
പ്രശസ്ത സിനിമാ നിരൂപകനും എഴുത്തുകാരനുമായിരുന്ന ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ തന്റെ ചിരകാല സുഹൃത്തായിരുന്ന വയലാര്‍ രാമവര്‍മയുടെ ജീവിതത്തെക്കുറിച്ച് എഴുതിയ പുസ്തകമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'വയലാര്‍'. പ്രസ്തുത പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം...
അമ്മാവന്റെ മരണത്തെ തുടര്‍ന്ന് രാഘവപ്പറമ്പു കോവിലകത്തിന്റെ കാരണവര്‍സ്ഥാനം രാമവര്‍മയ്ക്കായി. കാരണവരെപ്പോലെ കൃഷിയിലും വീട്ടുകാര്യങ്ങളിലും ഒതുങ്ങാതെ വായനയിലും കവിതാരചനയിലും മുഴുകി അദ്ദേഹം. പല പ്രസിദ്ധീകരണങ്ങളിലും അച്ചടിച്ചു വന്ന കവിതകള്‍ കണ്ടപ്പോള്‍ അദ്ദേഹത്തിനൊരാശ. ഒരു കവിതാസമാഹാരമായാലോ. പിന്നെ അതിനായി ശ്രമം. പ്രസിദ്ധീകരിക്കാന്‍ ഒരാളെ വേണമല്ലോ. അക്കാലത്തെ പ്രമുഖ പ്രസിദ്ധീകരണശാലകളായിരുന്നു കൊല്ലത്തെ ശ്രീരാമവിലാസം ബുക്ക് ഡിപ്പോയും ആലപ്പുഴയിലെ വിദ്യാരംഭം ബുക്ക് ഡിപ്പോയും തൃശൂരിലെ മംഗളോദയം ബുക്ക് ഡിപ്പോയും. ഇവര്‍ക്കെല്ലാം തന്റെ ആഗ്രഹമുണര്‍ത്തിച്ച് രാമവര്‍മ കത്തെഴുതിയെങ്കിലും അവരാരും പ്രതികരിച്ചില്ല.
പ്രസിദ്ധീകരണക്കാര്‍ക്കായി അന്വേഷിക്കവേ വയലാറില്‍നിന്ന് കഷ്ടിച്ച് മൂന്നുനാല് മൈല്‍ അകലെ തുറവൂരില്‍ നരസിംഹവിലാസം ബുക്ക് ഡിപ്പോ എന്ന പേരില്‍ ഒരു പ്രസിദ്ധീകരണശാല ഉള്ളതായി അറിഞ്ഞു, രാമവര്‍മ. അന്വേഷണത്തില്‍ അതിന്റെ ഉടമ തൈക്കാട്ടുശേരി പ്രൈമറിസ്‌കൂളിലെ അധ്യാപകനായ മാധവപൈ ആണെന്നും മനസ്സിലാക്കി. പരിചയമില്ലെങ്കിലും അദ്ദേഹത്തിനും തന്റെ ആഗ്രഹം ഉണര്‍ത്തി ഒരു എഴുത്തയച്ചു. നാലോ അഞ്ചോ ആഴ്ച കഴിഞ്ഞപ്പോള്‍ പൈ സാറിന്റെ കത്ത് ലഭിച്ചു. (പഴയ തിരുവിതാംകൂര്‍ അഞ്ചല്‍ കാര്‍ഡിലായിരുന്നു മറുപടി.) കാര്‍ഡില്‍ പൈ സാര്‍ ഇങ്ങനെ കുറിച്ചിരുന്നു: 'കവിതകള്‍ പകര്‍ത്തിവെച്ചിട്ടുള്ള ബുക്കുമായി സൗകര്യംപോലെ ഇങ്ങോട്ടു വരിക. കവിതകള്‍ വായിച്ചുനോക്കി പ്രസിദ്ധീകരണയോഗ്യമെങ്കില്‍ പ്രസിദ്ധീകരിക്കാന്‍ സന്തോഷമേയുള്ളൂ.' ഇതു വായിച്ചപ്പോള്‍ രാമവര്‍മ സന്തോഷംകൊണ്ട് തുള്ളിച്ചാടി (പിന്നീട് വളരെക്കാലം ഈ കാര്‍ഡ് രാമവര്‍മ സൂക്ഷിച്ചിരുന്നു. ഒന്നുരണ്ടു പ്രാവശ്യം എന്നെ ഈ കാര്‍ഡ് കാണിക്കുകയും ചെയ്തിട്ടുണ്ട്).
അധ്യാപകനായ മാധവപൈ സാറിന് ഞായറാഴ്ച ഒഴിവായതിനാല്‍ വീട്ടിലുണ്ടാകുമെന്ന് രാമവര്‍മ ഊഹിച്ചു. കവിതകള്‍ പകര്‍ത്തിയ നോട്ടുബുക്ക് കക്ഷത്തില്‍ വെച്ച് തുറവൂര്‍വരെ നടന്നു അദ്ദേഹം. തുറവൂരില്‍ അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു ബുക്ക് ഡിപ്പോയെക്കുറിച്ച് ആര്‍ക്കുമറിയില്ല. എന്നാല്‍, പൈ സാറിനെ അറിയാം. വീട് ചിലര്‍ കാണിച്ചുകൊടുത്തു. അവിടെച്ചെന്നു. പൈ സാറില്ല. പുറത്തു പോയിരിക്കുന്നു. ആദ്യ സംരംഭത്തിന്റെ തുടക്കത്തില്‍ത്തന്നെ ചെറിയ കരിനിഴല്‍ വീഴുന്നോ എന്ന തോന്നല്‍ അദ്ദേഹത്തില്‍ നിരാശ ഉണ്ടാക്കാതിരുന്നില്ല. എന്തായാലും പൈ സാര്‍ വരുംവരെ കാത്തിരിക്കാനുറച്ചു. രാത്രിയാവുംവരെ വീടിന്റെ കിഴക്കുവശം ആ കാത്തിരിപ്പ് തുടര്‍ന്നു. രാത്രി അല്പം മുന്നേറിക്കഴിഞ്ഞപ്പോള്‍ പൈ സാര്‍ വന്നു. പരിചയപ്പെട്ടു. കാര്യം പറഞ്ഞു.
ബുക്കു വാങ്ങി ചില കവിതകള്‍ വായിച്ച അദ്ദേഹം അദ്ഭുതത്തോടെ പയ്യന്റെ മുഖത്തേക്കു നോക്കി. 'എന്ത്? ഈ പയ്യന്‍ ഇരുനൂറോളം കവിതകള്‍ എഴുതിയിരിക്കുന്നോ? മീശപോലും മുളച്ചിട്ടില്ല. ഇത്രയും എഴുതാന്‍ കഴിയുമോ?' വിശ്വാസം വരുന്നില്ല. പൈ സാര്‍ അല്പം നെടുവീര്‍പ്പോടെ ആത്മഗതം പറയുന്നത് രാമവര്‍മ കേട്ടു. ഏതാനും കവിതകള്‍ വായിച്ച പൈ സാര്‍ പറഞ്ഞു: 'ഇത് മുഴുവനും വായിച്ചശേഷം അഭിപ്രായം പറയാം. രണ്ടാഴ്ചയ്ക്കകം വിവരമറിയിക്കാം.' ഒരാളെങ്കിലും പ്രസിദ്ധീകരിക്കാമെന്ന് പകുതി സമ്മതംമൂളിയല്ലോ എന്ന സന്തോഷത്തോടെ, മതിമറന്ന മനസ്സോടെ രാമവര്‍മ വയലാറിലേക്ക് നടന്നു. രണ്ടാഴ്ച ഒരുവിധം തള്ളിനീക്കി. മറുപടിയില്ല. വീണ്ടും തുറവൂരില്‍ പോയി പൈ സാറിനെ കണ്ടു. അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി: 'വല്യ തിരക്കായിരുന്നു. കവിതകള്‍ നോക്കാന്‍ പറ്റിയില്ല. രണ്ടാഴ്ചകൂടി കഴിഞ്ഞു വാ.'

മടുത്ത മനസ്സുമായി വീട്ടിലേക്കു മടങ്ങി. രണ്ടാഴ്ച കഴിഞ്ഞ് ചെന്നപ്പോഴും കിട്ടിയ മറുപടി ഇതുതന്നെ. എങ്കിലും പൈ സാര്‍ ഒരുറപ്പുകൊടുത്തു: 'ഇനി നടത്തുകയില്ല.' കാര്യം നടക്കുമെന്ന തെല്ലാശ്വാസത്തോടെ രാമവര്‍മ തിരിച്ചുപോന്നു. രണ്ടാഴ്ച കഴിഞ്ഞ് തുറവൂരില്‍ ചെന്ന് പൈ സാറിനെ കണ്ടു. അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി 'ഇതിലെ ഏതാനും കവിതകള്‍ കൊള്ളാം. അതുമാത്രം ചേര്‍ത്ത് പുസ്തകമിറക്കാം. പാദമുദ്രകള്‍ എന്ന പേര് അതിനു ചേരും.' എന്നിട്ട് ഇതുകൂടി പറഞ്ഞു: 'പിന്നേയ് ഒരു കാര്യം. എന്റെ കൈയില്‍ ഇപ്പോ കാശില്ല. വരുന്നമാസം ശമ്പളം കിട്ടട്ടെ. അന്ന് പുസ്തകം അച്ചടിക്കാനായി കൊടുക്കാം.' എന്തായാലും തന്റെ പുസ്തകം പ്രസിദ്ധീകരിക്കുമെന്നുറപ്പായി. എന്നാല്‍, അതിന്റെ പ്രതിഫലമായി ഏതാനും തുക കിട്ടുമെന്ന പ്രതീക്ഷ അസ്ഥാനത്തുമായി. പോരാന്‍നേരത്ത് പൈ സാര്‍ പറഞ്ഞു: 'പുസ്തകം അച്ചടിച്ചു കിട്ടിയാലുടനെ അറീക്കാം.'
പുസ്തകം അച്ചടിച്ചുവരുന്നതും കാത്തിരുന്നു. നാലഞ്ചുമാസങ്ങള്‍ കഴിഞ്ഞിട്ടും കത്തോ കാര്‍ഡോ ഇല്ല. വീണ്ടും തുറവൂരില്‍ പോയി. പൈ സാറിനെ കണ്ടപ്പോള്‍ പറഞ്ഞു: 'നാളെ ഞാന്‍ കൊച്ചീലെ പുസ്തകം അച്ചടിക്കുന്ന പ്രസ്സിലേക്കു പോക്വാ. കാലത്തേ വന്നാല്‍ ഒരുമിച്ചുപോകാം.' ഇതു കേട്ടതും രാമവര്‍മയുടെ മനസ്സില്‍ ആഹ്ലാദത്തിന്റെ വസന്തം വിരിഞ്ഞു.
വീട്ടിലേക്കു മടങ്ങി. രാത്രി കിടന്നിട്ടും ഉറക്കം വരുന്നില്ല. ഒരുവിധം നേരം വെളുപ്പിച്ചു. അതിരാവിലെ എഴുന്നേറ്റ് കുളിച്ച് തുറവൂരിലേക്ക് നടന്നു. അവിടെച്ചെന്നപ്പോള്‍ പൈ സാര്‍ കൊച്ചിക്ക് പോകാനൊരുങ്ങിനില്ക്കുന്നു. രണ്ടുപേരുംകൂടി കൊച്ചിക്ക് യാത്രയായി. അവിടെ പ്രസ്സില്‍ ചെന്നപ്പോള്‍ പുസ്തകം അച്ചടിച്ചു വെച്ചിരിക്കുന്നു. അതിലൊന്നെടുത്ത് രാമവര്‍മ മതിവരുവോളം നോക്കി. കവര്‍പേജ് അതിമനോഹരം. മുകളില്‍ പച്ച. നടുവില്‍ വെള്ള, വെള്ളയില്‍ ഗാന്ധിജി ചിരിച്ചു തൊഴുതുകൊണ്ടിരിക്കുന്ന അര്‍ധകായചിത്രം. അതിനടിയില്‍ കടുപ്പം കുറഞ്ഞ ചെമപ്പ്. പച്ചയുടെ മുകളിലായി വലിയ അച്ചുകള്‍ നിരത്തി പാദമുദ്രകള്‍ എന്നച്ചടിച്ചിരിക്കുന്നു. കവറില്‍ ഗ്രന്ഥകാരന്റെ പേരില്ല. പേരുള്ളത് അകംപേജിലാണ്. അതില്‍ ഇങ്ങനെ അച്ചടിച്ചിരിക്കുന്നു: ഗ്രന്ഥകര്‍ത്താവ് ജി. രാമവര്‍മ തിരുമുല്പാട്. ഒരു സിനിമാപ്പാട്ടുപുസ്തകത്തിന്റെ മൂന്നിരട്ടി വലിപ്പമുള്ള 48 പേജുള്ള ഈ പുസ്തകത്തിലുള്ളത് പത്തു കവിതകള്‍. വില ഏഴ് ചക്രം നാല് കാശ്.
അപ്പോള്‍ ഒരു കുഴപ്പം. അച്ചടിക്കൂലി തീര്‍ത്തുകൊടുക്കാതെ ഒരു പുസ്തകംപോലും തരില്ലെന്ന് പ്രസ്സുകാര്‍. യാത്രക്കൂലിയല്ലാതെ രാമവര്‍മയുടെയും പൈ സാറിന്റെയും കൈയില്‍ വേറെ പണമില്ല. അതുകൊണ്ട് അവിടെനിന്ന് തടിതപ്പാനായി പൈ സാര്‍ ഒരുപായം പ്രയോഗിച്ചു. 'നാളെ 75 രൂപയുമായി ഈ പയ്യന്‍ വരും. അപ്പോള്‍ പുസ്തകത്തിന്റെ പത്ത് കോപ്പികള്‍ കൊടുത്തേക്കണം.'
തിരിച്ചുപോരുമ്പോള്‍ പൈ സാര്‍ രാമവര്‍മയോടു പറഞ്ഞു: 'എങ്ങനെയെങ്കിലും 75 രൂപയുണ്ടാക്കിത്തന്ന് എന്നെ സഹായിക്കണം. ഞാനത് തിരിച്ചു തന്നോളാം.' രാമവര്‍മ നിബന്ധന സമ്മതിച്ചു. വീട്ടിലെത്തിയ രാമവര്‍മ പിന്നീട് 75 രൂപ ഉണ്ടാക്കാനുള്ള തത്രപ്പാടിലായി. അന്നോ പിറ്റേന്നോ ഒരു മാസം കഴിഞ്ഞിട്ടോ 75 രൂപ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. പണം ഉണ്ടാക്കിക്കഴിഞ്ഞപ്പോള്‍ രണ്ടു മാസം കഴിഞ്ഞിരുന്നു. ആ കാശുമായി രാമവര്‍മ കൊച്ചിക്കു വിട്ടു. പ്രസ്സുകാര്‍ക്ക് കൊടുത്തു. അവര്‍ പത്തു പുസ്തകം പൊതിഞ്ഞുകൊടുത്തു. തിരിച്ചുവരുമ്പോള്‍ തുറവൂരിലിറങ്ങി പൈ സാറിനെ കണ്ടു. മൂന്നു പുസ്തകം അതില്‍നിന്ന് പൈ സാര്‍ എടുത്തു. ബാക്കിയുള്ള ഏഴു പുസ്തകവുമായി രാമവര്‍മ രാഘവപ്പറമ്പിലേക്ക് കുതിച്ചു. കവിതാപുസ്തകങ്ങള്‍ക്ക് കച്ചവടം കുറവായതിനാല്‍ ശേഷിച്ച പുസ്തകം പ്രസ്സില്‍നിന്നെടുക്കാന്‍ പൈ സാര്‍ മിനക്കെട്ടില്ല.
വയലാറില്‍ കമ്യൂണിസ്റ്റ് ക്യാമ്പ് ശക്തമാകുകയും അത് വെടിവെപ്പില്‍ കലാശിക്കുകയും ചെയ്തതോടെ വയലാര്‍ എന്ന സ്ഥലപ്പേര് ഇന്ത്യയൊട്ടാകെ അറിയാന്‍ തുടങ്ങിയിരുന്നു. അപ്പോള്‍ പൈ സാറിനൊരു ബുദ്ധി തോന്നി. കൊച്ചിയിലെ പ്രസ്സിലിരിക്കുന്ന ശേഷിച്ച പാദമുദ്രകളുടെ കോപ്പികള്‍ മുഴുവന്‍ എടുത്ത് തുറവൂരില്‍ കൊണ്ടുവന്നു. അതില്‍ ഗ്രന്ഥകര്‍ത്താവിന്റെ പേര് അച്ചടിച്ച പേജ് മുറിച്ചുമാറ്റി. ആ സ്ഥാനത്ത് 'വയലാര്‍ രാമവര്‍മ' എന്നപേര് അച്ചടിച്ചു തുന്നിച്ചേര്‍ത്തു. അങ്ങനെ ജി. രാമവര്‍മ തിരുമുല്പാട് എന്ന കവി ഇല്ലാതായി. പകരം വയലാര്‍ രാമവര്‍മ എന്ന കവി ഉദയം ചെയ്തു. വയലാര്‍ രാമവര്‍മ എന്ന പേര് ഇട്ടതിന്റെ ബഹുമതി തുറവൂര്‍ ശ്രീ നരസിംഹവിലാസം ബുക്ക് ഡിപ്പോ ഉടമ മാധവപൈയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. വയലാര്‍ എന്ന ഗ്രാമത്തിന് ക്ഷണവേഗത്തില്‍ കിട്ടിയ പേര് മുതലാക്കാന്‍ പൈ സാറിലെ കച്ചവടക്കാരനായി.
പാദമുദ്രകളുടെ ഒന്നാംപതിപ്പ് വളരെ പെട്ടെന്നാണ് വിറ്റുതീര്‍ന്നത്. ഇതോടെ രണ്ടാംപതിപ്പിറക്കാന്‍ പൈ സാര്‍ തീരുമാനിച്ചു. ഏതാനും കവിതകള്‍കൂടി ചേര്‍ത്താണ് രണ്ടാംപതിപ്പ് ഇറക്കിയത്. പുസ്തകത്തിന്റെ സര്‍വാവകാശവും പൈ സാര്‍ രാമവര്‍മയില്‍നിന്ന് എഴുതിവാങ്ങി. എന്നാല്‍, പുസ്തകം പ്രസിദ്ധീകരിക്കാന്‍ അദ്ദേഹത്തില്‍നിന്ന് വാങ്ങിയ 75 രൂപ പൈ സാര്‍ തിരിച്ചു നല്കിയില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈ തുക രാമവര്‍മയ്ക്ക് തിരിച്ചു ലഭിച്ചത്.
Content Highlights: Vayalar Rama Varma: The Untold Story
Published: 25 Mar 2025, 02:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented