്‍ ഇടകലര്‍ന്ന് അടുത്തടുത്തുവരുന്നു.
രാമവര്‍മ്മ ഓര്‍ത്തെടുക്കുമ്പോള്‍ ഒന്നിനുപുറകെ ഒന്നായി ദൃശ്യങ്ങള്‍ പതുക്കെ ഇരുള്‍മാഞ്ഞ് തെളിയാന്‍ തുടങ്ങി. എന്നാല്‍ അപ്പോഴൊന്നും ആദ്യത്തെ കാഴ്ച വ്യക്തമാകാതെ തന്നെ കിടക്കുന്നു. വലിയൊരു വള്ളം കുട്ടനാട്ടില്‍നിന്ന് തിരിച്ചത് ആകാശത്തുകൂടി ഒഴുകി കടലില്‍ ചേരുന്നു. കടലില്‍ എങ്ങനെയാണ് എത്തുക എന്നത് സ്വപ്നത്തിനുശേഷം വന്ന ഒരു ചോദ്യമാണ്. തകഴി ചെമ്മീന്‍ എഴുതിയ വര്‍ഷമാണ് തോട്ടപ്പിള്ളി സ്പില്‍വേ നിര്‍മ്മിച്ചത്. അതുവരെ കുട്ടനാട്ടിലെ ജലവും കടലും തമ്മില്‍ ചേരാതെ കിടക്കുകയായിരുന്നു.
തോട്ടപ്പിള്ളി പൊഴി വന്നപ്പോള്‍ കുട്ടനാട്ടിലെ വെള്ളം കടലുമായി ചേര്‍ന്നു. ഇപ്പോള്‍ എട്ടൊമ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. വള്ളത്തിന്റെ അറ്റം സ്വപ്നത്തില്‍ വയലാറിനു മുകളിലൂടെ കടന്നുപോയ ഒരു ദൃശ്യം മനസ്സില്‍നിന്ന് മായുന്നില്ല. പഞ്ചാരമണലിനും ബലികുടീരത്തിനും മുകളിലൂടെ സഞ്ചരിച്ച ആ തോണിയുടെ ഗന്ധം പണ്ട് മയക്കോവ്‌സ്‌കിയുടെ കവിതകള്‍ വായിച്ച കാലത്ത് പരിചയപ്പെട്ടതാണ്. ജീവിതത്തിന്റെ പ്രഹേളികകള്‍ക്കും കാമനകള്‍ക്കും മുന്നിലൂടെ കടന്നുപോകുന്ന തോണി.
പെട്ടെന്നാണ് ഇന്നലെപ്പറഞ്ഞ ഈണങ്ങള്‍ കെട്ടിമറിയാന്‍ തുടങ്ങിയത്. സെലീല്‍ ദായുടെ വിരലുകള്‍ തിരകളില്‍ നീന്തുന്ന മീന്‍തോണികളാകുന്നു. അര്‍ത്തുങ്കലും പുറക്കാട്ടും വലപ്പാട്ടും നടന്നതാണ്. രാമവര്‍മ്മ ഓര്‍ത്തു. ഈണങ്ങളുടെ ചേരുവകള്‍ നിറഞ്ഞ വാക്കുകള്‍, പദാവലികള്‍, സംസാരഭാഷകള്‍, തെറിവിളികള്‍, കൂവലുകള്‍, വായിട്ടലയ്ക്കലുകള്‍ ഇതൊക്കെയും കേള്‍ക്കണമായിരുന്നു സലീല്‍ ദായ്ക്ക്. ഇതൊക്കെയും വേണമായിരുന്നു സലീല്‍ ദായ്ക്ക്. അതിനിടക്ക് രൂപപ്പെടുന്ന ചെറുചെറുതുരുത്തുകള്‍ പോലെയാണ് ചെറിയ നിശബ്ദതകള്‍ എന്ന് സലീല്‍ ദാ പറഞ്ഞു. അതിനിടയില്‍ കാണുന്ന വിടവിന് ഭംഗിയുണ്ട് എന്നും പറഞ്ഞു. വയലാറുപോലെ. കുടുങ്ങിക്കിടക്കുന്ന കായലിന്റെ തീരത്ത് അള്ളിപ്പിടിച്ചുകിടക്കുന്ന ഒരു ഗ്രാമം.
'അങ്ങനെയൊന്നും പറയരുത്.' രാമവര്‍മ്മ സലീല്‍ ദായോട് പറഞ്ഞു.
'അതെന്താ അങ്ങനെയൊക്കെ പറഞ്ഞാല്‍'
'എനിക്കെന്റെ അമ്മയെ ഓര്‍മ്മവരും. ഈ ഭൂമിയും രക്തം കലര്‍ന്ന മണ്ണും അമ്മയും എനിക്കൊന്നു തന്നെയാണ്.
'എങ്കില്‍ ഈ ഈണങ്ങളുടെ കൂടെ വരൂ. ഒരു പാട്ട് താ, ഒരു പാട്ടിലേക്കെത്തുന്ന വരി താ.'
അങ്ങനെയാണ് ഇന്നലെ അതിന്റെ ആദ്യപല്ലവി എഴുതി കൊടുത്തത്
'പെണ്ണാളേ പെണ്ണാളേ
കരിമീന്‍ കണ്ണാളേ
കണ്ണാളേ'
ആദ്യ പല്ലവി എന്നൊന്നും പറയാന്‍ പറ്റില്ല. പല്ലവിയും അനുപല്ലവിയും ചരണവും എന്നുള്ള ക്രമങ്ങളെയൊക്കെ തകര്‍ക്കുകയാണ് ഈ ഈണങ്ങളില്‍ സലീല്‍ ദാ. കടലോരത്തേക്കെത്തിയ ഒരാവേശത്തിമിര്‍പ്പ് രണ്ടുപേര്‍ക്കുമുണ്ടായിരുന്നു. രാമവര്‍മ്മ ഓര്‍ത്തു.
ഇപ്പോള്‍ രണ്ടു വരിയെഴുതിയ കടലാസ് വീണ്ടും മറിച്ചു നോക്കി. ലെറ്റര്‍ പാഡിനുള്ളില്‍ കുറെ കടലാസുകളില്‍ വിവിധ ഈണങ്ങളില്‍നിന്നു വന്ന വരികള്‍ എഴുതിയിരിക്കുന്നു.
'കന്നിത്താമരപ്പൂമോളേ' എന്നെഴുതിയിരിക്കുന്നു.
'മാനത്തു പറക്കണ ചെമ്പരുന്തേ' എന്നെഴുതിയിരിക്കുന്നു.
'അര്‍ത്തുങ്കല്‍ പള്ളിയിലെ പെരുന്നാളു വന്നല്ലോ' എന്ന് എഴുതിയിരിക്കുന്നു.
'ഒരു നല്ല കോളു താ കടലമ്മേ' എന്നെഴുതിയിരിക്കുന്നു.
'നിന്നാണേ എന്നാണേ കണവന്‍ അല്ലേലിക്കര കാണൂല' എന്നെഴുതിയിരിക്കുന്നു.
'അരയത്തിപ്പെണ്ണ് പിഴച്ചുപോയി' എന്ന് എഴുതിയിരിക്കുന്നു.
ആ വരികളൊക്കെയും ഒറ്റമാത്രയില്‍ രാമവര്‍മ്മ മറിച്ചുനോക്കി. പാട്ടും ഈണവും കടലോര സംസ്‌കൃതിയും തമ്മില്‍ പുരളണം. അങ്ങനെ കെട്ടിമറിഞ്ഞ ഒരു ജീവിതത്തെ നിര്‍മ്മിച്ചെടുക്കുന്നപോലെ ഈ പാട്ടിനെ കടലാസില്‍നിന്ന് വേര്‍പെടുത്തിയെടുക്കണം. പല്ലവിയും അനുപല്ലവിയും ചരണവും അതിനിടയ്ക്ക് ആഖ്യാനവും പുരാവൃത്തവും കൂടിക്കെട്ടി മറിയണം.
'നമുക്കൊന്നിച്ച് ഒന്നുകൂടി കടലോരത്തു കൂടി നടക്കണം.'
ഈ പാട്ടിന്റെ സംഘര്‍ഷങ്ങളില്‍ എവിടെയോവെച്ച് സലീല്‍ ദായോട് പറഞ്ഞു. ഇന്നലെയായിരുന്നു പറഞ്ഞത്. പെണ്ണാള്‍, കരിമീന്‍ കണ്ണാള്‍ എന്നീ വാക്കുകള്‍ വരുന്നത് സംഘകാലതമിഴകത്തിനും മുമ്പാണ്. സൈന്ധവകാലവ്യാപനത്തിനും മുമ്പുണ്ടായിരുന്ന ഒരു കാലത്തിന്റെ പഴക്കം അതിനകത്തുണ്ട്.
തിരുനെല്ലൂര്‍ കരുണാകരന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഓര്‍മ്മ വരുന്നുണ്ട്. 'മീന്‍ കണ്ണു പോലെയുള്ളവള്‍' 'മീന്‍ അടയാളമുള്ളവള്‍' എന്നിങ്ങനെയുള്ള വാക്കുകളുടെയും അതിനു പിന്നിലുള്ള ആശയത്തിന്റെയും പുരാതനതയെക്കുറിച്ച് പറയുന്നുണ്ട്. പുരാതനമായ ഒരു കടലോരബാന്ധവം ഈ കരയുടെ അരികുകളില്‍ പണ്ടുമുതലേ വീണു കിടക്കുന്നു.
'ഇവിടെയൊക്കെ ഏറ്റവും പഴക്കമുള്ള ഒരു മനുഷ്യജീവിതത്തിന്റെ പുരാവസ്തുപരമായ തെളിവാണ് ചെമ്മീനില്‍ നിന്നുകണ്ടെത്താനാവുന്നത്.' രാമവര്‍മ്മ പറഞ്ഞു. സലീല്‍ദാ അത് കേട്ട് ഒന്ന് മൂളി.
'പുരാതനമായ മത്സ്യങ്ങളുടെ എല്ലുകള്‍ പുരാവസ്തുപരമായി ആയിരത്താണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ലഭിക്കുന്നപോലെ പുരാതനമായ മനുഷ്യജീവിതത്തിന്റെ അസ്ഥികള്‍ ഈ പാട്ടില്‍നിന്ന് ലഭിക്കണം.'
'അതെ'
'ഈ മനുഷ്യരുടെ ജീവിതത്തിന്റെ അടുക്കുകളില്‍നിന്ന്. പ്രണയത്തില്‍നിന്ന്, ശരിതെറ്റുകളില്‍നിന്ന്, ശരീരം എന്ന ജാലവലയുടെ കടുംകെട്ടുകളില്‍നിന്ന്, ചുഴിമലരിയില്‍നിന്ന്, ഒടുക്കം അതിന്റെ പ്രശാന്തതയില്‍നിന്ന്. '
'അതെ, ആ പ്രശാന്തതയില്‍നിന്നാണ് നമുക്കാരംഭിക്കേണ്ടത്.'
'പാടൂ '
'പെണ്ണാളേ പെണ്ണാളേ..'
അരയത്തിപ്പെണ്ണ് പിഴച്ചുപോയാല്‍ എന്ന പുരാവൃത്തം നമ്മുടെ അന്വേഷണത്തിന്റെ ഒരു പ്രവേശകം മാത്രമാണ്. മനുഷ്യന്‍ കാര്‍ഷികവൃത്തിയാരംഭിക്കുന്നതിനും മുമ്പ് കടലോരജീവിതം ഉണ്ടായിട്ടുണ്ടാവണം. കാര്‍ഷികജീവിതത്തില്‍ മണ്ണും പെണ്ണും സംരക്ഷിച്ചു നിര്‍ത്തേണ്ടതാണ് എന്ന വസ്തുത തെളിഞ്ഞുകിടപ്പുണ്ട്. അവിടം മുതലായിരിക്കുമോ നമ്മള്‍ സ്ത്രീയെ സംരക്ഷിച്ചു തുടങ്ങിയത് എന്നൊരന്വേഷണവും ഇതിനോടൊപ്പം ചേര്‍ക്കാം. അങ്ങനെയൊക്കെ വരുമ്പോള്‍ ചാരിത്ര്യം എന്നതു തന്നെ ചരിത്രവുമായി മാറുന്നു. സ്ത്രീകേന്ദ്രീകൃതമായ ജീവിതബോധവും ലോകബോധവും മനുഷ്യരാശിയില്‍ വികസിച്ചുവരുന്നതിന്റെ ചരിത്രം.
സ്ത്രീയില്‍നിന്ന് വിടുതലില്ലാതെ കിടക്കുന്ന പുരുഷകേന്ദ്രീകൃതമായ ജീവിതലോകബോധങ്ങള്‍ ഒക്കെയും ഈ പുരാവൃത്തത്തെ ചുറ്റിപറ്റി നില്‍ക്കുന്നുണ്ട്. കടലിനുള്ളിലെ മുത്തും പവിഴവും തിരയുന്നതിന്റ പുരാതനത്വം ആദിരതികാമനകളുടെ ഉത്ഭവകേന്ദ്രത്തില്‍നിന്ന് ഉറവെടുക്കുന്നത്. മുത്ത് കടലാഴങ്ങളുള്ള, അഗാധതകളുള്ള സ്ത്രീ ഹൃദയത്തില്‍ നിപതിക്കുന്ന കണ്ണീര്‍മഴത്തുള്ളിയുടെ സംയോഗത്തില്‍ നിന്നാണ് ഉണരുന്നത്. അത് വീണ്ടും വീണ്ടും ഉള്ള ആഗ്രഹങ്ങളില്‍നിന്നാണ് ഉടലെടുക്കുന്നത്. അഭിവാഞ്ഛയെന്നോ ജീവിതാസക്തിയെന്നോ പറയാം.
'മറ്റൊന്ന്, ഇതൊരു സംഘഗാനമാണ്. നമ്മുടെ സംഗീതപാരമ്പര്യങ്ങളില്‍ ഗോത്രപരതയില്‍ ഈ സംഘസ്വഭാവം ഉണ്ട്. കൂട്ടായി ചേര്‍ന്ന് പിടിച്ച മീന്‍പോലെ കൂട്ടായി ചേര്‍ന്ന് ഭക്ഷിച്ച അതിന്റെ മാംസംപോലെ നമ്മുടെ ജനിതകത്തില്‍ ഈ സംഘകാലപാരമ്പര്യം നിലനില്‍ക്കുന്നുണ്ട്.'
സലീല്‍ ദാ അങ്ങനെ പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓര്‍മ്മ വന്നത്.
'അതിലൊരു പങ്കിടലിന്റെ സ്വഭാവമില്ലേ? ഒരു സോഷ്യലിസ്റ്റ് കണ്‍സപ്റ്റ്. ഭാഷയും സംഗീതവും സമൂഹത്തില്‍നിന്നാണ് വരുന്നത്. അതവിടെവെച്ചുതന്നെ രൂപം മാറുന്നു.' രാമവര്‍മ്മ പറഞ്ഞു.
'അതെ, ഒരുപക്ഷേ ഈ രൂപാന്തരണങ്ങള്‍ക്കുശേഷവും അതിന്‍ന്റെ ആത്മാവ് അവിടെത്തന്നെ കാണും. സംഗീതത്തില്‍ ആത്മാവിനെ നമുക്ക് പെട്ടെന്ന് തൊടാന്‍ സാധിക്കും. അലിഞ്ഞുചേരാന്‍ സാധിക്കും. ഭാഷകളുടെ ബന്ധനങ്ങളിലാതെ തന്നെ. ഭാഷയിലൂടെ തുടങ്ങി ഭാഷയ്ക്ക് അതീതമായി സഞ്ചരിക്കാന്‍ അതിനാകുന്നു. കടല്‍ ഒരനുഭൂതിയാകുന്ന പോലെ. കേരളീയ കടലോരജീവിതം, ജീവിതബന്ധങ്ങള്‍, അവയുടെ സങ്കീര്‍ണ്ണതകള്‍ ഇവയൊക്കെ അനുഭവപ്പെടുത്തുമ്പോള്‍ നമ്മള്‍ വിജയിക്കുന്നു.'
എന്ന് പറഞ്ഞുകൊണ്ട് സെലില്‍ദാ ഹാര്‍മോണിയത്തിന്റെ കട്ടകളിലൂടെ സഞ്ചരിച്ചു. സംഘകാലത്തുടര്‍ച്ചകള്‍ക്കും പുരാതനമായ ഒരു കടലോര സംസ്‌കൃതിയുടെ ചുഴിമലരികള്‍ ഹാര്‍മോണിയത്തില്‍ കടന്നുവന്നു. ബംഗാളിന്റെ സംഗീതപാരമ്പര്യവും ചെറുപ്പത്തില്‍ അച്ഛനോടൊപ്പം ആസാമില്‍ താമസിച്ചുകൊണ്ടിരുന്ന കാലത്ത് സ്വാധീനിച്ച സെലില്‍ ദായുടെ നാടോടിയായ അലഞ്ഞുതിരിഞ്ഞ സംഗീതവും കൂടിച്ചേര്‍ന്നുണ്ടായ ഒരു മിശ്രിതമാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. ഒരു എഴുത്തുകാരനും ചെറുകഥാകൃത്തുമാണ് സലീല്‍ദാ. ജീവിതങ്ങളെക്കുറിച്ച് പറയും. മനുഷ്യജീവിതാവസ്ഥകളെക്കുറിച്ച് ഉള്ളില്‍തട്ടുന്നവിധം സംസാരിക്കും. അതും സംഗീതംതന്നെ എന്ന് രാമവര്‍മ്മയ്ക്ക് തോന്നി.
നേരം വെളുത്തു വന്നു. കരിമീന്‍, കണ്ണ്, ആള്‍ എന്നീ വാക്കുകള്‍ ആ പ്രഭാതത്തില്‍ മൂന്നു വാക്കുകളായി കടലാസില്‍ കിടക്കുന്നു. കുറിയമുട്ടം കായലിലേക്ക് തിരിയുന്ന ചെറിയൊര് തോട് രാലവപ്പറമ്പിന്റെ പടിഞ്ഞാറുവശത്തുകൂടി ഒഴുകുന്നുണ്ട്. വെയില്‍ വരുമ്പോള്‍ അതിന്റെ കണ്‍വെട്ടങ്ങള്‍ രാത്രിയുടെ കറുത്ത കുത്തുകള്‍ എടുത്തോടുന്നതു പോലെയുണ്ട്.
വാതില്‍ തുറന്നു. ആരാണ് തുറന്നതെന്ന് നോക്കിയപ്പോള്‍ കാര്യാട്ടാണ്. ഇന്നലെ സലീല്‍ ദായ്‌ക്കൊപ്പം ഇരുന്നപ്പോള്‍ കാര്യാട്ട് ഉണ്ടായിരുന്നില്ല.
'നമുക്ക് എല്ലാവര്‍ക്കും ഒന്നുകൂടി വലപ്പാട്ട് പോകണം.' രാമു കാര്യാട്ട് പറഞ്ഞു. 'സലീല്‍ ദായ്ക്കും നിര്‍ബന്ധമാണ് എന്നു പറഞ്ഞു. ഇപ്പോള്‍ത്തന്നെ ഇറങ്ങണം. ബാക്കി കാര്യങ്ങള്‍ അവിടെ ചെന്നിട്ട് പറയാം. '
കാറിലിരുന്നപ്പോള്‍ കടലില്‍ നിന്നുവരുന്ന തണുത്ത കാറ്റ് എല്ലാവരേയും തഴുകിപ്പോയി. സത്യന്റെയും ഷീലയുടെയും ഡേറ്റുകള്‍ ഷെഡ്യൂളുകള്‍, ഔട്ട്‌ഡോര്‍ ഷ്യൂട്ടിംഗിന്റെ സാങ്കേതികതകള്‍ എന്നിവയൊക്കെയായിരുന്നു സംസാരം. തകഴിയുടെ കഥയെക്കുറിച്ചും കാര്യാട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അതിലൊന്നും കാര്യമായി ശ്രദ്ധിക്കാതെ രണ്ടുപേര്‍ ഇരിക്കുകയാണ്. രാമവര്‍മ്മയും സലീല്‍ ദായും. ഇടയ്ക്ക് കാറ് നിര്‍ത്തിയപ്പോള്‍ രണ്ടുപേരും പുറത്തിറങ്ങി.
'വലപ്പാട്ടിനു പകരം വേറൊരു ലൊക്കേഷന്‍ ആലോചിക്കുകയാണോ?.' രാമവര്‍മ്മ ചോദിച്ചു.
'ഏയ് അങ്ങനെയൊരു ആലോചനയേയില്ല. വലപ്പാട് എന്നത് നേരത്തെ തന്നെ തീരുമാനിച്ചതാണ്. ബാബു ലൊക്കേഷന്‍ പുറക്കാട് തന്നെയാക്കാം എന്ന് പറഞ്ഞിരുന്നു. പിന്നീട് എറണാകുള്ളത്തേക്ക് കൊണ്ടുപോകാനും ഒരുങ്ങിയതാണ്. അതിനായി ഞങ്ങള്‍ എറണാകുളത്തുനിന്ന് ബോട്ടില്‍ കുറെയേറെ കറങ്ങി നടന്നതാണ്. ഒരു സ്ഥലത്തു ചെന്നപ്പോള്‍ 'പിഴല' എന്ന പേരിലുള്ള ഒരു സ്ഥലവും കണ്ടതാണ്. അരയത്തിപ്പെണ്ണ് പിഴച്ചുപോയി എന്നതുമായി ബന്ധപെട്ട മിത്തുകള്‍ അവിടെയുണ്ടോ എന്ന് പരതി നോക്കി. '
രാമവര്‍മ്മയുടെ ഉള്ളില്‍ വല്ലാത്തൊരാത്മസംഘര്‍ഷം കടന്നുകൂടി. സലില്‍ ദായോടൊപ്പം കുറച്ചു നേരം ശാന്തനായി ഇരുന്നു. ഒരു സിഗററ്റ് കത്തിച്ചു.
'നാല് വ്യത്യസ്ത ഈണങ്ങളുടെ അടുക്കുകളാണ് ഇതില്‍. ഇന്നലെ നമ്മള്‍ തുടങ്ങിയ പല്ലവി തന്നെ വിവിധ രീതിയില്‍ ആവര്‍ത്തിച്ചുവരുന്നുണ്ട്. അനുപല്ലവിയും ചരണവും അടുക്കുതെറ്റി നിരത്തിവെച്ചിരിക്കുകയാണ്. നേരത്തെപറഞ്ഞ ഈ നാല് ഈണങ്ങള്‍ ഉണ്ടല്ലോ അത് പത്തുപതിനൊന്നിടങ്ങളില്‍ ക്രമരഹിതമായി കടത്തി വെയ്ക്കണം.' സെലീല്‍ദാ പറയുകയാണ്.
വലപ്പാട് എത്തിയില്ല. എങ്കിലും കടലിന്റെ മണം വരുന്നു. കടലോര മനുഷ്യരുടെ സംസാരങ്ങള്‍ അവര്‍ക്കിടയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
ഒന്നാമത്തെ ഈണം 'പെണ്ണാളേ പെണ്ണാളേ' എന്നത്. രണ്ടാമത്തേത് 'കന്നിത്താമരപ്പൂമോള' എന്നത് മൂന്നാമത്തേത് 'മാനത്തു പറക്കണ ചെമ്പരുന്തേ' എന്നത് നാലാമത്തേത് 'പണ്ടൊരു മുക്കുവന്‍ മുത്തിനു പോയി' എന്നത്.'
'ഇത്ര വ്യത്യസ്തമായ ഈണഘടനകളെ ഒരു പാട്ടിലേക്ക് സന്നിവേശിപ്പിക്കുന്നത് ആദ്യമാണ്. ' രാമവര്‍മ്മ പറഞ്ഞു. 'വളരെ സങ്കീര്‍ണത നിറഞ്ഞ ഒരു രൂപപ്പെടലാണിത്. പാടിയ നാല് ഈണങ്ങളും നാടോടിയാണ്. കടല്‍ത്തിരമാലകളുടെയും കടലോരമനുഷ്യരുടെയും ഭാഷണങ്ങള്‍ കൂട്ടിമുട്ടുന്ന പോലെയുണ്ട്.'
സലീല്‍ ദായും രാമവര്‍മ്മയും വഴിയോരത്തെ ഒരു ചായക്കടയുടെ മുന്നില്‍ ഇരിക്കുകയാണ്. കടലോരഭൂമിയുടെ പഞ്ചാരമണലില്‍ രാമവര്‍മ്മ വലിച്ചുകളഞ്ഞ സിഗററ്റുകുറ്റികള്‍ എരിഞ്ഞു നീറിയമര്‍ന്നുകിടന്നു. രാമവര്‍മ്മ നോക്കി. ഇനി നാല് സിഗററ്റുകൂടി. ചാര്‍മിനാറിന്റെ പായ്ക്കറ്റ് പോക്കറ്റില്‍ തിരുകി എണീറ്റു.
Content Highlights: Dive into an excerpt from `Vayalar Ramavarma: Oru kavyajeevitham` by Mathrubhumi Books. Explore the genesis of a song, dreamscapes, and coastal life.
Published: 01 Dec 2025, 06:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented